news-details
കഥപറയുന്ന അഭ്രപാളി

റണ്‍ ലോലാ റണ്‍

    ഭാഗ്യനിര്‍ഭാഗ്യവും നിയോഗവും തമ്മിലുള്ള ബന്ധത്തെ സര്‍ഗാത്മകമായി നിര്‍വ്വചിക്കുകയാണ് ടോം ടെക്വര്‍ സംവിധാനം ചെയ്ത ജര്‍മ്മന്‍ ചിത്രം 'റണ്‍ ലോലാ റണ്‍' (1998). ഓരോ നിമിഷത്തിനും തൊട്ടടുത്ത നിമിഷത്തെ മാറ്റിമറിക്കാനുളള കഴിവുണ്ടെന്ന് ഈ ചിത്രം പ്രഖ്യാപിക്കുന്നു. സമയത്തിനെതിരെ കുതിക്കുന്ന ലോലയോടൊപ്പം മൂന്ന് വ്യത്യസ്തയാത്രകള്‍ നടത്തുകയാണ് പ്രേക്ഷകര്‍. അവസരം, നിയോഗം, സമയം എന്നിവയെക്കുറിച്ചുള്ള പഠനമാകുന്നു ഈ യാത്ര. ആഖ്യാനരീതി, ബിംബങ്ങള്‍, ശബ്ദങ്ങള്‍,  സാങ്കേതികത എന്നിവയുടെ സമര്‍ത്ഥമായ സന്നിവേശത്തിലൂടെ  പ്രേക്ഷകരെ ഞെട്ടിക്കുന്ന ഈ പരീക്ഷണചിത്രം ഒരു മൈന്‍ഡ് ഗെയിം കൂടിയാണ്. അസാധ്യമായ ഒരു ദൗത്യത്തില്‍ ലോല വിജയിക്കുന്നത് കാണിക്കുന്നതിനു പകരം നേരിയ വ്യതിയാനങ്ങളോടുകൂടിയ മൂന്ന് ബദല്‍ സാധ്യതകളാണ് സംവിധായകന്‍ കാണിക്കുന്നത്. അകിരാ കുറസോവയുടെ 'റാഷമോണില്‍' ഒരു കൊലപാതകത്തിന്‍റെ മൂന്ന് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നാലുപേരിലൂടെ അവതരിപ്പിക്കുകയായിരുന്നു. കീസ് ലോവ്സ്കിയുടെ ബ്ലൈന്‍റ് ചാന്‍സില്‍ ട്രെയിനില്‍ കയറിപ്പറ്റാന്‍ കഴിയുന്നതും കഴിയാതിരിക്കുന്നതും ഒരു യുവാവിന്‍റെ ജീവിതത്തില്‍ വരുത്തുന്ന വ്യത്യസ്തകളാണ് വിശകലനം ചെയ്യുന്നത്.  ആഖ്യാനപാരമ്പര്യത്തിന്‍റെ സാമ്പ്രദായിക കീഴ്വഴക്കങ്ങളെ ധിക്കരിക്കുന്ന ഈ രണ്ടു ചിത്രങ്ങളുടെയും ഗണത്തില്‍പ്പെടുന്നു റണ്‍ ലോലാ റണ്‍. നിമിഷാര്‍ദ്ധങ്ങളുടെ ഇടവേളകളില്‍ ജീവിതത്തിന്‍റെ ദിശകള്‍ മാറുന്നുണ്ടെന്ന് പ്രഖ്യാപിക്കുന്ന ഈ ചിത്രങ്ങളുടെ ചുവടുപിടിച്ച് ജീവ സംവിധാനം ചെയ്ത 12 ബി (2001) എന്ന തമിഴ്ചിത്രവും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം. 
ഒരേ കഥ മൂന്ന് വ്യത്യസ്ത തലങ്ങളില്‍ പറയുകയാണ് ഈ ചിത്രം. ഈ മൂന്ന് ഖണ്ഡങ്ങളെയും കുറിച്ചുള്ള ധാരണയിലൂടെയേ ഈ ചിത്രത്തിന്‍റെ വ്യാകരണം നമുക്ക് വഴങ്ങിക്കിട്ടുകയുള്ളൂ. ഒന്നാം ഖണ്ഡത്തില്‍ ലോലയേ കാമുകന്‍ മാന്നി ഫോണില്‍ വിളിക്കുന്നു. സമയം 11.40. ആകെ അസ്വസ്ഥനാണ് അയാള്‍. മയക്കുമരുന്ന് കച്ചവടക്കാരനാണയാള്‍. 20 മിനിറ്റിനകം മാഫിയാ തലവന്‍ റോന്നിക്ക് കൈമാറേണ്ട ഒരു ലക്ഷം ജര്‍മ്മന്‍ മാര്‍ക്ക് അയാളുടെ കയ്യില്‍നിന്നും നഷ്ടപ്പെട്ടിരിക്കുന്നു. 12 മണിക്ക് മാഫിയാ തലവനെ മാന്നി കാണുന്ന സമയത്ത് പണം കയ്യിലില്ലെങ്കില്‍ അവന്‍ കൊല്ലപ്പെടും. ഇനി വെറും 20 മിനിറ്റ് മാത്രം. വെറും 20 മിനിറ്റ് കൊണ്ട് ലോല ഒരു ലക്ഷം ജര്‍മ്മന്‍ മാര്‍ക്ക് കണ്ടെത്തണം. നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സായുധകവര്‍ച്ച നടത്തിമാത്രമേ ഇത്രയും തുക പെട്ടെന്ന് ഉണ്ടാക്കാനാവു എന്ന് മാന്നി പറയുന്നു. ലോല ഉടന്‍തന്നെ തന്‍റെ അപ്പാര്‍ട്ടുമെന്‍റില്‍നിന്ന് ഓടിത്തുടങ്ങുന്നു. തന്‍റെ ബാങ്ക് മാനേജരായ പിതാവ് മേറ്റര്‍ സഹായിക്കുമോ എന്ന കാര്യത്തില്‍ അവള്‍ക്കുറപ്പില്ല. പിതാവിനോടു സംസാരിക്കാന്‍ അവള്‍ തീരുമാനിക്കുന്നു. അവള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റിനും ബാങ്കിനുമിടയിലുള്ള വഴി നിറയെ പ്രതിബന്ധങ്ങളായിരുന്നു. പിതാവ് പണം നല്‍കാന്‍ വിസമ്മതിക്കുമ്പോള്‍ ലോലയും മാന്നിയും സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുന്നു. ലോലയെ പോലീസ് ഓഫിസര്‍ വെടിവച്ചു വീഴ്ത്തുന്നു.
രണ്ടാം ഖണ്ഡം: ലോല മരിക്കുമ്പോള്‍ സിനിമ ആദ്യം മുതല്‍ വീണ്ടും തുടങ്ങുന്നു. മാന്നിയുടെ ഫോണ്‍ കോള്‍. സമയം 11.40. 12 മണിക്കൂറിനുള്ളില്‍ പണം കണ്ടെത്തണം. ലോല വീണ്ടും ഓടിത്തുടങ്ങി. ഒടുവില്‍ പിതാവിനെ അവള്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി ബാങ്ക് കൊള്ളയടിക്കുന്നു. കൃത്യസമയത്ത് പണം മാന്നിക്ക് എത്തിച്ചുകൊടുക്കുന്നു. എന്നാല്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ മാന്നി ആംബുലന്‍സ് ഇടിച്ചു മരിക്കുന്നു.
മൂന്നാം ഖണ്ഡത്തില്‍ ലോല പിതാവിന്‍റെ ബാങ്കിലെത്തുമ്പോഴേക്കും അദ്ദേഹം കാറില്‍ പൊയ്ക്കഴിഞ്ഞിരുന്നു. അവള്‍ നഗരത്തിലൂടെ ഓടി. ഒരു കാസിനോയില്‍ എത്തുന്നു. വാതുവെച്ച് വിജയിച്ച് അവള്‍ പണം കണ്ടെത്തുന്നു. 12 മണിക്കൂറിനുളളില്‍ പണം മാന്നിയെ ഏല്പിക്കണം. ലോലയുടെ പിതാവിന്‍റെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുന്നു. ആ അപകടത്തില്‍ ലോലയുടെ പിതാവ് മരിക്കുന്നു. നഷ്ടപ്പെട്ട ബാഗ് മാന്നിക്ക് തിരിച്ചുകിട്ടിയ വിവരം അവള്‍ അറിയുന്നില്ല. കൃത്യസമയത്തുതന്നെ ആ ബാഗ് മാന്നി, റോന്നിക്കു നല്‍കുന്നു. അതോടെ അവസാനഖണ്ഡത്തില്‍ അവര്‍ വിജയിക്കുന്നു. 
ദ്രുതവേഗതയാണ് ഈ ചിത്രത്തിന്‍റെ പ്രധാന സവിശേഷത. വീഡിയോ ഗെയിമുകളുടെ ആഖ്യാനരീതിയെ ചലച്ചിത്രത്തിലേക്ക് സര്‍ഗാത്മകമായി വിളക്കിച്ചേര്‍ക്കുക കൂടി ചെയ്യുന്നുണ്ട് സംവിധായകന്‍. സമയവും സംഭവങ്ങളും നേര്‍രേഖയിലല്ലെന്നും സ്പൈറല്‍ രൂപം കൈക്കൊള്ളുന്നുവെന്നും സംവിധായകന്‍ സ്ഥാപിക്കുന്നു. സ്പൈറല്‍ എന്നു പേരുള്ള ബാറിനു മുന്‍വശത്തെ ബൂത്തില്‍നിന്നാണ് മാന്നി ലോലയെ ഫോണ്‍ ചെയ്യുന്നതും. ചിത്രത്തിന്‍റെ തുടക്കത്തിലുള്ള ആനിമേഷനില്‍ ലോല സ്പൈറല്‍ ആകൃതിയിലുള്ള ഗോവണിയിലൂടെ ഓടുന്നതായി കാണിക്കുന്നുണ്ട്.
മൂന്നു ഖണ്ഡത്തിലും ലോല ഓടിത്തുടങ്ങുന്നതിനുമുമ്പ് അലറിക്കരയുന്നുണ്ട്. അപ്പോള്‍ സമീപത്തെ കണ്ണാടിച്ചില്ലുകള്‍ പൊട്ടിത്തകരുന്നു. തന്‍റെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനാണ് അവള്‍ ഓരോ ഘട്ടത്തിലും അലറിക്കരയുന്നത്. തകര്‍ന്ന ഒരു കുടുംബത്തില്‍നിന്നാണ് അവള്‍ വരുന്നത്. ജര്‍മ്മനിയിലെ പുതിയ തലമുറയുടെ പ്രതിനിധിയാണവള്‍. കുടുംബം ലോലയ്ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നില്ല. കുടുംബം അവള്‍ക്ക് സാമൂഹികമായ  ബാധ്യതയുമല്ല. അതുകൊണ്ട് സ്വന്തം വഴി നിര്‍ണയിക്കുന്നത് അവള്‍ തന്നെയാണ്. അവളുടെ അലറിക്കരച്ചിലില്‍ ഗ്ലാസുകള്‍ പൊട്ടിച്ചിതറുമ്പോള്‍ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും തകര്‍ക്കാനുള്ള അവളുടെ കഴിവിനെയാണ് അത് കാണിക്കുന്നത്.
ജര്‍മ്മനിയിലെ ഏറ്റവും പ്രശസ്തനായ ഫുട്ബോള്‍ കോച്ച് ജോസഫ് ഹെര്‍ബര്‍ഗറുടെ നിരവധി ഉദ്ധരണികള്‍ ചിത്രത്തിലുണ്ട്. ജര്‍മ്മന്‍ ടീമിനെ പരിശീലിപ്പിച്ച് 1954ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിക്കൊടുത്ത ആളാണ് ഇദ്ദേഹം. മിറക്കിള്‍ ഓഫ് ബോണ്‍ എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും എതിരാളികളുടെ ശക്തി ഒരിക്കലും കുറച്ചു കാണാതിരിക്കാനും കളിക്കാര്‍ക്ക്  അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങള്‍ പിന്നീട് ഉദ്ധരണികളായി മാറി. ഇപ്പോള്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത് ഇത്തരം ഉദ്ധരണികളിലൂടെയാണ്.
ലോലയുടെ ഓരോ ഓട്ടവും ഓരോ മാറ്റങ്ങളാണ്. ആദ്യ ഓട്ടം പ്രശ്നം സൃഷ്ടിക്കുന്നു. രണ്ടാമത്തെ ഓട്ടം പ്രശ്നം വഷളാക്കുന്നു. നേരത്തെയുള്ള തെറ്റുകളില്‍നിന്ന് പാഠമുള്‍ക്കൊണ്ടുള്ള മൂന്നാം ഓട്ടം വിജയിക്കുന്നു. ഒരേ സമയത്ത് നടക്കുന്ന മൂന്ന് അങ്കങ്ങള്‍. ലോലയുടെയും മാന്നിയുടെയും ബന്ധം ചിത്രത്തിലുടനീളം മാറിക്കൊണ്ടിരിക്കുന്നു. മാന്നി താന്‍ പറയുന്നതുപോലെ അനുസരിക്കില്ലായെന്ന് ലോല ഭയക്കുന്നുണ്ട്. ഒടുവിലാണ് അവര്‍ പരസ്പരം വിശ്വാസമുള്ളവരായി മാറുന്നത്. പ്രവൃത്തികളിലൂടെയാണ് കഥാപാത്രങ്ങളുടെ വളര്‍ച്ച കാണിക്കുന്നത്. സംഭാഷണത്തിലൂടെയല്ല. ഹ്രസ്വമായ സമയത്തിനുള്ളില്‍ നിരവധി കഥാപാത്രങ്ങളെയും കഥകളെയും സിനിമ അവതരിപ്പിക്കുന്നുണ്ട്. ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥനരീതി ഈ ചിത്രത്തിനില്ല. സംഭവങ്ങളുടെ അനുക്രമമായ പരമ്പര, അവയുടെ വികാസം, വൈകാരിക സംഘര്‍ഷങ്ങള്‍, ഉദ്വേഗം, ഉച്ചസ്ഥായി എന്നിവയിലൂടെയുള്ള പതിവു കാഴ്ചകളെ നിരാകരിക്കുന്ന ഈ ചിത്രത്തിന് ആ വര്‍ഷത്തെ ബാഫ്റ്റ പുരസ്കാരത്തിന് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നോമിനേഷന്‍ ഉണ്ടായിരുന്നു. 

You can share this post!

ഐ.എഫ്.എഫ്. കെ. കാഴ്ചകള്‍

അജീഷ് തോമസ്,ഫിലിം ക്ലബ് എസ്.ബി. കോളേജ്, ചങ്ങനാശ്ശേരി
അടുത്ത രചന

കോണ്‍-ടിക്കി: പ്രത്യാശയുടെ സാഗര യാത്ര

അജി ജോര്‍ജ്ജ്
Related Posts