news-details
കവർ സ്റ്റോറി

ഫ്രാന്‍സിസ് പാപ്പയുടെ പത്തു വിമോചനാത്മക നിലപാടുകള്‍

യേശുവിന്‍റെ ജീവചരിത്രങ്ങളായ സുവിശേഷങ്ങളിലെ മിക്കതാളുകളിലെയും നിതാന്തസാന്നിധ്യമാണ് വേദനിക്കുന്നവര്‍. പൗലോസ് സുവിശേഷദൗത്യവുമായി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ യാക്കോബും കേപ്പായും യോഹന്നാനുംകൂടി ചേര്‍ന്നുകൊടുക്കുന്ന ഒരേയൊരു നിര്‍ദ്ദേശം 'പാവങ്ങളെപ്പറ്റി ചിന്തവേണം' എന്നതാണ് (ഗലാത്തിയാര്‍ 2:10). 2013 മാര്‍ച്ച് 13-നാണല്ലോ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ പോപ്പ് ഫ്രാന്‍സിസായി തെരഞ്ഞെടുക്കപ്പെട്ടത്. ജനത്തെ അഭിമുഖീകരിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്‍റെ സുഹൃത്തായ ക്ലൗദിയോ ഹൂമെസ് അദ്ദേഹത്തിനു കൊടുത്ത ഒരേയൊരു നിര്‍ദ്ദേശം - "പാവപ്പെട്ടവനെ മറക്കരുത്"- ഈ പുതിയ നിയമ പാരമ്പര്യത്തിന്‍റെ ചുവടുപിടിച്ചുള്ളതായിരുന്നല്ലോ. ആകാശത്തേക്കുയരുന്ന പ്രാര്‍ത്ഥനകള്‍ക്കും ഭൂമിയില്‍ നിന്നുയരുന്ന നിലവിളികള്‍ക്കും ഒരേ പ്രാധാന്യം കൊടുക്കുന്നതോടെ ദൈവശാസ്ത്രം വിമോചനാത്മകമായിത്തീരുന്നു. പോപ്പ് ഫ്രാന്‍സീസിന്‍റെ നിലപാടുകള്‍ ഈ വിമോചനാത്മകതയെ അസന്ദിഗ്ധമായി ആവിഷ്ക്കരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍നിന്നു പെറുക്കിയെടുത്ത പത്തുകാര്യങ്ങള്‍ ഈ ലേഖനത്തില്‍ നാം പരിഗണിക്കുകയാണ്.
 
1. അമ്മയാകണം സഭ
 
2015 സെപ്റ്റംബര്‍ 15 ന് പ്രഭാത കുര്‍ബാനയിലെ വചന സന്ദേശവേളയില്‍ പാപ്പ പറഞ്ഞത് ഇതാണ്: "കന്യകാമറിയത്തിനും തിരുസ്സഭയ്ക്കും തങ്ങളുടെ കുട്ടികളെ എങ്ങനെയാണു ലാളിക്കേണ്ടതെന്നും ആര്‍ദ്രത കാട്ടേണ്ടതെന്നും നന്നായിട്ടറിയാം. അമ്മ ഭാവമില്ലെങ്കില്‍ സഭ മനുഷ്യബന്ധങ്ങളുടെ ആര്‍ദ്രതയില്ലാത്ത, ഒറ്റപ്പെട്ടുപോയ, കാര്‍ക്കശ്യമേറിയ ഒരു സംഘടനയായി പരിണമിക്കും".
 
2. ഹൃദയാലുവാകണം ഇടയന്‍
 
ബ്രസീലിലെ മെത്രാന്മാരോട് 2013-ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ മാര്‍പാപ്പ ചോദിച്ചു: "ജനങ്ങളോട് ഹൃദയാലുത്വത്തോടെ ഇടപെടുന്ന, അവരുടെ കൂടെ ഇരുളില്‍ നടക്കാന്‍ ഔത്സുക്യമുള്ള, അവരുടെ പ്രതീക്ഷകളോടും നിരാശകളോടും ക്രിയാത്മകമായി സംവദിക്കാന്‍ ശേഷിയുള്ള, അവരുടെ മുറിവുകളെ വെച്ചുകെട്ടാന്‍ സന്മനസ്സുള്ള ഇടയന്മാരെ പരിശീലിപ്പിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ ഈ ലോകത്തിന് നല്‍കാന്‍ നമ്മുടെ പക്കല്‍ എന്തു സന്തോഷമാണുള്ളത്?"
 
യുദ്ധമേഖലയിലെ ആശുപത്രിയെ സഭ മാതൃകയാക്കിയാല്‍, സഭയുടെ സ്വത്വം പുനര്‍നിര്‍വചിക്കപ്പെടേണ്ടി വരും. ഒരേ ഇടവകയില്‍ താമസിക്കുന്ന, ഒരേ ആരാധനാ പാരമ്പര്യത്തില്‍ പങ്കുപറ്റുന്ന, പതിവായി ദിവ്യബലിക്കണയുന്ന, ഇടവക രജിസ്റ്ററില്‍ പേരുള്ളവരുടെ ഒരു കൂട്ടായ്മ എന്ന രീതിയില്‍ അപ്പോള്‍ സഭയെ നിര്‍വചിക്കാനാകില്ല. പിന്നെയോ, അപരന്‍റെ സഹനത്തെ ഗൗരവത്തോടെ പരിഗണനയിലെടുക്കുന്ന സൗഖ്യദായകരുടെ കൂട്ടായ്മയായി സഭ അപ്പോള്‍ നിര്‍വചിക്കപ്പെടും. 
 
3. യുദ്ധമേഖലയിലെ ആശുപത്രി: സഭയുടെ മാതൃക
 
ജസ്യൂട്ടായ അന്‍റോണിയോ സ്പദാരോയ്ക്കു കൊടുത്ത അഭിമുഖത്തിലാണു സഭ യുദ്ധമേഖലയിലെ ആശുപത്രി കണക്കായിരിക്കണമെന്ന് ഫ്രാന്‍സീസ് പാപ്പ ആദ്യം അഭിപ്രായപ്പെട്ടത്. തന്നിലേക്കു തന്നെ  നോക്കിയിരുന്നു മാത്രമല്ല, ഒരാശുപത്രിയിലേക്കുകൂടി നോക്കിയാണു സഭ പഠിക്കേണ്ടത് എന്നാണല്ലോ അതിന്‍റെ അര്‍ത്ഥം.
 
യുദ്ധമേഖലയിലെ ഡോക്ടര്‍മാര്‍ ചാരുകസേരയില്‍ ഇരിക്കുന്നവരല്ലല്ലോ. ബാന്‍ഡേജ് സ്വന്തം പക്കലുള്ളവര്‍ മുറിവേറ്റവരെ അന്വേഷിച്ചു കണ്ടെത്തുന്ന പതിവാണല്ലോ അത്തരം ആശുപത്രികളില്‍ ഉള്ളത്. തങ്ങളുടെ സഹായം ഏറ്റവും ആവശ്യമുള്ളവര്‍ക്കുവേണ്ടിയാണ് ആശുപത്രിയിലെ എല്ലാ സൗകര്യങ്ങളും. ചികിത്സ ഏറ്റവും കൂടുതല്‍ ആവശ്യം ഏതു രോഗിക്കാണെന്ന് അറിയാന്‍ ഡോക്ടര്‍ രോഗിയെ ശ്രവിച്ചേ മതിയാകൂ. ഒരു ചികിത്സ തുടങ്ങുന്നത് "ഞാന്‍ എങ്ങനെയാണു നിങ്ങളെ സഹായിക്കേണ്ടത്?" എന്ന രോഗിയോടുള്ള ഡോക്ടറുടെ ചോദ്യത്തോടെയാണല്ലോ. അപ്പോള്‍ തനിക്ക് എവിടെയാണ് ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് എന്ന് രോഗി പറഞ്ഞു തുടങ്ങുന്നു. ഈ സംഭാഷണം പുരോഗമിക്കാന്‍ ക്ഷമയും വിനയവും തുറവിയുമെല്ലാം ഡോക്ടര്‍ക്കു അത്യന്താപേക്ഷിതമാണ്. മുന്‍വിധികള്‍ക്കും മുന്‍ധാരണകള്‍ക്കും നേരത്തെ പഠിച്ചുവച്ച ചില തിയറികള്‍ക്കും അപ്പുറത്താണ് ഓരോ രോഗിയും അയാളുടെ സവിശേഷമായ പ്രശ്നങ്ങളും. ഈ ഡോക്ടര്‍മാരുടെ അതേ മനോഭാവത്തോടെയാകണം സഭയിലെ ശുശ്രൂഷകള്‍ തങ്ങളുടെ ശുശ്രൂഷ സ്വീകരിക്കുന്നവരോട് ഇടപെടേണ്ടത്.
 
സുഖദവും സുരക്ഷിതവുമായ മേഖലകള്‍ ഉപേക്ഷിച്ചാലേ ഒരാള്‍ക്കു യുദ്ധമേഖലയിലെ ആശുപത്രിയിലേക്കു പോകാനാകൂ. യുദ്ധമേഖല തീര്‍ച്ചയായും വിപല്‍സാധ്യത ഏറെയുള്ളതുമാണ്. അതുപോലെതന്നെ, സങ്കീര്‍ത്തിയുടെ സുരക്ഷിതത്വം ഉപേക്ഷിച്ചാലേ ബഹളമയമായ ലോകത്തിലേയ്ക്ക് - പരിഭവങ്ങളും പരിദേവനങ്ങളും വിമര്‍ശനങ്ങളും ഉള്ള ലോകത്തിലേക്ക് - ഒരു സഭാശുശ്രൂഷകനു പ്രവേശിക്കാന്‍ കഴിയൂ. സ്വന്തം ചെരുപ്പില്‍ മണ്ണുപുരളുന്നതില്‍ മനംമടുപ്പു തോന്നാത്തവരാകണം സഭാശുശ്രൂഷകര്‍. യുദ്ധഭൂമിയില്‍ വച്ച് പുതിയ ചികിത്സാരീതികള്‍ കണ്ടുപിടിക്കപ്പെട്ടതുപോലെ, അജഗണങ്ങളുമായുളള നിരന്തര സമ്പര്‍ക്കം വഴി പുതിയ കാര്യങ്ങള്‍ പഠിക്കാനും പുതിയ രീതിയില്‍ പ്രശ്നങ്ങളെ സമീപിക്കാനും ഇടയന്മാര്‍ തയ്യാറാകണം.
 
യുദ്ധമേഖലയിലെ ഈ ആശുപത്രിയിലെ മരുന്നിന്‍റെ പേര് കരുണയെന്നാണ്. ആന്‍ഡ്രിയ ടോര്‍ണിയെല്ലിയുമായി മാര്‍പാപ്പ നടത്തിയ ദീര്‍ഘസംഭാഷണത്തില്‍ ("ദൈവത്തിന്‍റെ നാമം കരുണ"യെന്ന ശീര്‍ഷകത്തില്‍ അതു പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടുവല്ലോ) കഷ്ടാല്‍ കഷ്ടതരമായ മനുഷ്യരോടുള്ള ഹൃദയതുറവിയാണു കരുണയെന്നാണ് അദ്ദേഹം നിര്‍വചനം കൊടുക്കുന്നത്. കരുണ മുറിവുകള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട മരുന്നാണ്; അതുകൊണ്ടുതന്നെ മുറിവിന്‍റെ മുമ്പില്‍ പിറകോട്ടു മാറാന്‍ കരുണക്കു കഴിയില്ല.
 
യുദ്ധമേഖലയിലെ ആശുപത്രിയെ സഭ മാതൃകയാക്കിയാല്‍, സഭയുടെ സ്വത്വം പുനര്‍നിര്‍വചിക്കപ്പെടേണ്ടി വരും. ഒരേ ഇടവകയില്‍ താമസിക്കുന്ന, ഒരേ ആരാധനാ പാരമ്പര്യത്തില്‍ പങ്കുപറ്റുന്ന, പതിവായി ദിവ്യബലിക്കണയുന്ന, ഇടവക രജിസ്റ്ററില്‍ പേരുള്ളവരുടെ ഒരു കൂട്ടായ്മ എന്ന രീതിയില്‍ അപ്പോള്‍ സഭയെ നിര്‍വചിക്കാനാകില്ല. പിന്നെയോ, അപരന്‍റെ സഹനത്തെ ഗൗരവത്തോടെ പരിഗണനയിലെടുക്കുന്ന സൗഖ്യദായകരുടെ കൂട്ടായ്മയായി സഭ അപ്പോള്‍ നിര്‍വചിക്കപ്പെടും. അപരന്‍റെ ആവശ്യങ്ങളില്‍ പരമാവധി സഹായത്തിനെത്തുന്ന, സഹായമെത്തിക്കാന്‍ ക്രിയാത്മകമായ ശ്രമങ്ങള്‍ നടത്തുന്നവര്‍ ചേര്‍ന്നാണു സഭയുണ്ടാകുന്നത്. ഇത്തരത്തില്‍ സഭയെ നിര്‍വചിക്കാന്‍ കാരണം അതിന്‍റെ അടിത്തറയായ ക്രിസ്തുതന്നെ അയയ്ക്കപ്പെട്ടത് ദരിദ്രര്‍ക്കു സുവിശേഷമാകാനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വിമോചനമാകാനും അന്ധര്‍ക്കു കാഴ്ചയാകാനും വേണ്ടിയായിരുന്നു (ലൂക്കാ. 4:18-19) എന്നതുകൊണ്ടാണ്.
 
വാക്കുകള്‍കൊണ്ട് സഭക്കു പുതിയ നിര്‍വചനം കൊടുക്കുക മാത്രമല്ല, നിലപാടുകള്‍കൊണ്ട് മൂര്‍ത്തമായ രീതിയില്‍ ആ നിര്‍വചനത്തിന് ആവിഷ്കാരം കൂടി കൊടുത്തയാളാണ് പോപ് ഫ്രാന്‍സിസ്. മാര്‍പാപ്പയായതിനു നാലുമാസങ്ങള്‍ക്കുശേഷം അദ്ദേഹം നടത്തിയ യാത്ര ഇറ്റലിയുടെ തീരദേശത്തു നിന്നു മാറിക്കിടക്കുന്ന ലാംപെദൂസ ദ്വീപിലേക്കായിരുന്നു. ഇറ്റാലിയന്‍ തീരത്തേക്ക് അണയാനുളള യാത്രക്കിടയില്‍ ഏറെ അഭയാര്‍ത്ഥികള്‍ അതിനുമുമ്പ് കൊല്ലപ്പെട്ടിരുന്നു. അശരണരായ അനേകം അഭയാര്‍ത്ഥികള്‍ക്കാണ് ലാംപെദൂസ ദ്വീപ് അഭയം നല്‍കിയത്. ആ അഭയസ്ഥലമാണു പാപ്പ സന്ദര്‍ശിച്ചത്. 2016 ഏപ്രിലില്‍ ഗ്രീക്കു ദ്വീപായ ലെസ്ബോസിലേക്കു സന്ദര്‍ശനത്തിനു പോയ അദ്ദേഹം വത്തിക്കാനിലേക്കു മടങ്ങിയത് മൂന്നു സിറിയന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും (ആറു കുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ടുപേര്‍) ആയിട്ടാണ്. മുറിവേറ്റവരെത്തന്നെ തേടിപ്പോകുകയാണ് ഈ ഇടയന്‍.
 
4. പുരോഹിതര്‍ക്കിടയിലെ കുഷ്ഠരോഗം
 
പൗരോഹിത്യത്തെ ജീവനോപാധിയായ ജോലിയായി കാണുന്ന പ്രവണതയെ പുരോഹിതര്‍ക്കിടയിലെ കുഷ്ഠരോഗമെന്നാണ് മാര്‍പാപ്പ വിശേഷിപ്പിക്കുന്നത്. പണ്ടുകാലത്ത് കുഷ്ഠരോഗം രോഗിയെ ജനത്തില്‍ നിന്നകറ്റിയതുപോലെ, തൊഴിലായി അധഃപതിക്കുന്ന പൗരോഹിത്യം പുരോഹിതരെ ജനങ്ങളില്‍നിന്നുമകറ്റും. ആടുകള്‍ക്കുവേണ്ടി ജീവനര്‍പ്പിക്കാനും (യോഹ. 10:11) ശുശ്രൂഷിക്കപ്പെടാനല്ലാതെ ശുശ്രൂഷിക്കാനും (മര്‍ക്കോസ് 10:45) ആയിവന്ന ഗുരുവിന്‍റെ ശിഷ്യത്വത്തിലേക്കുള്ള വിളിയുടെ കടയ്ക്കു കോടാലിവയ്ക്കുന്ന പരിപാടിയാണ് പുരോഹിതരുടെ സ്വാഭിവൃദ്ധിയിലുള്ള ബദ്ധശ്രദ്ധ. ഇത്തരക്കാരുടെ പ്രധാന താല്‍പര്യം എന്തു കൊടുക്കാനാകുമെന്നതല്ല, എന്തു സ്വന്തമാക്കാനാകും എന്നതായിരിക്കും.
യേശുവിന്‍റെ കാലംമുതലുള്ളതാണ് ഈ കുഷ്ഠരോഗം.
 
തന്‍റെ മക്കളായ യാക്കോബിനും യോഹന്നാനും കസേര ഉറപ്പാക്കാന്‍ അവരുടെ അമ്മ നടത്തിയ വക്കാലത്തും (മത്തായി. 20:20-23) ആരാണു തങ്ങള്‍ക്കിടയിലെ കേമനെന്ന ശിഷ്യന്മാര്‍ക്കിടയിലെ തര്‍ക്കവും (ലൂക്കാ. 22:24-30) ശിഷ്യത്വത്തെ കാര്‍ന്നുതിന്നുന്ന ഈ രോഗത്തിന്‍റെ കൃത്യമായ ഉദാഹരണങ്ങളാണല്ലോ. സുവിശേഷങ്ങളില്‍ കാണുന്ന ഈ സംഭവങ്ങള്‍ തെളിയിക്കുന്നതുപോലെ, പൗരോഹിത്യ ശുശ്രൂഷ ജീവനോപാധിയായി കണ്ടു തുടങ്ങുമ്പോള്‍ അത് പുരോഹിതര്‍ക്കിടയില്‍ മാത്സര്യപ്രവണതയ്ക്കും വിഭാഗീയതയ്ക്കും ധ്രുവീകരണത്തിനും വഴിവയ്ക്കുന്നു. തന്‍റെ ശുശ്രൂഷ ആവശ്യമുള്ള അജഗണത്തിന്‍റെ പ്രശ്നങ്ങളെക്കാള്‍ സഭാസംവിധാനത്തിലെ പടിപടിയായുള്ള തന്‍റെ സ്ഥാനക്കയറ്റം ഇത്തരം പുരോഹിതരുടെ പ്രധാന ശ്രദ്ധാവിഷയമായി പരിണമിക്കുന്നു.
 
5. പൗരോഹിത്യമേധാവിത്തമെന്ന അപകടം
 
2016 ഡിസംബര്‍ 13-ാം തിയ്യതി പാപ്പ പ്രഭാതത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന് ഒരു ഭാഗം: "തങ്ങള്‍ മറ്റുള്ളവരെക്കാള്‍ മെച്ചപ്പെട്ടവരാണ് എന്നാണ് ഇന്നും പുരോഹിതരുടെ ഒരു ധാരണ; അങ്ങനെ അവര്‍ ജനങ്ങളില്‍ നിന്നും സ്വയം അകലുന്നു; ദരിദ്രരെയും സഹിക്കുന്നവരെയും ജയില്‍പുള്ളികളെയും രോഗികളെയും കാണാനോ കേള്‍ക്കാനോ അവര്‍ക്കു സമയമില്ല തന്നെ... പുരോഹിത മേധാവിത്തം ഗൗരവമേറിയ ഒരു യാഥാര്‍ത്ഥ്യമാണ്. എന്നും അതിന് ഇരയാകുന്നവര്‍ ഒരേ വിഭാഗത്തില്‍ പെടുന്നു - കര്‍ത്താവിനെ കാത്തിരിക്കുന്ന ദരിദ്രരും എളിയവരുമായവര്‍ എന്ന വിഭാഗം."
കഴിവുറ്റ അല്‍മായരെ പുരോഹിതവത്ക്കരിക്കാനുള്ള ശ്രമങ്ങളെ പൗരോഹിത്യമേധാവിത്തത്തിന്‍റെ മറ്റൊരു വശമായി പോപ്പ് ഫ്രാന്‍സിസ് കാണുന്നു. ഇറ്റലിയിലെ കത്തോലിക്കാ റേഡിയോ-ടെലിവിഷന്‍ സ്റ്റേഷനുകളുടെ നെറ്റ്വര്‍ക്കായ കോറല്ലോയുമായി 2014 മാര്‍ച്ചില്‍ സംസാരിക്കവേ, താന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന അര്‍ജന്‍റീനിയന്‍ തലസ്ഥാനം ബുവനെസ് അയേഴ്സില്‍ വച്ച് തനിക്ക് പലപ്പോഴുമുണ്ടായിട്ടുള്ള ഒരനുഭവം മാര്‍പാപ്പ പങ്കുവച്ചു: "കാര്യങ്ങള്‍ നന്നായി ചെയ്യുന്ന, നേതൃപാടവമുള്ള ഒരല്‍മായന്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ വികാരിയച്ചന്മാര്‍ ഉടനെ ചോദിക്കും: 'നമുക്ക് അദ്ദേഹത്തെ ഡീക്കന്‍ ആക്കിയാലോ?' എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്? പുരോഹിതനും ഡീക്കനും അല്‍മായനേക്കാള്‍ പ്രധാനപ്പെട്ടവരാണോ? അല്ല, ഒരിക്കലുമല്ല. ഇത് അങ്ങേയറ്റം തെറ്റായ ചിന്താരീതിയാണ്. ഒരാള്‍ നല്ലൊരു അല്‍മായനാണോ? ആണെങ്കില്‍ അയാള്‍ അങ്ങനെതന്നെ തുടരുകയും വളരുകയും ചെയ്യട്ടെ... എന്‍റെ കാഴ്ചപ്പാടില്‍ പൗരോഹിത്യവല്‍ക്കരണം അല്‍മായരുടെ വളര്‍ച്ചയെ തടയുന്നു".
 
പൗരോഹിത്യത്തെ ജീവനോപാധിയായ ജോലിയായി കാണുന്ന പ്രവണതയെ പുരോഹിതര്‍ക്കിടയിലെ കുഷ്ഠരോഗമെന്നാണ് മാര്‍പാപ്പ വിശേഷിപ്പിക്കുന്നത്. പണ്ടുകാലത്ത് കുഷ്ഠരോഗം രോഗിയെ ജനത്തില്‍ നിന്നകറ്റിയതുപോലെ, തൊഴിലായി അധഃപതിക്കുന്ന പൗരോഹിത്യം പുരോഹിതരെ ജനങ്ങളില്‍ന്നുമകറ്റും. 
 
6. "മാപ്പ്, മാപ്പ്"
 
വൈദികരില്‍ നിന്ന് ലൈംഗികപീഡനത്തിനു ഇരയായവര്‍ക്കൊപ്പം ദോമുസ് സാന്‍ക്റ്റാ മാര്‍ത്തായില്‍ വച്ച് 2014 ജൂലൈയില്‍ അര്‍പ്പിച്ച കുര്‍ബാന മധ്യേ മാര്‍പാപ്പ ഇടയന്മാരുടെ അതിക്രമങ്ങള്‍ക്കു ക്ഷമ യാചിച്ചു: "പീഡനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിച്ചപ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കാത്ത സഭാധികാരികളുടെ ഉപേക്ഷയെന്ന പാപത്തിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോടു ക്ഷമ ചോദിക്കുന്നു... ഈ ഉപേക്ഷ നിമിത്തം ഇരകളാക്കപ്പെട്ടവര്‍ കൂടുതല്‍ സഹിക്കേണ്ടിവരികയും ദുര്‍ബലരായ കുട്ടികളെ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്കു നാം തള്ളിവിടുകയും ചെയ്തു".
 
7. "നമുക്കു വിധിക്കാതിരിക്കാം"
 
ചില മാര്‍പാപ്പമാരുടെ നേതൃത്വ ശൈലിയെ അടയാളപ്പെടുത്താന്‍ അവര്‍ പറഞ്ഞ ഏതെങ്കിലും വാക്യം പേര്‍ത്തും പേര്‍ത്തും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് ലിയോ പത്താമന്‍ പാപ്പ  തെരഞ്ഞെടുക്കപ്പെട്ട ഉടനെ ഇങ്ങനെ പറഞ്ഞുവത്രേ: "ദൈവം നമുക്ക് പാപ്പാ പദവി നല്‍കിയതുകൊണ്ട് വരൂ, നമുക്ക് ആഘോഷിക്കാം". സെന്‍റ് പീറ്റേഴ്സ് ബസലിക്ക ഉള്‍പ്പെടെയുള്ള ഭീമാകാരന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ കാലത്താണ്. (ചെലവു വല്ലാതെ കൂടിയപ്പോഴാണ് അദ്ദേഹം ദണ്ഡവിമോചനം വില്‍ക്കാന്‍ തുടങ്ങിയതും ഒടുക്കം അത് പ്രൊട്ടസ്റ്റന്‍റ് നവീകരണത്തില്‍ കലാശിക്കുകയും ചെയ്തത്.) രണ്ടാം വത്തിക്കാന്‍ സൂനഹദോസ് എന്തിന് എന്ന ചോദ്യത്തിന് ജോണ്‍ 23-ാമന്‍ മാര്‍പാപ്പ പറഞ്ഞത് ഇന്നും പ്രസിദ്ധമാണല്ലോ: "അകത്തുള്ളവര്‍ക്ക് പുറത്തുള്ളതു കാണാനും പുറത്തുള്ളവര്‍ക്ക് അകത്തു നടക്കുന്നതു കാണാനും വേണ്ടി നമുക്ക് സഭയുടെ ജനലുകള്‍ തുറന്നിടാം". ബനഡിക്ട് 16-ാമന്‍ പാപ്പ തന്‍റെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പറഞ്ഞതിനും ഏറെ പ്രചാരം കിട്ടി: "ആപേക്ഷികതാവാദത്തിന്‍റെ സര്‍വ്വാധിപത്യമെന്ന അപകടം നാം നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്".
 
ഇതേ രീതിയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്നതും പോപ്പ് ഫ്രാന്‍സിസിന്‍റെ ശുശ്രൂഷാശൈലിയെ അടയാളപ്പെടുത്തുന്നതുമായ ഉദ്ധരണി "അവരെ വിധിക്കാന്‍ ഞാനാരാണ്?" എന്നതായിരിക്കും. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ട് നാലു മാസങ്ങള്‍ക്കുശേഷം ബ്രസീലിലെ റിയോ ഡി ജനൈറോയില്‍വച്ചു സംഘടിപ്പിക്കപ്പെട്ട യുവജനകൂട്ടായ്മയെ സന്ദര്‍ശിച്ചിട്ട് റോമിലേക്കു മടങ്ങി വരുമ്പോഴാണ് സ്വവര്‍ഗാനുരാഗികളെക്കുറിച്ച് ഒരു പത്രറിപ്പോര്‍ട്ടര്‍ ഒരു ചോദ്യം ഉന്നയിച്ചത്. അപ്പോഴാണ് പ്രചുരപ്രചാരം നേടിയ ആ മറുപടി അദ്ദേഹം പറഞ്ഞത്: "സ്വവര്‍ഗാനുരാഗിയായ ഒരു വ്യക്തി ദൈവത്തെ അന്വേഷിക്കുന്നവനും നല്ല ഇച്ഛയുമുള്ള ആളാണെങ്കില്‍ അദ്ദേഹത്തെ വിധിക്കാന്‍ ഞാനാരാണ്?" എന്തുകൊണ്ടാകാം മാര്‍പാപ്പ ഇത്തരമൊരു മറുപടി പറഞ്ഞത്? മാര്‍പാപ്പ ആയതിനുശേഷം അദ്ദേഹം നല്‍കിയ ആദ്യ അഭിമുഖത്തില്‍, ലോകം മുഴുവന്‍ ശ്രദ്ധയോടെ അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടിരിക്കേ, ബെര്‍ഗോളിയോയെ നിര്‍വചിക്കാന്‍ ചോദ്യകര്‍ത്താവ് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതാണ്: "ഞാന്‍ ഒരു പാപിയാണ്". കണ്ണില്‍ കമ്പ് ഇരിക്കുവോളം അദ്ദേഹത്തിനറിയാം തനിക്ക് ആരുടെ ബലഹീനയുടെ നേര്‍ക്കും വിരല്‍ ചൂണ്ടാനാകില്ലയെന്ന്.
 
പോപ്പ് ഫ്രാന്‍സിസിന്‍റെ ശുശ്രൂഷയുടെ ഒന്നാം വാര്‍ഷിക വേളയിലാണ് "സുവിശേഷത്തിന്‍റെ ആനന്ദം" പ്രസിദ്ധീകരിക്കപ്പെട്ടത്. വിധിതീര്‍പ്പുകളെ മാറ്റിനിര്‍ത്താന്‍ ഈ അപ്പസ്തോലിക പ്രബോധനത്തിലും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. "സ്വയം അടച്ചുപൂട്ടി, സ്വന്തം സുരക്ഷിതത്വത്തില്‍ പറ്റിപ്പിടിച്ചിരുന്നതുകൊണ്ട് ആരോഗ്യമില്ലാതെ പോയ ഒരു സഭയെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് തെരുവുകളില്‍ ഇറങ്ങി നടന്നതു നിമിത്തം മുറിവേറ്റ, വേദനിക്കുന്ന, ചെളിപുരണ്ട സഭയെയാണ്". ഇതേ പ്രബോധനത്തില്‍ അദ്ദേഹം തുടര്‍ന്നു പറയുന്നു: സഭ, സഭയ്ക്കകത്തു തന്നെ ചടഞ്ഞു കൂടിയിരിക്കുന്നു എന്നതിന്‍റെ ഒരടയാളം കാര്‍ക്കശ്യമേറിയ വിധിതീര്‍പ്പുകളിലേയ്ക്ക് നമ്മെ നയിക്കുന്ന ചില നിയമങ്ങളിലാണ് നമ്മുടെ മുഴുവന്‍ ശ്രദ്ധയും എന്നതാണ്.
 
8. ദാവീദിന്‍റെ മുഖംമൂടി നീക്കുന്ന നാഥാന്മാര്‍ നമുക്കു വേണം
 
2018 ഡിസംബര്‍ 21-നു ക്ലമന്‍റൈന്‍ ഹാളില്‍വച്ച് റോമന്‍ കൂരിയയ്ക്കു പോപ് ഫ്രാന്‍സിസ് നല്‍കിയ ക്രിസ്മസ് സന്ദേശത്തില്‍ നിന്ന് ചില പ്രസക്തഭാഗങ്ങള്‍: "......നമ്മുടെ കാലത്തും ലോകത്തും ധാരാളം രക്തസാക്ഷികളെ നാം കാണുന്നുണ്ട്.... നല്ല സമരിയാക്കാരും ധീരരായ രക്തസാക്ഷികളുമായ അനേകര്‍ യുവാക്കള്‍, കുടുംബസ്ഥര്‍, സമര്‍പ്പിതര്‍, സേവന സംഘടനകള്‍ തുടങ്ങിയവര്‍ക്കിടയില്‍ നാം കണ്ടുവരുന്നുണ്ട്...
 
"എന്നാല്‍ ഇതൊന്നും സഭാമക്കളില്‍ ചിലര്‍ മൂലം - പ്രത്യേകിച്ചും സഭയില്‍ നേതൃത്വം കൊടുക്കുന്ന ചിലര്‍ നിമിത്തം - ഉണ്ടായ ഉതപ്പുകള്‍ക്ക് ന്യായീകരണമാകുന്നില്ല... ദൈവത്തനുനേര്‍ക്ക് മുറവിളിയായി ഉയരുന്ന ഇരയാക്കപ്പെട്ടവരുടെ വിലാപങ്ങള്‍ക്ക് ചെവികൊടുക്കാനും പ്രതികരിക്കാനും സഭ ദീര്‍ഘനാളായി ശ്രമിക്കുകയാണ്....
 
"ചിലപ്പോള്‍ ഞാന്‍ ദാവീദു രാജാവിനെ ഓര്‍ക്കാറുണ്ട്. ദൈവത്തിന്‍റെ അഭിഷിക്തനായിരുന്നല്ലോ ദാവീദ് (1 സാമുവല്‍ 16:13; 2 സാമുവല്‍ 11-12)...... എന്നിട്ടും ആ മനുഷ്യന്‍ മൂന്നു പാപങ്ങള്‍ ചെയ്യുന്നു: ലൈംഗിക അതിക്രമം, അധികാരത്തിന്‍റെ ദുരുപയോഗം, മനഃസാക്ഷിയുടെ വക്രീകരണം... 'അഭിഷിക്തന്‍' കുറ്റബോധം ലവലേശവുമില്ലാതെ, ഒന്നും സംഭവിക്കാത്ത മട്ടില്‍ തന്‍റെ കാര്യപരിപാടികളുമായി തുടരുകയാണ്. അയാളുടെ ഒരേയൊരു പ്രശ്നം സ്വന്തം പ്രതിച്ഛായ സംരക്ഷിക്കുക എന്നതു മാത്രമായിരുന്നല്ലോ...
 
"ഇന്നും ദൈവത്തിന്‍റെ ഇത്തരം അഭിഷിക്തരെ നമുക്കു കണ്ടുമുട്ടാനാകും... അവര്‍ ദൈവത്തെയോ, അവിടുത്തെ വിധിയെയോ ഭയപ്പെടുന്നില്ല. അവരുടെ ഒരേയൊരു ഭയം തങ്ങളുടെ മുഖംമൂടി മാറ്റപ്പെടുമെന്നും തങ്ങള്‍ കണ്ടുപിടിക്കപ്പെടും എന്നതുമാത്രമാണ്... ഒരു കാര്യം ഇവിടെ വ്യക്തമാക്കുന്നു. ഇത്തരം പ്രശ്നങ്ങളെ സഭ മൂടിവയ്ക്കുകയോ, ഗൗരവത്തോടെ പരിഗണിക്കാതിരിക്കുകയോ ചെയ്യില്ല...
 
"സഭയിലെ ഈ വിപത്തിനെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ സഭയ്ക്കകത്തുള്ളവര്‍ മാധ്യമങ്ങളെ വിമര്‍ശിച്ചു കണ്ടിട്ടുണ്ട്. ലൈംഗിക പീഡനങ്ങളില്‍ 95 ശതമാനവും പുരോഹിതരല്ല ചെയ്യുന്നത് എന്ന വസ്തുത മാധ്യമങ്ങള്‍ പരിഗണിക്കുന്നില്ല എന്നതാണു ഇവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.
 
അതുവഴി ഇതു കത്തോലിക്കാ സഭയിലെ മാത്രം പ്രശ്നമാണെന്നു ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വം മാധ്യമങ്ങള്‍ ശ്രമിക്കുന്നുവത്രേ..
 
"ഹൃദയം നിറഞ്ഞ നന്ദി മാത്രമാണ് എനിക്കു മാധ്യമങ്ങളോട് പറയാനുളളത്. വേട്ടക്കാരുടെ മുഖംമൂടി പറിച്ചുമാറ്റിയതിനും ഇരകളുടെ വാക്കുകള്‍ ലോകത്തെ കേള്‍പ്പിച്ചതിനും മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്ന സത്യസന്ധരും നിഷ്പക്ഷരുമായവര്‍ക്ക് എന്‍റെ നന്ദി. ഒരൊറ്റ പീഡനശ്രമമേ ഇവിടെ നടന്നിട്ടുള്ളൂ എങ്കില്‍ക്കൂടി ജനം നിശബ്ദരായിരിക്കരുതെന്നും നിഷ്പക്ഷതയോടെ അതു വെട്ടത്തുകൊണ്ടുവരണമെന്നും സഭ ആഗ്രഹിക്കുന്നു. കാരണം, ഏറ്റവും വലിയ ഉതപ്പ് സത്യത്തെ മറയ്ക്കാനുള്ള ശ്രമം തന്നെയാണ്...
 
"ദാവീദിനു തന്‍റെ തിന്മയുടെ ഗൗരവം മനസ്സിലാക്കാന്‍ നാഥാന്‍ പ്രവാചകന്‍ വേണ്ടിവന്നു എന്നു നമുക്ക് ഓര്‍ക്കാം. കാപട്യത്തിന്‍റെയും വൈകൃതത്തിന്‍റെയും ജീവിതത്തില്‍ നിന്നും ദാവീദുമാര്‍ക്കു സ്വയം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അവരെ സഹായിക്കുന്ന നാഥാന്മാരെ ഇന്നും നമുക്കു കൂടിയേ തീരു..."
 
"ഹൃദയം നിറഞ്ഞ നന്ദി മാത്രമാണ് എനിക്കു മാധ്യമങ്ങളോട് പറയാനുളളത്. വേട്ടക്കാരുടെ മുഖംമൂടി പറിച്ചുമാറ്റിയതിനും ഇരകളുടെ വാക്കുകള്‍ ലോകത്തെ കേള്‍പ്പിച്ചതിനും മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്ന സത്യസന്ധരും നിഷ്പക്ഷരുമായവര്‍ക്ക് എന്‍റെ നന്ദി. ഒരൊറ്റ പീഡനശ്രമമേ ഇവിടെ നടന്നിട്ടുള്ളൂ എങ്കില്‍ക്കൂടി ജനം നിശബ്ദരായിരിക്കരുതെന്നും നിഷ്പക്ഷതയോടെ അതു വെട്ടത്തുകൊണ്ടുവരണമെന്നും സഭ ആഗ്രഹിക്കുന്നു. കാരണം, ഏറ്റവും വലിയ ഉതപ്പ് സത്യത്തെ മറയ്ക്കാനുള്ള ശ്രമം തന്നെയാണ്...
 
9. മുതലാളിത്തം "സാത്താന്‍റെ കാഷ്ഠമാണ്"
 
"സാത്താന്‍റെ കാഷ്ഠം", "വേഷം മാറിയ ഏകാധിപത്യം", "കോളനിവല്‍ക്കരണത്തിന്‍റെ പുത്തനാവിഷ്കാരം" എന്നൊക്കെയുള്ള ഭാഷാപ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് പോപ്പ് ഫ്രാന്‍സിസ് മുതലാളിത്ത വ്യവസ്ഥിതിയെ വിശേഷിപ്പിക്കുന്നത്. സ്വതന്ത്ര വിപണിയെക്കുറിച്ചും മുതലാളിത്ത വ്യവസ്ഥിതിയെക്കുറിച്ചുമുളള ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ചില നിരീക്ഷണങ്ങള്‍ അംഗീകരിക്കുമ്പോഴും ഫ്രാന്‍സിസ് പാപ്പാ പ്രധാനമായും ദരിദ്രരുടെ കണ്ണുകളിലൂടെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. മുതലാളിത്തത്തെ ഒരു താത്വിക പ്രശ്നമെന്ന രീതിയിലല്ല അദ്ദേഹം സമീപിക്കുന്നത്. ബുവെനസ് അയേഴ്സിലെ തെരുവുകളിലൂടെ നടന്നും ബൊളീവിയാ, ശ്രീലങ്ക, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ നാടുകള്‍ സന്ദര്‍ശിച്ചും അനുഭവിച്ചറിഞ്ഞ വസ്തുതകളുടെ വെളിച്ചത്തിലാണ് അദ്ദേഹം മുതലാളിത്ത വ്യവസ്ഥിതിയെ വിലയിരുത്തുന്നത്. ആ വിലയിരുത്തലാകട്ടെ അസന്ദിഗ്ധവുമാണ്: മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതി മനുഷ്യനെ കൊല്ലുന്നു! മുതലാളിത്തം പെറ്റുകൂട്ടുന്ന സാമ്പത്തിക അസമത്വം മാനവകുലത്തെ വരിഞ്ഞു മുറുക്കുകയാണ്. "ദാരിദ്ര്യത്തെ സൃഷ്ടിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു... വിപണിയുടെ സമ്പൂര്‍ണ്ണാധികാരത്തെയും ഊഹക്കച്ചവടത്തെയും തിരസ്കരിച്ചും അസമത്വത്തിന്‍റെ സംഘടനാ രൂപങ്ങളെ ആക്രമിച്ചും ദരിദ്രരുടെ പ്രശ്നങ്ങള്‍ക്കു സമൂലമായ പരിഹാരം കണ്ടെത്താതെ, ലോകത്തിലെ ഏതെങ്കിലും പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനാകുമെന്ന് തോന്നുന്നില്ല. എല്ലാ സാമൂഹിക തിന്മകളുടെയും അടിസ്ഥാനം അസമത്വമാണ്" (സുവിശേഷത്തിന്‍റെ ആനന്ദം, 202).
 
മുതലാളിത്ത വ്യവസ്ഥിതിയുടെ കാതലായ പ്രശ്നം ആത്മീയതയെ തകര്‍ക്കുന്നു എന്നതാണ്. കൂടുതല്‍ കൂടുതല്‍ കൂട്ടിവയ്ക്കുന്നതോടെ കുന്നുകൂടുന്ന ഭൗതികവസ്തുക്കളും അതിന് ആനുപാതികമായി വര്‍ദ്ധിക്കുന്ന സാമ്പത്തിക അധികാരവും ആത്മീയതയെ കാര്‍ന്നുതിന്നുന്ന ഇരട്ടകളാണ്. മുതലാളിത്ത വ്യവസ്ഥിതിയുടെ ചാലകശക്തി സ്വരുക്കൂട്ടാനുള്ള ആര്‍ത്തിയാണല്ലോ. സമൂഹത്തിന് ഉപകാരപ്പെടുന്ന പുതിയ കാര്യങ്ങള്‍ സൃഷ്ടിക്കുക എന്നതോ, സംസ്കാരത്തെ വളര്‍ത്തുക എന്നതോ അല്ല മുതലാളിത്തത്തിന്‍റെ പ്രാഥമിക പരിഗണന, പിന്നെയോ കുന്നുകൂട്ടുക എന്നതാണ്. ഭൗതികതയിലും അധീശത്വത്തിലും അധിഷ്ഠിതമല്ലാത്ത ഒരു സംസ്കാരത്തെ നിര്‍മ്മിച്ചെടുക്കാന്‍ മുതലാളിത്ത വ്യവസ്ഥിതി ഒരുവിധത്തിലും സഹായകരമാവില്ലെന്നും പോപ്പ് ഫ്രാന്‍സീസ് നിരീക്ഷിക്കുന്നു.
 
10. ആടിന്‍റെ ചൂരുള്ള ഇടയത്വം
 
കുട്ടികള്‍ കണ്ടാല്‍ ഭയന്നു കരയത്തക്കവിധത്തില്‍ മുഖം വിരൂപമായിപ്പോയ വിനീച്ചിയോ റിവ എന്ന അന്‍പത്തിമൂന്നുകാരനെ പോപ്പ് ഫ്രാന്‍സിസ് ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും നാം മാധ്യമങ്ങളിലൂടെ കണ്ടതാണ്. അദ്ദേഹത്തിനത് സാധിച്ചത് കൃത്യമായ മനോഭാവം കൊണ്ടുതന്നെയാകണം. അതു വ്യക്തമാക്കുന്ന ഒരു സംഭവത്തോടെ ഈ ലേഖനം അവസാനിപ്പിക്കുകയാണ്.
"പാപ്പാ ഫ്രാന്‍ചെസ്കോ, നിങ്ങളെപ്പോലെ മറ്റൊരാളില്ല," ആരോ ഒരാള്‍ ഒരിക്കല്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നിന്നു വിളിച്ചു പറഞ്ഞു. ഉടന്‍ വന്നു പോപ് ഫ്രാന്‍സിസിന്‍റെ മറുപടി, "നിങ്ങളെപ്പോലെയും ഈ ഭൂമിയില്‍ മറ്റൊരാളില്ല." ഈ ദര്‍ശനത്തില്‍ ഇരുവര്‍ക്കുമിടയില്‍ അകലമേതുമില്ല; ഉള്ളത് പരസ്പരം ആദരവും സമഭാവനയും അതില്‍നിന്ന് ഉത്ഭൂതമാകുന്ന സാഹോദര്യവും മാത്രം. അവ അദ്ദേഹത്തെ നിയന്ത്രിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ആ ഇടയന്‍റെ നിലപാടുകള്‍ നല്ല ഇടയന്‍റെ വിമോചന ദര്‍ശനങ്ങളെ കാലികമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
 
ഗ്രന്ഥസൂചിക:
1.  Pope Francis: Untying the Knots By Paul Vallely
2.  Open to God, Open to the World Pope Francis with Antonio Spadaro
3.  Key Words of Pope Francis By Joshua J. McElwee and Cindy Wooden
4.  http://m.vatican.va/content/francescomobile/en/speeches/2018/december/documents/papa-francesco_20181221_curia-romana.html#& ui-state=dialog               

You can share this post!

സാമുവല്‍ രായന്‍: ദൈവശാസ്ത്ര സംഭാവനകള്‍

മോണ്‍. നിക്കൊളസ്. ടി
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts