ഞാന്‍ മരിച്ചുകഴിയുമ്പോള്‍ ആരെങ്കിലും എന്നെ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് ഈ കവിതയും ചിത്രക്കുറിപ്പും കൊണ്ടായിരിക്കട്ടെ. കാരണം അവ്യക്തവും അന്വേഷണാത്മകവുമായിട്ടാണെങ്കില്‍പ്പോലും ഞാന്‍ ജീവിതത്തില്‍ നിധിപോലെ കരുതുന്ന അസ്സീസിയിലെ ഫ്രാന്‍സിസ് എനിക്ക് തന്ന ദര്‍ശനവും അതിന്‍റെ ഭാഗമെന്നോണം ഭൂമി അതിന്‍റെ സര്‍വ്വചരാചരങ്ങളോടുമൊപ്പം എനിക്കെന്താണെന്നും എന്ത് പഠിപ്പിക്കുന്നുവെന്നും സാഹോദര്യത്തിന്‍റെ അര്‍ത്ഥമെന്തെന്നും ഭൂതവും ഭാവിയുമുള്ള ഒരു പാരമ്പര്യത്തിന്‍റെ ഭാഗമാകുക എന്നതിന്‍റെ അര്‍ത്ഥമെന്തെന്നും സോദരി മരണത്തിന്‍റെ അര്‍ത്ഥം ഞാനെങ്ങനെ കണ്ടെത്തുന്നുവെന്നും എല്ലാറ്റിനുമുപരി ക്രിസ്തുവുമായുള്ള ഐക്യം എനിക്കെന്താണെന്നും - ഇനിയും എനിക്ക് വ്യക്തതയില്ലാത്ത ഒരുപിടി കാര്യങ്ങള്‍ - ഇവയെല്ലാമാണ് ഞാനിവിടെ കുറിക്കാന്‍ ശ്രമിക്കുന്നത്.
 
A New Kind of Fool
ക്രിസ്റ്റഫര്‍ കൊയ്ലോ
മൊഴിമാറ്റം:ڈജിജോ കുര്യന്‍
 
കുളിരണിയുന്ന ഓജസുറ്റ ഇരുണ്ട മണ്ണേ,
ലക്ഷോപലക്ഷങ്ങളുടെ അമ്മേ,
കാത്തിരിപ്പിന്‍റെ വസന്തമേ
ദാനത്തിന്‍റെ ഈറ്റില്ലമേ
പരിപാലനയില്‍ തുളുമ്പുന്നോളേ
ക്രിസാന്തമത്തിന്‍റേയും കര്‍ണ്ണികാരത്തിന്‍റേയും ലില്ലികളുടേയും
സ്വര്‍ണ്ണഗോതമ്പ് കതിരുകളുടേയും
ജ്വാലകള്‍ മുളപ്പിക്കുന്ന ചൂളയേ
വിത്തുകളില്‍ അടക്കിവെച്ച വിസ്മയത്തിന്‍റെ
വിമോചികയേ,
അമ്മ ഭൂമീ...
ഒരു നാള്‍
സൂര്യന്‍ അവന്‍റെ ശതകോടി ഗതകാല ഭ്രമണങ്ങളിലേക്കാള്‍
ശോഭയോടെ നിന്നില്‍ പുഞ്ചിരിക്കും.
എല്ലാ പൂക്കളുടേയും ഗാനങ്ങളൊരുമിച്ച്
ഭൂവില്‍ പ്രളയകവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടും.
എന്‍റെ വിയോഗത്തിന്‍റെ ആ മഹാദിനത്തില്‍
ഈ തവിട്ടിന് പറയാനുള്ള
ആയിരം കഥകളില്‍ ഉടുത്തൊരുങ്ങി
യുഗങ്ങളേയും ഭൂമിയേയും ചുറ്റിവരുന്ന
കെട്ടുള്ള കയറുകൊണ്ട് അരക്കെട്ട് കെട്ടി
ജീര്‍ണ്ണിച്ച് നരച്ച ഇന്നലെകളില്‍നിന്ന്
മഞ്ഞണിഞ്ഞ വിദൂര നാളെകളിലേയ്ക്ക്
അമ്മേ, ഞാന്‍ വരും.
കാരുണ്യത്തിന്‍റെ ശക്തമായ ചുമലുകളില്‍
നീയെന്നെ വഹിച്ചത്
നിന്‍ ഗര്‍ഭപാത്രത്തിന്‍റെ
ഇരുളില്‍ സ്വസ്ഥതയിലേയ്ക്ക് തിരികെ മടങ്ങാനല്ലോ.
അവിടെ ഞാന്‍
മൂന്നുനാള്‍ കാത്തിരിക്കും
നിശ്ശബ്ദനായ്
ആ ഗോതമ്പുമണിയോടൊപ്പം

You can share this post!

ആത്മനിഴല്‍

ലിസി നീണ്ടൂര്‍
അടുത്ത രചന

സ്റ്റാറ്റസ് കീപ്പ് ചെയ്യാന്‍

രാജന്‍ ചൂരക്കുളം
Related Posts