news-details
കാലികം

പോരാട്ടത്തിന്‍റെ ഭിന്നമുഖങ്ങള്‍

ഒരു നേരം ഉണ്ണാനില്ല എന്ന നിസ്സാരതയല്ല ദാരിദ്ര്യം. നൂറുകോടി ജനങ്ങള്‍ ദിനേന അനുഭവിക്കുന്ന പ്രതിസന്ധിയാണ് പട്ടിണി
 
ദാരിദ്ര്യം
 
എയ്ഡ്സും മലമ്പനിയും തീവ്രവാദവും ചേര്‍ന്ന് ഒരു വര്‍ഷം കൊന്നൊടുക്കുന്നതിനേക്കാള്‍ ജീവനുകള്‍ പട്ടിണി അപഹരിക്കുന്നു. ഓരോ പത്തുസെക്കന്‍റിലും ഒരു കുഞ്ഞ് അന്നം കിട്ടാതെ മരിക്കുന്നു. 82% ദരിദ്രരും ഭക്ഷണം മിച്ചമുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നു. എട്ടിലൊന്ന് പേര്‍ അത്താഴപ്പട്ടിണിക്കാരായി ഉറക്കത്തെ ശരണം പ്രാപിക്കുന്നു. ലോകത്തൊട്ടാകെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്‍റെ മൂന്നിലൊന്ന് ഉപയോഗശൂന്യമാകുന്നു. 850 ദശലക്ഷം മനുഷ്യര്‍ക്ക് വിശക്കുന്നു.
ഭക്ഷണം ഇല്ലാത്തതല്ല, നല്‍കാത്തതാണ് പ്രതിസന്ധി
 
റോബിന്‍ഹുഡ്
 
അധികഭക്ഷണം സമാഹരിച്ച് അന്നം നിഷേധിക്കപ്പെട്ടവര്‍ക്ക് വിളമ്പുന്ന സന്നദ്ധസംഘം. പോര്‍ച്ചുഗലിലെ റീ ഫുഡ് പ്രോഗ്രാ -(Re-Food Program)  മില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2014 ഓഗസ്റ്റില്‍ ദില്ലിയില്‍ തുടക്കം കുറിച്ച റോബിന്‍ഹുഡ് ആര്‍മിക്ക് ഫണ്ടില്ല, സന്നദ്ധസേവകരേയുള്ളൂ.
 
സമൂഹത്തില്‍ നിന്നും റെസ്റ്റോറന്‍റുകളില്‍നിന്നും അധികഭക്ഷണം ശേഖരിച്ച് പട്ടിണിക്കാരില്‍ എത്തിക്കുകയാണ് ദൗത്യം. ഓരോ പ്രദേശങ്ങളിലും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സന്നദ്ധസംഘങ്ങള്‍ രൂപീകരിക്കുന്നു. തങ്ങളുടേതു മാത്രമായ മാര്‍ഗത്തിലൂടെ പരിവര്‍ത്തനം സാധ്യമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. സന്നദ്ധപ്രവര്‍ത്തകരില്‍ ഏറെയും വിദ്യാര്‍ത്ഥികളും യുവപ്രൊഫഷണലുകളുമത്രേ. ഒഴിവുസമയങ്ങളില്‍ 'റോബിനു'കളായി അവര്‍ ജീവിക്കുന്നു. തെരുവുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും പൊതുആശുപത്രികളില്‍ കഴിയുന്ന നിര്‍ധനര്‍ക്കും വൃദ്ധമന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്കും അവര്‍ അന്നന്നത്തെ അപ്പം എത്തിക്കുന്നു.
 
ലക്ഷ്യം
 
ലോകത്തുനിന്ന് പട്ടിണി ഇല്ലാതാക്കുക. ഭക്ഷണം എന്ന മാധ്യമത്തിലൂടെ മാനവികത പ്രചരിപ്പിക്കുക.
 
മാര്‍ഗം
 
സ്വന്തം സമൂഹത്തെ കാക്കാന്‍ താല്‍പര്യമുള്ള സ്വയംപര്യാപ്തമായ പ്രാദേശികസന്നദ്ധസംഘങ്ങള്‍ ലോകമൊട്ടാകെ രൂപീകരിക്കുക. അതുവഴി ചുറ്റുമുള്ളവരെ സേവിക്കാന്‍ ജനങ്ങളെ പ്രചോദിപ്പിക്കുക.
 
ചരിത്രം
 
തുടക്കം കുറിച്ച 2014-ല്‍ റോബിന്‍ഹുഡ് എട്ടു നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 200 'റോബിനു'കള്‍ സന്നദ്ധസേവനത്തിന് അണിചേര്‍ന്നു. 2015-ല്‍ 21 നഗരങ്ങളിലായി 2314 റോബിനുകള്‍ സേവനസന്നദ്ധരായി. പ്രവര്‍ത്തനം ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലേക്ക് വ്യാപിപ്പിച്ചു. 2016ല്‍ 6375 റോബിനുകള്‍. 32 നഗരങ്ങളില്‍ പ്രവര്‍ത്തനം. തെരുവുകുട്ടികളെ പഠിപ്പിക്കാന്‍ റോബിന്‍ഹുഡ് അക്കാദമി സ്ഥാപിതമായി. 2017-ല്‍ ഒരു ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം. 48നഗരങ്ങളില്‍ 10,350 സന്നദ്ധപ്രവര്‍ത്തകര്‍ അണിചേര്‍ന്ന് 1.32 ദശലക്ഷം പേര്‍ക്ക് ഭക്ഷണം എത്തിക്കുന്നു. പാക്കിസ്ഥാനു പുറമേ ബംഗ്ലാദേശിലും പ്രവര്‍ത്തനം വ്യാപിക്കുന്നു. 2018ല്‍ 103 നഗരങ്ങളില്‍ 21,588 സന്നദ്ധപ്രവര്‍ത്തകര്‍ 92,59,380 പേര്‍ക്ക് റോബിന്‍ ഹുഡ് ആര്‍മി ഭക്ഷണം എത്തിക്കുന്നു. ഇതേവരെ കൈവരിക്കാനായത് പക്ഷേ ലക്ഷ്യത്തിന്‍റെ ഒരു ശതമാനം.
 
പങ്കുചേരാം നമുക്കും
 
ആഴ്ചയില്‍ മൂന്നുമണിക്കൂര്‍ വീതം മാസത്തില്‍ കുറഞ്ഞത് രണ്ടുതവണ നീക്കിവയ്ക്കാന്‍ സമയമുണ്ടെങ്കില്‍ നമുക്കും സന്നദ്ധപ്രവര്‍ത്തകരാകാം. റോബിന്‍ഹുഡ് പ്രവര്‍ത്തിക്കുന്ന നഗരങ്ങളില്‍ ഒരു റോബിന്‍ നിങ്ങളെ സമീപിക്കും. അല്ലെങ്കില്‍ പുതുതായി ഒരു സംഘം രൂപീകരിക്കാം. 
 
സ്ഥിരമായി ഭക്ഷണം നല്‍കാന്‍ താത്പര്യമുള്ള കുടുംബങ്ങള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കും ബന്ധപ്പെടാം. അധ്യാപനത്തിന് താത്പര്യമുള്ളവര്‍ക്കും സേവനത്തിന് അവസരം നല്കുന്നു റോബിന്‍ഹുഡ് ആര്‍മി. 
 
ഇന്ത്യയില്‍ 31 ദശലക്ഷംപേര്‍ തൊഴില്‍രഹിതര്‍
 
തൊഴിലില്ലായ്മ
 
2018 സെപ്തംബറിലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ 31 ദശലക്ഷം പേര്‍ക്ക് തൊഴിലില്ല. ഇന്ത്യയിലെ ഏറ്റവും രൂക്ഷമായ സാമൂഹ്യപ്രശ്നവും തൊഴിലില്ലായ്മതന്നെ. വിദ്യാഭ്യാസം ഇല്ലാത്തതല്ല തൊഴിലില്ലായ്മയുടെ കാരണം. തൊഴില്‍ ചെയ്യാനുള്ള പ്രാഗത്ഭ്യം (Skill) ഇല്ലാത്തതത്രേ. 
 
ക്രിയേറ്റിങ്ങ് ഫ്യൂച്ചേഴ്സ് (Creating Futures)
 
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന. 
നിലവില്‍ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം അക്കാദമിക് മികവ് ലക്ഷ്യംവയ്ക്കുന്നു. തൊഴില്‍ ചെയ്യാനുള്ള പ്രാഗത്ഭ്യമോ പരിശീലനമോ വിദ്യാഭ്യാസം നല്‍കുന്നില്ല. വര്‍ഷാവര്‍ഷം ലക്ഷകണക്കിന് യുവാക്കള്‍ ബിരുദം നേടി പുറത്തുവരുന്നു. എന്നാല്‍ വര്‍ധിച്ചുവരുന്ന തൊഴിലവസരങ്ങള്‍ കരസ്ഥമാക്കാന്‍ അവര്‍ പ്രാപ്തരാകുന്നില്ല. തൊഴില്‍പരമായ കഴിവുകള്‍ വികസിപ്പിച്ച് തൊഴിലിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2015-ല്‍ ക്രിയേറ്റിങ്ങ് ഫ്യൂച്ചര്‍ എന്ന സന്നദ്ധസംഘടന പിറവിയെടുത്തു. തൊഴില്‍ പ്രാവീണ്യവും പരിശീലനവും നല്‍കി യുവാക്കളെ തൊഴിലിനു പ്രാപ്തരാക്കുക സംഘടന ലക്ഷ്യംവയ്ക്കുന്നു. 
 
ലക്ഷ്യം
 
നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള സാമ്പത്തികശേഷി കുറഞ്ഞ വിദ്യാസമ്പന്നരായ യുവാക്കളെ തൊഴില്‍പരിശീലനം നല്‍കി ഉയര്‍ന്ന ജോലികള്‍ക്ക് പ്രാപ്തരാക്കുക. 
 
പ്രവര്‍ത്തനം
 
പത്തുദിവസം നീണ്ടുനില്ക്കുന്ന ഹ്രസ്വകാലപരിശീലന പദ്ധതിയിലൂടെയും ആറുമുതല്‍ ഒന്‍പതുമാസം നീണ്ടുനില്‍ക്കുന്ന ദീര്‍ഘകാലപരിശീലന പദ്ധതിയിലൂടെയും യുവാക്കളെ തൊഴിലിന് പ്രാപ്തരാക്കുന്നു. തൊഴിലില്‍ വിജയിക്കുന്നതിനാവശ്യമായ കഴിവുകള്‍ ഇതുവഴി വികസിപ്പിച്ചെടുക്കുന്നു. 
 
നേട്ടങ്ങള്‍
 
ഈ രംഗത്ത് നേരിയ മാറ്റംകൊണ്ടുവരാന്‍ കഴിഞ്ഞതായി സംഘടന കരുതുന്നു. ഇതുവരെ 200 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞു. 15 ഹ്രസ്വകാലപരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. 80 സന്നദ്ധപ്രവര്‍ത്തകര്‍ സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായി പ്രവര്‍ത്തിക്കുന്നു.
 
ആരംഭം
 
ജിമ്മി ചെറിയാന്‍: എന്ന മലയാളിയാണീ സംരംഭത്തിന്‍റെ പിന്നില്‍. നിലവില്‍ പൂര്‍ണ്ണമായും സന്നദ്ധ പ്രവര്‍ത്തനം എന്ന നിലയില്‍ കഴിഞ്ഞ 6 വര്‍ഷമായി പ്രവൃത്തിക്കുന്നു. ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവൃത്തിക്കുന്ന ഈ സംഘടനയുടെ നന്മ ഇതിലെ ഓരോ സന്നദ്ധപ്രവര്‍ത്തകരുടെയും കൂടിയാണ്. ജിമ്മിയുടെ സമ്പാദ്യവും വരുമാനവും എല്ലാം ഈ ഒരു സ്വപ്നത്തിനു പിന്നിലുണ്ട്. ഏതാണ്ട് 16 വര്‍ഷത്തെ വിവിധ സന്നദ്ധ സംഘടനകളിലെ സന്നദ്ധ പ്രവര്‍ത്തനമാണ് ജിമ്മിയെ സ്വന്തമായ ഒരു സന്നദ്ധ പ്രവര്‍ത്തന സംരംഭം രൂപപ്പെടുത്താന്‍ സഹായിച്ചത്. സമൂഹത്തില്‍ നിന്നും ഡോണ്‍ബോസ്കോ അച്ചന്മാരില്‍ നിന്നും താനുള്‍ക്കൊണ്ടതും ദൈവം തനിക്കു കനിഞ്ഞു നല്‍കിയ അവസരങ്ങളുമൊക്കെ മറ്റുള്ളവര്‍ക്കായ് പങ്കുവയ്ക്കുമ്പോഴേ ഫലപ്രാപ്തിയിലെത്തൂ എന്നീ മനുഷ്യന്‍ വിശ്വസിക്കുന്നു. അത് തന്‍റെ കടമയാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിഫലമായി തിരികെ വേണ്ടത് ഈ സ്വപ്നങ്ങള്‍ക്കൊപ്പം ചുവടുവച്ച് വളര്‍ന്ന ഒരു തലമുറയെ മാത്രം. നന്മകള്‍ ഇനിയും തുടരട്ടെ എന്ന ആഗ്രഹവും.
 
പ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍
 
ശൈശവാസ്ഥയിലുള്ള സംഘടനയ്ക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. തൊഴില്‍ സ്ഥാപനങ്ങള്‍ക്കും എജന്‍സികള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഈ യജ്ഞത്തില്‍ പങ്കുചേരാം.

You can share this post!

നാട്ടിലെ നട്ടുവേല സമൂഹം

ജോസഫ് ലൂക്കോസ്
അടുത്ത രചന

ലൂബ്രിക്കന്‍റ്

ഫാ. ഷാജി സി എം ഐ
Related Posts