news-details
എഡിറ്റോറിയൽ
“Your purity is not  based on what you’ve  done with your body. It is based on what Jesus did with his.” 
 
- Sheila Wray Gregoire
 
          പുണ്യ പാപങ്ങളുടെ പെരുക്കപട്ടികയില്‍ നിന്ന് ശരീരത്തിന്‍റെ ശുദ്ധാശുദ്ധികളെ നിഷ്കാസനം ചെയ്യുന്ന ഒരു കാലഘട്ടത്തിലാണിന്ന് നാം. മാധ്യമങ്ങളും അഭിരുചികളും വാണിജ്യവത്ക്കരിക്കപ്പെട്ട കളിപ്പാവകളായി ശരീരരാഷ്ട്രീയത്തില്‍ കുടുങ്ങുമ്പോള്‍ ഇതില്‍ കൂടുതല്‍ നമുക്ക് പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ കാലങ്ങളുടെ തഴക്കവും പഴക്കവും പേറുന്ന ധാര്‍മ്മിക മൂല്യങ്ങളെ അവഗണിച്ചുകൊണ്ട് അഭിനവ ധാര്‍മ്മികച്ചുവരെഴുത്തുകളെ വിശ്വസിക്കാനും സാമാന്യ ജനത്തിനാവില്ല. മതം ജീവിത ശൈലികളില്‍ കൃത്യമായി സംവിധാനം ചെയ്ത് രൂപപ്പെടുത്തിയിരിക്കുന്ന പെരുമാറ്റ ചട്ടങ്ങളെ അതിലംഘിക്കുക എന്നത് വിശ്വാസിക്ക് അചിന്തനീയമാണിന്ന്.  കുറ്റബോധത്തിന്‍റെയും അകല്‍ച്ചയുടെയും നിഷ്കാസനത്തിന്‍റെയും മുഖംമൂടികള്‍ പലപ്പോഴും ലൈംഗികതയുമായി ബന്ധപ്പെട്ടു വിശ്വാസിയുടെ ജീവിതത്തില്‍ കടന്നു വരുന്നുണ്ട്. വിശ്വാസിയുടെയും അവിശ്വാസിയുടെയും ഉള്ളില്‍ ഒരുപോലെ രൂഢമൂലമായി കിടക്കുന്ന ചില സംശയങ്ങളുണ്ടിവിടെ.
"ലൈംഗികത ഒരു ദൈവികദാനം", ബ്രഹ്മചര്യം 'ബ്രഹ്മാവില്‍ ചരിക്കുന്ന അവസ്ഥ' എന്നൊക്കെ നാം നിരന്തരം ഉരുക്കഴിക്കുമ്പോഴും ഇതെങ്ങനെ എന്നതിനു കാര്യമാത്ര പ്രസക്തമായ ഉത്തരങ്ങള്‍ക്കോ അവയിലേക്കു നയിക്കുന്ന അന്വേഷണങ്ങള്‍ക്കോ നാം പ്രാധാന്യം കൊടുക്കാറില്ല. ഇത് അനിവാര്യമായ ഒരു  ധാര്‍മ്മിക പ്രതിസന്ധിയിലേക്ക് നമ്മെ നയിക്കുന്നു. 
ആത്മീയതയുടെയും ഭൗതികതയുടെയും വേര്‍തിരിവിനിടയില്‍ ശരീരം പലപ്പോഴും ഭയക്കേണ്ട ഒന്നായി കുഞ്ഞുനാളുമുതല്‍ കേള്‍ക്കുന്ന ഒരു സാഹചര്യത്തില്‍ നിന്ന് ശരീരത്തിന്‍റെ കൗതുകങ്ങളെ ഭയാശങ്കകള്‍ക്കിടം നല്‍കാതെ എത്രമാത്രം explore ചെയ്യാമെന്ന ചിന്തയിലേക്കാണ് കാലത്തിന്‍റെ പോക്ക്. വരുംതലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്ന അറിവുകളുടെ ശേഖരം നാം കൈമാറ്റം ചെയ്യേണ്ടതാണോ അതോ അവര്‍ സ്വയം നിര്‍മ്മിച്ചെടുക്കേണ്ടതാണോ എന്നൊക്കെ ചര്‍ച്ച ചെയ്യുമ്പോഴും നമുക്കീശരീരത്തെപ്പറ്റിയുള്ള ധാരണകള്‍ എത്രകണ്ട് ശരിയാണെന്നും എത്ര നന്നായി അതിനെ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് തിരിച്ചറിയേണ്ടതും അനിവാര്യമാണ്.
ബാലപീഢനങ്ങളുടേയും പോണ്‍സൈറ്റുകളുടേയും അതിപ്രസരം നിഴലിക്കുന്ന ഈ കാലഘട്ടത്തില്‍ ലൈംഗികതയെ എങ്ങനെ മനോഹരമായി കൈകാര്യം ചെയ്യാം എന്നത് പരിഹാരമില്ലാത്ത പദപ്രശ്നംപോലെ സങ്കീര്‍ണ്ണമാണ്. മാമൂലുകളും കപടസദാചാരങ്ങളും മാറ്റിവച്ച് തുറന്ന് പറഞ്ഞ് തുടങ്ങുകയെന്നതാണ് ആദ്യത്തെ പടി. ഈ ആദ്യപടി എത്തണമെങ്കില്‍ ഉള്ളില്‍ ഉറഞ്ഞിരിക്കുന്ന ചില തെറ്റായ മതവിചാരങ്ങളെ സടകുടഞ്ഞു കളയേണ്ടതുണ്ട്. ലൈംഗികത എന്നത് ദൈവം മനുഷ്യന്‍റെ സമഗ്ര വളര്‍ച്ചയ്ക്ക് അനിവാര്യമായി നല്‍കിയ ദാനമാണെന്നും അതിലൂടെ സംഭവിക്കുന്ന സ്നേഹത്തിന്‍റെ മൂര്‍ത്തരൂപം ദൈവീകമാണെന്നും അത് മാനുഷികതയുടെയോ ദൈവികതയുടെയോ നിരാസമല്ലെന്നും നാം തിരിച്ചറിയണം.
33 വയസ്സു മാത്രം ജീവിച്ച ക്രിസ്തുവിനെ അവന്‍റെ മനുഷ്യത്വത്തിലും ദൈവത്വത്തിലും ഒരുപോലെ കാണാനാവുമ്പോള്‍ ശുദ്ധാശുദ്ധികളുടെ ചില വീണ്ടുവിചാരങ്ങള്‍ സംഭവിക്കുന്നുണ്ട്. പൂര്‍ണ്ണയൗവ്വനത്തിന്‍റെ നെറുകയില്‍ അവസാനിച്ചുപോയ ജീവിതമായിരുന്നു അവന്‍റേത്. അവന്‍റെ ശരീരംകൊണ്ട് അവന്‍ ചെയ്തതെല്ലാം അവന്‍റെ സ്നേഹത്തിന്‍റെ മറുവാക്കായാണ് പരിണമിച്ചത്. ഈ പരിണാമം തന്നെ ക്രിസ്തീയ ലൈംഗികതയുടെയും വൈദിക ബ്രഹ്മചര്യത്തിന്‍റെ അടിസ്ഥാനം. ഇവിടെ സ്നേഹത്തിന്‍റെ സംഹിതകള്‍ എഴുതിവെക്കപ്പെട്ടവയല്ല പകരം മുറിച്ചുകൊടുക്കുന്നത്ര വിശാലമാണെന്നര്‍ത്ഥം. വിഭജിക്കാനും മുറിച്ചുകൊടുക്കാനും തയ്യാറാകുമ്പോള്‍ ക്രിസ്തുവിന്‍റെ ശരീരം അതിന്‍റെ പൂര്‍ണ്ണതയിലേക്കും അമര്‍ത്യതയിലേക്കും ചേക്കേറുകയാണ്. അതുപക്ഷെ നിസ്സാരനായ എന്‍റെ ജീവിതത്തില്‍ എങ്ങനെ സംഭവിക്കുമെന്നതാണ് ഇവിടുത്തെ പ്രതിസന്ധി. ദാമ്പത്യവിശ്വസ്തതയും ബ്രഹ്മചര്യയുമെല്ലാം ഈയൊരു ബിന്ദുവില്‍ സംഗമിക്കുന്നു. ഒന്നൊന്നിനേക്കാള്‍ മെച്ചമല്ലാതാകുന്നതും അവിടെയാണ്.
കാലഘട്ടത്തിന്‍റെ കുതിച്ചുപായലില്‍ നിന്ന് ഒരല്പം കുതറിമാറി കണ്ണുതുറന്ന് ഈ പ്രതിസന്ധിയെ നാം അഭിമുഖീകരിക്കണം. എന്നാല്‍ ഇന്ന് മതജീവിതം ലൈംഗീകതയെ പലപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ശരീരത്തിന്‍റെ തൃഷ്ണകളെ പരമാവധി explore ചെയ്ത നവമാധ്യമങ്ങളും മനുഷ്യന്‍റെ ആന്തരിക സത്തയെ ചോര്‍ത്തിക്കളയുന്നുണ്ട്. പോണോഗ്രഫിക്കടിമകളായവര്‍ വളരെ അധികമാണിന്ന്. ലൈംഗികതയുടെ സര്‍ഗ്ഗസാധ്യതകളെയും അമര്‍ത്യമുഹൂര്‍ത്തങ്ങളെയും വളരെ ലളിതമായി ഇത് ചവിട്ടിയരച്ച് കളയുന്നുണ്ട്. പീഢനങ്ങളുടെ ലൈംഗികാതിക്രമങ്ങളുടെയും തോത് അകത്തും പുറത്തും വളര്‍ന്നതില്‍ നവമാധ്യമങ്ങള്‍ക്ക് ശക്തമായ പങ്കുണ്ടെന്നു പറയുമ്പോഴും ഈ പ്രതിസന്ധിയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ നമുക്ക് ഇനിയുമായിട്ടില്ല. പുണ്യപാപങ്ങളുടെ പട്ടികയില്‍പ്പെടുത്തി പ്രതിരോധത്തിന്‍റെ ദുര്‍ബലകോട്ടതീര്‍ക്കുന്നതിനുപരിയായി  കാലത്തിന്‍റെ ചുവരെഴുത്തുകള്‍ക്കനുസൃതമായി എങ്ങനെ മനുഷ്യനെ സ്നേഹത്തിന്‍റെ സമഗ്രതയില്‍ നിര്‍വ്വചിക്കാം എന്ന് സഭ കണ്ടെത്തേണ്ടിയിരിക്കുന്നു.
പ്രീമാര്യേജ് കോഴ്സിനെപ്പറ്റിയുള്ള ഒരു നവ പ്രതികരണം വായിച്ചതിപ്രകാരമാണ്: "ജീവിതത്തില്‍ ഏറ്റവും പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട വിവാഹം എന്ന കൂദാശയും ദാമ്പത്യമെന്ന സംവിധാനവും എങ്ങനെ പുഷ്പംപോലെ കൈകാര്യംചെയ്യാമെന്നത് വെറും മൂന്നുദിവസംകൊണ്ട് പഠിപ്പിക്കാമെന്ന വ്യാമോഹവുമായി ഓരോരുത്തര്‍ മാറിമാറിവന്ന് ക്ലാസ്സുകള്‍ എടുത്തുകൊണ്ടേയിരുന്നു". ഉദാത്തമായ ലൈംഗീകതയും ദാമ്പത്യഭദ്രതയും എങ്ങനെ സാധ്യമാക്കാമെന്നതിന് കാലോചിതമായ നയരൂപീകരണങ്ങളോടൊപ്പം തുല്യപ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് വൈദികാര്‍ത്ഥികളുടെ വ്രതപരിശീലനങ്ങള്‍.
സമകാലീന സംഭവങ്ങളുടെ വെളിച്ചത്തില്‍ തികച്ചും സ്വാഗതാര്‍ഹമായ പലനിലപാടുകളും ചരിത്രത്തില്‍ ഇടനേടത്തക്ക ഗൗരവതരമായി സഭയില്‍ അവതരിപ്പിക്കപ്പെട്ടു എന്നതിന്‍റെ നേര്‍സാക്ഷ്യമായിരുന്നു കഴിഞ്ഞ ദിനങ്ങളില്‍ വത്തിക്കാനില്‍ സംഭവിച്ചത്. ആ ചര്‍ച്ചകളില്‍ രൂപപ്പെട്ട  ശൈലീമാറ്റത്തിന്‍റെ അനുരണനങ്ങള്‍ സഭയുടെ എല്ലാമേഖലകളിലേക്കും എത്തപ്പെടേണ്ടതുണ്ട്. ഇരയല്ല ഇനിമുതല്‍ വേട്ടയാടപ്പെടുക, വേട്ടക്കാര്‍ തന്നെയാണ് ഇനിമുതല്‍ മാനസിക സംഘര്‍ഷത്തില്‍ ആഴ്ന്നുപോകുന്നത്. ഇത് കാലഘട്ടം ആവശ്യപ്പെട്ട ഒരു ശുദ്ധികലശമായിരുന്നു. ഇരയാക്കപ്പെട്ടതിന്‍റെ വേദനയും കയ്പും കാലങ്ങളായി കടിച്ചിറക്കിയവര്‍ വീണ്ടും വേട്ടക്കാരായി രൂപാന്തരം പ്രാപിക്കുന്നത് വേദനാജനകമായ ഒരു കാലചക്രമായിരുന്നു. ഈ കാലചക്രത്തിനുള്ളില്‍ പെട്ടവര്‍ കഠിനസഭാവിരുദ്ധരായി എന്നതാണ് ദുഃഖസത്യം. എന്നാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ വേദനയിലും മുറിവിലും സ്ത്രീശൈലിയിലും ഉള്‍ച്ചേര്‍ന്ന ഒരു സഭാതനുവിനെ വീണ്ടെടുക്കണമെന്നുള്ള റോമിലെ വലിയ ഇടയന്‍റെ ആഹ്വാനം ആത്മാവിന്‍റെ ചൈതന്യം ഒരു നൈരന്തര്യമായി സഭയില്‍ സംഭവിക്കുന്നു എന്നതിന്‍റെ സാക്ഷ്യമാണ്. ഈ സാക്ഷ്യത്തെ ഏറ്റെടുക്കാന്‍ നാം പ്രാപ്തരാകണം. മുറിവുകള്‍ ഉണങ്ങേണ്ടതാണ്, വടുക്കളുടെ പാടുപോലും അവശേഷിക്കാതെ. ഓരോ നോമ്പുകാലവും  മുറിവുണങ്ങുംകാലമായി പരിണമിക്കട്ടെ. അപരന്‍റെ മുറിവുകളെ ഉണക്കാന്‍ സ്വയം മുറിഞ്ഞവന്‍റെ പിന്‍ഗാമിയാകാന്‍ സ്നേഹത്തിന്‍റെ കണ്ണീരുപ്പ് കൂടെയുണ്ടാവട്ടെ.

You can share this post!

മുഖക്കുറിപ്പ്

ടോം കണ്ണന്താനം
അടുത്ത രചന

രാത്രിയില്ലായിരുന്നെങ്കില്‍ നക്ഷത്രങ്ങളും നിലാവുമെനിക്കന്യമായേനെ

റോണി കിഴക്കേടത്ത്
Related Posts