news-details
READER'S DESK

മരുഭൂമിയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന സത്യങ്ങള്‍

 
 
 
ഫാ. ജോസ് വെട്ടിക്കാടിന്‍റെ 'ഇടിയും മിന്നലും' പതിവുപോലെ നല്ല രീതിയില്‍ പുരോഗമിക്കുന്നു. സാധാരണ വായനക്കാര്‍ക്കുപരിയായി മറ്റു വൈദികരും ധ്യാനഗുരുക്കന്മാരും എല്ലാം ഈ കോളം വായിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. കാരണം സഭയില്‍ ക്രിസ്തീയത വരണമെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. കാരണം സഭയില്‍ ക്രിസ്തീയത വരണമെങ്കില്‍ ആദ്യം വൈദികരിലും സന്ന്യാസികളിലും അത് ഉണ്ടാകണം. 

ഷാജി കരിംപ്ലാനിലിന്‍റെ 'വേദധ്യാനവും' ബിജു മഠത്തിക്കുന്നേലിന്‍റെ 'എന്‍റെ ദൈവം' എന്ന കോളവും നല്ല രീതിയില്‍ പുരോഗമിക്കുന്നു. അവരുടെ നീരിക്ഷണങ്ങളും ഗുരുശ്രേഷ്ഠനായ സിപ്രിയന്‍ ഇല്ലിക്കമുറിയുടെ മുന്നറിയിപ്പും ചേര്‍ത്തു വായിക്കുമ്പോള്‍ 'മിശിഹായെ സ്നേഹിക്കുന്നതിനാല്‍ സഭയെപ്പറ്റി വേദനിക്കുന്നവരുടെ' ചിന്തകള്‍ ഒരേ രീതിയിലാണ് പോകുന്നത് എന്ന് മനസ്സിലാക്കുന്നു. (വായനക്കാരനും ഒരു ലേഖകനും എന്ന നിലയ്ക്ക് എന്‍റെ മനസ്സിനെ മഥിക്കുന്ന പ്രശ്നമാണിത്.)
ചില സാമ്പിളുകള്‍
1. "... ഇവിടുത്തെ വചനപ്രഘോഷകരോട് ഒരു കാര്യം പറയട്ടെ.... നിങ്ങളെന്തുകൊണ്ടാണ് നിങ്ങളുടെ വിജയങ്ങളും നിങ്ങള്‍ ചെയ്ത അത്ഭുതങ്ങളും ഇത്രമാത്രം മൈക്കിലൂടെ വിളിച്ചുപറയുന്നത്? സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നുപോയ ഒരു ദൈവത്തെക്കൊണ്ട് നിങ്ങള്‍ക്ക് എങ്ങനെയാണ് വിജയങ്ങള്‍ ആഘോഷിക്കാനാകുന്നത്?" (വേദധ്യാനം ജൂണ്‍ 2018).
2. "...സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ കൂടുതല്‍ ലൈക്ക് കിട്ടുന്നതെല്ലാം കൂടുതല്‍ മൂല്യമുള്ള വാര്‍ത്തകളോ അറിവുകളോ ആകാത്തതുപോലെ വിശ്വാസികള്‍ തടിച്ചുകൂടുന്നിടത്തെല്ലാം മെച്ചപ്പെട്ട   പ്രഘോഷണം നടക്കുന്നില്ലെന്ന് മനസ്സിലാക്കണം..." (എന്‍റെ സ്വന്തം ദൈവം, ജൂലൈ 2018)
3. "വചനം ശ്രവിക്കുന്നതിനും ധ്യാനിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും ജീവിതനവീകരണം നടത്തുന്നതിനും അങ്ങനെ ക്രിസ്തീയ ആദ്ധ്യാത്മികതയെ പരിപോഷിപ്പിക്കുന്നതിനും വളരെയേറെ സഹായകരമായ കാര്യങ്ങളാണ് ധ്യാനകേന്ദ്രങ്ങള്‍ ചെയ്യുന്നത്, ചെയ്യേണ്ടത്.... എന്നാല്‍ ഇന്നു പല ധ്യാനകേന്ദ്രങ്ങളും അവരുടെ പരിപാടികള്‍ വലിയ അനുഷ്ഠാനങ്ങളാക്കിത്തീര്‍ത്തുകൊണ്ടിരിക്കുകയാണ്. അവരുടെ അനുഷ്ഠാനങ്ങളാണ് ശബ്ദായമാനമായ അനുഷ്ഠാനങ്ങളാക്കി മാറ്റുന്നത്. (അനുഷ്ഠാനങ്ങളില്‍ മറയുന്ന ദൈവം - ഡോ സിപ്രിയന്‍ ഇല്ലിക്കമുറി ജൂലൈ 2018).
പല വിദഗ്ദരും ഒരുപോലെ രോഗനിര്‍ണയം നടത്തിയിട്ടും ഉത്തരവാദിത്വപ്പെട്ടവര്‍ ചികിത്സ നടത്തുന്നില്ല. ഈ ലേഖകനും ധ്യാനങ്ങള്‍ വേണമെന്ന അഭിപ്രായമുള്ള ആളാണ്. പക്ഷേ അത് 'ധ്യാനം' തന്നെ ആയിരിക്കണം. 'മനസ്സിനും ഹൃദയത്തിനും മാറ്റം' (മാനസാന്തരം) വരുത്തുകയും സുവിശേഷങ്ങളനുസരിച്ച് ജീവിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനയുടെയും മനനത്തിന്‍റെയും അവസരം ആയിരിക്കണം ധ്യാനം. പ്രാര്‍ത്ഥനയെന്നാല്‍ 'ബഹളവും' ധ്യാനപ്രസംഗം എന്നാല്‍ വളരെ ഉച്ചത്തില്‍ പ്രസംഗിക്കുകയോ, വെറുതെ പൊട്ടിച്ചിരിപ്പിക്കുകയോ രസിപ്പിക്കുകയോ  ചെയ്യുന്ന പ്രക്രിയ ആണെന്നും ഉള്ള തെറ്റായ ധാരണ മാറ്റിയെടുക്കണം. അതിനൊക്കെയാണെങ്കില്‍ തമാശയും സ്റ്റണ്ടും ഉള്ള സിനിമ കണ്ടാല്‍ മതിയല്ലോ. ഫലത്തില്‍ നിന്നാണ് വൃക്ഷത്തെ അറിയേണ്ടത്. ധ്യാനം കൂടിയവരില്‍ എത്രശതമാനം പേര്‍ സമ്പത്ത് ദരിദ്രരുമായി പങ്കുവയ്ക്കുന്നവരായി മാറുന്നു? എത്ര ശതമാനം പേരുടെ ക്ഷമയുടെയും സഹനശക്തിയുടെയും ആഴം വര്‍ദ്ധിച്ചു? ക്ഷമിക്കാന്‍ കഴിയാത്തവര്‍ ക്രിസ്ത്യാനികള്‍ അല്ലല്ലോ?
'നവീകരണം' എന്നു പറയുന്ന എത്ര പേര്‍ക്ക് ജോബിനെപ്പോലെ വെല്ലുവിളിക്കാനാകും? "പാവങ്ങള്‍ ആഗ്രഹിച്ചതെങ്കിലും ഞാന്‍ മുടക്കിയിട്ടുണ്ടെങ്കില്‍, വിധവയുടെ കണ്ണുകള്‍ അന്ധമാക്കിയിട്ടുണ്ടെങ്കില്‍ എന്‍റെ ആഹാരം ഞാന്‍ തനിയേ ഭക്ഷിക്കുകയും അനാഥര്‍ക്ക് അതിന്‍റെ ഓഹരി ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍? യൗവനം മുതല്‍ അവനെ ഞാന്‍ പിതാവിനെപ്പോലെ പോറ്റുകയും ജനിച്ചപ്പോള്‍ മുതല്‍ നയിക്കുകയും ചെയ്തു."(ജോബ് 31: 16-18).
സഭയിലെ അധികാരികള്‍ - ബിഷപ്പുമാരും മറ്റ് അധികാരികളും ഈ ലേഖനങ്ങള്‍ ശ്രദ്ധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. 'ആഘോഷപൂര്‍വ്വകമായ ബൈബിള്‍ കണ്‍വെന്‍ഷനുകളുടെ ഉദ്ഘാടനവും' അതോടനുബന്ധിച്ചുള്ള പേപ്പര്‍ സപ്ലിമെന്‍റിലെ ഫോട്ടോയും കൊണ്ട് അവര്‍ തൃപ്തിയടയും. അവിടെ എന്തു പറയുന്നുവെന്ന് അവര്‍ പരിശോധിക്കുമോ? (അതവരുടെ ജോലിയുടെ ഭാഗമാകേണ്ടതാണ്.)
ചില ധ്യാനഗുരുക്കന്മാരെങ്കിലും കര്‍ത്താവിന്‍റെ സുവിശേഷത്തെക്കാള്‍ പ്രാധാന്യം നല്കുന്നത് അവര്‍തന്നെ ഉണ്ടാക്കുന്ന ചില 'നല്ല കോംബിനേഷനു'കള്‍ക്കാണ്. പഴയനിയമത്തിലെ പഞ്ചഗ്രന്ഥിയില്‍നിന്ന് പേടിപ്പിക്കാനുള്ള ഫോര്‍മുലകളും കുടുംബപ്രശ്നങ്ങള്‍ക്കുള്ള ചില സൈക്കോളജിക്കല്‍ ടിപ്സും വ്യക്തിപരമായ കഴിവനുസരിച്ച് ചില പൊടിക്കൈകളും. അവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ അതു മാത്രം പോരാ സുവിശേഷം ആണ് പ്രഘോഷിക്കപ്പെടേണ്ടത്. അത് കത്തോലിക്കാ ബൈബിള്‍ വ്യാഖ്യാനം അനുസരിച്ചും (അപ്പോള്‍, അപ്പോള്‍ വരുന്ന ആവശ്യം അനുസരിച്ചുമുള്ള വ്യാഖ്യാനമല്ല), രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ വെളിച്ചത്തിലുമായിരിക്കണം. ചില പ്രസംഗങ്ങള്‍ കേട്ടാല്‍ കത്തോലിക്കാ ബൈബിള്‍ വ്യാഖ്യാനങ്ങള്‍ നോക്കാറില്ല എന്നു തോന്നും.

ഇത്തരം ശബ്ദങ്ങള്‍ ഉയരേണ്ടതാണ്. പക്ഷേ ആര് ഇവ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തും എന്നറിയില്ല. നവീകരണത്തിന്‍റെ പേരില്‍ 'ഞങ്ങള്‍ നല്ലവരാണ്' എന്ന് തെറ്റായി അഭിമാനിക്കുന്ന കുറെ ഫരിസേയ മനസ്ഥിതിക്കാരെ സൃഷ്ടിച്ചതുകൊണ്ട് കണ്‍വെന്‍ഷനുള്ള കളക്ഷന്‍ ലഭിക്കുമെങ്കിലും സഭാസമൂഹത്തില്‍ മനസ്സിന്‍റെ മാറ്റം ഉണ്ടാകും എന്നു തോന്നുന്നില്ല. 'എന്‍റെ ദൈവം' ഇടപെടട്ടെ. 
 
 
 
 

You can share this post!

കത്തുകള്‍

എ. ജെ. കോട്ടയം
അടുത്ത രചന

കത്തുകൾ

പ്രദീപ് കെ.
Related Posts