news-details
അക്ഷരം

വെളിച്ചത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍

എം. ഗോവിന്ദന്‍റെ ജീവിതം

 
ഒരു കാലഘട്ടത്തിന് ധൈഷണികനേതൃത്വം നല്കിയ സാംസ്കാരികപ്രതിഭാസമായിരുന്നു എം. ഗോവിന്ദന്‍. മാനുഷികതയുടെ, മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ വക്താവായിരുന്നു അദ്ദേഹം. ജീവിതത്തെ തൊട്ടു കടന്നുപോകുന്ന എല്ലാം അദ്ദേഹത്തിനു ചിന്തയ്ക്കു വിഷയമായി. ചിന്തകന്‍, കവി, വിമര്‍ശകന്‍, കഥാകൃത്ത്, വിവര്‍ത്തകന്‍, പത്രാധിപര്‍ എന്നിങ്ങനെ എം. ഗോവിന്ദന്‍റെ പ്രവര്‍ത്തനമേഖലകള്‍ അതിവിപുലമാണ്. ഗോപുരം, സമീക്ഷ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഒരു കാലത്തെ അടയാളപ്പെടുത്തുകയും മുന്നോട്ടു നയിക്കുകയും ചെയ്തു. മദിരാശിയിലെ തന്‍റെ ഭവനം ഇന്ത്യയിലെ പ്രതിഭാശാലികളുടെ തീര്‍ത്ഥാടനകേന്ദ്രമായി മാറി. തൊഴിലാളികളെ സംഘടിപ്പിച്ചു തുടങ്ങിയ ജീവിതം മനുഷ്യനെ തൊടുന്നതായിരുന്നു. ഗോവിന്ദന്‍റെ വാക്കുകളും മനുഷ്യനെ തൊട്ടുനില്‍ക്കുന്നതാണ്. "മനുഷ്യന്‍, അവന്‍റെ സംസ്കാരം, അതുണ്ടാക്കുന്ന മൂല്യഘടന, അതിനുണ്ടാകുന്ന അപചയം - ഇതൊക്കെയാണ് അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്ന സമസ്യകള്‍" എന്ന് എം. തോമസ് മാത്യു നിരീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യമാണ്. 
 
'അനാഥം ഈ അഗ്നിവീണ' എന്ന എം. ടി. ഉണ്ണിക്കണ്ണന്‍ എഴുതിയ നോവല്‍ എം. ഗോവിന്ദന്‍റെ ജീവിതനാള്‍വഴി കണക്കാണ് അവതരിപ്പിക്കുന്നത്. നമുക്കറിയാത്തതും അറിയുന്നതുമായ എം. ഗോവിന്ദന്‍റെ ജീവിത മുഹൂര്‍ത്തങ്ങളും അദ്ദേഹത്തിലെ എഴുത്തുകാരനും വ്യക്തിയും ഈ കൃതിയില്‍ അവതരിപ്പിക്കപ്പെടുന്നു. സാംസ്കാരിക നവോത്ഥാനത്തിന്‍റെ വെളിച്ചം പ്രസരിപ്പിച്ച ചിന്തകനായ ഗോവിന്ദന്‍ 'സ്വല്പം ചിന്തിച്ചാലെന്ത്?' എന്ന് നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ ശാദ്വലഭൂമിയാണ് അദ്ദേഹം സ്വപ്നം കണ്ടത്. എം. എന്‍. റോയിയുടെ അനുയായിയായ ഗോവിന്ദന്‍ പിന്നീട് അതില്‍ നിന്നും മുന്നോട്ടുപോയി. നിരന്തരമുള്ള സത്യാന്വേഷണമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. എം. ഗോവിന്ദന്‍റെ ഉപന്യാസങ്ങള്‍ എന്ന ഗ്രന്ഥം പരിശോധിച്ചാല്‍ ഗോവിന്ദന്‍ നടന്ന വഴികളെക്കുറിച്ച് ഏകദേശരൂപം നമുക്കു ലഭിക്കും. 
 
ഗോവിന്ദന്‍റെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് 'അനാഥം ഈ അഗ്നിവീണ' തുടങ്ങുന്നത്. "ഈ ജീവിതം തനിക്ക് ലഭിക്കുകയാണുണ്ടായത്. ആര്‍ക്കും ജീവിതം തെരഞ്ഞെടുക്കാന്‍ വയ്യല്ലോ. താന്‍ തന്നെ ജീവിതത്തില്‍ കണ്ടു. തന്നില്‍ ജീവിതവും" എന്ന് നോവലില്‍ നാം വായിക്കുന്നു. എളിയ തുടക്കമായിരുന്നെങ്കിലും ഗോവിന്ദന്‍ 'തനിച്ച് തന്‍റെ കാലടിവെച്ച്' നടക്കുകയായിരുന്നു. സ്വന്തമായ പാത തെളിച്ചായിരുന്നു ആ യാത്ര. 'തന്‍റേതായ കഴിവുകളൊക്കെ ചെലവഴിച്ചശേഷം ഏകാന്തപഥികനായി തീരേണ്ടിവന്ന ഒരാളുടെ സ്ഥിതി തികച്ചും ദാരുണമത്രേ. അയാള്‍ നിലനില്‍ക്കുന്നുവോ, നിലതെറ്റി വീഴുന്നുവോ എന്നത് ആരുടെയും പ്രശ്നമാകേണ്ടതില്ല. ആരുടെ കൂട്ടിനും അയാള്‍ കെഞ്ചുന്നില്ല. ഒരു നല്ല വാക്കിനുവേണ്ടി ദാഹിക്കുന്നില്ല" എന്ന് ഗോവിന്ദന്‍റെ ജീവിതം നോവലിസ്റ്റ് വരച്ചിടുന്നു.
 
ഏകാന്തതയില്‍, അക്ഷരങ്ങള്‍, ഗ്രന്ഥങ്ങള്‍ കൂട്ടിനെത്തുന്നു. തുടര്‍ന്ന് വാക്കില്‍ കോര്‍ത്ത് ചങ്ങാതികളും. എങ്കിലും ആരുടെയും നേതാവാകാന്‍ ഗോവിന്ദന്‍ തയ്യാറായില്ല; ആരുടെയും അനുയായിയാകാനും. "ഏകാന്തപഥികന്‍റെ ജീവിതത്തിലൊരസാധാരണത്വമുണ്ട്. ആ കാരണത്താല്‍തന്നെ അവന്‍ തെറ്റിദ്ധാരണയില്‍ പെടേണ്ടിവരുന്നു. ഒറ്റനോട്ടത്തില്‍ അയാള്‍ ഒരെസ്കേപ്പിസ്റ്റ് ആണെന്നു  തോന്നാം. ആള്‍ക്കൂട്ടത്തില്‍ നിന്ന് അകലുന്നവരെല്ലാം അങ്ങനെയാവണമെന്നില്ല. മറിച്ച് അവനൊരു മുന്നോടിയാവാം. ഏകാന്തപഥികന്‍റെ കാലുകള്‍ അവന് നടക്കാനുള്ളതാണ്. ആരെയും നയിക്കാനുള്ളതല്ല. മണ്ണില്‍ ചവിട്ടാനുള്ള കാലുകള്‍ മനുഷ്യന്‍റെ മുഖത്ത് പതിക്കുകയില്ല." മനുഷ്യന്‍റെ ഭാഗധേയമാണ് ഈ ചിന്തകന്‍ അന്വേഷിച്ചത്. അമൂര്‍ത്തമല്ല, മൂര്‍ത്തമായ മനുഷ്യവ്യക്തിത്വമാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. അതുകൊണ്ടാണ് സാഹോദര്യത്തില്‍ ഒത്തുചേരലുകള്‍ അദ്ദേഹം ഒരുക്കിയത്. 'ഗോവിന്ദന്‍റെ പവിത്രസംഘം' എന്ന് കെ. പി. അപ്പന്‍ വിശേഷിപ്പിച്ചത് ഈ കൂട്ടായ്മയേയാണ്. ഒത്തൊരുമിച്ചുള്ള ഈ അന്വേഷണങ്ങള്‍ സാഹിത്യത്തിലും സംസ്കാരത്തിലും പുത്തന്‍ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു.
 
'ചരിത്രത്തിന്‍റെ ഗ്രന്ഥിയില്‍ ചോരയും കണ്ണീരുമുണ്ട്. ഉചിതമായ നേരത്ത് പില്‍ക്കാലഗ്രന്ഥപരമ്പരകളിലെത്താന്‍ അതു പൊട്ടിയൊഴുകുന്നു." ഈ ചോരയും കണ്ണീരും കലര്‍ന്നതായിരുന്നു ഗോവിന്ദന്‍റെ ജീവിതം. എന്നാല്‍ അദ്ദേഹത്തിന്‍റെ ഉള്ള് അധികം ആളുകള്‍ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ വ്യക്തിജീവിതത്തിലെ ഈ പ്രതിസന്ധികളെ അതിജീവിച്ച്, അക്ഷരങ്ങളുടെ കൈപിടിച്ച് ഗോവിന്ദന്‍ നടന്നു. മദിരാശിയിലെ ലൈബ്രറികളിലെ പുസ്തകങ്ങള്‍ ചിതലുപിടിക്കാതെ കാത്തുസൂക്ഷിച്ചു. കലയുടെയും സാഹിത്യത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും തത്ത്വചിന്തയുടെയുമെല്ലാം പന്ഥാവിലൂടെ നടന്ന ഈ സത്യാന്വേഷി നമുക്കായി വെളിച്ചത്തിന്‍റെ ഒരു തുരുത്ത് സൃഷ്ടിച്ചു. 
 
"സാഹിത്യലോകത്ത് ഞാന്‍ സ്വസ്ഥനാണ്. മനുഷ്യാസ്തിത്വത്തെ സാര്‍ത്ഥവും സുന്ദരവുമാക്കുന്നു. വാക്ക്, അര്‍ത്ഥം, ധ്വനി, പ്രതീകം, ബിംബം, താളക്രമം എന്നിവയിലൂടെ സാഹിത്യകാരന്‍ അവന്‍റെ ലോകം നിര്‍മ്മിക്കുന്നു. അതുവരെ ആരുമറിയാത്ത അവന്‍റെ അസാധാരണലോകം. പോരാ, പോരാ എന്ന തോന്നലുള്ളവര്‍ക്കേ പോരാടുവാന്‍ കഴിയൂ. സംതൃപ്തഭാവം വെറും മണ്ണുണ്ണികളുടെ മനസ്ഥിതിയാണ്.  ദൂരേ ഉയരേണ്ടത് കൊടി മാത്രമല്ല, ജനകോടികളുടെ ജീവിതവുമാണ്" എന്ന ദര്‍ശനമാണ് ഗോവിന്ദനെ നയിച്ചത്. ചാരനെന്നു മുദ്രകുത്തി അപമാനിക്കാന്‍ ശ്രമിച്ചപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴുമൊന്നും അദ്ദേഹം തളര്‍ന്നില്ല,  തന്‍റെ വീക്ഷണം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 
 
അടിയന്തരാവസ്ഥക്കാലത്ത് 'എഴുത്തോ നിന്‍റെ കഴുത്തോ' എന്ന് ഗോവിന്ദന്‍ ചോദിച്ചു. ഇന്നും ആ ചോദ്യം പ്രസക്തമാണ്. എല്ലാ വിധത്തിലുമുള്ള സമഗ്രാധിപത്യങ്ങളെയും അദ്ദേഹം വെറുത്തു. പറുദീസ സൃഷ്ടിക്കാനിറങ്ങി പുറപ്പെട്ടവര്‍ സ്റ്റാലിനിസ്റ്റ് കോട്ടകള്‍ പണിതുയര്‍ത്തിയപ്പോള്‍ ഗോവിന്ദന്‍ ശക്തമായി വിമര്‍ശിച്ചു. "ഞാന്‍ വിശ്വസിക്കുന്നത് മനുഷ്യനിലാണ്. ആ ബിംബം നന്നാക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. ഇതെന്‍റെ സ്വാര്‍ത്ഥ താത്പര്യം കൂടിയാണ്" എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. മനുഷ്യത്വത്തിന്, അവന്‍റെ സമഗ്രവികാസത്തിന് വിഘാതമാകുന്ന എന്തിനെയും ഗോവിന്ദന്‍ ചെറുത്തു.
 
'അനാഥം ഈ അഗ്നിവീണ' എന്ന നോവല്‍ എം. ഗോവിന്ദന്‍ എന്ന പ്രതിഭാസത്തെ ഓര്‍ത്തെടുക്കാനുള്ള ശ്രമമാണ്. ആ പ്രതിഭാശാലി അവശേഷിപ്പിച്ചതെന്ത് എന്ന് തിരിച്ചറിയാന്‍ നമ്മെ പ്രചോദിപ്പിക്കുന്നതാണ് ഈ നോവല്‍. ഒരിക്കലും അസ്തമിക്കാത്ത വെളിച്ചത്തിന്‍റെ ലോകം സൃഷ്ടിച്ചാണ് ഗോവിന്ദന്‍ കടന്നുപോയത്. ഈ നോവല്‍ ഗോവിന്ദനിലേക്കുള്ള ഒരു ക്ഷണം കൂടിയാണ്. 
(അനാഥം ഈ അഗ്നിവീണ, എം. ടി. ഉണ്ണിക്കണ്ണന്‍)
 

പിഴച്ചകാലത്തെ പ്രതിരോധിക്കുക 

 
ഗൗരി ലങ്കേഷും കൊല്ലപ്പെട്ടിരിക്കുന്നു. തമസിന്‍റെ ശക്തികള്‍ അരങ്ങുവാഴുകയാണ്. എതിര്‍ശബ്ദങ്ങളെയെല്ലാം അന്ധകാരശക്തികള്‍ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നു. നിശ്ശബ്ദതയുടെ, ഭീതിയുടെ സംസ്കാരം വിതച്ച് അധികാരം കൊയ്യാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ഭരണകൂടത്തിന്‍റെ നിശ്ശബ്ദമായ പിന്തുണയും ഈ ശക്തികള്‍ക്കുണ്ട്. ദേശീയതയും ഫാസിസവും മനുഷ്യനെ കൊല്ലാനുള്ള ആയുധമാകുന്നു. കാലത്തെ പിന്നോട്ടു നയിക്കുന്ന തിന്മയുടെ ഈ ശക്തികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും പൊതുസമൂഹത്തിനു കഴിഞ്ഞില്ലെങ്കില്‍ ഇരുണ്ടകാലമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. 
 
വര്‍ഗീയതയുടെ വളര്‍ച്ചയെ എക്കാലവും നോക്കിക്കാണുകയും ശക്തമായി വിമര്‍ശിക്കുകയും ചെയ്ത എഴുത്തുകാരനാണ് കെ. അരവിന്ദാക്ഷന്‍. അദ്ദേഹത്തിന്‍റെ 'ഇനി കോര്‍പറേറ്റ് സവാര്‍ക്കറിസത്തിന്‍റെ കാലം' എന്ന ഗ്രന്ഥം ഇന്നത്തെ കാലത്തെ അടയാളപ്പെടുത്തുന്നതാണ്. താളം പിഴച്ച കാലത്തെ ഈ പുസ്തകം ആക്രമണമല്ല, പ്രതിരോധം മാത്രം എന്ന് നാം തിരിച്ചറിയുന്നു. ഇന്ത്യന്‍ ചരിത്രത്തിന്‍റെ പ്രത്യേക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കര്‍മ്മമാണ് അരവിന്ദാക്ഷന്‍ ചെയ്യുന്നത്. പറയേണ്ടത് നിര്‍ഭയം തുറന്നുപറയാന്‍ അദ്ദേഹം ധൈര്യം കാണിക്കുന്നു. പല കാലങ്ങളിലെഴുതിയ ലേഖനങ്ങളാണെങ്കിലും അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ക്ക് പ്രസക്തി കൂടിവരികയാണ്. ജനാധിപത്യം പടിപടിയായി നഷ്ടപ്പെട്ട് നമ്മെ ഫാസിസം കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നത് അദ്ദേഹം തിരിച്ചറിയുന്നു. 
 
"ഏകാകിയായ ഏകാധിപതി" എന്നാണ് അദ്ദേഹം പ്രധാനമന്ത്രിയെ വിളിക്കുന്നത്. അധികാരത്തിലേക്കുള്ള ഓരോ ചുവടുവയ്പും ഏകാധിപതിയെയാണ് അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യം അങ്ങനെ പ്രതിസന്ധിയിലകപ്പെടുന്നു. ഇങ്ങനെയാണെങ്കിലും "നാം നിസ്സഹായരല്ല" എന്നു തന്നെയാണ് അരവിന്ദാക്ഷന്‍ കരുതുന്നത്. "ഇവിടെ നടക്കുന്ന ഓരോ ഹിംസയ്ക്കും കൊലയ്ക്കും നമ്മള്‍ക്ക് ഉത്തരവാദിത്വമുണ്ട്. മണ്ണില്‍വീഴുന്ന ഓരോ തുള്ളിച്ചോരയും നമ്മുടെ ഹൃദയരക്തം തന്നെയാണ്. ആക്രമണത്തില്‍ പരിക്കേറ്റു പിടയുന്ന ഓരോ മനുഷ്യന്‍റെയും വേദന എന്‍റെയും നിങ്ങളുടെയും വേദനയാണ്. ഈ അടിസ്ഥാനപരമായ തിരിച്ചറിവില്‍ നിന്നു മാത്രമേ നമുക്കു നാം ചെന്നെത്തിയിരിക്കുന്ന ദുരന്താവസ്ഥയില്‍ നിന്ന് നമ്മെ അടര്‍ത്തിയെടുക്കാനാവൂ" എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. "നാമെത്ര ചെറുതായാലും ധാര്‍മ്മികമായി ഇത്തിരി ബലം നമുക്കുണ്ടെങ്കില്‍ സത്യം കാണാനും വിളിച്ചുപറയാനുമുള്ള നാവ് തളര്‍ന്നിട്ടില്ലെങ്കില്‍, നാം നിസഹായരല്ല" എന്നു തന്നെയാണ് അദ്ദേഹത്തിന്‍റെ ബോധ്യം. 
 
കോര്‍പ്പറേറ്റുകളുമായി കൂട്ടുചേര്‍ന്നാണ് വര്‍ഗീയ ശക്തികള്‍ അധികാരമുറപ്പിക്കുന്നത്. കോര്‍പറേറ്റ്  സവാര്‍ക്കറിസം  എന്നാണ് അരവിന്ദാക്ഷന്‍ അതിനെ വിളിക്കുന്നത്. എല്ലാ മേഖലകളെയും അത് കീഴിലാക്കാന്‍ ശ്രമിക്കുന്നു. 'വികസനം' എന്നത് പുതിയ അജണ്ട നടപ്പാക്കാനുള്ള തന്ത്രമായി മാറുന്നു. കുത്തകകളെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ച് സമൂഹമനസ്സില്‍ മിത്തുകള്‍ സൃഷ്ടിച്ച് യാഥാര്‍ത്ഥ്യത്തെ തമസ്കരിക്കുകയാണിവിടെ. 'നമുക്കു വേണ്ടത് സുസ്ഥിരതയും സഹിഷ്ണുതയും വൈവിധ്യങ്ങളുടെ സമന്വയവും ശാന്തിയുമാണ്' എന്നതാണ് അരവിന്ദാക്ഷന്‍റെ വീക്ഷണം. അസഹിഷ്ണുതയുടെ വിത്തുകള്‍ പാകി അധികാരം കൊയ്യുന്ന കുതന്ത്രം തിരിച്ചറിയാനും ചെറുക്കാനും കഴിഞ്ഞില്ലെങ്കില്‍ മധ്യകാലഘട്ടത്തിന്‍റെ അനുഭവമാകും നമ്മെ കാത്തിരിക്കുന്നത്. 
 
അറവുകത്തിയുടെ മൂര്‍ച്ച കൂടുന്നത് അരവിന്ദാക്ഷന്‍ തിരിച്ചറിയുന്നു. ആ കത്തി പലരേയും ലക്ഷ്യമാക്കുന്നുണ്ട്. ജനാധിപത്യം ചിലരുടെ അധികാരകാമങ്ങള്‍ തീര്‍ക്കാനുള്ള ശവപ്പറമ്പുകളായി മാറുന്നതിനെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. "ഇന്ത്യന്‍ ജനാധിപത്യം മുന്നോട്ടു പോകുന്നത് ഇരുണ്ടകാലത്തിലൂടെയാണ്.
 
ജനാധിപത്യത്തിന്‍റെ മുഖംമൂടി അണിഞ്ഞ് അരങ്ങിലെത്തുന്നവര്‍ ജനാധിപത്യവിരുദ്ധരും മനുഷ്യദ്രോഹികളുമായി തിമിര്‍ക്കുമ്പോള്‍, മതങ്ങളുടെ പേരില്‍, ജാതിയുടെ പേരില്‍ മനുഷ്യര്‍ പരസ്പരം തമ്മിലടിച്ച് ചാകുന്നു. മനുഷ്യന്‍ ചാകുന്നത് കണ്ടുരസിക്കാന്‍ ഇവര്‍ക്ക് രസമാണ്. എതിര്‍ക്കുന്നവന്‍റെ നാവും കഴുത്തും അറുക്കുവാന്‍ കൊലക്കത്തികള്‍ മൂര്‍ച്ചകൂട്ടപ്പെടുകയും അറവുകാരന്‍റെ ചങ്കിലേക്ക് അധികാരത്തിന്‍റെ ചോരത്തുള്ളികള്‍ നുണയാന്‍ ഭൂരിഭാഗവും ചേക്കേറുന്ന ഒരു കാലത്ത്, അറുത്തെറിയപ്പെടുന്ന നാവികന്‍റെയും തലയുടെയും പിടച്ചില്‍ മാത്രമേ കാലത്തിന്‍റെ അടയാളമായി ബാക്കിനില്‍ക്കൂ.
 
അരിഞ്ഞുവീഴ്ത്തപ്പെടാന്‍ ഒരൊറ്റ നാവും കഴുത്തും ബാക്കിയില്ലാതാകുന്ന ഒരവസ്ഥ  മനുഷ്യചരിത്രത്തില്‍ ഉണ്ടാവില്ലെന്ന് നമുക്കാശിക്കുക. അങ്ങനെ വരുമ്പോള്‍ അത് മനുഷ്യന്‍റെ ചരിത്രം ആയിരിക്കില്ലല്ലോ." ഇതാണ് അരവിന്ദാക്ഷന്‍ നല്കുന്ന വിപല്‍സന്ദേശം. നാം കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ടെന്ന് അദ്ദേഹം നിരന്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. 
(ഇനി കോര്‍പറേറ്റ് സവാര്‍ക്കസത്തിന്‍റെ കാലം - കെ. അരവിന്ദാക്ഷന്‍ - ഹരിതം ബുക്സ്)

സമുദ്രങ്ങള്‍ക്കു മാത്രമല്ല

 
നിരന്തരം വളരുകയും പരിവര്‍ത്തനവിധേയമാകുകയും ചെയ്യുന്നതാണ് സച്ചിദാനന്ദന്‍റെ കവി പ്രതിഭ. അദ്ദേഹത്തിന്‍റെ കവിതകള്‍ കാലത്തിന്‍റെ മിടിപ്പുകള്‍ പിടിച്ചെടുക്കുന്നു. വ്യക്തിസ്വത്വവും സംസ്കാരവും ചരിത്രവും രാഷ്ട്രീയവുമെല്ലാം അദ്ദേഹത്തിന്‍റെ കവിതകളില്‍ ഇണങ്ങിച്ചേരുന്നു. കാലം കടന്നുപോകുന്ന അസ്വസ്ഥതകളുടെ മുഹൂര്‍ത്തങ്ങളെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 

 

 
സച്ചിദാനന്ദന്‍റെ പുതിയ കവിതകളുടെ സമാഹാരമാണ് 'സമുദ്രങ്ങള്‍ക്കു മാത്രമല്ല' എന്നത്. "ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും ഒരു ഇരുണ്ടയുഗത്തില്‍ പ്രവേശിച്ച ഒരു കാലത്തിന്‍റെ ഉത്കണ്ഠകള്‍ ഈ കവിതകളില്‍ ചിലതിലെങ്കിലും കാണാം" എന്ന് അദ്ദേഹം ആമുഖമായി പറയുന്നു. നമ്മുടെ കാലത്തിന്‍റെ ഹൃദയത്തില്‍ മരണമുണ്ട് എന്ന് അദ്ദേഹം കരുതുന്നു. 
 
'ഞാന്‍ സംസാരിച്ചതു മുഴുവന്‍
രക്തത്തെക്കുറിച്ചായിരുന്നു.
നീ പനിനീര്‍പ്പൂക്കളെക്കുറിച്ചും' എന്നു കവി പറയുമ്പോള്‍ ഒരു വൈരുദ്ധ്യത്തിന്‍റെ ചിത്രം വ്യക്തമാകുന്നുണ്ട്. രൂപകങ്ങളുടെ ഉറവ വറ്റിയ കാലത്ത് അതില്‍ നിന്ന് വരുന്നത് രക്തമാണ് എന്ന് കവി കാണുന്നു. കാലത്തെ അടയാളപ്പെടുത്തുന്ന കണ്ടെത്തലായി കവിത മാറുകയാണ്.
 
സച്ചിദാനന്ദന്‍ എന്താണ് തന്‍റെ കവിതയെന്ന് പലതരത്തില്‍ നിര്‍വചിക്കാന്‍ ശ്രമിക്കുന്നു. 'കാലത്തിനു കുറുകേ പ്രകാശത്തേക്കാള്‍ വേഗത്തില്‍ പാഞ്ഞുപോകുന്ന വാല്‍നക്ഷത്രമാണ് ഓരോ ജീവിതവും. അവയുടെ ക്ഷണിക പ്രകാശത്തിലിരുന്ന് എഴുതുന്നതുകൊണ്ടാണ് എന്‍റെ കവിതകള്‍ മുറിഞ്ഞു മുറിഞ്ഞു പോകുന്നത്" എന്ന് അദ്ദേഹം കുറിക്കുമ്പോള്‍ കവി കാലസ്പന്ദനത്തെ ആവാഹിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കുന്നു.  
 
ദേശീയതയും ദേശസ്നേഹവും പശ്ചാത്തലമാക്കുന്ന കവിതയാണ് 'തോബാ തോക്സിങ്ങ് 2016' . 'ഓടയില്‍ പിറന്നവന് ഓട ഏതു നാട്ടിലായാലെന്ത്  സാര്‍' എന്ന് കവി ചോദിക്കുന്നു. 'ശവങ്ങള്‍ക്കു ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന രാഷ്ട്രം ഭംഗിയുള്ള കാഴ്ചയല്ല' എന്നാണ് കവി നിരീക്ഷിക്കുന്നത്. 'നിങ്ങളുടെ വെറുപ്പിന്‍റെ ഇരുള്‍തീണ്ടാത്ത മനുഷ്യരുടെ സ്വര്‍ഗമാണ് കവി സ്വപ്നം കാണുന്നത്. അസഹിഷ്ണുതയുടെ കാലത്തെ മൂര്‍ത്തമായി ആവിഷ്കരിക്കുകയാണ് ഈ കവിത. 'നാമിപ്പോള്‍ മറവിയുടെ സ്വാസ്ഥ്യത്തിലാണ്' എന്ന ആശങ്ക കവിക്കുണ്ട്. ഒരു വിഭാഗമാളുകളുടെ ഭാവി അനന്തമായ ഒരു തണുത്ത രാത്രിയാകുന്നത് കവി ഭീതിയോടെ തിരിച്ചറിയുന്നു.
 
എം. എം. കല്‍ബുര്‍ഗിക്ക് സമര്‍പ്പിച്ച കവിതയാണ് 'കരുതിയിരിക്കൂ!' കുഴിച്ചുമൂടിയ സത്യങ്ങള്‍ക്ക് പ്രാണന്‍ നല്കാന്‍ കഴിയുമെന്നാണ് കവി വിശ്വസിക്കുന്നത്. "നിങ്ങളുടെ ചരിത്രം മറച്ചുവച്ചത് ഞാന്‍ വലിച്ച് പുറത്തിടും. നിങ്ങളുടെ നിഘണ്ടു നിശ്ശബ്ദമാക്കിയ വാക്കുകള്‍ക്കു ഞാന്‍ ശബ്ദം നല്‍കും' എന്ന് കവി വിളിച്ചുപറയുന്നു. 
 
'സ്വര്‍ഗത്തിലേക്കുള്ള വഴി ഗ്രന്ഥങ്ങളില്‍ പരതരുത്' എന്നാണ് കവിയുടെ അഭിപ്രായം. അന്യം നിന്ന സസ്യങ്ങളോടും ജന്തുക്കളോടും ചോദിക്കുക. അനാഥര്‍ക്കറിയാം അത്. ചില കുരുവികള്‍ക്കും , അന്ധന്മാര്‍ക്കറിയാം അത്, ചില ദുഃഖങ്ങള്‍ക്കും എന്നാണ് കവി പറയുന്നത്. 'തങ്കക്കീരിടമണിഞ്ഞവരല്ല സ്വര്‍ഗത്തിലെത്തുന്നത്' എന്നതില്‍ കവി കുറിക്കുന്നു. "നാം ജീവിക്കാതിരുന്ന, ജീവിക്കാതിരിക്കുന്ന ജീവിതമാണ് സ്വര്‍ഗ'മെന്നാണ് കവിയുടെ ദര്‍ശനം.  സ്വര്‍ഗത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ തിരുത്തുകയാണ് കവി. 
 
പ്രവാചകരുടെയും കൊടുങ്കാറ്റുകളുടെയും സ്വരത്തില്‍ കവി ചരിത്രത്തെയും ജനതകളെയും സംബോധന ചെയ്യുന്നു. വിശുദ്ധികള്‍ വീണ്ടുമുയിര്‍ക്കുവാന്‍ കവി ആഗ്രഹിക്കുന്നു. വെറുപ്പിന്‍റെ പ്രത്യയശാസ്ത്രത്തെ കവി പ്രതിരോധിക്കുന്നു. ഉണര്‍ന്നിരിക്കുന്ന മനസ്സും ധിഷണയും കൊണ്ട് സച്ചിദാനന്ദന്‍ കാലത്തെ രേഖപ്പെടുത്തുന്നു. നമ്മെയും നാം ജീവിക്കുന്ന ചരിത്രസന്ദര്‍ഭത്തെയും തിരിച്ചറിയാന്‍ ഈ പുസ്തകത്തിലെ കവിതകള്‍ നമ്മെ സഹായിക്കുന്നു. 
 
(സമുദ്രങ്ങള്‍ക്കു മാത്രമല്ല - സച്ചിദാനന്ദന്‍ - ഡി. സി. ബുക്സ് കോട്ടയം)

You can share this post!

ജലം കൊണ്ട് മുറിവേറ്റവര്‍

ഡോ. റോയി തോമസ്
അടുത്ത രചന

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts