news-details
ഇടിയും മിന്നലും
ഞങ്ങളുടെ ഒരച്ചന്‍ മരിച്ചതിന്‍റെ ഏഴാം ഓര്‍മ്മദിനം ആചരണത്തിനുള്ള യാത്രയായിരുന്നു. സമയത്ത് എത്തേണ്ടതിന് അതിരാവിലെ നാലരയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ്സില്‍ കയറുമ്പോള്‍ ആകെ യാത്രക്കാര്‍ വിരലിനെണ്ണാന്‍മാത്രം. നല്ല തണുപ്പും, മഞ്ഞും, കാറ്റും, ചെറിയ മഴയുമുണ്ടായിരുന്നതുകൊണ്ട് സ്വറ്ററുമിട്ട്, തലയില്‍ മങ്കിക്യാപും ഫിറ്റുചെയ്ത് മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ സൈഡുപറ്റിയിരുന്നു. ടിക്കറ്റെടുത്തു കഴിഞ്ഞപ്പോള്‍ സമയമിഷ്ടംപോലെയുണ്ടായിരുന്നതുകൊണ്ട് സഞ്ചിയില്‍ കരുതിയിരുന്ന ഷാളുംകൂടെ എടുത്തു പുതച്ച് ഒന്നുറങ്ങാനുള്ള വട്ടംകൂട്ടി. ടൗണിലെത്തിയപ്പോള്‍ കുറേയേറെപ്പേരു കയറി. മുഴുവന്‍തന്നെ കോളേജുവിദ്യാര്‍ത്ഥികള്‍. മൂന്നാലു ദിവസത്തെ അവുധികഴിഞ്ഞു ക്ലാസ്സു തുടങ്ങുന്ന ദിവസമായിരുന്നു എന്നുതോന്നുന്നു. ഞാനിരുന്ന സീറ്റിലും രണ്ടുപേരെത്തി. ഇരുന്നപാടെ അവരുരണ്ടും ഫോണില്‍ പരതാന്‍തുടങ്ങി.
 
പത്തുമണിയോടുകൂടി സിറ്റിയിലെത്തുന്ന ബസ്സായിരുന്നുതുകൊണ്ടായിരിക്കാം അടുത്തടുത്ത സ്റ്റോപ്പുകളില്‍നിന്നെല്ലാം കയറിയത് കോളേജുപിള്ളേരായിരുന്നു. 
എന്‍റെയടുത്തിരുന്ന രണ്ടുപേരുടെയും ശ്രദ്ധ സാമാന്യം വലിയ സ്ക്രീനുണ്ടായിരുന്ന അവരുടെ ഫോണില്‍തന്നെയായിരുന്നു. കണ്ണുമടച്ച് ഇരുന്നെങ്കിലും അവരുടെ കലപില കാരണം ഉറങ്ങാന്‍പറ്റിയില്ല. ഇടയ്ക്കിടെ പലപ്രാവശ്യം അവര് അച്ചനെയും മെത്രാനെയുംപറ്റി പറയുന്നതു കേട്ടപ്പോള്‍ ഞാന്‍ ചെവിവട്ടംപിടിച്ചു. രണ്ടുപേരുടെയും ഫോണിലെ വാട്സ് ആപ്പിലും ഫേസ്ബുക്കിലുംവന്ന വീഡിയോകളും സന്ദേശങ്ങളുമാണ് വിഷയമെന്നു മനസ്സിലായി. കേള്‍വിപ്രശ്നം അല്‍പമുണ്ടായിട്ടും എനിക്കു നന്നായിട്ടു കേള്‍ക്കാവുന്നത്ര സ്വരത്തിലായിരുന്നു അവരുടെ സംസാരം. ഇടയ്ക്കിടെ മറ്റുപല കൂട്ടുകാരുമായും ഫോണ്‍ കൈമാറുന്നതും അവരും മാറിമാറി അതെല്ലാം കാണുന്നതും, നിലവാരമില്ലാത്ത കമന്‍റുകളും കൂട്ടച്ചിരിയും. 
 
അവരുടെ അടുത്തിരിക്കുന്ന ഞാനും ഒരച്ചനാണെന്നറിഞ്ഞാല്‍ അവരുടെയൊക്കെ പ്രതികരണമെന്തായിരിക്കും എന്നാലോചിച്ചപ്പോള്‍ സൗകര്യംകിട്ടിയാല്‍ അവരോട് ഒന്നു മുട്ടാന്‍ മനസ്സില്‍ രൂപംകൊണ്ട പ്ലാന്‍ അപ്പാടെ തള്ളി. ഒന്നൊന്നരമണിക്കൂറുകഴിഞ്ഞ് പത്തുമിനിറ്റു വിശ്രമത്തിനുവേണ്ടി ബസ്സു നിര്‍ത്തുമ്പോഴും അവരുടെ സംസാരവിഷയം കന്യാസ്ത്രി പീഡനവും, കുമ്പസാരപീഡനവും തന്നെയായിരുന്നു. ടിക്കറ്റുകാശുപോയാലും ബസ്സു മാറിക്കയറിയാലോ എന്നാദ്യം ഓര്‍ത്തു. അതുവേണ്ട, പിന്നിലെങ്ങാനും സീറ്റുണ്ടെങ്കില്‍ മാറിയിരിക്കാം എന്നുമനസ്സില്‍കരുതി ടോയിലറ്റിലൊന്നു പോയി തിരിച്ചുവന്നപ്പോള്‍ എന്‍റെയടുത്തിരുന്നവരില്‍ ഒരാളേ സീറ്റിലുള്ളു. ഞാന്‍ ഇരുന്ന സീറ്റില്‍ സഞ്ചിവച്ചിട്ടാണു പോയിരുന്നെങ്കിലും അത് ഇപ്പുറത്തേയ്ക്കുമാറ്റിവച്ചിട്ട്  ആ സൈഡുസീറ്റിലാണവനിരിക്കുന്നതും. എന്നെക്കണ്ടിട്ടും മാറിത്തരാന്‍ അത്ര കൂട്ടാക്കാതിരുന്നപ്പോള്‍ പ്രതിഷേധിക്കാതെ ഞാനിപ്പുറത്തുതന്നെയിരുന്നു. 
"ഒരാളൂടെയുണ്ട്." 
അവനതു പറഞ്ഞതു കേള്‍ക്കാത്തമട്ടില്‍ ഞാനവിടെത്തന്നെയിരുന്ന് പുതച്ചിരുന്നഷാളും, ഇട്ടിരുന്നസ്വറ്ററും, മങ്കിക്യാപ്പുമൊക്കെ മടക്കി സഞ്ചിയിലാക്കി. അതു കഴിഞ്ഞ് സഞ്ചിയിലുണ്ടായിരുന്ന ഒരു പുസ്തകമെടുത്തു ഞാന്‍ വായന തുടങ്ങി. വണ്ടി പോകാറായപ്പോഴേയ്ക്കും മറ്റെയാളുംവന്നു.
"ഈ അറ്റത്തോട്ടു മാറിയിരിക്കാമോ?" 
 
രണ്ടുപ്രാവശ്യം ചോദിച്ചിട്ടും ഒന്നുനോക്കുകമാത്രം ചെയ്തിട്ടു ഞാന്‍ വായനതുടര്‍ന്നപ്പോള്‍ അവന്‍ ചോദിച്ചതു കേള്‍ക്കാഞ്ഞിട്ടല്ല എന്നവനു മനസ്സിലായിക്കാണണം. ഞാന്‍ മാറിയില്ല. അവന്‍ ഇപ്പുറത്ത് ഇരുന്നു. ഞാന്‍ സഞ്ചി മടിയില്‍ ആവുന്നതും ഉയര്‍ത്തിവച്ച് അതിനുമുകളില്‍ പുസ്തകംവച്ചു വായിക്കുന്നമട്ടില്‍ ഒരുവേലികെട്ടിയതുപോലെ അവരുടെ സമ്പര്‍ക്കത്തിനു തടയുമിട്ടു. അതോടെ രണ്ടുപേരും അവരവരുടെ ഫോണില്‍ മാത്രമായി ശ്രദ്ധ. 
 
അല്പം കഴിഞ്ഞപ്പോള്‍ എനിക്കൊരു മനസ്സാക്ഷിക്കുത്ത്. അവരു കൂട്ടുകാര്, ചെറുപ്പക്കാര്. അവര്‍ക്കിഷ്ടമുള്ളതുപറഞ്ഞു ചിരിച്ചുരസിച്ചത് എനിക്കിഷ്ടപ്പെടാഞ്ഞതുകൊണ്ട് വെറുതെ അവരുടെ ഇടയ്ക്കുകയറിയിരുന്ന് ഈ കുറുമ്പുകാണിക്കരുതായിരുന്നു. ഇനിയിപ്പോള്‍ മാറിയിരുന്നുകൊടുക്കുന്നതും ശേലുകേട്. അവരുടെ രസം കെടുത്തിയതില്‍ ശരിക്കും വിഷമംതോന്നി. ഇനിയെന്താണൊരു മറുവഴിയെന്നാലോചിച്ചു നോക്കിയിട്ട് ഒന്നും തലേലോട്ടു വന്നില്ല, പണ്ടൊക്കെയായിരുന്നെങ്കില്‍ ഈ നേരംകൊണ്ട് ഒരുമൂന്നാലു കുരുട്ടുബുദ്ധിയെങ്കിലും തലയില്‍ തെളിഞ്ഞേനേം. ആ നേരത്ത് എന്‍റെ ഫോണ്‍ റിങ്ങുചെയ്തു. നോക്കിയപ്പോള്‍ മൊബൈല്‍കമ്പനിയുടെതന്നെ പരസ്യമായിരുന്നു. അപ്പോളാണ് പെട്ടെന്നെന്‍റെ തലയിലൊരാശയം തോന്നിയത്. ഒത്തെങ്കിലൊത്തു, പരീക്ഷിച്ചുനോക്കാമെന്നുവച്ചു.
  
"എക്സ്ക്യൂസ് മി. ഇദ്ദേഹം ഫോണ്‍ കൈകാര്യം ചെയ്യുന്നതുകണ്ടിട്ട് നല്ല എക്സ്പേര്‍ട് ആണെന്നു തോന്നുന്നല്ലോ. എനിക്കൊരു ചെറിയ ഉപകാരം ചെയ്തു തരാമോ? മൊബൈലിലെ പരസ്യം കാരണം മടുത്തു. അതു ബ്ലോക്കുചെയ്യാന്‍ എന്തോ വഴിയുണ്ടന്നറിയാം, പക്ഷേ അത് എങ്ങനെയാണെന്ന് എനിക്കറിഞ്ഞുകൂടാ. ഒന്നു ശരിയാക്കിത്തരാന്‍ പറ്റ്വോ?"
 
ഞാന്‍ പ്രതീക്ഷിച്ച പ്രതിഷേധമൊന്നും കാണിക്കാതെ അവന്‍ കൈനീട്ടി. ഞാന്‍ ഫോണ്‍ കൊടുത്തു. 
"എന്നേക്കാളും അറിയാവുന്നതവനാ. എടാ ജിബിനേ, ആ പരസ്യം ബ്ലോക്കു ചെയ്യാനടിക്കേണ്ട നമ്പരേതാടാ?"
"ഇപ്പുറത്തോട്ടു മാറിയിരുന്നോളൂ, രണ്ടുപേര്‍ക്കുംകൂടെ അടുത്തിരുന്നു നോക്കാനെളുപ്പമുണ്ടല്ലോ." ഞാന്‍ മാറിക്കൊടുത്തു. അവരടുത്തിരുന്നു. 
എന്‍റെ ഫോണ്‍നമ്പരു ചോദിച്ച് ഒന്നുരണ്ടു മിനിറ്റുകൊണ്ട് പണിതീര്‍ത്ത് ഫോണ്‍ തിരിച്ചുതന്നുകൊണ്ട് അവന്‍ പറഞ്ഞു: "മെസ്സേജു കൊടുത്തിട്ടുണ്ട്. പരസ്യങ്ങളിനി വരാന്‍ സാധ്യതയില്ല."
"താംങ്ക് യു."
 
സംസാരിക്കാനൊരു പഴുതുകിട്ടിയതുകൊണ്ട് തുടര്‍ന്ന് വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. രണ്ടുപേരും അയല്‍വാസികളും ഒരിടവകക്കാരുമാണ്.
"നിങ്ങളുടെ വികാരിയച്ചനെ നിങ്ങള്‍ക്ക് അറിയാമോ?"
"അറിയാം."
"ഇതിനുമുമ്പിരുന്ന അച്ചനെയോ?"
"നല്ലപോലെ അറിയാം, അച്ചനാ ഞങ്ങടെ പള്ളി പണിയിപ്പിച്ചത്."
പിന്നെ പള്ളിപണിയെപ്പറ്റിയും അച്ചനെപ്പറ്റിയുമൊക്കെ ചോദിച്ചപ്പോള്‍ സംസാരിക്കാന്‍ അവര്‍ക്ക് ഒരുപാടു നല്ലകാര്യങ്ങളുണ്ടായിരുന്നു.
"അതിനും മുമ്പിരുന്ന അച്ചനെ ഓര്‍ക്കുന്നുണ്ടോ?"
"അച്ചനാ ഞങ്ങള്‍ക്ക് ആദ്യകുര്‍ബ്ബാന തന്നത്."
പിന്നെ ആദ്യകുര്‍ബ്ബാനയെപ്പറ്റിയും, അന്നത്തെ ആ വികാരിയച്ചന്‍റെ നിര്‍ദ്ദേശപ്രകാരം ആദ്യകുര്‍ബ്ബാനയുടെ ആഘോഷങ്ങള്‍ ചുരുക്കി, വീട്ടുകാരില്‍നിന്നും പിരിച്ചെടുത്ത കാശുകൊണ്ട് പള്ളിയില്‍ നൂറു കസേര വാങ്ങിച്ചിട്ടതുമൊക്കെ അവരോര്‍ക്കുന്നുണ്ടായിരുന്നു. 
"അതിനു മുമ്പുണ്ടായിരുന്ന വികാരിയച്ചനെ നിങ്ങളു മറന്നുപോയിക്കാണുമായിരിക്കും?"
"ഓര്‍ക്കുന്നുണ്ടെന്നുള്ളതെയുള്ളു."
"അവരൊക്കെയല്ലാതെ വേറേം അച്ചന്മാരെ പലരേം നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ."
"കൊറേപ്പേരെ അറിയാം. ഇവന്‍റെ രണ്ട് അങ്കിളുമാര് അച്ചന്മാരാ."
സമയമുണ്ടായിരുന്നതുകൊണ്ട് അവര്‍ക്കറിയാമായിരുന്ന അച്ചന്മാരെപ്പറ്റിയൊക്കെ ഓര്‍മ്മിച്ചെടുക്കാനും പറയിപ്പിക്കാനും ഞാനൊന്നു ശ്രമിച്ചു.
"നമ്മളൊരു പത്തിരുപത് അച്ചന്മാരുടെ കാര്യമിപ്പോള്‍ പറഞ്ഞു. ഇവരാരെങ്കിലും കുമ്പസാരക്കൂട്ടിലോ പുറത്തോ സ്ത്രീകളെ പേടിപ്പിക്കയോ, പീഡിപ്പിക്കയോ വല്ലോം ചെയ്തിട്ടുണ്ടോ?" അവരു മറുപടി പറഞ്ഞില്ല.
 
"നിങ്ങളുടെ മൗനത്തില്‍നിന്നും മറുപടി 'ഇല്ല' എന്നാണെന്നു വ്യക്തമാണ്. എന്നിട്ടും കുറേമുമ്പ് നിങ്ങളു നിങ്ങടെ ഫോണില്‍വന്ന അച്ചന്മാരെയും മെത്രാനെയും താറടിക്കുന്ന വീഡിയോയും മെസ്സേജുകളുമൊക്കെ ഓടിനടന്നു കാണിക്കുന്നുണ്ടായിരുന്നല്ലോ. അതിന്‍റെയൊക്കെ സത്യാവസ്ഥയെപ്പറ്റി വല്ലയറിവും നിങ്ങള്‍ക്കുണ്ടോ?"
 
"നിങ്ങള്‍ക്കു നല്ലകാര്യങ്ങള്‍ ചെയ്തെന്നു നിങ്ങളുതന്നെയിപ്പോള്‍ പറഞ്ഞ അച്ചന്മാരില്ലേ? അവരെപ്പറ്റി എന്തേ ആരും എഴുതാത്തത്? നിങ്ങളൊക്കെ വാട്സാപ്പും സകല ആപ്പുകളും അറിയാവുന്നവരല്ലെ, അവരെപ്പറ്റിയൊക്കെ നിങ്ങള്‍ക്കു പോസ്റ്റിടാന്‍ പാടില്ലേ? നിങ്ങളുടേതു തീരുമ്പോള്‍ പറ, ഞാന്‍ പറഞ്ഞുതരാം നല്ല ഒത്തിരി അച്ചന്മാരുടെ കാര്യം." ഞാന്‍ നിര്‍ത്തിയിട്ടും അവരൊന്നും പ്രതികരിച്ചില്ല.
 
"ഞാന്‍ പറഞ്ഞതിനൊന്നും നിങ്ങളു മറുപടി പറയാത്തതുകൊണ്ട് ഞാന്‍ ചില കാര്യങ്ങള്‍കൂടെ പറയട്ടെ; സമയമുണ്ടല്ലോ അതുകൊണ്ടാണ്. ദുരുദ്ദേശമുള്ള ആര്‍ക്കും എന്തും മെനഞ്ഞുണ്ടാക്കാന്‍ അല്പം കാര്യം മതിയാവും. ഈയിടെ ഒരു സിനിമാനടി, സംവിധായകന്‍ അവരെയും പീഡിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞതു വലിയ വാര്‍ത്തയായി. ചാനലുകാരു ക്യൂ നിന്നു, വിശദാംശങ്ങള്‍ ചികയാന്‍. എവിടെവച്ചാണു പീഡിപ്പിച്ചത്, എത്ര പ്രാവശ്യം പീഡിപ്പിച്ചു എന്നൊക്കെയുള്ള ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളുമായി. അതൊന്നുമല്ല, പീഡിപ്പിച്ചെന്നു പറഞ്ഞപ്പോള്‍, കൃത്യസമയത്ത് ലൊക്കേഷനില്‍ എത്താത്തതിന് സംവിധായകന്‍ അരിശപ്പെടുന്നതിനെപ്പറ്റിയാണ് അവരു പറഞ്ഞതുപോലും! അതും പീഡനമാണല്ലോ. കുറച്ചുനാളുമുമ്പ് കേരളത്തില്‍ മുഴുവന്‍ കോളിളക്കമുണ്ടാക്കിയ ഒരു സോളാര്‍ തട്ടിപ്പും വെളിപ്പെടുത്തലുകളുമൊക്കെയുണ്ടായില്ലേ? എല്ലാം ആരുടെയൊക്കെയോ കാര്യസാധ്യത്തിനായി ചമച്ചവ. സത്യത്തിന്‍റെ കഷണങ്ങള്‍ എന്തെങ്കിലും കാണുമായിരിക്കും; പക്ഷേ, പിന്നെചേര്‍ക്കുന്ന മസാലകളാണല്ലോ രുചിക്കൂട്ടുണ്ടാക്കുന്നത്. അതു വിളമ്പാനൊരു രസവുംകാണും; തൊട്ടുനക്കാനൊത്തിരി ആളുംകൂടും. അതല്ലെ നിങ്ങളു മുമ്പേ ചെയ്തത്. ആരൊക്കെയോ പാകംചെയ്ത് നിങ്ങളുടെ വാട്സാപ്പിലും, ഫേസ്ബുക്കിലും ഇട്ടുതന്നു, നിങ്ങളതു രസിച്ചു വിഴുങ്ങി, മറ്റുള്ളവര്‍ക്കു വിളമ്പി. 
അത്രതന്നെ."
 
അടുത്ത ടൗണെത്താറായപ്പോഴേക്കും തൊട്ടപ്പുറത്തു രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റിലിരുന്നവര്‍ എഴുന്നേല്‍ക്കുന്നതുകണ്ട്, ഞാനെന്‍റെ സഞ്ചി ആ സീറ്റിലേയ്ക്കിട്ടു.
"ഈ കാര്‍ന്നോരു പറഞ്ഞതു നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്നറിയാം, ഇനി നിങ്ങളിവിടിരുന്നാല്‍ ഞാനിനീം പലതും പറയും. അതുകൊണ്ട് അപ്പുറത്തെ രണ്ടു പേരുടെ സീറ്റിലെ ആളിറങ്ങാനെഴുന്നേറ്റപ്പോള്‍ ഞാനതു ബുക്കുചെയ്തിട്ടുണ്ട്. അങ്ങോട്ടു മാറിയിരുന്നോളൂ. മാറിയിരിക്കുന്നതിനുമുമ്പ് ഇതുകൂടെ ഓര്‍ക്കുക, നമ്മളു രസത്തിനുവേണ്ടി ചെയ്യുന്നത് എന്തായാലും അതു മറ്റുള്ളവരുടെ മാനം കെടുത്തുന്നതാകരുത്."
 
ഒരു മറുപടിയും പറയാതെ അവര് അപ്പുറത്തെ സീറ്റിലേയ്ക്കുമാറിയപ്പോള്‍ ഞാനെന്‍റെ സഞ്ചി തിരിച്ചെടുത്തു. പിന്നീട് ആ വശത്തേയ്ക്കു ശ്രദ്ധിക്കാനേ പോയില്ല. പഴയ സൈഡുസീറ്റിലേയ്ക്കുതന്നെ പറ്റിക്കൂടിയിരുന്നപ്പോള്‍ ഓരോരോ ഓര്‍മ്മകള്‍ കടന്നുവന്നു. എന്നെ പുരോഹിതനായി അഭിഷേകം ചെയ്തശേഷം അന്ന് അഭിവന്ദ്യ പടിയറപിതാവ് പറഞ്ഞ സന്ദേശത്തില്‍ പരാമര്‍ശിച്ച സംഭവമാണ് ആദ്യം ഓര്‍മ്മയിലെത്തിയത്. വത്തിക്കാന്‍ മ്യൂസിയത്തില്‍ നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെടുന്ന ആയിരക്കണക്കിനു ശില്പങ്ങളുണ്ട്. അതിലൊരെണ്ണം അതുപ്രതിഷ്ഠിച്ചിരുന്ന പീഠം കാലപ്പഴക്കംകൊണ്ടു ദ്രവിച്ചതിനാല്‍ താഴെവീണുടയാനിടയായി. അതു വീണുടഞ്ഞതും, വീണുചിതറിയ ശില്പത്തിന്‍റെ ഫോട്ടോയും ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടും വാര്‍ത്തയായി. വീണുടയാത്തതും, അതിവിശിഷ്ടങ്ങളുമായ എണ്ണമറ്റ ശില്പങ്ങളവിടെയുണ്ടായിരുന്നിട്ടും വാര്‍ത്തയും പടവും പത്രത്താളുകളില്‍ വന്നത് ഉടഞ്ഞ ആ ഒന്നിന്‍റെതു മാത്രം!
 
ഇന്നും ഇടവകയില്‍ സേവനംചെയ്യുന്ന ഒരു വികാരിയച്ചനെപ്പറ്റി അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റായിരുന്ന ഒരു കൊച്ചച്ചന്‍ പറഞ്ഞ സംഭവം ഓര്‍മ്മയിലെത്തി. ഇടവകയിലെ പാവപ്പെട്ട ഒരുകുടുംബം. മക്കളാരും ജോലിക്കാരല്ല. പഠിച്ചുകൊണ്ടിരിക്കുന്നതെയുള്ളു. അപ്പന്‍റെ അദ്ധ്വാനമാണ് ജീവിതമാര്‍ഗ്ഗം. കഷ്ടപ്പെട്ടു കുടുംബം പുലര്‍ത്തുന്ന കുടുംബനാഥന് ജോലിക്കിടയിലുണ്ടായ ഗുരുതരമായ അപകടം. നാട്ടുകാരുമായി സഹായത്തിനെത്തിയത് വികാരിയച്ചനായിരുന്നു. അതില്‍നിന്നും രക്ഷപെട്ട് അധികം വൈകാതെ മാരകമായ രോഗംബാധിച്ച് കിടക്കയിലായപ്പോഴും പിന്തുണ പിന്‍ബലവും കൊടുത്തിരുന്നത് അച്ചനാണ്. രോഗം ഗുരുതരമായി ഭാര്യയും മക്കളും മെഡിക്കല്‍ കോളേജിലായിരുന്നപ്പോഴും അച്ചന്‍റെ തണലുണ്ടായിരുന്നു. മരണാസന്നനായപ്പോള്‍ ഭാര്യയും മക്കളും അപ്പന്‍റെയടുത്തായിരുന്ന സമയത്ത് വീടും പരിസരവും അടിച്ചു വൃത്തിയാക്കിയത് ആളെയുംകൂട്ടി അച്ചനാണ്. മരണത്തിനുമുമ്പ് ആശുപത്രിയിലെത്തി പ്രാര്‍ത്ഥിച്ച് ആശ്വസിപ്പിച്ചു. മരണവിവരമറിഞ്ഞപ്പോള്‍തന്നെ വീട്ടില്‍ പന്തലിടാനും, ലൈറ്റിടാനും മറ്റെല്ലാ ക്രമീകരണങ്ങളും നടത്താനും കൊച്ചച്ചനെയുംകൂട്ടി വേണ്ടതെല്ലാം ഏര്‍പ്പാടാക്കിയത് വികാരിയച്ചനാണ്. ഇതൊന്നും ആരും ആവശ്യപ്പെട്ടിട്ടല്ല, ആരെയും കാണിക്കാനും അറിയിക്കാനുമല്ല, ഒരിടയന്‍റെ ധര്‍മ്മം; അത്രമാത്രം. ഒരാള്‍ക്കുവേണ്ടി മാത്രമല്ല, എവിടെ ആവശ്യമുണ്ടായാലും.
 
ഇങ്ങനെയുള്ള എത്രയോ അച്ചന്മാരെ എനിക്കു നേരിട്ടറിയാം. പക്ഷെ ഇവരെയൊക്കെ ആരറിയുന്നു. ശരിയാണ്, ഊനമില്ലാത്ത ആയിരങ്ങളെക്കാള്‍, എങ്ങാനും ബലക്ഷയംകൊണ്ട് ഉടഞ്ഞതുമാത്രമാണു വാര്‍ത്ത!! അതൊക്കെയോര്‍ത്തിരുന്നങ്ങു മയങ്ങിപ്പോയി. സീറ്റിലാളുവന്നിരുന്നപ്പോളാണ് ഉണര്‍ന്നത്. ഒന്നുകൂടെ ശ്രദ്ധിച്ചുനോക്കി. സംശയമില്ല, അവരുതന്നെ. ആ കോളേജുപിള്ളേര്. എന്താണവരുടെ ഭാവമെന്നറിയാത്തതുകൊണ്ടു ചുമ്മാതെ അവരെനോക്കി ചിരിച്ചു. ആപ്പു വയ്ക്കാനാണ് അവരുടെ ഭാവമെങ്കിലോ!
"അച്ചനാണോ?"
ഞാന്‍ അതേയെന്നു പറഞ്ഞപ്പോള്‍ അവരു കണ്ണില്‍ക്കണ്ണില്‍ നോക്കി.
"ഞങ്ങള്‍ക്കു സംശയം തോന്നിയാരുന്നു. ഏതായാലും ഞങ്ങളു മൊബൈലിലെ മെസ്സേജും വീഡിയോയുമെല്ലാം ഡിലീറ്റു ചെയ്തു. കഴിഞ്ഞദിവസം വികാരിയച്ചനും അച്ചന്‍ പറഞ്ഞതുതന്നെ പറഞ്ഞായിരുന്നു."
"ഞങ്ങളിനീം അച്ചന്‍ പറഞ്ഞപോലെയുള്ള കുറെയെണ്ണം പോസ്റ്റുചെയ്യാന്‍ തീരുമാനിച്ചു. അച്ചന്‍റെ നമ്പരു തന്നാല്‍ ഞങ്ങളിടുന്ന പോസ്റ്റുകളച്ചനും അയച്ചുതരാം."
"ആര്‍ക്കിട്ടും ആപ്പുവയ്ക്കുന്ന ആപ്പൊന്നും ഇട്ടേക്കരുത്."
യാത്ര തീരുന്നതുവരെ പറയാവുന്നത്ര സംഭവങ്ങള്‍ പറഞ്ഞു ഞങ്ങളിരുന്നു. അതൊക്കെ പലപ്പോഴായി മൊബൈലില്‍വരുന്നതു പ്രതീക്ഷിച്ചിരിക്കയാണു ഞാന്‍.
 

You can share this post!

കോളാമ്പി

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കൊക്രോണ..

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts