news-details
ഇടിയും മിന്നലും
     പള്ളിപ്പെരുനാളിനു ക്ഷണിക്കാന്‍വന്ന ഒരച്ചനെ യാത്രയാക്കാന്‍ മുറ്റത്തുനില്ക്കുമ്പോള്‍ മതിലിനുപുറത്ത് റോഡ്സൈഡില്‍ ഒരു കാറുവന്നു നിര്‍ത്തുന്നതുകണ്ടു. അതില്‍നിന്നിറങ്ങിയ ഒരു സ്ത്രീ, അച്ചന്‍ പോയിക്കഴിഞ്ഞപ്പോഴേയ്ക്കും മുറ്റത്തേക്കു കയറിവന്ന് അല്പം പരുങ്ങലോടെ ചുറ്റും നോക്കുന്നതു കണ്ടപ്പോള്‍ എന്തെങ്കിലും ചോദിച്ചറിയാനായിരിക്കുമെന്നു പ്രതീക്ഷിച്ച് അവരെ ശ്രദ്ധിച്ച് ഞാനവിടെത്തന്നെനിന്നു. അതു മനസ്സിലായതുകൊണ്ടാകണം അവരടുത്തുവന്നു.
"ഇതു ധ്യാനമന്ദിരമാണോ?"
"അല്ല, ഇതു ഞങ്ങളുടെ ആശ്രമമാണ്, ധ്യാനമന്ദിരം അടുത്തുതന്നെയാണ്. ധ്യാനത്തിനു വന്നതാണോ?"
ധ്യാനത്തിനല്ല, ധ്യാനിപ്പിക്കുന്ന അച്ചനെക്കാണാന്‍ വന്നതാണെന്നും, അച്ചന്‍റെ പേരും പറഞ്ഞപ്പോള്‍  അവര്‍ക്കു തെറ്റുപറ്റിയതാണെന്നു മനസ്സിലായി. പത്തുപതിനഞ്ചു കിലോമീറ്ററകലെയുള്ള വേറൊരു ധ്യാനമന്ദിരമായിരുന്നു അവരുദ്ദേശിച്ചത്. അവിടെയെത്താനുള്ള വഴിയെല്ലാം പറഞ്ഞുകൊടുത്തു കഴിഞ്ഞിട്ടും അവരു പിന്നെയും പോകാന്‍ മടിച്ചുനിന്നു.
"ഫാദറാണോ?"
ആണെന്നു പറഞ്ഞപ്പോള്‍, അല്പമൊന്നു വെയ്റ്റുചെയ്യാമോ, ഉടനെവരാമെന്നു പറഞ്ഞ് അവരു കാറിനടുത്തേക്കു പോയി. അവരു തിരിച്ചുവരാന്‍ ഞാനുദ്ദേശിച്ചതിലും വൈകി. വന്നപ്പോള്‍ വല്ലാതെ അസ്വസ്ഥമായിരുന്നു അവരുടെ മുഖം.
"ഫാദര്‍, ഇവിടുത്തെ ധ്യാനമന്ദിരത്തില്‍ പ്രാര്‍ത്ഥിച്ചുപ്രശ്നങ്ങളൊക്കെമാറ്റുന്ന ധ്യാനിപ്പിക്കുന്ന അച്ചന്മാരാരെങ്കിലുമുണ്ടോ?"
അവരെ കളിയാക്കിവിട്ടിട്ടു കാര്യമില്ലല്ലോ, അവരെ ആരോ അങ്ങനെ മോഹിപ്പിച്ചുവിട്ടതായിരിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ അവരോടു പറയാന്‍വന്നതൊക്കെ ഉറക്കെയൊരു ചിരിയില്‍ ഒതുക്കി. അതുകണ്ടിട്ട് അവരു നിന്നു പരുങ്ങുന്നതുകണ്ടപ്പോള്‍ ആശ്വസിപ്പിക്കാക്കാന്‍വേണ്ടി ഞാന്‍ ചോദിച്ചു:
"നിങ്ങള് ഊണു കഴിച്ചതാണോ?" 
അവരതിനുത്തരമൊന്നും പറയാതെ എന്നെത്തന്നെനോക്കി നിന്നപ്പോള്‍ ഉള്ളുകൊണ്ടെന്നെ പ്രാകുകയായിരിക്കും എന്നു ഞാനൂഹിച്ചു. അങ്ങനെ വെറുപ്പോടെ അവരു പോകാതിരിക്കാന്‍വേണ്ടി ഞാനവരെ വിളിച്ചു കാഴ്ചമുറിയിലേയ്ക്കുപോയി. ഭക്ഷണമോ കുടിക്കാനോ കൊടുക്കാമെന്നു പറഞ്ഞെങ്കിലും അവരതു നിരസിച്ചു. അവരാവശ്യപ്പെട്ട കാര്യം എനിക്കു തീരെവശമില്ലാതിരുന്നതുകൊണ്ട് എത്രയുംവേഗം അവരെ പറഞ്ഞുവിടാനുറച്ച്, വീട് എവിടെയാണെന്നു മാത്രം ചോദിച്ചു. രണ്ടുമണിക്കൂറെങ്കിലും യാത്ര അകലെയുള്ള സ്ഥലമാണവരു പറഞ്ഞത്. 
"ഇത്രയുംദൂരം ഓടിവന്നിട്ട് ഇവിടെ ആരെയെങ്കിലും കാണുന്നതിനേക്കാളും, നിങ്ങളന്വേഷിച്ചുവന്ന ആ അച്ചനെത്തന്നെ ചെന്നുകാണുന്നതല്ലേ നല്ലത്, ഇവിടെനിന്നും അരമണിക്കൂര്‍കൊണ്ട് എത്താവുന്ന ദൂരമേയുള്ളുതാനും." 
ആശ്രമത്തില്‍നിന്നും ഭക്ഷണം കഴിക്കാനുള്ള മടികൊണ്ടാണെങ്കില്‍ അവര് പോകാനുദ്ദേശിക്കുന്ന സ്ഥലത്തേക്കു പോകുന്നവഴിക്കുതന്നെയുള്ള നല്ല രണ്ടുമൂന്നു ഹോട്ടലുകളുടെ പേരും പറഞ്ഞുകൊടുത്തപ്പോള്‍ അവരുടെ മുഖത്തെ പേശികള്‍ അല്‍പമൊന്നയഞ്ഞു.
"എത്രദൂരമായാലും എനിക്കു കുഴപ്പമില്ലായിരുന്നു ഫാദര്‍. പക്ഷേ അവന്‍ സമ്മതിക്കുന്നില്ല."
'അവന്‍' ആരാണെന്നു മനസ്സിലായില്ലെങ്കിലും മകനായിരിക്കും എന്നും, കഥാപാത്രം കാറില്‍തന്നെ ഉണ്ടായിരിക്കും എന്നും ഊഹിച്ചു. കൂടുതലൊന്നും ചോദിക്കാന്‍പോയില്ല. അപ്പോഴേക്കും രണ്ടുമൂന്നുതവണ കാറിന്‍റെ ഹോണടി ഞാന്‍ കേട്ടിരുന്നു.
"ടാക്സിക്കാറാണോ, വണ്ടിക്കാരന്‍ തിരക്കിലാണെന്നു തോന്നുന്നു, തെരുതെരെ ഹോണടിക്കുന്നുണ്ടല്ലോ."
"ഞങ്ങളുടെ കാറുതന്നെയാണ്, അവന്‍തന്നെയാണ് ഓടിക്കുന്നതും." സംസാരത്തില്‍നിന്നും 'അവന്‍' മകന്‍ തന്നെയാണെന്ന് ഏതാണ്ടുറപ്പായി.
"ഇങ്ങോട്ടു വിളിച്ചാല്‍ ഞാനവനോടൊന്നു പറഞ്ഞുനോക്കാം." 
"അവന് അച്ചന്മാരെയാരേയും ഇഷ്ടമില്ല. അവന്‍റെ കാര്യത്തിനുവേണ്ടിത്തന്നെയാണു ഞാന്‍വന്നത്. വേറാരേയെങ്കിലുംകൂട്ടി വരാനിരുന്നതായിരുന്നു. അവന്‍ സമ്മതിച്ചില്ല. അവനു ഡ്രൈവിങ്ങു ഭയങ്കര ഹരമാണ്. നല്ല ഡ്രൈവിങ്ങുമാണ്. ഇവിടെത്താറായപ്പോള്‍, ഞാന്‍ കാണാന്‍പോകുന്ന അച്ചന്‍ അവനെയുംകൂടെ കാണണമെന്നുപറഞ്ഞാല്‍ ഇറങ്ങിവരണമെന്നു ഞാന്‍ അവനോടു പറഞ്ഞപ്പോള്‍മുതല്‍ തിരിച്ചു പോയേക്കാമെന്നു പറഞ്ഞു വഴക്കുതുടങ്ങിയതാണ്. അതുകൊണ്ടാണ് ഊണുപോലും കഴിക്കാതിരുന്നത്."
"നിങ്ങള്‍ക്ക് എത്ര മക്കളുണ്ട്."
"മൂന്നുപേര്, ഇവനാണു മൂത്തത്. ഞങ്ങളെല്ലാം ഗള്‍ഫിലായിരുന്നു ഫാദര്‍. ഹസ്ബന്‍റും രണ്ടുമക്കളും അവിടെത്തന്നെയാണ്. ഞാന്‍ ബിഎസ്സി നേഴ്സാണ്. എനിക്കും അവിടെ നല്ലജോലിയുണ്ടായിരുന്നതു കളഞ്ഞിട്ട് ഇവന്‍ കാരണം ആറുമാസംമുമ്പു തിരിച്ചുപോന്നതാണ്. ഇളയമക്കള്‍ അവിടെ പഠിക്കുന്നതുകൊണ്ട് മദറിന്‍ലോ അങ്ങോട്ടുപോയി. ഇവന്‍ ഭയങ്കര സ്മാര്‍ട്ടായിരുന്നു ഫാദര്‍, പഠിക്കാനും കമ്പ്യൂട്ടറിലുമൊക്കെ. ഇപ്പോള്‍ ഉഴപ്പുകാരണം കോളേജില്‍നിന്നു സസ്പെന്‍ഡു ചെയ്തിരിക്കുകയാണ്. ഹസ്ബന്‍റു വിളിച്ചുപറഞ്ഞിട്ടാണു ഞാനിപ്പോള്‍ ഈ അച്ചനെക്കാണാന്‍ പോന്നത്."
ഇടയ്ക്കിടെ ഹോണടി കേട്ടപ്പോള്‍ അവര് വല്ലാതെ അസ്വസ്ഥയാകുന്നുണ്ടായിരുന്നു. തൊണ്ടയിടറി അവരിത്രയും പറഞ്ഞതു കേട്ടപ്പോള്‍ എനിക്കു വിഷമംതോന്നി.
"അവന്‍റെ പേരെന്താണ്. ഇത്രയും ദൂരംവന്നിട്ടു വെറുതെ തിരിച്ചു പോകരുതല്ലോ. ഞാനവനോടൊന്നു പറഞ്ഞുനോക്കട്ടെ."
അവരെന്തോ തടസ്സംപറയാന്‍തുടങ്ങിയിട്ടും അതു ശ്രദ്ധിക്കാതെ ഞാന്‍ പുറത്തേക്കു നടന്നപ്പോള്‍ അവര് അവന്‍റെ പേരു വിളിച്ചുപറഞ്ഞു. ഞാന്‍ വണ്ടിക്കടുത്തുചെന്നത് അവനറിഞ്ഞില്ല. വണ്ടിയുടെ എന്‍ജിന്‍ ഓണായിരുന്നതുകൊണ്ട് എസി ഇട്ടിരിക്കുകയാണെന്നു മനസ്സിലായി. ഡ്രൈവിങ്സീറ്റില്‍ ചാഞ്ഞിരുന്ന് ലാപ്ടോപ്പില്‍ എന്തോചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവന്‍. ഞാന്‍മുട്ടിയപ്പോള്‍ ഷട്ടറുതാഴ്ത്തി. ഞാന്‍ ഇവിടുത്തെ ഒരച്ചനാണെന്നും എന്‍റെപേരും പറഞ്ഞു. അവരു പോകാനുദ്ദേശിച്ചിടത്തേയ്ക്കു ദൂരക്കൂടുതലായതുകൊണ്ട് തിരിച്ചുപോവുകയാണെന്ന് അമ്മ പറഞ്ഞെന്നും ഇറങ്ങിവന്നാല്‍ അല്പം വെള്ളംകുടിച്ചിട്ടു പോകാമെന്നും പറഞ്ഞിട്ടും അവന്‍ ലാപ്ടോപ്പില്‍നിന്നും കണ്ണെടുത്തില്ല. പരാജയം സമ്മതിച്ചുതിരിച്ചു പോന്നാലോ എന്നാലോചിച്ചപ്പോഴേയ്ക്കും വെറുതെയൊരു ബുദ്ധി തോന്നി.
"വാസ്തവത്തില്‍ ഞാനിപ്പോള്‍വന്നത് ഇദ്ദേഹത്തോട് ഒരു ചെറിയ സഹായംകൂടെ ചോദിക്കാനായിരുന്നു. മകന്‍ കമ്പ്യൂട്ടര്‍ എക്സ്പേര്‍ട്ടാണെന്ന് അമ്മപറഞ്ഞു. വലിയ പഴക്കമില്ലാത്ത എന്‍റെയൊരു ലാപ്ടോപ് കംപ്ലെയ്ന്‍റായിട്ടു പലപ്രാവശ്യം റിപ്പയറുചെയ്തിട്ടും പിന്നെയും പ്രശ്നമുണ്ടാക്കുന്നു. ഇദ്ദേഹത്തിന്‍റെ മടിയിലിരിക്കുന്ന ലെനോവോ കമ്പനിയുടേതു തന്നെയാണ് എന്‍റെ ലാപ്ടോപ്പും. ഒന്നുനോക്കാമോ, പറ്റുമെങ്കില്‍മതി."
അവന്‍ എന്‍റെമുഖത്തേയ്ക്ക് അല്പനേരം സൂക്ഷിച്ചുനോക്കി. പോയി വേറെപണിനോക്കാന്‍ പറയുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, എന്‍റെമുഖത്തെ ആ പാവംലുക്കു കണ്ടിട്ടാവാം, അവന്‍ ലാപ്ടോപ് ഷട്ഡൗണ്‍ ചെയ്തു പുറത്തിറങ്ങി. വണ്ടി അകത്തുകയറ്റി തണലിലിടാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ വണ്ടിമുറ്റത്തേയ്ക്കുവിട്ടു. ഒട്ടുംപ്രതീക്ഷിക്കാതെ വണ്ടി മുറ്റത്തെത്തിയപ്പോള്‍ അന്തംവിട്ട് അമ്മനില്പുണ്ടായിരുന്നു. ലാപ്ടോപ് എടുത്തു കൊടുത്താല്‍ അവന്‍ വണ്ടിയില്‍തന്നെയിരുന്നു നോക്കാമെന്നു പറഞ്ഞപ്പോള്‍, ചാര്‍ജുതീര്‍ന്നിരിക്കുകയായതുകൊണ്ട് മുറിയിലിരുന്നു നോക്കാമെന്നു ഞാന്‍ പറഞ്ഞത് മനസ്സില്ലാമനസ്സോടെ അവന്‍ സമ്മതിച്ചു. ഉടനെയങ്ങും അതു ശരിയാകരുതെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് മുറിയിലെത്തി ഞാന്‍ ലാപ്ടോപ് അവന്‍റെ മുമ്പില്‍വച്ചു. അവന്‍ പണിതുടങ്ങിയപ്പോള്‍ ഒരുകപ്പുകാപ്പിയുംകൊണ്ടുചെന്നുകൊടുത്ത്, എന്‍റെ മൊബൈല്‍നമ്പരും കൊടുത്തിട്ട് അമ്മയോടല്പം സംസാരിച്ചുകൊണ്ടു ഞാന്‍ പുറത്തുതന്നെയുണ്ടാകും എന്നുപറഞ്ഞപ്പോള്‍ അവന്‍ എതിരൊന്നും പറഞ്ഞില്ല. 
ഞാന്‍ പുറത്തുചെല്ലുമ്പോള്‍ അമ്മ ആകാംഷയോടെ നില്പുണ്ടായിരുന്നു.
"അവന്‍ പോകാന്‍ സമ്മതിച്ചോ അച്ചാ?"
"പറയാറായിട്ടില്ല, ഞാനവനോടതു ചോദിച്ചുമില്ല, തല്ക്കാലം അവന്‍റെ മൂഡൊന്നു മാറാനൊരു പണി ഞാന്‍ കൊടുത്തു."
"ഇങ്ങനൊന്നുമല്ലായിരുന്നച്ചാ അവന്‍. ശരിക്കും മാലാഖാ പോലത്തെ കൊച്ചായിരുന്നു. എന്തിനും കൊള്ളാമായിരുന്നച്ചാ. ഗള്‍ഫിലായിരുന്നപ്പോള്‍ പള്ളിയിലെ കൊയറിന്‍റെ ലീഡറായിരുന്നു. നന്നായിട്ടു പാടും. അഞ്ചാംക്ലാസ്സുമുതല്‍ സ്ഥിരം കുര്‍ബ്ബാനയ്ക്കു കൂടുന്നുണ്ടായിരുന്നച്ചാ. വീട്ടില്‍വന്നാലും അത്ര ചിട്ടയുണ്ടായിരുന്നു. ഞങ്ങളുരണ്ടും ജോലിക്കു പോയിരുന്നതുകൊണ്ട്, ഇളയരണ്ടുപേരുടെയും കാര്യത്തിലും ഇവന് അതുപോലെ ശ്രദ്ധയുമുണ്ടായിരുന്നച്ചാ. ഇന്നതെല്ലാം പോയിട്ട്, പള്ളീലും പോകത്തില്ല, പഠിക്കത്തുമില്ല, കമ്പ്യൂട്ടറും മൊബൈലും കമ്പനികൂടലും മാത്രം."
 
"എല്ലാമറിയാന്‍വേണ്ടിയല്ല, അതൊക്കെ അവിടെപോകാന്‍ അവന്‍ സമ്മതിച്ചാല്‍ ആ അച്ചനോടു പറഞ്ഞാല്‍മതി, എന്നാലും പറഞ്ഞതില്‍ കണക്ഷന്‍ കിട്ടാത്ത ഒരുഭാഗത്തെപ്പറ്റി ഒന്നറിയാനാണ്. ഗള്‍ഫിലാണു പഠിച്ചുകൊണ്ടിരുന്നതെന്നു പറഞ്ഞിട്ട് നാട്ടിലിവന്‍ ഉഴപ്പിയെന്നു പറയുന്നതു മനസ്സിലായില്ല."
"സോറി അച്ചാ."
നേരത്തെയുണ്ടായിരുന്നു 'ഫാദര്‍' പ്രയോഗം മാറി 'അച്ചാ' വിളി തുടങ്ങിയപ്പോള്‍ അവരുടെ ടെന്‍ഷന് കാര്യമായ അയവുവന്നു എന്നുറപ്പായി.
"ടെന്‍ത് സ്റ്റാന്‍റേഡ് കഴിഞ്ഞപ്പോള്‍ അവനെ നാട്ടിലേക്കു കൊണ്ടുപോന്നച്ചാ. എനിക്കും അതുതീരെ താത്പര്യമില്ലായിരുന്നു, അവന് അത് ഒട്ടും ഇഷ്ടവുമല്ലായിരുന്നു. ഹസ്ബന്‍റ് ഒറ്റയാളിന്‍റെ നിര്‍ബ്ബന്ധംകൊണ്ടാണ് നാട്ടിലേക്കവനെ കൊണ്ടുപോന്നത്. സത്യത്തില്‍ പുള്ളിക്കാരന്‍റെ സ്നേഹംകൊണ്ടും പേടികൊണ്ടുമായിരുന്നച്ചാ അങ്ങനെ വാശിപിടിച്ചത്. ഇവന്‍ കൊച്ചായിരിക്കുമ്പോള്‍മുതല്‍ ഏറോപ്ലെയിന്‍ ഭ്രാന്തനായിരുന്നു. അഞ്ചാംക്ലാസ്സുമുതല്‍ എപ്പോഴും പറയുമായിരുന്നു പൈലറ്റാകണമെന്ന്. സത്യംപറഞ്ഞാലച്ചാ, ഗള്‍ഫില്‍ ജോലിയായിട്ടു പത്തിരുപത്തഞ്ചു വര്‍ഷമായെങ്കിലും, പുള്ളിക്കാരന് ഇപ്പോഴും ഏറ്റവുംപേടി ഫ്ളൈറ്റു യാത്രയാണ്. വിമാനയാത്ര ഭയന്ന് അവധിക്കു നാട്ടില്‍ വരുന്നതുപോലും മുടക്കിയിട്ടുണ്ട്. അതുകൊണ്ട് അവനെ, പൈലറ്റല്ലാതെ വേറെ എന്തെങ്കിലും പ്രൊഫഷന് നിര്‍ബ്ബന്ധിക്കുമായിരുന്നു. അതിന് പുള്ളിക്കാരന്‍ കണ്ടുപിടിച്ച ഒരു ട്രിക്കായിരുന്നു, നാട്ടിലെ വലിയ പേരുള്ള ഈസ്ഥാപനത്തില്‍ പ്ലസ്റ്റൂവിന് അഡ്മിഷന്‍ വാങ്ങിയത്. പഠിത്തത്തില്‍ നല്ലമിടുക്കനായിരുന്നതുകൊണ്ട് ഈസ്ഥാപനത്തില്‍നിന്നും പഠിച്ചിറങ്ങുമ്പോളേയ്ക്കും അവനൊരു ഒരെന്‍ജിനീയറോ ഡോക്ടറോ ആകുമെന്ന് വലിയപ്രതീക്ഷയായിരുന്നു. അതിനുള്ള എല്ലാ സംവിധാനങ്ങളും ഈ സ്ഥാപനത്തിലുണ്ടുതാനും. സത്യത്തില്‍ അവനോടുള്ള ഭയങ്കരസ്നേഹംകൊണ്ടാണ് പുള്ളിക്കാരന്‍ അങ്ങനെ ചെയ്തത്. അതെനിക്കും നന്നായിട്ടറിയാമായിരുന്നതുകൊണ്ട് ഞാനും ഒത്തിരി തടസ്സംപറഞ്ഞില്ല. ഒരുപാടു വിഷമത്തോടെയായിരുന്നു അവന്‍ നാട്ടിലേക്കു പോന്നത്. അഞ്ചാറു മാസത്തേയ്ക്കു വലിയ കുഴപ്പമില്ലായിരുന്നു. പിന്നെപിന്നെ പഠനത്തിനു തീരെപിന്നോട്ടായി. അതെല്ലാം സാവകാശം മാറുമെന്നു പ്രതീക്ഷിച്ചു. പക്ഷെ രണ്ടാമത്തെകൊല്ലമായപ്പോഴേക്കും ഹോസ്റ്റലില്‍ നിര്‍ത്താന്‍ ബുദ്ധിമുട്ടാണ് എന്ന് അറിയിച്ചതുകൊണ്ട് നിവൃത്തിയില്ലാതെ ഞാന്‍ ജോലി ഉപേക്ഷിച്ചു നാട്ടില്‍വന്നു കോളേജിനടുത്തു ഫ്ളാറ്റെടുത്ത് അവിടെനിന്നും അവനെ കോളേജില്‍വിട്ടു. ഒരുമാറ്റവും വന്നില്ല എന്നു മാത്രമല്ല, ഒരുമാസംമുമ്പ് ഏതാണ്ടു വൃത്തികെട്ട ഫോട്ടോ മൊബൈലില്‍ അയച്ചതു പിടിച്ച് കോളേജില്‍നിന്നും സസ്പെന്‍റു ചെയ്തിരിക്കുകയാണ്. എന്‍റെ കണ്ണുനീരിനൊന്നും അവന്‍ വിലവയ്ക്കുന്നില്ല. ഗള്‍ഫില്‍നിന്നു പപ്പാ വിളിച്ചാല്‍ അവന്‍ അറ്റന്‍റുചെയ്യാറില്ല. വല്ലാത്ത പ്രതിസന്ധിയില്‍ ഒത്തിരിയിടത്തു പ്രാര്‍ത്ഥിക്കാന്‍ ഏല്പിച്ചു. അവന്‍ പള്ളിയിലൊന്നും പോകത്തില്ല. ഹസ്ബന്‍റിനും ഭയങ്കര ടെന്‍ഷനാണ്. പുള്ളിക്കാരനോട് ആരോ പ്രാര്‍ത്ഥിച്ചിട്ടുപറഞ്ഞതാണ്, ഇതെന്തോ പൂര്‍വ്വീകരുടെ പാപത്തിന്‍റെ ശിക്ഷയാണ് അതിന് ഈ അച്ചനെ ചെന്നു കാണണമെന്ന്."
ഞാനിടക്കിടെ മുറിയില്‍ അവന്‍റെയടുത്തു ചെല്ലുന്നുണ്ടായിരുന്നു. അവന്‍ ആവശ്യപ്പെട്ടതനുസരിച്ചു ഞാന്‍ കൊടുത്ത ഹാര്‍ഡ് ഡിസ്ക്കിലേയ്ക്കു ഫയലെല്ലാം കോപ്പിചെയ്തുകൊണ്ടിരിക്കുകയാണ്, അതു കുറെസമയമെടുക്കുമെന്നവന്‍ പറഞ്ഞപ്പോള്‍ ആ സമയത്ത് ഭക്ഷണം കഴിക്കാമെന്നുപറഞ്ഞു വിളിച്ചപ്പോള്‍ വന്നു. അമ്മയും മകനും മിണ്ടാതെയിരുന്ന് ഊണുംകഴിഞ്ഞു വീണ്ടും അവന്‍ മുറിയിലേക്കു കയറിയപ്പോള്‍ ഞാനമ്മയെയുംകൂട്ടി പുറത്തേയ്ക്കിറങ്ങി.
"ഒരു തൂവാല കാട്ടിയിട്ട് അതെന്താണെന്നു ശിഷ്യന്മാരോടു ചോദിച്ച ഒരു ഗുരുവിന്‍റെ കഥകേട്ടിട്ടുണ്ട്. ശിഷ്യര്‍ പറഞ്ഞു, അതു തൂവാലയാണെന്ന്. ഗുരു അതു ചുരുട്ടി നടുക്കൊരു കെട്ടിട്ടു, ഇപ്പോളും അതു തൂവാലയാണെങ്കിലും അത് ഉപയോഗിക്കാന്‍ പറ്റില്ല എന്നു ശിഷ്യര്‍ പറഞ്ഞു. ഗുരു രണ്ടുമൂന്നു കെട്ടിട്ടിട്ടു പിന്നെയും കാണിച്ചു, തൂവാലയാണെങ്കിലും അത് ഒന്നിനും കൊള്ളത്തില്ലെന്നവരു പറഞ്ഞു. ഇനിയിപ്പോള്‍ എന്താണിതിനൊരു പ്രതിവിധിയെന്നായി ഗുരുവിന്‍റെ ചോദ്യം. കെട്ടുകളഴിക്കണം എന്നുശിഷ്യരുടെ മറുപടി. ആരഴിക്കണം എന്ന് അടുത്ത ചോദ്യം. കെട്ടിയ ആളുതന്നെ അഴിക്കുകയാകും ഏറ്റവും എളുപ്പം എന്ന ശിഷ്യരുടെ ഉത്തരം ഗുരു ശരിവച്ചു. 
കെട്ടും കടുംകെട്ടുകളുമഴിക്കാന്‍ ഏറ്റവും എളുപ്പം കെട്ടിയവര്‍ക്കുതന്നെയാണ്. മാലാഖക്കൊച്ചായിരുന്നു എന്നു നിങ്ങളുതന്നെ പറയുന്ന അവന്‍റെ ജീവിതത്തില്‍ നിങ്ങളുടെ ഇഷ്ടങ്ങളുടെ കെട്ടുകളിട്ടു. ആ കെട്ട് അഴിയാതിരിക്കാന്‍ വീണ്ടുംനിങ്ങളു കടുംകെട്ടുമിട്ടു. ഇന്നിപ്പോള്‍ ഉപയോഗമില്ലാതായി എന്നു നിങ്ങള്‍ വിലപിക്കുന്ന അവന്‍റെ ജീവിതത്തിന്‍റെ കെട്ടുകളഴിക്കാന്‍ നിങ്ങളിപ്പോള്‍ ഒരു മൂന്നാമനെ തേടുന്നതു ശരിയോ? 
വേറൊന്നുകൂടെ ഞാന്‍ പറയാം, അതും എന്നോവായിച്ച കഥയാണ്. മനുഷ്യരെ അനുകരിച്ച് പക്ഷികളും, മൃഗങ്ങളും, മത്സ്യങ്ങളുംചേര്‍ന്ന് ഒരു സര്‍വ്വവിജ്ഞാനവിദ്യാലയം തുടങ്ങാന്‍ തീരുമാനിച്ചു. കുരങ്ങനും, പരുന്തും, അണ്ണാനും, വരാലും, തവളയുമായിരുന്നു പ്രൊഫസര്‍മാര്‍. മുയലച്ചന്‍ പ്രിന്‍സിപ്പാളും. എല്ലാവിഭാഗങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികള്‍ ഇടിച്ചുകയറി. എല്ലാവരും എല്ലാം പഠിച്ചിരിക്കണമെന്നതായിരുന്നു സെനറ്റിന്‍റെ തീരുമാനം. പ്രിന്‍സിപ്പല്‍ മുയലച്ചനാണെങ്കില്‍ ഭയങ്കര കര്‍ക്കശക്കാരനും. പറക്കലില്‍ ഒന്നാമതായിരുന്ന പരുന്തുകള്‍ മാളമുണ്ടാക്കുന്നതിലും വിദഗ്ധരാകണമെന്ന് മുയലച്ചന് കടുംപിടുത്തം. പരുന്തുകള്‍ മാളമുണ്ടാക്കാന്‍ പണിപ്പെട്ട് ചുണ്ടും നഖവുമെല്ലാം ഒടിഞ്ഞ് പറക്കാനുംകൂടെ പറ്റാതായി. മുയലുകള്‍ മരംകേറാന്‍ നോക്കി പിടഞ്ഞുവീണു കാലൊടിഞ്ഞു മാളമുണ്ടാക്കാന്‍ പറ്റാതായി, അണ്ണാന്‍ നീന്താന്‍നോക്കി മുങ്ങിച്ചാകാതെ കഷ്ടിച്ചു രക്ഷപെട്ടു, മീനാണെങ്കില്‍ പറക്കാന്‍നോക്കിയിട്ടു കരയില്‍ വീണ് ചാകേണ്ടതായിരുന്നു. തവളമാത്രം ഏതാണ്ട് എല്ലാറ്റിലും ആവറേജായി പസ്സായി. അവസാനം അവരൊരു സത്യം തിരിച്ചറിഞ്ഞു: അറിയാത്തതെല്ലാം പഠിക്കുന്നതല്ല, അറിയേണ്ടതു പഠിക്കുന്നതാണു വിദ്യാഭ്യാസമെന്ന്. ആയിത്തീരേണ്ടതിലേക്കുള്ള അറിവും പരിശീലനവുമാണ് വിദ്യയുടെ അഭ്യാസമെന്ന്. 
ഓരോരുത്തരിലെയും അഭിരുചികളറിഞ്ഞ് പരിപോഷിപ്പിക്കപ്പെടുന്നില്ലെങ്കില്‍ അവര്‍ എവിടെയെങ്കിലുമൊക്കെ ചെന്നെത്തി പാഴ്ജന്മങ്ങളായി മുദ്രകുത്തപ്പെടും. ബിഎസ്സി നേഴ്സായി വര്‍ഷങ്ങള്‍ ജോലിചെയ്തിട്ടുള്ള നിങ്ങള്‍ക്ക്, ഞാന്‍ എന്താണു സൂചിപ്പിക്കുന്നതെന്നു കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു വിശ്വസിക്കുന്നു. 
 
ഇപ്പോള്‍ നിങ്ങളുടെ മകന്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയിലെങ്ങിനെയെത്തിപ്പെട്ടു എന്നറിയാനും ഒരു കഥപറയാം. അതും എവിടെയോ വായിച്ചതാണ്. തിരക്കുള്ള ഒരു ഡോക്ടര്‍. ഡ്യൂട്ടിക്കിടയില്‍ ഞായറാഴ്ചക്കുര്‍ബ്ബാനക്കു പോയി. പ്രസംഗത്തിന്‍റെ സമയത്ത് സൈലന്‍റാക്കാന്‍ മറന്നുപോയ മൊബൈല്‍ഫോണ്‍ പോക്കറ്റില്‍കിടന്നു ശബ്ദിച്ചു. അച്ചന് അരിശംവന്നു. അച്ചന്‍ പരസ്യമായിട്ടദ്ദേഹത്തെ ശാസിച്ചു. രണ്ടാഴ്ചകഴിഞ്ഞ് വീണ്ടും അതുതന്നെ സംഭവിച്ചു. അച്ചന്‍ അപ്പോളൊന്നും പറഞ്ഞില്ലെങ്കിലും കുര്‍ബ്ബാനകഴിഞ്ഞ് ഡോക്ടറിന്‍റെ ഭാര്യയെ വിളിച്ച് പലരുടെയുംമുമ്പില്‍വച്ച് ശാസിച്ചു. വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ ഡോക്ടറുടെ നേരെ തട്ടിക്കയറി. അന്നു വൈകുന്നേരം ഡോക്ടറു ബാറില്‍പോയി സ്മോളടിച്ചു. അല്പം ബാലന്‍സുതെറ്റി കൈതട്ടി മേശയിലിരുന്ന ഒരു ഗ്ലാസും പ്ലേയ്റ്റും താഴെവീണുടഞ്ഞു. ഓടിയെത്തിയ സപ്ലയര്‍, ആകെഅന്ധാളിച്ചുനിന്ന അദ്ദേഹത്തെ, സാരമില്ല എന്നുപറഞ്ഞു സമാധാനിപ്പിച്ചു എന്നു മാത്രമല്ല, വേറെ ഗ്ലാസും പ്ലേറ്റും പകരമെത്തിക്കുകയും ചെയ്തു. അതോടെ അദ്ദേഹം അവിടുത്തെ നിത്യസന്ദര്‍ശകനായി, മദ്യപാനിയായി. കഥയായിരിക്കാമെങ്കിലും കാര്യവുമുണ്ടതില്‍.
അബദ്ധങ്ങളെ അവഹേളനമായും, തെറ്റുകളെ അഹങ്കാരമായും മാത്രം വ്യാഖ്യാനിക്കരുത്. എത്ര ശ്രദ്ധിച്ചാലും, ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തിയാലും അബദ്ധങ്ങള്‍ സംഭവിക്കാം. അജ്ഞതകൊണ്ടും ആലോചനക്കുറവുകൊണ്ടും തെറ്റുകളും സംഭവിക്കാം. നിബന്ധനകളും നിയമങ്ങളുംമാത്രം പോരാ, അനുകമ്പയും സഹാനുഭൂതിയുംവേണം. ആശ്രയം ആശിക്കുന്നിടത്തുനിന്ന് അവഹേളനമുണ്ടായാല്‍, സഹിഷ്ണുതയും ആത്മവിശ്വാസവും പകരേണ്ടിടത്തുനിന്ന് അവഗണനയും അവഹേളനവുമുണ്ടായാല്‍, അനന്തരഫലം പ്രവചനാതീതമായിരിക്കും. പ്രകാശം പരത്തേണ്ടവര്‍തന്നെ വിളക്കണച്ചാലോ? 
വിശുദ്ധനും സല്‍ഗുണനും, സംരക്ഷണവും ആനുകൂല്യങ്ങളും വേണമെന്നില്ല, എന്നാല്‍ തെറ്റുകാരനും പാതകിക്കും അവ കൂടിയേതീരൂ, തിരുത്താനും തിരിച്ചുവരാനും. കൂടെ നടക്കാനും കൈപിടിക്കാനും ആളുണ്ടായിരുന്നെങ്കില്‍ പലരുടെയും ആദ്യത്തെ തെറ്റ് അവസാനത്തേത് ആയിരുന്നേനേ എന്നു മറക്കരുത്! വിശുദ്ധിയുടെ വാഴ്ത്തിനേക്കാള്‍ വീഴ്ചകളിലെ കരുതലിന് കരുത്തുണ്ട് എന്നറിയണം!!"
ചലനമില്ലാതെ, എന്‍റെ മുഖത്തുനിന്നു കണ്ണുപറിക്കാതെയുള്ള അവരുടെ ഇരിപ്പു കണ്ടപ്പോള്‍ മനസ്സിലായി, അവരുടെ ഭൂതകാലം മുഴുവന്‍ അവര് അയവിറക്കുകയാണെന്ന്. ഞാന്‍ മുറിയില്‍ചെന്നപ്പോള്‍ പയ്യന്‍സ് പണിയിലാണ്. താമസിയാതെ തീരുമെന്നു പറഞ്ഞു. ഞാന്‍ പിന്നെയും തിരിച്ചെത്തി.
"ഇനി നിങ്ങളാദ്യം ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരംകൂടി പറയാന്‍ സമയമുണ്ടെന്നുതോന്നുന്നു. പ്രാര്‍ത്ഥിച്ചു പ്രശ്നങ്ങള്‍ മാറ്റുന്ന അച്ചന്മാരാരെങ്കിലും ഇവിടെ ഉണ്ടോ എന്നു ചോദിച്ചില്ലേ? അങ്ങനെയുള്ളവരുണ്ട് എന്നു നിങ്ങളെ ആരോ ധരിപ്പിച്ചിരിക്കുന്നു. നിങ്ങളുമാത്രമല്ല, ഒത്തിരിപ്പേര് അങ്ങനെയാണു ധരിച്ചുവച്ചിരിക്കുന്നത്. അത്ഭുതങ്ങള്‍ക്കു പിന്നാലെയുള്ള പരക്കംപാച്ചിലും അതു കിട്ടാതെവരുമ്പോഴുള്ള നിരാശയും, വീണ്ടുമുള്ള ഓട്ടവും നിങ്ങളെപ്പോലെ ഒത്തിരിപ്പേര് ഓടുന്നുണ്ട്. 
ആളുകള്‍ക്ക് അത്ഭുതങ്ങളില്‍ ഭ്രമം കയറുമ്പോള്‍ ആദ്ധ്യാത്മികതയില്‍ ശോഷണമുണ്ടാകും, ഉറപ്പാണത്. അതുകൊണ്ടുതന്നെയാണു കര്‍ത്താവ് ഏതത്ഭുതം പ്രവര്‍ത്തിച്ചപ്പോഴും അതിന്‍റെ ആനുകൂല്യം ലഭിച്ചവരോട് മിണ്ടിപ്പോകരുത്, വിളിച്ചുകൂവിനടക്കരുത് എന്നു നിഷ്ക്കര്‍ഷിച്ചത്. അതീന്ദ്രിയശക്തിയും അത്ഭുതപ്രവര്‍ത്തനസിദ്ധിയും ജനത്തെ ഭ്രമിപ്പിക്കാനും ആകര്‍ഷിക്കാനുമുള്ളതല്ല. വ്യക്തിപൂജയിലേയ്ക്കു നയിക്കുന്ന ആ വക പ്രകടനങ്ങള്‍ക്ക് ആദ്ധ്യാത്മികതയുടെ പരിവേഷമുണ്ടാകാമെങ്കിലും ആത്മീയതയില്‍ വേരൂന്നിയതായിരിക്കില്ല. 
വഴിവെട്ടം തെളിക്കുന്ന വഴികാട്ടികളാണ് വഴിവിളക്കുകള്‍. വഴി അവസാനിക്കുന്നത് വഴിവിളക്കുകളിലല്ല, ആണെങ്കില്‍ അവ വഴിമുടക്കികളാണ് എന്നറിയണം. വഴിവിളക്കാണ് വിശ്വദീപം എന്നു ചിന്തിക്കുന്നവര്‍ ആ വിളക്കിന്‍ചുവട്ടില്‍തന്നെ എരിഞ്ഞുതീരുന്ന രാതിശലഭങ്ങള്‍ മാത്രമാകും. വഴിവിളക്കുകള്‍ മാത്രമാണു തങ്ങളെന്നു തിരിച്ചറിയുന്നവരും, വെളിച്ചംപകര്‍ന്ന് വഴി പ്രശോഭിതരാക്കുന്നവരുമാണ് യഥാര്‍ത്ഥ ഗുരുക്കന്മാര്‍. അവര്‍ക്ക് ആളുകള്‍ തേടിവരണമെന്നും ഫ്ളെക്സും ബാനറുംകെട്ടി സ്തുതിപാടണമെന്നും അശേഷം താത്പര്യമുണ്ടാവുകയില്ല. സ്വയം തെളിവ് അവശേഷിപ്പിക്കാതെ അവരു കടന്നുപോകുമ്പോഴും വഴിവിളക്കായി അവര്‍ പ്രകാശിച്ചുകൊണ്ടിരിക്കും. 
അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് അനുദിനജീവിതത്തിലെ അനുഗ്രഹങ്ങള്‍ തിരിച്ചറിയാനോ ആസ്വദിക്കാനോ കഴിയാതെവരും. സ്വന്തം ഹൃദയമിടിപ്പിലും, ശ്വാസോഛ്വാസത്തിലുമുള്ള തമ്പുരാന്‍റെ നിരന്തര സാന്നിദ്ധ്യമെന്ന അത്ഭുതം തൊട്ടറിയാന്‍ അവര്‍ക്കു കഴിയാതെവരും. അവര്‍ അത്ഭുതങ്ങള്‍ തേടി അലഞ്ഞുകൊണ്ടേയിരിക്കും, സ്വയമുണ്ടാക്കിയ കുരുക്കഴിക്കാന്‍വേണ്ടി, പ്രാര്‍ത്ഥിച്ചു പ്രശ്നങ്ങള്‍ മാറ്റുന്ന സിദ്ധന്മാരെ അവരു തേടിക്കൊണ്ടിരിക്കും."
പരിസരംമറന്നു ഞനങ്ങനെപറഞ്ഞവസാനിപ്പിച്ചപ്പോളാണ് പുറകില്‍നില്പുണ്ടായിരുന്ന പയ്യന്‍സിനെ ഞാന്‍ ശ്രദ്ധിച്ചത്. അവനെപ്പോളാണ് പിന്നിലെത്തിയതെന്നു ഞാനറിഞ്ഞില്ല. പിന്നെയുള്ള സംസാരം വളരെ സൗഹൃദമായിരുന്നു. രണ്ടുമൂന്നു മണിക്കൂര്‍കഴിഞ്ഞ് അവരു പിരിയുമ്പോള്‍ വേറെങ്ങോട്ടെങ്കിലും പോകുന്നകാര്യം അവര്‍ ചോദിച്ചില്ല. പോകാനായി കാറില്‍കയറുന്നതിനുമുമ്പ് അവന്‍ എന്നെ മാറ്റിനിര്‍ത്തിപ്പറഞ്ഞു: "ഫാദര്‍ പറഞ്ഞതു പലതും ഞാന്‍ പുറത്തുനിന്നു കേള്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് പണി നീണ്ടുപോയത്. എന്തായാലും ഫാദര്‍ പറഞ്ഞ ആ കടുംകെട്ടുണ്ടല്ലോ, അതു ഞാനഴിക്കും."
അവനതിനു സാധിക്കട്ടെയെന്ന് ഇന്നും ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. 

You can share this post!

'ഞൊടുക്കുപണി'

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

'ഇടുക്കിപൊട്ടാഭിഷേകധ്യാനം'

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts