news-details
കവർ സ്റ്റോറി

മനസ്സൊരു മര്‍ക്കടന്‍

സാധാരണ ജീവിതത്തിലെ സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കാനും ഫലപ്രദമായി ജോലി ചെയ്യാനും സമൂഹത്തോടുള്ള കടമ നിര്‍വഹിക്കാനും സാധിക്കുംവിധമുള്ള മാനസിക അവസ്ഥയെയാണ് മാനസികാരോഗ്യം വിവക്ഷിക്കുക. ദൈനംദിന ജീവിതത്തിന് മാനസികാരോഗ്യം അവശ്യം അവശ്യമത്രേ. സമാധാനത്തോടെ, സന്തോഷത്തോടെ, സൗഹൃദത്തോടെ ജീവിക്കാന്‍ ആരോഗ്യമുള്ള മനസ് കൂടിയേതീരൂ. ശാരീരിക ആരോഗ്യംപോലും ഒരു പരിധിവരെ മാനസികാരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. 
 
വേഗമേറിയ വര്‍ത്തമാനകാല ജീവിതം സദാ സംഘര്‍ഷത്തിനും തത്ഫലമായ മാനസിക ദൗര്‍ബ്ബല്യങ്ങള്‍ക്കും കാരണമാകുന്നു. പരീക്ഷ വിദ്യാര്‍ത്ഥിയെ സംഘര്‍ഷത്തിലാക്കുന്നു. ബന്ധങ്ങളിലെ വൈകാരിക വ്യതിയാനങ്ങള്‍ കുമാരീകുമാരന്മാരെ കുഴയ്ക്കുന്നു. സ്ത്രീകള്‍ ഗാര്‍ഹിക പീഡനങ്ങളുടെ നിഴലില്‍ കഴിയുന്നു. മേലധികാരിയെ തൃപ്തിപ്പെടുത്താനാകാതെ ഉദ്യോഗസ്ഥര്‍ അപകര്‍ഷതയ്ക്ക് അടിമയാകുന്നു. എല്ലാവരും എല്ലായ്പ്പോഴും ഉല്‍ക്കണ്ഠാകുലരാണ്, സംഘര്‍ഷത്തിലാണ്. പക്ഷേ വളരെ കുറച്ചുപേര്‍ മാത്രമേ മാനസികരോഗികള്‍ ആകുന്നുള്ളു. എന്താണ് ഇതു തമ്മിലുള്ള വ്യത്യാസം? ചിന്താഗതിയിലോ മറ്റുള്ളവരുമായുള്ള ബന്ധത്തിലോ ദൈനംദിന ജീവിതത്തിലോ പ്രകടമാകുന്ന മാനസികവ്യതിയാനമാണ് മാനസികതകരാര്‍ അഥവാ മാനസികഅപഭ്രംശം എന്നറിയപ്പെടുന്നത്. 
 
ലോകമെമ്പാടുമുള്ള മനുഷ്യവിഭവശേഷിയുടെ നഷ്ടത്തിനു പ്രധാന കാരണം മാനസിക തകരാറാണ്. നമ്മുടെ സംസ്ഥാനത്ത് 18വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 14.4 ശതമാനം ജീവിതത്തില്‍ ഒരിക്കലെങ്കിലും മാനസികതകരാര്‍ സംഭവിച്ചവരാണെന്ന് സ്റ്റേറ്റ് മെന്‍റല്‍ ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സദ്വാര്‍ത്തയെന്താണെന്നാല്‍ ഭൂരിപക്ഷം മാനസികതകരാറുകളും പ്രത്യേകിച്ച് തുടക്കത്തില്‍ത്തന്നെ പിന്തുണ ലഭ്യമാവുകയാണെങ്കില്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു എന്നതാണ്. 
 
മാനസികതകരാറുകളുടെ സാധാരണ ലക്ഷണങ്ങള്‍
 
മാനസികതകരാറുകളുടെ ലക്ഷണങ്ങളും സൂചനകളും ഒരു പരിധിവരെ തകരാറിനെത്തന്നെ ആശ്രയിച്ചിരിക്കുന്നു. ചിലരില്‍ മാനസിക വൈകല്യങ്ങള്‍ ജീവശാസ്ത്രപരമായ അടിസ്ഥാനമൊന്നുമില്ലാത്ത ശാരീരികരോഗങ്ങളായും പ്രത്യക്ഷപ്പെടാറുണ്ട്. 
 
മറ്റു ലക്ഷണങ്ങള്‍ ഇനി പറയുന്നവയില്‍ ഒന്നോ അതിലധികമോ ആകാം
 
1 സ്ഥിരമായ ക്ഷീണം, അത്യധികം പ്രസരിപ്പ്/ഉന്മാദം
 
2 സാധാരണ കാര്യങ്ങള്‍പോലും ചെയ്യാന്‍ കഴിയാതാകുക. (സ്ഥിരമായി ചെയ്യുന്ന ജോലി, പഠനം, പാചകം)
 
3 ഉറക്കക്കുറവ്, വിശപ്പില്ലായ്മ
 
4 പൊതുചടങ്ങുകളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുക.
 
5 ഇടുങ്ങിയ സ്ഥലങ്ങളോടും ഉയരത്തോടുമുള്ള ഭയം, അതുമൂലം അവിടങ്ങള്‍ ഒഴിവാക്കുക. 
 
6 സ്വയം ദേഹോപദ്രവം ഏല്പിക്കുന്നതിനോ മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ ചിന്തിക്കുക. 
 
7 അളവില്‍ കവിഞ്ഞ് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുക (മദ്യം, പുകയില).
 
8 ഒരേ കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍ത്തുകൊണ്ടിരിക്കുക.
 
9 അനാവശ്യവും അസന്തുഷ്ടവുമായ കാര്യങ്ങള്‍പോലും ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുക. 
 
10. അന്യരെ സംശയം. 
 
മാനസികതകരാറിന് കാരണം? 
 
ഒരു വ്യക്തിയുടെ മാനസികാരോഗ്യം പാരമ്പര്യവും ജീവിതസാഹചര്യവും ചേര്‍ന്നാണ് രൂപപ്പെടുത്തുക. ജീവിതവും ജീവിതസാഹചര്യങ്ങളും മാറുമ്പോള്‍ നമ്മുടെ തലച്ചോറും അതിന്‍റെ പ്രവര്‍ത്തനങ്ങളും മാറിമറിയുന്നു. അതായത് മാനസികതകരാറിലേക്കു നയിക്കാവുന്ന ജനിതക വ്യതിയാനങ്ങള്‍ അയാള്‍ വളരുന്ന കുടുംബാന്തരീക്ഷത്താല്‍ മാറ്റത്തിനു വിധേയമാകാം. അതുപോലെതന്നെ നമ്മുടെ ജീവിതസാഹചര്യങ്ങള്‍ നമ്മുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കാം. പൊതുവേ 'ആരോഗ്യമുള്ളവരായി' കാണപ്പെടുന്ന ചിലര്‍ പൊടുന്നനെ മാനസികതകരാറുകള്‍ക്ക് അടിമപ്പെടുന്നതിനും ചിലര്‍ മാനസികരോഗികള്‍ ആകുന്നതിനും അതാണ് കാരണം. ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ മാനസികമായി സ്ഥിരത പാലിക്കുന്നവര്‍ അവരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ (biopsychosocial) സന്തുലിതാവസ്ഥ തകരാറിലാവുമ്പോള്‍ മാനസികഭ്രംശത്തിന് ഇരയാവുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.  
 
ഉദാഹരണം (Case study)
മരുന്നൊന്നും കൂടാതെ സുഖപ്പെട്ട ഒരു സംഭവം നമുക്കൊന്ന് പരിശോധിക്കാം. 
 
വയറുവേദന, പഠനത്തില്‍ ഉഴപ്പ്, വികൃതി, ക്ലാസ്സില്‍ പോകാന്‍ മടി എന്നിവയായിരുന്നു അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ആ പത്തുവയസ്സുകാരന്‍റെ പ്രശ്നങ്ങള്‍. മാതാപിതാക്കള്‍ ഡോക്ടറെ കണ്ടു. വയറുവേദനയ്ക്ക് കാരണമൊന്നും കണ്ടെത്തിയില്ല. ഇടത്തരം കുടുംബത്തില്‍പെട്ട മാതാപിതാക്കളുടെ ഏക സന്തതി. അച്ഛന്‍ അധ്യാപകന്‍. അമ്മ വീട്ടമ്മ. മദ്യപനായ അച്ഛന്‍ സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി വഴക്കുണ്ടാക്കുന്നു. നിസ്സഹായനായി നോക്കിനില്‍ക്കാനേ മകന് കഴിയാറുള്ളു. അച്ഛനുമായി ഊഷ്മളമായ നിമിഷങ്ങളൊന്നും അവന്‍റെ ഓര്‍മ്മയിലില്ല. അവന്‍ അച്ഛനെ വല്ലാതെ ഭയന്നു. 
 
മാത്രമല്ല, 'സ്ഥിരം പുറംവേദന'ക്കാരിയായിരുന്ന അമ്മ മരുന്നും മന്ത്രവുമായി കഴിയുകയായിരുന്നതിനാല്‍ മകന്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടു. വിശദമായ അഭിമുഖത്തില്‍ അമ്മ വിഷാദത്തിനും കോപത്തിനും ക്ഷീണത്തിനും അടിമയാണെന്ന് കണ്ടെത്തി. ഒരു ശരാശരി വിഷാദരോഗി. 
 
ആശുപത്രിയില്‍ പോകുമ്പോള്‍ മാത്രമാണ് കുട്ടി മാതാപിതാക്കളോടൊപ്പം അല്‍പം സമാധാനത്തില്‍ കഴിയുന്നത്. ആശുപത്രിയില്‍ പോകുമ്പോള്‍ അച്ഛനും അമ്മയും വഴക്കടിക്കുന്നില്ലെന്നു മാത്രമല്ല, അവര്‍ക്കിടയില്‍ അല്‍പ്പം സൗഹൃദം ഉളവാകുന്നതായും അവന്‍ കണ്ടു. അമ്മയുടെ വാത്സല്യം അവനു ലഭിച്ചിരുന്നില്ല. അവനോടൊപ്പം കളിക്കാനോ പാടാനോ അവനു വായിച്ചുകൊടുക്കാനോ അവര്‍ കൂട്ടാക്കിയിരുന്നില്ല. മാനസികനില മാറുമ്പോള്‍ കുട്ടിയോടുള്ള പെരുമാറ്റവും രൂക്ഷമാകും. അവന്‍ അമ്മയില്‍നിന്ന് അകന്നു. വയറുവേദനയെന്ന കാരണം പറഞ്ഞ് സ്കൂളില്‍ പോകാതെയുമായി. ആ പേരില്‍ അവന് അച്ഛനമ്മമാര്‍ക്കൊത്ത് ആശുപത്രിയില്‍ പോകുകയും ചെയ്യാം. 
 
പിതാവ് മദ്യപാനം നിര്‍ത്തുകയും അമ്മ ചികിത്സ തേടി വിഷാദരോഗത്തില്‍നിന്നു മുക്തയാവുകയും ചെയ്തതോടെ മകന്‍ പൂര്‍ണസുഖം പ്രാപിച്ചു. വഷളായ കുടുംബാന്തരീക്ഷം കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ തകര്‍ക്കുമെന്നതിന് ഉദാഹരണമാണിത്. കുട്ടികളെയല്ല, കുടുംബത്തെയാണ് ചികിത്സിക്കേണ്ടതന്നെ പാഠവും അതു നല്‍കുന്നു. 
 
മനോവൈഷമ്യങ്ങളോട് ശാസ്ത്രീയവും യുക്തവുമായ സമീപനം സ്വീകരിക്കണമെന്ന് വ്യക്തമാക്കുന്ന ഇനി പറയുന്ന സംഭവങ്ങള്‍ കൂടി ശ്രദ്ധിക്കുക. 
 
വിവാഹിതയായ ഒരു അധ്യാപികയെ അവരുടെ ഭര്‍ത്താവ് ഒരിക്കല്‍ എന്‍റെ അടുക്കല്‍ എത്തിക്കുകയുണ്ടായി. ഉറക്കമില്ലായ്മയും അമിതദേഷ്യവുമായിരുന്നു അവരുടെ പ്രശ്നം. രണ്ടാഴ്ചയായി അവര്‍ സ്കൂളില്‍ പോകുന്നുണ്ടായിരുന്നില്ല. വിശദമായ അഭിമുഖത്തില്‍ ആ അധ്യാപിക ആകെ അസ്വസ്ഥയാണെന്ന് മനസ്സിലായി. മറ്റ് അധ്യാപകര്‍ അവരെ പരിഹസിക്കുന്നുവെന്നും ഭര്‍ത്താവിനെക്കുറിച്ച് അപവാദം പറയുന്നുവെന്നുമായിരുന്നു അവരുടെ പരാതി. അവരെല്ലാം തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ വിശ്വസിച്ചു. എല്ലാവരും അവര്‍ക്കെതിരാണ്. രണ്ടുമൂന്നു മാസമായി ഈ പ്രശ്നങ്ങള്‍ തുടങ്ങിയിട്ട്. അവര്‍ ഒരു ക്രിസ്ത്യന്‍ മതപ്രഘോഷകനെ സമീപിച്ചു. അയല്‍ക്കാരന്‍ അവര്‍ക്കെതിരെ കൂടോത്രം ചെയ്തിരിക്കുന്നു എന്നായിരുന്നു ആ സഹോദരന്‍റെ വിശദീകരണം. 'മറുകൂടോത്രം' ചെയ്യാന്‍ പതിനായിരം രൂപ പിടുങ്ങുകയും ചെയ്തു. പോരാഞ്ഞ് കൂടോത്രം വീട്ടിലാണ് ചെയ്തിരിക്കുന്നതെന്നതിനാല്‍ വീട് വില്‍ക്കുന്നതാണ് ഉചിതമെന്ന വിലയേറിയ ഉപദേശം നല്‍കുകയും ചെയ്തു. വിശദമായ വിലയിരുത്തലില്‍ അധ്യാപിക മതിഭ്രമ(Delusion) ത്തിന് അടിമയാണെന്ന് കണ്ടെത്തി. ആവശ്യമായ ഉപദേശങ്ങള്‍ നല്‍കി കൂടുതല്‍ ചികിത്സക്കായി മനോരോഗവിദഗ്ദ്ധന് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
 
ചികിത്സയും സൈക്കോതെറാപ്പിയും ആരംഭിച്ച് രണ്ടുമാസത്തിനുള്ളില്‍ അവര്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി. ശാന്തമായി ഉറങ്ങി. വീട്ടിലും സ്കൂളിലും സാധാരണനിലയില്‍ പെരുമാറി. മറ്റുള്ളവര്‍ തനിക്കെതിരാണന്നും അവര്‍ തന്നെക്കുറിച്ച് അടക്കം പറയുന്നുവെന്നുമുള്ള മിഥ്യാധാരണയായിരുന്നു അവരുടെ തകരാര്‍. ചികിത്സയില്‍ അവര്‍ യാഥാര്‍ത്ഥ്യബോധത്തിലേക്ക് മടങ്ങിവരുകയും ചെയ്തു. മതിഭ്രമം മൂലമുള്ള മാനസിക തകരാറുള്ളവര്‍ക്ക് അസാധാരണമായ തോന്നലുകളൊന്നും ഉണ്ടാവണമെന്നില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ തന്നെയാണ് അവരുടെ മനസ്സില്‍ കടന്നുകൂടുക. ആരോ തന്നെ പിന്തുടരുന്നു, വിഷം നല്‍കാന്‍ ശ്രമിക്കുന്നു, ചതിക്കുന്നു, തനിക്കെതിരേ ഗൂഢാലോചന തുടരുന്നു, അതല്ലെങ്കില്‍ അകന്നുനിന്ന് സ്നേഹിക്കുന്നു എന്നിങ്ങനെയൊക്കെയാവാം അവരുടെ തെറ്റിദ്ധാരണകള്‍. കാഴ്ചപ്പാടും അനുഭവങ്ങളും സ്വയം തെറ്റായി വ്യാഖ്യാനിക്കുന്നതാണ് ഇതിനു കാരണമായി ഭവിക്കുക. യഥാര്‍ത്ഥത്തില്‍ ആ ധാരണ പൂര്‍ണമായും തെറ്റായിരിക്കാം. അതുമല്ലെങ്കില്‍ അതിശയോക്തിപരമാവാം. മരുന്നും സൈക്കോതെറാപ്പിയും കൊണ്ട് ഇതു ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ. അതിനുപകരം ആളുകള്‍ അന്ധവിശ്വാസം മൂത്ത് മന്ത്രവാദികള്‍ക്കും മതവിശ്വാസത്തിന്‍റെ മറവില്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നവര്‍ക്കും ഇരകളാകുന്നു.
 
40 വയസുള്ള കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍. ഒരു പിടി പരാതികളുണ്ട് അദ്ദേഹത്തിന്. നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നു. നെഞ്ചില്‍ അസ്വസ്ഥത. ശ്വാസതടസ്സം, ഉത്കണ്ഠ, പൊതുസ്ഥലങ്ങളില്‍ പോകാന്‍ ഭയം, പോയാല്‍ ശരീരമാകെ വിയര്‍ക്കും. എവിടെപോകാനും ഒന്നുകില്‍ അടുത്ത സുഹൃത്ത് അല്ലെങ്കില്‍ വീട്ടുകാര്‍ ആരെങ്കിലും വേണം. ഹൃദ്രോഗമാണ് തനിക്കെന്ന് മൂപ്പര്‍ വിശ്വസിച്ചു. പല ഡോക്ടര്‍മാരേയും കണ്ടു. ശാരീരികമായി ഒരു തകരാറുമില്ലെന്ന് ഏവരും വിധിയെഴുതി. ഒടുവില്‍ മനശ്ശാസ്ത്രവിദഗ്ദ്ധന്‍റെ പക്കലെത്തി. ഒടുവില്‍ ചില സാഹചര്യങ്ങളോടും സ്ഥലങ്ങളോടും വസ്തുക്കളോടുമുള്ള അകാരണവും അതിതീവ്രവമുമായ ഭയം ആണ് അദ്ദേഹത്തിനെന്ന് കണ്ടെത്തി. മാനസികനില വഷളാകുന്ന സാഹചര്യത്തില്‍ എങ്ങനെ 'റിലാക്സ്' ചെയ്യാമെന്ന് അദ്ദേഹത്തെ പഠിപ്പിച്ചു. പരിശീലനം നല്‍കി. ഇപ്പോള്‍ അദ്ദേഹം 'നോര്‍മലാണ്'. തനിച്ച് എവിടെയും പോകുന്നു. ഭയവും ഉത്കണ്ഠയും ലവലേശമില്ല.      

മാനസികതകരാറുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ 

ഒരാളില്‍ മുമ്പ് പറഞ്ഞ ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ പ്രകടമായാല്‍, അതവരുടെ ദൈനം ദിനജീവിതത്തെയും ബന്ധങ്ങളെയും ബാധിച്ചാല്‍ മനോരോഗവിദഗ്ദ്ധനെയോ മനശ്ശാസ്ത്രജ്ഞനെയോ സമീപിക്കേണ്ടതുണ്ട്. തുടക്കത്തിലേയുള്ള ചികിത്സ മാനസികതകരാറുകളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. നേരത്തെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്താല്‍ പല മാനസികതകരാറുകളും 'സൈക്കോതെറാപ്പി' കൊണ്ടുതന്നെ ഭേദമാക്കാവുന്നതേയുള്ളു. 
 
ദൗര്‍ഭാഗ്യവശാല്‍ മിക്ക രോഗികളും മാനസികാരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദ്ധരുമായി സംസാരിക്കാന്‍ വിമുഖരാണ്. "അതിന്‍റെയൊക്കെ ആവശ്യമെന്താ? ഇതൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതല്ലേ. ഓ അതൊന്നും വലിയ കാര്യമല്ല" ഇങ്ങനെ പോകും പലരുടെയും അഭിപ്രായം. മാനസികതകരാറുള്ളവര്‍ അക്രമികളും അപകടകാരികളും ബുദ്ധിശൂന്യരും മറ്റുമാണെന്നാണ് പൊതുവെയുള്ള ധാരണ. പോരാഞ്ഞ് മാനസികരോഗവിദഗ്ദ്ധനെ കണ്ടാല്‍ തങ്ങള്‍ക്ക് 'വട്ടാണെന്ന്' മുദ്രകുത്തപ്പെടും എന്ന് അവര്‍ ഭയക്കുന്നു. അതിനാല്‍ പ്രശ്നങ്ങളുണ്ടെന്ന് അറിയാമെങ്കിലും അവ ഒളിച്ചുവെച്ച് 'ഭ്രാന്ത്' എന്ന അവമതിയില്‍നിന്ന് രക്ഷപെടാന്‍ അവര്‍ ശ്രമിക്കുന്നു. 
 
മാനസിക അപഭ്രംശങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ഉറപ്പായിട്ടുപോലും ചികിത്സ ഇല്ല എന്ന ധാരണയും പ്രബലമാണ്. പക്ഷേ, മിക്ക രോഗങ്ങളും മരുന്നുപോലും കൂടാതെ സൈക്കോതെറാപ്പി കൊണ്ടു മാറ്റാവുന്നതേയുള്ളു. മരുന്ന് ഉപയോഗിക്കേണ്ടി വന്നാല്‍പോലും രോഗിയുടെ നില മെച്ചപ്പെട്ടു കഴിയുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിര്‍ത്തുകയും ചെയ്യാം. നമുക്ക് കണ്ണ് തുറന്ന് സ്വയം കാണുകയും മറ്റുള്ളവവരെ ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്യാം. ഒരിക്കല്‍പ്പോലും മാനസിക തകരാറുള്ള ഒരാളെയും ലജ്ജിപ്പിക്കാതെ തലയുയര്‍ത്താന്‍ പ്രേരിപ്പിക്കുന്ന കാഴ്ചവട്ടങ്ങളിലേക്ക് തിരികെ കൊണ്ടുവരാം.
 
മൊഴിമാറ്റം - ടോം മാത്യു
 
സംഗീത പി.എല്‍
M.PHIL Clinical Psychology (AIMS)
Clinical Psychologist, Regional Autism Research & Rehabilitation Centre

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts