news-details
സാമൂഹിക നീതി ബൈബിളിൽ

അവര്‍ക്ക് എല്ലാം പൊതുസ്വത്തായിരുന്നു

 
 
 
 
"വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു" (അപ്പ 4, 32).
 
യേശുവിന്‍റെ മഹത്വീകരണത്തിനുശേഷം പരിശുദ്ധാത്മാവ് രൂപംനല്കി നയിച്ച ആദിമസഭയുടെ ഭാവവും പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍നിന്ന് സാമൂഹ്യനീതിയെ സംബന്ധിച്ച് ആദിമസഭയില്‍ നിലനിന്ന കാഴ്ചപ്പാട് വായിച്ചെടുക്കാനാകും. എപ്രകാരമാണ് ശിഷ്യസമൂഹം യേശുവിന്‍റെ പ്രബോധനം സ്വീകരിച്ച് പ്രാവര്‍ത്തികമാക്കിയത് എന്നതിന്‍റെ വിവരണം ഇവിടെ കാണാം. ഈ മാതൃക ഇന്നും പ്രസക്തവും പ്രചോദനാത്മകവും ആണെന്നതില്‍ സംശയത്തിന് ഇടയില്ല. 
 
പന്തക്കുസ്താദിവസം കൊടുങ്കാറ്റിന്‍റെ ഊറ്റത്തോടെ, ഉരുക്കി ശുദ്ധീകരിക്കുന്ന തീനാവുകളുടെ രൂപത്തില്‍ ശിഷ്യരുടെമേല്‍ ആവസിച്ച പരിശുദ്ധാത്മാവ് ഒരു നിമിഷാര്‍ദ്ധത്തില്‍ അവരെ പുതിയ മനുഷ്യരാക്കി മാറ്റി. യഹൂദരെ ഭയന്ന്, കതകടച്ച്, ഒളിച്ചിരുന്നവര്‍ ധീരതയോടെ പുറത്തുവന്നു. നിരക്ഷരരായ മത്സ്യത്തൊഴിലാളികള്‍ എന്നു കരുതപ്പെട്ടവരുടെ നാവില്‍നിന്ന് യേശുവിലൂടെ ദൈവം നല്കുന്ന രക്ഷയെക്കുറിച്ചുള്ള സന്ദേശം അനര്‍ഗളം ഒഴുകി. വാക്കുകള്‍ക്കു മൂര്‍ച്ച; ആശയങ്ങള്‍ക്കു വ്യക്തത. ആഹ്വാനങ്ങള്‍ അടിയന്തര സ്വഭാവമുള്ളവ. 'നിങ്ങള്‍ കുരിശില്‍ തറച്ചു കൊന്നവനെ ദൈവം ഉയിര്‍പ്പിച്ചു. അവന്‍റെ നാമത്തില്‍ മാത്രമാണ് രക്ഷ. ആ രക്ഷ ഇന്നു ലഭ്യമായിരിക്കുന്നു എന്നതിന്‍റെ അടയാളമാണ് ഇപ്പോള്‍ കാണുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍'. 
 
 
പത്രോസിന്‍റെ വാക്കുകള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചു. തങ്ങളുടെ പാപത്തെക്കുറിച്ച് അവര്‍ക്ക് ആഴമായ ബോധ്യമുണ്ടായി. പൂര്‍ണമായൊരു ഹൃദയപരിവര്‍ത്തനം അവരില്‍ ദൃശ്യമായി. തങ്ങള്‍ എന്തുചെയ്യണം എന്ന ചോദ്യത്തിന് പത്രോസ് വ്യക്തമായ ഉത്തരം നല്കി. 'നിങ്ങള്‍ മാനസാന്തരപ്പെടുവിന്‍. പാപമോചനത്തിനായി യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍' (അപ്പ 2, 37-39). അവര്‍ അനുസരിച്ചു. മൂവായിരത്തോളം പേര്‍ അന്നുതന്നെ സ്നാനം സ്വീകരിച്ചു. അങ്ങനെ ഒരു പുതിയ സമൂഹത്തിന്‍റെ രൂപീകരണം ആരംഭിച്ചു. ആ സമൂഹത്തിന്‍റെ സവിശേഷതകളില്‍ സാമൂഹ്യനീതിയുടെ സ്വഭാവം വ്യക്തമാകുന്നുണ്ട്.
 
 
"അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു" (അപ്പ 2, 42). ക്രിസ്തീയ സമൂഹത്തിന്‍റെ വിശ്വാസവും ധാര്‍മ്മികതയും ആദ്ധ്യാത്മികതയും വ്യക്തമാക്കുന്നതാണ് ഈ കൊച്ചുവാക്യം. നാലു കാര്യങ്ങളാണ് പ്രത്യേകം എടുത്തുപറയുന്നത്. അപ്പസ്തോലന്മാരുടെ പ്രബോധനമാണ് ആദ്യത്തേത്. യേശുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവികരഹസ്യങ്ങളുടെ ആവിഷ്കരണമാണ് മുഖ്യമായും ആ പ്രബോധനങ്ങളുടെ ഉള്ളടക്കം. എന്തു വിശ്വസിക്കണം, ആ വിശ്വാസം എങ്ങനെ വ്യക്തികളെയും സമൂഹങ്ങളെയും രൂപപ്പെടുത്തണം എന്ന് ഉദ്ബോധിപ്പിക്കുന്നു.
 
 
ആ ഉദ്ബോധനത്തിനുള്ള മറുപടിയും പ്രതികരണവും അനന്തരഫലവുമാണ് തുടര്‍ന്നു പറയുന്ന മൂന്നു കാര്യങ്ങള്‍. അതില്‍ ആദ്യമേ വരുന്നത് 'കൂട്ടായ്മ'യാണ്. പങ്കുവയ്ക്കല്‍ അഥവാ പങ്കുചേരല്‍ എന്നാണ് ഗ്രീക്കുമൂലമായ 'കൊയ്നൊണിയാ' (koinonia)  എന്ന വാക്കിനര്‍ത്ഥം. ഒന്നും സ്വന്തമായി മാറ്റിവയ്ക്കാതെ പങ്കുവയ്ക്കുന്നതിനെയാണ് സൂചിപ്പിക്കുക. അപ്പസ്തോലന്മാര്‍ സുവിശേഷം പ്രസംഗിച്ചത് ഒരു പങ്കുവയ്ക്കലായിരുന്നു. തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍, കേട്ടതും വിശ്വസിച്ചതുമായ കാര്യങ്ങള്‍ അവര്‍ ഹൃദയം തുറന്നു പങ്കുവച്ചു. അത് കേള്‍വിക്കാരുടെ ഹൃദയത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. അവരും സമാനമായൊരു പങ്കുവയ്ക്കലിനു തയ്യാറായി. കേട്ടതും വിശ്വസിച്ചതുമായ വചനങ്ങള്‍ മാത്രമല്ല, ലഭിച്ചതും ആര്‍ജ്ജിച്ചതും സൂക്ഷിച്ചുവയ്ക്കുന്നതുമായ ഭൗതികസമ്പത്തും ഈ പങ്കുവയ്ക്കലിന്‍റെ വിഷയമായിരുന്നു. ഇപ്രകാരമുള്ള പങ്കുവയ്ക്കല്‍ പുതിയ സമൂഹത്തിന് അടിത്തറ പാകി, സാക്ഷ്യത്തിന് വിശ്വസനീയത നല്കി. 
 
 
അപ്പം മുറിക്കലാണ് മൂന്നാമതായി എടുത്തു പറയുന്ന സ്വഭാവ സവിശേഷത. അന്ത്യാത്താഴവേളയില്‍ യേശു നല്കിയ കല്പനയനുസരിച്ചും അവിടുത്തെ ഓര്‍മ്മയാചരിച്ചും കൊണ്ട് നടത്തിയിരുന്ന  അപ്പം മുറിക്കല്‍ ശുശ്രൂഷയായിരുന്നു ക്രിസ്തീയ സമൂഹത്തിന്‍റെ കേന്ദ്രം. ഊട്ടുമേശയ്ക്കു ചുറ്റും ഒരുമിച്ചുകൂടി ഭക്ഷണം പങ്കിട്ടനുഭവിച്ച് യേശുവിന്‍റെ ഓര്‍മ്മ ആചരിച്ചവര്‍ ഒറ്റ സമൂഹമായി; ഒരു ഹൃദയവും ഒരു മനവും മാത്രമുള്ളവര്‍. ഐക്യത്തിന്‍റെ ഉറവിടം, ഊട്ടിയുറപ്പിക്കുന്ന ശക്തികേന്ദ്രം. അതായിരുന്നു അപ്പം മുറിക്കല്‍. 
 
 
ഈ പശ്ചാത്തലത്തിലാണ് നാലാമത്തെ ഘടകമായ പ്രാര്‍ത്ഥനയും അവതരിപ്പിച്ചിരിക്കുന്നത്. വിശ്വസിച്ചും പരസ്പരം സ്നേഹിച്ചും പങ്കുവച്ചും യേശുവിന്‍റെ ഓര്‍മ്മ ആചരിക്കുന്ന സമൂഹമാണ് ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെ ദൈവത്തെ പിതാവായും യേശുവിനെ രക്ഷകനും ജ്യേഷ്ഠസഹോദരനുമായും ഏററുപറയുന്നവര്‍ പരസ്പരം സഹോദരങ്ങളാണെന്ന ബോധ്യം വളര്‍ന്നു. ഇത് നീതിനിഷ്ഠമായൊരു സമൂഹനിര്‍മ്മിതിയിലേക്കു നയിച്ചു. ഇതിന്‍റെ വ്യക്തമായ ഒരു വിവരണമാണ് ഗ്രന്ഥകര്‍ത്താവായ ലൂക്കാ തുടര്‍ന്നു നല്കുന്നത്. 
 
 
"വിശ്വസിച്ചവര്‍ ഒറ്റ സമൂഹമാകുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു. അവര്‍ ഏകമനസോടെ താത്പര്യപൂര്‍വ്വം, അനുദിനം ദേവാലയത്തില്‍ ഒരുമിച്ചു കൂടുകയും ഭവനം തോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തു"(അപ്പ 2, 44-46). യഥാര്‍ത്ഥമായ ഹൃദയപരിവര്‍ത്തനത്തിലൂടെ സംജാതമാകുന്ന നീതിനിഷ്ഠമായ ഒരു സമൂഹത്തിന്‍റെ രൂപരേഖ ഇവിടെ ലൂക്കാ വരച്ചുകാട്ടുന്നു.  
 
 
ഇവിടെ ആരുടെയും നിര്‍ബന്ധമില്ല. ശകാരമോ, ഭീഷണിയോ, ബലപ്രയോഗമോ ഒന്നുമില്ല. ആന്തരികമായൊരു പ്രചോദനമാണ് ഇപ്രകാരമൊരു സമൂഹനിര്‍മ്മിതിക്കു കാരണമായത്. ആ പ്രചോദനത്തെയാണ് മെത്താനോയിയാ അഥവാ മനപരിവര്‍ത്തനം എന്നു വിശേഷിപ്പിക്കുന്നത്. ഇപ്രകാരം ഒരു പങ്കുവയ്ക്കലില്‍ നഷ്ടബോധമില്ല; സ്വന്തമായുണ്ടായിരുന്നത് കൈവിട്ടുപോയി എന്ന ദുഃഖമോ ഇച്ഛാഭംഗമോ ഇല്ല. പങ്കുവയ്ക്കാനും അങ്ങനെ ഒരു സ്നേഹസമൂഹത്തിന്‍റെ ഭാഗമാകാനും സാധിച്ചതിലുള്ള സന്തോഷം മാത്രം. ഈ സന്തോഷമായിരുന്നു ആദിമ ക്രൈസ്തവസമൂഹത്തിന്‍റെ മുഖമുദ്ര. ഹൃദയലാളിത്യവും ആഹ്ളാദവും അവരുടെ ഊട്ടുമേശയിലെ കൂട്ടായ്മയില്‍ പ്രകടമായിരുന്നു. അതുതന്നെയാകണം അനുദിനം അവരുടെ സംഖ്യ വര്‍ദ്ധിച്ചുവരാന്‍  കാരണം(അപ്പ 2, 47).  
 
 
ക്രിസ്തീയസമൂഹത്തിന്‍റെ നിരന്തരവും ആശ്ചര്യകരവുമായ വളര്‍ച്ചയെക്കുറിച്ച് വി. ഗ്രന്ഥകാരന്‍ നല്കുന്ന സൂചനകള്‍ വീണ്ടും സാമൂഹ്യനീതിയുടെ സ്വഭാവവും അതിനു ക്രിസ്തീയ സമൂഹം നല്കിയിരുന്ന പ്രാധാന്യവും എടുത്തുകാട്ടുന്നുണ്ട്. "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുവകകള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു. അപ്പസ്തോലന്മാര്‍ കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിന് വലിയ ശക്തിയോടെ സാക്ഷ്യം നല്കി. അവരെല്ലാവരുടെയും മേല്‍ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു. അവരുടെയിടയില്‍ ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല"(അപ്പ 4,32-34). 
 
 
ദൈവം ആഗ്രഹിച്ചതും യേശു പ്രഘോഷിച്ചതുമായ ഒരു ആദര്‍ശസമൂഹത്തിന്‍റെ ചിത്രം ഇവിടെ ഇതള്‍ വിരിയുന്നു. എല്ലാം പൊതുസ്വത്തായിരുന്നു. പ്രപഞ്ചസൃഷ്ടിയുടെ ലക്ഷ്യത്തെയും ഈ ഭൂമിയില്‍ മനുഷ്യനുള്ള സ്ഥാനത്തെയും പറ്റി ഉല്‍പത്തി പുസ്തകത്തിന്‍റെ ആദ്യഅധ്യായങ്ങളില്‍ത്തന്നെ എടുത്തുകാട്ടിയതാണ് പൊതുസമ്പത്തിനെക്കുറിച്ചുള്ള ഈ പ്രബോധനം. ദൈവം സൃഷ്ടിച്ച് എല്ലാവര്‍ക്കുമായി നല്കിയിരിക്കുന്ന ഈ ഭൂമിയും അതിലെ വിഭവങ്ങളും ആര്‍ക്കും തന്‍റേതുമാത്രം എന്നു കരുതി സ്വന്തമാക്കാന്‍ അനുവാദമില്ല. "ഭൂമി എന്‍റേതാണ്. നിങ്ങള്‍ പരദേശികളും കുടികിടപ്പുകാരുമാണ്"(ലേവ്യ 25, 23) എന്ന പ്രഖ്യാപനത്തില്‍ ഈ സത്യം വ്യക്തമാകുന്നു. ഇതുതന്നെയാണ് യേശു പഠിപ്പിച്ചതും ശിഷ്യന്മാര്‍ പ്രഘോഷിച്ചതും ആദിമക്രൈസ്തവര്‍ പ്രാവര്‍ത്തികമാക്കിയതും. 
 
 
 
സാമൂഹ്യനീതിയുടെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന സ്വകാര്യസ്വത്തുടമസ്ഥാവകാശമാണ് ഇവിടെ പരിമിതപ്പെടുത്തലിനും പുനര്‍നിര്‍വചനത്തിനും വിധേയമാകുന്നത്. ഈ ഭൂമിയും അതിലെ വിഭവങ്ങളും എല്ലാം ആത്യന്തികമായി സ്രഷ്ടാവായ ദൈവത്തിന്‍റേതാണ്. അവിടുത്തെ സൃഷ്ടികള്‍ക്കെല്ലാം അവിടെ ജീവിക്കാനും ജീവസന്ധാരണത്തിനാവശ്യമായ വക കണ്ടെത്താനും അവകാശമുണ്ട്. ഈ അവകാശത്തെ മാത്രമേ സ്വകാര്യസ്വത്തുടമസ്ഥാവകാശമായി കരുതാനാവൂ. അപ്പോള്‍ എന്‍റെ അയല്ക്കാരന്‍റെ ആവശ്യമാണ് എന്‍റെ അവകാശത്തിന്‍റെ പരിധി എന്നു വരുന്നു. ഇതു തന്നെയാണ് ധനവാനും ലാസറും, ഭോഷനായ ധനികന്‍ തുടങ്ങി നിരവധി ഉപമകളിലൂടെയും ഉപമകളില്ലാതെ നേരിട്ടും യേശു പഠിപ്പിച്ചത്. വിറ്റ് ദാനം ചെയ്യാന്‍ തയ്യാറാകാത്ത ധനികന്‍റെ മുമ്പില്‍ സൂചിക്കുഴയിലൂടെ കടക്കാന്‍ ശ്രമിക്കുന്ന ഒട്ടകത്തിന്‍റെ ചിത്രം അവതരിപ്പിക്കുമ്പോള്‍ സംശയത്തിന് പഴുതടയ്ക്കുന്നു. 
 
 
ദാരിദ്ര്യദുഃഖം അനുഭവിക്കുന്ന ആരും ഉണ്ടാകരുത്. ദൈവം സൃഷ്ടിച്ച ഈ ഭൂമിയില്‍ ആരും പട്ടിണി കിടക്കാന്‍ ഇടയാകരുത്. മാനുഷികമായി ജീവിക്കാന്‍ ആവശ്യമായതു കിട്ടാതെവരാന്‍ ആര്‍ക്കും ഇടയാകരുത്. സ്വതന്ത്രമായ പങ്കുവയ്ക്കലിലൂടെ ഇപ്രകാരം ഒരു സംവിധാനം സംജാതമാകണം. ഈ കൂട്ടായ്മയുടെ പശ്ചാത്തലത്തിലാണ് അപ്പസ്തോലന്മാരുടെ സാക്ഷ്യവും സുവിശേഷപ്രഘോഷണവും അര്‍ത്ഥവത്തും സ്വീകാര്യവുമാകുന്നത്. അനുഭവത്തിന്‍റെ ദൃശ്യമായ സാക്ഷ്യം അനേകരില്‍ ബോധ്യം ജനിപ്പിക്കുന്നു. അങ്ങനെ സ്നേഹസമൂഹമായി സഭ വളരുന്നു. 
 
 
എന്നാല്‍ ഈ പങ്കുവയ്ക്കലിന് കോട്ടം തട്ടുന്നതായും ലൂക്കാ പറയുന്നുണ്ട്. ഏതാണ്ട് ആരംഭത്തില്‍ത്തന്നെ പങ്കുവയ്ക്കലില്‍ വീഴ്ചകള്‍ സംഭവിച്ചു. അനനിയാസ് - സഫീറാ ദമ്പതികളുടെ ദുരന്തകഥ വിവരിക്കുന്നതിലൂടെ വി. ഗ്രന്ഥകാരന്‍ നല്കുന്ന സന്ദേശം കാണാതെ പോകരുത്. സൈപ്രസുകാരന്‍ ബാര്‍ണബിസ് തന്‍റെ വയല്‍ വിറ്റുകിട്ടിയ പണം മുഴുവന്‍ അപ്പസ്തോലന്മാരെ ഏല്പിച്ചതിന്‍റെ മാതൃക അവതരിപ്പിച്ചതിനുശേഷമാണ് കൂട്ടായ്മയില്‍ വന്ന വീഴ്ചയെക്കുറിച്ച് വിവരിക്കുന്നത് (അപ്പ 4, 35-5,11). 
 
 
 
ആരും നിര്‍ബന്ധിച്ചിട്ടല്ല അനനിയാസും സഫീറായും തങ്ങളുടെ പറമ്പു വിറ്റതും, തുക അപ്പസ്തോലന്മാരെ ഏല്പിച്ചതും. എന്നാല്‍ വിറ്റുകിട്ടിയ തുകയുടെ ഒരു ഭാഗം സ്വന്തമായി മാറ്റിവച്ചിട്ട്, മുഴുവന്‍ നല്കുന്നു എന്ന ഭാവേന ബാക്കിതുക ഏല്പിച്ചത് വലിയൊരു വിനയായി. പത്രോസിന്‍റെ ചോദ്യം ചെയ്യലും വിധിപ്രസ്താവവും അവര്‍ ചെയ്ത പ്രവൃത്തി പരിശുദ്ധാത്മാവിനെതിരെ ചെയ്ത കഠിനമായ തെറ്റായിരുന്നു എന്നു പ്രഖ്യാപിക്കുന്നു. വില്ക്കുന്നതിനു മുമ്പ് പറമ്പും വിറ്റുകിട്ടിയ തുകയും അവര്‍ക്ക് സ്വന്തമായിരുന്നു. ആരും അതിനെ ചോദ്യം ചെയ്യുന്നില്ല; വില്ക്കാന്‍ നിര്‍ബന്ധിക്കുന്നുമില്ല. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് കാപട്യമാണ്. സത്യം മറച്ചുവച്ച് വിശുദ്ധിയുടെ മുഖംമൂടി അണിയുന്ന നുണ. അതാണ് ശിക്ഷാര്‍ഹമായിത്തീരുന്നത്. അനനിയാസും പിന്നാലെ സഫീറായും മരിച്ചുവീഴുന്നത് അവര്‍ ചെയ്ത തെറ്റിന്‍റെ കാഠിന്യം എടുത്തുകാട്ടുന്നു. 
 
 
പങ്കുവയ്ക്കുന്ന കൂട്ടായ്മയില്‍ വരുത്തിയ വീഴ്ചയെ അതീവഗൗരവത്തോടെയാണ് ആദിമസഭ വീക്ഷിച്ചത് എന്നതിന് വ്യക്തമായൊരു ഉദാഹരണമാണിത്. എന്നാല്‍ സാമൂഹ്യനീതി പ്രാവര്‍ത്തികമാക്കുന്നതില്‍ വേറെയും വീഴ്ചകളുണ്ടായി. യഹൂദരും വിജാതീയരും യേശുവിനെ സ്വീകരിച്ച് സഭയുടെ അംഗങ്ങളായി. സഭയില്‍ ഉച്ചനീചത്വം ഉണ്ടാകരുതായിരുന്നു. എന്നാല്‍ അരുതാത്തതു സംഭവിച്ചു. യഹൂദക്രൈസ്തവര്‍ വിജാതീയ ക്രൈസ്തവരേക്കാള്‍ ശ്രേഷ്ഠരായി പരിഗണിക്കപ്പെടാന്‍ തുടങ്ങി. അവര്‍ക്കു മുഖ്യപരിഗണന ലഭിച്ചതില്‍ മുഖ്യഘടകം സാമ്പത്തികമായിരുന്നു.  
 
 
ആദിമസമൂഹത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരായി ആരുമില്ലായിരുന്നു എന്ന പ്രസ്താവനയ്ക്ക് കാലക്രമത്തില്‍ ഉണ്ടായ ഒരു അപവാദമോ തിരുത്തലോ പോലെയാണ് ഭക്ഷണവിതരണത്തിലെ അപാകത ലൂക്കാ ചൂണ്ടിക്കാണിക്കുന്നത്. 'പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാര്‍ പിറുപിറുത്തു"(അപ്പ 6,1). ഈ സംഭവം അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നത്ര ഗൗരവമുള്ളതായാണ് അപ്പസ്തോലര്‍ കരുതിയത്. വചനപ്രഘോഷണത്തിനു ഭംഗം വരാതെ തന്നെ ഭക്ഷണവിതരണം കാര്യക്ഷമവും നീതിനിഷ്ഠവുമായ രീതിയില്‍ നടക്കണം. അതിനുവേണ്ടിയാണ് 'ഡീക്കന്മാര്‍' എന്ന പേരില്‍ സഭയില്‍ ഒരു പുതിയ ശുശ്രൂഷ ആരംഭിച്ചത്. എന്നാല്‍ അവരും വചനപ്രഘോഷണത്തിനു പ്രാധാന്യം നല്കുന്നതായി സ്റ്റീഫന്‍റെയും ഫിലിപ്പിന്‍റെയും ഉദാഹരണങ്ങളില്‍ നിന്നു കാണാം. സത്യസന്ധവും വിട്ടുവീഴ്ചയില്ലാത്തതുമായ വചനപ്രഘോഷണമാണ് മാനസാന്തരത്തിലേക്ക് നയിക്കുന്നത്. അതു തന്നെയാണ് സാമൂഹ്യനീതിയുടെ ഉപകരണമായി അപ്പസ്തോല പ്രവര്‍ത്തനങ്ങളിലെ വിവരണങ്ങള്‍ എടുത്തുകാട്ടുന്നത്. 
 
 
 
പങ്കുവയ്ക്കലിലൂടെ മാത്രം ദാരിദ്ര്യം ഉന്മൂലനം ചെയ്യപ്പെടുകയില്ല. എല്ലാവരും വിറ്റു പങ്കുവച്ചു ഭക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ദാരിദ്ര്യമായിരിക്കുമല്ലോ ഫലം. തന്നെയുമല്ല, എല്ലാവരും വില്ക്കാന്‍ തയ്യാറാകുന്നിടത്ത് ആരാണ് വാങ്ങാനുണ്ടാകുക? അതിനാല്‍ വിറ്റു പങ്കുവയ്ക്കല്‍ എപ്പോഴും പ്രായോഗികമോ ഫലപ്രദമോ ആയ മാര്‍ഗമായിരിക്കണം എന്നില്ല. അതേസമയം എന്‍റേത് എന്നു പറഞ്ഞ് പങ്കുവയ്ക്കാന്‍ തയ്യാറാകാതെ മാറ്റിവയ്ക്കുന്നതു അനീതിയുടെ ഒരു മുഖ്യകാരണമാകുന്നു. ആത്യന്തികമായി നമ്മള്‍ ആരും ഉടമസ്ഥരല്ല, കാര്യസ്ഥര്‍ മാത്രമാണെന്നും എന്നെ ഏല്പിച്ചിരിക്കുന്നവ ആവശ്യം അനുഭവിക്കുന്നവരുമായി പങ്കുവയ്ക്കാന്‍ കടപ്പെട്ടിരിക്കുന്നു എന്നുമുള്ള ബോധ്യമാണ് അപ്പസ്തോലപ്രവര്‍ത്തനങ്ങളിലെ വിവരണങ്ങളിലൂടെ ലഭിക്കുന്നത്. 
 
 
ഇപ്രകാരം ഒരു പങ്കുവയ്ക്കലിന് യഥാര്‍ത്ഥ മാനസാന്തരം ഉണ്ടാകണം. സ്വരുക്കൂട്ടിവയ്ക്കുന്ന സമ്പത്തിനെ പരമമൂല്യമായി കരുതാതെ, ദൈവപരിപാലനയില്‍ ആശ്രയിക്കാനും ഉത്തരവാദിത്വബോധത്തോടെ ജീവിക്കാനും ഈ മാനസാന്തരം അനിവാര്യമാണ്. വചനപ്രഘോഷണവും അപ്പം മുറിക്കലും പ്രാര്‍ത്ഥനകളും പങ്കുവയ്ക്കുന്ന കൂട്ടായ്മയിലേക്കു നയിക്കണം. പങ്കുവയ്ക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ഈ സ്നേഹസമൂഹത്തില്‍ സ്ഥാനമില്ല എന്ന തിരിച്ചറിവും ഉണ്ടാകണം. അതില്ലാതെ പോകുന്നതല്ലേ ഇന്ന് ക്രിസ്തീയവിശ്വാസികള്‍ക്കിടയില്‍പ്പോലും വലിയ ഉച്ചനീചത്വവും ചൂഷണവും വഞ്ചനയും നിലനില്ക്കാന്‍ കാരണം? അനനിയാസിന്‍റെയും സഫീറായുടെയും ഉദാഹരണം ലൂക്കാ എടുത്തു കാട്ടുന്നത് വെറുതെയല്ല എന്ന് ഓര്‍ക്കണം. 
 
 
 
സാമൂഹ്യനീതിയെ ഊട്ടിയുറപ്പിക്കുന്ന കൂട്ടായ്മയുടെ കേന്ദ്രമാണ് ഊട്ടുമേശ. അതിലേക്കാണ് അടുത്തതായി നാം ശ്രദ്ധ തിരിക്കുന്നത്, പ്രത്യേകിച്ചും വി. പൗലോസിന്‍റെ ലേഖനങ്ങളുടെ വെളിച്ചത്തില്‍.      
 
 
 
 
 
 
 

You can share this post!

നീതി തന്നെ ഭക്തി

മൈക്കിള്‍ കാരിമറ്റം
അടുത്ത രചന

ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍മാര്‍

അജി ജോര്‍ജ്
Related Posts