news-details
കവർ സ്റ്റോറി

വിമോചനദൈവശാസ്ത്രം ഒരു രൂപരേഖ

ക്രിസ്തീയത അതിന്‍റെ ഉറവിടങ്ങളിലേക്ക് മടങ്ങണമെന്നും ഗലീലിതടാകക്കരയുടെ മുക്കുവമണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കണമെന്നും സിംഹാസനങ്ങളിലും അരമനകളിലും ആരൂഢമായിപ്പോയ സഭയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് 1950-60 കാലഘട്ടങ്ങളില്‍ ലാറ്റിനമേരിക്കന്‍ മണ്ണില്‍ ഉത്ഭവിച്ച് ക്രിസ്തീയ ദൈവശാസ്ത്രവിചിന്തനത്തിന്‍റെ ധാരയിലേക്ക് കടന്നുവന്ന മുന്നേറ്റമായിരുന്നു വിമോചനദൈവശാസ്ത്രം. വിശ്വാസസംഹിതകളും ദൈവശാസ്ത്രവിചിന്തനങ്ങളും ജന്മം കൊടുക്കുന്നതാണ് വിശ്വാസജീവിതം എന്ന് പരമ്പരാഗത ക്രിസ്ത്യന്‍ ദൈവശാസ്ത്രം ധരിച്ചുവശായിനിന്നിടത്തിലാണ് ദൈവശാസ്ത്രം വിശ്വാസജീവിതത്തിനുമേലുള്ള രണ്ടാമടര് വിചിന്തനമാണ് (Second Layer Reflection) എന്ന ദര്‍ശനത്തോടെ വിമോചനദൈവശാസ്ത്രം മുന്നോട്ടുവന്നത്. 
 
രാഷ്ട്രീയമായും സാമ്പത്തികമായും ചൂഷണം  ചെയ്യപ്പെട്ടിരുന്ന സൗത്ത് അമേരിക്കയിലെ പ്രാദേശിക കാര്‍ഷികജനതയുടെ വിശ്വാസസമൂഹത്തിലാണ് ഈ ദൈവശാസ്ത്രമുന്നേറ്റം ചുവടുപിടിച്ചത്. അടിസ്ഥാന ക്രിസ്തീയസമൂഹങ്ങള്‍ (Basic Christian Communities) ആയി രൂപപ്പെട്ട് അവരുടെ അജപാലകരോടൊപ്പം തങ്ങളുടെ പച്ചയായ ജീവിതത്തെ ക്രിസ്തീയവിശ്വാസത്തിന്‍റെ പശ്ചാത്തലത്തില്‍ നോക്കിക്കാണാന്‍ ശ്രമിച്ച ഒരു സഭാപശ്ചാത്തലത്തില്‍ നിന്നായിരുന്നു വിമോചനദൈവശാസ്ത്രം പല രൂപത്തിലും ഭാവത്തിലും ആഗോളസഭയിലേയ്ക്ക് പടര്‍ന്നുകയറിയത്.
 
'ദരിദ്രര്‍' എന്ന സംജ്ഞയെ എങ്ങനെ വ്യാഖ്യാനിക്കണം എന്നതില്‍ ആണ് വിമോചനദൈവശാസ്ത്രം രീതിശാസ്ത്രപരമായ കടുത്തവിമര്‍ശനം നേരിട്ടത്. സാമൂഹ്യാപഗ്രഥനത്തില്‍ മാര്‍ക്സിയന്‍ സാമ്പത്തിക രീതിശാസ്ത്രം ഉപയോഗിക്കുന്നത് ഒരു ക്രിസ്തീയ ദൈവശാസ്ത്രത്തിന് ചേരുന്നതല്ലെന്ന വാദമാണ് വിമര്‍ശകര്‍ മുന്നോട്ടുവെച്ചത്.
 
അജപാലനമേഖലയില്‍ നിന്ന് ദൈവശാസ്ത്രവിചിന്തനം
 
നടത്തിയവരായിരുന്നു എല്ലാ വിമോചനദൈവശാസ്ത്രജ്ഞരും. ഗുസ്താവോ ഗുട്ടിയേരസ്, ലിയോനാര്‍ഡോ ബോഫ്, ക്ലോദോവിസ് ബോഫ്, യുവാന്‍ ലൂയിസ് സെഗുന്തോ, ജോണ്‍ സൊബ്രിനോ തുടങ്ങിയവരുടെ എഴുത്തുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയുമാണ് അക്കാദമിക് മേഖലയില്‍ വിമോചനദൈവശാസ്ത്രം വെളിച്ചം കാണുന്നത്. എന്നാല്‍ യഥാര്‍ത്ഥ വിമോചനദൈവശാസ്ത്രം ഉരുവായതും ഉരുവാകുന്നതും അതിസാധാരണക്കാരായ വിശ്വാസികളുടെ പ്രശ്നകലുഷിതമായ ജീവിതപരിസരങ്ങളിലാണ്. ദൈവശാസ്ത്രം മറ്റേതെങ്കിലും ശാസ്ത്രവിഷയങ്ങള്‍പോലെ പുസ്തകങ്ങളിലും ക്ലാസ്മുറിയിലും ഉരുവാകുന്ന ഒരു ശാസ്ത്രമേഖലയല്ലെന്ന് പരമ്പരാഗത ക്രിസ്തീയദൈവശാസ്ത്രത്തോട് ആദ്യം പറഞ്ഞത് വിമോചനദൈവശാസ്ത്രമാണ്. വിമോചനദൈവശാസ്ത്രത്തിന്‍റെ രൂപരേഖയാണ് തുടര്‍ന്നു വരുന്ന ഉപശീര്‍ഷകങ്ങള്‍. 
 
വീക്ഷിക്കുക-വിവേചിക്കുക-പ്രവര്‍ത്തിക്കുക (See-Judge-Act)  
 
വിമോചനദൈവശാസ്ത്രം മുന്നോട്ടു വെച്ച വിശ്വാസത്തോടുള്ള സമീപനം കണ്‍മുന്നില്‍ കാണുന്ന പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ ആരംഭിക്കുന്നതായിരുന്നു. മനുഷ്യാവതാരദൈവശാസ്ത്രം (Incarnational Theology) എന്ന് അതിനെ വിളിക്കാം. അദൃശ്യമായ വചനത്തെക്കുറിച്ചല്ല മാംസം ധരിച്ച് മണ്ണില്‍ നടക്കുന്ന ദൈവമനുഷ്യനെക്കുറിച്ചാണ് അത് സംസാരിച്ചുതുടങ്ങുന്നത്. ജീവിതത്തെ മുന്‍വിധികളില്ലാതെ വീക്ഷിക്കുക എന്നതാണ് അതിന്‍റെ ആദ്യപടി. ജാതി-മത-വര്‍ണ-വര്‍ഗത്തിന്‍റെ എല്ലാ വിധിതീര്‍പ്പുകളും മാററിവെച്ച് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും കാണുക. ശേഷം വേണം കാര്യങ്ങളെ വിവേചിക്കാന്‍. അതിന് മാനവികമൂല്യങ്ങള്‍, ക്രിസ്തീയമൂല്യങ്ങള്‍, സുവിശേഷങ്ങളിലെ ക്രിസ്തു... ഇങ്ങനെ പലതരം മാനദണ്ഡങ്ങള്‍ സഹായകരമാകും. വിവേചിക്കുക എന്നത് പരമപ്രധാനമായ ഒരു തലമാണ്. ശേഷമാവണം പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ പ്രവര്‍ത്തിക്കുക, നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ അഴിച്ചുപണിയുകയോ കൂടുതല്‍ വിമലീകരിക്കുകയോ ചെയ്യുക എന്നതായിരിക്കണം ഈ ദൈവശാസ്ത്രപ്രവര്‍ത്തനത്തിന്‍റെ ആത്യന്തിക ലക്ഷ്യം.
 
പരമ്പരാഗത ദൈവശാസ്ത്രസമീപനം (ഇന്നും മിക്ക ദൈവശാസ്ത്രപഠനക്കളരികളും തുടര്‍ന്നുവരുന്നത്) വിശ്വാസസത്യങ്ങള്‍ എന്ന് വിളിക്കുന്ന സംഹിതകളെ ബൗദ്ധികമായ ചോദ്യംചെയ്യലുകളില്ലാതെ ഉള്‍ക്കൊള്ളുകയും അവയെ യുക്തിഭദ്രമാക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ്. എന്നിട്ട് ഈ മാറ്റമില്ലാത്ത സത്യങ്ങളെ അജപാലനമേഖലയിലേക്ക് നേരിട്ട് സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നു.  അവ മനുഷ്യന്‍റെ ജീവിതവും ലോകവുമായി എത്ര കണ്ട് ബന്ധപ്പെട്ടതാണെന്നും വിശ്വാസജീവിതത്തിന് ജീവിക്കുന്ന കാലഘട്ടത്തില്‍ എത്ര പ്രസക്തമാണെന്നും ഒന്നും ചിന്തിക്കുന്നില്ല. ദൈവശാസ്ത്രപുസ്തകങ്ങളിലും കാനോന്‍നിയമങ്ങളിലും ആരാധനക്രമങ്ങളിലും വിശ്വാസസംഹിതകളുടെ സംക്ഷേപത്തിലും നിന്നാരംഭിക്കുന്ന സിരാകേന്ദ്രീകൃതമായ പരമ്പരാഗതദൈവശാസ്ത്രസമീപനത്തെ തിരുത്തുന്ന രീതിശാസ്ത്രമാണ് വിമോചനദൈവശാസ്ത്രം മുന്നോട്ടുവെയ്ക്കുന്നത്. പച്ചയായ ലോകത്തില്‍ ജീവിക്കുന്ന ഒരു വിശ്വാസിക്കോ, അജപാലകനോ മാത്രമേ ദൈവശാസ്ത്രവിചിന്തനം നടത്താന്‍ കഴിയൂ എന്നാണ് വിമോചനദൈവശാസ്ത്രം പറയുന്നത്. ആദ്യം വിശ്വാസജീവിതം ജീവിക്കുന്നു; രണ്ടാം നിരയിലാണ് ജീവിക്കുന്ന വിശ്വാസത്തെക്കുറിച്ച് ഒരാള്‍ എന്ത് 'ചിന്തിക്കുന്നു' (thinking) എന്ന് പറയുന്നത്. ജീവിതം മാറുന്നതിനൊപ്പം മാറേണ്ട ഒരു ദൈവശാസ്ത്രം അപ്പോള്‍ ആവിഷ്കൃതമാകും. ആ ദൈവശാസ്ത്രത്തിന്‍റെ ലക്ഷ്യം തന്നെ പ്രവര്‍ത്തനോന്മുഖമായ ജീവിതപരിവര്‍ത്തനം തന്നെയാണ്. വീക്ഷിക്കുക-വിവേചിക്കുക-പ്രവര്‍ത്തിക്കുക എന്നത് അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കേണ്ട ഒരു ദൈവശാസ്ത്രപ്രവൃത്തിയാണ്.
 
ദരിദ്രരോട് പക്ഷംചേരല്‍
 
വിമോചനദൈവശാസ്ത്രത്തിന്‍റെ തനത് സംഭാവനയായി പറയാവുന്നത് 'ദരിദ്രര്‍ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്' (Option for the poor) എന്ന പ്രയോഗമാണ്. ഫാ. പെട്രോ അരൂപെ ആദ്യം ഉപയോഗിക്കുകയും ഗുസ്താവോ ഗുട്ടിയേരസ് വിമോചനദൈവശാസ്ത്രത്തിന്‍റെ മൂലക്കല്ലായി വികസിപ്പിക്കുകയും ചെയ്ത പ്രയോഗമാണ് ഇത്. ബൈബിളിന്‍റെ പഴയനിയമത്തിലും പുതിയനിയമത്തിലും ക്രിസ്തു എന്ന ഗലീലിയന്‍ ദരിദ്രതച്ചന്‍റെ ജീവിതത്തിലും നിലപാടുകളിലും അധിഷ്ഠിതമായിട്ടാണ് വിമോചനദൈവശാസ്ത്രം ദരിദ്രരോടുള്ള ഈ പക്ഷംചേരലിനെ കാണുന്നത്. സഭ ദരിദ്രമാണെന്നും ദരിദ്രരുടേത് ആണെന്നും മനസ്സിലാക്കിവരവെ 'ദരിദ്രര്‍ക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ്' എന്നതില്‍ നിന്ന് 'ദരിദ്രരോട് ഒപ്പമുള്ള തിരഞ്ഞെടുപ്പ്' (Option with the poor) എന്നതിലേക്ക് മാറ്റിയെഴുതാന്‍ തുടങ്ങി. 'ദരിദ്രയായ, ദരിദ്രര്‍ക്കു വേണ്ടിയുള്ള ഒരു സഭയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' എന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ പറയുമ്പോള്‍ ലാറ്റിനമേരിക്കക്കാരനായ അദ്ദേഹത്തിന്‍റെ വിമോചനദൈവശാസ്ത്ര പശ്ചാത്തലത്തിലേയ്ക്കാണ് അത് വിരല്‍ചൂണ്ടുന്നത്.
 
'ദരിദ്രര്‍' എന്ന സംജ്ഞയെ എങ്ങനെ വ്യാഖ്യാനിക്കണം എന്നതില്‍ ആണ് വിമോചനദൈവശാസ്ത്രം രീതിശാസ്ത്രപരമായ കടുത്തവിമര്‍ശനം നേരിട്ടത്. സാമൂഹ്യാപഗ്രഥനത്തില്‍ മാര്‍ക്സിയന്‍ സാമ്പത്തിക രീതിശാസ്ത്രം (Marxian Economic Methodology) ഉപയോഗിക്കുന്നത് ഒരു ക്രിസ്തീയ ദൈവശാസ്ത്രത്തിന് ചേരുന്നതല്ലെന്ന വാദമാണ് വിമര്‍ശകര്‍ മുന്നോട്ടുവെച്ചത്. അതിന് കാരണമായി ഉയര്‍ത്തിക്കാട്ടിയത് മാര്‍ക്സിസം ഒരു നിരീശ്വരവാദ പ്രത്യയശാസ്ത്രമാണെന്നും സാമ്പത്തികരീതിശാസ്ത്ര അപഗ്രഥനം ആത്മീയതയ്ക്ക് യോജിക്കുന്നതല്ലെന്നുമാണ്.
 
എന്നാല്‍ മാര്‍ക്സിസത്തെ ഒരു രീതിശാസ്ത്ര ഉപകരണം എന്നതിനപ്പുറം അത്യന്തികമായി തെറ്റില്ലാത്ത ഒരു പ്രത്യയശാസ്ത്രമായി വിമോചനദൈവശാസ്ത്രജ്ഞരാരും ഉയര്‍ത്തിക്കാട്ടിയിട്ടില്ല. രണ്ടാമതായി, 'ദരിദ്രരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍' എന്ന് തുടങ്ങുന്ന ക്രിസ്തുസുവിശേഷത്തില്‍ വിമോചനത്തിന്‍റെ സദ്വാര്‍ത്ത ആരെ ലക്ഷ്യംവെക്കുന്നുവെന്ന് പറയാനുളള ബാധ്യതയെയാണ് വിമോചനദൈവശാസ്ത്രം അഭിസംബോധന ചെയ്യുന്നത്. സുവിശേഷം ആര്‍ക്കുള്ളതാണ്, ക്രിസ്തു പ്രസംഗിച്ച ദൈവരാജ്യം ആരുടെ അവകാശമാണ്? കാലങ്ങളോളം ദാരിദ്ര്യം ഒരു ആത്മീയപ്രശ്നമായി അവതരിപ്പിക്കുകയായിരുന്നു സഭ, അതിന്‍റെ ഭൗതികമാനത്തെ കാര്യമായി വിലയ്ക്കെടുക്കാതെ തന്നെ. എന്നാല്‍ ക്രിസ്തുവിന്‍റെ സുവിശേഷത്തെ ദരിദ്രന്‍റെ പ്രശ്നമായി അവതരിപ്പിച്ചുകൊണ്ട് ചൂഷിതരുടെ, മര്‍ദ്ദിതരുടെ, ഓരംതള്ളപ്പെട്ടവരുടെ, തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായവരുടെ കൂടെ നില്‍ക്കുവാനാണ് വിമോചനദൈവശാസ്ത്രം മുന്നോട്ടുവന്നത്.
 
ഘടനാപരമായ പാപം 
 
Structural Sin അഥവാ 'ഘടനാപരമായ പാപം' എന്ന ധാര്‍മ്മിക പ്രശ്നത്തെ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞു എന്നതാണ് വിമോചനദൈവശാസ്ത്രത്തിന്‍റെ മറ്റൊരു വലിയ സംഭാവന. ലോകം-തിന്മ, ലൈംഗികത-പാപം, പിശാച്-പ്രലോഭകന്‍  ഇങ്ങനെയുള്ള സമാന്തര ചിന്തകളായിരുന്നു കാലങ്ങളായി നമ്മുടെ  കുമ്പസാരക്കൂട്ടില്‍ മനുഷ്യര്‍ ഏറ്റുപറഞ്ഞു പോയ 'ഞാന്‍ പിഴയാളി'യുടെ അന്തസ്സത്ത. യവനചിന്തയുടെ ചുവടുപിടിച്ച് പരമ്പരാഗത ക്രിസ്തീയചിന്ത രൂപപ്പെട്ടപ്പോള്‍ യവനചിന്തകനായ പ്ലേറ്റോയുടെ സന്മാര്‍ഗ്ഗവിചിന്തനങ്ങള്‍ സഭയില്‍ ഈ കാഴ്ചപ്പാട് വളരാന്‍ കാരണമായി. എന്നാല്‍ പാപത്തെ വ്യക്തിനിഷ്ഠമായി മാത്രം കാണാനാവില്ലെന്നും പാപത്തിന്‍റെ ചില രൂപങ്ങള്‍ക്ക് സ്വതന്ത്രമായ നിലനില്‍പ്പുണ്ടെന്നും വിമോചനദൈവശാസ്ത്രം ഊന്നിപ്പറഞ്ഞു. അവയെക്കുറിച്ചാണ് പൗലോസ്ശ്ലീഹാ പറയുന്നത്, 'ഞങ്ങളുടെ യുദ്ധം ശരീരത്തിനും രക്തത്തിനും എതിരല്ല, ഈ ലോകത്തിന്‍റെ അധികാരികള്‍ക്കും ആധിപത്യങ്ങള്‍ക്കും അന്ധകാരശക്തികള്‍ക്കും വിശുദ്ധയിടത്തെ തിന്മയുടെ ശക്തികള്‍ക്കും എതിരാണ്' (എഫേ 6:12).
 
വിമോചനദൈവശാസ്ത്രത്തിന്‍റെ ഈ ചിന്തയെ ഉള്‍ക്കൊണ്ട്  'സാമൂഹ്യ ഔത്സുക്യം' എന്ന ചാക്രിക ലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'സാമൂഹ്യപാപം/ഘടനാപരമായ പാപം' എന്നതിനെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്: "(ഘടനാപരമായ പാപം).... വ്യക്തിപാപത്തില്‍ വേരൂന്നിയ വ്യക്തികളുടെ പാപകരമായ പ്രവൃത്തികളില്‍ നിന്ന് ഉരുത്തിരിയുന്ന സാമൂഹ്യഘടനകളാണ്. അത്തരം ഘടനകള്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ അവയെ നിര്‍മാര്‍ജ്ജനം ചെയ്യുക എളുപ്പമല്ല. അവ ശക്തിപ്രാപിച്ചു വികസിച്ച് മറ്റ് പാപങ്ങള്‍ക്ക് കാരണമാവുകയും വ്യക്തികളുടെ പെരുമാറ്റരീതികളെ സ്വാധീനിക്കുകയും ചെയ്യും"(36). സാമൂഹ്യപാപത്തെ  വ്യക്തികളുടെ പാപത്തിന്‍റെ തുടര്‍ച്ചയായി മാത്രമേ കത്തോലിക്കാ സഭാപഠനങ്ങള്‍ കണക്കാക്കുന്നുള്ളൂ. എന്നാല്‍ ചില വിമോചനദൈവശാസ്ത്രജ്ഞന്മാര്‍ ഈ നിലപാടിനെ ചോദ്യം ചെയ്യുന്നുണ്ട്.  വ്യക്തിയുടെ മാനസാന്തരംകൊണ്ട് മാത്രം മറികടക്കാനാവുന്നതല്ല ഘടനാപരമായ സാമൂഹ്യപാപം എന്നതിനാല്‍തന്നെ അതിന് അതിന്‍റേതായ ഒരു സ്വതന്ത്ര നിലനില്‍പ്പുണ്ട് എന്നാണ് അവരുടെ വാദം. വ്യക്തികളില്‍ ആശ്രയിച്ചാണോ, സ്വതന്ത്രമായാണോ നിലനില്‍ക്കുന്നത് എന്നത്  അത്രകണ്ട് പ്രസക്തമല്ലെങ്കിലും സാമൂഹ്യപാപത്തെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള ഉത്തരവാദിത്വം വ്യക്തികള്‍ക്കും സമൂഹത്തിനു മുഴുവനായും ഉണ്ടെന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്.
 
ക്രിസ്തുവിന്‍റെ ആത്മീയത സമഗ്രമായിരുന്നു. അത് ഈ ലോകത്തേയും ഈ ലോകജീവിതത്തിനപ്പുറമുള്ള നിലനില്‍പ്പിനേയും തൊട്ടുനിന്നു. അതുകൊണ്ടാണ് അവന്‍റെ പഠനത്തിന്‍റെ കേന്ദ്രബിന്ദു 'ദൈവരാജ്യ'മായിരുന്നത്. ആ ദൈവരാജ്യത്തെക്കുറിച്ച് അവന്‍ പറഞ്ഞത് ഭൂമിയില്‍ സംജാതമാകേണ്ടത് എന്നാണ്. "നിന്‍റെ രാജ്യം ഭൂമിയില്‍ വരേണമേ...!" എന്നായിരുന്നു അവന്‍റെ പ്രാര്‍ത്ഥന. അവന്‍റെ ആത്മീയത അന്നന്നത്തെ അപ്പവും രോഗികള്‍ക്ക് സൗഖ്യവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവുമൊക്കെ സംബന്ധിച്ചതായിരുന്നു. 
 
ഘടനാപരമായ സാമൂഹ്യപാപം പ്രവര്‍ത്തിക്കുന്നത് സംസ്കാരത്തിന്‍റെ ആചാരങ്ങളിലൂടെയും മതങ്ങളുടെ അനുഷ്ഠാനങ്ങളിലൂടെയും വ്യക്തികളുടെ ചിന്താമണ്ഡലങ്ങളിലൂടെയും രാഷ്ട്രത്തിന്‍റെ ഭരണതലങ്ങളിലൂടെയും സമൂഹത്തിന്‍റെ നടപ്പുരീതികളിലൂടെയുമാണ്. അങ്ങനെയാണ് സാമ്രാജ്യത്വം, ആണ്‍കോയ്മ, മുതലാളിത്തം, ജാതീയത, വംശീയത, വര്‍ഗ്ഗീയത, പ്രകൃതിക്കെതിരായ നിലപാടുകള്‍... അങ്ങനെ പലതും പാപങ്ങളാകുന്നത്. പ്രത്യക്ഷമായും പരോക്ഷമായും ഈ പാപഗ്രസ്തമായ ഘടനകളെ പിഞ്ചെല്ലുന്ന സഭയും ഘടനാപരമായ പാപത്തിലേയ്ക്ക് വീഴുന്നു. അതുകൊണ്ടാണ് 'മിശിഹാത്വവും വരേണ്യതയും പൗരോഹിത്യവാഴ്ചയും സഭയുടെ അപചയത്തിന്‍റെ രോഗലക്ഷണങ്ങളാണെന്ന്' ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചിലിയന്‍ ബിഷപ്പുമാര്‍ക്ക് എഴുതിയത് ((Letter to Chilean Bishops,, 15 മെയ് 2018). ഇന്ന് സഭയെ കലുഷിതമാക്കുന്നതും സഭ ദൈവജനമല്ല, സ്ഥാപനമാണെന്ന ധാരണ വീണ്ടുംവീണ്ടും വിശ്വാസികളില്‍ ഉണ്ടാക്കുകയും ചെയ്യുന്നത് അതിന്‍റെ ഘടനാപരമായ പാപത്തിന്‍റെ പ്രതിഫലനമാണ്. 
 
വിശ്വാസത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ മാനങ്ങള്‍
 
ക്രിസ്തീയത ഒരു മതം മാത്രമാണെന്നും മതാത്മകതയ്ക്ക് രാഷ്ട്രീയമോ സാമൂഹികമോ ആയ കാര്യങ്ങളില്‍ നിലപാടുകള്‍ ഇല്ലാത്ത നിഷ്പക്ഷതയാണ് വേണ്ടതെന്നുമുള്ള ധാരണയാണ് പരമ്പരാഗതദൈവശാസ്ത്രം ജനിപ്പിച്ചിരുന്നത്. റോമന്‍ സാമ്രാജ്യത്വവത്ക്കരണത്തിന് ശേഷം എന്നും സാമ്രാജ്യത്വത്തോടും കോളനിവത്ക്കരണത്തോടും മുതലാളിത്വത്തോടും മാത്രം ചേര്‍ന്നു പ്രവര്‍ത്തിച്ച സഭയെന്ന സ്ഥാപനത്തിന് രാഷ്ട്രീയമോ, പക്ഷംചേരുന്ന സാമൂഹ്യനിലപാടുകളോ ഇല്ലെന്നത് ഉപരിപ്ലവമായ ഒരു മോടിവാക്ക് മാത്രമാണ്. നിഷ്പക്ഷതയുടെ രാഷ്ട്രീയം മുതലാളിത്ത വലതുപക്ഷനിലപാടാണ്. ആ നിലപാട് ഭരിക്കുന്നവരോടൊപ്പം നിരന്തരം മലക്കംമറിഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ഈ രാഷ്ട്രീയത്തിന് അധികാരവും സ്വാധീനവുമുള്ള ഒന്നിനോടും തൊട്ടുകൂടായ്മയില്ല. അതുകൊണ്ടുതന്നെ അത് പ്രവാചകപരമല്ല.
 
വിമോചനദൈവശാസ്ത്രം ക്രിസ്തീയതയെ വെറുമൊരു മതാത്മകവൈകാരികതയ്ക്ക് അപ്പുറം ക്രിസ്തുവിന്‍റെ ജീവിതത്തിലും നിലപാടുകളിലും ദൈവരാജ്യസങ്കല്പങ്ങളിലും രൂപപ്പെട്ട ഒരു ജീവിതശൈലിയായി (മാര്‍ഗ്ഗം) കണക്കാക്കുന്നു. അതായിരുന്നു ക്രിസ്തീയത അതിന്‍റെ ഉത്ഭവത്തില്‍. ഒരു ജീവിതശൈലി എന്ന നിലയില്‍ അതില്‍ കൃത്യമായി സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക മാനങ്ങള്‍ ഉണ്ടാവും. ചരിത്രത്തിലെ ക്രിസ്തുവാണ് ക്രിസ്തീയജീവിതശൈലിയുടെ ഈ മാനങ്ങളുടെയെല്ലാം മാനദണ്ഡമാകുന്നത്. യേശുക്രിസ്തുവെന്ന പ്രവാചകന്‍റെ രാഷ്ട്രീയവും സാമൂഹ്യമതാത്മക സാമ്പത്തിക വീക്ഷണങ്ങളും വിമോചനദൈവശാസ്ത്രം ഗൗരവമായി എടുക്കുന്നു.
 
ക്രിസ്തുവിന്‍റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. ചിലര്‍ക്ക് അത് സുവിശേഷം (സദ്വാര്‍ത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചകഭാഷയുടെ ചൂടുംചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കന്‍ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്‍ത്ഥനാനാട്യ'ത്തിന്‍റെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച ഒരു കാര്‍ക്കശ്യത്തിന്‍റെ ക്രിസ്തുസുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നതു കൂടിയാണ്. അതുകൊണ്ടാണ് മുപ്പത്തിമൂന്നാം വയസ്സില്‍ മുന്നോട്ടു പോകാനാവാത്തവിധം അവന് ചുറ്റും ശത്രുക്കളാല്‍ നിറഞ്ഞത്. കുറുക്കനെ കുറുക്കന്‍ എന്ന് വിളിക്കാനുള്ള കഴിവാണ് പ്രവാചകരാഷ്ട്രീയം. അതിനെ Sting of the Gospel (സുവിശേഷത്തിന്‍റെ കുത്ത്) എന്ന് വിളിക്കാം.
 
ക്രിസ്തു, സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതുകൊണ്ടല്ല കുരിശില്‍ മരിക്കേണ്ടിവന്നത്. സ്നേഹം, ക്ഷമ, കാരുണ്യം, എന്നിവ എത്ര വേണമെങ്കിലും പഠിപ്പിച്ചുകൊള്ളൂ, നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല, മറിച്ച് ഒരു ആത്മീയഗുരു എന്ന അംഗീകാരം നിശ്ചയമായും കിട്ടിയിരിക്കും. മഹാനായ ഹില്ലേല്‍ റബ്ബി ക്രിസ്തുവിന്‍റെ കാലത്തിന് മുന്‍പുതന്നെ സ്നേഹത്തിന്‍റെ പാഠങ്ങള്‍ ക്രിസ്തുവിനെപോലെ മനോഹരമായി പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ക്രിസ്തുവിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന പുതുമയില്ല. ഒരു എറുമ്പിനെ പോലും നോവിക്കരുതെന്ന സ്നേഹപാഠത്തില്‍ വിശ്വസിച്ച ഹില്ലേല്‍ ഗുരു, ചുറ്റും ശിഷ്യഗണങ്ങളാല്‍ നിറഞ്ഞ് പ്രായമെത്തി ഒരു പൂജ്യഗുരുവായി മരിക്കുകയായിരുന്നു. ക്രിസ്തുവിന്‍റെ സുവിശേഷത്തിന്  സ്നാപകന്‍റെ പ്രവാചകശബ്ദത്തിന്‍റെ ഇടിമുഴക്കവും ഹില്ലേല്‍ ഗുരുവിന്‍റെ സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശവും ഉണ്ടായിരുന്നു. തന്‍റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയനേതൃത്വത്തോട്, സമൂഹനേതൃത്വത്തോട്, പ്രമാണിമാരോട് ക്രിസ്തു ചിലത് 'പാടില്ല' എന്ന് കാര്‍ക്കശ്യഭാഷയില്‍ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ 'ജനസമ്മതന'ല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുചെന്നെത്തിച്ച സുവിശേഷത്തിന്‍റെ രാഷ്ട്രീയം. 
 
ക്രിസ്തു  ക്രൂശിക്കപ്പെടുകയായിരുന്നു, അതും രണ്ട് രാഷ്ട്രീയകുറ്റവാളികള്‍ക്കൊപ്പം. കുരിശിലെ മരണം റോമാക്കാര്‍ അവരുടെ അടിമകളായ ജനതകള്‍ക്ക് രാഷ്ട്രീയകുറ്റത്തിന് (സാമ്രാജ്യത്തിനോ, ചക്രവര്‍ത്തിക്കോ എതിരെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്ക്) കൊടുക്കുന്ന ശിക്ഷയാണ്. കൂടാതെ ക്രിസ്തുവിന്‍റെ കൂടെ കൊലചെയ്യപ്പെട്ടവര്‍ രണ്ട് റിബെല്ലുകളും (lestes). Lestes  എന്ന ഗ്രീക്ക് വാക്കിന്zealots/bandits/thieves എന്നൊക്കെ അര്‍ത്ഥം. എന്തെങ്കിലും സാധനങ്ങള്‍ കട്ടെടുക്കുന്ന 'കള്ളന്‍' എന്ന അര്‍ത്ഥം ഇവിടെ യോജിക്കില്ല. കാരണം അങ്ങനെയുള്ളവരെ കുരിശില്‍ തൂക്കിക്കൊല്ലാന്‍ റോമന്‍നിയമത്തില്‍ വ്യവസ്ഥയില്ല. അപ്പോള്‍ അവര്‍ നിശ്ചയമായും ബറാബാസിനെപോലെ രാഷ്ട്രീയകുറ്റവാളികള്‍ ആയിരുന്നിരിക്കണം. ('ആരെ മോചിപ്പിക്കണം, രാഷ്ട്രീയ കലാപത്തില്‍ പിടിക്കപ്പെട്ട ബറാബാസിനെയോ ക്രിസ്തുവിനെയോ' എന്ന പീലാത്തോസിന്‍റെ ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്). സുവിശേഷത്തിന് ദരിദ്രരോടും ബലഹീനരോടും കൃത്യമായ പക്ഷംചേരുന്ന ഒരു രാഷ്ട്രീയമുണ്ട്. അത് അപകടകരമായ ഒരു രാഷ്ട്രീയനിലപാടാണ്. അധികാരം ചൂഷണത്തിനും സ്വന്തം സുഖംതേടലിനും ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയത്തോട് അത് നിരന്തരം കലഹത്തിലാണ്.
 
ആത്മീയ-ഭൗതിക ദ്വന്ദ്വങ്ങളുടെ വിടവുനികത്തല്‍
 
എപ്പോഴാണ് ക്രിസ്തീയത ജീവിതത്തിന്‍റെ എല്ലാ ഭൗതികതലത്തേയും വിട്ട് ആത്മീയതയെ ആത്മാവുകളുടെ സ്വര്‍ഗ്ഗത്തിലേയ്ക്കുളള വിമോചനമായി വ്യാഖ്യാനിക്കാന്‍ തുടങ്ങിയത്! ക്രിസ്തുവിന്‍റെ ആത്മീയത സമഗ്രമായിരുന്നു. അത് ഈ ലോകത്തേയും ഈ ലോകജീവിതത്തിനപ്പുറമുള്ള നിലനില്‍പ്പിനേയും തൊട്ടുനിന്നു. അതുകൊണ്ടാണ് അവന്‍റെ പഠനത്തിന്‍റെ കേന്ദ്രബിന്ദു 'ദൈവരാജ്യ'മായിരുന്നത്. ആ ദൈവരാജ്യത്തെക്കുറിച്ച് അവന്‍ പറഞ്ഞത് ഭൂമിയില്‍ സംജാതമാകേണ്ടത് എന്നാണ്. "നിന്‍റെ രാജ്യം ഭൂമിയില്‍ വരേണമേ...!" എന്നായിരുന്നു അവന്‍റെ പ്രാര്‍ത്ഥന. അവന്‍റെ ആത്മീയത അന്നന്നത്തെ അപ്പവും രോഗികള്‍ക്ക് സൗഖ്യവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവുമൊക്കെ സംബന്ധിച്ചതായിരുന്നു. എന്നാല്‍ എല്ലാ ഭൗതികസമൃദ്ധിയിലേയ്ക്കും അധികാരപ്രമാണിത്വത്തിലേയ്ക്കും കുടിയേറിയ സഭ ദൈവരാജ്യസങ്കല്പത്തെ പ്ലേറ്റോയുടെ 'സ്വര്‍ഗ്ഗ'മാക്കുകയും, ആത്മാവുകള്‍ മരണാനന്തരം ചേക്കേറുന്ന ഒരു വിദൂരഗ്രഹമാക്കുകയും ചെയ്തു. ദാരിദ്ര്യത്തെ ആത്മാക്കളുടെ ദാരിദ്ര്യമാക്കി. വിമോചനത്തെ ആത്മാവുകളുടെ വിമോചനമാക്കി. ശരീരം പാപഹേതുവാക്കി, ലോകം പിശാചാക്കി...  അങ്ങനെ വൈരുദ്ധ്യങ്ങളുടെ ഒരു ദൈവശാസ്ത്രമുണ്ടാക്കി.
 
ഒരിടത്ത് സഭയെന്ന സ്ഥാപനത്തിന്‍റെ സമ്പത്തും ആസ്തിയും നാള്‍ക്കുനാള്‍ കുമിഞ്ഞുകൂടുന്നു. മറുവശത്ത് പരിത്യാഗവും നോമ്പും ഉപവാസവും പ്രസംഗിക്കപ്പെടുന്നു. ഒരു വശത്ത് വിനയം, ക്ഷമ, സ്നേഹം ഉത്ഘോഷിക്കപ്പെടുന്നു; മറുവശത്ത് പൗരോഹിത്യമേല്‍ക്കോയ്മയും വാശിയും വിയോജിപ്പുകളോടുളള അടങ്ങാത്ത അക്ഷമയും പുറത്തുവരുന്നു. ഒരിടത്ത് ആത്മാവുകളുടെ സ്വര്‍ഗ്ഗപ്രാപ്തി തേടുന്നു; മറുവശത്ത് ഇവിടെ സമ്പത്തും ജോലിയും സൗഖ്യവും 'അനുഗ്രഹങ്ങളായി' ചോദിച്ച് വാങ്ങുന്നു. ഇതാണ് ആത്മീയതയിലെ സമഗ്രതയില്ലായ്മ. ഇതിനെയാണ് സമഗ്രമായ വിമോചനം(Integral liberation)  കൊണ്ട് വിമോചന ദൈവശാസ്ത്രം തിരുത്തുന്നത്. ക്രിസ്തുവിന്‍റെ ദൈവത്വവും മനുഷ്യത്വവും ഒരേ വിലയ്ക്കെടുക്കുന്ന സമഗ്രമായ സമീപനമാണത്.
 
വിമോചനദൈവശാസ്ത്രം ക്രിസ്തീയദൈവശാസ്ത്രത്തിന്‍റെ ഒരു ശാഖയോ?
 
വിമോചനദൈവശാസ്ത്രം പല രൂപഭാവങ്ങളിലാണ് ആഗോളസഭയില്‍ പ്രചരിച്ചത്. അവയെ പൊതുവില്‍ 'സാന്ദര്‍ഭിക ദൈവശാസ്ത്രം' (contextual theology) എന്ന് വിളിക്കുന്നു. ആഫ്രിക്കയിലും അമേരിക്കയിലും അത് 'കറുത്ത ദൈവശാസ്ത്രവും'  (Black Theology) പാലസ്തീനില്‍ അത് പാലസ്റ്റീനിയന്‍ വിമോചനദൈവശാസ്ത്രവും ഇന്ത്യയില്‍ ദളിത് ദൈവശാസ്ത്രവും സൗത്ത് കൊറിയയില്‍ മിന്‍ജുങ് ദൈവശാസ്ത്രവും (Minjung Theology) യൂറോപ്പില്‍ രാഷ്ട്രീയ ദൈവശാസ്ത്രവുമായി (Political Theology) അവതരിച്ചു. അപ്പോഴൊക്കെ വിമോചനദൈവശാസ്ത്രത്തെ പുറത്തുനിന്ന് നോക്കിക്കണ്ടവര്‍ ഇവയെല്ലാം ക്രിസ്തീയദൈവശാസ്ത്രത്തിലെ പുതിയ ശാഖകളായി തെറ്റിദ്ധരിച്ചു. അതുകൊണ്ടുതന്നെ വിമോചനദൈവശാസ്ത്രവക്താക്കള്‍ 'വിമോചന'മെന്നാല്‍ ക്രിസ്തീയതയില്‍ ദൈവശാസ്ത്രവിചിന്തനം നടത്തുന്ന രീതിയാണെന്നും 'വിമോചനപരമല്ലെങ്കില്‍' ക്രിസ്തീയ ദൈവശാസ്ത്രം ദൈവശാസ്ത്രമേ ആകുന്നില്ലെന്നും തെളിച്ചു പറഞ്ഞു. ദളിത് ദൈവശാസ്ത്രം ഒരു ദളിതന്‍ തന്‍റെ മുഴുവന്‍ വിശ്വാസജീവിതത്തെ നോക്കിക്കാണുന്ന രീതിയാണ്. അതുപോലെ ഒരു കറുത്തവംശജന്‍ തന്‍റെ ക്രിസ്തീയജീവിതത്തെ എല്ലാവിധത്തിലും നോക്കികാണുന്ന രീതിയെ 'കറുത്തദൈവശാസ്ത്രം' എന്ന് വിളിക്കുന്നു. വിമോചനദൈവശാസ്ത്രം വിമോചനാത്മകമായിരുന്ന, ദരിദ്രന്‍റെയും ചൂഷിതന്‍റേയും പ്രത്യാശയായിരുന്ന, ഗലീലിയായിലെ ക്രിസ്തുവെന്ന പ്രവാചകനിലേയ്ക്കുള്ള തിരിച്ചുനടപ്പും അതിലൂടെ സാക്ഷാത്കരിക്കുന്ന സമഗ്രമായ ആത്മീയതയുമാണ്.

You can share this post!

സാമുവല്‍ രായന്‍: ദൈവശാസ്ത്ര സംഭാവനകള്‍

മോണ്‍. നിക്കൊളസ്. ടി
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts