news-details
ഓര്‍മ്മ

വിജ്ഞാനം സ്നേഹത്തിന്‍റെ നിര്‍ഭയത്വം, ആത്മീയത മൗനത്തിന്‍റെ വിപ്ലവം:

  ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍ (27 നവംബര്‍ 1930 -15 മാര്‍ച്ച് 2019) കേരളസഭയുടെ ദൈവശാസ്ത്ര-വിജ്ഞാനീയ മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കി വിടവാങ്ങുകയാണ്. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന് മുന്‍പും പിന്‍പും രണ്ടു സഭാചരിത്രകാലഘട്ടങ്ങളില്‍ ജീവിച്ച് സഭയുടെ യാഥാസ്ഥിതിക മനസ്സിനെ കാലത്തിനൊപ്പം ചിന്തിക്കാന്‍ പ്രേരിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങളും ജര്‍മ്മന്‍ ഭാഷയിലടക്കം ലേഖനങ്ങളും രചിച്ചിട്ടുള്ള ഫാ. സിപ്രിയന്‍, ഇന്‍ഡ്യയിലെ വിവിധ ദൈവശാസ്ത്രകലാലയങ്ങളില്‍ അദ്ധ്യാപകനായിട്ടാണ് തന്‍റെ ജീവിതം പൂര്‍ത്തീകരിച്ചത്.
 
ഭാരതസഭയുടെ കാള്‍ റാനര്‍
 
പോയ നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ ദൈവശാസ്ത്രജ്ഞനായിരുന്നു ജര്‍മന്‍കാരനായ ജെസ്യൂട്ട് പുരോഹിതന്‍ കാള്‍ റാനര്‍. കത്തോലിക്കസഭയുടെ ദൈവശാസ്ത്രത്തെയും നിലാപാടുകളെയും വിപ്ലവാത്മകമായ രീതിയില്‍ നവീകരിക്കുന്നതിന്  രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ റാനര്‍ നല്‍കിയ സംഭാവന അതുല്യമായിരുന്നു. റാനറിന്‍റെ ശിഷ്യനായി ജര്‍മനിയിലെ മ്യൂണ്‍സ്റ്റര്‍ സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രത്തില്‍ ഉപരിപഠനവും ഗവേഷണവും പൂര്‍ത്തീകരിച്ച സിപ്രിയന്‍ ഇല്ലിക്കമുറിയച്ചന്‍ തന്‍റെ ഗുരുവിന്‍റെ ദൈവശാസ്ത്രചിന്താസരണിയില്‍ അവസാനം വരെ വിശ്വസ്തതയോടെ നിലകൊണ്ടു. സത്യ-പ്രയോഗമാണ്  (ortho-praxis)  സത്യ-വിശ്വാസത്തെ (ortho-doxy) സാധൂകരിക്കുന്നത് എന്ന അസ്തിത്വവാദപരവും (existential) എന്നാല്‍ അനുഭവജ്ഞാനാതീതവുമായ (transcendental) ചിന്താധാരയായിരുന്നു അദ്ദേഹം പിഞ്ചെന്നത്. 'പ്രവൃത്തിയില്ലാത്ത വിശ്വാസം മൃതമാണ്'(James 2:17) എന്ന വചനത്തെ ദൈവശാസ്ത്രവിചിന്തനത്തിന്‍റെ അടിത്തറയായി ഫാ.സിപ്രിയന്‍ കണ്ടിരുന്നു. അതുകൊണ്ട് മനുഷ്യന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം നിരന്തരം ദൈവശാസ്ത്രവിചിന്തനം നടത്തിയിരുന്നത്. മനുഷ്യജീവിതത്തിന് ഉപകരിക്കാത്ത ചില വിശ്വാസസംഘിതകളെ വ്യാഖ്യാനിക്കുമ്പോള്‍ 'ദൈവശാസ്ത്ര ഉള്ളടക്കമില്ലാത്ത സംഹിതകള്‍' എന്ന് വിളിക്കാന്‍ അദ്ദേഹം മടി കാട്ടിയില്ല. ഏറ്റുപറച്ചിലിനപ്പുറം ജീവിതമാണ് ഒരാളുടെ വിശ്വാസത്തിന്‍റെ തെളിവെന്ന ബോധ്യമായിരുന്നു അതില്‍ അന്തര്‍ലീനമായിരുന്നത്. വ്യവസ്ഥാപിതമായ സഭയ്ക്ക് പുറത്തു മനഃസാക്ഷിയുടെ ശബ്ദമനുസരിച്ച് ജീവിക്കുന്ന മനുഷ്യരെ നോക്കി 'പേരുവെയ്ക്കാത്ത ക്രിസ്തുശിഷ്യര്‍'(Anonymous Christians) എന്ന് വിളിച്ച റാനര്‍ എന്ന ഗുരുവിന്‍റെ ശിഷ്യന് അങ്ങനെയല്ലേ കഴിയൂ. അതുകൊണ്ടുതന്നെ ഭാരതസഭയുടെ റാനര്‍ എന്ന് ഫാ. സിപ്രിയനെ വിളിക്കുന്നതില്‍ തെറ്റില്ല. ഗുരുവിനെപ്പോലെ തന്നെ അദ്ദേഹവും തനിക്കു ബോധ്യപ്പെട്ട ക്രിസ്തീയത ജനമനസ്സുകളില്‍ എത്തിക്കാന്‍ നിരന്തരം എഴുതുകയും പറയുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
 
സൗമ്യനായ വിപ്ലവകാരി 
 
യേശുവിന്‍റെ അന്യായമായ വിചാരണയെക്കുറിച്ച് ഏശയ്യാ ദീര്‍ഘദര്‍ശിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഇങ്ങനെ പറയുന്നുണ്ട്: 'കൊലയ്ക്ക് കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അയാള്‍ നിശബ്ദനായിരുന്നു. അവഹേളനത്തില്‍ അയാള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു' (നടപടി 8:32). 'സൗമ്യനായ വിപ്ലവകാരി' എന്ന പ്രയോഗം ഒരു വൈരുദ്ധ്യമായി തോന്നാം. സത്യത്തില്‍ അത്തരമൊരു വൈരുദ്ധ്യം ജീവിക്കുകയായിരുന്നു ക്രിസ്തു. ജനങ്ങളെ ഇളക്കിവിട്ട വിപ്ലവകാരി (ലൂക്കാ 23:2) എന്നാണ് ക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടത്, എന്നാല്‍ ആ വിപ്ലവകാരി സ്വന്തം വിചാരണ വേളയില്‍ തനിക്കെതിരെ അന്യായങ്ങള്‍ ആരോപിക്കപ്പെട്ടപ്പോള്‍ നിശബ്ദനായി നിന്നു. അതാണ് അയാള്‍ -സ്വന്തം കാര്യത്തില്‍ നിശ്ശബ്ദനാകുന്ന, സമൂഹത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന വിപ്ലവകാരി.  
 
ആശയങ്ങളില്‍ ക്രിസ്തുവിന്‍റെ തീവ്രത സൂക്ഷിക്കുകയും ജീവിതത്തില്‍ ഒരു മുനിയുടെ ശാന്തതയും കുഞ്ഞിന്‍റെ നൈര്‍മല്യവും കൊണ്ടുനടക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഫാ. സിപ്രിയന്‍റേത്. സര്‍പ്പത്തെപ്പോലെ വിവേകിയും  പ്രാവിനെപ്പോലെ നിഷ്കളങ്കനുമാകാന്‍ അദ്ദേഹം ശീലിച്ചിരുന്നു. കാലത്തിന് മുന്നേ ചിന്തിച്ച ഈ ക്രാന്തദര്‍ശി നാളെയുടെ സഭയും സമൂഹവും എന്തായിരിക്കണമെന്ന് എഴുപതുകളിലും എണ്‍പതുകളിലും എഴുതിക്കൊണ്ടിരുന്നു. സ്ത്രീവിമോചനം, സ്ത്രീപൗരോഹിത്യം, വിമോചനദൈവശാസ്ത്രത്തിന്‍റെ പ്രസക്തി, അജപാലനം ഉപേക്ഷിച്ച് അനുഷ്ഠാനപരമാകുന്ന പൗരോഹിത്യത്തെക്കുറിച്ചുള്ള വിമര്‍ശനം, വ്യര്‍ത്ഥമായ പാരമ്പര്യങ്ങളുടെ പേരില്‍ മാനവികതയും സ്നേഹവും ഹനിക്കുന്ന അനൈക്യം..... എന്നിവയൊക്കെയും അദ്ദേഹത്തിന്‍റെ എഴുത്തുകളുടെ ഭാഗമായിരുന്നു. പറയുകയും എഴുതുകയും ചെയ്യുന്ന എല്ലാ വിഷയങ്ങളിലും പണ്ഡിതതുല്യമായ അന്വേഷണവും ആധികാരികതയും പുലര്‍ത്തിയ ഇദ്ദേഹത്തിന്‍റെ വാക്കുകളെ യാഥാസ്ഥിതികപക്ഷത്തിന് ഭേദിക്കാനും കഴിയാതെ പോയി. അത് അദ്ദേഹത്തില്‍ ഉണ്ടാക്കിയ സംഘര്‍ഷത്തെ സ്വന്തം ബോധ്യങ്ങളുടെ ഉറപ്പില്‍ പ്രാര്‍ത്ഥനയുടെ ശാന്തതയില്‍ അദ്ദേഹം അഭിമുഖീകരിച്ചു. എന്നാല്‍ താന്‍ പിഞ്ചെന്ന ക്രിസ്തുവിന്‍റെ വിപ്ലവാത്മക സുവിശേഷത്തില്‍ നിന്ന് തെല്ലും വ്യതിചലിക്കാന്‍ അദ്ദേഹം അവസാനം വരെ ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് മരിക്കുന്നതിന് എട്ടുമാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ ലേഖനത്തില്‍ അദ്ദേഹം ഇമ്മാനുവേല്‍ കാന്‍റ് എന്ന ചിന്തകനെ ഉദ്ധരിച്ച് ഇങ്ങനെ കുറിച്ചത്: 'ധാര്‍മ്മികനായിരിക്കുകപോലും ചെയ്യാതെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ചെയ്യുന്ന അനുഷ്ഠാനങ്ങള്‍ അന്ധവിശ്വാസപരമായ മതമാണ്. ഇത്തരം മാന്ത്രികാനുഷ്ഠാനങ്ങള്‍ മതത്തെ അന്ധവിശ്വാസമാക്കി മാറ്റുന്നു' (അസ്സീസി മാസിക, ജൂലൈ 2018).
 
ജനങ്ങളുടെ ദൈവശാസ്ത്രം 
 
ഭക്തിയും അനുഷ്ഠാനങ്ങളും, മാത്രം സാധാരണ മതവിശ്വാസിയ്ക്ക് ഏല്പിച്ചുകൊടുത്ത് മതത്തിന്‍റെ ജ്ഞാനതലം മതത്തിലെ വരേണ്യപൗരോഹിത്യം കയ്യാളുന്നത് സത്യത്തെ വിശ്വാസിയില്‍ നിന്ന് അപഹരിച്ചെടുക്കുന്നതിന് തുല്യമാണ്. ജ്ഞാനം ഏതൊരു സാധാരണ വിശാസിയുടേയും അവകാശമാണെന്ന അടിസ്ഥാനബോധ്യത്തില്‍ നിന്ന് കേരളസഭയില്‍ വിശ്വാസത്തെ ജനാധിപത്യവത്ക്കരിക്കാന്‍ ഫാ. സിപ്രിയന്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. 'സംശയിക്കുന്ന തോമാ' എന്നൊരു പംക്തിയിലൂടെ ഏതാണ്ട് രണ്ടു ദശകങ്ങളോളം അസ്സീസി മാസികയില്‍ വളരെ സാധാരണക്കാരായ വിശാസികളുടെ മതപരവും വിശ്വാസപരവുമായ സംശയങ്ങള്‍ക്ക് ലളിതമായ ഭാഷയില്‍ അദ്ദേഹം മറുപടി കൊടുത്തുകൊണ്ടിരുന്നു. ഇന്‍റര്‍നെറ്റും ചാനലുകളും വിജ്ഞാനത്തെ ജനകീയമാക്കിയ കാലം ഇങ്ങെത്തുംമുന്‍പേ കത്തുകളിലൂടെയും അച്ചടിമാധ്യമത്തിലൂടെയും ജ്ഞാനത്തിന്‍റെ സമ്പര്‍ക്ക-ജനാധിപത്യരീതിയെ സഭയില്‍ വികസിപ്പിച്ചെടുത്ത ക്രാന്തദര്‍ശികൂടിയായിരുന്നു ഫാ. സിപ്രിയന്‍.    
ഇടതുകൈ അറിയാത്ത വലതുകൈയുടെ പുണ്യം, സ്വന്തം കരളലിവുകളെ വിളംബരം ചെയ്യാത്ത മൗനം അതായിരുന്നു ഒരു ദൈവശാസ്ത്രജ്ഞനപ്പുറം ഫാ. സിപ്രിയനെ ഒരു നല്ല അജപാലകനാക്കിയത്. ഉള്ളലിവിന്‍റെ മഹാമനസ്സായിരുന്നു അദ്ദേഹത്തിന്‍റേത്. മനുഷ്യരുടെ ജീവിതപ്രശ്നങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം കരുണക്കടലാകുമായിരുന്നു. ആരുമറിയാതെയും ആരോടും പറയാതെയും അദ്ദേഹം അനേകം മനുഷ്യരുടെ ജീവിതത്തില്‍ താങ്ങായി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആരുമറിയാതെ ഏതെങ്കിലും സുഹൃത്തുക്കളോട് കൈനീട്ടി വാങ്ങി അവരെ പഠിപ്പിച്ചു, തകര്‍ന്നുപോയ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അദ്ദേഹം ആശ്വാസത്തിന്‍റെ തണലായി, രോഗികള്‍ക്ക് മന:സൗഖ്യത്തിന്‍റെ ലേപനവാക്കായി... എന്നാല്‍ ഇതൊന്നും കൂടെ ജീവിച്ചവര്‍ പോലും അറിയാത്തവിധം അപരന്‍റെ അഭിമാനം കാക്കുന്നവനായി. എന്നും ജീവിതത്തില്‍ പിന്നിലായി പോകുന്നവരോടായിരുന്നു അദ്ദേഹത്തിന്‍റെ കരുതല്‍. 
സിപ്രിയനച്ചന്‍റെ കുഴിമാടത്തില്‍ ചരിത്രത്തിന് ഓര്‍ത്തിരിക്കാന്‍ ഒരു വാചകം എഴുതുന്നെങ്കില്‍ അത് 'വിജ്ഞാനം സ്നേഹത്തിന്‍റെ നിര്‍ഭയത്വമാണ്, ആത്മീയത മൗനത്തിന്‍റെ വിപ്ലവമാണ്' എന്നായിരിക്കണം. ശൂന്യമായ പാത്രങ്ങള്‍ കലമ്പുന്ന കാലത്ത് തുളുമ്പാതെ നിന്ന നിറകുടമായിരുന്നു അയാള്‍.
 

ഫാ. സിപ്രിയന്‍ ഇല്ലിക്കമുറി - ഒരനുസ്മരണം

 

ജെയിംസ് ഐസക്, കുടമാളൂര്‍
 
 ഫാദര്‍ സിപ്രിയന്‍ ഇല്ലിക്കമുറിയുടെ വേര്‍പാട് കേരള കത്തോലിക്കാസഭയ്ക്ക് ഒരു തീരാനഷ്ടമാണ്. സഭയില്‍ ഏകം, വിശുദ്ധം, സാര്‍വ്വത്രികം എന്നീ മൗലിക നന്മകള്‍ക്കു ഹാനി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇല്ലിക്കമുറി അച്ചനെപ്പോലെ പ്രഗത്ഭനായ ഒരു ദൈവശാസ്ത്രജ്ഞന്‍റെ അഭാവം വലുതാണ്. ദൈവശാസ്ത്രം, ബൈബിള്‍, ആരാധനക്രമം എന്നിവയെല്ലാം കത്തോലിക്കാസഭയുടെ പഠനത്തിനു വിധേയമായി വിശദീകരിക്കാന്‍ കഴിവുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. സാധാരണക്കാരായ ഏതൊരാള്‍ക്കും അദ്ദേഹത്തെ സമീപിക്കാന്‍ സാധിച്ചിരുന്നു. 
 
ഡോ. മാത്യു ഇല്ലത്തുപറമ്പില്‍ 
 
ആത്മാവിലും സത്യത്തിലും സുവിശേഷം ജീവിക്കുകയും രണ്ടാം വത്തിക്കാന്‍റെ പ്രഭാവത്തെ ജനകീയവത്കരിക്കുകയും ചെയ്തയാള്‍. 
 
ഫാ. പോള്‍ തേലക്കാട്ട്
 
നാഥന്‍റെ അസാന്നിധ്യത്തിന്‍റെ സാന്നിധ്യമായി ലോകത്തില്‍ തന്‍റെ ആയുസ്സു വിളമ്പിയവന്‍.
 
ഫാ. ജോസഫ് മാത്യു കപ്പൂച്ചിന്‍
 
വിശുദ്ധനും പണ്ഡിതനും.
 
ഫാ. മാത്യു പൈകട
 
ആത്മീയജ്ഞാനത്തെ ശാസ്ത്രീയ അന്വേഷണവുമായി കൂട്ടിയിണക്കി അങ്ങേയറ്റം ബൗദ്ധിക സത്യസന്ധതയോടെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളില്‍ കൃത്യവും വ്യക്തവുമായ നിലപാടു സ്വീകരിച്ചയാള്‍.
 
ഡോ. വിന്‍സെന്‍റ് കുണ്ടുകുളം
 
ദൈവികവെളിപാടുകളെ കാലോചിതമായി വ്യാഖ്യാനിച്ച് സഭയെയും സമൂഹത്തെയും സദാചാരപാതയില്‍ വഴിനടത്തുവാന്‍ യത്നിച്ച ദൈവസ്ത്രജ്ഞന്‍.
 
ഫാ. ജേക്കബ് നാലുപറയില്‍
 
ദൈവശാസ്ത്രചിന്തയില്‍ അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തിയയാള്‍.
 
ഫാ. ഷാജി കരിംപ്ലാനില്‍ 
 
കൈ കഴയ്ക്കുവോളം അച്ചനെഴുതിക്കൊണ്ടിരുന്നത് ക്രിസ്തുവിനെക്കുറിച്ചാണ്. ബുദ്ധിമങ്ങുവോളം സംസാരിച്ചുകൊണ്ടിരുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള വിചാരങ്ങളാണ്.
 

You can share this post!

അടുത്ത രചന

ഒരില മെല്ലെ താഴേക്ക്..

ഷൗക്കത്ത്
Related Posts