news-details
ധ്യാനം
പാപവും പാപത്തിന്‍റെ സ്വാധീനവും മനുഷ്യജീവിതത്തിലുണ്ട്. നന്മയേത് തിന്മയേതെന്ന് മനുഷ്യന്‍ സ്വയം തീരുമാനിക്കുന്നതാണ് പാപം. ദൈവകല്പനകളുടെ വെളിച്ചത്തില്‍ വേണം നന്മതിന്മകളെ നാം  കാണാന്‍. സ്വന്തം വ്യാഖ്യാനപ്രകാരം നന്മതിന്മകളെ നാം തീരുമാനിക്കരുത്. പാപത്തിന്‍റെ ചെറിയ കണികപോലും നമ്മുടെ ജീവിതത്തെ അന്ധകാരാവൃതമാക്കും. "നന്മതിന്മകളുടെ വൃക്ഷത്തില്‍ നിന്നും നീ ഭക്ഷിക്കരുത്" എന്ന തിരുവചനം ധ്യാനിക്കുക. പാപത്തെ നിയന്ത്രിക്കുവാന്‍ ആദ്യം ചെയ്യേണ്ടത് നയനങ്ങളുടെ നിയന്ത്രണമാണ്. കണ്ണുകള്‍കൊണ്ട് തിന്മയെ കാണുന്നതും, മാനസികമായ കണ്ണുകൊണ്ട് തിന്മയെ ആസ്വദിക്കുന്നതും നിയന്ത്രിക്കണം. 'മൂര്‍ഖന്‍ പാമ്പിനെ അതിന്‍റെ മുട്ടയില്‍തന്നെ നശിപ്പിക്കണം' എന്ന പഴഞ്ചൊല്ല് ഓര്‍ക്കുക. ഒരു ദുഷിച്ച കാഴ്ച കാണുമ്പോള്‍ കണ്ണുകളെ ധൃതഗതിയില്‍ മാറ്റിക്കൊണ്ട് ആ ചിന്തയെ മറികടക്കുവാന്‍ സാധിക്കും. പത്രോസ് വെള്ളത്തില്‍ താഴുവാന്‍ തുടങ്ങിയപ്പോള്‍ 'എന്നെ രക്ഷിക്കണേ' എന്ന് പ്രാര്‍ത്ഥിച്ചതുപോലെ നാമും പ്രാര്‍ത്ഥിക്കണം. ദുര്‍ചിന്തകളില്‍ നിന്ന് മോചനം നേടുവാനുള്ള മറ്റൊരു വഴിയാണ് ക്രിസ്തുവിന്‍റെ കുരിശിലേക്ക് നമ്മുടെ മനസ്സിനെ തിരിക്കുക എന്നത്. ക്രിസ്തുവിന്‍റെ കുരിശിനെ കുറിച്ച് ധ്യാനിക്കുമ്പോള്‍ ദുശ്ചിന്തകള്‍ കടന്നുവരാതിരിക്കും. അവ രണ്ടും ഒരിക്കലും ചേരാത്തതാണല്ലോ.
 
എല്ലാ പാപത്തെയും കഴുകിക്കളയുവാന്‍ സാധിക്കും. ശാശ്വതമായതും നിലനില്‍ക്കുന്നതുമായ പാപമുണ്ടെന്ന് ചിന്തിക്കരുത്. അങ്ങനെ കരുതിയാല്‍ അത് പാലത്തിന്‍റെ ഇളക്കമുള്ള അഴികള്‍പോലെ നമ്മെ അഗാധത്തില്‍ വീഴ്ത്തും. വ്യക്തിപരമായ പാപത്തെ വിധിയായി കണ്ട് തളരുന്നവരുണ്ട്. ഞാന്‍ ബലഹീനനായ ഒരു മനുഷ്യനാണ് എന്നു പറഞ്ഞ് കൈകഴുകരുത്. പാപത്തെ ഉപേക്ഷിച്ച്, ദൈവത്തിലേക്കു തിരിയുവാന്‍ ഞാന്‍ മനസ്സു കാണിക്കുമ്പോള്‍ ദൈവം ഒരു പടി മുന്നോട്ടു വന്ന് എന്‍റെ ജീവിതത്തില്‍ ഇടപെടും. സക്കേവൂസിന്‍റെ ജീവിതത്തില്‍ നാം കാണുന്നത് അതാണ്(ലൂക്കാ 19). മനുഷ്യനായിരിക്കുന്നിടത്തോളം കാലം പാപവിമുക്തി ലഭിക്കില്ലെന്നു ചിന്തിക്കരുത്. സ്വന്തം ശക്തികൊണ്ട് പാപത്തെ അതിജീവിക്കാനാവില്ല. കര്‍ത്താവില്‍ ആശ്രയിച്ചുകൊണ്ട് പരിശ്രമിക്കുമ്പോള്‍ തിന്മയെ നാം അതിജീവിക്കും. 
 
ആത്മാവില്‍ ജീവിക്കാനാഗ്രഹിക്കുന്നവര്‍ കര്‍ത്താവ് അംഗീകരിക്കാത്ത എല്ലാറ്റില്‍ നിന്നും അകന്നു നില്‍ക്കണം. പാപത്തോടും ദുഷ്ടതയോടുമുള്ള പോരാട്ടത്തില്‍ പരാജിതനായ സാത്താനെ യേശുവിനോടു ചേര്‍ന്ന് നാം നേരിടണം. നമ്മുടെ കര്‍ത്താവിനാല്‍ തോല്പിക്കപ്പെടാത്ത ഒരു പാപംപോലുമില്ല. പാപം എന്നെ ഭീഷണിപ്പെടുത്തുമ്പോള്‍ സാവധാനം അതിനോടു തല കുനിക്കുവാന്‍ ഞാന്‍ കല്പിക്കണം. ഹിതകരമല്ലാത്ത എല്ലാറ്റിനെയും ജീവിതത്തില്‍ നിന്നും തുടച്ചുമാറ്റണം. പാപത്തെ അതിജീവിക്കുന്ന മനുഷ്യന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും. തിന്മയുടെ ഇരുട്ട് എന്‍റെ ഉള്ളില്‍നിന്നും അകലുമ്പോള്‍ നന്മയുടെ പ്രകാശം എന്നെ വലയം ചെയ്യും. 
 
പാപത്തിന്‍റെ അന്ധകാരത്തില്‍ പൗലോസ് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം ദുര്‍ബലനായിരുന്നു. കര്‍ത്താവിന്‍റെ പ്രകാശത്തിലേക്കു വന്നപ്പോള്‍ പൗലോസ് ശക്തിയുള്ളവനായി. എഫേസൂസ് ലേഖനം ആറാം അദ്ധ്യായത്തില്‍ ആത്മാവിന്‍റെ പരിച ധരിക്കുവാനുള്ള ഉപദേശത്തില്‍ പൗലോസിന്‍റെ ശക്തി നാം കാണുന്നു. ലോകത്തിന്‍റെ പാപങ്ങളില്‍ മുഴുകിയ അസ്സീസി ദുര്‍ബലനായിരുന്നു. കര്‍ത്താവിന്‍റെ പ്രകാശത്തിലേക്കു കടന്നുവന്നപ്പോള്‍ അദ്ദേഹം രണ്ടാം ക്രിസ്തുവായി മാറി. എന്നിലെ പഴയ മനുഷ്യനെ നാം ഉരിഞ്ഞു കളയണം. ഗലാത്തിയര്‍ക്കുള്ള ലേഖനം അഞ്ചാം അധ്യായത്തില്‍ പറയുന്നതുപോലെ ജഡത്തിന്‍റെ വ്യാപാരങ്ങളെ ഉപേക്ഷിക്കുക. ലോകം തരാത്ത ഒരു ശക്തി കൊണ്ട് നാം പൊതിയപ്പെടും. ശരീരത്തിലും ബുദ്ധിയിലും ആത്മാവിലും പടര്‍ന്നു കിടക്കുന്ന പഴയ മനുഷ്യസ്വഭാവങ്ങളെ അതിജീവിച്ച് ഉന്നതത്തിലെ ശക്തികൊണ്ടു നിറയപ്പെട്ടവരായി നമുക്കു ജീവിക്കാം. 

You can share this post!

ലോകത്തിന് അനുരൂപരാകരുത്

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

നോട്ടവും കാണലും

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts