news-details
കവർ സ്റ്റോറി

എന്നെ ഞാനാക്കുന്ന സത്യമാണ് യാത്ര..

ഇത് യാത്രയുടെ കാലമാണ്. അവധി ദിനങ്ങള്‍ എന്നുവേണ്ട മിക്ക ദിനങ്ങളിലും കേരളത്തിന്‍റെ നിരത്തുകളില്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ തിരക്ക് നമുക്കുകാണാം. യാത്രാക്കുറിപ്പുകളും യാത്രാ മാസികകളും യാത്രാ ചാനലുകളും നിരവധി. യാത്രകള്‍ വിനോദവും വിജ്ഞാനവും ഒപ്പം ഒരു വിഭാഗത്തിന് വരുമാനവും നേടിക്കൊടുക്കുന്ന വിവിധതലങ്ങളുള്ള ഒരു പ്രതിഭാസമായി മാറുമ്പോള്‍, 'യാത്ര' എന്ന സങ്കേതം ഏറ്റവും നിഷ്കളങ്കമായി അടയാളപ്പെടുത്താന്‍ യോഗ്യത ഇന്നും പ്രാക്തന ഗോത്രവിഭാഗങ്ങളില്‍പ്പെട്ട ആദിമസമൂഹത്തിനുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. 2015 ഡിസംബര്‍ ലക്കം അസ്സീസിയില്‍ ഗീത എന്ന 'കാടര്‍' ആദിവാസിവിഭാഗത്തിലെ വാഴച്ചാല്‍ ഊരുമൂപ്പത്തി യാത്രയെപ്പറ്റി, യാത്രയുടെ ആത്മാവില്ലാത്ത 'ടൂറിസം' എന്ന കെട്ടുകാഴ്ചയെപ്പറ്റി പറഞ്ഞതിങ്ങനെ...  "എന്തിനാണ് ഒരാള്‍ യാത്ര പോകുന്നത്...പുതിയ കാഴ്ചകള്‍ കാണുന്നത്. തീര്‍ച്ചയായും അയാളുടെ ജീവിതത്തിന് കുറച്ചുകൂടി നന്മയും വെളിച്ചവും ഉണ്ടാകാനും പുതിയവ പഠിക്കാനുമാണെന്ന് ഞാന്‍ കരുതുന്നു.  ഇവിടെ വന്ന് ആള്‍ക്കാര്‍ കണ്ടുപൊയ്ക്കൊള്ളട്ടെ. പക്ഷേ അതവരെ കൂടുതല്‍ നന്മയും കരുതലുമുള്ളവരായി മാറ്റണം. യഥാര്‍ത്ഥത്തില്‍ ഇവിടെ ഇപ്പോള്‍ സംഭവി ക്കുന്നത്, എന്തിനെന്നറിയാതെ ഇവിടെ വന്നിറങ്ങി ഞങ്ങളുടെ ഉള്ള നിഷ്കളങ്കതയെക്കൂടി ചൂഷണം ചെയ്ത് പരമാവധി മാലിന്യം വലിച്ചെറിഞ്ഞ് കടന്നുപോകുന്നവരാണ് ടൂറിസ്റ്റുകള്‍. അതെ, വീണ്ടും ഒരിക്കല്‍കൂടി മൂപ്പത്തിയുടെ വാക്കുകള്‍ക്ക് അസ്സീസി വേദിയാവുകയാണ്, മനുഷ്യന്‍റെ ഉല്പത്തിയോളം പഴക്കമുള്ള യാത്ര എന്ന പ്രക്രിയയുടെ ജൈവനിഷ്കളങ്കതയിലേക്ക് ഒന്നു തിരികെ നടക്കാന്‍...
 
"ആദ്യം ഞാനൊരു അനുഭവം പറയാം. എന്‍റെയല്ല, എന്‍റെ അച്ഛന്‍റെ. അച്ഛന്‍ ഒരിക്കല്‍ കാട്ടില്‍ മലഞ്ചരക്ക് ശേഖരിക്കാന്‍ പോയപ്പോള്‍ നല്ല കാറ്റും മഴയും ഉണ്ട്. ഉള്‍ക്കാട്ടില്‍നിന്നു ശേഖരിച്ച മലഞ്ചരക്കുകളും, വിറകുമൊക്കെയായി നല്ല ഒരു ചുമട് തലയില്‍ ഉണ്ട്. ഒരു കൈകൊണ്ട് തലച്ചുമടു താങ്ങി, മറുകൈയില്‍ വെട്ടുകത്തിയുമായി വരുമ്പോള്‍ തിമിര്‍ത്തുപെയ്യുന്ന മഴയും കാറ്റും. ഈറ്റക്കാടുകള്‍ക്കിടയില്‍ നില്‍ക്കുന്ന മരങ്ങള്‍ കുറെ കടപുഴകിവീഴുന്നു. പെട്ടെന്ന്  സുരക്ഷിതമായി മാറിനില്‍ക്കാനുള്ള ഒരിടം കണ്ണില്‍പ്പെട്ടു. ഒരു പാറക്കൂട്ടം. അതിനടിയില്‍ ഗുഹപോലുള്ള ഒരു പ്രദേശം. ഓടി ആ ചെറിയ ഗുഹയില്‍ കയറിനിന്നു. മഴ പതുക്കെ കുറഞ്ഞു. കാറ്റു ശമിച്ചു. പെട്ടെന്ന് ഗുഹയ്ക്കൊരു ചലനം. നോക്കിയപ്പോള്‍ മനസ്സിലായി കയറിനില്‍ക്കുന്നത് ഒരു ആനക്കൂട്ടത്തിന്‍റെ കാലുകള്‍ക്കിടയിലാണെന്ന്. മറ്റു നിവൃത്തികള്‍ ഇല്ല. മഴ ശമിക്കുവോളം അവിടെത്തന്നെ നിന്നു. അച്ഛന് അപ്പോള്‍ പേടി തോന്നിയില്ലേയെന്ന് ഈ കഥ കേള്‍ക്കുമ്പോഴൊക്കെ ഞാന്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ അച്ഛന്‍റെ ഉത്തരം ഇതാണ്. പേടി ഇല്ല. കാരണം, കാട് ചതിക്കില്ല.
 
ഇത് ഒരു വിശ്വാസമാണ്. വനയാത്രകളില്‍ ഉടനീളം ലഭിക്കുന്ന ഒരു സത്യമാണ് ഈ വിശ്വാസം. ആനകളോ കാട്ടുമൃഗങ്ങളോ ഒന്നും അകാരണമായി പണ്ടുകാലത്ത് ആരെയും ആക്രമിക്കാറില്ലായിരുന്നു. അവയെ ഉപദ്രവിക്കാതിരുന്നാല്‍ അവ നമ്മെ ഉപദ്രവിക്കുകയില്ല. കാട്ടിലെ ഓരോ യാത്രയും എനിക്ക് വിശ്വാസവും സത്യവുമാകുന്നതങ്ങനെയാണ്. എന്‍റെ പൂര്‍വ്വീകരുടേതുപോലുള്ള ഒരു കാടനുഭവമോ യാത്രാനുഭവമോ പങ്കുവയ്ക്കാന്‍ എനിക്കില്ല. എങ്കിലും അവരുടെ അനുഭവങ്ങളുടെ കഥകള്‍ എന്നെ ഒരുപാട് വളര്‍ത്തിയിട്ടുണ്ട്. ആ അനുഭവങ്ങളിലെ നേര്‍ക്കാഴ്ചകളാണെന്‍റെ ഗുരുക്കന്മാര്‍. കരിമ്പാറക്കൂട്ടമാണെന്നു കരുതി ചെന്നുകയറിയത് കാട്ടാനക്കൂട്ടത്തിന്‍റെ നടുവിലാണെങ്കിലും അവ ഉപദ്രവിക്കില്ല എന്ന ഉറച്ചവിശ്വാസം അച്ഛനുണ്ടായിരുന്നു. ആ വിശ്വാസം സത്യമായിരുന്നു താനും. ഇത് അച്ഛന്‍റെ സന്തോഷം നിറഞ്ഞ കാടനുഭവങ്ങളുടെ ആഴമേറിയ ചില സത്യങ്ങളില്‍ ഒന്നാണ്.
 
ഞാന്‍ ഒത്തിരി സന്തോഷിച്ചിട്ടുള്ളത് ചെറുപ്പത്തില്‍ അച്ഛന്‍റെ സ്വദേശമായ പറമ്പിക്കുളത്തേക്ക് കാട്ടിലൂടെ നടന്നുപോകുമ്പോഴാണ്. വാഴച്ചാല്‍ ഭാഗത്തു നിന്ന് സാമാന്യം നല്ല ദൂരമുണ്ട് അവിടേക്ക്. യാത്രയില്‍ കാടിന്‍റെ വന്യതകളും നിഷ്കളങ്കതകളും ഒത്തിരിഒത്തിരി എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പുല്‍മേടുകള്‍, മൊട്ടകുന്നുകള്‍. പുല്ലു വളര്‍ന്ന് ആളുകളെ മറയ്ക്കാന്‍ പാകത്തില്‍ ഉയര്‍ന്നു വന്നിട്ട് അതിനടിയിലൂടെ ഗുഹപോലെയുള്ള വഴികള്‍ ഉണ്ടാക്കി നടന്നുപോകുന്നത്. അപ്പോഴൊന്നും ആരും പുല്ലുവെട്ടി വഴിയുണ്ടാക്കാനോ, ഒടിക്കാനോ ഒന്നും ശ്രമിക്കാറില്ലായിരുന്നു. എന്താണോ അവിടെ ഉള്ളത് അതിനെ നശിപ്പിക്കാതെ, പരിക്കേല്പിക്കാതെ അവിടെ നിന്നും കിട്ടുന്നത് സ്വീകരിച്ചുകൊണ്ടുള്ള യാത്ര. പച്ചക്കാട് ഭാഗവും അവിടുത്തെ തോടും പുഴയും ഒപ്പം പറമ്പികുളം കുര്യാര്‍കുട്ടിയിലെ അച്ഛന്‍റെ വീട്ടിലേക്കുള്ള യാത്രകളും ഒക്കെ എന്നെ രൂപപ്പെടുത്തുന്നതില്‍ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ കുട്ടികളായിരുന്നപ്പോഴുള്ള ഏറ്റവും ഇഷ്ടവിനോദം പുഴയുടെ തീരത്ത് നില്‍ക്കുന്ന ഇല്ലികളില്‍ കയറി പുഴയിലേക്ക് ചാടുന്നതും മീന്‍പിടിക്കാന്‍ ചൂണ്ടയുമായി  പുഴവക്കത്ത് കാത്തിരിക്കുന്നതും ഒക്കെയായിരുന്നു. അങ്ങനെയുള്ള ഈ യാത്രകളും കാടുചുറ്റലുകളുമാണ് എന്നെ രൂപപ്പെടുത്തിയതെന്ന് നിസ്സംശയം പറയാം. ഈ കാടനുഭവങ്ങളുടെ സത്യമാണ് കാടര്‍ അല്ലെങ്കില്‍ ഏതു ഗോത്രത്തിന്‍റെയും സമൂഹത്തിന്‍റെയും നിഷ്കളങ്കതയുടെയും നന്മകളുടെയും ഉറവിടമെന്നു ഞാന്‍ കരുതുന്നു.
 
ഒരിക്കല്‍ ഇടമലയാര്‍ ഭാഗത്ത് ഞങ്ങളുടെ കുറച്ചുകുട്ടികളെ കാണാതായി. അവര്‍ കാട്ടില്‍ കളിക്കാന്‍ കയറിയതാണ്. വഴിതെറ്റി ദൂരേയ്ക്കു പോയി. ഞങ്ങള്‍ ഫോറസ്റ്റുകാരുള്‍പ്പടെ പത്തുപന്ത്രണ്ടു പേര്‍ പല വഴികളിലായി തിരച്ചില്‍ ആരംഭിച്ചു. ആ തിരച്ചിലിനിടയിലാണ് ജീവിതത്തില്‍ ആദ്യമായി കാടിന്‍റെ ചില ഭാഗങ്ങള്‍ ഞാന്‍ കാണുന്നത്. മറക്കാനാവാത്ത കാഴ്ചകള്‍, അത്ഭുതപ്പെടുത്തുന്ന വിസ്മയങ്ങള്‍ ഒക്കെ പ്രകൃതി ഒരുക്കിയിരിക്കുന്നത് കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. വിരിഞ്ഞ വലിയ ഒരു പാറ, അതിലേക്കുള്ള യാത്ര അതികഠിനം ത ന്നെയായിരുന്നു. എങ്കിലും അതിനുമുകളില്‍ കയറിയപ്പോഴുള്ള ആനന്ദം വളരെ വലുതായിരുന്നു. അതിന്‍റെ മറുഭാഗത്ത് ഞങ്ങള്‍ക്ക് കുട്ടികളെ അപകടമൊന്നും കൂടാതെ കണ്ടെത്താനും കഴിഞ്ഞു. യാത്രയില്‍ ക്ഷീണമുണ്ടാകാതിരിക്കാനുള്ളതൊക്കെ കാട് നമുക്ക് തരും. തേനും മറ്റു പഴങ്ങളുമൊക്കെ കാട്ടിലൂടെയുള്ള യാത്രയുടെ പ്രത്യേകതകളാണ്.  വനംവകുപ്പും ചില പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ ഇന്ന് കാട്ടിനുള്ളില്‍ മൃഗങ്ങള്‍ക്കായി തടാകങ്ങളും മറ്റും ഉണ്ടാക്കാറുണ്ട്. ഇത് കാടിന് മനുഷ്യര്‍ തിരികെ ചെയ്യുന്ന ചില നന്മകളില്‍ ഒന്നാണ്. ഇങ്ങനെ അപൂര്‍വ്വം നന്മകള്‍ മനുഷ്യരില്‍ നിന്നും കാടിന് ലഭിക്കാറുണ്ടെങ്കിലും നമുക്കെല്ലാം അറിയാവുന്ന നഗ്നസത്യങ്ങളാണ് കാടിന്‍റെ നാശങ്ങളിലേക്ക് വഴിവെട്ടുന്നത്. മാലിന്യങ്ങളും കടന്നുകയറ്റങ്ങളും മൃഗങ്ങളുടെ വഴിത്താരകള്‍ ഇല്ലാതാകുന്നതുമൊക്കെ കാടിന്‍റെ നാശത്തിലേക്ക് വഴിവെട്ടുന്നു. 
 
കാട്ടിലെ യാത്രകള്‍ പലപ്പോഴും എനിക്ക് പഠനമാര്‍ഗം കൂടിയാണ്. പുതിയ ചിത്രശലഭങ്ങള്‍ മുതല്‍ പഴങ്ങള്‍ വരെ ഞാന്‍ ഇപ്പോഴും കാണുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. പല ജൈവവൈവിധ്യങ്ങളെയും കണ്ടിട്ടുണ്ടെങ്കിലും അവയെപ്പറ്റി കൂടുതല്‍ അറിയുന്നത്, അവയെപ്പറ്റി അറിവുള്ളവര്‍ പറഞ്ഞുതന്നപ്പോഴാണ്. ലതചേച്ചി, ഉണ്ണിയേട്ടന്‍ (ഡോ.ലത അനന്ത & ഉണ്ണികൃഷ്ണന്‍) രാജശ്രീ ചേച്ചി തുടങ്ങി എന്‍റെ കൂട്ടര്‍ വരെ നിരവധി പേര്‍ എന്നെ പഠിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. 
 
യാത്രകള്‍ കാട്ടിലൂടെയായാലും നാട്ടിലൂടെയായാലും എനിക്കതൊരു പഠനയാത്രയാണ്. വിനോദം, ഉല്ലാസം ഒക്കെ യാത്രകളില്‍ ഉണ്ടെങ്കിലും അവയില്‍നിന്നെല്ലാം എന്തെങ്കിലും പഠിക്കാന്‍ പറ്റുന്നു എന്നതാണെന്‍റെ സന്തോഷം. മൂപ്പത്തി ആയതിനുശേഷം കുറച്ചധികം നാട്ടുയാത്രകള്‍, തിരുവനന്തപുരം മുതല്‍ വയനാട് വരെയും ഉത്തരേന്ത്യയില്‍ ഡല്‍ഹിയിലേക്കുമൊക്കെ വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഈ കാടും ഈ ദേശവും വിട്ട് നഗരങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ എനിക്ക് ശ്വാസംമുട്ടലാണ് അനുഭവപ്പെടുന്നത്. ശുദ്ധവായുവിന്‍റെയും ശുദ്ധജലത്തിന്‍റെയും അഭാവം മുതല്‍ തിക്കും തിരക്കും ഭക്ഷണശൈലികളും ഒക്കെ എനിക്കുണ്ടാക്കുക തികച്ചും അനാരോഗ്യകരമായ ഒരു അന്തരീക്ഷമാണ്. നഗരങ്ങളിലെ പൊങ്ങച്ചങ്ങളോടും അഹങ്കാരങ്ങളോടും ഒരിക്കലും ഒരാകര്‍ഷണം എനിക്കു തോന്നിയിട്ടില്ല. പ്രത്യേകിച്ച് ഒന്നും പഠിക്കാനും പറ്റിയില്ല. എന്നാല്‍ കാട് അനുദിനം എന്നെ അതിശയിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. ഓരോദിനവും എനിക്ക് പുതുതായി പഠിക്കാന്‍ എന്തെങ്കിലും കാട് കരുതിയിട്ടുണ്ടാവും. ഇതൊരുപക്ഷേ കാടിന്‍റെ നേരും നെറിയുമായിരിക്കണം.
 
ഇന്നിവിടെ കാടു കാണാന്‍ വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ എനിക്കൊന്നേ പറയാനുള്ളൂ, കാടും കാട്ടിലെ യാത്രകളും മാത്രമല്ല, ഏതു യാത്രയും നമ്മെ ഒന്നും പഠിപ്പിക്കുന്നില്ലെങ്കില്‍ അത് യാത്രയല്ല. പിന്നെ എന്താണെന്ന് പറയാന്‍ എനിക്കാവില്ല. പുതിയ നന്മയോ, വെളിച്ചമോ കിട്ടാത്ത എല്ലാ യാത്രയും അപകടം പിടിച്ചതാണ്. തനിക്കുതന്നെ മാത്രമല്ല, ഒരു സമൂഹത്തിനുംകൂടെ നാശമൊരുക്കാന്‍ പര്യാപ്തമാണവ. 
 
എന്‍റെ കാടും കാട്ടിലൂടെയുള്ള യാത്രകളുമാണ് എന്നെ ഞാനാക്കിയതെന്ന് നിസ്സംശയം പറയാം. കാട്ടിലൂടെ ഒറ്റയ്ക്കുള്ള യാത്രകള്‍ പോലെയോ ചിലപ്പോള്‍ അതിലധികമോ പ്രിയം രസമുള്ള കുറേ കൂട്ടുകാരോടൊപ്പം യാത്ര ചെയ്യുന്നതാണ്. അപ്പോള്‍ 50 കിലോമീറ്റര്‍ വെറും 5 കിലോമീറ്ററായി ചുരുങ്ങും. കാടും നാടും ഞാന്‍ വേര്‍തിരിക്കുമ്പോള്‍ നാട്ടില്‍  ഞാന്‍ കാണുക ചൂട്, ശബ്ദകോലാഹലങ്ങള്‍, എന്തിനോ വേണ്ടിയുള്ള പരക്കംപാച്ചില്‍ ഇവയൊക്കെയാണ്. എന്നാല്‍ കാടിന്‍റെ ശാന്തതയും വന്യതയും എനിക്കു നല്കുന്ന അറിവുകള്‍ക്കും തിരിച്ചറിവുകള്‍ക്കുമപ്പുറം എന്നെത്തന്നെ തിരികെ ലഭിക്കുന്ന അനുഭവമാണ് സമ്മാനിക്കുന്നത്.
 
എല്ലാ മനുഷ്യര്‍ക്കും അവരുടെ യാത്രകള്‍ അവരെത്തന്നെ തിരിച്ചറിയാനുള്ളതായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവനവനെ തിരിച്ചറിഞ്ഞുള്ള യാത്രകള്‍ക്കു മാത്രമേ ഉള്ളില്‍ കുറച്ചുകൂടി വെട്ടം പകരാന്‍ പറ്റൂ. കാടും യാത്രയും ഒരു വിശ്വാസവും സത്യവുമൊക്കെയാകുന്നതവിടെയാണെന്നു ഞാന്‍ കരുതുന്നു. എന്നെ ഞാനാക്കുന്നത് ഈ യാത്രകളാണ്. ഈ യാത്രകള്‍ എന്നെ ഞാനാക്കാന്‍ സഹായിക്കുന്നില്ലെങ്കില്‍ പിന്നെ യാത്രചെയ്യുന്നതില്‍ അര്‍ത്ഥമില്ല.   
 
*(ലേഖിക : വാഴച്ചാല്‍ ഊരുമൂപ്പത്തി, കാടാര്‍ ഗോത്രവിഭാഗം)

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts