news-details
ധ്യാനം

ആത്മീയമനുഷ്യന്‍റെ ദര്‍ശനങ്ങള്‍

ആത്മീയജീവിതത്തില്‍ വളരുന്ന മനുഷ്യന്‍ വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകണം. വിശുദ്ധ ബൈബിളില്‍ ആദ്ധ്യാത്മികജീവിതത്തില്‍ വളര്‍ന്നവരുടെ ജീവിതങ്ങളെ നാം കാണുന്നുണ്ട്. അവര്‍ നമുക്കായി ജീവിച്ചുകാണിച്ച ചില ദര്‍ശനങ്ങളെ നാം ധ്യാനവിഷയമാക്കുന്നു. വിശ്വാസികളുടെ പിതാവായ അബ്രാഹത്തെ നമുക്കൊന്നു കാണാം. ദൈവത്തില്‍ പൂര്‍ണമായി ആശ്രയിച്ച വ്യക്തിത്വമാണത്. പുറകോട്ട് ഒരിക്കലും തിരിഞ്ഞുനോക്കാതെ മുമ്പോട്ടു പ്രയാണം ചെയ്തവനാണ് അബ്രാഹം. നഷ്ടപ്പെട്ടുപോയ ഭാഗ്യങ്ങളെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചും ദുഃഖിക്കാത്തവനാണ് ആത്മീയമനുഷ്യന്‍. ഭൂതകാല സുരക്ഷിതത്വം ദൈവത്തിലര്‍പ്പിച്ചുള്ള യാത്രയാണ് ആത്മീയ തീര്‍ത്ഥാടനം. ഇടത്തും വലത്തും നടക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെക്കുറിച്ചും അബ്രാഹം ചിന്തിച്ചില്ല. വര്‍ത്തമാനകാല സുരക്ഷിതത്വം ദൈവം നോക്കിക്കൊള്ളുമെന്നുള്ള വിശ്വാസമാണ് ആത്മീയത. നാളെ എന്തു സംഭവിക്കുമെന്നുള്ള  വ്യഗ്രതയും അബ്രാഹത്തിനില്ല. ഓരോ ദിവസത്തിനും അതിന്‍റേതായ വ്യഗ്രതകളുണ്ടല്ലോ. അതിലൊന്നും ശ്രദ്ധവയ്ക്കാതെ ഭാവികാലസുരക്ഷിതത്വം ദൈവത്തിലേല്‍പിച്ചു. ആത്മീയമനുഷ്യര്‍ നാളെയെക്കുറിച്ച് അധികം ചിന്തിച്ച് അസ്വസ്ഥരാകില്ല. 
ജനതകളുടെ നേതാവായ മോശയാണ് അടുത്ത വ്യക്തിത്വം. തന്‍റെ അപകര്‍ഷതാബോധങ്ങളെല്ലാം കര്‍ത്താവിനെയേല്പിച്ചു. സംസാരത്തിനു തടസ്സമുണ്ടായിരുന്ന മോശയ്ക്ക് ദൈവകൃപയാല്‍ ജനത്തോടു സംസാരിക്കുവാന്‍ കഴിവു ലഭിച്ചു. കൊലപാതകി എന്നു മുദ്ര വീണവന്‍ ആത്മധൈര്യത്തോടെ ഒരു  ജനതയെ നയിച്ചു. 80വയസ്സു കഴിഞ്ഞ വാര്‍ധക്യത്തിലും ബലത്തോടുകൂടി ജനത്തിനു നേതൃത്വം നല്‍കി. അനാഥനായി വളര്‍ന്നതിന്‍റെ അപകര്‍ഷതാബോധത്തെ അതിജീവിച്ചു തിളങ്ങുന്ന വ്യക്തിത്വത്തിന്‍റെ ഉടമസ്ഥനായി. ജനത്തെ നയിച്ചുകൊണ്ട് കടല്‍ത്തീരത്തു വന്നപ്പോള്‍ ഇരമ്പുന്ന തിരമാലയോ, അലറുന്ന ഫറവോന്‍റെ സൈന്യമോ അദ്ദേഹത്തെ തളര്‍ത്തിയില്ല. ദൈവത്തില്‍ ആശ്രയമണച്ച് ഓരോ ചുവടും മുന്നോട്ടുവച്ചു. കടല്‍ വറ്റി, കര തെളിഞ്ഞു. മോശ തന്‍റെ ജനത്തോടൊപ്പം മറുകരയണഞ്ഞു. വടിയുമായി അടിക്കാന്‍ വരുന്ന അമ്മയെ വടിയുള്‍പ്പെടെ കുഞ്ഞു കെട്ടിപ്പിടിക്കുന്നതുപോലെ മോശ ദൈവത്തെ കെട്ടിപ്പിടിച്ചു. അസ്വസ്ഥത നല്‍കുന്ന ലോകത്തില്‍ തളരാത്ത മനസ്സോടെ ദൈവത്തെ കെട്ടിപ്പിടിക്കുവാന്‍ മോശ നമ്മെ പഠിപ്പിച്ചു. 
പൂര്‍വ്വപിതാവായ യാക്കോബാണ് മറ്റൊരു കഥാപാത്രം. പച്ച മനുഷ്യന്‍റെ കുറവുകളും ബലഹീനതകളും നിറഞ്ഞുനിന്നവന്‍. കരുണയില്ലാത്ത പ്രവൃത്തികളുടെ ഉടമ. അര്‍ഹതയില്ലാത്ത കാര്യങ്ങള്‍ കയ്യില്‍ വച്ചവന്‍. വേഷംകെട്ടലുകളിലൂടെ അപ്പനെയും അമ്മാവനെയും കബളിപ്പിച്ചവന്‍. അവസാനം തന്‍റെ ബലമെന്നു കരുതിയതെല്ലാം നഷ്ടപ്പെട്ടവന്‍. താനൊന്നുമല്ല എന്ന തിരിച്ചറിവിന്‍റെ മുമ്പില്‍ മുടന്തിനടന്നവന്‍. അനുതപിക്കുന്ന മനസ്സോടെ ദൈവതിരുമുമ്പില്‍ വന്നപ്പോള്‍ അവന്‍ അനുഗ്രഹീതനായ 'ഇസ്രായേല്‍' ആയിമാറി. നമ്മളൊക്കെ ദൈവത്തില്‍നിന്നകന്നുനടന്നാലും ഒരു നിമിഷംകൊണ്ട് ദൈവത്തിനു നമ്മെ പുതുക്കിപ്പണിയുവാന്‍ കഴിയുമെന്ന് യാക്കോബ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വീഴ്ചകളും തകര്‍ച്ചകളും ആത്മീയജീവിതത്തിന് ശക്തിപകരും. അങ്ങനെയുള്ള അനുഭവങ്ങള്‍ വഴി നാം നവീകരിക്കപ്പെടും.
പൗരസ്ത്യദേശത്തെ സമ്പന്നനായിരുന്നു ജോബ്. ദൈവതിരുമുമ്പിലും മനുഷ്യരുടെ മുമ്പിലും നന്മയില്‍ വ്യാപരിച്ചവന്‍. അപ്രതീക്ഷിതമായി മക്കള്‍ മരിക്കുന്നു. ആടുമാടുകള്‍ ചത്തൊടുങ്ങുന്നു. കൃഷി നശിക്കുന്നു. ദേഹം മുഴുവന്‍ വ്രണങ്ങള്‍കൊണ്ട് നിറയുന്നു. "ദൈവം തന്നു, ദൈവം എടുത്തു" എന്നു പറഞ്ഞുകൊണ്ട് സമ്പൂര്‍ണ്ണസമര്‍പ്പണം നടത്തുന്ന ജോബിനെ നാം അവസാനം കണ്ടെത്തുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളും അപ്രതീക്ഷിതമായ അനുഭവങ്ങളും വളരുമ്പോള്‍ തളരാതെ നില്‍ക്കുവാന്‍ നമുക്കു കഴിയണം. സമ്പത്തില്‍ സന്നിഹിതനായവന്‍ സഹനത്തിലും സന്നിഹിതനാണെന്ന ബോധ്യം ദൈവം നമുക്കു നല്കും. പഴയനിയമത്തിലെ ഈ നാലുകഥാപാത്രങ്ങള്‍ നമ്മുടെ ഇന്നത്തെ ജീവിതത്തിന് ബലവും മാതൃകയുമാകട്ടെ. 

You can share this post!

നാം മുന്നോട്ട്

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

വിമര്‍ശകരും, വിമര്‍ശനവും

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts