news-details
ഇടിയും മിന്നലും

ഒരൂണും ഫിഷ് ഫ്രൈയും...

ഓശാനഞായര്‍ തുടങ്ങി ബുധനാഴ്ചവരെ സായാഹ്നങ്ങളില്‍ മാത്രമുള്ള ധ്യാനമായിരുന്നതുകൊണ്ട് പകല്‍സമയംമുഴുവന്‍ ഒഴിവുണ്ടായിരുന്നു. വലിയആഴ്ചയായിരുന്നതിനാല്‍ പ്രായാധിക്യമോ രോഗമോ കാരണം പള്ളിയില്‍വരാനാകാതിരുന്ന എല്ലാവര്‍ക്കും കുമ്പസാരിക്കാനും കുര്‍ബ്ബാനകൊടുക്കുവാനുമായി ആ ദിവസങ്ങളില്‍ അവരുടെവീടുകളിലെത്തുമെന്ന് വികാരിയച്ചന്‍ പള്ളിയില്‍ നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. വലിയ ഇടവകയായിരുന്നതുകൊണ്ട് പത്തുനാല്പതു വീടുകളുണ്ടായിരുന്നു ലിസ്റ്റില്‍. അതുകൂടാതെ പള്ളിയോടുചേര്‍ന്ന് സിസ്റ്റേഴ്സ്നടത്തുന്ന നൂറിലധികം കിടപ്പുരോഗികളുള്ള ഒരാശുപത്രിയുമുണ്ടായിരുന്നു.
 
രണ്ടുദിവസംകൊണ്ട് വീടുകളില്‍ പോയിതീര്‍ന്നപ്പോള്‍ അവശേഷിച്ച ആശുപത്രിയിലെകാര്യം വികാരിയച്ചന്‍ എന്നെഏല്പിച്ചു. അതുകൊണ്ട് ബുധനാഴ്ച രാവിലെതന്നെ ഞാനാശുപത്രിയിലെത്തി. പത്തുമണിയോടെ കുമ്പസാരമെല്ലാംതീര്‍ത്ത് പള്ളിയിലേക്കു തിരിച്ചുപോകാനിറങ്ങിയപ്പോളാണ് പ്രായമുള്ള ഒരു സിസ്റ്ററുവന്ന് അമ്മക്കു കുമ്പസാരിക്കണമെന്നു പറഞ്ഞത്. എനിക്ക് ആശുപത്രിയില്‍നിന്നുതന്ന ലിസ്റ്റിന്‍പ്രകാരം വാര്‍ഡുകളിലും റൂമുകളിലുമുണ്ടായിരുന്ന എല്ലാവരെയും ഞാന്‍ തീര്‍ത്തതാണെന്നു പറഞ്ഞപ്പോള്‍, നേരത്തെപറയാന്‍ സാധിച്ചില്ലായിരുന്നു എന്നുപറഞ്ഞു. ഞാനപ്പോഴേ കൂടെച്ചെന്നു. മുറിയില്‍ എത്തിയ ഉടനെ അമ്മയോട്, അച്ചന്‍ വന്നിട്ടുണ്ട് എന്നുമാത്രം പറഞ്ഞിട്ട് സിസ്റ്ററു ഹോംനേഴ്സിനെയുംകൂട്ടി പുറത്തേയ്ക്കു പോയി. 
 
വളരെ പണിപ്പെട്ടാണ് അവരെഴുന്നേറ്റിരുന്നത്. തീരെക്ഷീണിച്ച ശരീരം. ഞാന്‍ കസേര കട്ടിലിനോടു ചേര്‍ത്തിട്ട് ഇരുന്നിട്ടു കുമ്പസാരിച്ചുകൊള്ളാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കൊരു അസ്വസ്ഥത. ആ സിസ്റ്ററു മകളാണ്, കുമ്പസാരിച്ചിട്ട് അധികംദിവസമായില്ലാത്തതുകൊണ്ടു വേണ്ടെന്നു പറഞ്ഞതായിരുന്നു, എന്നിട്ടും കുമ്പസാരിക്കണമെന്ന് സിസ്റ്ററിനാണു നിര്‍ബ്ബന്ധമെന്നവരു പറഞ്ഞു. 
 
"ആരെങ്കിലും നിര്‍ബ്ബന്ധിച്ചിട്ടല്ല ഇതൊന്നും ചെയ്യേണ്ടത്, തന്നത്താനെ ആവശ്യം തോന്നുമ്പോഴാണ്." പോകാന്‍ എഴുന്നേറ്റുകൊണ്ടു ഞാന്‍പറഞ്ഞു. ജാള്യതമറയ്ക്കാന്‍ എന്തെങ്കിലുമൊന്നു ചോദിക്കാന്‍വേണ്ടി, അസുഖമെന്താണെന്നു ചോദിച്ചപ്പോള്‍, ഭക്ഷണംകഴിക്കാന്‍ പറ്റുന്നില്ലെന്നു പറഞ്ഞു. ഞാന്‍ മുറിക്കുപുറത്തിറങ്ങുമ്പോള്‍ സിസ്റ്ററവിടെ നില്പുണ്ടായിരുന്നെങ്കിലും ആ വശത്തേയ്ക്കുപോലുംനോക്കാതെ ഞാന്‍ വേഗംനടന്നു. സിസ്റ്ററു പിന്നാലെയെത്തി, അമ്മ കുമ്പസാരിച്ചില്ലേന്നു ചോദിച്ചു.
"അച്ചന്മാര്‍ക്കു പണികൊടുക്കലാണോ സിസ്റ്ററിന്‍റെ പണി?" തീരെ മയമില്ലാത്തസ്വരത്തില്‍ എന്‍റെ ചോദ്യംകേട്ടു സിസ്റ്ററു പകച്ചുനിന്നു. എന്‍റെ അരിശംതീര്‍ക്കാന്‍ രണ്ടുമൂന്നു കട്ടിയുള്ള ഡയലോഗുകൂടെയങ്ങു വിട്ടുകഴിഞ്ഞപ്പോഴേയ്ക്കും എന്നെക്കാള്‍ പ്രായമുള്ള ആ സിസ്റ്ററിന്‍റെ കണ്ണുനിറയുന്നതു കണ്ടപ്പോള്‍ പറയരുതായിരുന്നു എന്നുതോന്നി. പെട്ടെന്ന്, ഒരു സോറിയുംപറഞ്ഞു പോകാന്‍തിരിഞ്ഞപ്പോള്‍ സിസ്റ്ററിന്‍റെ ക്ഷമാപണം:
 
"അമ്മ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുവാണച്ചാ, അമ്മക്കുമെനിക്കുമല്ലാതെ വേറയാര്‍ക്കുമതറിയില്ല. അതുകൊണ്ടാണ് ഞാന്‍ അമ്മെ കുമ്പസാരിക്കാന്‍ നിര്‍ബ്ബന്ധിച്ചത്." കണ്ണുതുടച്ചുകൊണ്ട് സിസ്റ്ററു മുറിയിലേയ്ക്കു പോയി, ഞാന്‍ വണ്ടിയുടെ അടുത്തേയ്ക്കും. 
 
മനസ്സില്‍ എന്തോ തറച്ചതുപോലൊരു വിങ്ങല്‍. സിസ്റ്ററിനെ വേദനിപ്പിച്ചതിലുള്ള കുറ്റബോധത്തിനുമപ്പുറത്തെന്തോ കുത്തിക്കൊള്ളുന്നതുപോലെ. വേഗം തരിച്ചുനടന്നു. ചെന്നുവാതിലില്‍മുട്ടി, മറുപടിക്കു കാത്തുനില്ക്കാതെ കതകുതുറക്കുമ്പോള്‍ സിസ്റ്ററും അമ്മയും കരച്ചിലായിരുന്നു. രംഗമൊന്നു ശാന്തമാകാനായി അല്പനേരം ഞാനവിടെയിരുന്നു. അപ്പോള്‍ കയറിവന്ന ഹോംനഴ്സിനോട് അച്ചന്‍പോയിട്ട് വന്നാല്‍മതി എന്നുപറഞ്ഞ് പുറത്തേക്കു സിസ്റ്റര്‍ പറഞ്ഞുവിട്ടു.
 
"അമ്മ ഇത്തവണ ഇവിടെ അഡ്മിറ്റായിട്ടു എട്ടുദിവസമായച്ചാ. സത്യത്തില്‍ അമ്മയ്ക്കിപ്പോളസുഖമൊന്നുമില്ലച്ചാ. അതെനിക്കും അമ്മയ്ക്കും മാത്രമെ അറിയത്തുള്ളു. മനസ്സിലെ ഭാരംകാരണം ഞാനുറങ്ങിയിട്ടു നാലുദിവസവുമായി. അച്ചനു സമയമുണ്ടെങ്കില്‍ കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടായിരുന്നു."
"ഉള്ളതുകൊണ്ടാണല്ലോ വിളിക്കാതെതന്നെ ഞാനിപ്പോളിങ്ങു വന്നത്."
 
അമ്മയെ താങ്ങിപിടിച്ചു കിടത്തിയതിനുശേഷം സിസ്റ്ററും ഇരുന്നു. അപ്പന്‍ വളരെനാളുമുമ്പു മരിച്ചുപോയതാണ്. അഞ്ചുമക്കളില്‍ മൂത്തയാളാണു സിസ്റ്റര്‍. അഞ്ചാമത്തേത് ഏകസഹോദരി, മിലിട്ടറി നഴ്സാണ്, വിവാഹിതയായി വടക്കെഇന്‍ഡ്യയില്‍ ജോലിസ്ഥലത്തുതന്നെ സ്ഥിരതാമസമാക്കിയിരിക്കുന്നു. ഇടക്കുള്ള മൂന്നുസഹോദരന്മാരില്‍ മൂത്തവരു രണ്ടും സകുടുംബം രണ്ടുവിദേശരാജ്യങ്ങളിലാണ്. അവരു നാട്ടില്‍ വരവുതന്നെ വിരളം. ഇളയ സഹോദരനും ഭാര്യയും കോളേജദ്ധ്യാപകരായിരുന്നു, ഇപ്പോള്‍ റിട്ടയര്‍ചെയ്തു. പഠിപ്പിച്ചിരുന്നപ്പോഴും രാഷ്ട്രീയക്കാരനായിരുന്ന അയാള്‍ വിരമിച്ചുകഴിഞ്ഞിപ്പോള്‍ ഫുള്‍ടൈം പാര്‍ട്ടിപ്രവര്‍ത്തകനാണ്. പലദിവസങ്ങളിലും വീട്ടില്‍ത്തന്നെ എത്താറില്ല. ഇരുവരും ഉദ്യോഗസ്ഥരായിരുന്നതുകൊണ്ട് അവരുടെ രണ്ടുമക്കളെയും വളര്‍ത്തിയത് ഈ വല്യമ്മയാണ്. അവരുരണ്ടും വളര്‍ന്ന് കല്യാണംകഴിച്ച് ജോലിയുമായി ഇപ്പോള്‍ കേരളത്തിനു വെളിയിലാണ്. അതുകൊണ്ട് അവരുടെ അമ്മ കോളേജില്‍നിന്നും റിട്ടയര്‍ ചെയ്തപ്പോള്‍മുതല്‍ അവരുടെകുഞ്ഞുങ്ങളെ നോക്കാനും മറ്റുമായി മാറിമാറി അവരുടെ കൂട്ടത്തില്‍ത്തന്നെയാണ്. 
 
അപ്പനില്ലാതെ അഞ്ചുമക്കളെയും വളര്‍ത്തിവലുതാക്കിയ ഈ അമ്മ എന്നും ഒറ്റയ്ക്കായിരുന്നു. വിദേശത്തുള്ളമക്കള്‍ അമ്മയെ അങ്ങോട്ടു കൊണ്ടുപോകാമെന്നൊക്കെ പറയാറുണ്ടെങ്കിലും നാട്ടിലേക്കു വരാന്‍പോലും താത്പര്യമില്ലാത്ത അവരുടെകൂടെപ്പോകാന്‍ അമ്മയ്ക്കു മനസ്സില്ലായിരുന്നു. അമ്മക്ക് അസുഖമായാല്‍ ആശുപത്രിയിലാക്കിയിട്ട് ആങ്ങള ചേച്ചിസിസ്റ്ററിനെ വിളിച്ചുപറയും, അതുകഴിഞ്ഞാല്‍ അമ്മയെ ഡിസ്ചാര്‍ജു ചെയ്യുന്നതുവരെ സിസ്റ്ററാണ് അമ്മക്കുകൂട്ട്. മക്കള്‍ വല്ലപ്പോഴുമൊക്കെ വിവരങ്ങള്‍ വിളിച്ചന്വേഷിക്കാറുണ്ട്. പണത്തിനു യാതൊരുകുറവുമില്ല, ചെലവെല്ലാം മക്കളൊക്കെ കൈകാര്യം ചെയ്തുകൊള്ളും. അമ്മയെനോക്കാന്‍ ഹോം നേഴ്സിനെയും വീട്ടിലെ ബാക്കികാര്യങ്ങള്‍ക്കായി വേലക്കാരത്തിയെയും ആക്കിയിട്ടുണ്ട്. ധാരാളം കേള്‍ക്കാറുള്ള ഒരു സാധാരണ കുടുംബചരിത്രം എന്നതിനപ്പുറത്ത് കാര്യത്തിലേയ്ക്കൊന്നുംവരാതെ സിസ്റ്റര്‍ വിവരണം നീട്ടിയപ്പോള്‍ ഞാനിടപെട്ടു.
 
"അനുഭവിക്കുന്നവര്‍ക്ക് അസഹ്യമാണെങ്കിലും സിസ്റ്റര്‍ ഈപറഞ്ഞതൊക്കെ ഇന്നു നമ്മുടെനാട്ടിലെ മിക്കകുടുംബങ്ങളിലും കാണുന്ന അവസ്ഥയാ. ഇതല്പം മെച്ചമാണെന്നാണെനിക്കു താന്നുന്നത്. കാരണം മറ്റു പലരും ചെയ്യുന്നതുപോലെ അമ്മയെ മക്കള്‍ വൃദ്ധമന്ദിരത്തിലെങ്ങും കൊണ്ടുപോയി ആക്കിയില്ലല്ലോ."
"അതായിരുന്നച്ചാ, ഇതിലും ഭേദം." കട്ടിലില്‍നിന്നായിരുന്നു ആ സ്വരം. 
 
എനിക്കുപറ്റിയ അബദ്ധം. അമ്മയവിടെ കിടക്കുന്നുണ്ടെന്ന് ഓര്‍ക്കാതെയായിരുന്നു എന്‍റെ കമന്‍റ്. പിന്നെയും എന്തോ പറയാന്‍വേണ്ടി എഴുന്നേല്‍ക്കാന്‍തുടങ്ങിയ അമ്മയെ സിസ്റ്ററു പിടിച്ചുകിടത്തി.
"കാര്യത്തിലേക്കു വരുന്നതിനുമുമ്പ് കുടുംബത്തിലെഅവസ്ഥ അച്ചനൊന്നു മനസ്സിലാക്കാന്‍വേണ്ടിയാണു ഞാനിത്രയും പറഞ്ഞത്."
 
ആ സമയത്ത് വെള്ളംചോദിച്ച അമ്മക്ക് കുടിക്കാന്‍ കൊടുത്തിട്ടു സിസ്റ്ററു തുടര്‍ന്നു. അമ്മക്ക് തൊണ്ണൂറുവയസ്സുകഴിഞ്ഞു. ആറുവര്‍ഷംമുമ്പുവരെ അമ്മക്കു കാര്യമായ അസുഖങ്ങളൊന്നുമില്ലായിരുന്നു. പിന്നെ ചെറതായിട്ടു ദേഹത്തുനീരും ശ്വാസംമുട്ടലുമൊക്കെത്തുടങ്ങി. സിറ്റിയിലെ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടുപോയി ചെക്കപ്പുനടത്തിയപ്പോള്‍ കിഡ്നിക്കു കുഴപ്പമുണ്ട്, ഹാര്‍ട്ടു വീക്കാണ്, ബിപിയും പ്രശ്നംകാണിക്കുന്നുണ്ട് എന്നൊക്കെ അറിഞ്ഞു. അതുവച്ച് അവിടുത്തെ ചികിത്സയും തുടങ്ങി. കുറെ ഗുളികകളും മരുന്നുകളുമൊക്കെയുണ്ടായിരുന്നു. അതെല്ലാം മുടങ്ങാതെ കഴിക്കുന്നുണ്ടായിരുന്നെങ്കിലും അമ്മയുടെ ആരോഗ്യത്തിനു കാര്യമായ മെച്ചമൊന്നുമുണ്ടായില്ല. ക്ഷീണംകൂടുമ്പോള്‍ ആശുപത്രിയില്‍ കൊണ്ടുചെല്ലും, കുറച്ചുദിവസം ഡ്രിപ്പിട്ട് അവിടെക്കിടക്കും, അല്പംകുറയുമ്പോള്‍ തിരിച്ചുപോരും, അതായിരുന്നു പതിവ്. ഒരുകൊല്ലംമുമ്പുവരെയും അത്യാവശ്യം കാര്യങ്ങളൊക്കെ അമ്മ തനിയെ ചെയ്യുമായിരുന്നു. പിന്നെപ്പിന്നെ അതു പറ്റാതെയായി, അമ്മ കട്ടിലില്‍തന്നെയായി. അതുകൊണ്ട് ആശുപത്രിയിലേക്കുമാറ്റി. അപ്പോള്‍മുതലാണ് ഹോംനേഴ്സിനെയാക്കിയത്. സംസാരിക്കാന്‍പോലും പറ്റില്ലായിരുന്നു. വിളിച്ചാലും മിണ്ടാറില്ലായിരുന്നു. ജീവനുണ്ടായിരുന്നെന്നുമാത്രം. ഒന്നുരണ്ടുമാസം അങ്ങനെകഴിഞ്ഞു. രാഷ്ട്രീയക്കാരന്‍ മകന്‍ തിരക്കിനിടയില്‍ വല്ലപ്പോഴും ഒന്ന് ഓടിവന്നിട്ടുപോകും അത്രമാത്രം. ഒരുദിവസം, അത്യാവശ്യമായി മകനെ നേരിട്ടുകാണണമെന്നു ഡോക്ടര്‍ പറഞ്ഞതുകൊണ്ട് സിസ്റ്ററ് ആങ്ങളയെ വിളിച്ചുവരുത്തി. ഡോക്ടര്‍ പരിശോധനകഴിഞ്ഞ് അവരെ മാറ്റിനിര്‍ത്തി കാര്യങ്ങള്‍ വ്യക്തമാക്കി. അമ്മയിനിയും മെച്ചപ്പെടുകയില്ല. കുറെനാളുകൂടി ഇങ്ങനെതന്നെ കിടക്കാനാണു സാധ്യത. കൂടുതലൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വീട്ടില്‍കൊണ്ടുപോയി പരിചരിക്കുകയോ, അല്ലെങ്കില്‍ ഏതെങ്കിലും ചെറിയ ഹോസ്പിറ്റലില്‍ കൊണ്ടുപോയി കിടത്തുകയോ ചെയ്താല്‍ ഒരുപാടു ചെലവുകുറയും. ഒരുഫലവും പ്രതീക്ഷിക്കാനില്ലാതെ എന്തിനു വെറുതെ കാശുകളയുന്നു? ഡോക്ടറു പോയിക്കഴിഞ്ഞ് അപ്പോള്‍ കുറിച്ച മരുന്നുവാങ്ങാന്‍പോയ സിസ്റ്ററു തിരിച്ചുവരുമ്പോഴേയ്ക്കും അമ്മയെ വീടിനടുത്തുള്ള ഒരുചെറിയ ഹോസ്പിറ്റലിലേക്കു മാറ്റാന്‍ ആങ്ങള ഏര്‍പ്പാടാക്കിക്കഴിഞ്ഞിരുന്നു.
 
ഇത്രപെട്ടെന്നു മാറ്റണമോന്നു വിഷമത്തോടെ സിസ്റ്ററുചോദിച്ചപ്പോള്‍, വിദേശത്തുള്ള ചേട്ടന്മാരാണ് അമ്മയുടെആശുപത്രിച്ചെലവു മുഴുവന്‍ വഹിക്കുന്നതെന്നും, അവരെവിളിച്ച് ഡോക്ടറു പറഞ്ഞകാര്യം പറഞ്ഞപ്പോള്‍ എത്രയുംവേഗം ചെറിയ ആശുപത്രിയിലേയ്ക്കു മാറ്റാനാണ് അവരു പറഞ്ഞതെന്നും, കാശുമുടക്കുന്നത് അവരായതുകൊണ്ട് അവരുപറയുന്നതുപോലെ ചെയ്തേ പറ്റൂ എന്നുമായിരുന്നു ആളുടെ മറുപടി. അന്നുതന്നെ അവിടെനിന്നുപോന്ന് ഇവിടെ അഡ്മിറ്റായി. ഇവിടുത്തെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ അമ്മയുടെ കിഡ്നിക്കും ഹാര്‍ട്ടിനുമൊന്നും യാതൊരു തകരാറും കണ്ടില്ല. അതുകൊണ്ട് ഒരാഴ്ചക്കുള്ളില്‍ മരുന്നുകളെല്ലാംതന്നെ നിര്‍ത്തി, താമസിയാതെ അമ്മ എഴുന്നേറ്റുനടക്കാനും തുടങ്ങി. അല്പം ബിപിയുടെ പ്രശ്നമുള്ളതിനു ഒരുഗുളിക മാത്രം കഴിക്കുന്നുണ്ടായിരുന്നു. ഒരാഴ്ചകൂടിക്കഴിഞ്ഞപ്പോള്‍ അമ്മ സുഖമായി വീട്ടിലെത്തി. രണ്ടുമൂന്നുകൊല്ലത്തിനുശേഷം അമ്മ ഞായറാഴ്ചകളില്‍ പള്ളിയിലും പോയിത്തുടങ്ങിയതായിരുന്നു. 
 
അതുകഴിഞ്ഞ് അമ്മക്കു ഡെങ്കിപ്പനിപിടിച്ച് വീണ്ടും ഇവിടെ അഡ്മിറ്റായി. അപ്പോള്‍ മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. പതിവുപോലെ സിസ്റ്ററായിരുന്നു ആശുപത്രിയില്‍ അമ്മക്കുകൂട്ട്. നാലാമത്തെദിവസം സിസ്റ്ററിന് അത്യാവശ്യമായിട്ടു മഠത്തിലേയ്ക്കു പോകേണ്ടിവന്നു. ഹോംനേഴ്സ് ഉണ്ടായിരുന്നെങ്കിലും, ആശുപത്രിയിലാക്കിയിട്ടുപോയി നാലുദിവസമായിട്ടും വന്നന്വേഷിക്കാതിരുന്ന ആങ്ങളയോട്, അത്യാവശ്യമായി മഠത്തിലേക്കു പോകുന്നതിനാല്‍ അമ്മയുടെ അടുത്തുവരണമെന്നു ഫോണ്‍ചെയ്തറിയിച്ചിട്ടായിരുന്നു സിസ്റ്ററു പോയത്. ഉച്ചകഴിഞ്ഞപ്പോള്‍ അയാള്‍ വന്നു. അമ്മ അതറിഞ്ഞെങ്കിലും പരിഭവംകാരണം അറിയാത്തമട്ടില്‍ കിടന്നു. രണ്ടുമൂന്നുപ്രാവശ്യം മകന്‍ വിളിച്ചെങ്കിലും മനപ്പൂര്‍വ്വം അമ്മ മിണ്ടാതെകിടന്നു. മരുന്നിന്‍റെ സഡേഷനില്‍ ഉറക്കമാണ്, ഉണര്‍ത്താതിരിക്കുകയാണു നല്ലതെന്ന് ഹോംനേഴ്സും പറഞ്ഞു. അതുകൊണ്ട് അയാള്‍ മാറിയിരുന്നു ഫോണ്‍ചെയ്യാന്‍തുടങ്ങി. അമ്മ നല്ലഉറക്കമായതുകൊണ്ടു കേള്‍ക്കില്ലെന്നുകരുതി, വിദേശത്തുള്ള ചേട്ടന്മാരെവിളിച്ച് അയാള്‍ പറഞ്ഞതൊക്കെ അമ്മ കേള്‍ക്കുന്നുണ്ടായിരുന്നു. മറ്റേ ഹോസ്പിറ്റലില്‍നിന്നും പ്രതീക്ഷയില്ലെന്നുംപറഞ്ഞ് ഇവിടെക്കൊണ്ടുവന്നുകഴിഞ്ഞ് അമ്മ നല്ല ആരോഗ്യത്തിലായതും, ഇപ്പോളത്തെ ഈ പനിമാറിയാല്‍ വീട്ടിലേയ്ക്കുപോകുമെന്നുമെല്ലാം പറഞ്ഞുകഴിഞ്ഞ്, അമ്മയെനോക്കി മടുത്തെന്നും, ഭാര്യയാണെങ്കില്‍ അമ്മയെനോക്കാന്‍ പറ്റുകേലെന്നുംപറഞ്ഞ് ഓരോ കാരണമുണ്ടാക്കി മക്കളുടെകൂട്ടത്തിലായതുകൊണ്ട് ഇയാള്‍ക്കാകെ ബുദ്ധിമുട്ടാണെന്നും, ആശുപത്രിയില്‍ കിടക്കുമ്പോള്‍മാത്രം സിസ്റ്ററ്ചേച്ചിയുടെ സഹായമുണ്ടെന്നുമൊക്കെ അയാള്‍ പറഞ്ഞതെല്ലാം അമ്മ കേള്‍ക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കിപ്പോള്‍ ആരോഗ്യമുള്ളതുകൊണ്ട് ചേട്ടന്മാര്‍ക്കു കുറച്ചുകാലത്തേക്ക് അവരുടെകൂടെ വിദേശത്തേയ്ക്കു കൊണ്ടുപോകാന്‍ മേലേന്നു ചോദിച്ചതിന്‍റെ മറുപടി അവരു പറഞ്ഞതു കേട്ടില്ലെങ്കിലും തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍നിന്നും അമ്മയത് ഊഹിച്ചെടുത്തു. അതുകഴിഞ്ഞ് വളരെ ക്ഷോഭിച്ച്, പണത്തിന്‍റെകാര്യവും വസ്തുവിന്‍റെകാര്യവും ഒക്കെപ്പറഞ്ഞ് കുറെനേരംകൂടെ ഏറ്റുമുട്ടി. അവര്‍ക്ക് അമ്മയുടെ ആശുപത്രിച്ചെലവു കുറച്ചുകൊടുക്കാന്‍വേണ്ടി ഈ ആശുപത്രിയിലേക്കു മാറ്റാതിരുന്നെങ്കില്‍ ഇതിനകം കാര്യത്തിനൊക്കെയൊരു തീരുമാനമായേനേം എന്നുകൂടി അവസാനം മകന്‍ പറയുന്നതുകേട്ടപ്പോള്‍ അമ്മ ഞെട്ടിപ്പോയി. കുറേനേരംകൂടി കാത്തിരുന്നിട്ടും അമ്മ ഉണരാഞ്ഞതുകൊണ്ട് ഉണരുമ്പോള്‍ വന്നിരുന്നു എന്നമ്മയോടു പറയണമെന്നു ഹോംനേഴ്സിനോടു പറഞ്ഞിട്ട് ആളു പോയി. ആളുപോയിക്കഴിഞ്ഞ് ഹോംനേഴ്സ് വിളിച്ചപ്പോള്‍ അമ്മ ഉടനെ വിളികേട്ടു മുഖം തിരിച്ചപ്പോള്‍ തലയിണമുഴുവന്‍ നനഞ്ഞിരുന്നതവരുകണ്ടു. പനിമാറിയപ്പോള്‍ വീട്ടിലേക്കുപോയി. പക്ഷേ അതില്‍പിന്നെ അമ്മക്കു തീരെവിശപ്പില്ലാതെയായി. ഭക്ഷണമെന്തെങ്കിലും കഴിക്കാന്‍തുടങ്ങുമ്പോഴേക്കും ഓക്കാനവുംഛര്‍ദ്ദിയും. വീണ്ടും ഇവിടെ അഡ്മിറ്റായിട്ടിന്ന് എട്ടുദിവസമായി. എന്തെല്ലാം മരുന്നും ടോണിക്കുമൊക്കെ കൊടുത്തിട്ടും അമ്മക്കു വിശപ്പില്ല, ദാഹവുമില്ല. ദിവസവും ഗ്ലൂക്കോസ് കയറ്റുന്നതുമാത്രം. ഹോംനേഴ്സില്‍നിന്നും ആങ്ങളയുടെ ഫോണ്‍വിളിക്കാര്യങ്ങള്‍ അറിഞ്ഞിരുന്നതുകൊണ്ട്, രണ്ടുമൂന്നുദിവസംകഴിഞ്ഞ് സിസ്റ്റര്‍ അമ്മയോടു കെഞ്ചിച്ചോദിച്ചപ്പോള്‍ അമ്മ അവസാനം സത്യംപറഞ്ഞു. അമ്മക്കിനി ജീവക്കേണ്ട. അസുഖംകൊണ്ടൊന്നും മരിക്കുമെന്നുതോന്നുന്നില്ല, അതുകൊണ്ട് ആരുമറിയാതെ മരിക്കാന്‍ അമ്മ കണ്ടുപിടിച്ച ഉപായമായിരുന്നു വിശപ്പില്ലായ്മ. ജീവിച്ചിരിക്കുന്നത് എല്ലാവര്‍ക്കും ഭാരമാണ്. മക്കള്‍ക്ക് അമ്മയൊന്നു മരിച്ചുകിട്ടിയാല്‍ മതിയെന്നുറപ്പായി. അമ്മ മരിച്ചാല്‍, അമ്മയെ നോക്കാന്‍ മനസ്സില്ലാത്തതുകൊണ്ട് മക്കളുടെകൂട്ടത്തില്‍ ഓരോ കാരണംപറഞ്ഞു താമസിക്കുന്ന മരുമകള്‍ തീര്‍ച്ചയായിട്ടും വീട്ടിലേയ്ക്കുവരും, മകന് ആശ്വാസമാകും. സിസ്റ്ററിനും മാസത്തില്‍ പാതിദിവസം അമ്മയെനോക്കാന്‍ ആശുപത്രിയില്‍ കഴിയേണ്ട അവസ്ഥമാറിക്കിട്ടും. ഇതിനെല്ലാം മരണം മാത്രമേയുള്ളു വഴി.
 
സിസ്റ്റര്‍ എന്തൊക്കെ പറഞ്ഞുനോക്കിയിട്ടും അമ്മകൂട്ടാക്കുന്നില്ല. അമ്മചെയ്യുന്നത് ആത്മഹത്യയാണെന്നു പറഞ്ഞപ്പോള്‍, അതു സാരമില്ല, അമ്മ നരകത്തില്‍പോയാലും ബാക്കിയെല്ലാവരുടെയും പ്രശ്നങ്ങള്‍ തീരുമല്ലോ എന്നമ്മ പറഞ്ഞുപോലും. അങ്ങനെ അമ്മ മരിച്ചാല്‍ അതിന്‍റെ ശാപം മക്കളുടെയും കുടുംബത്തിന്‍റെയുംമേല്‍ വരുമെന്നുപറഞ്ഞിട്ടും അമ്മ മനസ്സുമാറ്റിയില്ല. അച്ചന്മാരെ ആരെയെങ്കിലും കാണാമെന്നു പറഞ്ഞിട്ടും അമ്മ സമ്മതിച്ചില്ല. സിസ്റ്ററിത് ആങ്ങളമാരോടു പറയുമെന്നു പറഞ്ഞപ്പോള്‍, എങ്കില്‍ അമ്മ വീട്ടില്‍ ചെല്ലുമ്പോള്‍ തീകൊളുത്തിയോ, കറണ്ടടിപ്പിച്ചോ ചാകും എന്നുകൂടിവാശിപിടിച്ചപ്പോള്‍ സിസ്റ്ററാകെത്തകര്‍ന്നു. സിസ്റ്ററിതെല്ലാം പറഞ്ഞുകൊണ്ടിരുന്നതിനിടയില്‍ പലപ്രാവശ്യം എന്തൊക്കെയോ പറയാന്‍വേണ്ടി അമ്മ ശ്രമിച്ചപ്പോഴൊക്കെ, സിസ്റ്ററു പറഞ്ഞുകഴിഞ്ഞിട്ടു പറയാമെന്നുപറഞ്ഞ് സിസ്റ്ററു തടഞ്ഞുകൊണ്ടിരുന്നു.
 
"സദാസമയവും അമ്മ കൊന്തയും ചൊല്ലി പ്രാര്‍ത്ഥിക്കുന്നുമുണ്ടച്ചാ. അതെന്തിനാണെന്നു ഞാന്‍ ചോദിച്ചപ്പോള്‍ മരിക്കാന്‍ ശക്തിതരാന്‍വേണ്ടി മാതാവിനോടു പ്രാര്‍ത്ഥിക്കുവാണെന്നാ അമ്മപറയുന്നത്. ഞാനിതാരോടെങ്കിലും പറഞ്ഞാല്‍ വീട്ടില്‍ചെല്ലുമ്പോള്‍ അമ്മ വല്ലതും ചെയ്തെങ്കിലോന്നു പേടിച്ച്, ഞാന്‍ രാത്രീം പകലും ഉറങ്ങാതെ പ്രാര്‍ത്ഥനയായിരുന്നച്ചാ എന്തെങ്കിലും ഒരു വഴിതുറന്നുകിട്ടാന്‍വേണ്ടി. ഇന്നുരാവിലെ അമ്മയേംകൊണ്ടു ചാപ്പലില്‍വരെ നടന്നിട്ടു തിരികെവരുമ്പോള്‍ ഹാളിലിരുന്നു കുറേരോഗികള്‍ റ്റിവി കാണുന്നുണ്ടായിരുന്നു. ശാലോം റ്റിവിയിലെ ഒരു ധ്യാനപ്രസംഗമായിരുന്നു അവരുകണ്ടുകൊണ്ടിരുന്നത്. ഞങ്ങളും അവിടെയിരുന്നു. എന്‍റെയച്ചാ, മക്കളു നോക്കാത്ത അമ്മമാരുടെ വേദനകളെപ്പറ്റിയും, കണ്ണുനീരിനെപ്പറ്റിയുമൊക്കെ പറഞ്ഞിട്ട്, അതു ക്ഷമയോടെ സഹിച്ച് കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ അതുവഴി കുടുംബത്തിനു ലഭിക്കുന്ന കൃപയെപ്പറ്റിയൊക്കെ, ഈ അമ്മയെപ്പോലെയുള്ള പല അമ്മമാരുടെയും അനുഭവങ്ങള്‍ നിരത്തി ധ്യാനഗുരു പറഞ്ഞതു മുഴുവന്‍ ഞങ്ങളുമിരുന്നുകേട്ടു. അതെല്ലാംകേട്ട് അമ്മകരയുന്നതുകണ്ടപ്പോള്‍ എനിക്കല്പം പ്രതീക്ഷതോന്നി. അതുകഴിഞ്ഞ് മുറിയിലേയ്ക്കു വരുമ്പോഴാണ് അച്ചന്‍ പലരെയും കുമ്പസാരിപ്പിക്കുന്നതുകണ്ടത്. മുറിയില്‍ചെന്നുകഴിഞ്ഞ്, അമ്മയെ നിര്‍ബ്ബന്ധിച്ച് അച്ചനോടെല്ലാം പറയണമെന്നു പറഞ്ഞുസമ്മതിപ്പിച്ചിട്ടു വന്നപ്പോളേക്കും അച്ചന്‍ പോകാന്‍ തുടങ്ങുവാരുന്നു. അതുകൊണ്ടായിരുന്നു കുമ്പസാരിക്കാന്‍ നേരത്തെ പേരുകൊടുക്കാന്‍ പറ്റാതിരുന്നത്."
 
സിസ്റ്റര്‍ അമ്മയെ എഴുന്നേല്‍പിച്ചിരുത്തി. ആ അമ്മയുടെ ചങ്കുതകര്‍ന്ന കുറേയേറെ അനുഭവങ്ങള്‍ കേട്ടും നെഞ്ചുരുകിയുള്ള കരച്ചിലു കണ്ടും, ഒരുമണിക്കൂറോളമിരുന്നപ്പോളേയ്ക്കും കാന്‍റീനില്‍നിന്നും ഉച്ചഭക്ഷണം വേണോ എന്നുചോദിച്ച് അറ്റന്‍റര്‍വന്നു. 
"മൂന്ന് ഊണ് വിത്ത് ഫിഷ് ഫ്രൈ" എന്നു ഞാന്‍ ഓര്‍ഡര്‍കൊടുത്തപ്പോള്‍ അമ്മ അമ്പരന്നെന്നെനോക്കി.
 
"സംശയിക്കണ്ട, അമ്മയ്ക്കുതന്നെയാ ഒന്ന്, പിന്നെ സിസ്റ്ററിനും ഹോംനേഴ്സിനും. , എനിക്കു പള്ളിമുറിയിലൂണുണ്ട്. അമ്മയുണ്ടുകഴിഞ്ഞിട്ടേ ഞാന്‍ പോകൂ."
അമ്മ എതിരൊന്നും പറഞ്ഞില്ല. ഊണു വരാന്‍ വൈകിയെങ്കിലും വരുന്നതുവരെ ഞാനും കാത്തിരുന്നു. നല്ല പ്രസാദമുള്ള മുഖത്തോടെ ഏതാണ്ട് ആര്‍ത്തിയോടെ ഫിഷ്ഫ്രൈയും കൂട്ടിയുള്ള അമ്മയുടെ അന്നത്തെ ഊണ് മനസ്സിലിപ്പോഴും മായാതെ നില്പുണ്ട്.
ഉച്ചകഴിഞ്ഞു ധ്യാനം തുടങ്ങുന്നതിനുമുമ്പ് കാപ്പികുടിക്കാനിരുന്നപ്പോള്‍ വികാരിയച്ചന്‍ മുന്നറിയിപ്പുതന്നു:
 
"അച്ചന്‍ ധ്യാനംകഴിഞ്ഞ് ഇന്നു പോക്കുണ്ടാകുമെന്നു തോന്നുന്നില്ല. അച്ചനിന്നാശുപത്രീല്‍ ഏതാണ്ട് അത്ഭുതം കാണിച്ചെന്നാ വാര്‍ത്ത പരന്നിരിക്കുന്നത്. ഒരാഴ്ചയായി വെള്ളംപോലുമിറങ്ങാതെ അത്യന്താവസ്ഥയില്‍കിടന്ന രോഗി അച്ചന്‍ കൈവച്ചപ്പോള്‍ ഫിഷ്ഫ്രൈകൂട്ടി ചോറുണ്ടെന്നാണ് നാട്ടില്‍ വാര്‍ത്ത. ഇവിടുത്തെ മനുഷേന്മാരുടെ കാര്യമല്ലേ, ഒരുടുപ്പൂടെ കരുതിവച്ചോണ്ടേ പുറത്തേക്കിറങ്ങാവൂ, അല്ലെങ്കില്‍ ഭക്തജനങ്ങളെല്ലാംകൂടെ സിദ്ധനച്ചന്‍റെ ഉടുപ്പുംകൂടെ പിച്ചിപ്പറിച്ചോണ്ടുപോകും."
 
കേട്ടപ്പോള്‍ ആദ്യം ചിരിവന്നെങ്കിലും ആകെ ചമ്മിപ്പോയി. പിന്നെയാണു വിവരമറിഞ്ഞത്, ഹോംനേഴ്സാണു പണിപറ്റിച്ചത്. സത്യാവസ്ഥ എന്താണെന്നറിയാതിരുന്ന അവരു ഞാന്‍ പോന്നുകഴിഞ്ഞു മുറിയില്‍ ചെന്നപ്പോള്‍ കണ്ടത്, ദിവസങ്ങളായി വെള്ളംപോലും കുടിക്കാതിരുന്ന രോഗി ഫിഷ്ഫ്രൈയും കൂട്ടി വയറുനിറയെ ചോറുണ്ണുന്നതാണ്. 'തമ്പുരാന്‍ ഒരത്ഭുതം പ്രവര്‍ത്തിച്ചെ'ന്നു സിസ്റ്ററവരോടു പറഞ്ഞുപോലും. ഏതായാലും അരമണിക്കൂറിനുള്ളില്‍ അവരുടെ മൊബൈല്‍ ഫോണിന്‍റെ ചാര്‍ജുതീര്‍ന്നുകാണും. എനിക്കാണെങ്കില്‍ ഒരു വിശദീകരണവും കൊടുക്കാന്‍ പറ്റാത്ത സംഭവവും. അവിടുന്നു ഇട്ടിരുന്ന ഉടുപ്പുംകൊണ്ടു തടിയൂരിപ്പോരാന്‍ പറ്റിയെന്നത് തമ്പുരാന്‍റെ വേറൊരത്ഭുതം!!

You can share this post!

ഡെലിവറി

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts