news-details
സാമൂഹിക നീതി ബൈബിളിൽ

ഊട്ടുമേശ കൂട്ടായ്മയുടെ കേന്ദ്രം

"ഓരോരുത്തരും ആത്മശോധന ചെയ്തതിനു ശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെ തന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും" (1കോറി.11:28-23).

നിത്യജീവന്‍റെ ഔഷധമായ വി. കുര്‍ബാന നിത്യനാശം വരുത്തിവയ്ക്കുന്ന മാരകവിഷമായിത്തീരാം എന്ന് വി. പൗലോസ് നല്കുന്ന താക്കീത് സാമൂഹ്യനീതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രബോധനത്തിലേക്കു വെളിച്ചം വീശുന്നു. പഴയനിയമ ഗ്രന്ഥങ്ങളിലും യേശുവിന്‍റെ പ്രബോധനങ്ങളിലും ആദിമ സഭയുടെ വിശ്വാസ ആചാരങ്ങളിലും പ്രകടമായ സാമൂഹ്യനീതിയുടെ വിവിധ മാനങ്ങള്‍ പൗലോസിന്‍റെ ലേഖനങ്ങളില്‍ ഉടനീളം ദൃശ്യമാണ്. ആ പ്രബോധനങ്ങളുടെയെല്ലാം അടിത്തറയും ഉച്ചകോടിയും ആയി നില്ക്കുന്നതാണ് മേലുദ്ധരിച്ച വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന, വി. കുര്‍ബ്ബാനയെക്കുറിച്ചുള്ള പ്രബോധനം (1കോറി.11:17-34). അതിനാല്‍ സാമൂഹ്യനീതിയെ സംബന്ധിച്ച പൗലോസിന്‍റെ പഠനങ്ങളിലേക്കുള്ള ഒരു പ്രവേശികയായി ഈ വചനഭാഗം സ്വീകരിക്കാം. 
 
പൗലോസ് തന്നെ സ്ഥാപിച്ചതാണ് കോറിന്തോസിലെ സഭ. സുവിശേഷ പ്രഘോഷണത്തിനും സഭയെ പടുത്തുയര്‍ത്തുന്നതിനും വേണ്ടി ഏറ്റം കൂടുതല്‍ സമയം ചിലവഴിച്ചതും ലേഖനങ്ങള്‍ എഴുതിയതും കോറിന്തോസിനു വേണ്ടിയാണ്. കോറിന്തോസുകാര്‍ക്ക് എന്ന ശീര്‍ഷകത്തില്‍ ഇന്നു ലഭ്യമായിരിക്കുന്ന രണ്ടു ലേഖനങ്ങളുണ്ട്. മൊത്തം 29 അദ്ധ്യായങ്ങള്‍. ഇതിനു പുറമേ ഒന്നോ രണ്ടോ ലേഖനങ്ങള്‍ കൂടി കോറിന്തോസിലെ സഭയ്ക്ക് എഴുതിയെന്ന സൂചനകള്‍ ഈ ലേഖനങ്ങളിലുണ്ട് (ഉദാ: 2കോറി.2, 4). അങ്ങനെ പൗലോസിന്‍റേതായി അറിയപ്പെടുന്ന ലേഖനങ്ങളുടെ മൂന്നിലൊന്നില്‍ കൂടുതല്‍ കോറിന്തോസുകാര്‍ക്ക് എഴുതിയതാണ്. മറ്റു ലേഖനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോറിന്തോസുകാര്‍ക്കുള്ള ലേഖനങ്ങളില്‍ സഭ നേരിടുന്ന അനേകം പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും നിര്‍ദ്ദേശങ്ങളും താക്കീതുകളും നല്കുകയും ചെയ്യുന്നതും കാണാം. 
 
കോറിന്തോസിലെ സഭ നേരിട്ട പ്രശ്നങ്ങളില്‍ ഏറ്റം ഗുരുതരമായ ഒന്നായിരുന്നു സഭയിലുണ്ടായ ഭിന്നിപ്പ്. തുടക്കത്തില്‍ തന്നെ അപ്പസ്തോലന്‍ ഇതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. "സഹോദരരേ, നിങ്ങള്‍  എല്ലാവരും സ്വരച്ചേര്‍ച്ചയോടും ഐക്യത്തോടും ഏക മനസ്സോടും ഏകാഭിപ്രായത്തില്‍ വര്‍ത്തിക്കണമെന്ന് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു... നിങ്ങളുടെ ഇടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്ന്... എന്നെ അറിയിച്ചിരിക്കുന്നു"(1കോറി.1:10-11). സഭയില്‍ ഭിന്നിപ്പിനു കാരണമായ  പലതിനെയും പറ്റി പരാമര്‍ശിക്കുകയും വിശദീകരിക്കുകയും ചെയ്തതിനുശേഷം ഏറ്റം പ്രധാനപ്പെട്ട പ്രബോധനത്തിലേക്കു കടക്കുന്നത് തീര്‍ത്തും നിഷേധാത്മകമായ ഒരു ആമുഖവാക്യത്തോടെയാണ്. "ഇനി പറയാന്‍ പോകുന്ന കാര്യങ്ങളില്‍ ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നില്ല" (1കോറി.11,17). 
 
വി.കുര്‍ബ്ബാനയെക്കുറിച്ചുള്ള പ്രബോധനമാണ് ഇപ്രകാരം ഒരാമുഖത്തോടെ തുടങ്ങുന്നത്. പുതിയ നിയമത്തില്‍ വി. കുര്‍ബ്ബാനയെക്കുറിച്ചുള്ള ഏറ്റം പുരാതനവും ആധികാരികവുമായി ഈ വിവരണത്തെ (1കോറി.11:17-34) ബൈബിള്‍ പഠിതാക്കളും ദൈവശാസ്ത്രജ്ഞരും പരിഗണിക്കുന്നു. അത്താഴവിരുന്നിന്‍റെ പശ്ചാത്തലത്തിലാണ് ആദിമക്രൈസ്തവര്‍ യേശുവിന്‍റെ ഓര്‍മ്മ ആചരിച്ചുകൊണ്ട് വി. കുര്‍ബ്ബാന ആഘോഷിച്ചിരുന്നത്. സ്വന്തമായി ദേവാലയങ്ങളൊന്നും ഇല്ലാതിരുന്ന ആദിമ ക്രൈസ്തവര്‍ ചെറുസമൂഹങ്ങളായി വീടുകളില്‍ സമ്മേളിക്കുകയും യേശുവിന്‍റെ ഓര്‍മ്മ ആചരിച്ചുകൊണ്ട് അപ്പംമുറിക്കല്‍ ശുശ്രൂഷയില്‍ പങ്കുചേരുകയും ചെയ്തിരുന്നു എന്ന് ആദിമ സമൂഹത്തിന്‍റെ ചിത്രം സംക്ഷിപ്തമായി അവതരിപ്പിക്കുന്ന ലൂക്കാ രേഖപ്പെടുത്തിയിട്ടുണ്ട്(അപ്പ.2,46).
 
ശിഷ്യന്മാരോടൊന്നിച്ച് അവസാനമായി നടത്തിയ അത്താഴവിരുന്നിനിടയിലാണല്ലോ യേശു വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചത്. ശിഷ്യരുടെ പാദങ്ങള്‍ കഴുകി വിനീത നേതൃത്വത്തിന്‍റെ പാഠം നല്കിയതിനു ശേഷമാണ് യേശു അപ്പം മുറിച്ചു പങ്കുവച്ചത്. അതു തന്‍റെ ശരീരവും രക്തവും പങ്കുവയ്ക്കലാണെന്നും തന്‍റെ ഓര്‍മ്മയ്ക്കായി ശിഷ്യന്മാര്‍ ഇതു തുടരണമെന്നും ഗുരു അനുശാസിച്ചു.(യോഹ.13,1-16; ലൂക്കാ.22:,14-23). ഇതനുസരിച്ചാണ് അന്നു മുതല്‍ ഇന്നുവരെ ക്രിസ്ത്യാനികള്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നതും ആഘോഷിക്കുന്നതും. 
 
ആഴ്ചയുടെ ആദ്യദിവസം സായാഹ്നത്തിലാണ് ഇപ്രകാരം അപ്പം മുറിക്കലിനായി ക്രിസ്ത്യാനികള്‍ വീടുകളില്‍ ഒരുമിച്ചുകൂടിയിരുന്നത്. ക്രിസ്ത്യാനികള്‍ എല്ലാവരും യേശുവില്‍ വിശ്വസിച്ച് സ്നാനം സ്വീകരിച്ചവര്‍ ആയിരുന്നെങ്കിലും ഭൗതിക സമ്പത്തു പങ്കു വയ്ക്കുന്നതിനെക്കുറിച്ചുള്ള യേശുവിന്‍റെ പ്രബോധനങ്ങളും നിര്‍ദ്ദേശങ്ങളും അത്രതന്നെ പ്രാവര്‍ത്തിക മാക്കിയിരുന്നില്ല. അവരുടെ ഇടയില്‍ സമ്പന്നരും ദരിദ്രരും ഉണ്ടായിരുന്നു. 
 
എന്നാലും അപ്പം മുറിക്കാന്‍ എല്ലാവരും ഒരുമിച്ചു കൂടും. എല്ലാവര്‍ക്കും സമ്മേളിക്കാന്‍ മാത്രം സൗകര്യമുള്ള വലിയ വീടുകളിലാവും അവര്‍ ഒന്നിച്ചു കൂടുക. ഭക്ഷണത്തിനായി ഒരുമിച്ചു വരുന്നവര്‍ പങ്കുവയ്ക്കാനായി ഭക്ഷണസാധനങ്ങളും കൊണ്ടുവരുക പതിവായിരുന്നു. കൊണ്ടു വരുന്ന ഭക്ഷണം സമാഹരിച്ച് എല്ലാവരും ഒരുമിച്ചു പങ്കു വച്ചു ഭക്ഷിക്കുകയായിരുന്നു പതിവ്. ഇത് സ്നേഹത്തിന്‍റെ പ്രകടനമായിരുന്നു- തന്നെത്തന്നെ മുറിച്ചു പങ്കുവച്ചു ഭക്ഷണമായി നല്കുന്ന യേശുവിലൂടെ പ്രകടമായ ദൈവസ്നേഹത്തിന്‍റെയും ആ സ്നേഹത്തില്‍ ഒരു കൂട്ടായ്മയായി ("കൊയിനൊണിയാ" എന്നു ഗ്രീക്കില്‍) മാറുന്ന സമൂഹങ്ങള്‍ തമ്മില്‍ നിലനില്ക്കുന്ന, നിലനില്ക്കേണ്ട, സഹോദര സ്നേഹത്തിന്‍റെയും. അങ്ങനെ ഈ അത്താഴ വിരുന്നുകള്‍ കൂട്ടായ്മ ഊട്ടി ഉറപ്പിക്കുന്ന അവസരങ്ങളായി. അതിനാല്‍തന്നെ 'സ്നേഹവിരുന്ന്' എന്ന അര്‍ത്ഥത്തില്‍ 'ആഗാപ്പേ' എന്ന് ഈ സമ്മേളനങ്ങള്‍ അറിയപ്പെട്ടിരുന്നു. 
 
യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റു പറയുന്ന വിശ്വാസവും അവന്‍റെ ജീവിതത്തിന്‍റെയും അനുശാസനങ്ങളുടെയും അനുസ്മരണവും ആവശ്യമായവ പങ്കുവയ്ക്കുന്നതിലൂടെ പ്രകടമാക്കുന്ന സമ്മേളനമായിരുന്നു ഈ അപ്പം മുറിക്കല്‍ ശുശ്രൂഷ. എന്നാല്‍ കാലക്രമത്തില്‍ ഈ കൂട്ടായ്മയില്‍ വിള്ളലുകളുണ്ടായി. സമ്പന്നരുടെ വീടുകള്‍ക്ക് പല അകത്തളങ്ങളും ഇടനാഴികളും നടുമുറ്റങ്ങളും ഉണ്ടായിരുന്നു. വീടിന്‍റെ ഈ ഘടന തന്നെ വിരുന്നുകാര്‍ക്കിടയില്‍ വിവേചനത്തിനു കാരണമായി. വീട്ടുകാരും സമ്പന്നരായ പ്രമുഖ വ്യക്തികളും വീടിന്‍റെ ഏറ്റം പ്രധാനപ്പെട്ട ഉള്‍മുറിയിലോ വിശാലമായ ശാലയിലോ ആയിരിക്കും സമ്മേളിക്കുക. വിരുന്നുകാരുടെ സാമ്പത്തിക ശേഷിയും സമൂഹത്തിലെ സ്ഥാനവും അനുസരിച്ച് ഇടനാഴികളിലും മുറ്റത്തും പിന്നാമ്പുറങ്ങളിലും ഒക്കെയായി നിലത്തിരുന്നും നിന്നും സമ്മേളനത്തില്‍ പങ്കെടുക്കേണ്ടി വന്നു. 
 
കൂടെ കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങളിലും വ്യത്യാസങ്ങളുണ്ടായി. ആദ്യമാദ്യം എല്ലാവരും ഒരുമിച്ച് പങ്കുവച്ചിരുന്നിടത്ത് ചെറിയ ഗ്രൂപ്പുകള്‍ രൂപം കൊണ്ടു. സമ്പന്നര്‍ തങ്ങളുടെ വിരുന്ന് സമൃദ്ധമായി ഭക്ഷിച്ച് ആഘോഷിച്ചപ്പോള്‍ ദരിദ്രര്‍ക്കു തങ്ങള്‍ കൊണ്ടുവന്ന തുച്ഛമായ ആഹാരം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം പ്രകടമാക്കി. വിശുദ്ധ കുര്‍ബ്ബാനതന്നെ അനൈക്യത്തിന്‍റെയും അസമത്വത്തിന്‍റെയും ദൃശ്യമായ പ്രകടനമായി. "തല്‍ഫലമായി ഒരുവന്‍ വിശന്നും അപരന്‍ കുടിച്ച് ഉന്മത്തനായും ഇരിക്കുന്നു"(1കോറി.11:21).
 
ഇവിടെയാണ് പൗലോസിന്‍റെ ധാര്‍മ്മിക രോഷം അഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിക്കുന്നത്. "എന്ത്? തിന്നാനും കുടിക്കാനും നിങ്ങള്‍ക്കു വീടുകളില്ലേ? അതോ നിങ്ങള്‍ ദൈവത്തിന്‍റെ സഭയെ അവഗണിക്കുകയും ഒന്നുമില്ലാത്തവരെ അവഹേളിക്കുകയും ചെയ്യുന്നുവോ?"(1കോറി.11:22). നിശിതമായ ഈ വിമര്‍ശനത്തിനു ശേഷമാണ് യേശു എപ്രകാരം വി. കുര്‍ബ്ബാന സ്ഥാപിച്ചുവെന്നും എന്താണതിന്‍റെ അര്‍ത്ഥമെന്നും എങ്ങനെയാണ് കുര്‍ബ്ബാനയില്‍ പങ്കെടുക്കേണ്ടതെന്നും പഠിപ്പിക്കുന്നത് (1 കോറി. 11, 23-26). അതിനു ശേഷം താക്കീതുകളും നിര്‍ദ്ദേശങ്ങളും ഭീഷണികളും ആവര്‍ത്തിക്കുന്നു. 
 
"തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു" (1 കോറി. 11, 27). എന്താണ് യേശുവിന്‍റെ വിരുന്നില്‍ പങ്കെടുക്കാന്‍ ഒരുവനെ അയോഗ്യനാക്കുന്നത്? പൗലോസിന്‍റെ പ്രബോധനത്തില്‍ സംശയത്തിനിടയില്ല. ഓരോരുത്തരും ആത്മശോധന ചെയ്യണം. "എന്തുകൊണ്ടെന്നാല്‍ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെ തന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും" (11, 29). 
 
യോഗ്യത പരിശോധിക്കുക, ആത്മശോധന ചെയ്യുക, ശരീരത്തെ വിവേചിച്ചറിയുക എന്നിങ്ങനെ മൂന്നു കാര്യങ്ങള്‍ അപ്പസ്തോലന്‍ എടുത്തു പറയുന്നു. എന്താണ് ഇതിന് അര്‍ത്ഥം? "ശരീരത്തെ വിവേചിച്ചറിയുക" എന്നതില്‍ തുടങ്ങാം. ആദ്യ വീക്ഷണത്തില്‍ യേശുവിന്‍റെ ശരീരമായി മാറിയ അപ്പത്തെയാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത് എന്നതില്‍ സംശയമില്ല. വി. കുര്‍ബ്ബാനയില്‍ സംഭവിക്കുന്ന സത്താഭേദത്തെയാവും അപ്പോള്‍ ഇതു സൂചിപ്പിക്കുക. വിരുന്നിനിടയില്‍ തിന്നുന്ന അപ്പവും കുടിക്കുന്ന വീഞ്ഞും ഇവിടെ യേശുവിന്‍റെ ശരീരരക്തങ്ങളായി മാറിയ വസ്തുക്കളില്‍ നിന്നു വേര്‍തിരിച്ചറിയണം. 
 
യേശുവിന്‍റെ അന്ത്യവിരുന്നിലും വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ അതു മാത്രമാണോ അപ്പസ്തോലന്‍ വിവക്ഷിക്കുന്നത്? 
 
"യേശുവിന്‍റെ ശരീരം" എന്ന പ്രയോഗത്തിന് പൗലോസ് അപ്പസ്തോലന്‍ കൂടുതല്‍ വ്യാപകവും അഗാധവും ആയ അര്‍ത്ഥം നല്കുന്നുണ്ട്. യേശുവില്‍ വിശ്വസിച്ച് മാമ്മോദീസാ വഴി സഭയുടെ അംഗങ്ങളായവരുടെ സമൂഹത്തെ ഒരു ശരീരത്തോടാണ് അപ്പസ്തോലന്‍ ഉപമിക്കുന്നത്. 'യേശുവിന്‍റെ മൗതിക ശരീരം' (mystical body) എന്ന് പില്‍ക്കാലത്ത് ദൈവശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിച്ചു. ഇതേ പേരില്‍ ഒരു ചാക്രിക ലേഖനം തന്നെ പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ (mystici corporis) പുറപ്പെടുവിക്കുകയുണ്ടായി. "ശരീരം ഒന്നാണെങ്കിലും അതില്‍ പല അവയവങ്ങളുണ്ട്.... നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളും ആണ്" (1കോറി. 12, 12-27). ചര്‍ച്ചാവിഷയമായ പ്രമേയത്തിലേക്ക് അപ്പസ്തോലന്‍ തന്നെ വെളിച്ചം പകരുന്നുണ്ട് ഈ വാക്യങ്ങളില്‍. അത്താഴമേശയിലെ ഉച്ചനീചത്വത്തെ അതി കഠിനമായ വീഴ്ചയായി വിലയിരുത്തുന്നതിനു തൊട്ടുപിന്നാലെയാണ് ക്രിസ്തുവിന്‍റെ ശരീരത്തെക്കുറിച്ചുള്ള ഈ പ്രബോധനം എന്നതു പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. 
 
സ്നേഹവിരുന്നില്‍ പങ്കെടുക്കുന്നവര്‍ തങ്ങള്‍ ഭക്ഷിക്കുന്നത് യേശുവിന്‍റെ ശരീരമായി മാറിയ അപ്പം ആണെന്നു വിശ്വസിച്ചാല്‍ പോരാ, മറിച്ച് തന്നോടൊത്ത് ഭക്ഷിക്കുന്നവരും ഭക്ഷണം കിട്ടാതെ വിശന്നു വലയുന്നവരും എല്ലാം യേശുവിന്‍റെ തന്നെ ശരീരത്തിലെ അവയവങ്ങള്‍ ആണെന്നു തിരിച്ചറിയണം. അപ്പോള്‍ മാത്രമേ ഊട്ടുമേശയിലെ ഉച്ചനീചത്വത്തിന്‍റെ കാഠിന്യം വ്യക്തമാകൂ! ഞാന്‍ തിന്നു കുടിച്ചു മദിക്കുമ്പോള്‍ എന്‍റെ അയല്‍ക്കാരന്‍ പട്ടിണി കിടക്കുന്നെങ്കില്‍ അതിന്‍റെ പേരില്‍ എനിക്കു ലഭിക്കാന്‍ പോകുന്നത് നിത്യശിക്ഷയില്‍ കുറഞ്ഞ ഒന്നുമല്ല എന്ന അപ്പസ്തോലന്‍റെ പ്രബോധനം സാമൂഹ്യ നീതിയുടെ അടിത്തറയിലേക്കും ഉറവിടത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയിലൂടെ യേശു നല്‍കിയ പാഠം അപ്പസ്തോലന്‍ ഉപമ കൂടാതെ പച്ച യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കുന്നു. ഇവിടെ തുടങ്ങണം സാമൂഹ്യനീതിയെക്കുറിച്ചുള്ള പൗലോസിന്‍റെ പ്രബോധനത്തെ സംബന്ധിച്ച അന്വേഷണം. 
 
ഇന്നും എന്നും ഏറെ പ്രസക്തമാണ് പൗലോസ് അപ്പസ്തോലന്‍റെ ഈ നിരീക്ഷണവും പ്രബോധനവും. യേശുവിലുള്ള വിശ്വാസമാണ് ക്രൈസ്തവ സമൂഹത്തിന്‍റെ അടിസ്ഥാനവും ആരംഭവും. വിശ്വാസത്തില്‍ ഐക്യപ്പെടുന്നവര്‍ ഒറ്റ സമൂഹമാകുന്നു. ഒരു ശരീരംപോലെ പരസ്പരം ബന്ധപ്പെട്ടു നില്ക്കുന്ന സമൂഹം. ഇവിടെ ഓരോ വ്യക്തിയും ശരീരത്തിലെ ഓരോ അവയവം പോലെയാണ്. ക്രിസ്തുവാണ് ഈ ശരീരത്തിന്‍റെ ശിരസ്. വിശ്വാസികള്‍ അവയവങ്ങളും (എഫേ. 2, 22; 4, 15; 5, 29-30; 1കോറി. 12, 27; റോമാ 12, 5-6). ഈ അവബോധത്തില്‍ നിന്നാണ് സാമൂഹ്യനീതിയെ സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍ ഉണരുന്നത്.
 
ഒരു ശരീരത്തിലെ അവയവങ്ങള്‍പോലെ നാമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സകല മനുഷ്യരും ഈ അവബോധത്തിലേക്ക് ഉണരുമ്പോള്‍ തികച്ചും നീതിനിഷ്ഠമായ ഒരു മനുഷ്യസമൂഹം സംജാതമാകും. അതിലേക്കു നയിക്കുന്ന ഏറ്റം ഉന്നതവും ഉത്കൃഷ്ടവും ഫലദായകവും ആയ മാര്‍ഗ്ഗമാണ് ഊട്ടുമേശയിലെ കൂട്ടായ്മയെന്ന സ്നേഹവിരുന്ന്, വി. കുര്‍ബ്ബാന.
 
ഈ യാഥാര്‍ത്ഥ്യം മറന്നതും കൂട്ടായ്മയ്ക്കു കോട്ടം വരുത്തിയതുമാണ് കോറിന്തോസിലെ സഭയ്ക്കെതിരെ ശക്തമായ താക്കീതുകള്‍ നല്കാന്‍ പൗലോസിനെ പ്രേരിപ്പിച്ചത്. കോറിന്തോസുകാര്‍ ഈ താക്കീതുകള്‍ എത്രമാത്രം ക്രിയാത്മകമായി സ്വീകരിച്ചു എന്നറിയില്ല. എന്നാല്‍ യേശുവിന്‍റെ അന്ത്യ അത്താഴവിരുന്നിന്‍റെ ഓര്‍മ്മ ആചരിച്ചു കൊണ്ട് ഇന്നു ക്രൈസ്തവര്‍ ആഘോഷിക്കുന്ന വി. കുര്‍ബ്ബാനയില്‍ ഈ നിര്‍ദ്ദേശങ്ങളും താക്കീതുകളും എത്രമാത്രം പരിഗണിക്കപ്പെടുന്നു എന്നന്വേഷിക്കുന്നത് ഉപകാരപ്രദം ആകും. 
 
അത്താഴമേശയില്‍ വച്ച് യേശു സ്ഥാപിച്ചതും ആദിമ സമൂഹം ഭവനം തോറും അപ്പംമുറിക്കല്‍ ശുശ്രൂഷയായി ആചരിച്ചതും ആയ വി. കുര്‍ബ്ബാന കാലക്രമത്തില്‍ പ്രത്യേക ഘടനകളും പ്രാര്‍ത്ഥനകളും ആചാരാനുഷ്ഠാനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ചടങ്ങായി. പ്രാര്‍ത്ഥനകളുടെ കണിശതയും ആചാരാനുഷ്ഠാനങ്ങളുടെ വിശദാംശങ്ങളും വേഷഭൂഷാദികളുടെ നിറവും രൂപവും വലുപ്പവും ഒക്കെ ശ്രദ്ധാകേന്ദ്രമായി തീര്‍ന്നു. 
പല സംസ്കാരങ്ങളില്‍ നിന്നു രൂപം കൊണ്ട പല രീതികളിലുള്ള ആചാരങ്ങളുണ്ടായി.
പിന്നെപ്പിന്നെ ഈ പ്രാര്‍ത്ഥനകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ശ്രദ്ധാകേന്ദ്രമായി.
 
ഊട്ടുമേശ കര്‍ത്താവിന്‍റെ ബലിപീഠമാണോ, കബറിടമാണോ, കുര്‍ബ്ബാന ജനാഭിമുഖം വേണമോ അതോ പുരോഹിതനും ജനവും ഒരേ ദിക്കിലേക്കു നോക്കി അര്‍പ്പിക്കണമോ; കുര്‍ബ്ബാന ബലിയാണോ അതോ വിരുന്നാണോ എന്നിങ്ങനെയുള്ള വിചിന്തനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ യേശു കല്പിച്ചതും പൗലോസ് അനുശാസിച്ചതും ആയ പ്രധാന കാര്യങ്ങള്‍ വിസ്മരിക്കപ്പെട്ടു. യേശുവിന്‍റെ അവസാനത്തെ അത്താഴത്തിന്‍റെ ഓര്‍മ്മയാചരിച്ചുകൊണ്ട് വിശ്വാസികളുടെ കൊച്ചു കൊച്ചു കൂട്ടായ്മകള്‍ ആഘോഷിക്കുന്ന സ്നേഹവിരുന്ന് ആണെന്ന കാര്യം മറന്നു; പകരം താളമേളങ്ങളുടെയും ഗാനാലാപനങ്ങളുടെയും മധ്യേ അവതരിപ്പിക്കപ്പെടുന്ന ഒരു സംഗീത നാടകംപോലെ ആയി എന്നു കുറ്റപ്പെടുത്തിയാല്‍ അതു മുഴുവന്‍ തെറ്റാണെന്നു പറയാനാകുമോ? 
 
ദരിദ്രന്‍റെ സമ്പത്ത് പല വിധത്തില്‍ തട്ടിയെടുത്ത് ധനികരായവര്‍ തങ്ങള്‍ വഞ്ചിച്ച ദരിദ്രരോടൊത്ത് ഒരേ കുര്‍ബ്ബാനയില്‍ പങ്കുചേരുന്നതില്‍ ഒരു അപാകതയും ആരും കാണാതായി. അന്യായ പലിശ ഈടാക്കുന്ന ധനമിടപാടുകാരും ബ്ലേഡ് കമ്പനി ഉടമകളും വിഷം മദ്യമാക്കി വിറ്റ് സമ്പന്നരാകുന്ന മദ്യവ്യാപാരികളും ഇവയുടെയെല്ലാം ഇരകളും ഒരേ കുര്‍ബ്ബാനയില്‍ പങ്കെടുത്ത്, അപ്പം തിന്നു തൃപ്തരാകുന്നു. തന്നെയുമല്ല യേശുവിന്‍റെ അത്താഴ വിരുന്നു തന്നെ പല വിധത്തില്‍ ആചരിക്കുകയും താളമേളങ്ങളുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് അവയ്ക്കു നിരക്കുകള്‍ നിശ്ചയിക്കുകയും ചെയ്യുമ്പോള്‍ വിശുദ്ധ വസ്തു ഒരു കച്ചവട ചരക്കാക്കി മാറ്റുകയല്ലേ എന്ന് ദോഷൈക ദൃക്കുകള്‍ ചോദിച്ചാല്‍ ഉത്തരം പറയുക എളുപ്പമായിരിക്കുകയില്ല. 
 
അതിനാല്‍ പുരോഹിതരും ജനവും യേശുവിന്‍റെ ഊട്ടുശാലയിലേക്കു മടങ്ങണം. കാല്‍കഴുകല്‍ ആണ്ടില്‍ ഒരിക്കല്‍ അഭിനയിക്കുന്ന ഒരു നാടകീയ കൃത്യമാകാതെ മനോഭാവത്തിന്‍റെ ഭാഗമാകണം. വിശ്വാസം മാത്രമല്ല, ഭൗതിക സമ്പത്തും പങ്കുവയ്ക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ഈ ദിവ്യ ഭോജനത്തില്‍ പങ്കുചേരാന്‍ അര്‍ഹതയില്ലെന്നു മാത്രമല്ല, അങ്ങനെയുള്ള പങ്കുചേരല്‍ നിത്യനാശം വരുത്തി വയ്ക്കുന്ന മാരകപാപമാണ് എന്ന സത്യം ഉറക്കെ പ്രഘോഷിക്കാന്‍ സഭാ സമൂഹത്തിനു കഴിയണം. അതല്ലേ വി. പൗലോസ് കോറിന്തോസുകാരോട് പറഞ്ഞത്? ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുന്നവര്‍ മാരകമായ വിഷമാണ് കഴിക്കുന്നതെന്ന അവബോധം പുരോഹിതരും ജനങ്ങളും അടങ്ങുന്ന വിശ്വാസ സമൂഹത്തില്‍ സംജാതമാകുമ്പോള്‍ സാമൂഹ്യ നീതിയും യാഥാര്‍ത്ഥ്യമാകും. അതിനുള്ള ആഹ്വാനമാണ് ഊട്ടുമേശയില്‍നിന്ന് ഒരു വിപ്ലവ കാഹളമായി മുഴങ്ങുന്നത്. 

You can share this post!

നവയുഗദര്‍ശനം

ഡോ. മൈക്കിള്‍ കാരിമറ്റം
അടുത്ത രചന

സ്മൃതി ബോബി

ജോസ് കട്ടികാട
Related Posts