news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

The Gospel of Jesus is not a rational concept to be explained in a theory of salvation, but a story about God’s presence in Jesus’ solidarity with the opressed, which led to his death on the cross. what is redemptive is the faith that God snatches victory out of defeat, life out of death, and hope out of despair.” - James H Cone.
 
അതെ സുവിശേഷം വെറുമൊരാശയമല്ല, മറിച്ച് അതൊരു കഥയാണ്, ജീവനുള്ള കഥ. കര്‍ത്താവിന്‍റെ ആത്മാവുള്ളവന്‍ ദരിദ്രരെ സുവിശേഷം അറിയിച്ചതിന്‍റെ കഥ. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും നല്‍കിയതിന്‍റെ കഥ (Lk 4:18-19). 
പടയോട്ടങ്ങളുടെയും കീഴ്പ്പെടുത്തലുകളുടെയും ചരിത്രങ്ങള്‍ക്ക് ദൈവത്തെ കൂട്ടുപിടിക്കാന്‍ ജനതയിലെ വരേണ്യത തീരുമാനിച്ചുറപ്പിച്ചപ്പോള്‍ അടിച്ചമര്‍ത്തവന്‍റെ പക്ഷം ചേരാന്‍ ദൈവത്തിന് മനുഷ്യനാകേണ്ടി വന്നതാണ് രക്ഷാകര ചരിത്രം.
മനുഷ്യന്‍റെ അസ്തിത്വപ്രശ്നങ്ങളില്‍ നിന്നും വഴിമാറി ഒരു ദൈവസങ്കല്‍പം ഇനി രൂപപ്പെടുത്താനാവില്ല എന്ന ലളിതവത്കരണമാണ് അന്ന് ക്രിസ്തുവിലൂടെ സംഭവിച്ചത്. ആ ക്രിസ്തു സംഭവത്തിന്‍റെ അനുരണനങ്ങള്‍ കാലം ഏറിയും കുറഞ്ഞും ആവര്‍ത്തിക്കുന്നുണ്ട്. തിരിച്ചറിയാന്‍ കണ്ണും കാതും തുറന്നാല്‍ മാത്രം പോര, എവിടെയോ കൈമോശം വന്ന ചില അതിസാധാരണമായ അനുഭവങ്ങളെ ഹൃദയത്തോടു ചേര്‍ത്തു വയ്ക്കേണ്ടിയിരിക്കുന്നു.
സുവിശേഷം തുറന്നുവയ്ക്കുമ്പോള്‍ അത്ഭുതം തോന്നുക, ഈ യേശുവിനു ഭ്രാന്തായിരുന്നോ എന്ന സന്ദേഹത്തിലാണ്. ചെയ്തതും പറഞ്ഞതും പങ്കുവച്ചതും ഏറ്റവും ഓരം ചേര്‍ന്നുപോയവര്‍ക്കു വേണ്ടി മാത്രം. തിരികെ ഒന്നും അവനു കിട്ടില്ല എന്നറിയാമായിരുന്നിട്ടും അവന്‍ ചെയ്തതിന്‍റെ പ്രതിഫലം കഴുമരണമാണെന്നു വ്യക്തമായിട്ടും വീണ്ടും മരണത്തിലേക്ക് ഓടി അടുക്കുകയായിരുന്നവന്‍. അവന്‍റെ ദൈവശാസ്ത്രം വളരെ ലളിതമായിരുന്നു, വേദനിക്കുന്നവന്‍റെ ബലഹീനന്‍റെ ഒപ്പം ചേരുന്ന ഒരു ദൈവം. ഇനിമുതല്‍ കാണാമറയത്തിരുന്ന് ശിക്ഷ വിധികല്‍പ്പിക്കുന്നവനല്ല ദൈവം, ചാരത്തിരുന്ന് ആശ്വാസത്തിന്‍റെ കരവലയം തീര്‍ക്കുന്നവനാണ് എന്ന ഉറപ്പ് മാനവരാശിക്ക് നല്‍കുകയായിരുന്നു അവന്‍റെ ദൗത്യം. ആ ദൗത്യത്തില്‍ സ്വന്തമാക്കുക എന്നതിനര്‍ത്ഥം സ്വയം ഇല്ലാതാകുക എന്നതാണെന്ന് അവന്‍ വ്യക്തമാക്കി. അതായിരുന്നു അവന്‍റെ വിശ്വസ്തത.
ക്രിസ്തീയതയില്‍ ഇനി ഉണ്ടാവേണ്ട പ്രതികരണങ്ങളൊക്കെ ഈ ദൈവമനുഷ്യ ബന്ധത്തിന്‍റെ ഇഴയടുപ്പം നിലനിര്‍ത്തിക്കൊണ്ടുള്ളതാവണം. മാനവരാശിയുടെ പ്രതിസന്ധികളെയും സംഘര്‍ഷങ്ങളെയും അഭിമുഖീകരിക്കാത്ത ഒരു ദൈവശാസ്ത്രത്തിനും നിലനില്‍പ്പില്ല എന്നു സാരം. തലകൊണ്ടല്ല ഹൃദയംകൊണ്ടാണ് ഇനി ദൈവത്തെ അറിയേണ്ടത്, എന്‍റെ സുഖദുഃഖത്തില്‍ മാത്രമല്ല അപരന്‍റെ കണ്ണീരുപ്പിലും കുടികൊള്ളുന്ന ദൈവിക ചൈതന്യത്തെ തിരിച്ചറിയുക തന്നെയാണ് പരമപ്രധാനം.
വിമോചന ദൈവശാസ്ത്രത്തെ ദൈവശാസ്ത്ര പഠനങ്ങളിലെ ഒരു ശാഖയായും സമരമാര്‍ഗ്ഗമായും ഒക്കെ നാം തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ദൈവശാസ്ത്രപഠനങ്ങളും വിമോചനത്തിന്‍റെ സദ്വാര്‍ത്ത നല്‍കുന്നതാകണം. കാലത്തിനും ദേശത്തിനും അനുസൃതമായി മനുഷ്യോന്മുഖമായി ദൈവശാസ്ത്ര ചിന്തകളെ ദൈവമനുഷ്യ ബന്ധത്തിന്‍റെ ആഴത്തില്‍ തിരിച്ചറിഞ്ഞ കേരള സഭയിലെ പ്രമുഖനായിരുന്നു ഡോ. സാമുവല്‍ രായന്‍ എസ്.ജെ.. ദൈവശാസ്ത്രം, ദൈവത്തിന്‍റേതു മാത്രമല്ല മനുഷ്യന്‍റേതുമാണെന്ന് പറയുകയും പഠിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ഒരു അന്വേഷി. 2019 ജനുവരി മാസം പിറന്ന ഉടനെ നിത്യതയിലേക്ക് യാത്രയായ രായനച്ചനു അസ്സീസി കുടുംബത്തിന്‍റെ ആദരാഞ്ജലികള്‍.
മനുഷ്യന്‍റെ വേദനകള്‍ മാത്രമല്ല സകലചരാചരങ്ങളുടെയും പ്രതിസന്ധികളെ തിരിച്ചറിയുക എന്നതാണ് സുവിശേഷത്തിന്‍റെ ആദ്യപടി. പലപ്പോഴും നമുക്കു സംഭവിക്കുന്ന അപകടം പ്രതിസന്ധികള്‍ എന്താണെന്ന് അതനുഭവിക്കുന്നവന്‍റെ പക്ഷത്തുനിന്ന് ചിന്തിക്കാന്‍ നമുക്കാവുന്നില്ല എന്നതാണ്. വ്യവസ്ഥാപിത മതത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് നാം പടച്ചുവിടുന്ന ചില തീര്‍പ്പുകളുണ്ട്. അത് മനുഷ്യന്‍റെ പൊള്ളുന്ന അകത്തളങ്ങളെ ഒരുമാത്രപോലും തണുപ്പിക്കുന്നില്ലെന്നു മാത്രമല്ല കൂടുതല്‍ ഇരുട്ടിലേക്ക് ഒരു സമൂഹത്തെ ആകമാനം തള്ളിക്കളയകയും ചെയ്യുന്നുണ്ട്.
ഒരു കൊച്ചു സംഭവം പങ്കുവയ്ക്കട്ടെ. 
തിരുവല്ലയിലെ 'ഡൈനാമിക് ആക്ഷന്‍' എന്ന ദളിത് ക്രൈസ്തവ വിമോചന പ്രസ്ഥാനത്തിന്‍റെ അമരക്കാനായിരുന്ന എം.ജെ. ജോസഫ് അച്ചന്‍ പങ്കുവച്ചതാണ്. ഒരു ഞായറാഴ്ച കുട്ടിനാട്ടിലെ തന്‍റെ ചുമതലയിലുള്ള ഇടവക ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഒരു ദളിത് സ്ത്രീയും അവരുടെ ഭര്‍ത്താവും ഓടിവന്നു. ഏകദേശം 60 വയസ്സിനു മുകളില്‍ പ്രായമുളള ആ സ്ത്രീ പറഞ്ഞു. 'എന്‍റെ അച്ചോ, ഇതിയാനെ ഒന്നു നന്നാകാന്‍ ഉപദേശിക്കണം, കര്‍ത്താവിനു നിരക്കാത്ത ഒരു പണി ഇന്നലെ ഇയാള്‍ കാണിച്ചു. പരല്‍മീന്‍ പിടിക്കാന്‍ പോയ ഇയാള്‍ തിരികെ വന്നത് വരാല്‍ മീനുമായിട്ടാണ്. ചൂണ്ടയിട്ടിട്ട് ഒന്നും കിട്ടാതിരുന്നതുകൊണ്ടെന്നാണ് പറഞ്ഞത്, പാറ്റി കുഞ്ഞുങ്ങളുമായി പോയ വരാലിനെയാണ് ഇതിയാന്‍ പിടിച്ചത്. ഇതു കേട്ടിട്ട് എനിക്ക് നെഞ്ചില്‍ ഭയങ്ക ആധി'. ശരിയാണ് പാറ്റി (പ്രസവിച്ച) കുഞ്ഞുങ്ങളുമായി പോകുന്ന വരാലുകളെ സാധാരണ ആരും പിടിക്കാറില്ല. കുഞ്ഞിനെ വളര്‍ത്തേണ്ട അമ്മ മത്സ്യമാണത്. എന്നാല്‍ വല്ലപ്പോഴും അത്തരത്തിലുള്ള ഒരു മത്സ്യത്തെ പിടിക്കുന്നത് അത്ര വലിയ തിന്മയായൊന്നും എനിക്കനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ഇവിടെ ഒരു സ്ത്രീയെ സംബന്ധിച്ച് അത് വലിയ തിന്മ തന്നെയാണ്. ആ അമ്മ മത്സ്യത്തിന്‍റെ വേദന അവരുടെ കൂടി വേദനയായി മാറി. ഇതാണ് സുവിശേഷം. മനുഷ്യന്‍റെ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ എന്ന് എന്‍റെ കൂടി വേദനയായി മാറുന്നുവോ അവിടെ സംഭവിക്കുന്നതാണ് സുവിശേഷം. ക്രിസ്തുവിന്‍റെ വിമോചനം അവിടെ തുടങ്ങുന്നു എന്നതാണ് എന്‍റെ അതിശയം. ദൈവമായും മനുഷ്യനായും മാറുന്ന ഒരുവനിലെ സാധ്യതയാണത്.
അതെ തിരിച്ചും എനിക്കതിനുള്ള സാധ്യത ഉണ്ട്; മനുഷ്യനായും ദൈവമായും മാറാന്‍. അതിനാലാണ് അവന്‍ ഉറക്കെ പ്രഖ്യാപിച്ചത്, 'കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ടെന്ന്!'
മനുഷ്യനെ മനസ്സിലാക്കാത്ത പ്രബോധനങ്ങളും പ്രഘോഷണങ്ങളും കര്‍ത്താവിനു സ്വീകാര്യമായ വത്സരം തന്നെയാണോ പ്രഖ്യാപിക്കുന്നതെന്ന് നാം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.
 
 
 
 
 

You can share this post!

മുഖക്കുറിപ്പ്

ടോം കണ്ണന്താനം കപ്പൂച്ചിൻ
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts