news-details
അക്ഷരം

അത്യാനന്ദത്തിന്‍റെ ദൈവവൃത്തിയും സൂഫിസവും

'കുഞ്ഞുകാര്യങ്ങളുടെ ദൈവം' എന്ന നോവലിനുശേഷം അരുന്ധതി റോയി എഴുതിയ നോവലാണ് 'അത്യാനന്ദത്തിന്‍റെ ദൈവവൃത്തി.' ചരിത്രത്തെ അധോതലത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ പക്ഷത്തുനിന്ന് വീക്ഷിക്കുകയാണ് എഴുത്തുകാരി. ആക്റ്റിവിസ്റ്റെന്ന നിലയിലുള്ള അരുന്ധതി റോയിയുടെ ഇടപെടലുകളുടെ തുടര്‍ച്ചയാണീ നോവല്‍. മൂന്നാം ലിംഗത്തില്‍പെട്ട കഥാപാത്രത്തെ കേന്ദ്രസ്ഥാനത്തുനിര്‍ത്തി സമകാലികഭാരതചരിത്രത്തെ അപനിര്‍മ്മിക്കുകയാണ് അരുന്ധതി. കഴിഞ്ഞ മൂന്നുനാലു ദശകങ്ങളില്‍ നാം നേരിട്ട പ്രധാനപ്രശ്നങ്ങളെല്ലാം നോവലില്‍ കടന്നുവരുന്നു. പ്രണയവും മനുഷ്യജീവിതവുമെല്ലാം വിവരിക്കപ്പെടുമ്പോഴും ഈ കൃതി യഥാര്‍ത്ഥത്തില്‍ വേരുറപ്പിച്ചിരിക്കുന്നത് രാഷ്ട്രീയത്തിലും ചരിത്രത്തിലുമാണ്. ഭരിക്കുന്നവരുടെ പക്ഷത്തുനിന്നല്ല അരുന്ധതി ചരിത്രത്തെ നോക്കിക്കാണുന്നത്. ഭരിക്കപ്പെടുന്നവരുടെ അനുഭവപരിസരമാണ് ഈ 'ദൈവവൃത്തി'യില്‍ പ്രാധാന്യം കൈവരിക്കുന്നത്. സാധാരണക്കാരന്‍റെ സന്തോഷത്തെ ഹനിച്ചുകൊണ്ടാണ് അധികാരം തേര്‍വാഴ്ച നടത്തുന്നത്. 
അന്‍ജും എന്ന ട്രാന്‍സ്ജെന്‍റര്‍ കഥാപാത്രത്തിലൂടെയാണ് അരുന്ധതിയുടെ അന്വേഷണം പ്രധാനമായും മുന്നേറുന്നത്. ഡല്‍ഹിയും കാശ്മീരും അസ്വസ്ഥത നിലനില്‍ക്കുന്ന പല സംസ്ഥാനങ്ങളും ആഖ്യാനത്തില്‍ കടന്നുവരുന്നു. സിക്ക്വിരുദ്ധകലാപവും ഗുജറാത്ത്  കൂട്ടക്കൊലയും കാശ്മീര്‍ പ്രശ്നവും നക്സല്‍ പ്രശ്നവുമെല്ലാം നോവലിന്‍റെ ഭാഗമാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ആധിപത്യം സമൂഹത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കുന്നു എന്ന ചിന്തയും പ്രധാനമാണ്. അതുകൊണ്ടാണ് അരുന്ധതിയുടെ നോവല്‍ രാഷ്ട്രീയമായി പക്ഷംചേരുന്നത്. 'എന്താണ് സത്യം?' എന്ന ചോദ്യംതന്നെയാണ് സുപ്രധാനം. രാഷ്ട്രീയമാണെങ്കിലും മതമാണെങ്കിലും മനുഷ്യയാതനകള്‍ കാര്യമാക്കുന്നില്ല എന്നതാണ് സത്യം. മനുഷ്യന്‍റെ ജീവിതത്തില്‍നിന്ന് സന്തോഷവും സമാധാനവും കവര്‍ന്നെടുക്കുന്നത് രാഷ്ട്രീയവും മതവുമാകുമ്പോള്‍ സാധാരണക്കാര്‍ എന്തുചെയ്യും എന്നതാണ് കാതലായ വിഷയം. ഭീതിജനകമാംവിധം ശക്തിയാര്‍ജിക്കുന്ന പ്രതിലോമശക്തികളെ അരുന്ധതി കാണാതിരിക്കുന്നില്ല.
മനുഷ്യന്‍ സന്തോഷമാണ് അന്വേഷിക്കുന്നത്. ഹിജഡകളുടെ സൃഷ്ടിയെക്കുറിച്ച് നാം ഇപ്രകാരം വായിക്കുന്നു: "ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്തോഷിക്കാന്‍ സാധിക്കാത്ത ഒരു ജീവിയെ സൃഷ്ടിക്കുക. അതിനാല്‍ അദ്ദേഹം നമ്മളെ സൃഷ്ടിച്ചു." ഒരിക്കലും സന്തോഷിക്കാന്‍ കഴിയാത്ത ഒരു കൂട്ടം ആളുകള്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയാണിവിടെ. എവിടെയും മാറ്റിനിര്‍ത്തപ്പെടുന്നവര്‍ ശ്മശാനഭൂവില്‍ ഒത്തുകൂടുന്നു. പുറന്തള്ളപ്പെട്ടവരുടെ ചരിത്രം മുഖ്യധാരാചരിത്രത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു. മുഖ്യധാരയെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ ചേദ്യംചെയ്യുന്നു. "ഇന്ത്യയും പാക്കിസ്ഥാനും നമ്മുടെ ഉള്ളില്‍തന്നെ. ഇതൊരിക്കലും ശമിക്കുന്നില്ല. അതിനു കഴിയില്ല" എന്നതാണ് അരുന്ധതിയുടെ നിരീക്ഷണം. അസ്വസ്ഥത സൃഷ്ടിച്ച് അധികാരം കൊയ്യുന്നവര്‍ എന്നും അരങ്ങുവാഴുന്നു. നഷ്ടപ്പെട്ട  കാലത്തെ വീണ്ടെടുക്കാന്‍ വിഫലശ്രമം നടത്തുന്നവരാണ് അന്‍ജുവിനെപ്പോലുള്ള കഥാപാത്രങ്ങള്‍. അവര്‍ ജീവിക്കുന്നത് മറ്റൊരുലോകത്തിലും മറ്റൊരു കാലത്തിലുമായിരുന്നു. അവരുടെ കണ്ണീര്‍ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല.
വികസനത്തെക്കുറിച്ചുള്ള പൊതുബോധവത്കരണം പങ്കുവയ്ക്കുന്ന എഴുത്തുകാരിയല്ല അരുന്ധതിറോയി. "ഒരു കാലത്ത് കാടുകള്‍ നിറഞ്ഞുനിന്ന സ്ഥലങ്ങളില്‍ അംബരചുംബികളും ഉരുക്കുനിര്‍മ്മാണശാലകളും വന്നു. നദികളെ കുപ്പികളിലടച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ വിറ്റു. മത്സ്യങ്ങളെ ടിന്നിലടച്ചു, മലകളെ തുരന്ന് ഖനികളാക്കി, അവയെ തിളങ്ങുന്ന മിസൈലുകളാക്കി. വമ്പിച്ച അണക്കെട്ടുകള്‍ നഗരങ്ങളെ ക്രിസ്മസ് മരങ്ങളെന്നപോലെ ദീപാലംകൃതമാക്കി. എല്ലാവര്‍ക്കും സന്തോഷമായിരുന്നു." ഇതിന് മറ്റൊരു വശവുമുണ്ട് എന്ന യാഥാര്‍ത്ഥ്യം അരുന്ധതി കാണാതിരിക്കുന്നില്ല. "ദീപാലങ്കാരങ്ങള്‍ക്കും പരസ്യങ്ങള്‍ക്കുമകലെ ഗ്രാമങ്ങള്‍ ശൂന്യമാക്കപ്പെടുകയായിരുന്നു, നഗരങ്ങളും. ദശലക്ഷക്കണക്കിന് ആളുകള്‍ നീക്കംചെയ്യപ്പെട്ടു. പക്ഷേ എങ്ങോട്ടെന്നു മാത്രം ആര്‍ക്കുമറിയില്ല." ഇങ്ങനെ പുറത്താക്കപ്പെട്ടവരുടെ ചരിത്രം കൂടിയാണ് നോവലിസ്റ്റ് വരച്ചിടുന്നത്. പുതുതായുണ്ടായ ഭവനരഹിതര്‍ നഗരത്തിലെ വിള്ളലുകളിലും വിടവുകളിലുമാണ് ജീവിക്കുന്നതെന്ന് നാം മനസ്സിലാക്കുന്നു. വന്‍ശക്തികളുടെ കമ്പോളഭരണത്തില്‍ ദുര്‍ബലരായവര്‍ അരികുകളിലേക്ക് വകഞ്ഞുമാറ്റപ്പെടുന്നു.
കാശ്മീര്‍ പ്രശ്നം ഈ നോവലില്‍ പ്രധാനസ്ഥാനത്തുനില്‍ക്കുന്നു. എല്ലായിടത്തും മരണം ചുറ്റിനടക്കുന്ന അനുഭവം. മരണമായിരുന്നു എല്ലാം. മരിക്കുക എന്നത് മറ്റൊരു ജീവിതമായി. ഉദ്യാനങ്ങളിലും പുല്‍മേടുകളിലും പുഴക്കരകളിലും പാടങ്ങളിലും വനപാര്‍ശ്വങ്ങളിലും ഖബറിടങ്ങള്‍ പൊന്തിവന്നു. കുട്ടികളുടെ പല്ലുകള്‍പോലെ മീസാന്‍കല്ലുകള്‍ മണ്ണില്‍നിന്ന് മുളച്ചുവന്നു. ഒരു ദേശം മരണത്താല്‍ ചുറ്റപ്പെടുന്നത് കൃത്യമായി അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. "മരിച്ചവര്‍ മാത്രമേ സ്വതന്ത്രരായിരിക്കുന്നുള്ളൂ" എന്നാണ് നാം വായിക്കുന്നത്. 'മുഖ്യഇന്ത്യയുടെ വിഡ്ഢിവത്കരണം മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ വേഗത പ്രാപിച്ചുകൊണ്ടിരിക്കുന്നു.' മനുഷ്യബോധത്തെ നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്കു കൊണ്ടുപോകുന്ന പ്രക്രിയയെയാണ് വിഡ്ഢിവത്കരണം എന്ന് അരുന്ധതി വിളിക്കുന്നത്. പുരാണങ്ങളെ ചരിത്രമാക്കുകയും ചരിത്രത്തെ പുരാണമാക്കുകയും ചെയ്യുന്ന ലോകമാണിത്. ചരിത്രം മുന്‍പെങ്ങുമില്ലാത്തവിധം പ്രശ്നഭരിതമാകുന്നു. 'ചരിത്രം എന്നത് ഭൂതകാലത്തെക്കുറിച്ചുള്ള പഠനം എന്നതുപോലെ ഭാവിയെക്കുറിച്ചുള്ള വെളിപാടുകളായി' എന്ന് അരുന്ധതി എഴുതുന്നു.
അരുന്ധതി റോയിയുടെ നോവലുകള്‍ പല അടരുകള്‍ ഉള്ളതാണ്. ബഹുസ്വരമായ അര്‍ത്ഥസാധ്യതകള്‍ നോവലിന് കൂടുതല്‍ ആഴം നല്‍കുന്നു. പാര്‍ശ്വവത്കൃതരുടെ ജീവിതവും രാഷ്ട്രീയവുമെല്ലാം ഇതില്‍ പ്രധാനമാണ്. സമകാലികഭാരതത്തിന്‍റെ അവസ്ഥ സൂക്ഷ്മമായി ആവിഷ്കരിക്കാന്‍ അരുന്ധതിക്കു സാധിക്കുന്നു. ദശകങ്ങളായി അവര്‍ എഴുതിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയലേഖനങ്ങളുടെ തുടര്‍ച്ചയാണ് 'അത്യാനന്ദത്തിന്‍റെ ദൈവവൃത്തി.' അപ്രിയസത്യങ്ങളാണ് നോവലിസ്റ്റ് വിളിച്ചുപറയുന്നത്. (അത്യാനന്ദത്തിന്‍റെ ദൈവവൃത്തി- അരുന്ധതി റോയി- വിവ: ജോണി എം. എല്‍. - ഡി. സി. ബുക്സ്)   
മൗനത്തെക്കുറിച്ച്
പ്രകാശ് രാജ് ഒരു നടന്‍ മാത്രമല്ല, കൃത്യമായ രാഷ്ട്രീയബോധ്യം വച്ചുപുലര്‍ത്തുന്ന വ്യക്തിയുമാണ്. നമ്മുടെ നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിലോമകരമായ സംഭവങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം മടിക്കുന്നില്ല. ജീവിതവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങളുടെ സമാഹാരമാണ് 'നമ്മെ വിഴുങ്ങുന്ന മൗനം' എന്ന ഗ്രന്ഥം. ചെറിയ കാര്യങ്ങളില്‍നിന്ന് ദര്‍ശനങ്ങളിലേക്ക് അദ്ദേഹം നയിക്കുന്നു.
പ്രകൃതിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് പ്രകാശ് രാജ് ആരംഭിക്കുന്നത്. 'മനുഷ്യന്‍ പ്രകൃതിയേക്കാള്‍ വലിയവനായാല്‍ ഇങ്ങനെയാണ് സംഭവിക്കുക' എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. 'പ്രകൃതിയെക്കൂടാതെ മനുഷ്യനു ജീവിക്കാനാവില്ല. മനുഷ്യനില്ലെങ്കിലും പ്രകൃതിയുണ്ടായിരിക്കും' എന്ന് അദ്ദേഹം എടുത്തുപറയുന്നു. നാം നില്‍ക്കുന്ന ഭൂമിയെ മറന്നിരിക്കുന്നു. കാപട്യങ്ങളെ ചേര്‍ത്തുപിടിച്ച് അത്യാര്‍ത്തികളില്‍തന്നെ കാലം കഴിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. നമ്മളെല്ലാവരും നാളെകള്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത്. അതിനായി ഇന്നിനെ കൊല്ലുന്നു. കൊല്ലുക എന്ന പ്രക്രിയയില്‍ മുഴുകിയതുകൊണ്ട് സമാധാനം നഷ്ടപ്പെട്ട്, അതിനെ അന്വേഷിച്ച് എവിടെയെന്നില്ലാതെ നാം അലയുകയാണ് എന്നതാണ് സത്യം. ജീവിതം തന്നെ ചെടിച്ചട്ടിയിലെ കൃഷിയായിത്തീര്‍ന്നിരിക്കുന്നു  എന്ന് പ്രകാശ് രാജ് തിരിച്ചറിയുന്നു. 
മനുഷ്യന്‍ ഒരു ദ്വീപല്ല എന്ന് പ്രകാശ് രാജ് മനസ്സിലാക്കുന്നു. 'ദ്വീപ് ആകുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. സമൂഹത്തിനുവേണ്ടി ധാരണകള്‍, അനുഭവം, ശക്തി എന്നിവ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ നിരാശ, ഒറ്റപ്പെടല്‍ ഒക്കെ പിടികൂടും' എന്ന് അദ്ദേഹം പറയുന്നു. വ്യക്തിയെ അവന്‍ എത്തിയ ഉയരംകൊണ്ടല്ല അളക്കേണ്ടത്. താന്‍ നേടിയതില്‍നിന്ന് സമൂഹത്തിന് തിരിച്ചുനല്‍കി എന്നതിന്‍റെ അടിസ്ഥാനത്തില്‍വേണം എന്നതാണ് അദ്ദേഹത്തിന്‍റെ വീക്ഷണം. അത്യാര്‍ത്തി എന്നത് ഒരു തരത്തില്‍ ഹനുമാന്‍റെ വാലിനുപിടിച്ച തീപോലെയാണ്. പോയിടത്തൊക്കെയും പോയവഴിയൊക്കെയും ചുട്ടുകരിച്ച് ലങ്കയാക്കിക്കളയും എന്നത് സുപ്രധാനമാണ്. 'മനുഷ്യന്‍ കൊടുത്തു ജീവിക്കണം. ഇന്നു നമ്മള്‍ കെട്ടുകെട്ടിവച്ച് ജീവിക്കുകയാണ്' എന്ന് പ്രകാശ് രാജ് കാലത്തെ അടയാളപ്പെടുത്തുന്നു.
എല്ലാറ്റിനും വിലകല്പിച്ചുകൊണ്ട്, പണം നോക്കികളായി നാം മനസ്സമാധാനം കളഞ്ഞുകുളിച്ചിരിക്കുന്നു എന്നതാണ് നമ്മുടെ വലിയ അപരാധം. മനസമാധാനം വിലയ്ക്കുവാങ്ങാനുള്ള കഴിവ് പണത്തിനില്ല. മനസ്സമാധാനം ആര്‍ക്കും തരാനാവില്ല. എങ്ങനെ നമ്മുടെ ജീവിതം നമ്മള്‍തന്നെ ജീവിക്കേണ്ടതുണ്ടോ അങ്ങനെ നമ്മുടെ മനസ്സമാധാനം നാം തന്നെ നേടിയെടുക്കണം എന്ന വീക്ഷണം മഹത്ത്വമുള്ളതാണ്. നുണയുടെ സംസ്കാരത്തെ സത്യത്തിന്‍റെ വെളിച്ചത്താല്‍ തിരുത്തിക്കുറിക്കണമെന്നാണ് ലേഖകന്‍ ആവശ്യപ്പെടുന്നത്. സത്യത്തിന്‍റെയും ജ്ഞാനത്തിന്‍റെയും ബലമെല്ലാം അര്‍ത്ഥപൂര്‍ണമാക്കുന്നത് ബലഹീനര്‍ക്ക് അതു സഹായമാകുമ്പോഴാണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നു.
പ്രകാശ് രാജിന്‍റെ പുസ്തകം പ്രകാശം വിതറുന്ന ചിന്തകള്‍ നിറഞ്ഞതാണ്. ചുറ്റുമുളള മനുഷ്യരെ കാണാതെ ജീവിതം യഥാര്‍ത്ഥമല്ല എന്നതാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. വര്‍ത്തമാനകാലം എങ്ങനെയാണ് മനുഷ്യനെ ചുരുക്കികളയുന്നതെന്ന് അദ്ദേഹം കണ്ടെത്തുന്നു. 'നമ്മളെത്തന്നെ രക്ഷിക്കാന്‍ നാലു ചുമരുകള്‍ കെട്ടിക്കൊണ്ട് ഭയന്നുകഴിയുന്ന നമ്മുടെ ഇടുങ്ങിയ ജീവിതത്തെ ഒരു ജനല്‍ വിശാലമാക്കിത്തീര്‍ക്കും' എന്നു നാം മനസ്സിലാക്കുന്നു. ചുറ്റുപാടുകളിലേക്ക് തുറക്കുന്ന നിരവധി ജാലകങ്ങളാണ് പ്രകാശ് രാജ് ഈ പുസ്തകത്തില്‍ കാണിച്ചുതരുന്നത്.(നമ്മെ വിഴുങ്ങുന്ന മൗനം - പ്രകാശ് രാജ് - വിവ: സുധാകരന്‍ രാമന്തളി- ഡി. സി. ബുക്സ്) 
സൂഫി സൂക്തങ്ങള്‍
ഇസ്ലാമിലെ മിസ്റ്റിക്ധാരയാണ് സൂഫിസം. ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറത്ത് ആത്മീയതയുടെ, അന്വേഷണങ്ങളുടെ വഴിയാണ് സൂഫിസത്തിന്‍റെത്. സൂഫിസത്തെക്കുറിച്ച് മലയാളത്തില്‍ ഏറെ എഴുതിയ ഇ. എം. ഹാഷിമിന്‍റെ പുതിയ പുസ്തകമാണ് '366 സൂഫിസൂക്തങ്ങള്‍.' സൂഫിസൂക്തങ്ങളും അവയുടെ ലഘുവ്യാഖ്യാനങ്ങളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഉള്ളിലേക്ക് ആഴത്തില്‍ കുഴിച്ചുനോക്കുന്നതുപോലെയാണ് ഈ പുസ്തകത്തിന്‍റെ വായന. ജലാലുദ്ദീന്‍ റൂമിയും മറ്റു സൂഫിശ്രേഷ്ഠരും ഇവിടെ അണിനിരക്കുന്നു. ആത്മാവില്ലാത്ത ഇക്കാലത്തിന് ആത്മാവു നല്‍കുന്ന പ്രവൃത്തിയാണ് ഹാഷിം ചെയ്യുന്നത്. 
'ഹൃദയം പ്രണയജ്വാലയാല്‍ പ്രകാശിതമാക്കൂ
വാക്കുകളും ചേഷ്ടകളും ഉപേക്ഷിക്കൂ' എന്ന റൂമിയുടെ സൂക്തത്തില്‍ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. സ്നേഹത്തിന്‍റെ മറ്റൊരു നാമമാണ് ദൈവം എന്ന് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. ഉള്ളില്‍ ദൈവമില്ലാത്തവര്‍ക്ക് സ്നേഹത്തില്‍ ജീവിക്കാനാവില്ല. ആചാരാനുഷ്ഠാനങ്ങള്‍ ദൈവത്തിലേക്കുള്ള വഴി തുറക്കാന്‍ സഹായിക്കുന്നില്ല എന്നതാണ് സത്യം. 
"ഒരു രാത്രി രണ്ടു തടവുകാര്‍ ഒരേ ജനാലയിലൂടെ പുറത്തേക്കുനോക്കി. ഒരാള്‍ നക്ഷത്രങ്ങളെ കണ്ടു; മറ്റേയാള്‍ ചളിക്കുഴികളും എന്നാണ് ഒരു സൂക്തം. ഓരോ വ്യക്തിയും അയാളുടെ അനുഭവങ്ങളാല്‍ രൂപപ്പെട്ട വീക്ഷണകോണിലൂടെയാണ് ജീവിതത്തെ കാണുന്നത്. ഓരോ വ്യക്തിയും വിഭിന്നരാണ്. അതിനാല്‍ കാഴ്ചകളും വിഭിന്നമാണ്. ഈ വസ്തുത തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ കലഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നു മനസ്സിലാകും.
"ഓരോ മനുഷ്യനും ജനിക്കുന്നത് വിവിധ ഉദ്ദേശങ്ങളുമായാണ്. ഓരോ ആത്മാവിലും അതിന്‍റെ കനല്‍ തെളിഞ്ഞിട്ടുണ്ട്." ഈ കനല്‍ കണ്ടെത്തുകയും ജ്വലിക്കുകയുമാണ് ഓരോ ജീവിതത്തിന്‍റെയും ലക്ഷ്യം. ലക്ഷ്യം മറന്നവന്‍റെ ഉള്ളിലെ കനല്‍ അണഞ്ഞുപോകുന്നു. മററൊരാളുടെ വെളിച്ചം നമുക്കു പ്രയോജനപ്പെട്ടെന്നുവരില്ല. 'നീ തന്നെ നിനക്കു വിളക്കാകുക' എന്ന ബുദ്ധവചനത്തിന്‍റെ അര്‍ത്ഥവും ഇതുതന്നെ.
 വിശ്വാസവും അവിശ്വാസവുമെല്ലാം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കാലമാണിത്. 'വിശ്വാസം മുകളിലോട്ടു മാത്രം കയറാന്‍ പടികളുള്ള ഒരു കോണിയാണ്. ഒരു സത്യാന്വേഷി ഒരു പടിയില്‍ മാത്രം നില്‍ക്കാനാണു ശഠിക്കുന്നതെങ്കില്‍ അയാള്‍ക്കു കയറ്റം അസാധ്യമാണ്" എന്ന് സൂഫിവചനം. ഇങ്ങനെ നില്‍ക്കുന്ന പടിയില്‍ ശാഠ്യത്തോടെ നില്‍ക്കുകയാണ് വിശ്വാസികളിലധികവും. അവര്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കു ചുറ്റും കറങ്ങുന്നു. അതുകൊണ്ടാണ് മതത്തിന്‍റെ, വിശ്വാസത്തിന്‍റെ പേരില്‍ കലഹങ്ങളുണ്ടാകുന്നത്.
"രണ്ടു ജീവശക്തികളായ സ്നേഹവും താല്‍പര്യവും ഒരാളില്‍ നിറവായി ഉണ്ടെങ്കില്‍ അയാള്‍ക്കു വിധിയെ മാറ്റാന്‍ കഴിയും."
"ദൈവസാമീപ്യത്തിനായി ആരാണോ മുന്നോട്ടു നീങ്ങുന്നത് അവരെ ദൈവം സംരക്ഷിക്കും. അവര്‍ നിഷ്കപടരും ജാഗരൂകമായി ജീവിക്കുന്നവരും ആയിരിക്കും. അവരത്രേ മഹോന്നതര്‍."
"പനിനീര്‍ പൂവിനൊപ്പമുള്ള മുള്ളിനെക്കൂടി സ്നേഹിക്കാത്ത രാപ്പാടിക്കു പനിനീര്‍പ്പൂവിനെപ്പറ്റി പാടാനധികാരമില്ല."
ഇങ്ങനെ സൂഫിസൂക്തങ്ങള്‍ നിറഞ്ഞതാണ് ഈ പുസ്തകം. ധ്യാനത്തിനു വിഷയമാക്കാവുന്ന സൂക്തികളാണിത്. ഓരോന്നും ആത്മാവിലേക്കുള്ള ഉണര്‍ച്ചയായി മാറുന്നു. ആത്മാവു നഷ്ടപ്പെട്ട കാലത്തിന് ആത്മാവു നല്‍കാനുള്ള ശ്രമമാണ് ഇ. എം. ഹാഷിം നടത്തുന്നത്. (366 സൂഫി സൂക്തങ്ങള്‍ - ഇ. എം. ഹാഷിം - ഡി. സി. ബുക്സ്)   a

You can share this post!

സ്മരണകളുടെ ഓളങ്ങള്‍

ഡോ. റോയി തോമസ്
അടുത്ത രചന

ലിംബാളെയും അവസാനത്തെ പെണ്‍കുട്ടിയും

ഡോ. റോയി തോമസ്
Related Posts