news-details
മറ്റുലേഖനങ്ങൾ

മോളിക്യൂള്‍സ് സ്പീക്കിംഗ്

ഫ്രിഡ്ജുമായി അയാള്‍ക്കുള്ള ബന്ധം ഇരട്ടക്കുട്ടികളുടേതുപോലെയായിരുന്നില്ല. ഹൃദയം പോലെ അയാളുടെ ഭാഗം തന്നെയായിരുന്നു. ഓണത്തെ കാത്തിരിക്കവേ പ്രളയം വന്നു. തകര്‍ന്നു വീഴുന്ന വീടുകളും ചത്തുമലയ്ക്കുന്ന മൃഗങ്ങളും മനുഷ്യരും. പിഴുതുവീഴുന്ന മാമരങ്ങള്‍. ടി. വി. ചിത്രങ്ങള്‍. അയാളുടെ ചോര ചൂടാകുന്നത് ഫ്രിഡ്ജ് അറിഞ്ഞു. തണുപ്പു കൂട്ടി. ആശ്വാസത്തോടെ അയാള്‍ പറഞ്ഞു: എല്ലാം പടങ്ങള്‍. മാറിപ്പോകും." വാര്‍ത്താചാനലിലെ ആവേശം നിറഞ്ഞ വിവരണങ്ങള്‍ കേട്ട് അയാളൊന്നു മയങ്ങി. കാലിന്‍റെ പൊത്ത നനഞ്ഞു. അയാള്‍ക്കു മനസ്സിലായി ടി. വിയിലൂടെ വെള്ളം ഒഴുകിവരുകയാണ്. കണ്ണടച്ചുതുറക്കും മുമ്പേ സര്‍ക്കാരിട്ടു തന്ന കസേര നനഞ്ഞു. മുറ്റത്തു കിടന്ന സര്‍ക്കാര്‍വക കാര്‍, സര്‍ക്കാര്‍ ബോട്ടുപോലെ ഉയരുന്നു. വെള്ളം പൊതിയുമ്പോഴും തനിക്കു പൊള്ളുന്നു! ഫ്രിഡ്ജ് എവിടെ? പ്രാണവായുവിനുള്ള പിടച്ചില്‍ പോലെ ഫ്രിഡ്ജിനായി അയാള്‍ പിടഞ്ഞു. കൊതിക്കുന്നതെല്ലാം ലഭിക്കുന്ന ആളാണയാള്‍. അയാള്‍ക്കു പെട്ടെന്നു ചിറകു മുളച്ചു. ചത്തുമലച്ച മൃഗങ്ങള്‍ക്കു മുകളിലൂടെ പറക്കുന്ന അയാളെ നോക്കി രക്ഷാപ്രവര്‍ത്തനത്തിറങ്ങിയവര്‍ വിളിച്ചു... 'കാക്കേ..' 
മാലിന്യങ്ങളെ കാക്കകണ്ണുകൊണ്ടയാള്‍ കണ്ടു. ചത്തതൊക്കെ നിരത്തി നാലുകാശ്. നോഹയുടെ പെട്ടകത്തില്‍നിന്നു പറന്ന കാക്ക മാലിന്യങ്ങള്‍ക്കിടയില്‍നിന്ന് മടങ്ങിയില്ല. അയാള്‍ ചാകര കണ്ടു. വിവിധ നാടുകളില്‍ നിന്ന് അരിമണികള്‍ കൊത്തി പ്രാവുകള്‍ സഹജീവികളെ തേടിയെത്തി. ഒലിവില കൊത്തി നോഹയുടെ പെട്ടകത്തില്‍ മടങ്ങിയെത്തിയ പ്രാവിനെ നോഹ കണ്ടതുപോലെ പ്രളയബാധിതര്‍ അവനെ കാണാന്‍ തുടങ്ങിയപ്പോള്‍ കാക്ക പ്രാവുകള്‍ക്ക് മുന്‍പില്‍ പറന്ന് കാകശബ്ദം  ഉയര്‍ത്തി. "പ്രാവുകളെ സംഘടിപ്പിച്ചവനാണീ കാക്ക." പ്രാവുകളെ ഭയപ്പെടുത്തി അരിമണി കാക്ക ശേഖരിച്ചു. ഭക്ഷണം കിട്ടാതെ പ്രളയബാധിതര്‍ കരഞ്ഞു. കാക്ക പറഞ്ഞു: "വിവിധ രാജ്യങ്ങളുടെ സൗന്ദര്യങ്ങള്‍ കൂടിച്ചേരുന്നൊരു നാട് ഞാന്‍ നല്‍കും." വെള്ളമിറങ്ങി. ഇനിയും പറക്കേണ്ട കാര്യമില്ലാത്തതിനാല്‍ അയാള്‍ ചിറകൊതുക്കി വീട്ടിലെത്തി. കതകുതുറന്നപ്പോള്‍ മുന്നില്‍ ഫ്രിഡ്ജ്. കിലുകിലാചിരിയോടെ ഫ്രിഡ്ജ് പറഞ്ഞു: 'പറ്റിച്ചേ.' ചുറ്റിലും നോക്കിയിട്ടയാള്‍ കിട്ടിയ ഒരു കൊടികൊണ്ടു മുഖംമറച്ചു പറഞ്ഞു: "നഗ്നസത്യങ്ങള്‍ വിളിച്ചു പറയരുത്." ജനമപ്പോള്‍ പ്രളയത്തെ പ്രണയിക്കുന്ന നിസ്സഹായാവസ്ഥയിലായിരുന്നു. 

You can share this post!

വിശ്വാസ കൈമാറ്റം കുടുംബത്തിലും സഭയിലും

ജോണി കിഴക്കൂടന്‍
അടുത്ത രചന

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
Related Posts