news-details
അക്ഷരം

അഭയാര്‍ത്ഥികളും ഇരുണ്ടകാലത്തിന്‍റെ കവിതകളും

ജനിച്ചുവളര്‍ന്ന നാടും ചുറ്റുപാടുകളും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. സ്വന്തം നാട്ടില്‍നിന്ന് വേരുപറിച്ച് ഓടിപ്പോകേണ്ടിവരുന്നത് വേദനാജനകവുമാണ്. യുദ്ധവും കലാപവും ലഹളകളും എല്ലാം അനുദിനം അഭയാര്‍ത്ഥികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട കോടിക്കണക്കിനാളുകളാണ് ലോകത്തുള്ളത്. രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും സിറിയന്‍ അഭയാര്‍ത്ഥികളുമെല്ലാം നമുക്കു മുന്നിലൂടെ നടന്നുനീങ്ങുന്നത് നാം കാണുന്നു. ജീവനും കൈയില്‍പിടിച്ച് പലായനം ചെയ്യേണ്ടിവന്നവരുടെ വേദനയും യാതനയും മനുഷ്യസമൂഹത്തെ വിചാരണ ചെയ്യുന്നു. മതത്തിന്‍റെയും വംശത്തിന്‍റെയും വര്‍ണത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും എല്ലാം പേരില്‍ സൃഷ്ടിക്കപ്പെടുന്ന അഭയാര്‍ത്ഥികള്‍  മാനവികതയുടെ പരാജയമാണ് വിളിച്ചോതുന്നത്. നാം പിന്നോട്ടോടുകയോ എന്ന സന്ദേഹം നമ്മെ ചൂഴ്ന്നുനില്‍ക്കുന്നു. ഈ ചരിത്രസന്ധിയില്‍ മലാല തയ്യാറാക്കിയ "We are Displaced' എന്ന പുസ്തകം ഏറെ പ്രസക്തമാണ്. സ്വന്തം നാട്ടില്‍നിന്ന് പുറത്തെറിയപ്പെട്ടവളാണ് മലാല. മലാല ലോകത്തില്‍ വിവിധഭാഗങ്ങളിലുള്ള അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പെണ്‍കുട്ടികളുമായി അഭിമുഖം നടത്തി ഒരുക്കിയതാണ്, 'ഞങ്ങള്‍ അഭയാര്‍ത്ഥികള്‍.' മാനവികതയുടെ മുന്‍പില്‍ അനേകം ചോദ്യങ്ങള്‍ ഓരോ അഭയാര്‍ത്ഥിയും ഉന്നയിക്കുന്നു. 
 
ഈ പുസ്തകത്തില്‍ പെണ്‍കുട്ടികളാണ് തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുന്നത്. സെയ്നാബ്, സബ്രീന്‍, മുസൂണ്‍, നജ്ല, മരിയ, അനാലിസ, മേരിക്ലയര്‍, ജന്നിഫര്‍, ആജിനാഫറ എന്നിങ്ങനെയുള്ള പേരുകളില്‍ അനുഭവങ്ങള്‍ വിവരിക്കപ്പെടുന്നുവെങ്കിലും ഏവര്‍ക്കും ഒരേ മുഖമാണ്. വേദനയുടെ, നിസ്സഹായതയുടെ മുഖം. എങ്കിലും ഇവര്‍ അതിജീവനസമരത്തിലാണ്. ഓരോ യുദ്ധവും കലാപവും ഏറെ ബാധിക്കുന്നത് അവരെയാണ്. മരിച്ചവര്‍ ഭാഗ്യവാന്മാര്‍ എന്നു പറയുന്ന രീതിയിലാണ് ജീവിച്ചിരിക്കുന്നവരുടെ അനുഭവങ്ങള്‍.  
 
സ്വന്തം അനുഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ് മലാല പുസ്തകം ആരംഭിക്കുന്നത്. സ്വാത്താഴ് വരയിലെ തന്‍റെ സന്തോഷകരമായ ജീവിതവും വിദ്യാഭ്യാസകാലവും വെടിയേറ്റ അനുഭവവുമെല്ലാം മലാല വിവരിക്കുന്നു. പിന്നീടാണ് അനേകകോടി അഭയാര്‍ത്ഥികളുടെ ഗണത്തിലേക്ക് താനും ചേര്‍ന്നതെന്ന് അവര്‍ സൂചിപ്പിക്കുന്നു. 
 
'ജീവിതത്തിന്‍റെ പുതിയ ഭാഷ, പുതിയ സംസ്കാരം, നിലനില്പിന്‍റെ പുതിയ അധ്യായം' എല്ലാം കടന്നുവരുന്നു. മരണത്തിനും ജീവിതത്തിനുമിടയിലെ തെരഞ്ഞെടുപ്പ് ആവശ്യമായി വന്ന സന്ദര്‍ഭം മലാല വ്യക്തമാക്കുന്നു. തന്‍റെയും കൂട്ടുകാരുടെയും സ്വപ്നങ്ങള്‍ ചിതറിത്തെറിക്കുന്നത് അവള്‍ കണ്ടു. സ്വന്തം നാട്ടില്‍തന്നെ അഭയാര്‍ത്ഥികളായി മാറുന്നവരുടെ നിസ്സഹായതയും മലാല കാണുന്നു. ഒരിക്കല്‍കൂടി തന്‍റെ തട്ടകത്തിലേക്ക് മടങ്ങി എത്തുന്നതാണ് അവര്‍ സ്വപ്നം കാണുന്നത്. തിക്താനുഭവങ്ങള്‍ മലാലയ്ക്ക് പുതിയ കരുത്ത് പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ് പുതിയ ലക്ഷ്യം മുന്നില്‍കണ്ട് അവര്‍ മുന്നോട്ടു പോകുന്നത്.
 
ഓരോ അഭയാര്‍ത്ഥിയും കൈകാര്യം ചെയ്യപ്പെടുന്നത് മൃഗത്തെപ്പോലെയാണെന്ന് നാം തിരിച്ചറിയുന്നു. എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത് എന്ന ചോദ്യം ഓരോരുത്തരും ഉന്നയിക്കുന്നു. ശാന്തമായ ജീവിതവും വിദ്യാഭ്യാസവും ബന്ധുമിത്രാദികളും എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ സ്വപ്നങ്ങള്‍ കൊഴിഞ്ഞുവീഴുന്നത് നാം അറിയുന്നു. ഈ പുസ്തകത്തില്‍ വിവരിക്കുന്ന ഓരോ അനുഭവവും എല്ലാ അഭയാര്‍ത്ഥികളുടേതുമാണ്. യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ ഈ മനുഷ്യജീവികളുടെ രോദനം കേള്‍ക്കാതിരിക്കരുത്. "We wanted to live. So we had to leave' എന്നാണ് ഇവര്‍ വിളിച്ചുപറയുന്നത്
ഇന്ന് നാം കാണുന്ന അഭയാര്‍ത്ഥി പ്രവാഹങ്ങള്‍ മനുഷ്യത്വത്തിന്‍റെ പ്രതിസന്ധിയാണെന്ന് മലാല വിളിച്ചു പറയുന്നു. മാനവികതയ്ക്കു നേരെയുള്ള വെല്ലുവിളിയായി അഭയാര്‍ത്ഥികളുടെ അനുഭവങ്ങളെ നാം മനസ്സിലാക്കണം. നാളെ ആരും അഭയാര്‍ത്ഥിയാകുന്ന സാഹചര്യമാണ് നാമിന്ന് ജീവിക്കുന്നത്. വികസനത്തിന്‍റെ പേരില്‍, രാഷ്ട്രീയത്തിന്‍റെ അധികാരത്തിന്‍റെ പേരില്‍, മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരില്‍ ലോകത്ത് അഭയാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെടുന്നു. യുദ്ധങ്ങളും കലാപങ്ങളും ഇനി മനുഷ്യസ്നേഹത്തിന് ആവശ്യമില്ല എന്നുതന്നെയാണ് മലാല പറയുന്നത്. 
താന്‍ വാദിക്കുന്നത് കോടിക്കണക്കിന് വരുന്ന അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് എന്ന് മലാല എടുത്തുപറയുന്നുണ്ട്. ലോകം അഭയാര്‍ത്ഥികളെ കാണാതിരിക്കരുത് എന്നാണ് അവള്‍ ഓര്‍മ്മിപ്പിക്കുന്നത്."We are Displaced' എന്ന പുസ്തകം നമ്മുടെ കാലത്തെ അഭയാര്‍ത്ഥികളുടെ തീക്ഷ്ണഅനുഭവങ്ങളാണ് വരച്ചിടുന്നത്. അഭയാര്‍ത്ഥികളായി മാറിയ പെണ്‍കുട്ടികളുടെ അനുഭവങ്ങളാണ് പുസ്തകത്തില്‍ കടന്നുവരുന്നത്. ഈ അനുഭവങ്ങള്‍ അനേകായിരങ്ങളുടേതാണ് എന്ന് നാമറിയുന്നു. 
 
(We are Displaced - Malala Yousafsai- Weidenfeld@Nicolson)
 
കെ. ജി. എസ്  കവിത, ജീവിതം
 
മലയാള കവിതയില്‍ സവിശേഷസ്ഥാനമുള്ള കവിയാണ് കെ. ജി. ശങ്കരപ്പിള്ള. ധൈഷണികമായ അന്വേഷണമാണ് അദ്ദേഹത്തിന്‍റെ കവിതകള്‍. ചരിത്രവും രാഷ്ട്രീയവും സംസ്കാരവുമെല്ലാം ആ കവിതകളില്‍ സൂക്ഷ്മമായി ആവിഷ്കൃതമാകുന്നു. വാക്കിന്‍റെ അടിത്തട്ടുകളില്‍ ചരിത്രവും രാഷ്ട്രീയവും സംസ്കാരവും ജീവിതവും സൂക്ഷിച്ചുവച്ചിരിക്കുന്ന കെ. ജി. എസുമായി പലര്‍ നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണ് കെ. ജി. എസ് കവിത, ജീവിതം എന്ന ഗ്രന്ഥം. ഓര്‍മ്മകളുടെ, ചിന്തകളുടെ വിശകലനങ്ങളുടെ ദര്‍ശനങ്ങളുടെ ആഘോഷമാണ്  ഈ പുസ്തകം. കെ. ജി. എസിന്‍റെ കവിതകളോടൊപ്പംതന്നെ പരിഗണിക്കാവുന്ന ദര്‍ശനദീപ്തി ഈ അഭിമുഖങ്ങളിലും കാണാം. തന്‍റെ കാഴ്ചകളും കേള്‍വികളും അനന്യമായ രീതിയില്‍ കവി വിവരിക്കുന്നു. 
കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അഭിമുഖങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ചുറ്റുപാടുകള്‍ ഒരു കവിയെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് നാമറിയുന്നു. 'പ്രകൃതിയില്‍ നിന്ന് പെറുക്കിയെടുക്കുകയായിരുന്നു ഞങ്ങള്‍ കൗതുകമധുരങ്ങള്‍' എന്ന് കവി. ഒരു കാലത്തെ സമൂഹജീവിതവും  കുടുംബജീവിതവുമെല്ലാം കവിയുടെ ഓര്‍മ്മകളില്‍നിന്ന് ഉറന്നു വരുന്നു. 'വളക്കൂറുണ്ടായിരുന്നില്ല, മഹാസ്വപ്നങ്ങള്‍ക്ക് വളരാന്‍, പുതുവഴികള്‍ക്ക് വിളഭൂമിയായിരുന്നില്ല അന്നെന്‍റെ നാട്' എന്ന് കവി സൂചിപ്പിക്കുന്നു. കടമ്പനാട്ടെ കുട്ടിക്കാലത്തിന്‍റെ വിവരണം ഏറെ സവിശേഷമാണ്. 'എനിക്കുതോന്നി ഞാന്‍ ഒച്ചുകളോടും ആമകളോടും ഉറുമ്പുകളോടുമൊപ്പം ലോകപര്യടനത്തിന് വന്ന ഒരാളാണെന്ന്' കവി ഓര്‍ക്കുന്നു.
 
 
'കൃഷിയുടെ താളമായിരുന്നു കുട്ടിക്കാലത്ത് ഞാനറിഞ്ഞ എന്‍റെ വീടിന്‍റെ  താളം' എന്ന് കവി എടുത്തുപറയുന്നു. 'ഈ  പഴയ ഋതുതാളത്തില്‍ ചിട്ടപ്പെട്ടതാണ് എന്‍റെ കുട്ടിക്കാലം' എന്നും കവി പറയുന്നു. അതുകൊണ്ടാണ് ലോണെടുത്ത് കൃഷിയിറക്കി എല്ലാവരാലും കാലാവസ്ഥയാലും തോല്പിക്കപ്പെട്ട് ആത്മഹത്യ ചെയ്യുന്ന ദരിദ്രകര്‍ഷകരാണ് നമ്മുടെ കാലത്തെ ഏറ്റവും ഇരുണ്ട ഏകാന്തത, സര്‍ഗ്ഗാത്മകതയുടെ ഏറ്റവും വലിയ ദുരന്തം' എന്ന് അദ്ദേഹത്തിനെഴുതാന്‍ സാധിക്കുന്നത്. 
 
കാലത്തിന്‍റെ മാറ്റത്തെ സൂക്ഷ്മമായി മനസ്സിലാക്കുകയും കവിതയില്‍ ആവിഷ്കരിക്കുകയും ചെയ്യുന്ന കവിയാണ് കെ. ജി. എസ്. 'യാഥാര്‍ത്ഥ്യമാണ് സ്വദേശം. യാഥാര്‍ത്ഥ്യത്തില്‍നിന്ന് നിരന്തരം നാടുകടത്തപ്പെട്ടുകൊണ്ടിരിക്കുകയാണ് നാം മിഥ്യകളിലേക്ക്. അധികാരവ്യവസ്ഥയും ആഗോളസംസ്കാരവ്യവസായവും വിപണിയും പരസ്യസാഹിത്യവും വര്‍ഗീയതയും മറ്റും അതാണ് ചെയ്തു കൊണ്ടേയിരിക്കുന്നത്. ഓരോരുത്തരിലും സ്വകാര്യമായ ഓരോ സാങ്കല്പികസ്വദേശം നിര്‍മ്മിച്ച് അതിലേക്ക് നാടുകടത്തുക. സൂക്ഷ്മതലത്തില്‍ എല്ലാവരെയും പ്രവാസികളാക്കിക്കൊണ്ട്' എന്ന് സമകാലികാവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നു. 
 
തന്‍റെ കാലത്തെ അപനിര്‍മ്മിക്കുകയാണ് ഓരോ കവിയും ചെയ്യുന്നത്. നാം നേരിടുന്ന നൈതിക പ്രതിസന്ധികളാണ് കെ. ജി. എസിനെ അലട്ടുന്നത്. 'സമകാലത്തിന്‍റെ നൈതിക അപനിര്‍മ്മിതിയിലാണ് എന്‍റെ കാവ്യനിര്‍മ്മിതി. ചരിത്രത്തിലെ ഏറ്റവും പുതിയ നിമിഷങ്ങളിലെ യാഥാര്‍ത്ഥ്യത്തിന്‍റെ അനുഭവഭാഷയിലേക്കാണ് എനിക്കെത്തേണ്ടത്, പ്രതിസംസ്കൃതിയുടെ ഭാഷയില്‍.' നിലവിലുള്ള സംസ്കാരത്തിനും ജീവിതത്തിനും ബദല്‍ കണ്ടെത്താനുള്ള അപനിര്‍മ്മിതിയായി കവിത മാറുകയാണിവിടെ. "നേരും നെറിയും സ്നേഹവും നീതിയുമില്ലെങ്കില്‍ ജീവിതം ജീവിക്കാന്‍ കൊള്ളില്ലെന്ന് വായിക്കുന്നവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഈ കവി. ചരിത്രജാഗ്രതയാണ് കെ. ജി. എസിനെ ശ്രദ്ധേയനാക്കുന്നത്. 'ഓര്‍മ്മയാണ് ചരിത്രത്തിന്‍റെ പ്രാണന്‍' എന്നദ്ദേഹം തിരിച്ചറിയുന്നു. ഓര്‍മ്മ നഷ്ടപ്പെടുന്ന കാലത്ത് ഓര്‍മ്മകള്‍ തിരിച്ചെടുക്കുന്ന പ്രക്രിയയായി എഴുത്തുമാറുന്നു. 
 
പ്രതിരോധത്തിന്‍റെ അടിത്തറ പാരിസ്ഥിതിക അവബോധമാണെന്ന് ഇന്ന് നാം മനസ്സിലാക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പുനര്‍നിര്‍വചിക്കേണ്ടിയിരിക്കുന്നുവെന്ന് കവി അറിയുന്നു. 'പ്രതിസംസ്കൃതിയെ നിര്‍ണയിക്കുന്ന അടിസ്ഥാനഘടകം ഈ പരിസ്ഥിതിബോധമാണ്' എന്നതാണ് പ്രധാനം. അനുഭവം ജീവിക്കുന്ന ചരിത്രമായി വായിക്കാന്‍ കഴിയണമെന്നാണ് കവി പറയുന്നത്. 
മതം വര്‍ഗീയതയാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. 'വര്‍ഗീയത ജനാധിപത്യമൂല്യങ്ങളുടെ വിരുദ്ധമണ്ഡലത്തിലെ ചലനാത്മകതയാണ്' എന്ന് കെ. ജി. എസ് നിരീക്ഷിക്കുന്നു. അത് ഫാസിസത്തിലേക്കുള്ള ഒരു സംസ്കാരത്തിന്‍റെ പതനം കുറിക്കുന്നു. ഈ പതനത്തിന്‍റെ അടയാളങ്ങളാണ് നാം ചുറ്റും കാണുന്നത്. മതവും അധികാരവും ചേര്‍ന്നൊരുക്കുന്ന ഇരുളാണ്ടലോകം നമ്മെ വലിച്ചുതാഴ്ത്തുന്നത് മധ്യകാലഘട്ടത്തിലേക്കാണ് എന്ന് കെ. ജി. എസ്. കാണുന്നു. പൗരസമൂഹം അതീവജാഗ്രതയോടെ മുന്‍പോട്ടു പോകേണ്ടതാണ് എന്ന് കവി ഓര്‍മ്മിപ്പിക്കുന്നു. 
  
അനുഭവത്തിലെ ചരിത്രസ്ഥലത്തേക്ക് വായനക്കാരെ നോക്കിക്കുന്ന കെ. ജി. എസിന്‍റെ ചിന്തകളും ഓര്‍മ്മകളും എല്ലാം വിടര്‍ന്നുനില്ക്കുന്ന പുസ്തകമാണിത്. 'നിശിതമായ സംസ്കാരവിമര്‍ശനജാഗ്രതയാണ്' അദ്ദേഹത്തിന്‍റെ ചിന്തകളുടെ സൗന്ദര്യം എന്ന് നാം മനസ്സിലാക്കുന്നു. (കെ. ജി. എസ്. കവിത, ജീവിതം - എഡിറ്റര്‍ വി. യു. സുരേന്ദ്രന്‍ - അടയാളം പബ്ലിക്കേഷന്‍സ്).
 
പക്ഷികള്‍ എന്‍റെ പിറകേ വരുന്നു
 
സച്ചിദാനന്ദന്‍റെ പുതിയ കവിതാസമാഹാരമാണ് 'പക്ഷികള്‍ എന്‍റെ പിറകേ വരുന്നു.' ഒരു ഇരുണ്ടകാലത്തിന്‍റെ പാട്ടുകളാണ് ഈ സമാഹാരത്തില്‍ പൊതുവേ ഉള്ളത് എന്ന് കവി ആമുഖമായി കുറിക്കുന്നു. നമ്മുടെ നാട് ഇന്ന് അശാന്തതീരമായി മാറിയിരിക്കുന്നു. അസഹിഷ്ണുതയും വര്‍ഗീയതയും സംഘര്‍ഷങ്ങളും വര്‍ധിച്ചുവരുന്നു. അശാന്തിനിറഞ്ഞ കാലത്തെയാണ് സച്ചിദാനന്ദന്‍റെ കവിത അവതരിപ്പിക്കുന്നത്. നൈതികമായ ജാഗ്രതയാണ് ഈ കവിയെ നിലനിര്‍ത്തുന്നത്. അരികിലേക്ക് വകഞ്ഞുമാറ്റപ്പെടുന്നവന്‍റെ യാതന കവിയെ വേദനിപ്പിക്കുന്നു. നീതിയില്ലാത്ത കാലം ക്രൂരകാലമാണ്. ബലമുള്ളവന്‍റെ പക്ഷത്തുനില്‍ക്കുകയല്ല തന്‍റെ ദൗത്യമെന്ന് ഈ കവി മനസ്സിലാക്കുന്നു.
 
 'കടന്നുപോകുന്നവര്‍' നമ്മില്‍നിന്ന് പലതും കൊണ്ടുപോകുന്നുവെന്ന് കവി കുറിക്കുന്നു:
 
കയറിയതെല്ലാം നാം ഇറങ്ങുന്നു
ഇറങ്ങിയതെല്ലാം നടക്കുന്നു
നടക്കുന്നതെല്ലാം വീഴുന്നു
ഇലകളെപ്പോലെ കമിഴ്ന്ന്
 
ഭൂമിയോട് പറ്റിച്ചേര്‍ന്ന് - ചലിക്കുന്നതെല്ലാം ഇങ്ങനെ നിലംപതിച്ചു. നിലനില്‍ക്കുന്ന നേരത്ത് ജീവിതം മനോഹരമാക്കുകയാണ് നമ്മുടെ കടമ. 
ചുറ്റും നോക്കുമ്പോള്‍ നരകത്തിന്‍റെ അനുഭവമാണ് ഏറിവരുന്നത്. 'സ്വര്‍ഗം നുണയാണ്, പക്ഷേ നരകം തീര്‍ച്ചയായും ഉണ്ട്' എന്ന് കവി എഴുതുന്നത് കാലത്തെ മനസ്സിലാക്കുന്നതുകൊണ്ടാണ്.
 
'ചരിത്രത്തെ നമുക്കു കണ്ടില്ലെന്നു നടിക്കാം,
 
പക്ഷേ ചരിത്രം നമ്മെ കണ്ടില്ലെന്നു നടിക്കില്ല' എന്ന് കവി അറിയുന്നു. ചരിത്രത്തെയും കാലത്തെയും രേഖപ്പെടുത്തുകയാണ് കവിയുടെ വലിയ ഉത്തരവാദിത്വം. നാം ചരിത്രത്തിലാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് കവി.
'നടക്കൂ, നടക്കൂ' എന്നാണ് കവി നമ്മോടു വിളിച്ചുപറയുന്നത്. നിന്നാല്‍ മറിഞ്ഞുവീഴുമെന്നും നില്‍ക്കാതെ നടക്കൂ എന്നും കവി പറയുന്നു.
 
"കൊട്ടാരം വിട്ട ബുദ്ധനെപ്പോലെ
ദണ്ഡിയിലേക്ക് നടക്കുന്ന ഗാന്ധിയെപ്പോലെ
തിരിഞ്ഞുനോക്കാതെ നടക്കൂ
 
 നടന്നുകൊണ്ടേയിരിക്കൂ" എന്ന് എഴുതുന്ന കവി ജാഗ്രതയോടെ മുന്നോട്ടുപോകാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ ജാഗ്രതയാണ്, മുന്നോട്ടുള്ള പ്രയാണമാണ് പ്രധാനം. നാം നിന്നനിലയില്‍ നിന്നാല്‍ കാലം ജീര്‍ണ്ണിക്കും.
 
അനേകം കണ്ടുപിടിത്തങ്ങളാണ് മനുഷ്യസമൂഹത്തെ മുന്നോട്ടു നയിച്ചത്. ഈ കണ്ടുപിടിത്തങ്ങള്‍ പ്രധാനമാകുമ്പോഴും നമുക്ക് വിലപ്പെട്ട പലതും നഷ്ടമായിരിക്കുന്നതും കവി അറിയുന്നു.
 
'ഞാന്‍ അന്വേഷിക്കുന്നത് ഭൂമിയെയാണ്

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും 

അന്യോന്യം കരുണ കാണിക്കാന്‍ കഴിയുന്ന ഭൂമി'

 
എന്ന് സച്ചിദാനന്ദന്‍ എഴുതുന്നത് അതുകൊണ്ടാണ്. കരുണയറ്റ കാലത്തിന് ഇരുണ്ടഭൂമി സൃഷ്ടിക്കാനേ സാധിക്കൂ. നീതിയും കരുണയും ഒഴുകുന്ന ഭൂമിയാണ് മനോഹരം എന്ന് കവി മനസ്സിലാക്കുന്നു. 'നിര്‍വചനങ്ങളില്‍ ഒതുങ്ങാത്ത വെളിവാണ്' കവി ആഗ്രഹിക്കുന്നത്. 
 
അവശിഷ്ടങ്ങളില്‍ നിന്ന് പുതിയൊരു രാജ്യം സൃഷ്ടിക്കുന്നതാണ് കവി സ്വപ്നം കാണുന്നത്. ഇന്നത്തെ രാജ്യം അനീതിയും അസമത്വവും നിറഞ്ഞതാണ്.
 
'ഞങ്ങള്‍ സൃഷ്ടിക്കും പുതിയൊരു രാഷ്ട്രം
വെറുപ്പില്ലാതെ തുറന്നു ചിരിക്കുന്നു. 
കരുണയുടെയും മൈത്രിയുടെയും രാഷ്ട്രം
മതിലുകളും അതിരുകളുമില്ലാത്ത
ധനികരും ദരിദ്രരുമില്ലാത്ത
എല്ലാവരെയും ആശ്ലേഷിക്കാന്‍ കൈകള്‍ തുറന്നു 
ഉന്നതശിരസ്സായ രാഷ്ട്രം.' ടാഗോറിന്‍റെ സ്വപ്നത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ ആഗ്രഹം. വെറുപ്പിന്‍റെ പ്രത്യയശാസ്ത്രങ്ങളെ ചെറുക്കുന്ന സംസ്കാരത്തിനായാണ് കവി ആഗ്രഹിക്കുന്നത്. കുട്ടികളെ ഇനി കൊല്ലാന്‍ പഠിപ്പിക്കരുതെന്നാണ് കവി പറയുന്നത്.
 
'വെല്ലട്ടെയവര്‍ ലോകം നീതിബോധത്താല്‍, മര്‍ത്യ
സ്നേഹത്താല്‍ ചരാചരമാകവേ പുല്‍കീടുന്ന
കാരുണ്യത്തിനാല്‍ മൈത്രീഭാവത്താല്‍ തഥാഗത-
 നോതിയ സമ്യഗ് വാക്കാല്‍, സമദര്‍ശനത്തിനാല്‍' എന്ന് കവി കുറിക്കുന്നത് വരാനിരിക്കുന്ന ലോകം നല്ലതാകാനാണ്.
 
'ഭ്രഷ്ടന്‍റെ പാട്ട്' എന്ന കവിത സച്ചിദാനന്ദന്‍റെ ദര്‍ശനങ്ങള്‍ സമ്പൂര്‍ണമായി ആവിഷ്കരിക്കുന്നു.
 
"എവിടെ നിങ്ങള്‍ തട്ടിപ്പറിച്ച
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭൂമി...
.............................................................
എവിടെ നിങ്ങള്‍ നാടുകടത്തിയ സ്നേഹം?"ഈ ചോദ്യങ്ങളില്‍നിന്ന് കവി പോകുന്നത് പുതിയ ലോകത്തേക്കാണ്.
 
"എല്ലാ അതിര്‍ത്തികളെയും കരിച്ചുകളയുന്ന
സ്നേഹത്താല്‍ തിളയ്ക്കുന്ന പുതിയ മനുഷ്യന്‍
കുഞ്ഞുങ്ങളുടെയും പെണ്ണുങ്ങളുടെയും
കുരുതി ആവശ്യപ്പെടാത്ത പുതിയ ദൈവം."
 
ഈ ചിന്തയുടെ പ്രകാശനമാണ് സച്ചിദാനന്ദന്‍റെ കവിതയെ മൂല്യവത്താക്കുന്നത്. (പക്ഷികള്‍ എന്‍റെ പിറകേ വരുന്നു- സച്ചിദാനന്ദന്‍- ഡി. സി. ബുക്സ്)  

You can share this post!

മിശ്രഭോജനവും അഷിതയുടെ ജീവിതവും

ഡോ. റോയി തോമസ്
അടുത്ത രചന

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts