news-details
എഡിറ്റോറിയൽ
“A church that does not provoke any crisis, preach a gospel that does not unsettle, proclaim a word of God that does not get under anyone’s skin or a word of God that does not touch the real sin of the society in which it is being proclaimed: what kind of gospel is that?”
- St. Oscar Romero
 
1980 മാര്‍ച്ച് 24-ന് പുലര്‍ച്ചെ ബലിയര്‍പ്പണത്തിനിടയില്‍ വെടിയേറ്റുവീണ ഓസ്കര്‍ റൊമേരോ എന്ന എല്‍സല്‍വദോറിലെ ആര്‍ച്ച് ബിഷപ്പ് ബലിയര്‍പ്പകനും ബലിവസ്തുവുമായി മാറിക്കൊണ്ടാണ് അള്‍ത്താര വണക്കത്തിലേക്ക് ഈ കഴിഞ്ഞ ദിനങ്ങളില്‍ ഉയര്‍ത്തപ്പെട്ടത്. നിരന്തരം കലുഷിതമായ കാലങ്ങളിലൂടെ കടന്നുപോകുന്ന ഒരു സഭ കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കുമപരിയായി സുവിശേഷത്തിന്‍റെ ആനന്ദത്തെ തിരയുമ്പോള്‍ സംഭവിക്കാവുന്ന ഏറ്റവും കുറഞ്ഞ അംഗീകാരമാണ് ഈ രക്തസാക്ഷിത്വം. ദാരിദ്ര്യവും അനീതിയും ചൂഴ്ന്നുനില്‍ക്കുന്ന ഒരു സമൂഹത്തില്‍ സുവിശേഷത്തിന്‍റെ സാധ്യതയും ക്രിസ്തുവിന്‍റെ രക്ഷയും നിരന്തരം ജീവിക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ സംഭവിക്കുന്ന അനിവാര്യമായ ഈ രക്തസാക്ഷിത്വം ഈ കാലഘട്ടത്തില്‍ എങ്ങനെ നേടാമെന്നത് ഇപ്പോഴും ഒരു വെല്ലുവിളിതന്നെയാണ്. 
 
കാലത്തിന്‍റെ ചുവരെഴുത്തുകളെയും ചരിത്രത്തെയും അവഗണിച്ചുകൊണ്ട് അധികകാലം ആര്‍ക്കും മുന്നോട്ടുപോകാന്‍ ആവില്ല. കണ്ണടച്ചാല്‍ എനിക്കുചുറ്റും ഒരിക്കലും ഇരുട്ടു പരക്കുകയുമില്ല. കാരണം പ്രകാശത്തിന്‍റെ രേണുക്കള്‍ എവിടെയും സുതാര്യമാണ്. മതം തലയ്ക്കുപിടിച്ചവരും വിശ്വാസത്തിന്‍റെ കാവലാളെന്ന് അവകാശപ്പെടുന്നവരും ഒരിക്കലും കാണാത്ത സാധാരണക്കാരന്‍റെ വിലാപങ്ങളെ, മുറിവുകളെ കരുണാപൂര്‍വ്വം പരിചരിക്കാന്‍ കാലം കരുത്തുതരട്ടെ. നിയമങ്ങളുടെ വള്ളിപുള്ളി തെറ്റാതെയുള്ള അനുവര്‍ത്തനത്തിനും വ്യാഖ്യാനത്തിനും പ്രപഞ്ചോല്‍പ്പത്തിമുതല്‍ ആളുണ്ടിവിടെ. എന്നാല്‍ നിയമങ്ങള്‍ക്കും ചട്ടക്കൂടുകള്‍ക്കുമപ്പുറം ഒരുവന്‍ 'വാതിലാ'ണെന്നും ആ 'വാതില്‍' കടന്നല്ലാതെ ഒരാടിനെയും വിട്ടുകൊടുക്കില്ലെന്നും നിലവിളിക്കുമ്പോള്‍ അത് സുവിശേഷത്തിന്‍റെ എങ്ങും മാറ്റൊലി സൃഷ്ടിക്കാതെ കൊഴിഞ്ഞുപോകുന്ന ശബ്ദമാണോയെന്ന് സംശയം തോന്നിപ്പിക്കുംവിധമാണ് കാര്യങ്ങള്‍ പലപ്പോഴും മുന്നോട്ടുപോകുക. ഇവിടെയാണ് ഈ കഴിഞ്ഞ 14-ാം തീയതി വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ട ആര്‍ച്ച് ബിഷപ്പ് റൊമേരെയും പോള്‍ ആറാമന്‍ മാര്‍പ്പാപ്പായുമൊക്കെ പ്രതീക്ഷയും പ്രത്യാശയുമായിത്തീരുന്നത്. വാര്‍പ്പുമാതൃകകളല്ല ക്രിസ്തീയ വിശുദ്ധരെന്നത് പകല്‍പ്പോലെ വ്യക്തമാകുകയാണിവിടെ.
 
വ്യവസ്ഥാപിത മതങ്ങളും അവയുടെ ചട്ടക്കൂടുകളും നിരന്തരം ഭയപ്പെടുന്ന ഒന്നായി ഇന്ന് 'ശരീരം' മാറിയിരിക്കുന്നു, പ്രത്യേകിച്ച് സ്ത്രീ ശരീരം. ജീവന്‍റെ തുടിപ്പായി മാറേണ്ട സ്ത്രീ ശരീരം ഒരു വസ്തുമാത്രമായി തരംതാഴ്ത്തിയതില്‍ ഉപഭോഗസംസ്കാരത്തിനും മതാന്ധതയ്ക്കും കൃത്യമായ പങ്കുണ്ട്. "പുരുഷ'മേധാവിത്വം' അല്ലെങ്കില്‍ 'നേതൃത്വം' എന്ന പ്രകൃതിനിയമത്തോടാണല്ലോ നമുക്ക് വിധേയത്വം. അപ്പോള്‍പ്പിന്നെ സ്ത്രീശരീരം ഭയക്കേണ്ട ഒന്നാണല്ലോ?" തികച്ചും യുക്തിരഹിതമായ വാദഗതികളിലൂന്നിയുള്ള ശരീര-രാഷ്ട്രനിര്‍മ്മിതികളെ പാടെ തള്ളിക്കളയാന്‍ മാത്രം മാനവരാശി പുരോഗമിക്കുമ്പോഴും തികച്ചും യാഥാസ്ഥിതികരായി തുടരാനാവുക എന്നത് ഭയചകിതമായ ഒരു മാനസികാവസ്ഥയില്‍ സംഭവിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ സ്നേഹമെന്നത് ഭയത്തെ നിഷ്കാസനം ചെയ്യുന്ന ദൈവികതയാണ്. ഗണികകള്‍ക്കും ചുങ്കക്കാര്‍ക്കും ഒപ്പം നടന്നവന്‍ കാണിച്ചു തരുന്ന മതവും സ്നേഹത്തിന്‍റേതാണ്, ഭയത്തിന്‍റേതല്ല. സ്നേഹനിരാസത്തിന് മുതിരുമ്പോള്‍ മാത്രമാണ് ഇവിടെ ഭയം ഉരുവാകുക. ശരീരത്തിന്‍റെ രാഷ്ട്രീയ സാധ്യതകളെ അപനിര്‍മ്മിക്കപ്പെടുന്ന ഒരു സാമൂഹിക മാറ്റത്തിന്‍റെ നടുവിലാണ് നാം ഇന്ന് നില്‍ക്കുന്നത്. ഈ മാറ്റത്തെ അതിന്‍റെ നന്മയില്‍ ഉള്‍ക്കൊള്ളാനാവുക കാലഘട്ടത്തിനതീതമായി ശരീരത്തെ വിഭജിച്ച് തന്നവന്‍റെ ആത്മീയതയെ ഉള്‍ക്കൊള്ളുന്നവര്‍ക്ക് മാത്രമാണ്. 
 
സാമൂഹിക മാധ്യമങ്ങളിലെ Me Too #   ഹാഷ്ടാഗ്  ആഘോഷിക്കപ്പെടുകയാണോ ധാരണകള്‍ കടപുഴകുകയാണോ എന്ന സന്ദേഹത്തിലാണിപ്പോള്‍ ലോകം. ഒരു കാര്യം പറയാതെ വയ്യ, ഇത്രകാലം സ്ത്രീയുടെ /അതിജീവിക്കുന്നവളുടെ കുറ്റവും നാണക്കേടുമായിരുന്നു സംഭവിക്കുന്ന ശാരീരിക മാനസിക പീഡനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ മുതല്‍ അത് വേട്ടക്കാരിലേക്കും പടര്‍ന്ന് കയറുന്നുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നു. കാരണങ്ങളും അകാരണങ്ങളും ശരിയും തെറ്റും സ്ത്രീ പുനര്‍നിര്‍ണ്ണയിക്കുന്ന ഈ ശരീരരാഷ്ട്രീയ യുദ്ധങ്ങള്‍ക്കുണ്ട്. എങ്കിലും കാലം കൂടുതല്‍ ശോഭനമാകാന്‍ ഇനി അധികകാലം വേണ്ടിവരില്ല.
 
ഈ ലക്കത്തില്‍ ഓസ്കര്‍ റൊമേരെയെ മുന്‍നിര്‍ത്തി ക്രിസ്തുസുവിശേഷത്തിന്‍റെ കാലിക സാംഗത്യത്തെ ജോര്‍ജ്ജ് വലിയപാടം അവതരിപ്പിക്കുന്നു. Me Too #   ഹാഷ്ടാഗിന്‍റെ രാഷ്ട്രീയത്തെയും അത് നിര്‍ണ്ണയിക്കുന്ന ഇടങ്ങളെയും അതിന്‍റെ പ്രസക്തിയെയും താരാ നന്ദകുമാര്‍ തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
 
ലിവിംഗ് ബ്രിഡ്ജ്
 
ഇനി മറ്റൊരു സന്തോഷവാര്‍ത്ത അസ്സീസിയുടെ പ്രിയ വായനക്കാരുമായി  പങ്കുവയ്ക്കട്ടെ. 
"ചേരിയിലെ വാസം മൂത്രശങ്കകളെപ്പോലും പിടിച്ചുനിര്‍ത്തി നിയന്ത്രിച്ചു ജീവിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഇന്നു നമ്മുടെ പെങ്ങന്മാര്‍ക്കുണ്ട്. നിരാശയുടെയും നിരാശ്രയത്വത്തിന്‍റെയും ഭയത്തിന്‍റെയും കൂടാരമായി വീടില്ലാത്തവന്‍/വള്‍ മാറുമ്പോള്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളെങ്കിലും എന്നെ പൊള്ളിക്കണം. ആ പൊള്ളലിനു മാത്രമേ എന്തെങ്കിലും ഇനി ഇവിടെ ചെയ്യാനാവൂ. ആരാധനാലയങ്ങളില്‍ ഉയരുന്ന സ്തോത്രങ്ങള്‍ക്കൊപ്പം ഈ പൊള്ളലുകള്‍ നമുക്ക് തിരിച്ചറിയാനാകണം. അല്ലാത്ത ആരാധനകളൊക്കെ നിറം പിടിപ്പിച്ച കഥകള്‍ മാത്രമായി, ആഴമില്ലാതെ സോപ്പുകുമിളയുടെ ആയുസ്സോടെ അവസാനിക്കും". 
 
- ജൂണ്‍ 2017 അസ്സീസി
 
വീടില്ലാത്തവന്‍റെ വേദന പങ്കുവച്ച അസ്സീസിയുടെ ആ ലക്കത്തോട് പ്രതികരിച്ച ഒരു വായനക്കാരന്‍ തന്‍റെ പുരയിടത്തില്‍ ഒരു ഭാഗം മൂന്ന്/നാല് കുടുംബങ്ങള്‍ക്കായി പകുത്തുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. പ്രളയബാധിത കാലഘട്ടത്തില്‍ തികച്ചും പ്രതീക്ഷ നല്‍കുന്ന ഒരു തീരുമാനം. ഒപ്പം ചില വായനക്കാരുടെ സഹകരണത്താല്‍ കുട്ടനാട്ടിലെ ഒരു ഗവ. സ്കൂളില്‍ റിവേഴ്സ് ഓസ്മോസിസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശുദ്ധജല പദ്ധതിയും സാധ്യമായി. വിശദവിവരങ്ങള്‍ വരുംലക്കത്തില്‍ ലിവിംഗ് ബ്രിഡ്ജ് എന്ന പേജില്‍ വായിക്കാം.

You can share this post!

മുഖക്കുറിപ്പ്

ടോം കണ്ണന്താനം
അടുത്ത രചന

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts