news-details
ഇടിയും മിന്നലും
  ഉള്‍നാട്ടിലുള്ള ഒരു ചെറിയ ഇടവകയില്‍ ധ്യാനത്തിനു ചെന്നതായിരുന്നു. വൈകുന്നേരം നാലരമണിക്കു കുര്‍ബ്ബാനയോടെ തുടങ്ങേണ്ടിയിരുന്ന ധ്യാനത്തിന് നാലുമണിയായപ്പോഴാണ് എത്തിയത്. ഉടനെ റെഡിയായി ഒരു ചായകുടിക്കുന്നതിനിടയില്‍ ബ. വികാരിയച്ചന്‍ പറഞ്ഞു: 
 
    "അച്ചനു പണികിട്ടാന്‍ സാധ്യതയുണ്ടെന്നാണു തോന്നുന്നത്, ഇവിടെവന്നാല്‍ അച്ചനെകാണാന്‍ പറ്റുമോ എന്നുചോദിച്ച് ആരൊക്കെയോ വിളിച്ചിട്ടുണ്ടായിരുന്നു. ഇവിടടുത്തുള്ള ഒരു ധ്യാനമന്ദിരത്തില്‍ സഹായിക്കുന്നവരാണ് പലരും. അച്ചന്‍ വന്നുകഴിഞ്ഞു നേരിട്ടുവന്നു ചോദിച്ചുനോക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്."
 
   "ഈ അടുത്തപ്രദേശത്തൊക്കെ കുറേനാളുമുമ്പു ഞാന്‍ ധ്യാനിപ്പിച്ചിട്ടുള്ളതാണ്. ധ്യാനംകൂടിയവരു വല്ലവരുമായിരിക്കും. ഇനിയാരെങ്കിലും ചോദിച്ചാല്‍ നാളെ മുതല്‍ ഉച്ചയ്ക്കുമുമ്പു വരാന്‍ പറഞ്ഞാല്‍ മതിയച്ചാ." 
 
   പിറ്റെദിവസം രാവിലെ ഒരു സിസ്റ്ററുമൊന്നിച്ച് ഒരു ചെറുപ്പക്കാരനെത്തി.
 
  "അച്ചനെ ആദ്യംകാണുകയാണ്. ഇതെന്‍റെ ബ്രദറാണ്. ഇവന്‍ അച്ചന്‍റെയൊരു ഫാനാ." സിസ്റ്റര്‍ തുടക്കമിട്ടു. 
 
  "ഓ, പ്രെയ്സ് ദ ലോഡ്, എന്നാല്‍പ്പിന്നെ ഞാനങ്ങോട്ടടുത്തിരുന്നിട്ട് ഈ സീലിങ്ഫാന്‍ അങ്ങോഫു ചെയ്തേക്കാം. പ്രെയ്സ് ദ ലോഡ്." അടുത്തുള്ള ധ്യാനമന്ദിരത്തില്‍നിന്നാണു വന്നിരിക്കുന്നതെന്ന് വികാരിയച്ചന്‍ സൂചനതന്നിരുന്നതുകൊണ്ട് ഒരുമുഴം മുമ്പോട്ടുതന്നെ ഞാനെറിഞ്ഞു.
 
   "പത്തിരുപതുകൊല്ലംമുമ്പ് അസ്സീസിയില്‍ ധ്യാനംകൂടിയപ്പോള്‍മുതല്‍ ഞാന്‍ അസ്സീസിമാസിക വായിക്കുന്നതായിരുന്നു. ഞാന്‍പറഞ്ഞ് വീട്ടിലും വരുത്തിച്ചു. മാസിക കിട്ടിയാലാദ്യം ഞങ്ങളു വായിക്കുന്നത് അച്ചന്‍റെ ഇടിയും മിന്നലുമായിരുന്നു. അങ്ങനെയാണ് അച്ചനെ കണ്ടിട്ടില്ലെങ്കിലും ഇവന്‍ അച്ചന്‍റെ ആരാധകനായത്."
 
  ശ്രദ്ധിച്ചപ്പോള്‍ സിസ്റ്ററിന്‍റെ പുകഴ്ത്തിപ്പറച്ചിലും മുഖഭാവവുമായി കാര്യമായ പൊരുത്തക്കേടുണ്ടെന്നെനിക്കൊരു തോന്നല്‍. അതെന്താണെന്ന് അവരുടെ വായില്‍നിന്നുതന്നെ താമസിയാതെ വരുമെന്നുപ്രതീക്ഷിച്ച് ഒന്നും കേള്‍ക്കാത്തമട്ടില്‍ മേശയിലിരുന്ന പുസ്തകവും പത്രവുമൊക്കെ അടുക്കിവച്ചു.
 
"ഇവന്‍ പള്ളീപ്പോക്കും കുറവാണ്, പ്രാര്‍ത്ഥിക്കുന്നുണ്ടോന്നുപോലും അറിയത്തില്ല. അതിനെല്ലാം ഇവന്‍ പറയുന്ന ന്യായം അച്ചന്‍റെ ഇടിയും മിന്നലും വായിക്ക് അപ്പോ മനസ്സിലാകുമെന്നാ." 
 
  സിസ്റ്ററിന്‍റെ ഗുരുതരമായ ആരോപണംകേട്ടപ്പോള്‍ തിരിച്ചടിക്കാന്‍ തിളച്ചുവന്നെങ്കിലും അവരുടെ മുഖത്തേയ്ക്കുപോലും നോക്കാതെ, മൗനം വിദ്വാനുഭൂഷണം എന്നു മനസ്സില്‍ ധ്യാനിച്ചുകൊണ്ട്, മേശപ്പുറത്തു ഫ്ളാസ്ക്കില്‍ അച്ചന്‍ വച്ചിരുന്ന കാപ്പി രണ്ടുകപ്പിലേക്കു പകര്‍ന്നു. 
 
"ഞാനിപ്പോള്‍ കുടിച്ചതേയുള്ളു, നിങ്ങള്‍ക്കുവേണ്ടി വികാരിയച്ചന്‍ വച്ചതാണ്." അവരുടെ മുന്നിലേയ്ക്ക് ഓരോ കപ്പു മാറ്റിവച്ചു.
 
 "അസ്സീസി മാസിക മഠത്തിലൊക്കെ നിര്‍ത്തി, വീട്ടിലും ഇനിവരുത്തണ്ടാ എന്നുപറഞ്ഞാണു ചേച്ചിയിപ്പോള്‍ നിര്‍ബ്ബന്ധം. അച്ചനെക്കാണാന്‍ എന്‍റെകൂടെ വരാമെങ്കില്‍ അതുകഴിഞ്ഞു നിര്‍ത്താമെന്ന് ഞാന്‍ വാക്കുകൊടുത്തതിന്‍റെ പേരിലാണിപ്പോള്‍ വന്നിരിക്കുന്നത്." അതുവരെ മിണ്ടാതെ എന്നെ സൂക്ഷിച്ചുവീക്ഷിച്ചുകൊണ്ടിരുന്ന പത്തുനാല്പതു വയസ്സു തോന്നിക്കുന്ന സഹോദരന്‍ കാര്യത്തിലേയ്ക്കുവന്നു.
 
 "നിങ്ങളു കല്യാണം കഴിച്ച്, കുടുംബമായിക്കഴിയുന്ന ആളായിരിക്കുമല്ലോ?" ഞാന്‍ അയാളോടുചോദിച്ചു.
 
 "അതേയച്ചാ, രണ്ടു മക്കളുമുണ്ട്."
 
 "മാസികയുടെ വരിസംഖ്യ തീരാറായതാണോ?"
 
  "അല്ലച്ചാ, തുടങ്ങിയപ്പോള്‍തന്നെ ആയുഷ്ക്കാലവരിസംഖ്യ അടച്ചതാണ്."
 
   "കൊഴഞ്ഞല്ലോ സംഗതി. ഒരുകൊല്ലത്തേക്കായിരുന്നെങ്കില്‍എളുപ്പമായിരുന്നു, അതുകഴിഞ്ഞു വരിസംഖ്യ പുതുക്കാതിരുന്നാല്‍ മതിയാരുന്നു. അടച്ചവരിസംഖ്യ നിങ്ങളു മാസികനിര്‍ത്തിയാലും തിരിച്ചുകിട്ടാനൊന്നും പോകുന്നുമില്ല. അതുകൊണ്ട് ഒരുകാര്യംചെയ്യുക, രണ്ടുകുട്ടികളുണ്ടെന്നല്ലേ പറഞ്ഞത്. കൊച്ചുകുട്ടികളായിരിക്കുമല്ലോ, അവര്‍ക്കു കീറിക്കളിക്കാനൊക്കെ വല്ലതും കൊടുക്കണ്ടേ? മാസിക അതിനു നല്ലതാ, അല്ലെങ്കിലവരുവല്ല പത്രോം വലിച്ചുകീറും. അതുകൊണ്ടു മാസിക നിര്‍ത്താനൊന്നും പോകണ്ടാന്നേ, അതങ്ങു പോന്നോട്ടെ. മഠത്തില്‍പിന്നെ കീറാനുംപറിക്കാനുമൊന്നും കൊച്ചുപിള്ളേരൊന്നുമില്ലാത്തതുകൊണ്ട് അവരു നിര്‍ത്തിക്കോട്ടെ."
 
   ഞാന്‍ വളരെ സീരിയസായിട്ട് ഇത്രയും പറഞ്ഞപ്പോള്‍ ഞാന്‍ തമാശുപറഞ്ഞതോ, കാര്യമായിട്ടോ എന്നറിയാതെ അവരു കണ്ണില്‍ക്കണ്ണില്‍ നോക്കുന്നതുകണ്ടു.
 
  "എന്നെ കാണാന്‍വന്നതിനെപ്പറ്റി സഹോദരന്‍ പറഞ്ഞതുവച്ച്, മാസികനിര്‍ത്തുന്ന വിഷയത്തിനു തീരുമാനമായി. ഇനി വേറെന്തെങ്കിലും പറയാനുണ്ടോപോലും."
 
   "ഞാന്‍വന്നതു മാസികനിര്‍ത്തുന്നകാര്യം പറയാനൊന്നുമല്ലച്ചാ. ഇവന്‍ വീട്ടിലെ ഏറ്റവും ഇളയ ആളാണ്. ഞങ്ങളുടെ വീട്ടില്‍ ഒത്തിരി പ്രശ്നങ്ങളായിരുന്നച്ചാ. ഒരുപാടുനാളത്തെ എന്‍റെ ഉപവാസവും പ്രാര്‍ത്ഥനയുംകൊണ്ട് കുറെനാളുമുമ്പ് മൂത്തബ്രദറും പിന്നെ ഇവനും അതുകഴിഞ്ഞു ബാക്കിയുള്ളവരുംവന്നു ധ്യാനംകൂടി എല്ലാം പരിഹരിച്ച് വളരെ സമാധാനത്തിലായതായിരുന്നു. ആണ്ടില്‍ രണ്ടുമൂന്നു ധ്യാനവുംകൂടി മുടങ്ങാതെ പ്രാര്‍ത്ഥനായോഗത്തിനുമൊക്കെ എല്ലാവരും വരാറുമുണ്ടായിരുന്നു. ഇവന്‍ കുറെനാളായിട്ട് അതെല്ലാംവിട്ടു. തോന്ന്യാസം പോക്കാണച്ചാ, ധ്യാനംകൂടിയിട്ടു വര്‍ഷങ്ങളായി. ഇവനുവേണ്ടിയിട്ടു ഞങ്ങളാരും പ്രാര്‍ത്ഥിക്കുകയേ വേണ്ടെന്നിവന്‍ പറഞ്ഞിരിക്കുവാ. ഇവന്‍ കുറേനാളായി പിശാചിന്‍റെ ബന്ധനത്തിലാണെന്നു ഞാന്‍ പറയുമ്പോഴൊക്കെ അച്ചനെഴുതിയിട്ടുള്ളത് ഓരോന്നോരോന്ന് എടുത്തുപറഞ്ഞു തര്‍ക്കിക്കാന്‍ തുടങ്ങും. അതുകൊണ്ടാണ് അസ്സീസി നിര്‍ത്താന്‍ ഞാന്‍ നിര്‍ബ്ബന്ധിച്ചത്."
 
    "ഞാന്‍ ഈ പുരാണമൊന്നും പറയാന്‍ ഉദ്ദേശിച്ചു വന്നതല്ലച്ചാ. പക്ഷേ, ചേച്ചി ഇത്രയുംപറഞ്ഞ സ്ഥിതിക്ക് ചിലതു പറയാതിരിക്കാന്‍ പറ്റത്തില്ല. ഞാന്‍ അച്ചന്‍റെ പേരുപറഞ്ഞാണ് തര്‍ക്കിക്കുന്നതെന്നു പറഞ്ഞതു ശരിയാണ്. അതിനു കാരണമുണ്ട്. ഇവരുടെയൊക്കെ മുമ്പില്‍ ഞാനൊരു തലതെറിച്ചവനാണച്ചാ. ആ ഞാന്‍, ബൈബിളും ദൈവശാസ്ത്രോം പറഞ്ഞാല്‍ ഇവരാരും വകവയ്ക്കുകേലെന്നറിയാനുംമാത്രം വിവരം എനിക്കുണ്ടച്ചാ. അതിനാണു ഞാനച്ചനെ കൂട്ടുപിടിക്കുന്നത്. സത്യത്തില്‍ അച്ചന്‍ പറയുന്നകാര്യങ്ങളൊന്നും എനിക്കത്ര പുതുമയായി തോന്നിയിട്ടില്ല. എന്‍റെ ഉള്ളിലുണ്ടായിരുന്ന ഒരുപാടു സംശയങ്ങള്‍ക്കുത്തരമാണ് അച്ചന്‍റെ ഇടിയും മിന്നലിലും ഉള്ളതെന്നതാണു സത്യം. ഇവരൊക്കെ തെറ്റാണെന്നുപറയുന്നതു പലതും തെറ്റല്ലെന്നും, ശരിയാണെന്നു പറയുന്നതു പലതും ശരിയല്ലെന്നും എന്‍റെയുള്ളില്‍ പണ്ടുമുതലേ തോന്നിയിരുന്നത് അതുപടി ശരിവയ്ക്കുന്നതാണ് അച്ചന്‍ ഉദാഹരണസഹിതം എഴുതുന്നതോരോന്നും. അതുകൊണ്ട് ഇവരൊക്കെ പറയുന്നതിനെ പ്രതിരോധിക്കാന്‍ ഞാന്‍ അച്ചന്‍റെ ഇടിയുംമിന്നലിനെ കൂട്ടുപിടിക്കുന്നു, അത്രേയുള്ളു. അല്ലാതെ ചേച്ചി പറഞ്ഞതുപോലെ ഞാന്‍ അച്ചന്‍റെ ഫാനും ഫ്രിഡ്ജുമൊന്നുമല്ല."
 
    "കണ്ടില്ലേ അച്ചാ, ഇവനോടു വാദിച്ചുനേടാന്‍ പറ്റത്തില്ല. ഇവന്‍ ഹൈസ്കൂളുമുതല്‍ തുടങ്ങിയതാണ് രാഷ്ട്രീയപ്രവര്‍ത്തനം. അങ്ങനെനടന്ന് ഡിഗ്രിപോലും പൂര്‍ത്തിയാക്കിയില്ല. വീട്ടില്‍ ഒന്നിനും സഹകരിച്ചിട്ടില്ല, ഇവന്‍റെ കല്യാണംപോലും നടത്തിയത് വീട്ടുകാരല്ല, രാഷ്ട്രീയക്കാരാ. അതിനെല്ലാം ഇവനു ന്യായീകരണവുമുണ്ട്. ഞാന്‍ കരുണക്കൊന്തചൊല്ലി കരഞ്ഞുപ്രാര്‍ത്ഥിച്ച് കര്‍ത്താവുകനിഞ്ഞ് ഇടക്ക് ഇവനല്പമൊന്നു നന്നായതായിരുന്നു. പിന്നേം പഴയപടിയായി. ഇതൊക്കെ തിന്മയുടെ ബന്ധനമാണെന്നു ഞാന്‍പറയുമ്പോള്‍ ഇവനു കലിയാണ്."
 
    "ഞാന്‍ പറഞ്ഞുനിര്‍ത്തിയതായിരുന്നു. ചേച്ചിപിന്നേം എന്‍റെ ഭൂതകാലം മാന്താന്‍തുടങ്ങിയതുകൊണ്ട്, ഞാനതിനു മറുപടിപറഞ്ഞില്ലെങ്കില്‍, ഇതുവരെയും ഒന്നും മിണ്ടാതിരിക്കുന്ന അച്ചനോര്‍ക്കും അപ്പറഞ്ഞതെല്ലാം അതേപടി ശരിയാണെന്ന്. വീട്ടിലപ്പിടി അലമ്പായിരുന്നെന്നതു സത്യമാണച്ചാ. ചേച്ചിഎപ്പോഴും പറയുന്നത്, ചേച്ചി കരുണക്കൊന്തചൊല്ലി കരഞ്ഞു പ്രാര്‍ത്ഥിച്ചതുകൊണ്ടു കര്‍ത്താവുകനിഞ്ഞാണ് ഞാനൊഴികെ എല്ലാവര്‍ക്കും മാറ്റമുണ്ടായതെന്നാണ്. സത്യത്തില്‍ ആര്‍ക്കും ഒരുമാറ്റവുമുണ്ടായിട്ടില്ലച്ചാ. പഴയതിനെയെല്ലാം ഒന്നു വെള്ളപൂശി അത്രേയുള്ളു."
 
       "ഇതാണച്ചാ ഞാന്‍പറഞ്ഞത് ഇവനു തിന്മയുടെ ബന്ധനമാണെന്ന്. വീട്ടിലെല്ലാവരും ധ്യാനംകൂടുന്നുണ്ട്, പ്രാര്‍ത്ഥനയുണ്ട്, ചേടത്തിയാണെങ്കില്‍ മിക്കദിവസങ്ങളിലും ധ്യാനമന്ദിരത്തില്‍ത്തന്നെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലാണ്. ഈ നന്മയൊന്നും കാണാന്‍ ഇവനു കണ്ണില്ല."
 
        "ഇതൊക്കെയങ്ങു മഠത്തില്‍പോയിരുന്നു പറഞ്ഞാല്‍മതി, പാവം അമ്മമാരതു വിശ്വസിച്ചോളും. നാട്ടുകാരുടെയും വീട്ടുകാരുടേയും മുമ്പില്‍ ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വെറുംചട്ടുകമാണ്, വീടും കുടുംബോം നോക്കാത്ത ഒരു ഭയങ്കരകുറ്റവാളിയുമാണ്. ഞാനതിനോക്കെ പുല്ലുവിലയേ കല്പിക്കുന്നുള്ളു."
 
   "കേട്ടില്ലേ അച്ചാ, ഇതുതന്നെയല്ലേ ബന്ധനം, ആരെന്തുപറഞ്ഞുകൊടുത്താലും ഇവനിപ്പോള്‍ പറഞ്ഞതുപോലെ അതിനൊക്കെ ഇവന്‍ പുല്ലുവിലയേ കൊടുക്കൂ."
 
        "പറയാനര്‍ഹതയുള്ളവര്‍ പറയണം. ചേച്ചി ഓര്‍ത്തിരിക്കുന്നതു ചേച്ചി പ്രാര്‍ത്ഥിച്ചാണ് എല്ലാം നേരെനിര്‍ത്തിയിരിക്കുന്നതെന്നാ. വെറും തോന്നലാണത്. ഞാന്‍ കുറെക്കാലത്തേക്കു നന്നായെന്നു പറയുന്നതും ചേച്ചി പ്രാര്‍ത്ഥിച്ചതുകൊണ്ടൊന്നുമല്ല. പൊളിച്ചടുക്കിത്തരാം ഞാനിപ്പോള്‍. ചേച്ചിയിവിടിരിക്കണ്ട, ചേച്ചിയിനി പള്ളീപ്പോയിരുന്നാമതി. അല്ലെങ്കില്‍ ഇടയ്ക്കിടക്കിതുപോലെ ഓരോന്നു പറഞ്ഞുകുത്തിക്കൊണ്ടിരിക്കും, എനിക്കച്ചനോടു പറയാനുള്ളതു പറഞ്ഞുതീരുമ്പം ഞാന്‍ വിളിച്ചേക്കാം."
 
          സിസ്റ്റര്‍ ഒന്നു മടിച്ചെങ്കിലും, ഞാന്‍ ആംഗ്യംകാണിച്ചതുകൊണ്ട് അവരു പുറത്തേക്കുപോയി.
"ഞാന്‍ എന്നെപ്പറ്റി പണ്ടേതയ്യാറാക്കിയിട്ടുള്ള ഒരു എഫ്.ഐ.ആര്‍ ഉണ്ടച്ചാ. അതു പരസ്യപ്പെടുത്തിയാല്‍ ഞാന്‍തന്നെ എന്നെ ജീവപര്യന്തം തടവിനു വിധിക്കേണ്ടിവരും! സെല്‍ഫ്ഗോളടിയില്‍ ഹാട്രിക് നേടി തോറ്റുതൊപ്പിയിട്ടയാളാണു ഞാന്‍. തെറ്റുമുഴുവന്‍ എന്‍റെതുതന്നെയാണ്. അതു ധ്യാനംകൂടിയപ്പോള്‍ കിട്ടിയ അറിവൊന്നുമല്ല. എന്നെമാത്രം പ്രതിയാക്കി കുറ്റപത്രവും പൊക്കിപ്പിടിച്ചുനടക്കുന്ന ഇവരൊക്കെയാരോപിക്കുന്ന രീതിയിലുള്ള മഹാപാപിയുമല്ല ഞാന്‍. ഞങ്ങളു രണ്ട് ആണ്‍മക്കളാണ്. ഏറ്റവും മൂത്തതു ചേട്ടനും അവസാനത്തെതു ഞാനും, ഇടയ്ക്ക് നാലു പെങ്ങന്മാരും. ചേട്ടന്‍റെ മൂത്തമകന്, എന്‍റെയൊപ്പം പ്രായമുണ്ട് എന്നുപറയുമ്പോള്‍ ചേട്ടനുംഞാനും തമ്മിലുള്ള പ്രായവ്യത്യാസം അച്ചന് ഊഹിക്കാമല്ലോ. എനിക്ക് ഓര്‍മ്മയുള്ള കാലംമുതല്‍ വീട്ടില്‍ എന്നും അലമ്പായിരുന്നു, രണ്ടുപെണ്ണുങ്ങളുതമ്മില്‍. വേറാരുമല്ല. എന്‍റെ അമ്മേം ചേട്ടന്‍റെ ചേച്ചിയും തമ്മില്‍. 
അവര് ഏറ്റുമുട്ടുമ്പോള്‍ എത്രപ്രാവശ്യം പറഞ്ഞാലും പിന്നെയും ആവര്‍ത്തിക്കാറുണ്ടായിരുന്ന കാര്യമാണു രസകരം. അമ്മപറയും ചേട്ടനുപറ്റിയ ഏറ്റവുംവലിയ മണ്ടത്തരമാണ് ചേടത്തിയെ കെട്ടിയതെന്ന്. ഈകല്യാണം പറഞ്ഞപ്പോളേ അമ്മ എതിര്‍ത്തതായിരുന്നുപോലും. പക്ഷേ ചോദിച്ച സ്ത്രീധനത്തെക്കാള്‍ കൂടുതലു കൊടുക്കുമെന്നു ചേടത്തീടെയപ്പന്‍ പറഞ്ഞപ്പോളേക്കും അപ്പന്‍ വീണുപോയിപോലും. ചേട്ടന് അപ്പന്‍ പറയുന്നതിനപ്പുറമൊന്നും ഇല്ലാതിരുന്നതുകൊണ്ട്, ഒന്നുംനോക്കണ്ട നീ കെട്ടിക്കോടാന്ന് അപ്പന്‍ പറഞ്ഞു, ചേട്ടന്‍ കെട്ടുകേംചെയ്തു. അതാണു പറ്റിപ്പോയതെന്ന്. അമ്മ എതിര്‍ത്തതിനു കാരണമായി പറയുന്ന ഒരു ഗണിതശാസ്ത്രമുണ്ട്, പെണ്ണുചോദിച്ചു ചെല്ലുമ്പോള്‍ മോശം ചരക്കിനാണ് വിലകൂടുതലുതരാമെന്നു പറയുന്നതെന്ന്. ആണുങ്ങക്കു നോട്ടം കാശായതുകൊണ്ട് കാശുകൂടുതലു കിട്ടുമെന്നു കേള്‍ക്കുമ്പോളേ അവരുവീഴും. അങ്ങനെ ഒരബദ്ധം ചേട്ടനു പറ്റിപ്പോയതാണെണ്! 
 
        കെട്ടിവന്നകാലത്ത് വല്യമ്മ ചേടത്തിയോടു പറഞ്ഞിട്ടുണ്ടായിരുന്ന ഒന്നാന്തരമൊരുവടി ചേടത്തിയുടെ കയ്യിലുമുണ്ടായിരുന്നു, തിരിച്ചടിക്കാന്‍. അപ്പന്‍ ഒത്തിരിപെണ്ണുങ്ങളെകണ്ടിട്ടും ഇഷ്ടപ്പെടാതെ മടുത്തപ്പോള്‍ അപ്പന്‍റെഅപ്പന്‍ അന്ത്യശാസനംകൊടുത്തുപോലും, വേണോങ്കില്‍ അടുത്തതിനെ കെട്ടിക്കോണം, അല്ലെങ്കില്‍ ചേട്ടനെഒഴിവാക്കി ഇളയവനെ പിടിച്ചു പെണ്ണുകെട്ടിക്കുമെന്ന്. അപ്പന്‍ പേടിച്ച്, പിന്നെകണ്ടതിനെ പേരുപോലും ചോദിക്കാതെ കെട്ടേണ്ടിവന്നുപോലും. അങ്ങനെ അപ്പനുപറ്റിയ ഗതികേടുകാരണമാണ് അമ്മേ ഇങ്ങോട്ടു കെട്ടിയെടുത്തതെന്ന്. അമ്മേം ചേച്ചീം രണ്ടുപേരും വിട്ടുകൊടുക്കില്ല. അപ്പനോ ചേട്ടനോ ഇതിലൊന്നും ഇടപെടാറുമില്ലായിരുന്നു. സഹികെടുമ്പോള്‍ അപ്പന്‍പോയി കള്ളുകുടിച്ചിട്ടുവന്ന് മിണ്ടാതെ കിടന്നുറങ്ങും. ചേട്ടന്‍ അതുമില്ല, പറമ്പിന്‍റെ മൂലക്ക് ഒരു കാവല്‍മാടമുണ്ടായിരുന്നു. അവിടെപ്പോയിക്കിടന്നുറങ്ങും. ചേച്ചി മഠത്തിലുംപോയി ബാക്കിപെങ്ങന്മാരെ നേരത്തെ നേരത്തെ കെട്ടിച്ചുംവിട്ടതുകാരണം ഈ കോലാഹലങ്ങള്‍ എന്നും കേള്‍ക്കേണ്ടിവന്നത് എനിക്കായിരുന്നു. 
 
     എട്ടാംക്ലാസ്സുമുതല്‍ ഹൈസ്കൂളു ദൂരെയായിരുന്നതുകൊണ്ടും എന്‍റെ നിര്‍ബ്ബന്ധംകൊണ്ടും എന്നെ ബോര്‍ഡിങ്ങില്‍ ചേര്‍ത്തു. അവധിക്കാലത്തുപോലും വീട്ടിലേക്കുപോരാന്‍ എനിക്കിഷ്ടമില്ലായിരുന്നു. ഒമ്പതാം ക്ലാസ്സുമുതല്‍ അത്യാവശ്യം ഉഴപ്പുതുടങ്ങി, പത്താംക്ലാസ്സായപ്പോള്‍ രാഷ്ട്രീയവും. കഷ്ടിച്ചു പത്തു പാസ്സായി പിഡിസി-ക്കു പാരലല്‍ കോളേജില്‍പോയി. പിന്നെ മുഴുവന്‍ രാഷ്ട്രീയത്തിലായി, പഠിത്തമവസാനിപ്പിച്ചു. അപ്പനും ചേട്ടനും പണിതുപണിതു നല്ലതുപോലെ സമ്പാദിക്കുന്നുമുണ്ടായിരുന്നു. അഞ്ചുപൈസയ്ക്ക് ഉപകാരമില്ലാതെ രാഷ്ട്രീയം കളിച്ചുനടന്ന ഞാന്‍ വീട്ടില്‍ചെല്ലുമ്പോഴൊക്കെ വഴക്ക്, കാശുചോദിച്ചാല്‍ പ്രാക്ക്. എന്നാപറഞ്ഞാലും അമ്മയ്ക്ക് എല്ലാരെക്കാളും സ്നേഹം എന്നോടായിരുന്നതുകൊണ്ട്, ചെലവുകാശിനു വലിയ ബുദ്ധിമുട്ടുവന്നില്ല. ദൈവാനുഗ്രഹംകൊണ്ട് എത്ര കമ്പനികൂടിയാലും കള്ളുകുടിയും വലിയും എനിക്കു ഭയങ്കരവെറുപ്പായിരുന്നു. അതുകൊണ്ടുതന്നെ നേതാക്കന്മാര്‍ക്കെല്ലാവര്‍ക്കും എന്നോടു താത്പര്യവുമായിരുന്നതിനാല്‍ എന്തെങ്കിലും ശുപാര്‍ശയുമായിട്ടുചെന്നാല്‍ അവരുപേക്ഷിക്കാറില്ലായിരുന്നു. അങ്ങനെയൊരു സ്വാധീനമുള്ള ഇടനിലക്കാരനെന്ന നിലയില്‍ വരുമാനമായി. കോഴചോദിച്ചുവാങ്ങാറില്ലായിരുന്നെങ്കിലും കിട്ടുന്നതു വാങ്ങുമായിരുന്നു. ഒത്തിരി പാവപ്പെട്ടവരെ സഹായിച്ചിട്ടുമുണ്ട്.
 
       അങ്ങനെയൊരു സഹായത്തില്‍ തുടങ്ങിയതാണ് എന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. എന്‍റെ പാര്‍ട്ടിയില്‍പെട്ട ആളൊന്നുമല്ലായിരുന്നെങ്കിലും വീട്ടില്‍ കുറെക്കാലം പണിക്കുവന്നിരുന്ന ഒരു പണിക്കാരന്‍ എന്നോടൊരു സഹായംചോദിച്ചു. ഭാര്യമരിച്ചുപോയ അയാള്‍ക്ക് രണ്ടുമക്കളുണ്ട്. പലരുടെയും സഹായത്തോടെ മൂത്തമകളെ പഠിപ്പിച്ചു, അവളു ബികോം പാസ്സായി. സ്ഥലത്തെ സഹകരണബാങ്കില്‍ ആളെ ആവശ്യമുണ്ടെന്നറിഞ്ഞു. സ്വാധീനമുണ്ടെങ്കിലേ കിട്ടൂ. ഒരു പ്രതീക്ഷയുമില്ലായിരുന്നെങ്കിലും ഞാനൊന്നു ശ്രമിച്ചു, അതുപോലെ സമ്മര്‍ദ്ദംചെലുത്തി, ആ ജോലി അവള്‍ക്കു തരപ്പെടുത്തിക്കൊടുത്തു. അതുകഴിഞ്ഞു കാണുമ്പോഴൊക്കെ അവരു നന്ദിപറയുമായിരുന്നു. ഒരുദിവസം അയാളെന്നെ വീട്ടിലേക്കു ക്ഷണിച്ചു. നല്ലയൊരു ചായയൊക്കെതന്നുകഴിഞ്ഞ് ഒരു പ്ലാസ്റ്റിക്ബാഗ് എന്‍റെ കൈയ്യില്‍വച്ചുതന്നു. ആദ്യത്തെ ശമ്പളംകിട്ടിയപ്പോള്‍ മകള്‍ അച്ഛനു വാങ്ങിക്കൊടുത്തതാണ്. അതിന് അയാളേക്കാള്‍ അര്‍ഹത എനിക്കാണ്, സ്വീകരിക്കണമെന്നൊരപേക്ഷയും. ഞാനതുവാങ്ങി, അതൊരു ഷര്‍ട്ടിനുള്ള തുണിയായിരുന്നു. 
 
     ഒരുദിവസം ബാങ്കില്‍ ചെന്നപ്പോള്‍ അപ്രതീക്ഷിതമായി ആ പെണ്‍കുട്ടിവന്ന് രണ്ടുമിനിട്ടു സംസാരിക്കാന്‍ ചോദിച്ചു. ജോലികിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. ജീവിതത്തില്‍ മറക്കാനാവാത്ത ഉപകാരമാണ് ചെയ്തത്. അമ്മ പെട്ടെന്നുമരിച്ചതോടെ അച്ഛന്‍ രാവുംപകലും കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്. അച്ഛനിപ്പോള്‍ വലിവിന്‍റെ അസുഖമുണ്ട്. അടുത്തമാസംമുതല്‍ അച്ഛനെ പണിക്കുവിടില്ല. ചികിത്സിക്കും. അനുജനെയും പഠിപ്പിക്കും. മൂന്നാലുകൊല്ലംകൊണ്ട് നേരെനില്ക്കാറാകും. ഈ ജോലി കിട്ടിയില്ലായിരുന്നെങ്കില്‍ വഴിമുട്ടിപ്പോകുമായിരുന്നു. അക്കൂടെ ഒരപേക്ഷയും, വീട്ടിലെ അസ്വസ്ഥതകാരണം ഞാന്‍വീട്ടില്‍പോക്കു കുറവാണെന്ന് അവളുടെ അച്ഛന്‍ പറഞ്ഞറിഞ്ഞു. വീട്ടില്‍ എന്നും പോകണം. അച്ഛനമ്മമാരുടെ അനുഗ്രഹമുണ്ടെങ്കിലേ ഗുരുത്വമുണ്ടാകൂ. വാശി ഒന്നിനും പരിഹാരമല്ല, എന്നും കഷ്ടപ്പാടിലാണു ജീവിച്ചതെങ്കിലും അവളുടെ അച്ഛനമ്മമാരില്‍നിന്ന് അവളുപഠിച്ച വലിയപാഠമതാണുപോലും. ഉപദേശിക്കുവാന്‍ അര്‍ഹതയില്ല, അപേക്ഷയാണ്, വീട്ടില്‍ എന്നുംപോകണം, അല്ലെങ്കില്‍ ഉറപ്പായിട്ടും ചീത്തയാള്‍ക്കാരുടെ കൂട്ടില്‍പെട്ടുപോകും. ചെയ്തുകൊടുത്ത മറക്കാനാവാത്ത ഉപകാരത്തിനു നന്ദിയായിട്ടൊരു അപേക്ഷയാണ്. 
 
     അവളോടു മറുപടിയൊന്നും പറയാതെ ഞാനന്നുപോന്നെങ്കിലും അതു വല്ലാതെ മനസ്സില്‍തട്ടി. എല്ലാവരും എപ്പോഴും കുറ്റപ്പെടുത്തിയിട്ടുള്ളതല്ലാതെ ആരും ഇങ്ങനെപറഞ്ഞിട്ടില്ല. എന്തായാലും അതില്‍പിന്നെ ഞാന്‍ എല്ലാദിവസവും വീട്ടില്‍പോയിത്തുടങ്ങി. ചേച്ചിപറഞ്ഞു, നാളുകളായി ചേച്ചിചൊല്ലുന്ന കരുണക്കൊന്തയുടെ ഫലമാണെന്ന്. മനസ്സുമാറിയ നേരത്തിന് എന്നെ വേഗം കല്യാണം കഴിപ്പിക്കണമെന്നായി വീട്ടിലെല്ലാവരും. വീട്ടിലെ അരങ്ങു കണ്ടുംകേട്ടും മടുത്ത എനിക്കതിനൊട്ടും താത്പര്യവും തോന്നിയില്ല. ആ ദിവസങ്ങളില്‍തന്നെ ചേച്ചീടെ നിര്‍ബ്ബന്ധംകാരണം എല്ലാവരും ധ്യാനംകൂടി. അതോടെ ചേടത്തിയമ്മ ധ്യാനമന്ദിരത്തിലെ സ്ഥിരം പ്രാര്‍ത്ഥനക്കാരത്തിയായി. ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു, അമ്മയിപ്പോള്‍ തീരെകിടപ്പായിട്ടും ഒരു വേലക്കാരത്തിയെ വച്ചതല്ലാതെ ചേടത്തിയമ്മ പ്രാര്‍ത്ഥനയ്ക്കുപോക്കു കുറച്ചിട്ടില്ല. നടക്കാന്‍ വയ്യാത്ത അമ്മ എന്തെങ്കിലും ചോദിച്ച് ഒച്ചയിടുമ്പോള്‍ ചേടത്തിയാര് ഉറക്കെ 'ഈശോയുടെ അതിദാരുണമാം പീഡാസഹനം' പിന്നേംപിന്നേം ഉറക്കെയങ്ങുപാടും!! അതാണു ചേച്ചി കുറച്ചുമുമ്പുപറഞ്ഞ വീട്ടിലെ മാറ്റം! ആണ്ടുതോറും രണ്ടുമൂന്നു ധ്യാനംകൂടുന്നതിന്‍റെ ഗുണം! അതുപോകട്ടെ, ഞാനെന്‍റെ കാര്യത്തിലേക്കുതന്നെ വരാം.
ആ കുട്ടിക്കു ജോലികിട്ടി ഒരുവര്‍ഷത്തോളംകഴിഞ്ഞ് ഒരുദിവസം ബാങ്കില്‍ചെന്നപ്പോള്‍ അവള്‍ ഒരപേക്ഷയുമായിവന്നു. അച്ഛനെ ചികിത്സിച്ചതുകൊണ്ട് പണിക്കുപോകാനുള്ള ആരോഗ്യമൊക്കെയായി, അതുകൊണ്ട് അവളുടെകല്യാണം ഉടനെനടത്താന്‍ അച്ഛന്‍ നിര്‍ബ്ബന്ധിക്കുന്നു. പ്രായം ഒത്തിരിയൊന്നും ആയിട്ടില്ല, രണ്ടുമൂന്നുകൊല്ലംകൂടി ജോലിചെയ്തുകഴിഞ്ഞ് കല്യാണംമതിയെന്ന് അവളെത്രപറഞ്ഞിട്ടും അച്ഛന്‍ സമ്മതിക്കുന്നില്ല. അച്ഛനോടൊന്നു പറഞ്ഞുസമ്മതിപ്പിക്കാമോ, മറ്റാരുപറഞ്ഞാലും അച്ഛന്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല. ഞാന്‍ ആളെ ചെന്നുകണ്ടു പറഞ്ഞുനോക്കി. അമ്മയില്ലാത്ത മകളല്ലെ, ചെയ്യേണ്ടതു സമയത്തുചെയ്യാതെ ആളങ്ങുമരിച്ചുപോയാലോ. ഏതായാലും മനസ്സില്ലാമനസ്സോടെ ഒരുവര്‍ഷംകൂടെനീട്ടാന്‍ സമ്മതിച്ചു. പിറ്റെദിവസം ആ കുട്ടി അച്ഛനെ സമ്മതിപ്പിച്ചതിനു നന്ദിയറിയിച്ച് ഫോണ്‍ചെയ്തിരുന്നു. 
 
    എന്‍റെ കല്യാണം എത്രയുംവേഗം നടത്തണമെന്നുംപറഞ്ഞ് അമ്മയുടെ നിര്‍ബ്ബന്ധം വല്ലാതായി. രക്ഷപെടാന്‍വേണ്ടി, അപ്പനും ചേട്ടനും അബദ്ധം പറ്റിയതുപോലെ എനിക്കും പറ്റാതിരിക്കാന്‍ ഞാന്‍തന്നെ ആളെകണ്ടുപിടിച്ചോളാമെന്നു തിരിച്ചടിക്കുമ്പോള്‍ എല്ലാവര്‍ക്കും ഉത്തരംമുട്ടി. ഒരുദിവസം പെട്ടെന്നുണ്ടായ ഒരുചിന്ത, ഭ്രാന്താണെന്ന് ആദ്യംതോന്നി. പിന്നെ അതങ്ങു മനസ്സില്‍കത്തിപ്പിടിച്ചു. ഞാന്‍ നേരെപോയത് ആ പെണ്‍കുട്ടിയുടെ വീട്ടിലേക്കായിരുന്നു. അവളുടെ അച്ഛനോട് മകളെ ഞാന്‍ കല്യാണംകഴിച്ചുകൊള്ളാമെന്നു പറഞ്ഞു. ഷോക്കടിച്ചതുപോലെ ഇരുന്നുപോയ ആള്‍ക്കു രണ്ടുമിനിറ്റുകഴിഞ്ഞാണ് മിണ്ടാറായത്. നാട്ടുകാരറിഞ്ഞാല്‍ അവരെ തല്ലിയോടിക്കുമെന്നും, മേടിച്ചുകൊടുത്ത ജോലി പിറ്റെദിവസംതന്നെ മകളെക്കൊണ്ട് രാജിവയ്പിച്ചുകൊള്ളാം എന്നാലെങ്കിലും ഉപദ്രവിക്കരുതെന്നുംപറഞ്ഞ് ആളാകെ തകര്‍ന്നു. കൂടുതലൊന്നുംപറയാതെ തിരിച്ചുപോന്നു. വൈകുന്നേരം വീട്ടില്‍വരെ ചെല്ലാമോ എന്നുചോദിച്ച് അവള്‍ ഫോണ്‍ചെയ്തു. ഒരു വലിയപൊട്ടിത്തെറി പ്രതീക്ഷിച്ച് ഞാനവിടെ ചെന്നു. അച്ഛന്‍ ആകെ അവശനായിരുന്നു. രണ്ടുപേരും ഒന്നുംമിണ്ടാതിരുന്നു. അവസാനം ഞാന്‍തന്നെ തുടക്കമിട്ടു. സമ്പത്തിനോ കുടുംബമഹത്വത്തിനോ ഒന്നിനും കുറവില്ലാത്ത എന്‍റെ വീട്ടിലെ അസമാധാനം അനുഭവിച്ചു മനസ്സുമടുത്തയാളാണു ഞാനെന്നും, ഇതുകൊണ്ടുണ്ടാകാവുന്ന വലിയ പ്രതിഷേധങ്ങളെ മുന്നില്‍ കാണാതെയല്ല, മനസ്സിലാക്കുന്ന ഒരു ഭാര്യയുണ്ടെങ്കില്‍ എത്രകഷ്ടപ്പാടായാലും ജീവിക്കാന്‍ ഒരു സുഖമുണ്ടെന്നുള്ള ആഗ്രഹംകൊണ്ടാണ് ഇങ്ങനെയൊന്നാലോചിച്ചതെന്നും ഞാന്‍ തുടങ്ങിവച്ചു. 
പിന്നത്തെ ചരിത്രം പറഞ്ഞുതുടങ്ങിയാല്‍ ചേച്ചി പള്ളീലിരുന്ന് കരുണക്കൊന്തചൊല്ലി ഗിന്നസ്ബുക്കില്‍കേറും. അതുകൊണ്ടു ഞാനിനി ചുരുക്കാം. കഴിഞ്ഞപ്രളയത്തെക്കാളും ഭീകരമായിരുന്നച്ചാ പിന്നത്തെ അവസ്ഥ. വീട്ടിലെ കൂലിപ്പണിക്കാരന്‍റെ മകള്‍, സാമ്പത്തികമായി വെറും സീറോ, ഒക്കേലും പൊറുക്കാനാവാത്തത് വേറെ സമുദായം, ഞാന്‍ ഒറ്റയ്ക്ക് ഒരുവശത്ത്, ഒരു വര്‍ഷത്തെ യുദ്ധം. അവസാനം അപ്പനും ചേട്ടനും ഒത്തുതീര്‍പ്പിനു സമ്മതിച്ചു; പക്ഷേ രണ്ടു വ്യവസ്ഥകള്‍: പെണ്ണിനെ വീട്ടിലുംകയറ്റില്ല, എനിക്കു കാര്യമായ വീതവുംതരില്ല. എന്‍റെ ഇഷ്ടംപോലെ ആയിക്കൊള്ളാന്‍പറഞ്ഞ് അവരു കൈകഴുകി.
 
    അതിലുംവലിയ അങ്കം അവളുടെയടുത്തു പയറ്റേണ്ടിവന്നു. അവളുടെയചഛന്‍ അവസാനം അല്പം അയഞ്ഞെങ്കിലും അവളു ശക്തമായി ചെറുത്തു. എന്നോടുള്ള അതൃപ്തികൊണ്ടല്ല. സര്‍വ്വരെയും വെറുപ്പിച്ച് പ്രത്യേകിച്ചു കുടുംബത്തെ അവഗണിച്ച് എന്തുനേടാനാണ്. ജീവിതംമുഴുവന്‍ ഒറ്റപ്പെട്ടുപോകും. ഒരുവര്‍ഷംകൊണ്ട് അതും ശാന്തമായി. മതംമാറുന്ന കാര്യമൊന്നും ഞാനാവശ്യപ്പെട്ടില്ല, എങ്കിലും അതിനും അവരുതന്നെ തീരുമാനമാക്കി. ഭാര്യജീവിക്കേണ്ടതു ഭര്‍ത്താവിന്‍റെകൂടെയായതുകൊണ്ട് അവളു മാമ്മോദീസാ സ്വീകരിച്ചുകൊള്ളട്ടെന്ന്. അതിനുള്ള ഏര്‍പ്പാടു ഞാന്‍ചെയ്തു. അവസാനം എന്‍റെ വീട്ടുകാരാരുമില്ലാതെ, അവളുടെ മൂന്നാലുബന്ധുക്കളുടെയും കുറെ പാര്‍ട്ടിസുഹൃത്തുക്കളുടെയും സഹകരണത്തോടെ കല്യാണംനടന്നു. വമ്പിച്ച ഭൂസ്വത്തുണ്ടെങ്കിലും അപ്പനുംചേട്ടനും വാക്കുപാലിച്ചു!! വീടുവയ്ക്കാന്‍ ഏഴുസെന്‍റു സ്ഥലം എഴുതിത്തന്നു. 
 
    കിട്ടിയ വസ്തുവില്‍ ലോണെടുത്ത് ഒരുകൊച്ചുവീടുവയ്ക്കാന്‍ ഞാനാലോചിച്ചു. വയ്ക്കരുതെന്നവളു കെഞ്ചി. കാരണം തൊട്ടടുത്തായതുകൊണ്ട് വീട്ടുകാര്‍ക്കതു മാനക്കേടാകും, അതുചെയ്യരുത്. അവളുടെ വീട്ടിലും താമസിക്കണ്ടാ, ഒരുചെറിയവീട് വാടകയ്ക്കെടുത്തു. രണ്ടുമക്കളായിട്ടും ഇപ്പോഴും അവിടെത്തന്നെയാണു ഞങ്ങള്‍. അപ്പനുമമ്മയുമുള്ള കാലത്തോളം എല്ലാ ദിവസവും എപ്പോഴെങ്കിലും ഞാന്‍ വീട്ടില്‍ പോകണമെന്ന് അവള്‍ക്കു നിര്‍ബ്ബന്ധമാണ്. കുട്ടികളുണ്ടായപ്പോള്‍ കാണാനാരും വന്നില്ലെങ്കിലും ഞാന്‍ കൊണ്ടുചെന്നുകാണിച്ചു. അതും അവളുടെ സമ്മര്‍ദ്ദംകാരണം. വീട്ടില്‍ പോകുമ്പോളൊക്കെ മക്കളെ ആരെയെങ്കിലും കൂടെകൊണ്ടുപോകണമെന്നും, ആഴ്ചയില്‍ ഒരുദിവസമെങ്കിലും
 
    അപ്പനുമമ്മയുമുള്ളകാലത്തോളം ഞാന്‍വീട്ടില്‍ പോയിതാമസിക്കണമെന്നും അവള്‍ക്കാണ് നിര്‍ബ്ബന്ധം. ഞാന്‍ വീട്ടില്‍ താമസിക്കുന്നദിവസം അവളു കുട്ടികളെയുംകൂട്ടി അവളുടെ വീട്ടിലേയ്ക്കുംപോകും. അങ്ങനെ ഞങ്ങള്‍ക്കു മൂന്നുവീടാണിപ്പോള്‍, ഒരുവാടകവീടും രണ്ടുസ്വന്തം വീടുകളും!!! എന്നെങ്കിലും അപ്പനോ ചേട്ടനോ വിളിച്ചിട്ടുവേണം വീട്ടിലൊന്നു കയറാനും, കാരണവന്മാരുടെ കാലുതൊട്ടുനമിക്കാനും എന്നവള്‍ വേദനയോടെ പലപ്പോഴും പറയുമ്പോള്‍ എന്‍റെയും നെഞ്ചുരുകും.
 
      ഞാന്‍ മുമ്പേപറഞ്ഞ എഫ്.ഐ.ആറില്ലേ അച്ചാ, അത് ഞാനുണ്ടാക്കിയതാണെന്നു ഞാന്‍ വെറുതെപറഞ്ഞതാണ്. നാളുകള്‍കൊണ്ട് എന്‍റെ മനസ്സുമാറ്റി അവളു തയ്യാറാക്കിത്തന്നതാണത്. വീട്ടിലെ സ്വൈര്യക്കേടിന്‍റെപേരില്‍ പഠനം ഉഴപ്പിയതും, സാമ്പത്തികനഷ്ടം വരുത്തിയതും എന്‍റെ തെറ്റു മാത്രമാണെന്ന്; അപ്പനും ചേട്ടനും അദ്ധ്വാനിച്ചുണ്ടാക്കിയതിന്‍റെ പങ്കുപറ്റിയതല്ലാതെ വീട്ടില്‍കയറാതെനടന്ന എനിക്കെവിടെയാണ് ഓഹരിക്കവകാശമെന്നു സ്വയം ചോദിച്ചുനോക്കണമെന്ന്; നാട്ടുനടപ്പുകളെ മാനിക്കാതെ എന്‍റെയിഷ്ടപ്രകാരം കല്യാണംകഴിച്ച എനിക്കു വീട്ടില്‍ അംഗീകാരം തരാത്തതിന് വീട്ടുകാരെ പഴിച്ചിട്ട് കാര്യമുണ്ടോയെന്ന്; ചുരുക്കത്തില്‍ തെറ്റുപറ്റിയതുമുഴുവന്‍ എന്‍റെ ഭാഗത്താണെന്ന് കാര്യകാരണസഹിതം, എന്‍റെ പൂര്‍വ്വകാലത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അവളു തയ്യാറാക്കിത്തന്നു. എനിക്കെല്ലാം മനസ്സിലായി. അതുകൊണ്ട് ഇനി ഞങ്ങളു ചെയ്യേണ്ടതെന്താണെന്നവളുതന്നെ എനിക്കു റ്റ്യൂഷന്‍തന്നു. വീട്ടുകാരോടും നാട്ടുകാരോടും സമരംചെയ്ത്, നാട്ടുനടപ്പിനെയും പാരമ്പര്യങ്ങളെയും വെല്ലുവിളിച്ച് ജീവിക്കാനിറങ്ങിയ ഞങ്ങള്‍ക്ക് ആരെയും പഴിക്കാനവകാശമില്ലെന്നും ജീവിതം പരാജയമല്ലെന്നെല്ലാവര്‍ക്കും ജീവിച്ചു കാണിച്ചുകൊടുക്കണമെന്നും. അതുകൊണ്ടാണ് ഞനിപ്പോളും വീടുമായിട്ടു നല്ലബന്ധത്തില്‍ പോകുന്നത്. അതാണു മുമ്പേഞാന്‍ ചേച്ചിയോടുപറഞ്ഞത്, ധ്യാനംകൂടിയിട്ടോ കരുണക്കൊന്ത ചൊല്ലിയിട്ടോ അല്ല എനിക്കു തിരിച്ചറിവുണ്ടായതെന്ന്. 
 
  കുടുംബോം കുലോം സമ്പത്തും ജാതീം മതോമൊക്കെനോക്കി കല്യാണംകഴിച്ചിട്ടും, പെട്ടുപോയല്ലോ എന്നോര്‍ത്തു വിഷമിക്കുന്നവര്‍ക്കുവേണ്ടി എന്‍റെ ഈ എഫ്.ഐ.ആര്‍, അച്ചനൊരു ഇടിയുംമിന്നലിനും വിഷയമാക്കിയാലും എനിക്കു സന്തോഷം. ചേച്ചിയൊരു പാവമാണച്ചാ, ഇതൊന്നും ചേച്ചീടെ കേള്‍ക്കെ പറഞ്ഞാല്‍ അതും ബന്ധനമാണെന്നു പറയും." അതുംപറഞ്ഞ് ആളു സിസ്റ്ററിനെ കൂട്ടിക്കൊണ്ടുവരാന്‍ പോയി.

You can share this post!

കടുംകെട്ടുകള്‍

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

'ഇടുക്കിപൊട്ടാഭിഷേകധ്യാനം'

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts