news-details
കവർ സ്റ്റോറി

വിവാഹം: ആഢ്യത്വഭീകരത & ലേറ്റ് മാര്യേജ്

 
  "പ്രണയം നഗരങ്ങള്‍ നിര്‍മ്മിക്കുന്നു" എന്നൊരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്. ലോകത്തിലെ മനോഹരമായ നഗരങ്ങള്‍ എല്ലാം ഉണ്ടായത് ജനസംഖ്യ ഉണ്ടായതുകൊണ്ടാണ്. ജനം ഉണ്ടായത് അവരുടെ മാതാപിതാക്കളില്‍ നിന്നാണ്. പ്രണയത്തില്‍ ഒന്നുചേര്‍ന്ന് കുടുംബം സ്ഥാപിച്ച് സന്താനോത്പാദനശേഷിയുള്ള യുവത്വത്തില്‍  ജീവിതമാരംഭിച്ചതുകൊണ്ടാണ്. അവരില്‍ നിന്ന് ലോകത്ത് ഈ മനുഷ്യരെല്ലാം തലമുറതലമുറയായി ഉണ്ടായി മാനവകുലം എല്ലാത്തരം പുരോഗതിയും നേടിയത്.
 
എന്നാല്‍ കേരളത്തില്‍, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലെ ചില സമുദായങ്ങളില്‍ ബാധിച്ചിരിക്കുന്ന  പ്രശ്നമാണ് ലേറ്റ് മാര്യേജ് കള്‍ച്ചര്‍ (താമസിച്ചുള്ള വിവാഹരീതി). 
 
ജീവശാസ്ത്രപരമായി മനുഷ്യന്‍റെ ഏറ്റവും മികച്ച പരസ്പരാകര്‍ഷണ കാലവും സന്താനോത്പാദനത്തിനു ഏറ്റവും അനുയോജ്യമായ പ്രായവും യഥാര്‍ത്ഥ യുവത്വമായ 19-നും 24-നും ഇടയില്‍ ആണെന്നിരിക്കെ മധ്യതിരുവിതാകൂറിലെ ചില സമൂഹങ്ങളും സമുദായങ്ങളും 30-32 വയസിനുശേഷം മാത്രമേ വിവാഹാലോചനകള്‍ ആരംഭിക്കുന്നുള്ളൂ എന്നത് സമൂഹത്തിന്‍റെയും സമുദായത്തിന്‍റെ ഭാവിക്കുതന്നെ വെല്ലുവിളി ഉയര്‍ത്തുന്നതും ഭാവിതലമുറയുടെ ഗുണമേന്മയെ ബാധിക്കുന്നതുമായ വലിയൊരു പ്രശ്നമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ലേറ്റ് മാര്യേജിന്‍റെ ഫലമായി സമൂഹത്തില്‍ വന്ധ്യതാ ക്ലിനിക്കുകള്‍ ധാരാളമായി മുളച്ച് പൊന്തിയതും കാണാതിരുന്നു കൂടാ.
 
ലേറ്റ് മാര്യേജിന്‍റെയും സന്താനോത്പാദനത്തിലെയും കുറവ് ജനസംഖ്യയെ ബാധിച്ചതുനിമിത്തം കോതമംഗലം, മൂവാറ്റുപുഴ, രാമപുരം, പാലാ, കാഞ്ഞിരപ്പിള്ളി പ്രദേശങ്ങളില്‍ വ്യാപിച്ചു കിടന്നിരുന്ന മൂവാറ്റുപുഴ പാര്‍ലമെന്‍റ് നിയോജകമണ്ഡലം തന്നെ ഇല്ലാതാകുകയും പകരം അത് ലേറ്റ്മാര്യേജ് പ്രോത്സാഹിപ്പിക്കപ്പെടാത്ത മലബാര്‍ മേഖലയ്ക്ക് പുതിയ മണ്ഡലമാക്കി നല്‍കപ്പെടുകയും ചെയ്തു എന്നതും കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സംഭവിച്ച കാര്യമാണ്. 2019 ലെ പാര്‍ലമെന്‍റ് ഇലക്ഷനില്‍ മധ്യതിരുവിതാംകൂറില്‍ നടന്ന ശക്തമായ സീറ്റ് തര്‍ക്കങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നത് പ്രധാനമായും ജനസംഖ്യാ കുറവുകൊണ്ട് മൂവാറ്റുപുഴ പാര്‍ലമെന്‍റ് നിയോജകമണ്ഡലം തന്നെ ഇല്ലാതായതിന്‍റെ കൂടി ഫലമാണെന്നത് പലരും മനസ്സിലാക്കിയിട്ടുമില്ല, ചര്‍ച്ച ചെയ്യപ്പെട്ടതുമില്ല.
 
പഴയകല്യാണങ്ങള്‍
 
മധ്യതിരുവിതാംകൂറിലെ പഴയതലമുറക്കാര്‍ 15-16 വയസ്സുകളില്‍ ചിലപ്പോള്‍ അതിനു മുന്‍പേയും വിവാഹം കഴിച്ച് ജീവിതം ആരംഭിച്ചവരാണ്. പിന്നീട് സര്‍ക്കാര്‍ നിയമം വിവാഹപ്രായം ഉയര്‍ത്തി 18-20-21 വയസ്സുകളൊക്കെയാക്കി. സ്ത്രീക്ക് പ്രായം കുറഞ്ഞിരിക്കണം പുരുഷന് പ്രായം കൂടിയിരിക്കണം തുടങ്ങിയ ആചാരങ്ങളൊന്നും അക്കാലത്ത് അത്ര പ്രസക്തമായിരുന്നില്ല. പ്രായം അക്കാലത്ത് ഒരു ഏകദേശ കണക്ക് മാത്രമായിരുന്നുവല്ലോ. വിവാഹാഘോഷം തികച്ചും ലളിതമായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇനി ലളിതമല്ലെങ്കില്‍പോലും കുടുംബത്തില്‍ത്തന്നെ ഭക്ഷണം പാചകം ചെയ്ത് വീട്ടില്‍ത്തന്നെ സദ്യയൊരുക്കി എല്ലാവരും സഹകരിച്ച് കുടുംബത്തിന് അമിതസാമ്പത്തിക ഭാരമൊന്നുമുണ്ടാകാത്ത ചടങ്ങായി വിവാഹം നിലനിന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ഇക്കാലത്ത് വിവാഹാഘോഷങ്ങള്‍ ധൂര്‍ത്തിന്‍റെ പര്യായങ്ങള്‍ ആയി മാറിക്കഴിഞ്ഞു. അനിയന്ത്രിതമായ ചെലവുകളും തുടര്‍ന്നുള്ള സാമ്പത്തിക പ്രയാസങ്ങളും കുടുംബങ്ങളെ ബാധിച്ചു. വന്‍സമ്പന്നന്മാര്‍ക്ക് ആഘോഷധൂര്‍ത്തുകള്‍ പ്രശ്നമല്ല. ദരിദ്രരായി അംഗീകരിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് ആഘോഷത്തിനിടയില്‍പോലും നിരവധി സാമ്പത്തിക സഹായങ്ങള്‍ കിട്ടിയെന്നുംവരാം. എന്നാല്‍ സമ്പന്നരെ അനുകരിക്കാന്‍ ശ്രമിച്ച ഇടത്തരം കുടുംബങ്ങള്‍ക്ക് വിവാഹവും അനുബന്ധച്ചടങ്ങുകളും കൈയിലൊതുങ്ങാത്ത ഭാരിച്ച ചെലവുകളുള്ള കാര്യമായി മാറി. ക്രമേണ ഈ ഭാരിച്ച ചെലവ് താമസിച്ച് മാത്രം നടത്താം എന്ന ചിന്ത പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വന്നു. പുതിയ വീടൊക്കെ പണിത് കടംവീട്ടി ഭാരിച്ച ചെലവിനൊരുങ്ങാന്‍ ആണ്‍വീട്ടുകാരും ചിന്തിച്ചു ഫലമോ ലേറ്റ് മാര്യേജ് പെരുകി. 
 
സമകാലിക വിവാഹത്തിലെ ആഡംബരധൂര്‍ത്തുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല എന്നത് ഖേദകരമാണ്. ഏതൊരു വ്യക്തിയുടെയും വ്യക്തിജീവിതത്തില്‍ യഥാര്‍ത്ഥ അടുപ്പം പുലര്‍ത്തുന്നവര്‍ 150-ല്‍ താഴെ ആളുകള്‍ മാത്രമേ കാണൂ എന്നാണ് സാമൂഹ്യ മനഃശാസ്ത്രജ്ഞന്മാര്‍ സാക്ഷ്യപ്പെടുത്താറ്. അതില്‍ത്തന്നെ ഏറ്റവും അടുപ്പമുള്ളവര്‍ 50-ല്‍ താഴെ മാത്രവും. എന്നാലിന്ന് വിവാഹാഘോഷങ്ങളുടെ പേരില്‍ ആളുകള്‍ വിളിച്ചുകൂട്ടുന്നത് 3000 ലധികം ആളുകളെയാണ്.
 
പെണ്‍കുട്ടികളെ പഠിപ്പിച്ച് ഉന്നത വേതനം പറ്റുന്ന ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ നേഴ്സ് ആക്കി മാറ്റുന്ന പല മാതാപിതാക്കളും അവര്‍ക്കു ലഭിക്കുന്ന സാമ്പത്തിക ലാഭം മുന്നില്‍ക്കണ്ടുകൊണ്ട് പെണ്‍കുട്ടികളുടെ വിവാഹം നീട്ടിവക്കാറുണ്ട്. ഇങ്ങനെ പെണ്‍കുട്ടികളെ 'കറവപ്പശു'വാക്കി മാറ്റുന്ന സാമൂഹിക സംസ്കാരം സ്ത്രീവര്‍ഗ്ഗത്തോടുതന്നെ ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണെന്ന് നാം മനസ്സിലാക്കണം.
 
സമകാലിക വിവാഹത്തിലെ ആഡംബരധൂര്‍ത്തുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല എന്നത് ഖേദകരമാണ്. ഏതൊരു വ്യക്തിയുടെയും വ്യക്തിജീവിതത്തില്‍ യഥാര്‍ത്ഥ അടുപ്പം പുലര്‍ത്തുന്നവര്‍ 150-ല്‍ താഴെ ആളുകള്‍ മാത്രമേ കാണൂ എന്നാണ് സാമൂഹ്യ മനഃശാസ്ത്രജ്ഞന്മാര്‍ സാക്ഷ്യപ്പെടുത്താറ്. അതില്‍ത്തന്നെ ഏറ്റവും അടുപ്പമുള്ളവര്‍ 50-ല്‍ താഴെ മാത്രവും. എന്നാലിന്ന് വിവാഹാഘോഷങ്ങളുടെ പേരില്‍ ആളുകള്‍ വിളിച്ചുകൂട്ടുന്നത് 3000 ലധികം ആളുകളെയാണ്. അതില്‍ പകുതി ആളുകള്‍ വരികയുമില്ല. ഭക്ഷണവും അനുബന്ധസാമഗ്രികളും ആര്‍ക്കുമില്ലാതെ വേസ്റ്റ് പാത്രത്തില്‍ തള്ളുന്നതും ഇന്ന് ദുരാചാരങ്ങളായി കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നു.
 
ഉറപ്പിക്കല്‍, ഒത്തുകല്യാണം, കല്യാണം എന്നൊക്കെ നിരവധി ചടങ്ങുകള്‍ ഇങ്ങനെ ധൂര്‍ത്തിന്‍റെ പര്യായമാക്കുന്നത് നിയന്ത്രിക്കാന്‍ മതസംവിധാനങ്ങള്‍ പോലും മുന്നോട്ട് വരുന്നില്ല എന്നത് ദുഃഖകരമാണ്. ഈ വലിയ ധൂര്‍ത്തിന്‍റെ ആഘോഷത്തിനുള്ള ചെലവ് കണ്ടെത്താന്‍ തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ ചരിക്കുന്ന വ്യക്തികളും കുടുംബങ്ങളും ഇന്ന് ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുമായിരിക്കുന്നു.
 
വിവാഹാലോചനകളിലെ ആലോചനയില്ലായ്മകള്‍
 
ആധുനിക സാങ്കേതിക വിദ്യയും വാര്‍ത്താമാധ്യങ്ങളും ഇന്‍റര്‍നെറ്റ് സങ്കേതങ്ങളും ധാരാളമായി ഉപയോഗിച്ച് സ്വന്തം ഇണയെ സ്വയം കണ്ടെത്തി കുടുംബജീവിതത്തിലേക്ക് നിരവധി ആശയവിനിമയങ്ങള്‍ക്കൊടുവില്‍ കടക്കുന്നതാണ് ഇന്നത്തെ യഥാര്‍ത്ഥ യുവാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന അവസരം. അതിലും നിരവധി ആലോചനക്കുറവുകള്‍ സംഭവിക്കുന്നുണ്ട്. നവമാധ്യമങ്ങളുടെ മായിക പ്രപഞ്ചത്തില്‍ അശ്രദ്ധമായി തീരുമാനമെടുക്കുന്നവരും ധാരാളമുണ്ട്. എങ്കിലും യുവത്വത്തില്‍ തന്നെ വിവാഹം നടക്കാന്‍ നവമാധ്യമങ്ങള്‍ തീര്‍ച്ചയായും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഏറ്റവും പുതിയ തലമുറ ലേറ്റ് മാര്യേജില്‍ നിന്ന് ഒരു പരിധിവരെ രക്ഷ നേടിയിട്ടുമുണ്ട്.
 
എന്നാല്‍ ഈ ലേഖനത്തില്‍ പരാമര്‍ശവിഷയമാക്കാനൊരുങ്ങുന്നത് അവരുടെ പ്രശ്നങ്ങളല്ല. മുപ്പത് വയസ്സും 32 വയസ്സുമൊക്കെ കഴിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ ആലോചനപോലുമില്ലാത്തവരുടെയും 35 വയസ്സിലൊക്കെ തകൃതിയായി ആലോചന നടത്തുന്നവരുടെയും പരമ്പരാഗത സംവിധാനങ്ങളെക്കുറിച്ചാണ്.
 
34-35 വയസിലും വിവാഹം നടക്കാത്ത നിരവധി ആളുകളെ ഈ ലേഖകന്‍ പരിചയപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് വിവാഹാലോചനകളില്‍ ഇന്നും നിലനില്‍ക്കുന്ന പരമ്പരാഗത മാമൂലുകളും സഹായികളായെത്തുന്ന ബന്ധുജനങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയും നിമിത്തം നടക്കാമായിരുന്ന കല്യാണങ്ങള്‍ പോലും തടയപ്പെട്ടു എന്നാണ്.
 
കാലം മാറിയെങ്കിലും അറുപഴഞ്ചനും പരമ്പരാഗതവുമായ മാമൂലുകള്‍ ചുമക്കാന്‍ വിധിക്കപ്പെട്ടവരാണ് 32-35 വയസുകാരായ വിവാഹാര്‍ത്ഥികള്‍ എന്നത് വസ്തുത തന്നെയാണ്.
 
ഉദാഹരണമായി പറഞ്ഞാല്‍, വിവാഹാലോചനയിലെ ഒന്നാംഘട്ടമാണ് വിവാഹാര്‍ത്ഥിയായ പുരുഷന്‍ സ്ത്രീയുടെ വീട് സന്ദര്‍ശിച്ച് പെണ്ണുകാണല്‍ ചടങ്ങ് നടത്തുക എന്നത്.  ഇഷ്ടമാകുന്നില്ലെങ്കില്‍ ആ ആലോചന അവിടെ അവസാനിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ പെണ്ണിനും ചെറുക്കനും ഇഷ്ടമായാലോ...? 
 
രണ്ടാംഘട്ടത്തില്‍ ചെറുക്കന്‍റെ വീട് സന്ദര്‍ശനമാണ്. ഇതില്‍ പെണ്ണ് പങ്കെടുക്കില്ല എന്നതുകൊണ്ടുതന്നെ ഒരു വന്‍സംഘമാണ് ചെറുക്കന്‍റെ വീട് കാണാനായി പുറപ്പെടുന്നത്. മാമൂലനുസരിച്ച് ഈ ചടങ്ങിന് നിര്‍ബന്ധമായും വിളിച്ചുകൊണ്ടുപോകേണ്ട കുറെ ബന്ധുക്കളുണ്ട്. സാധാരണഗതിയില്‍ ഇവര്‍ തമ്മില്‍ യോജിപ്പുള്ളവരായിരിക്കില്ല. തന്‍റെ മകളെ കല്യാണം കഴിച്ചയച്ചതിലും മെച്ചപ്പെട്ട വീട്ടില്‍ സഹോദരന്‍റെ മകളെ കല്യാണം കഴിച്ചയക്കുന്നതില്‍ എതിര്‍പ്പുള്ള ചിറ്റപ്പന്‍ പേരപ്പന്മാരും, തന്നെ കല്യാണം കഴിച്ചയച്ചതിനേക്കാള്‍ ഉയര്‍ന്ന വീട്ടില്‍ അനുജത്തിയെ വിവാഹം ചെയ്തയയ്ക്കുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത പെണ്ണിന്‍റെ ചേച്ചിമാര്. കുശുമ്പികളായ കുറെ നാത്തൂന്മാരും ഒക്കെ അടങ്ങുന്ന സംഘം ഈ രണ്ടാം ഘട്ടത്തെ കഴിയുന്നത്ര പ്രശ്നബാധിതമാക്കും. മാത്രമല്ല പെണ്ണിന് ശരിയായ റിപ്പോര്‍ട്ട് കിട്ടാറുമില്ല. നല്ലതാണേല്‍ ഒഴിവാക്കിക്കളയാം മോശമാണേല്‍ നടത്താന്‍ മുന്നിട്ടുനില്‍ക്കാം എന്നു കരുതുന്ന ചില കപടനാട്യക്കാര്‍ തകര്‍ത്തുകളയുന്നത് നടക്കാമായിരുന്ന നിരവധി കല്യാണങ്ങളാണ്.
 
അതേസമയം ഈ ആധുനികകാലത്ത് പെണ്‍കുട്ടിയും ഈ സംഘത്തോടൊപ്പം ചെറുക്കന്‍റെ വീട് സന്ദര്‍ശിക്കാന്‍ ആദ്യഘട്ടത്തില്‍ത്തന്നെ അനുമതി കിട്ടിയിരുന്നെങ്കില്‍ നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കാനും ഒന്നുകൂടി പരസ്പരം സംസാരിച്ച് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാനും കഴിയുമായിരുന്നു എന്നു മാത്രമല്ല രഹസ്യശത്രുക്കളായ പല ബന്ധുക്കളുടെയും അമിതമായ ഇടപെടലില്‍ നിന്നും ചതി പ്രയോഗങ്ങളില്‍ നിന്നും രക്ഷപെടാനും കഴിയുമായിരുന്നു.
 
30-35 വയസ്സുകഴിഞ്ഞവര്‍ക്കു പോലും പഴയമാമൂലുകള്‍ വിട്ട് വിവാഹാലോചനകള്‍ നടത്താന്‍ കഴിയുന്നില്ല എന്നത് ഇന്നും ഒരു തമാശയായി നിലനില്‍ക്കുന്നു.
 
പഴയകാലത്ത് ചെറുക്കനും പെണ്ണും പരസ്പരം കണ്ടിരുന്നുപോലുമില്ല എന്ന് ന്യായം പറയുന്നവര്‍ ഇന്ന് പോലുമുണ്ട്. ഇനിയും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
 
വിവാഹപ്രായം
 
ചെറുക്കന് പ്രായം കൂടിയിരിക്കണം പെണ്ണിന് പ്രായം കുറഞ്ഞിരിക്കണം, ചെറുക്കന് പെണ്ണിനെക്കാള്‍ പൊക്കമുണ്ടായിരിക്കണം മെലിഞ്ഞ ചെറുക്കന്‍ മെലിഞ്ഞ പെണ്ണിനെ മാത്രമേ വിവാഹം കഴിക്കാവൂ. പെണ്ണിന് പ്രായക്കൂടുതല്‍ ചെറുക്കനേക്കാള്‍ കൂടാന്‍ പാടില്ല, തുടങ്ങിയ നിരവധി മാമൂലുകള്‍ കഠിനമായി നിലനില്‍ക്കുന്നതും ലേറ്റ് മാര്യേജ് പെരുകാന്‍ കാരണമായിട്ടാണ്. വിവാഹജീവിതത്തില്‍ വേണ്ടത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള മാനസിക അടുപ്പമാണെന്നത് അംഗീകരിക്കാന്‍ സമൂഹം ഇതുവരെ തയ്യാറായിട്ടില്ല. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട വിവാഹത്തിന്‍റെ ആന്തര സത്തയ്ക്ക് പ്രാധാന്യം നല്‍കാന്‍ തയ്യാറാകാതെ ഒന്നോ രണ്ടോ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വിവാഹസല്‍ക്കാര സ്വീകരണത്തിലെ സ്റ്റേജ് ഷോയ്ക്കുവേണ്ടി, സിനിമയില്‍ അഭിനയിക്കാനെന്നവണ്ണം കഥാപാത്രങ്ങളാക്കി മാറ്റുന്നതില്‍ മാത്രമാണ് പൊതുസമൂഹവും ബന്ധുക്കളും ശ്രദ്ധ ചെലുത്തിക്കാണുന്നത്. അതുകൊണ്ടുതന്നെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളും ഇന്ന് പെരുകി വരുന്നു.
 
34-35 വയസിലും വിവാഹം നടക്കാത്ത നിരവധി ആളുകളെ ഈ ലേഖകന്‍ പരിചയപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് വിവാഹാലോചനകളില്‍ ഇന്നും നിലനില്‍ക്കുന്ന പരമ്പരാഗത മാമൂലുകളും സഹായികളായെത്തുന്ന ബന്ധുജനങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയും നിമിത്തം നടക്കാമായിരുന്ന കല്യാണങ്ങള്‍ പോലും തടയപ്പെട്ടു എന്നാണ്. കാലം മാറിയെങ്കിലും അറുപഴഞ്ചനും പരമ്പരാഗതവുമായ മാമൂലുകള്‍ ചുമക്കാന്‍ വിധിക്കപ്പെട്ടവരാണ് 32-35 വയസുകാരായ വിവാഹാര്‍ത്ഥികള്‍ പോലും എന്നത് വിഷമിപ്പിക്കുന്ന വസ്തുത തന്നെയാണ്.
 
 പഴയകാലത്ത് വിവാഹത്തിന് പ്രായം ഒരു പ്രധാനഘടകമായി പരിഗണിച്ചിരുന്നില്ല എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഈ ലേഖകന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഏകദേശപ്രായം ഒക്കെയേ നോക്കിയിരുന്നുള്ളൂ. ചെറുക്കന് പെണ്ണിനേക്കാള്‍ നിര്‍ബന്ധമായും പ്രായം കൂടിയിരിക്കണം എന്ന ചിന്തയൊന്നും അന്നുണ്ടായിരുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളിലോ വികസിത നാടുകളിലോ ഇത്തരം നിര്‍ബന്ധിത ആചാരണമൊന്നുമില്ല. മനപ്പൊരുത്തം മാത്രമാണ് പ്രധാനമായിട്ടുള്ളത് എന്ന് എല്ലാവര്‍ക്കുമറിയാം.
 
പഠനമൊക്കെ കഴിയുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അല്‍പം പ്രായം കടന്നുപോകുന്നത് ഇക്കാലത്ത് സ്വാഭാവികമാണ്. പക്ഷെ അവരെ ഒരിക്കലും ജീവിക്കാനനുവദിക്കാത്ത രീതിയിലാണ് പല പ്രമുഖ ക്രിസ്ത്യന്‍ മാട്രിമോണി സൈറ്റുകളും പ്രൊഫൈല്‍ സെറ്റ് ചെയ്ത് വച്ചിരിക്കുന്നത് എന്നത് ഈ ആധുനികകാലത്തും കടുപ്പമേറിയ യാഥാസ്ഥിതിക സാമൂഹ്യദുരാചാരങ്ങളെ നിലനിര്‍ത്താന്‍ ആരൊക്കെയോ പരിശ്രമിക്കുന്നു എന്നതിന് ഉദാഹരണമാണ്.
 
അതായത് പഠനമൊക്കെ കഴിഞ്ഞ് ഡോക്ടറേറ്റ് ഒക്കെ നേടിയപ്പോഴേക്കും 35 വയസ്സു കഴിഞ്ഞുപോയ ഒരു വിവാഹാര്‍ത്ഥിയായ പെണ്‍കുട്ടി അല്ലെങ്കില്‍ സ്ത്രീ ഒരു വിവാഹാലോചന സൈറ്റില്‍ എണ്ണായിരം രൂപ എന്ന വലിയതുക മുടക്കി പേര് രജിസ്റ്റര്‍ ചെയ്താലും അവള്‍ക്ക് സ്വന്തം പ്രായം മുതല്‍ മുകളിലേക്കുള്ള പ്രായക്കാരുടെ പ്രൊഫൈല്‍ മാത്രമേ കാണുവാന്‍പോലും കഴിയൂ. 35 വയസ്സുള്ള സ്ത്രീ 34 വയസ്സുള്ള പുരുഷനെ വിവാഹം കഴിച്ചാല്‍ അത് സദാചാരലംഘനമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് ഇത്തരം മേഖലകളില്‍ പിടിമുറുക്കിയിരിക്കുന്നത് എന്നതുകൊണ്ടുതന്നെ പ്രായം കഴിഞ്ഞു തുടങ്ങിയ സ്ത്രീകള്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ത്തിക്കൊണ്ടിരിക്കുന്നു. അവരുടെ വിവാഹസ്വപ്നങ്ങള്‍ എന്നന്നേയ്ക്കുമായി കുഴിച്ചു മൂടപ്പെട്ടുകൊണ്ടുമിരിക്കുന്നു.
 
യഥാര്‍ത്ഥത്തില്‍ 30 വയസ്സുള്ള ഒരു യുവാവ് 31-32 വയസ്സുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതുകൊണ്ട് എന്ത് തെറ്റാണുള്ളത് എന്ന് ചിന്തിക്കാന്‍ മാട്രിമോണി സൈറ്റുകള്‍ നടത്തുന്ന യാഥാസ്ഥിതികര്‍ക്കു കഴിയുന്നില്ല. അതുകൊണ്ട് ലേറ്റ് മാര്യേജിന്‍റെ ദുരിതങ്ങള്‍ ഇനിയും സ്ത്രീകളെയായിരിക്കും ഏറ്റവും ഭീകരമായി ബാധിക്കുക എന്നത് തീര്‍ച്ച.
 
ക്രിസ്ത്യന്‍ സമൂഹത്തില്‍ മധ്യതിരുവിതാംകൂറില്‍ മാത്രം 10000 ത്തിലേറെപ്പേര്‍ 31 വയസ്സുകഴിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ കഴിയാതെ നില്പുണ്ട് എന്നത് 2018-ലെ കണക്കാണ്. പാലായിലും ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും 32 വയസ്സു കഴിഞ്ഞിട്ടും വിവാഹാലോചനകള്‍ ആരംഭിക്കുകപോലും ചെയ്യാത്തവരുടെ സംഖ്യക്രമാതീതമായി പെരുകിക്കഴിഞ്ഞു. അതില്‍ത്തന്നെ 34-35 വയസ്സുകഴിഞ്ഞ ഉയര്‍ന്ന ജോലിയുള്ള വിദ്യാസമ്പന്നരായ സ്ത്രീകള്‍ ധാരാളമുണ്ട്. 33 വയസ്സുകാരനായ ചെറുപ്പക്കാരന്‍റെ പ്രശ്നം തൊഴിലില്ലായ്മ ആയിരിക്കാം. 34 വയസ്സായ മികച്ച ജോലി ലഭിച്ച സ്ത്രീയുടെ പ്രശ്നം വരനെ ലഭിക്കാത്തതാകാം. അവര്‍ തമ്മില്‍ വിവാഹം കഴിച്ച് കുടുംബം സ്ഥാപിക്കുന്നതില്‍ ആര്‍ക്കാണിത്ര എതിര്‍പ്പ് മാട്രിമോണി  സൈറ്റുകള്‍ കാലഘട്ടത്തിന്‍റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടായിരിക്കാം, പുരുഷന് തന്നേക്കാള്‍ ഒരു വയസെങ്കിലും കൂടിയ പെണ്ണിന്‍റെ പ്രൊഫൈല്‍ കാണാനോ മെസ്സേജ് അയയ്ക്കാനോ അവകാശമില്ലാതാക്കിയ രീതിയില്‍ സെറ്റു ചെയ്തതും. സ്ത്രീകള്‍ക്ക് തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷന് ആലോചനകള്‍ അയയ്ക്കാന്‍ അനുവദിക്കപ്പെടാത്തതും. കടുപ്പമേറിയ യാഥാസ്ഥിതിക മനോഭാവങ്ങള്‍ ഒരു സമൂഹത്തെയും മുന്നോട്ട് നയിക്കില്ല എന്ന് ഇവരൊക്കെ എക്കാലത്താണ് മനസ്സിലാക്കുക എന്നറിയില്ല.
 
ലേറ്റ് മാര്യേജ് ഒരു ആചാരമായി തുടരുകയാണെങ്കില്‍ ജനസംഖ്യാകുറവുകൊണ്ട് മധ്യതിരുവിതാംകൂറിന് മൂവാറ്റുപുഴ പാര്‍ലമെന്‍റ് മണ്ഡലം നഷ്ടപ്പെട്ടതുപോലെ ഇനിയും നിയമസഭാമണ്ഡലങ്ങളും ജനപ്രാതിനിത്യവും നഷ്ടപ്പെടാനിരിക്കുന്നതേയുള്ളൂ എന്നത് ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യവുമാണ്.
 
സന്യാസവിളിയും വിവാഹവിളിയും
 
സന്യാസത്തിലേക്ക് വിളിക്കപ്പെടുന്നവര്‍ക്ക് 15 വയസ്സില്‍ എസ്.എസ്.എല്‍.സി. കഴിഞ്ഞ ഉടന്‍ തന്നെ അതിനായി പരിശീലനം നല്‍കിത്തുടങ്ങേണം എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ വിവാഹജീവിതം ലക്ഷ്യംവച്ചവര്‍ക്ക് 15 വയസ്സുമുതല്‍ അതിനനുഗുണമായ മാനസിക പരിശീലനം ലഭിക്കുന്നില്ല എന്നു മാത്രമല്ല 25 വയസ്സില്‍ പോലും വിവാഹവും ലൈംഗികതയുമായി ബന്ധപ്പെട്ട ചിന്തകള്‍പോലും തെറ്റാണെന്ന് അതിതീവ്രമായ ആക്രോശങ്ങളോടെ പഠിപ്പിക്കുന്ന ഒരു ഘടനയാണ് ഇന്നും നിലനില്‍ക്കുന്നത്. സ്വന്തം ലൈംഗിക വ്യക്തിത്വത്തെയും ആശയങ്ങളെയും ഭാവനകളെയും നിര്‍ബന്ധമായും അവഗണിച്ച് ജീവിക്കാനുള്ള നിര്‍ബന്ധിത മതാത്മകപരിശീലനവും സ്വന്തം ലൈംഗികത പാപമാണെന്ന പഠിപ്പിക്കലുകളുമൊക്കെ ഒരു തലമുറയെ തീവ്രമായി ബാധിച്ചതിന്‍റെ പരിണതഫലംകൂടിയാണ് ഇന്നത്തെ ലേറ്റ് മാര്യേജുകള്‍ക്ക് കാരണം എന്നാണ് മനശ്ശാസ്ത്രകൗണ്‍സിലര്‍മാരുടെ വ്യക്തമായ അഭിപ്രായം.
 
സ്വന്തം ലൈംഗിക വ്യക്തിത്വത്തെയും ആശയങ്ങളെയും ഭാവനകളെയും നിര്‍ബന്ധമായും അവഗണിച്ച് ജീവിക്കാനുള്ള നിര്‍ബന്ധിത മതാത്മകപരിശീലനവും സ്വന്തം ലൈംഗികത പാപമാണെന്ന പഠിപ്പിക്കലുകളുമൊക്കെ ഒരു തലമുറയെ തീവ്രമായി ബാധിച്ചതിന്‍റെ പരിണതഫലംകൂടിയാണ് ഇന്നത്തെ ലേറ്റ് മാര്യേജുകള്‍ക്ക് കാരണം എന്നാണ് മനശ്ശാസ്ത്രകൗണ്‍സിലര്‍മാരുടെ വ്യക്തമായ അഭിപ്രായം.
 
ലൈംഗികവിദ്യാഭ്യാസത്തില്‍ കാലാനുസൃതവും ഉചിതവുമായ തിരുത്തലുകള്‍ വരുത്തുന്നില്ലെങ്കില്‍ അത് സമൂഹത്തെ ദീഘകാലാടിസ്ഥാനത്തില്‍ ബാധിക്കും എന്നതിന് ഉദാഹരണം കൂടിയാണിത് എന്നു പറയാതിരിക്കാനാകില്ല.
 
ശാരീരികമായ ബാലലൈംഗികപീഡനങ്ങള്‍ക്കെതിരെ സമൂഹം ഉണര്‍ന്നു കഴിഞ്ഞു. എന്നാല്‍ ലൈംഗികതയുടെ പേരിലുള്ള അതിതീവ്രമായ മാനസിക പീഡനങ്ങള്‍ ഇന്നും നിര്‍ബാധം തുടരുന്നു. ലൈംഗികാവയവും ലിംഗോദ്ധാരണവും ലൈംഗിക ചിന്തയുമെല്ലാം പിശാചിന്‍റെ പരീക്ഷണങ്ങളാണെന്ന് പഠിപ്പിക്കപ്പെട്ടതിനാല്‍ ലൈംഗികതയെ അതിഭയത്തോടെ സമീപിക്കേണ്ടിവന്ന ഒരു തലമുറ ഇവിടെ സൃഷ്ടിക്കപ്പെട്ടതും ഇന്നത്തെ ലേറ്റ് മാര്യേജ് കള്‍ച്ചറിന് കാരണം തന്നെയാണ്.
ലൈംഗികതയെ പേടിസ്വപ്നമാക്കുന്നതിനുപകരം യുവത്വത്തില്‍ കുടുംബജീവിതം ആരംഭിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് സഭാസംവിധാനങ്ങളില്‍ നിന്നും പഠിപ്പിക്കപ്പെടേണ്ടിയിരുന്നത്. ഇനിയെങ്കിലും തിരുത്തലുകള്‍ ഉചിതമായി ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
 
ലൈംഗികത, കുടുംബജീവിതം തുടങ്ങിയ ആശയങ്ങളെ സത്യസന്ധമായും തുറന്നമനസ്സോടെയും ഉപദേശിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ വേണ്ടത്രയില്ലാത്ത കാലത്തിന്‍റെ ബലിയാടുകള്‍ കൂടിയാണ് ഇന്ന് 33-36 വയസ്സൊക്കെയായിട്ടും വിവാഹം കഴിക്കാത്ത ലേറ്റ് മാര്യേജ് സമൂഹം എന്നത് സത്യം തന്നെയാണ്. പക്ഷെ പുതിയ കാലത്ത് നവമാധ്യമങ്ങള്‍ക്കൊപ്പമാണ് മനുഷ്യന്‍റെ ആശയതലങ്ങള്‍ രൂപപ്പെടുന്നതെന്നതും പ്രശ്നം തന്നെ. ശരിയായ പാതയിലേക്ക് നയിക്കാനുളള പരിശീലനം ഇന്നും പോരായ്മയായി നിലനില്‍ക്കുന്നുണ്ട്.
 
ലേറ്റ് മാര്യജ് കള്‍ച്ചറിലേക്ക് വീണുപോയ സമുദായങ്ങള്‍ എങ്കിലും പുനര്‍വിചിന്തനത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.
 
ആഘോഷങ്ങളുടെ അടിമത്വത്തില്‍ പെട്ടത് മധ്യവര്‍ഗ്ഗം അഥവാ ഇടത്തരക്കാര്‍ മാത്രം
 
കേരളം ഒരു മിഡില്‍ക്ലാസ് സൊസൈറ്റി അഥവാ മധ്യവര്‍ഗ്ഗ സമൂഹമാണെന്ന് നമുക്കറിയാം. മധ്യവര്‍ഗ്ഗത്തിനിടയിലെ ജീവിതക്രമത്തില്‍ ഏറ്റവും വലിയ പ്രശ്നം Identity Crisis അഥവാ വ്യക്തിത്വത്തെ സംബന്ധിച്ച ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനാല്‍ നിരന്തരം താന്‍ ചെറുതാണ് എന്ന Inferiority  Complex നെതിരെ നിരന്തരം പടവെട്ടിക്കൊണ്ടിരിക്കുക എന്നതാണ്. ഒരിക്കലും ലോണ്‍ അടച്ചു തീര്‍ക്കാന്‍ പറ്റാത്തത്ര വലിയ വീടും തന്‍റെ യഥാര്‍ത്ഥ സാമ്പത്തികശേഷിയേക്കാള്‍ പതിന്മടങ്ങ് മുന്തിയ അത്യാഡംബര കാറും വാങ്ങിക്കൂട്ടാന്‍ മിഡില്‍ ക്ലാസ്സ് മനശ്ശാസ്ത്രം വ്യക്തികളെ നിര്‍ബന്ധിക്കുന്നുണ്ട് എന്ന് കാണാം. ഈ ഭ്രാന്തമായ ഒഴുക്കിനെതിരെ നീന്തുന്നവരെ മിഡില്‍ ക്ലാസ് സമൂഹം തന്നെ ഒറ്റപ്പെടുത്തുകയും ചെയ്യും. അതിസമ്പന്നരുടെ ജീവിതശൈലികള്‍ അതേപടി അനുകരിച്ചില്ലെങ്കില്‍ താനും തന്‍റെ കുടുംബവും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകും എന്ന ഭയത്തോടെ കടംവാങ്ങിയും കഷ്ടപ്പെട്ടും വലിയ ആഘോഷങ്ങള്‍ നടത്താന്‍ മധ്യവര്‍ഗ്ഗക്കാര്‍ നിര്‍ബന്ധിതരാകുന്നുണ്ട്. മാതാപിതാക്കളുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍തന്നെ മകളുടെ കല്യാണത്തിനായി ധൂര്‍ത്തടിച്ചു കളയേണ്ടിവരുന്ന തെറ്റായ സംസ്കാരം നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. 
 
"പൂച്ചയ്ക്കാര് മണികെട്ടും" എന്ന മട്ടില്‍ എല്ലാവരും ഒഴുക്കില്‍ നിസഹായരായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ആകെ ചെയ്യാവുന്നത് ഈ ചിലവുകള്‍ താമസിപ്പിക്കാനായി ലേറ്റ് മാര്യേജിലേക്ക് മകളെ തള്ളിവിടാം എന്നതു മാത്രമായിരിക്കുന്നു.
 
എന്നാല്‍ സ്വന്തം വ്യക്തിത്വത്തെ സംബന്ധിച്ച Identity Crisis ഇല്ലാത്ത രാഷ്ട്രീയ നേതാക്കളും മറ്റും മക്കളുടെ കല്ല്യാണം ലളിതമായ രീതിയിലാണ് നടത്തുന്നത്. പ്രമുഖരായ ചില മന്ത്രിമാരുടെയും മറ്റും മക്കളുടെ കല്യാണത്തിന് പോയപ്പോള്‍ കണ്ടത് കഴിയാവുന്നത്ര ആളുകള്‍ കല്യാണത്തിന് എത്തിയിട്ടുണ്ട്. അതിഥികള്‍ക്കായി കരുതിയിരിക്കുന്നത് ലഘുഭക്ഷണം മാത്രം. ബിസ്ക്കറ്റും ചായയും മാത്രം. മറ്റൊരു മന്ത്രി ചെയ്തത് ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പുഴുങ്ങിയത് നല്‍കുകയായിരുന്നു. മറ്റൊന്നുമില്ല. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ പുഴുങ്ങിയതും ചായയും നല്‍കി വിവാഹാഘോഷം നടത്തി. അതിഥികള്‍ക്കും സന്തോഷം എല്ലാവരും മന്ത്രിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
 
എന്നാല്‍ ഇങ്ങനെയോ അല്ലെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലോ ലളിതമായതും മനുഷ്യന് ആവശ്യമുള്ളതും മിതമായതുമായ രീതിയില്‍ വിവാഹാഘോഷം നടത്താന്‍ ഒരു മധ്യവര്‍ഗ്ഗക്കാരനും (മിഡില്‍ക്ലാസ്സ്) ധൈര്യമില്ല. മിഡില്‍ ക്ലാസ്സുകള്‍ അത്രയധികം സാമൂഹ്യ അടിമത്വത്തില്‍ തന്നെയാണ് ജീവിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
 
ഉറപ്പിക്കല്‍, ഒത്തുകല്യാണം തുടങ്ങിയ അമിതാഡംബരാഘോഷങ്ങള്‍ ലഘൂകരിക്കാന്‍ സമുദായനേതൃത്വത്തിന് ഇടപെടാന്‍ കഴിയണം. വിവാഹാഘോഷത്തിലെ അമിത ആഡംബരഭ്രാന്തും ഭക്ഷണം വേസ്റ്റാക്കലും കുറച്ചെങ്കിലും കുറയ്ക്കാനായി ഉപദേശിക്കാന്‍ എല്ലാവരും തയ്യാറാകണം. ലേറ്റ് മാര്യേജുകാര്‍ കഴിഞ്ഞ ജന്മത്തില്‍ എന്തോ തെറ്റ് ചെയ്തവര്‍ ആണെന്ന മട്ടില്‍ അവര്‍ക്ക് താമസിച്ചെങ്കിലും വരുന്ന കല്യാണങ്ങള്‍ തട്ടിക്കളയുന്നതില്‍ സന്തോഷം കണ്ടെത്തി ഉല്ലസിക്കുന്ന നാട്ടുകാര്‍ കുറച്ചുകൂടി പക്വത കാണിക്കണം എന്നൊക്കെ നമുക്ക് പറയാന്‍ മാത്രമേ കഴിയൂ എന്നതാണ് സത്യം.
 
കല്യാണാഘോഷത്തിന്‍റെ വിഷ്വല്‍ ഇഫക്ട് മാത്രം ശ്രദ്ധിക്കുന്ന തരത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന ചിന്താഗതികള്‍ മാറേണ്ടിയിരിക്കുന്നു. അത്യാഡംബര വീടും വലിയ കാറുമൊക്കെ ദമ്പതികള്‍ക്ക് കാലാന്തരത്തില്‍ നേടാന്‍ കഴിയും മനപ്പൊരുത്തമുണ്ടെങ്കില്‍. മനപ്പൊരുത്തമില്ലെങ്കിലും വേണ്ടില്ല അത്യാഡംബര വീടും കാറും സമ്പത്തുമൊക്കെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന മാതാപിതാക്കളുടെ ചിന്ത അല്‍പം ഒന്ന് ലഘൂകരിക്കാന്‍ തയ്യാറായാല്‍ ലേറ്റ് മാര്യേജുകാരായ പല മക്കളുടെയും വിവാഹം നടക്കും. അവര്‍ക്ക് തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കുക.
 
വിവിഷ് വി. റോള്‍ഡന്‍റ്   :MSc. (Psychology), M.A. (Eng., Hist.,Pol., Mal.), PGDPM, DCPT, DRSC
 
ഹയര്‍സെക്കണ്ടറി സ്കൂളില്‍ അധ്യാപകന്‍, സാമൂഹിക നിരീക്ഷകന്‍, മനശ്ശാസ്ത്ര ഗവേഷകന്‍, ഹ്യൂമന്‍ റിസോഴ്സ് ട്രെയിനര്‍, യൂണിവേഴ്സിറ്റികളില്‍ ട്രെയിനിംഗ് ഫാക്കല്‍റ്റി, പ്രഭാഷകനും സാഹിത്യകാരനുമാണ്.
 
Ph: 9746231396

You can share this post!

ഇടയില്‍ മതിലുകളുണ്ടാവാതെ സുന്ദര ദാമ്പത്യം

മാത്യു കണമല & റീന ജെയിംസ്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts