news-details
കവർ സ്റ്റോറി

സാമുവല്‍ രായന്‍: ദൈവശാസ്ത്ര സംഭാവനകള്‍

ആമുഖം
 
1960കള്‍ മാറ്റങ്ങളുടെ വേലിയേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ്. അന്നുവരെയുണ്ടായിരുന്ന ചിന്തകളെ തലകീഴായിമറിച്ചു മുന്നേറിയ കാലം. മാറ്റങ്ങളുടെ അനുരണനങ്ങള്‍ സഭാജീവിതത്തിലും ദൃശ്യമായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടുകൂടി ദൈവശാസ്ത്രരംഗത്തും മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങി. ഭാരതത്തില്‍ ജാതിചിന്തകളാലും നീതിയുടെ അഭാവത്താലും മതങ്ങള്‍ ദൈവത്തെ മാത്രം ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും സുഖസുഷുപ്തിയിലാകുമ്പോള്‍ നോവുന്ന മനസ്സിന്‍റെ രോദനം കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. ദൈവം ഉണ്ടോ എന്നതല്ല ചോദ്യം മറിച്ച് അനീതിയുടെ ഇരകള്‍ക്ക് ദൈവം ഉണ്ടെന്ന് എങ്ങനെ മനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കും. അതിന് ഉത്തരം തേടിയുള്ള യാത്രയാണ്  സാമുവല്‍ രായന്‍റെ ദൈവശാസ്ത്ര യാത്ര. ഈ യാത്രയില്‍ പ്രധാനമായും മൂന്ന് അടിസ്ഥാന ശിലകള്‍ കാണാം. (1)നീതി (Justice), (2)യാഥാര്‍ത്ഥ്യവല്കരണം --ജീവിതസാഹചര്യങ്ങളില്‍ അനുഭവിക്കുന്നത് (concretness), (3)പ്രവര്‍ത്തനം --നീതിയുടെ പ്രവൃത്തിപദം (action). ഈ ലേഖനത്തിന്‍റെ ആദ്യഭാഗത്ത് രായന്‍റെ ദൈവശാസ്ത്ര ദര്‍ശനവും അത് രൂപപ്പെടുവാന്‍ അദ്ദേഹം സ്വീകരിക്കുന്ന രീതികളെയും പ്രതിപാദിക്കുന്നു. രണ്ടാം ഭാഗം രായന്‍റെ വീക്ഷണത്തില്‍ നിന്നുരിത്തിരിയുന്ന, നമ്മള്‍ നടക്കേണ്ട വഴികളുടെ ദിശാബോധം കുറിക്കുന്ന ദൈവശാസ്ത്ര സംഭാവനകള്‍ അവതരിപ്പിക്കുന്നു.
 
  1. ദൈവശാസ്ത്രജ്ഞന്‍: സൂതികര്‍മ്മിണി:-
 
യേശുസ്നേഹിയുടെ മനുഷ്യസ്നേഹത്തിന്‍റെ ഗാഥയാണ് സാമുവല്‍ രായന്‍റെ ദൈവശാസ്ത്രം. സര്‍വ്വകലാശാലകളിലും സെമിനാരികളിലും ആശ്രമാന്തരീക്ഷങ്ങളിലും രൂപംകൊണ്ടിരുന്ന ദൈവശാസ്ത്രത്തെ ബാര്‍ബര്‍ ഷോപ്പിലും ചേരികളിലും ചന്തയിലും സമരങ്ങളിലും ജനമുന്നേറ്റങ്ങളിലും അടുക്കളയിലുമൊക്കെ ഇറക്കി കൊണ്ടുവരുന്ന ദൈവശാസ്ത്രമാണ് സാമുവല്‍ രായന്‍റേത്. തത്വജ്ഞാനത്തിന്‍റെ പിന്‍ബലത്തോടെ മാത്രം ദൈവശാസ്ത്രമവതരിപ്പിക്കുന്ന രീതിയില്‍ നിന്ന് മാറി വിശ്വാസത്തെ വിമര്‍ശനാത്മകമായും ക്രിയാത്മകമായും ജീവിത സാഹചര്യങ്ങളില്‍ വിലയിരുത്തുകയും വിശ്വാസത്തിന് ഇന്നിന്‍റെ അര്‍ത്ഥം കണ്ടെത്തുകയുമാണ് രായന്‍റെ ദൈവശാസ്ത്രം. ഈ പ്രക്രിയയില്‍ ഓരോ വിശ്വാസിയും വിശ്വാസ സമൂഹവും ദൈവശാസ്ത്രജ്ഞനാ(രാ)ണ്. വിശ്വാസിയുടെ വിശ്വാസവിചിന്തനം അടുക്കും ചിട്ടയുമായി പരുവപ്പെടുത്തി, ക്രമപ്പെടുത്തി അവതരിപ്പിക്കുന്നവരാണ് ഡോക്ടറേറ്റ് നേടിയവരും ഔദ്യോഗിക ദൈവശാസ്ത്രജ്ഞന്മാരും. ദൈവശാസ്ത്രത്തിന്‍റെ ജനനത്തിന് സൂതികര്‍മ്മിണികളാകുന്നവരാണ് ഔദ്യോഗിക ദൈവശാസ്ത്രജ്ഞര്‍.
 
2. രായന്‍റെ ദൈവശാസ്ത്ര ചേരുവകള്‍:-
 
ഫ്രാന്‍സിസ് പാപ്പ പറയുന്നതുപോലെ സഭ ചേരിയില്‍ ചേക്കേറേണ്ടതാണ്. ചേരിയിലെ ചോരമണവും വിയര്‍പ്പും കണ്ണുനീരും ദീര്‍ഘ നിശ്വാസങ്ങളും ഒക്കെ സാമുവല്‍ രായന്‍റെ ദൈവശാസ്ത്രത്തിന് പ്രത്യേക രൂപവും ഭാവവും നല്‍കുന്നു, ജീവിതഗന്ധിയാകുന്നു. ജനങ്ങള്‍ എവിടെയോ അവിടെ നിന്നാണ് ദൈവശാസ്ത്രം ആരംഭിക്കേണ്ടത്. ജനത്തിന്‍റെ കണ്ണുനീരിലൂടെയും വിയര്‍പ്പിലൂടെയും രക്തത്തിലൂടെയുമാണ് വിശ്വാസം വിചിന്തനം ചെയ്യേണ്ടത്. ഫ്രാന്‍സിസ് പാപ്പയും വാള്‍ട്ടര്‍ കാസ്പറുമൊക്കെ സൂചിപ്പിക്കുന്ന കാരുണ്യത്തില്‍നിന്ന് ദൈവശാസ്ത്രം ആരംഭിക്കണം(Cardinal Walter Kasper, Mercy: The Essence of the Gospel and the key to Christian Life, St. Paul, Bandra, 2016).
 
ഭാഗികമായെങ്കിലും, ജാതിവ്യവസ്ഥയെ താരാട്ടു പാടിയിരുന്ന സഭാ സംവിധാനങ്ങളില്‍ നീതി, വികസനം, സമത്വം, സാഹോദര്യം എന്നിവയുടെ സംസ്ഥാപനത്തിനായി AICUF ഉയര്‍ത്തിയ ചോദ്യങ്ങള്‍, വിമര്‍ശനങ്ങള്‍ അവയ്ക്ക് ഉത്തരം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ ഇവയൊക്കെയാണ് സാമുവല്‍ രായന്‍റെ ദൈവശാസ്ത്രത്തിന് ഊടും പാവും നല്‍കുക.
 
ദൈവരാജ്യദര്‍ശനത്തിന്‍റെ വഴിത്താരയിലൂടെ നടന്നുനീങ്ങിയ കുമാരനാശാന്‍, ശ്രീനാരായണഗുരു, ഗാന്ധിജി, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ സാമൂഹിക പരിഷ്കര്‍ത്താക്കളൊക്കെ സാമുവല്‍ രായന്‍റെ ദൈവശാസ്ത്ര വിചിന്തനങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
 
ബൈബിളും പാരമ്പര്യവും സഭാപഠനങ്ങളും മാത്രമല്ല സാമുവല്‍ രായന്‍റെ ദൈവശാസ്ത്രത്തിനാധാരം. മറിച്ച് മറ്റു മതഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളില്ലാത്ത മതങ്ങളുടെ ദര്‍ശനങ്ങളും സിനിമയും രായനെ സ്വാധീനിക്കുന്നു. നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള തത്വങ്ങളെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് അവതരിപ്പിക്കുന്ന ശൈലിയോട് രായന്‍ വിയോജിക്കുന്നു. തത്വങ്ങളെല്ലാം നമ്മുടെ അര്‍പ്പണത്തിനും സ്നേഹപ്രവൃത്തികള്‍ക്കുമുള്ള വഴികാട്ടിയാണ്. പുതിയ ബന്ധങ്ങളും ജീവിതരീതികളുമാണ് ദൈവശാസ്ത്ര വിചിന്തനങ്ങളുടെ ലക്ഷ്യം. വിചിന്തനരീതി ദിശാബോധമാണ്. മോചനമാണ് ദിശ. മോചനത്തിലേയ്ക്ക് നയിക്കുന്നത് പരിശുദ്ധാത്മാവാണ്. (S. Rayan, Come Holy Spirit, Media House, Delhi, 1998; S. Rayan, Renew the Face of the Earth, Media House, Delhi, 1998)  പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം മതഗ്രന്ഥങ്ങളിലും മതേതര ഗ്രന്ഥങ്ങളിലും സാമൂഹിക മുന്നേറ്റങ്ങളിലും ഉണ്ട്. നേരത്തെ തയ്യാറാക്കപ്പെട്ട തത്വങ്ങളുടെ ബലവും ബലക്ഷയവും വിവേചിച്ചറിയണം. മതഗ്രന്ഥങ്ങള്‍, തത്വങ്ങള്‍ പുനര്‍വായന നടത്തുന്നത് ഇന്ന് ഇവിടെ ഇപ്പോള്‍ ഈ ഭൂമിയെ കൂടുതല്‍ മനുഷ്യത്വമുള്ളതാക്കാനും പുതിയ സാമൂഹ്യക്രമം കൊണ്ടുവരാനുമാണ് (ലൂക്കാ 4:18-21). യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന്‍റെ അര്‍പ്പണം ദൈവത്തോടാണ്. തിയറിയും പ്രായോഗികതയും ചര്‍ച്ചയും പ്രാര്‍ത്ഥനയും നിശബ്ദതയും സാമൂഹിക വിശകലനവും വ്യാഖ്യാന ശാസ്ത്രവും ധ്യാനവുമെല്ലാം വിശ്വാസ അര്‍പ്പണത്തില്‍ ഒരേ സമയം സംഭവിക്കുന്നതാണ്. ജനങ്ങളുടെ വിശ്വാസത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. രായന്‍ ദൈവശാസ്ത്രവിചിന്തനം ചെയ്യാന്‍ ചൂണ്ടിക്കാണിക്കുന്നത് യേശു സ്നാപകശിഷ്യര്‍ക്ക് നല്‍കുന്ന മറുപടിയാണ് (മത്താ. 11:11-4). കണ്ട്, കേട്ട്, സ്പര്‍ശിച്ച്, അനുഭവിച്ച് മനസിലാക്കി വ്യാഖ്യാനിക്കുക (1യോഹ.1:1). ദൈവശാസ്ത്രം എന്നത് കാണപ്പെടുന്ന സംഭവത്തിന്‍റെ വ്യാഖ്യാനമാണ്, ദൈവിക വായനയാണ്.
 
ബൈബിളും പാരമ്പര്യവും സഭാപഠനങ്ങളും മാത്രമല്ല സാമുവല്‍ രായന്‍റെ ദൈവശാസ്ത്രത്തിനാധാരം. മറിച്ച് മറ്റു മതഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളില്ലാത്ത മതങ്ങളുടെ ദര്‍ശനങ്ങളും സിനിമയും രായനെ സ്വാധീനിക്കുന്നു. നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള തത്വങ്ങളെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് അവതരിപ്പിക്കുന്ന ശൈലിയോട് രായന്‍ വിയോജിക്കുന്നു. തത്വങ്ങളെല്ലാം നമ്മുടെ അര്‍പ്പണത്തിനും സ്നേഹപ്രവൃത്തികള്‍ക്കുമുള്ള വഴികാട്ടിയാണ്. പുതിയ ബന്ധങ്ങളും ജീവിതരീതികളുമാണ് ദൈവശാസ്ത്ര വിചിന്തനങ്ങളുടെ ലക്ഷ്യം. വിചിന്തനരീതി ദിശാബോധമാണ്. മോചനമാണ് ദിശ.
 
മതാത്മക ദര്‍ശനങ്ങളെ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളോടും ജീവിതസാഹചര്യങ്ങള്‍ മതാത്മകദര്‍ശനങ്ങളോടും ചോദ്യം ചോദിക്കുകയും അതിനുത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. മതദര്‍ശനങ്ങളിലെ എഴുതിത്തയ്യാറാക്കിയ ഉത്തരങ്ങള്‍ക്കുമപ്പുറം ഇന്നിന്‍റെ സാഹചര്യത്തില്‍ മതഗ്രന്ഥങ്ങളില്‍ കാണുന്ന വചനങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന അര്‍ത്ഥം കണ്ടെത്താനും (മത്താ.16:3) ജീവനെയും ജീവിതത്തെയും സ്വാധീനിക്കുന്ന, പരിപോഷിപ്പിക്കുന്ന വേദഗ്രന്ഥങ്ങളുടെ കാലോചിതമായ അര്‍ത്ഥം തേടിയുള്ള തീര്‍ത്ഥയാത്രയാണ് സാമുവല്‍ രായന്‍റെ ദൈവശാസ്ത്രം. 
 
മനുഷ്യജീവിതത്തെ വരിഞ്ഞു മുറുക്കുന്ന ഘടകങ്ങളെ അന്വേഷിക്കുമ്പോള്‍ സാമൂഹിക വിശകലനം ആവശ്യമായി വരുകയും മാര്‍ക്സിസ്റ്റ് വിശകലനത്തെ ആശ്രയിക്കുകയും ചെയ്യുന്നുവെങ്കിലും മാനുഷിക മൂല്യങ്ങള്‍ വളര്‍ത്തുന്നതനുസരിച്ച് മാര്‍ക്സിസ്റ്റ് വിശകലനത്തോട് ചേര്‍ന്നു നില്‍ക്കാമെന്നാണ് രായന്‍റെ പക്ഷം. എന്നാല്‍ മനുഷ്യനെ ബഹുമാനിക്കുകയും മാര്‍ക്സിസത്തില്‍ നിന്ന് ആരോഗ്യകരമായ അകലം പാലിക്കുകയും ചെയ്യുന്നു രായന്‍, മനുഷ്യന്‍റെ ഭൗമിക വളര്‍ച്ച മാര്‍ക്സിസ്റ്റ് തത്വമായി മാത്രം കാണാതെ സുവിശേഷം നല്‍കുന്ന അനുഗ്രഹമായി കാണണം. മാനവീകരണം ലക്ഷ്യം വച്ചുകൊണ്ടാണ് രായന്‍ സമൂഹത്തെ വിശകലനം ചെയ്യുന്നത്.
 
ഗാന്ധിജിയും ഹൈന്ദവരും ഉള്‍ക്കൊള്ളുന്ന കര്‍മ്മശാസ്ത്രത്തില്‍നിന്ന് വഴി മാറി നടക്കാന്‍ ഉള്ള ഉള്‍വിളി രായനില്‍ കാണുന്നുണ്ട്. പ്രശ്നങ്ങള്‍ക്ക് ധാര്‍മ്മിക പരിഹാരമല്ല, മറിച്ച് അടിസ്ഥാനപരമായ പരിഹാരം കണ്ടെത്തണമെന്ന് രായന്‍ ഓര്‍മ്മിപ്പിക്കുന്നു.
 
3. ദൈവശാസ്ത്ര സംഭാവനകള്‍ - ക്രിസ്തു: ദളിതന്‍ :- 
 
രായന്‍റെ ക്രിസ്തു നിന്ദിതനായി ഭ്രഷ്ടരോടൊപ്പം ശവക്കുഴി ലഭിച്ചവനാണ്. ജനനത്തിലും മരണത്തിലും അവര്‍ പുറന്തള്ളപ്പെട്ടു (ഹെബ്രാ.13.12). ഇന്ത്യയുടെ സാഹചര്യത്തില്‍ യേശു ദളിതനും പറയനും പുലയനുമാണ്. ഇന്നിന്‍റെ വരേണ്യവര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്തുന്ന സാഹചര്യങ്ങള്‍ കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ ചിത്രം എത്രയോ വ്യക്തം. അതുകൊണ്ടുതന്നെ അടിമത്തം അനുഭവിച്ച കാലത്ത് അതിനോട് പ്രതികരിക്കാത്ത വിശുദ്ധ തോമസ് അക്വിനാസിന്‍റെയും നാസിതടങ്കല്‍ പാളയങ്ങളില്‍ ലക്ഷോപലക്ഷം ഈയാം പാറ്റകളെപ്പോലെ ചിറകു കരിഞ്ഞു വീണപ്പോള്‍ പ്രതികരിക്കാത്ത കാള്‍റാണറിന്‍റെ ക്രിസ്തുദര്‍ശനവും രായന്‍ വിമര്‍ശനബുദ്ധ്യാ വീക്ഷിക്കുന്നു.
 
4. നാനാത്വത്തില്‍ ഏകത്വമാകുന്ന ഭാരത സഭാദര്‍ശനം :-
 
രോഗി കേരളത്തിലും ഡോക്ടര്‍ വത്തിക്കാനിലും ആയിരിക്കുന്നത് നല്ലതല്ല. ഇവിടെയുള്ള രോഗികള്‍ക്ക് പറ്റിയ ചികിത്സാവിധി ഇവിടെയുള്ളപ്പോള്‍ എന്തിനും ഏതിനും എന്തിന് വത്തിക്കാനെ ആശ്രയിക്കണം? സാമ്പത്തിക ആശ്രയം ആത്മീയ ആരാധനക്രമ അടിമത്തത്തിലേയ്ക്ക് നയിക്കും. അതുകൊണ്ടു തന്നെ ഭാരതസഭ ഭാരതത്തിന്‍റെ കാലാവസ്ഥയില്‍ വളരണം. ഇവിടെയുള്ള ചൂടും വെള്ളവും വെളിച്ചവും വളവും ഏറ്റു വളരാന്‍ സഭയ്ക്ക് കഴിയണം. ഭാരതത്തിന്‍റെ മജ്ഞയിലും മാംസത്തിലും നിന്ന് ഭാരതസഭ രൂപപ്പെടണം.
 
റീത്തുകളുടെ വ്യാപനത്തില്‍ ഏര്‍പ്പെട്ട് ഭാരതസഭയുടെ മുഖം വികൃതമാക്കുന്ന ഇന്നത്തെ പ്രവണതകള്‍ക്ക് വിരാമമിട്ട് എല്ലാ വ്യക്തിഗതസഭകളുടെയും ഏകലക്ഷ്യം ദൈവരാജ്യ പ്രഖ്യാപനമാകണം. അത് സഭയ്ക്കകത്തു മാത്രമല്ല പുറത്തും ആവശ്യമാണ്. സഭയെ ദൈവരാജ്യമായി തെറ്റിദ്ധരിക്കരുത്. ദൈവരാജ്യം വരാനുള്ള ഉപകരണം മാത്രമാണ് സഭ. 
 
5. പാവങ്ങളുടെ സഭയും ദൈവശാസ്ത്രവും:-
 
ഒന്നും ചെയ്യാതിരിക്കുന്ന സഭയെക്കാള്‍ എന്തെങ്കിലും നന്മ ചെയ്തു മുറിവേറ്റ സഭയാണ് എനിക്കിഷ്ടമെന്ന് ഫ്രാന്‍സിസ് പാപ്പ നിര്‍ദ്ദേശിക്കുന്നത് രായന്‍ ഏറെ മുമ്പു പറഞ്ഞു വച്ചു. പാവങ്ങളും അവരുടെ ചോദ്യങ്ങളും അവരുടെ ജനകീയ മുന്നേറ്റങ്ങളും സമരങ്ങളും ഒക്കെ രായന്‍റെ ദൈവശാസ്ത്രത്തില്‍ ഏറെ പ്രധാനമാണ്. ഭാരതത്തിലും ലോകത്തിലും പാവങ്ങളുടെ സഭയും ദൈവശാസ്ത്രവും രൂപപ്പെടണം. പാവങ്ങള്‍ക്കാണ് യേശു സദ്വാര്‍ത്ത (ലൂക്ക. 4:18) നല്‍കുന്നത്. ദൈവം നമ്മോടു കൂടെയാണ്. ഈ ദൈവം സ്ത്രീകളോടും വിജാതീയരോടും ദുഃഖിതരോടും അവഗണിക്കപ്പെട്ടവരോടും അവസാനത്തെ വ്യക്തിയോടും നഷ്ടപ്പെട്ടവരോടും അനാഥരോടും വിധവകളോടും പരദേശികളോടും നഗ്നരോടുമൊപ്പമാണ് (പുറ. ലൂക്കാ.15) പാവപ്പെട്ടവന്‍റെയും ഒതുക്കപ്പെട്ടവന്‍റെയും കൂടെ നില്‍ക്കുന്ന ദൈവം, രൂപപ്പെടാന്‍ ആഗ്രഹിക്കുന്നത് പാവങ്ങളുടെ സഭയും പാവങ്ങളുടെ ദൈവശാസ്ത്രവുമാണ്. ഭാരതസഭ ഏറ്റെടുക്കേണ്ട വെല്ലുവിളിയും ഇതു തന്നെയാണെന്ന് തോന്നുന്നു. സ്ഥാപനാത്മകമായ സഭയെ പ്രവാചക സഭയാക്കാന്‍ പാവങ്ങളിലേയ്ക്ക് വേരോടുന്ന സഭ രൂപപ്പെടണം.
 
6. മനുഷ്യ-ദൈവ കേന്ദ്രീകൃത ദൈവശാസ്ത്രം:-
 
മനുഷ്യന്‍റെ നന്മയിലും വളര്‍ച്ചയിലുമാണ് ദൈവത്തിന്‍റെ മഹത്വം എന്ന ഇരണേവൂസിന്‍റെ ചിന്തയുള്‍ക്കൊള്ളുന്ന ദൈവശാസ്ത്രം രായന്‍ രൂപപ്പെടുത്തുന്നു. മനുഷ്യന്‍റെ സാകല്യകതയിലുള്ള ശ്രദ്ധ ഏറെ പ്രധാനമാണ് രായന്. വള്ളത്തിലും വെള്ളത്തിലും സിനഗോഗിലും ജറുസലേം ദൈവാലയത്തിലും എന്നല്ല, എവിടെയായിരുന്നാലും യേശുവിന്‍റെ ചിന്ത മനുഷ്യര്‍ക്ക് ദൈവരാജ്യം നല്കലാണ്. രായനും ഈ ചിന്ത വളരെ ശക്തമാണ്. എവിടെയൊക്കെ മനുഷ്യമഹത്വം ഹനിക്കപ്പെടുമോ അവിടെയെല്ലാം രായനെത്തും. മനുഷ്യന്‍റെ നന്മയ്ക്കായുള്ള സ്നേഹപ്രവൃത്തികള്‍ (ുൃമഃശെ) ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിയന്തരാവശ്യമാണ്. ക്രിസ്തീയ വിശ്വാസത്തിന്‍റെ ഗര്‍ഭപാത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് സ്നേഹത്തിന്‍റെ പ്രവൃത്തി.
 
7. പ്രവൃത്ത്യുന്മുഖ മതാന്തര ദൈവശാസ്ത്രം :-
 
മതങ്ങളുടെയും ക്രിസ്തീയ സഭകളുടെയും മതില്‍ക്കെട്ടുകളെ പൊളിച്ചുകൊണ്ട് എല്ലാവരെയും സ്നേഹപ്രവൃത്തിയുടെ കുടക്കീഴില്‍ കൊണ്ടുവന്ന മതാന്തര സംവാദത്തിന് ഊന്നല്‍ നല്‍കുമ്പോഴും സമൂഹത്തിന്‍റെ പുറമ്പോക്കില്‍ കഴിയുന്നവരെ മുഖ്യധാരയിലെത്തിക്കുന്ന സംവാദമാണ് രായന്‍ അവതരിപ്പിക്കുക. കാരണം എല്ലാ മനുഷ്യരിലും ദൈവഛായ ഉണ്ട് (ഉല്പ. 1:26). എല്ലാവരും ഏകോദര സഹോദരങ്ങളായി ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. വാദത്തിനും വിജയത്തിനുമപ്പുറം അറിയാനും അറിയിക്കാനുമാണ് സംവാദത്തില്‍ പ്രാധാന്യം നല്‍കുക. അറിയലും അറിയിയ്ക്കലും വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാകണം എന്ന് രായന് ഏറെ നിര്‍ബ്ബന്ധമുണ്ട്. വിശ്വാസ സത്യങ്ങളും പ്രഘോഷണങ്ങളും സ്നേഹപ്രവൃത്തിയിലൂടെയാകണം എന്ന ചിന്തയിലുറച്ച് രായന്‍ മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സഭാവിഭാഗങ്ങളുടെയും വിഭാഗീയചിന്തകളെ വെടിയാനും എല്ലാവര്‍ക്കും ദൈവത്തെ അനുഭവവേദ്യമാക്കുന്ന തരത്തില്‍ അവതരിപ്പിക്കാനും ശ്രദ്ധിക്കുന്നു. എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്ന ചിന്ത (1തിമോ. 2:4) ഏറെ ഗൗരവത്തോടുകൂടി കാണുന്നു. എല്ലാവരെയും വിശ്വാസമാകുന്ന കുടക്കീഴില്‍ കൊണ്ടുവന്ന് ദൈവരാജ്യമൂല്യങ്ങള്‍ പേറി ജീവിക്കുന്നവരെല്ലാം അറിഞ്ഞോ അറിയാതെയോ ക്രിസ്ത്യാനികളെന്ന് പറയാതെ പറഞ്ഞുവയ്ക്കുന്നില്ലേ രായന്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിശ്വാസ സത്യങ്ങളുടെ പ്രവൃത്തിതലങ്ങളിലാണ് രായന്‍റെ ഊന്നല്‍. യേശുക്രിസ്തുവിന്‍റെ തനിമയും വ്യതിരിക്തതയും മഹത്വപൂര്‍ണ്ണമായി പ്രകാശിതമാകുന്നത് തത്വങ്ങളിലല്ല, മറിച്ച് ഒതുക്കപ്പെട്ടവര്‍ക്കുവേണ്ടി ചെയ്യുന്ന സത്കൃത്യങ്ങളിലാണ്. സംവാദം നടക്കേണ്ടത് സ്നേഹപ്രവൃത്തികളിലെന്ന് ചുരുക്കം. 
 
8. സാംസ്കാരികാനുരൂപണം: ഇന്നത്തെ ക്രൂശിതരില്‍ :-
 
കോളനി സംസ്കാരം സഭയില്‍ നിന്ന് അപ്രത്യക്ഷപ്പെടുമ്പോള്‍ രൂപം കൊള്ളുന്നതാണ് സാംസ്കാരികാനുരൂപണം. സഭയെ ഭാരതത്തിന്‍റെ ചേരിയില്‍ നടുന്നതിനേക്കാളുപരി ഭാരതസംസ്കാരത്തോട് അനുരൂപപ്പെടുന്നതിനുള്ള തൃഷ്ണതയാണിതിന്‍റെ  പിന്നില്‍ പലര്‍ക്കും. ഭാരതസംസ്കാരം ആരുടെതാണ്? ബ്രാഹ്മണന്‍റെ കാറ്റഗറിയിലൂടെ സംസ്കാരികാനുരൂപണത്തിന് അമലോത്ഭവദാസ് ശ്രമിച്ചപ്പോള്‍ ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വേദഗ്രന്ഥങ്ങളില്ലാത്ത മതങ്ങളുടെയും സംസ്കാരത്തിലും ജീവനും വേണ്ടി നിലവിളി ഉയര്‍ത്തുന്ന അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ സമരങ്ങളിലും അവരനുഭവിക്കുന്ന പീഡനങ്ങളിലും സഭ അനുരൂപപ്പെടുമ്പോഴാണ് ക്രിസ്തുവിന്‍റെ സഭ ക്രൂശിതനായ ക്രിസ്തുവിനോട് അനുരൂപമാകുക എന്നാണ് രായന്‍ പറഞ്ഞുവയ്ക്കുക.
 
9. സുവിശേഷവല്കരണവും ആത്മീയതയും :-
 
സുവിശേഷവല്കരണത്തിന്‍റെ കേന്ദ്രഭാഗത്തും മനുഷ്യനെയാണ് രായന്‍ പ്രതിഷ്ഠിക്കുക. മനുഷ്യന്‍റെ സമഗ്രമായ വികസനമാണ് സുവിശേഷവല്കരണം. നീതിയില്‍ അധിഷ്ഠിതമായി മനുഷ്യന്‍റെയും സമൂഹത്തിന്‍റെയും വികസനം സാധ്യമാകുമ്പോള്‍ എല്ലാ മനുഷ്യരും സജീവ അംഗങ്ങളാകുന്ന സഭയില്‍ വഴിയില്‍ കിടക്കുന്ന വഴിമുടക്കികളെ തോളിലേറ്റി വീട്ടിലെത്തിക്കുവോളം കരുതുന്നതാണ് ആത്മീയത (ലൂക്കാ. 2:25-37). എന്നാലും  വീണ്ടും സമരിയാക്കാരന്‍ വരുമ്പോള്‍ വഴിമുടക്കികളുണ്ടാകാത്ത രീതിയില്‍ സമൂഹം മാറാനുള്ള ആത്മീയത രൂപപ്പെടണമെന്ന് രായന്‍ ചിന്തിക്കുന്നു.
 
ഉപസംഹാരം
 
നീതി പ്രവര്‍ത്തിക്കാതെ വിശ്വാസം പ്രഘോഷിക്കുന്നത് അര്‍ത്ഥശൂന്യമാണ് (യാക്കോ.2:14-26). നീതി എവിടെയുണ്ടോ അവിടെ ദൈവമുണ്ടെന്ന പ്രവാചക പഠനങ്ങളുടെ സത്തയില്‍ അധിഷ്ഠിതമാണ് രായന്‍റെ ദൈവശാസ്ത്രം. സമൂഹത്തെ വിശകലനം ചെയ്യേണ്ടത് എവിടെയോ രൂപപ്പെടുത്തപ്പെട്ട തത്വങ്ങളുടെ അടിസ്ഥാനത്തിലല്ല മറിച്ച് പാവപ്പെട്ടവന്‍റെ സംസ്കാരത്തിലും ജീവിതസാഹചര്യങ്ങളിലും നിന്നുമായിരിക്കണം.
മൂന്നാം ലോക ദൈവശാസ്ത്രജ്ഞന്മാരുടെ മുന്‍നിരയില്‍ നില്‍ക്കുന്ന സാമുവല്‍ രായന്‍ ദൈവശാസ്ത്ര വിചിന്തനം നടത്തുമ്പോള്‍ സ്നേഹം, കരുണ, നീതി, വികസനം, സമാധാനം പരിശുദ്ധാത്മാവില്‍ നിറയുന്ന സന്തോഷം (റോമ.14.17) (മത്താ.23 :23) എന്നിവയില്‍ അധിഷ്ഠിതമായ ദൈവരാജ്യാനുഭവം ഈ ഭൂമിയില്‍ കൊണ്ടുവരാന്‍ (ലൂക്കാ. 11:4) ഉതകുന്ന രീതിയിലുള്ള വിചിന്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.
 
എല്ലാവരും രക്ഷിക്കപ്പെടണമെന്ന വിശാലമായ ദൈവിക രക്ഷ പ്രത്യേകിച്ച് മതങ്ങളുടെ പിള്ളത്തൊട്ടിലായ ഏഷ്യഭൂഖണ്ഡത്തില്‍ എല്ലാവര്‍ക്കും അനുഭവവേദ്യമാകണമെന്ന് രായന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് രായന്‍ പാവങ്ങളോടുള്ള പക്ഷം ചേരലും കോളോണിയലിസത്തിന്‍റെയും മുതലാളിത്ത്വത്തിന്‍റെയും സൂക്ഷ്മ വിമര്‍ശകനുമാകുന്നത്. കത്തോലിക്ക സഭയുടെ നയങ്ങളെ ബൈബിളിലെ പുറപ്പാട് സംഭവത്തോടും ക്രിസ്തുവിന്‍റെ പെസഹാരഹസ്യത്തോടും ബന്ധപ്പെടുത്തി ക്രിയാത്മകമായി പരിശോധിക്കുമ്പോഴും സഭാപഠനങ്ങളും പ്രത്യേകിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പഠനങ്ങളും രായന്‍റെ ദൈവശാസ്ത്രത്തില്‍ മുഖ്യസ്ഥാനം പിടിക്കുന്നു.
 
സാമൂഹ്യ, മത, സംസ്കാരങ്ങളൊക്കെ പ്രധാന ഘടകങ്ങളാണ് രായന്‍റെ ദൈവശാസ്ത്രത്തില്‍. അവയോട് സംവേദിക്കുന്ന ദൈവശാസ്ത്രം കലോചിതവുമായിരിക്കും. ഭാരതത്തിന്‍റെ തനിമയില്‍ ദൈവശാസ്ത്ര വിചിന്തനങ്ങള്‍ക്ക് ഊടും പാവും നല്‍കാന്‍ പോരുന്ന ചേരുവകളാണ് രായന്‍റെ ദൈവശാസ്ത്രത്തില്‍. അക്കാരണത്താല്‍ രായന്‍റെ ദൈവശാസ്ത്രം ചര്‍ച്ച ചെയ്യപ്പെടുകയും സെമിനാരികളിലും പരിശീലന ഭവനങ്ങളിലും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പഠിപ്പിക്കുകയും വേണം. സഭാശുശ്രൂഷകരായ സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും രായന്‍റെ ദൈവശാസ്ത്രവിചിന്തനത്തില്‍ നിന്ന് ചൈതന്യമുള്‍ക്കൊണ്ട് അവരവരുടെ ദൈവശാസ്ത്ര വിചിന്തനവും വ്യാഖ്യാനവും നടത്താവുന്നതാണ്. (Nicholas Tharsiuse, Christian Faith: A Liberative Praxis, Theology of Samuel Rayan, ISPCK, Delhi, 2015 ; K. Kunnumpuram (ed). The Vision of a New Church and a New Society: A Scholarly Assessment of Dr. Samuel Rayan’s Contribution to Indian Christian Theology, Christian World Imprints, New Delhi, 2016).

You can share this post!

കാരുണ്യത്തിന്‍റെ കരിപ്പേരി പാഠങ്ങള്‍

ടോണി ചിറ്റിലപ്പിള്ളി
അടുത്ത രചന

ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം

ഡോ. മാര്‍ട്ടിന്‍ എന്‍. ആന്‍റണി O. de M
Related Posts