news-details
സഞ്ചാരിയുടെ നാൾ വഴി
ചുരുങ്ങിയ ആകാശമാണ് ദുഃഖമെന്നൊരു നിര്‍വ്വചനമുണ്ട്. പെട്ടെന്നൊരാളുടെ മുഴുവന്‍ ശ്രദ്ധയും അയാളിലേക്കു തന്നെ ഏകാഗ്രമാകുന്നു. ഒരേ നേരത്ത് ഇതൊരു കെണിയും മോക്ഷവുമാണ്. വെറുമൊരു ആരവമാകുന്ന ലോകം ഇപ്പോള്‍ ദൂരെ ദൂരെയാകുന്നു. അതിനും നിങ്ങള്‍ക്കുമിടയില്‍ ഇനിയെന്ത്? അവര്‍ ആരവം മുഴക്കുന്നു, പോപ്കോണ്‍ കൊറിക്കുന്നു, മാനിക്യൂകളെ കണക്ക് അണിഞ്ഞൊരുങ്ങുന്നു... ഒന്നും നിങ്ങളെ തൊടുന്നില്ല. ഉള്‍ത്തടം പരിണാമത്തില്‍ ഗ്രേറ്റ് റിഫ്റ്റ് പോലെ പിളര്‍ന്നു പോകുമ്പോള്‍ ഉറ്റവരുടെ കുശലങ്ങള്‍ പോലും കഠിനാഘാതമായി മാറുന്നു. എന്തിനാണ് ഇത്രയും സങ്കടങ്ങളുമായി ഒരു നിലനില്‍പ്പിനെ ദൈവം പടച്ചത്. 
 
മനുഷ്യന്‍റെ സ്ഥായിയായ ഭാവം സങ്കടമാണെന്ന് തോന്നുന്നു. ഓര്‍ക്കുന്നുണ്ട്. സ്കൂള്‍ അദ്ധ്യാപകനായ അപ്പനെക്കാണാന്‍ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി എത്തി. തെല്ലു മദ്യപിച്ചിട്ടുണ്ട് അയാള്‍. കാല്‍ല്‍തൊട്ട് വന്ദിച്ച് അയാള്‍ പറഞ്ഞു: ഞാന്‍ ദുഃഖിതനാണ്. അയാള്‍ പോയതിനുശേഷം കുട്ടികളായ ഞങ്ങളുടെ അടക്കിയ ചിരിയെ ശാസിച്ചുകൊണ്ട് അപ്പന്‍ പറഞ്ഞു: സങ്കടങ്ങളെ മാത്രം പരിഹസിക്കരുത്. നെരുദയെപ്പോലെ എല്ലാവരും ഏറ്റവും വിഷാദഭരിതമായ വരികള്‍ അവരുടെ ഭാഷയില്‍ല്‍ കോറിവയ്ക്കുകയാണ്. അപഹസിക്കാന്‍ ആര്‍ക്കുമില്ലല്ല അധികാരം. മരങ്ങളുടെ വേരുകള്‍ തണ്ണീര്‍ത്തടങ്ങളെ തേടുന്നതുപോലെ മനുഷ്യന്‍റെ ആഴങ്ങള്‍ വിഷാദങ്ങളിലേക്ക് ചാഞ്ഞുപോകുന്നുണ്ടോ? സന്തോഷമില്ലെന്ന് സങ്കടം പറഞ്ഞ രോഗിയോട് ഡോക്ടര്‍ പറഞ്ഞു: കാറ്റു പിടിക്കാത്ത കല്ലിനെപ്പോലും ചിരിപ്പിക്കുന്ന ഒരു കോമാളി നഗരത്തിലെ പുതിയ തമ്പിലുണ്ട്. ഒന്നും ആലോചിക്കാതെ അയാളെ കണ്ടുകൊണ്ടിരിക്കുക. തലകുനിച്ച് അയാള്‍ പറയുന്നു: നിങ്ങള്‍ ഉദ്ദേശിക്കുന്ന കോമാളി ഞാന്‍തന്നെ ആയിരി ക്കുമോ? ചിത്രങ്ങളുടെ എണ്ണം കൊണ്ട് ഗിന്നസ് റിക്കോര്‍ഡ് സ്വന്തമാക്കിയ ആ നിത്യ ഹരിത നായകന്‍റെ മുഖത്ത് തന്‍റെ കാലത്തെ ഭ്രമിപ്പിച്ച പുഞ്ചിരിയുടെ ആനുകൂല്യമുണ്ടായിട്ടും എത്ര വിഷാദഭരിതമാണെന്ന് നോക്കുക.
 
കഥകളുടെയൊക്കെ പൊരുള്‍ പിടുത്തം കിട്ടുന്നത് മധ്യവയസിലാണ്. ദുഃഖിതനായ രാജാവിനോട് സന്തുഷ്ടനായ ഒരു മനുഷ്യന്‍റെ കുപ്പായം കണ്ടെത്തി ധരിക്കുക എന്ന് പ്രതിവിധി കൊടുത്ത ഗുരു. ആരംഭത്തില്‍ല്‍ സരളമായി അനുഭവപ്പെട്ടൊരു കാര്യം എത്ര പെട്ടെന്ന് ക്ലേശക രമായി. ഒരോരുത്തരും അവരവരുടെ തട്ടകങ്ങളില്‍ല്‍ അതൃപ്തരും അസന്തുഷ്ടരുമായിരുന്നു. ഒടുവില്‍ല്‍ സന്തുഷ്ടനായ ഒരാളെ കണ്ടെത്തിയപ്പോള്‍ അയാള്‍ക്ക് കുപ്പായമില്ലായിരുന്നു. എന്തെങ്കിലും ഒരു ഭൗതിക വ്യവഹാരം ഉള്ള ഒരാള്‍ക്ക് അസാധ്യമായ ഒന്നിന്‍റെ പേരാണോ ആനന്ദം. വായനക്കാരാ, നിങ്ങളെത്ര സന്തുഷ്ട മനുഷ്യരെ കണ്ടെത്തി യിട്ടുണ്ട്? ചുരുക്കത്തില്‍ല്‍ മനുഷ്യനായിരിക്കുന്നതിന് ഒരാള്‍ കൊടുക്കുന്ന കപ്പമാണ് ഈ കരച്ചില്‍. അതിനെ ഒഴിവാക്കിയിട്ട് ഒരു വീണ്ടുവിചാരവും സാധ്യമല്ല. അതുകൊണ്ടാണ് ദൈവത്തിന്‍റെ നിസ്വനിലെ ഫ്രാന്‍സിസ് കടന്നുപോകുമ്പോള്‍ വലിയവായില്‍ല്‍ നിലവിളിച്ച ക്ലാരയോട്, ഇത്രമേല്‍ല്‍ കരയുവാന്‍ അത്ര നല്ലതാണോ ജീവിതം എന്ന് ചോദിച്ച് അയാള്‍ മിഴിയടച്ചത്. 
 
സങ്കടങ്ങളില്‍ അത്ര സങ്കടപ്പെടാനൊന്നുമില്ലല്ല എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. സങ്കടങ്ങളുടെ മനുഷ്യന്‍ എന്നാണ് പ്രവാചകന്മാര്‍ അകക്കണ്ണില്‍ അവനെക്കണ്ട് മന്ത്രിച്ചിരുന്നത്. ഏശയ്യ എത്രയിടങ്ങ ളിലാണ് അവനെ സഹനദാസന്‍ എന്നുവിളി ക്കുന്നത്. അതിന്‍റെ അര്‍ത്ഥം അഗാധങ്ങളില്‍ല്‍ ഒരു നിലവിളി കൊണ്ടുനടന്നയാള്‍ എന്നുതന്നെ. എല്ലാ മേഘവും മഴയായി പെയ്യാത്തതുപോലെ എല്ലാ സങ്കടങ്ങളും കണ്ണീരായി കിനിയണമെന്നില്ല. എന്‍റെ ഹൃദയം മരണത്തോളം അസ്വസ്ഥമാണ് എന്നൊരു യേശുമൊഴിയുണ്ട്. മരിക്കാന്‍ തോന്നുന്ന വിധത്തില്‍ വിഷാദ കയത്തില്‍പ്പെട്ടയാള്‍ എന്നുവേണമെങ്കിലും അതിന് പാഠഭേദമാകാം. ഭൂമി പിളര്‍ന്ന് കൊണ്ടുപോകുവാന്‍ സീതയൊന്നു മല്ലാത്ത മനുഷ്യര്‍ക്ക് മറ്റെന്താണ് വഴി. 
 
എന്നിട്ടും കട്ടമരത്തിലിരുന്ന് ആ മരപ്പണിക്കാരന്‍ സങ്കടങ്ങളെ വാഴ്ത്തുന്നുണ്ട്: കരയുന്നവരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍, നിങ്ങള്‍ക്ക് സമാശ്വാസമുണ്ടാകും. അഷ്ഠൈശ്വര്യങ്ങളില്‍ല്‍ രണ്ടാമത്തേതായിട്ടാണ് അത് വരുന്നത്. ഒന്നിനോട് ചേര്‍ന്നു നില്‍ക്കുന്ന എട്ട് ചുവടുകളില്‍ല്‍ ആദ്യത്തേത് ആത്മാവില്‍ല്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍ എന്ന വചസ്സായിരുന്നു. ഒരു പക്ഷേ, ഈ ഭിക്ഷുബോധത്തില്‍ല്‍ നിന്നായിരി ക്കണം വിലാപങ്ങളുടെ ആരംഭം. അസ്സീസിയിലെ ഫ്രാന്‍സിസിലൊക്കെ സംഭവിച്ചതുപോലെ അഗാധമായ ഒരു സ്നേഹാനുഭവത്തിനുശേഷം അയാളിങ്ങനെ നിരത്തിലൂടെ നിലവിളിച്ചു നടക്കുകയാണ്. സ്നേഹമേ, സ്നേഹിക്കപ്പെടാതെ പോയ എന്‍റെ സ്നേഹമേ. വീണ്ടുവിചാരങ്ങളില്‍ല്‍ സംഭവിക്കുന്ന നിലവിളിയാണിത്. എല്ലാവരും എന്നോട് നീതിപൂര്‍വ്വമായിരുന്നു, ഞാനാവട്ടെ ആരോടും നീതി പുലര്‍ത്തിയിട്ടില്ല. 
ഒന്നും എന്‍റേതായിരുന്നില്ല. ബുദ്ധ പാരമ്പര്യ ത്തില്‍ല്‍ ഒരാളുടെ വഴിയെ ഒരു ഗുരു കീഴ്മേല്‍ല്‍ മറിച്ചതുപോലെ. മോഷ്ടാവായിരുന്നു അയാള്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ല്‍ പരസ്പരം അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ ഗുരു പറഞ്ഞു, മോഷ്ടിക്കരുത് എന്ന് ഞാന്‍ പറയില്ല. എന്നാല്‍ല്‍ മോഷ്ടിക്കുമ്പോള്‍ മോഷ്ടിക്കുകയാണെന്ന ബോധമുണ്ടായാല്‍ല്‍ നല്ലത്. അതോടുകൂടി അയാളുടെ ജീവിതത്തിന്‍റെ ചലനമറ്റു.
 
അപരന്‍റെ അലമാരയില്‍ല്‍ ഇരിക്കുന്നതുമാത്രമല്ലല്ല എന്‍റേ തെന്ന് മേനിപറഞ്ഞതുപോലും എന്‍റേതായിരുന്നില്ല. ഒക്കെ നിദ്രാടനത്തില്‍ല്‍ പെട്ട ഒരാളുടെ അത്ര ബോധപൂര്‍വ്വമല്ലാത്ത കവര്‍ച്ച മാത്രം. അത് തിരിച്ചറിഞ്ഞ മനുഷ്യര്‍ക്ക് കവിള്‍ത്തടങ്ങളില്‍ല്‍ പത്രോസിന് പാരമ്പര്യം ചാര്‍ത്തിക്കൊടുക്കുന്ന വിശേഷണം പോലെ ചാലുകള്‍ രൂപപ്പെടുന്നു, നിരന്തരം കണ്ണീരൊഴുകിയൊഴുകി... മിസ്റ്റിക്കുകള്‍ മുതല്‍ല്‍ കൊടുംക്രൂരര്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിക്കുന്നവര്‍ വരെ അനുതാപത്തിലാണ്... ഒരേയൊരു പാപമേയുള്ളൂ, മറവി. അതില്‍ല്‍ നിന്ന് ഞെട്ടിയുണരു ന്നൊരാള്‍ക്ക് കരയാതിരിക്കാന്‍ തരമില്ല. 
ഒരു കാര്യം ഉറപ്പാണ്. സങ്കടങ്ങളില്‍ മാത്രമാണ് ഒരാള്‍ റിയലാകുന്നത്.
 
ബാക്കിയുള്ളതെല്ലാം എപ്പോള്‍ വേണമെ ങ്കിലും അഴിച്ചുമാറ്റാവുന്ന ആടയാഭര ണങ്ങളാണ്. ഭൂമിയിലുള്ള എല്ലാ നല്ല ബന്ധങ്ങളും ആരംഭിക്കുന്നത് അപരന്‍റെ സങ്കടത്തിലേക്കുള്ള ഒരു മിന്നല്‍ല്‍ കാഴ്ചയില്‍ല്‍ നിന്നാണ്. ബാലിശമെന്ന് തോന്നാം. നിലവിളിച്ച് കൊണ്ട് ലേബര്‍ റൂമിന്‍റെ നിശ്ശബ്ദതയിലേക്കെത്തുന്ന ഒരു കുഞ്ഞ് ലോകത്തോട് ഘോഷിക്കുന്നത് എന്നില്‍ല്‍ പ്രാണനുണ്ടെന്നാണ്. കുഞ്ഞ് കരഞ്ഞില്ല എന്നതാണല്ലോ ഏറ്റവും അപായം പിടിച്ച സാധ്യത. നിലവിളിയും പ്രാണനും തമ്മില്‍ അത്രയും ബന്ധ മുണ്ട്. മുള്ളില്‍ നിന്ന് തേന്‍ നുകരുക എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകം വായിച്ചു. തലക്കെട്ടില്‍ ഭംഗിയുണ്ട്. സങ്കടങ്ങള്‍ പിഴിഞ്ഞാലും ആനന്ദത്തിന്‍റെ ഒരു തേന്‍ കണം കിട്ടിയെന്നിരിക്കാം. 
 
സ്നേഹത്തിന്‍റെ നാനാര്‍ത്ഥങ്ങളി ലൊന്നായി സങ്കടത്തെ പരിചയപ്പെടു ത്താനും സുവിശേഷം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹിതന്‍റെ ശവകുടീരത്തിനു മുമ്പില്‍ല്‍ യേശു കരയുമ്പോള്‍, നോക്കൂ, അവനെത്രയാണ് സ്നേഹിക്കുന്നതെന്ന് ആള്‍ക്കൂട്ടം പരസ്പരം മന്ത്രിക്കുന്നുണ്ട്. പലപ്പോഴും കണ്ണീര് സ്നേഹത്തിന്‍റെ ഏകകമാണ്. തന്‍റെ കാല്‍പ്പാദങ്ങളില്‍ ഉരുമിയിരുന്ന് നിലവിളിക്കുന്ന ഒരുവളെ നോക്കി യേശു പറയുന്നുണ്ട്, നോക്കൂ, അവളെത്രയാണ് സ്നേഹിക്കുന്നതെന്ന്. കണ്ണീരുകൊണ്ട് അവള്‍ പാദം കഴുകിയെന്നുതന്നെയാണ് സുവിശേഷം അടയാളപ്പെടുത്തുന്നത്. ഇത്രയും മിഴിനീര് മനുഷ്യര്‍ എവിടെയാണ് ഒളിപ്പിച്ചുവയ്ക്കുന്നത്. കണ്ണീരുകൊണ്ട് തലയിണ കുതിര്‍ന്നുവെന്ന് സങ്കീര്‍ത്തനവചസുകള്‍ ഉണ്ട്. സ്നേഹത്തിലും സ്നേഹനിഷേധത്തിലും ഒരുപോലെ കലങ്ങുന്ന മിഴികള്‍. 
 
ഒരാള്‍ തന്‍റെ പരിസരത്തോട് ബന്ധപ്പെട്ടു നില്ക്കുന്നത് കണ്ണീരിന്‍റെ അദൃശ്യചരടുകൊണ്ടാണെന്നു തോന്നുന്നു. തനിക്കുവേണ്ടി ഉയര്‍ന്ന നിലവിളികളെക്കാള്‍ അപരനു വേണ്ടി മുഖരിതമായ വിലാപങ്ങള്‍കൊണ്ടാണ് ഭൂമി ഇത്രയും ഭേദപ്പെട്ട അനുഭവമായി നിലകൊള്ളുന്നത്. തന്‍റെ വീണ്ടെടുപ്പിന്‍റെ മോചനദ്രവ്യം അമ്മയുടെ വിലാപമായിരുന്നെന്ന് സെന്‍റ് അഗസ്റ്റിന്‍ കുമ്പസാരിക്കുന്നതു കണ്ടില്ലേ. ആകാശം ആരുടെയും നിലവിളി തടയുന്നില്ല. ഭൂമി ഒരു കണ്ണീരും വിഴുങ്ങുന്നില്ല എന്ന വേദപുസ്തക ഭാഷ്യം കൂടിയാണത്. 
 
ദുഃഖിതരോട് ദൈവത്തില്‍ല്‍ ആശ്രയിക്കുക എന്നാണ് എല്ലാവരും പറയുന്നത്. എന്നാലത് അത്ര ലളിതമല്ല. അത്രയും തന്നിലേക്ക് തഴുതിട്ടു പോയതു കൊണ്ട് ഒന്നിലേക്കും മിഴിയുയര്‍ത്താനാവാതെ നിസ്സഹായനാണയാള്‍. എന്‍റെ ദൈവമേ, എന്‍റെ ദൈവമേ എന്തിനെന്നെ കൈവിട്ടുവെന്ന നിലവിളിയില്‍ അയാളുടെ ദുര്യോഗം പൂര്‍ണ്ണമാകുന്നു. എന്നിട്ടും വേദനയല്‍ില്‍ നിന്ന് ഒരു വേദം, ജ്ഞാനമുണ്ടാകുന്നുണ്ട്. ആ ജ്ഞാനത്തിലാണ് ആ പരാശക്തിയുടെ അദൃശ്യപാദങ്ങളിലേക്ക് ഒരു പൂച്ചക്കുട്ടി ചുരുണ്ടു കിടക്കുന്നതുപോലെ ഉരുമി മറ്റെവിടേയ്ക്ക് പോകാന്‍ എന്ന് മന്ത്രിച്ച് അയാള്‍ ശാന്തനാവുന്നത്. നിന്‍റെ കരങ്ങളില്‍ ഞാനെന്‍റെ കരയുന്ന പ്രാണനെ അര്‍പ്പിക്കുന്നു. കണ്ണ് ശുദ്ധമാക്കാന്‍ മാത്രമല്ല കാഴ്ച വ്യക്തമാകാനും മിഴിനീരാവശ്യമുണ്ടാവും.
 
കൊടിയ ഒരു വേദനയ്ക്ക് ശേഷം ജീവിതം പഴയതല്ല. ഒരു സ്ത്രീ അമ്മയാവുന്നത് പോലെ യാണത്. കുഞ്ഞിന്‍റെ സാന്നിദ്ധ്യംകൊണ്ടു മാത്രമല്ല, ആ കുഞ്ഞിലേക്കെത്താന്‍ അവള്‍ കടന്നുപോയ ക്ലേശങ്ങള്‍ കൊണ്ടുകൂടിയാണത്. വേദനിപ്പിക്കുന്ന ഏതൊരു മണല്‍ത്തരിയും മുത്തായിമാറുമെന്ന ലളിതമായ പ്രകൃതിപാഠം ഒന്നുമല്ല ജീവിതം. വേദപുസ്തകത്തിലെ ഏറ്റവും റിയലിസ്റ്റിക്കായ പാഠഭാഗം പൗലോസ് പരാമര്‍ശിക്കുന്ന മുള്ളുതന്നെ യാണെന്ന് തോന്നുന്നു. എത്ര നിലവിളിച്ചിട്ടും എടുത്തു മാറ്റാനാവാത്ത ശരീരത്തിലെ മുള്ള്. എന്നിട്ടും അതുമായി കാര്യങ്ങള്‍ ഓടിച്ചുപോകാന്‍ എവിടെ നിന്നോ ഒരിത്തിരി ബലം ലഭിക്കുന്നു. ആ മുള്ളവിടെയിരുന്നു കൊള്ളട്ടെ, എനിക്ക് നിന്‍റെ കൃപ മതിയെന്ന് പറഞ്ഞ് അയാള്‍ നമ്രശീര്‍ഷനാവുന്നത് കണ്ടില്ലേ?
 
ജീവിതം തന്നെ ഒരു നീണ്ടണ്ട വിലാപമായി മാറിയ മനുഷ്യരുണ്ട്. ടോള്‍സ്റ്റോയിയെ ആ ഗണ ത്തില്‍ല്‍പെടുത്താവുന്നതാണ്. ഉള്ളറിഞ്ഞു സ്നേഹി ച്ചിട്ടും അന്ത്യദിനങ്ങള്‍വരെ കലഹിച്ചു മാത്രം ജീവി ച്ചവര്‍. നാല്‍പത്തിയെട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ല്‍ സമാധാനത്തിന്‍റെ തുരുത്തുകള്‍ അന്വേഷിച്ച് പലായനം ചെയ്യുകയായിരുന്നു... ലോകം കണ്ടണ്ട സംഗീതജ്ഞര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, ശാസ്ത്രജ്ഞന്മാര്‍, ഇവരിലാര്‍ക്കാണ് ദുഃഖരഹിതമായ ജീവിതം ലഭിച്ചിട്ടുള്ളത്. ദുഃഖം ആത്മഭാവമാണ്. അതുകൊണ്ടാണല്ലോ രോഗത്തിന്‍റെ പൂക്കള്‍ എന്ന പുസ്തകം ഉണ്ടായത്. മെലങ്കോളി ഒരു രോഗം മാത്രമല്ല, പ്രേരണയുമാണ്. അജ്ഞാത കാലങ്ങള്‍, ദേശങ്ങള്‍ ഒക്കെ തേടിപ്പോകാന്‍. ഉറഞ്ഞുപോയ വിഷാദങ്ങള്‍ അങ്ങനെ നൂറ്റാണ്ടുകളുടെ സ്വപ്നമായിത്തീരുന്നു. വിരഹദുഃഖം ഖനീഭവിച്ച് മേഘ സന്ദേശമായിത്തീരുന്നതുപോലെ. എന്‍റെ ഉള്ളം നിറയെ കരച്ചിലാണ്, ഞാനെഴുതിയതൊക്കെ അതിന്‍റെ സാക്ഷ്യമെന്ന കസന്‍ദ്സാക്കീസിന്‍റെ വരികളോര്‍ക്കുക.
 
കരയുന്നവര്‍ക്ക് സമാശ്വാസമുണ്ടാകുമെന്നാണ് സങ്കടങ്ങളുടെ ആ മഹാപ്രഭു  പറഞ്ഞിട്ടുള്ളത്. എന്തിനെയോര്‍ത്താണോ കരഞ്ഞത് അവയ്ക്ക് പരിഹാരമുണ്ടാകും എന്നര്‍ത്ഥത്തില്‍ല്‍ തന്നെയാവണമെന്നില്ല. കരച്ചില്ല്‍ തന്നെയാണ് സമാശ്വാസം. അതിന്‍റെ ആനുകൂല്യം ഇല്ലായിരുന്നുവെങ്കില്‍ല്‍ മനുഷ്യര്‍ സേഫ്റ്റിവാല്‍വ് അടഞ്ഞ പ്രഷര്‍കുക്കര്‍പോലെ എന്നേ ചിന്നിച്ചിതറിയേനെ. അതുകൊണ്ടാണല്ലോ ഒരു ദുരന്തത്തെ അഭിമുഖീകരിച്ച മനുഷ്യന്‍ കരഞ്ഞുവെന്നതല്ല, എന്തുകൊണ്ട് കരഞ്ഞില്ലയെന്ന കാര്യം നമ്മളെ ഭാരപ്പെടുത്തുന്നത്...

You can share this post!

ദൈവം നമ്മോടു കൂടെ

ബോബി ജോസ് കപ്പുച്ചിന്‍
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts