news-details
കാലികം
ലോകപ്രസിദ്ധനായ ഗ്രന്ഥകാരനും ഇസ്രയേലി ചരിത്രാധ്യാപകനും തത്ത്വശാസ്ത്രജ്ഞനുമാണ് പ്രൊഫ. യുവല്‍ നോഹ് ഹരാരി. അദ്ദേഹത്തിന്‍റെ Why fascism is so tempting - and how your data could power it  എന്ന TED പ്രഭാഷണത്തിന്‍റെ പരിഭാഷ.).
 
ഒരു ചോദ്യത്തോടെ നമുക്കാരംഭിക്കാം. ഇവിടെ, നിങ്ങള്‍ക്കിടയില്‍ എത്ര ഫാസിസ്റ്റുകളുണ്ട്?
 
മറുപടി അല്‍പ്പം ബുദ്ധിമുട്ടാണ്. എന്തെന്നാല്‍, എന്താണ് ഫാസിസമെന്ന് നമ്മള്‍ മറന്നുപോയിരിക്കുന്നു. മറ്റൊരാളെ അപഹസിക്കാനുള്ള ഒരു സാധാരണ വാക്കായാണ് ഫാസിസത്തെ നമ്മള്‍ ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ ഫാസിസത്തെ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കുന്നു. അതുകൊണ്ട്, ആദ്യത്തെ കുറച്ചു നിമിഷങ്ങള്‍, യഥാര്‍ത്ഥത്തില്‍ എന്താണ് ഫാസിസം എന്നും അതെങ്ങനെ ദേശീയതയില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നു എന്നും ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം.
 
ദേശീയതയുടെ തീവ്രതകുറഞ്ഞ രൂപങ്ങള്‍ മിക്കവാറും മനുഷ്യക്കൂട്ടായ്മകളില്‍ കാണാം. പരസ്പരം പരിചയമില്ലാത്ത ദശലക്ഷക്കണക്കിന്  അജ്ഞാതരുടെ കൂട്ടായ്മകളാണ് രാജ്യങ്ങള്‍. ഉദാഹരണത്തിന് എനിക്കൊപ്പം ഇസ്രായേല്‍ പൗരത്വം പങ്കിടുന്ന എട്ടുദശലക്ഷമാളുകളെ എനിക്കറിയില്ല. പക്ഷേ ഞങ്ങള്‍ക്കെല്ലാം പരസ്പരമറിഞ്ഞ്, സഹകരിച്ച് മുന്നേറാനാകുന്നു; ദേശീയതയ്ക്ക് നന്ദി പറയാം. ഇത് വളരെ നല്ല കാര്യമാണ്. ദേശീയതയില്ലെങ്കില്‍ ഈ ലോകമൊരു സമാധാനമുള്ള പറുദീസയായിത്തീരുമായിരുന്നു എന്ന് ജോണ്‍ ലെനനെപ്പോലെ ചിലര്‍ സങ്കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ സാധ്യത, ദേശീയതയില്ലായിരുന്നെങ്കില്‍ നമ്മള്‍ ഗോത്ര കലഹങ്ങളുടെ നടുവില്‍ ജീവിക്കേണ്ടി വന്നേനെ. സ്വീഡനും സ്വിറ്റ്സര്‍ലന്‍ഡും ജപ്പാനുമൊക്കെപ്പോലെ ലോകത്തെ ഏറ്റവും സമ്പല്‍സമൃദ്ധവും സമാധാന പൂര്‍ണ്ണവുമായ രാജ്യങ്ങളിലെ ജനങ്ങളില്‍പ്പോലും ദേശീയത അതിശക്തമായ വികാരമാണ് എന്ന് നാം കാണാതിരുന്നുകൂടാ. മറുവശത്ത് ദേശീയവികാരം ശക്തമല്ലാത്ത കോംഗോ, സൊമാലിയ, അഫ്ഗാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളാകട്ടെ അക്രമോത്സുകവും ദരിദ്രവുമാണ്.
 
അപ്പോള്‍, എന്താണ് ഫാസിസം, എങ്ങനെയാണത് ദേശീയതയില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നത്? 
 
എന്‍റെ രാജ്യം അതുല്യമായ ഒന്നാണെന്നും എനിക്ക് എന്‍റെ രാജ്യത്തോട് സവിശേഷമായ ഉത്തരവാദിത്തങ്ങളുണ്ട് എന്നുമാണ് ദേശീയത എന്നോട് പറയുന്നത്,. എന്നാല്‍, ഫാസിസം പറയുന്നതാകട്ടെ, എന്‍റെ രാജ്യം പരമോല്‍കൃഷ്ടമായ ഒന്നാണെന്നും എനിക്കതിനോട് മറ്റാര്‍ക്കുമില്ലാത്ത ഉത്തരവാദിത്തങ്ങളുണ്ട് എന്നുമാണ്. എന്‍റെ രാജ്യത്തെയല്ലാതെ മറ്റാരെയും മറ്റൊന്നിനെയും ഞാന്‍ പരിഗണിക്കേണ്ടതേയില്ല എന്നാണ്. 
 
സാധാരണയായി, നമുക്കറിയാവുന്നതുപോലെ ജനത്തിന് പല സ്വത്വങ്ങളും ചായ്വുകളുമുണ്ടാവാ റുണ്ട്.  ഉദാഹരണത്തിന്, എനിക്ക് രാജ്യത്തോട് കൂറുള്ള നല്ല ദേശാഭിമാനിയാകാന്‍ കഴിയും. അതേസമയം ഞാനെന്‍റെ കുടുംബത്തോടും, അയല്‍ക്കാരോടും, ജോലിയോടും, മനുഷ്യകുല ത്തോടും സത്യത്തോടും സൗന്ദര്യത്തോടുമൊക്കെ കൂറുപുലര്‍ത്തുന്നുണ്ട്. ഇങ്ങനെ എനിക്ക് നിരവധി സ്വത്വങ്ങളും ചായ്  വുകളുമുള്ളതുകൊണ്ടുതന്നെ അവ തമ്മില്‍ ചിലപ്പോഴൊക്കെ ചില കുഴമറിച്ചിലുകളും സംഘര്‍ഷങ്ങളുമുണ്ടായേക്കാം. ആരാ പറഞ്ഞത് ജീവിതം അത്രമേല്‍ ലളിതമാണെന്ന്? ജീവിതം കുറച്ചു സങ്കീര്‍ണ്ണം തന്നെയാണ്. നേരിടുകതന്നെ. 
 
ഇത്തരം സങ്കീര്‍ണ്ണതകള്‍ അവഗണിക്കാന്‍ ശ്രമിച്ചുകൊണ്ട് സ്വയം ജീവിതത്തെ അതീവ ലാഘവബുദ്ധിയോടെ നോക്കിക്കാണുമ്പോഴാണ് ഫാസിസം സംഭവിക്കുന്നത്. ഫാസിസം മറ്റെല്ലാ സ്വത്വങ്ങളെയും തള്ളിപ്പറയുകയും ദേശീയതയെ മാത്രം ഉയര്‍ത്തിക്കാട്ടി നിനക്ക് നിന്‍റെ രാജ്യത്തോടു മാത്രമാണ് ഉത്തരവാദിത്തമുള്ളത് എന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു. എന്‍റെ കുടുംബത്തെ പരിത്യജിക്കണമെന്ന് രാജ്യം എന്നോടാവശ്യപ്പെട്ടാല്‍ ഞാനെന്‍റെ കുടുംബത്തെ പരിത്യജിക്കും. ദശലക്ഷങ്ങളെ കൊന്നൊടുക്കണമെന്ന് എന്‍റെ രാജ്യം എന്നോടാവശ്യപ്പെട്ടാല്‍ ഞാന്‍ ഒരു മടിയുമില്ലാതെ കൊല്ലും. സത്യത്തെയും സൗന്ദര്യത്തെയും  ഒറ്റിക്കൊടുക്കണമെന്ന് എന്‍റെ രാജ്യം എന്നോടാവശ്യ പ്പെട്ടാല്‍ ഞാനതും അനുസരിക്കേണ്ടിവരും. ഉദാഹരണത്തിന്, ഒരു കലാസൃഷ്ടിയോടുള്ള ഫാസിസ്റ്റ് നിലപാടെന്താണ്? ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്ന് എങ്ങനെയാണൊരു ഫാസിസ്റ്റ് തീരുമാനിക്കുക? അത്, വളരെ വളരെ ലളിതമാണ്. അതിന് ഒരേയൊരു അളവുകോലേയുള്ളു. സിനിമ രാജ്യത്തിന്‍റെ താല്പര്യമനുസരിച്ചുള്ളതാണെങ്കില്‍ അത് നല്ല സിനിമ. അങ്ങനെയല്ലെങ്കിലത് ചീത്ത സിനിമ. അതുപോലെ, എങ്ങനെയാണൊരു ഫാസിസ്റ്റ് സ്കൂളില്‍ കുട്ടികളെ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്? അതേ അളവുകോല്‍ തന്നെ. രാജ്യത്തിന്‍റെ താല്പര്യമാകണം കുട്ടി പഠിക്കേണ്ടത്. അല്ലാതെ ആ പഠിപ്പിക്കലിന് സത്യത്തോട് പുലബന്ധം പോലും വേണമെന്നില്ല.
 
രണ്ടാം ലോകയുദ്ധത്തിന്‍റെയും വംശഹത്യകളു ടെയും കൊടും ഭീകരത, ഇത്തരം ചിന്തകളുടെ പരിണതഫലമെന്തെന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ്. പക്ഷേ, ഫാസിസത്തിന്‍റെ കുഴപ്പങ്ങളെപ്പറ്റി വേണ്ടത്ര കൃത്യമായല്ല നമ്മള്‍ സാധാരണ സംസാരിക്കാറ്. ഫാസിസത്തിന്‍റെ യഥാര്‍ത്ഥത്തിലുള്ള ആകര്‍ഷണീ യത വിശദീകരിക്കാതെ കേവലം ഒരു ഭീബത്സരൂപിയായ ഭീകര സത്വമായി അതിനെ അവതരിപ്പിക്കാനാണ് നമ്മള്‍ താല്‍പ്പര്യപ്പെടുക. ജീവിതത്തില്‍ തിന്മ  സംബന്ധിച്ച ഒരു പ്രശ്നമുണ്ട്.  തിന്മ മിക്കപ്പോഴും കാഴ്ചയ്ക്ക് അത്ര വൃത്തികെട്ടതാവണമെന്നില്ല. കാണുമ്പോളത് വളരെ സുന്ദരമായി തോന്നാം. ക്രിസ്ത്യാനികള്‍ക്ക് ഇത് കൃത്യമായി മനസ്സിലാവും. ക്രിസ്തീയ ചിത്രീകരണങ്ങളില്‍ സാത്താനെ മനോഹര രൂപിയായാണ് അവതരിപ്പിക്കുക. അതുകൊണ്ടാണ് സാത്താന്‍റെ പ്രലോഭനങ്ങളെ ചെറുക്കാന്‍ ബുദ്ധിമുട്ടാവുന്നത്. അതുപോലെ ഫാസിസത്തിന്‍റെ പ്രലോഭനങ്ങളെയും പ്രതിരോധിക്കുക വലിയ ബുദ്ധിമുട്ടാണ്.
 
രാഷ്ട്രം എന്ന, ലോകത്തെ അതിമനോഹരവും അതിപ്രധാനവുമായ ഒരു സങ്കല്‍പ്പത്തെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്ന് സാധാരണക്കാരെ വിശ്വസിപ്പിക്കാന്‍ ഫാസിസത്തിന് കഴിയുന്നു. അങ്ങനെ, ശരിക്കുമുള്ള നിങ്ങളെക്കാള്‍ വളരെയേറെ ആകര്‍ഷണീയതയുള്ള ഒരാളെയാവും ഫാസിസ ത്തിന്‍റെ കണ്ണാടിയില്‍ നിങ്ങള്‍ക്ക് കാണാനാവുക. 1930കളില്‍ ജര്‍മ്മനിയിലുള്ളവര്‍ ഫാസിസ്റ്റ് കണ്ണാടിയില്‍ നോക്കിയപ്പോള്‍ ജര്‍മ്മനിയെ ലോകത്തെ ഏറ്റവും മനോഹരമായ രാജ്യമായാണ് കണ്ടത്. ഇന്ന് റഷ്യക്കാരോ, ഇസ്രയേലികളോ ആ ഫാസിസ്റ്റ് കണ്ണാടിയില്‍ നോക്കിയാലും അങ്ങനെതന്നെ, ലോകത്തെ ഏറ്റവും മനോജ്ഞമായ രൂപം തങ്ങളുടേതാണെന്നുതന്നെ തോന്നും. അതിനര്‍ത്ഥം നമ്മള്‍ 1930കളിലേക്ക് മടങ്ങുന്നു എന്നല്ല. ഫാസിസവും സ്വേച്ഛാധികാരവുമൊക്കെ മടങ്ങിവന്നേക്കാം, പക്ഷേ അത് ഒരിക്കലും ആ പഴയ രൂപത്തില്‍ത്തന്നെയായിരിക്കില്ല. 21ാം നൂറ്റാണ്ടിന്‍റെ പുതു സാങ്കേതിക പരിസരത്തിന് അനുഗുണമായ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ഫാസിസത്തിന്‍റെ മടങ്ങിവരവ്. 
 
പുരാതനകാലത്ത് ഭൂമിയായിരുന്നു ലോകത്തെ പ്രധാന ആസ്തി. അതുകൊണ്ടുതന്നെ ഒരേയൊരു രാഷ്ട്രീയലക്ഷ്യം ഭൂമിയുടെ മേലുള്ള അവകാശമുറപ്പി ക്കുകയായിരുന്നു. ഏകാധിപത്യമെന്നതിന്‍റെ അര്‍ത്ഥം തന്നെ എല്ലാ ഭൂമിയും ഒരൊറ്റ അധികാരിയുടെ അല്ലെങ്കില്‍ പ്രഭുവിന്‍റെ കാല്‍ക്കീഴിലാക്കുക എന്നതായിരുന്നു. പില്‍ക്കാലത്ത് ഭൂമിയെക്കാള്‍ പ്രധാനം യന്ത്രങ്ങളായി. രാഷ്ട്രീയമെന്നത് യന്ത്രങ്ങളെ നിയന്ത്രിക്കാനുള്ള പോരാട്ടമായിമാറി. പരമാവധി യന്ത്രങ്ങളുടെ നിയന്ത്രണം ഒരു ഗവണ്മെന്‍റിന്‍റെയോ അധികാരപദവിയുടെയോ കൈകളിലെത്തുക എന്നതായി പരമാധികാരത്തിന്‍റെ വിവക്ഷ. 
 
എന്നാലിന്ന്, ഭൂമിക്കും യന്ത്രങ്ങള്‍ക്കും പകരം പരമപ്രധാനമായ ആസ്തിയായി വിവരങ്ങള്‍ അഥവ ഡേറ്റ മാറുകയാണ്. വിവരവിനിമയത്തിനുമേല്‍ നിയന്ത്രണാധികാരം നേടാനുള്ള യത്നമായി രാഷ്ട്രീയം മാറുന്നു. പരമാവധി വിവരങ്ങള്‍ കേന്ദ്രീകരിക്കുന്ന ഗവണ്മെന്‍റോ അധികാര പദവിയോ ആണ് പരമാധികാരത്തിന്‍റെ നവയുഗത്തിലെ നിര്‍വ്വചനം.
ജനാധിപത്യത്തെക്കാള്‍ സ്വേച്ഛാധികാരത്തെ കാര്യക്ഷമമാക്കിമാറ്റാന്‍ വിവരസാങ്കേതിക മേഖലയിലെ വിപ്ലവം സഹായകമായി എന്നതാണ് സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. വിവരങ്ങളെ അപഗ്രഥിക്കാനും തീരുമാനങ്ങളിലെത്തിച്ചേരാ നുമുള്ള മെച്ചപ്പെട്ട കാര്യക്ഷമതകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടില്‍ ഫാസിസത്തെയും കമ്മ്യൂണിസത്തെയുമൊക്കെ തോല്‍പ്പിച്ചു മുന്നേറാന്‍ ജനാധിപത്യത്തിനു കഴിഞ്ഞത്. എന്നാല്‍, ഒരുപാട് വിവരങ്ങളും ഒരുപാട് അധികാരവും ഒരിടത്ത് കേന്ദ്രീകരിക്കുവാന്‍ പര്യാപ്തമായ സാങ്കേതികവിദ്യ ഇരുപതാം നൂറ്റാണ്ടില്‍ ലഭ്യമല്ലായിരുന്നുതാനും.
 
വികേന്ദ്രീകൃതമായ വിവരാപഗ്രഥനം കേന്ദ്രീകൃതമായ വിവരാപഗ്രഥനത്തെക്കാള്‍ കൂടുതല്‍ കാര്യക്ഷമമാണെന്നത് ഒരു പ്രകൃതിനിയമമൊന്നുമല്ല. കൃത്രിമ ബുദ്ധിയുടെയും മെഷീന്‍ ലേണിംഗിന്‍റെയും വളര്‍ച്ചയോടെ എത്ര വലിയ അളവ് വിവരങ്ങളും കേന്ദീകൃതമായി വളരെ കാര്യക്ഷമമായിത്തന്നെ കൈകാര്യം ചെയ്യാവുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടിലെ സ്വേച്ഛാധിപത്യവ്യവസ്ഥയുടെ ആ പഴയ ദൗര്‍ബ്ബല്യം, വലിയ അളവ് വിവരങ്ങള്‍ ഒരിടത്ത് കേന്ദ്രീകരിക്കാനും കൈകാര്യം ചെയ്യാനുമുള്ള ദൗര്‍ബ്ബല്യം ഈ നവകാലത്ത് അവരുടെ വലിയ സാധ്യതയായി മാറുകയാണ്. 
വിവര സാങ്കേതികവിദ്യയുടെയും ബയോ ടെക്നോളജിയുടെയും കൂടിച്ചേരലാണ് ജനാധിപത്യത്തിന്‍റെ ഭാവി നേരിടുന്ന മറ്റൊരു സാങ്കേതികവിദ്യാ ഭീഷണി. എന്നെ ഞാന്‍ മനസ്സിലാക്കുന്നതിലും മെച്ചമായി മനസ്സിലാക്കാന്‍ കഴിവുള്ള അല്‍ഗോരിതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കൂടിച്ചേരലിന് കഴിഞ്ഞേക്കും.  അത്തരമൊരു അല്‍ഗോരിതം കൈവശപ്പെടുത്തുന്നതോടെ എന്‍റെ തീരുമാനങ്ങളെ പ്രവചിക്കാന്‍ മാത്രമല്ല എന്‍റെ വികാരവിചാരങ്ങളെ കൗശലപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ പോലും ഒരു അധികാരവ്യവസ്ഥയ്ക്ക് കഴിയും. എനിക്ക് മെച്ചപ്പെട്ട ഒരു ആരോഗ്യരക്ഷാ സംവിധാനമൊരുക്കിത്തരാന്‍ ഭരണാധികാരിയായ സ്വേച്ഛാധിപതിക്ക് കഴിയില്ലായിരിക്കാം, എന്നാല്‍ എന്നെക്കൊണ്ട് തന്നെ ഇഷ്ടപ്പെടുത്താനും തന്‍റെ എതിരാളിയോട് വെറുപ്പുണ്ടാക്കാനും അയാള്‍ക്ക് കഴിയും. അടിസ്ഥാനപരമായി മനുഷ്യന്‍റെ ചിന്താശേഷിയെയും വൈകാരികതയെയും ആശ്രയിക്കുന്ന ജനാധിപത്യത്തിന് ഈ സാങ്കേതിക വികാസത്തെ നേരിടുക ഒട്ടും ലളിതമാവുകയില്ല. തെരഞ്ഞെടുപ്പുകളിലും ഹിതപരിശോധനകളിലും നിങ്ങളെന്തു ചിന്തിക്കുന്നു എന്ന സാധാരണ ചോദ്യത്തിനു പകരം നിങ്ങള്‍ക്കിപ്പോള്‍ എന്തു തോന്നുന്നു എന്ന ചോദ്യമാവും ഉയരുക. നിങ്ങളുടെ തോന്നലുകളെ വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ ജനാധിപത്യം വൈകാരികതയുടെ പാവകളിയായി മാറുകതന്നെ ചെയ്യും.
 
അപ്പോള്‍, ഫാസിസത്തിന്‍റെ മടങ്ങിവരവിനെയും സ്വേച്ഛാധികാരങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെയും തടയാന്‍ നമുക്കെന്താണ് ചെയ്യാനാവുക?
 
നമ്മള്‍ നേരിടുന്ന ആദ്യത്തെ ചോദ്യം, ആരാണ് വിവരങ്ങളെ അഥവ ഡേറ്റയെ നിയന്ത്രിക്കുന്നത് എന്നതാണ്. നിങ്ങളൊരു എഞ്ചിനിയറാണെങ്കില്‍, വളരെക്കുറച്ചിടങ്ങളില്‍ വളരെയേറെ വിവരങ്ങള്‍ കേന്ദ്രീകരിക്കാതിരിക്കാനുള്ള വഴികള്‍ തേടുക. വികേന്ദ്രീകൃത വിവരാപഗ്രഥനം വ്യാപകമാക്കാനുള്ള വഴികള്‍ തേടുക. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇതാണ് ഏറ്റവും മികച്ച വഴി. ഇനി എഞ്ചിനിയര്‍മാരല്ലാത്ത നമുക്ക് എന്ത് ചെയ്യാനാവും? വിവരങ്ങളെ നിയന്ത്രിക്കുന്നവര്‍ക്ക് തങ്ങളുടെ കൗശലം പ്രയോഗിക്കാന്‍ നിന്നുകൊടുക്കാതിരിക്കുക എന്നതുതന്നെ.
 
സ്വതന്ത്ര ജനാധിപത്യത്തിന്‍റെ ശത്രുക്കള്‍ക്ക് ഒരു പ്രവര്‍ത്തനശൈലിയുണ്ട്. അവര്‍ നമ്മുടെ വികാരങ്ങളെയാണ് ഉന്നംവയ്ക്കുക. നമ്മുടെ ഇ- മെയിലുകളെയോ ബാങ്ക് അക്കൗണ്ടുകളെയോ അല്ല, നമ്മുടെ ഭയത്തെയും പകയെയും ദുരഭിമാനത്തെയുമൊക്കെ അവര്‍ ഉന്നം വയ്ക്കുന്നു. ആ വികാരങ്ങളുപയോഗിച്ചുതന്നെ നമ്മെ ധ്രുവീകരിക്കുകയും ജനാധിപത്യത്തെ ഉള്ളില്‍നിന്നുതന്നെ തകര്‍ക്കുകയും ചെയ്യുന്നു. ഇത് സിലിക്കണ്‍ വാലി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നമ്മളെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ നടത്തിയിരുന്ന കൗശലമാണ്. ഇന്ന്, അതേ കൗശലം ജനാധിപത്യത്തിന്‍റെ ശത്രുക്കള്‍ നമ്മില്‍ ഭയവും പകയും വൃഥാഭിമാനവുമൊക്കെ പകരാന്‍ ഉപയോഗിക്കുന്നു. ഈ വികാരങ്ങളൊന്നും ശൂന്യതയില്‍നിന്ന് സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയില്ല എന്നതുകൊണ്ടുതന്നെ ആദ്യം നമ്മുടെ ബലഹീനതകളെ അവര്‍ പഠിച്ചെടുക്കുന്നു. അത് നമുക്കെതിരേ തന്നെ ഉപയോഗപ്പെടുത്തുന്നു. നമ്മുടെ ഉള്ളിന്‍റെയുള്ളിലെ ബലഹീനതകളെ സ്വയം തിരിച്ചറിയാനും അത് ഇവര്‍ക്ക് വെളിപ്പെടുത്താതിരിക്കാനും അങ്ങനെ ശത്രുക്കളുടെ കയ്യില്‍ ആയുധം കൊടുക്കാതിരിക്കാനുമുള്ള ഉത്തരവാദിത്തം നമുക്കെല്ലാമുണ്ട്.
 
നമ്മുടെ ബലഹീനതകളെപ്പറ്റി വ്യക്തമായ സ്വയംബോധ്യമുണ്ടാക്കിക്കൊണ്ടു മാത്രമേ ഈ ഫാസിസ്റ്റ് കണ്ണാടിയെ നമുക്ക് തകര്‍ക്കാനാവൂ. നേരത്തെ പറഞ്ഞതുപോലെ, ഫാസിസം നമ്മുടെ മിഥ്യാഭിമാനത്തെയാണ് ചൂഷണം ചെയ്യുന്നത്. യഥാര്‍ത്ഥത്തിലുള്ളതിനെക്കാള്‍ വളരെയേറെ വശ്യതയുള്ള നമ്മളെയാണ് ആ കണ്ണാടി കാട്ടിത്തരിക. അതാണ് ഫാസിസത്തിന്‍റെ വശീകരണശൈലി. എന്നാല്‍, നിങ്ങള്‍ക്ക് നിങ്ങളെ അറിയാമെങ്കില്‍, ഈ വ്യാജസ്തുതിയില്‍ വീഴാതിരിക്കാനാവും. അത്തരത്തില്‍, നിങ്ങളുടെ എല്ലാ വൈകല്യങ്ങളെയും വൃത്തികേടുകളെയും മറച്ച് നിങ്ങളെ അതിസുന്ദരന്മാരും അതുല്യരുമാക്കി കാട്ടിത്തരുന്ന ഒരു കണ്ണാടി ആരെങ്കിലും നിങ്ങളുടെ കണ്മുന്നിലേക്ക് കാട്ടിത്തന്നാല്‍... വൈകരുത്, തല്‍ക്ഷണം ആ കണ്ണാടി ഉടച്ചുകളയുക.

You can share this post!

പോരാട്ടത്തിന്‍റെ ഭിന്നമുഖങ്ങള്‍

ടോം മാത്യു
അടുത്ത രചന

ലൂബ്രിക്കന്‍റ്

ഫാ. ഷാജി സി എം ഐ
Related Posts