news-details
അക്ഷരം

കവിത ഫെമിനിസം കുട്ടിക്കാലം

കവിതയുടെ സൂക്ഷ്മധ്വനികള്‍
 
അതീവ സൂക്ഷ്മമായ ചരിത്രബോധവും കാലബോധവും രാഷ്ട്രീയവും ഇഴചേര്‍ന്ന കവിതകളാണ് കെ. ജി. ശങ്കരപ്പിള്ളയുടേത്. നാലു പതിറ്റാണ്ടുകളായി അദ്ദേഹത്തിന്‍റെ കവിതകള്‍ കാലത്തിന്‍റെ മിടിപ്പുകള്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. നാം ജീവിക്കുന്ന സമൂഹം, ലോകം ഏതെല്ലാം പ്രതിസന്ധികളിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്ന് കെ. ജി. എസിന്‍റെ കവിതകള്‍ ആവിഷ്കരിക്കുന്നു. നിശിതമായ രാഷ്ട്രീയ ദര്‍ശനം അദ്ദേഹത്തിന്‍റെ  കവിതയെ ചിന്തകളാല്‍ നിറയ്ക്കുന്നു. വികാരത്തിന്‍റെ തന്ത്രികളെയല്ല കെ. ജി. എസ്. കവിതകള്‍ സ്പര്‍ശിക്കുന്നത്; വിചാരത്തിന്‍റെ തന്ത്രികളെയാണ്. 'ഞാനെന്‍റെ എതിര്‍കക്ഷി' എന്ന പുതിയ കവിതാസമാഹാരവും കാലചേതനയെ സാന്ദ്രമായി രേഖപ്പെടുത്തുന്നു. സമൂഹത്തെയും രാഷ്ട്രീയത്തെയും ചരിത്രത്തെയും വിചാരണ ചെയ്യുന്നതോടൊപ്പം ആത്മവിചാരണയും ഈ കവിതകളെ അഗാധമാക്കുന്നു. 
 
കെ. ജി. എസ് പുസ്തകത്തിന്‍റെ ആമുഖമായി കുറിക്കുന്ന ഈ വാക്കുകള്‍ കവിതകളിലേക്കുള്ള താക്കോല്‍ വാചകങ്ങളാണ്. "തിരയുകയാണ് ഞാന്‍ ഉള്ളറിയും ഉള്ള്. ഓരോ തരിയിലും അര്‍ത്ഥം കാണുന്ന ഉറുമ്പിനെപ്പോലൊരു ധ്യാനകോശം, തേനൊരുക്കാന്‍ പല  പൂമ്പൊരുളിണക്കുന്ന തേനീച്ച പോലൊരു ജൈവവാദ്യം. വാദിച്ച് വാദിച്ച്  സൗഹൃദം ശത്രുതയാക്കാത്ത, സംഭാഷണം സംഹാരമാക്കാത്ത, നേര് നുണയാക്കാത്ത, നീതി അനീതിയാക്കാത്ത, മതം വര്‍ഗീയമാക്കാത്ത മുന്‍വിധിയുടെ കോമരമാവാത്ത സുബോധം." നീതിയിലും സത്യത്തിലും വര്‍ഗീയമാകാത്ത മതത്തിലും നിന്ന് സുബോധമാര്‍ജ്ജിക്കാനുള്ള ശ്രമമാണ് കെ. ജി. എസ്. കവിതകളിലൂടെ നടത്തുന്നത്. പുതിയൊരു സുബോധത്തിലേക്ക് വായനക്കാരനും ഉണരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
 
'കാഴ്ചയുടെ കലക്കം ലോകത്തിന്‍റെ കലക്കവും ഭാഷയുടെ കലക്കവും കൂടിയാണ് എന്ന പി. എന്‍. ഗോപീകൃഷ്ണന്‍റെ നിരീക്ഷണം കെ. ജി. എസ്. കവിതകളെ അടയാളപ്പെടുത്തുന്നു. "പൊളിഞ്ഞുവീഴുന്ന ബാബേലിന്‍റെ ചിത്രമെടുപ്പാണ് ഇത്. തകരുന്ന ബാബേലിന്‍റെ കാലത്തെ ബൈബിള്‍" എന്നാണ് അദ്ദേഹം ഈ കവിതകളെ വിശേഷിപ്പിക്കുന്നത്. നൈതികതയുടെ കാതല്‍ അന്വേഷിക്കുന്ന കവിതകള്‍ കൂടിയാണ് കെ. ജി. എസിന്‍റേത്.
 
പലരും കടന്നുപോയതിന്‍റെ ബാക്കിയാണ് നാം ജീവിക്കുന്ന ലോകം. കടന്നുപോയവരുടെ ജീവിതത്തിന്‍റെ അവശേഷിപ്പുകള്‍ നമ്മിലുണ്ട് എന്ന് 'ബാക്കി' എന്ന കവിതയില്‍ കാണാം.
 
'ബാക്കികള്‍ നെയ്ത പരവതാനിയോ ജീവിതം? പുതുമ? പ്രപഞ്ചം?" എന്ന്  കവി ചോദിക്കുന്നു. എന്തായിരിക്കും നാം അടുത്ത തലമുറയ്ക്ക്  ബാക്കിവയ്ക്കുന്നത് എന്ന ചോദ്യവും അത്യന്തം പ്രസക്തമാകുന്നു. മതങ്ങളുടെ വഴിതെറ്റിയ യാത്ര ഈ കവിയെ ഏറെ ആകുലനാക്കുന്നു. "ഏതെങ്കിലും ഭീകരതയുടെ ദൂതനല്ലാതെ ഏത് ദൈവം?" എന്ന് കവി ചോദിക്കുന്നത് അതുകൊണ്ടാണ്. ഓരോരുത്തരും ജാതിസ്വത്വത്തിലും മതവ്യക്തിത്വത്തിലും കുടുങ്ങിക്കിടക്കുകയും അപരത്വത്തെ ഭയക്കുകയും ചെയ്യുന്ന കാലം അപായ സൂചനകള്‍ നിറഞ്ഞതാണ്. ഇരകളാക്കപ്പെടുന്നവന്‍ കേവലമനുഷ്യനാണ് എന്ന സത്യം നാം തിരിച്ചറിയണം.
ചുറ്റുപാടും ക്രൂരതകളും അനീതികളും അരങ്ങേറുമ്പോഴും ബുദ്ധിശാലികളായ നാം അലസബുദ്ധന്മാരായി, ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന ഭാവത്തില്‍ നാമിരിക്കുന്നു. നമ്മെ വേട്ടയാടാനെത്തുമ്പോഴേയ്ക്കും കാലം വൈകിയിരിക്കും. "നിഷ്പക്ഷര്‍, തീവ്രസ്വകാര്യവ്രതര്‍; നിര്‍ജീവര്‍ ജീവിച്ചിരിക്കിലും' എന്നാണ് ഇങ്ങനെയുള്ളവരെ വിളിക്കുന്നത്. ജീവിച്ചിരിക്കുമ്പോഴും നിര്‍ജ്ജീവരായവരുടെ സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു. "ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും' എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതിനു തുല്യമായ അവസ്ഥയാണിത്. 'ഒരു കറുത്ത തുണിപോലെ നിര്‍വികാരിത' നമ്മെ പൊതിയുകയാണ്. അപകടകരമായ ഈ അവസ്ഥയാണ് കവി അവതരിപ്പിക്കുന്നത്. 
 
'എതിര്‍മൊഴി കൊന്നൊടുക്കാമെന്നത് ഭീകരതയുടെ മതം.' എതിര്‍മൊഴികള്‍ അപരാധമായി കാണുന്ന കാലമാണിത്. ഫാഷിസത്തിന്‍റെ കരാളഹസ്തങ്ങള്‍ വിമതസ്വരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അധികാരം ബഹുസ്വരങ്ങളെ, സംസ്കാരവൈവിധ്യങ്ങളെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നു. 
 
"സ്തുതി വാക്കിലാടുന്ന വാലല്ല
 
എതിര്‍വാക്കിലാളുന്ന നീതി, കല" എന്നാണ് കവിയുടെ ദൃഢവിശ്വാസം. കലയും സാഹിത്യവുമെല്ലാം എതിര്‍വാക്കുകളാകുകയും നീതിയുടെ വെളിച്ചം പ്രസരിപ്പിക്കുകയും വേണം.
 
എന്തിനോടും പൊരുത്തപ്പെടുന്ന നാം പ്രതികരണ ശൂന്യരാകുന്നു. "കണ്ടുകണ്ട് അനിഷ്ടങ്ങളോടിണങ്ങി  കുരയ്ക്കാതായ നായയെപ്പോലെ" നാം ജീവിക്കുന്നു. നമ്മുടെ ഈ മൗനം എല്ലാ അനീതികള്‍ക്കും വളമാകുന്നു. അങ്ങനെ നീതിചിന്തയും ധീരതയും ദ്രവിക്കുന്നു. നേരിനോടും ഉള്ളിനോടും കൂറുപുലര്‍ത്തിയ കാലവും അങ്ങനെ പോയ്മറയുന്നു. സ്വന്തം വീടും കുടുംബവും ലോകമെന്ന മിഥ്യാധാരണ നമ്മുടെ കണ്ണുകളെ പാടമെന്നപോലെ മൂടിയിരിക്കുന്നു. ഇത് ഇന്നിന്‍റെ വലിയ പ്രതിസന്ധിയാണെന്ന് കവി തിരിച്ചറിയുന്നു. അങ്ങനെ ചരിത്രബോധമില്ലാത്ത, വേരുകളില്ലാത്ത തിന്മകളായി നാം മാറുന്നു. വഴിപ്പുറവും വിസ്തൃതിയും കാണാത്തവരായിക്കഴിയുമ്പോള്‍ ലില്ലിപ്പുട്ടിലെ കൊച്ചുമനുഷ്യരായി നാം ജന്മമെടുക്കുന്നു. മുഖത്തേയ്ക്ക് കഴുതവാല്‍ കുടയുന്ന ജാതിച്ചള്ളയുമായി നടക്കുന്നവരായി ഏവരും മാറുന്നത് അങ്ങനെയാണ്. 
 
ചരിത്രവും രാഷ്ട്രീയവും മതവും പ്രകൃതിയും സ്ത്രീയും ഉപഭോഗസംസ്കാരവും എല്ലാം ചര്‍ച്ചാവിഷയമാകുന്ന കെ. ജി. എസ്. കവിതകള്‍ കാലത്തിന്‍റെ സ്പന്ദനങ്ങള്‍ അടയാളപ്പെടുത്തുന്നു. 'എതിര്‍വാക്ക് ഭാവി വിളയും കതിര്‍വാക്ക്' എന്ന് വിശ്വസിക്കുന്ന ഈ കവി പ്രതിസംസ്കാരത്തിന്‍റെ സാധ്യതകളാണ് ആരായുന്നത്. പ്രതിരോധത്തിന്‍റെ കനല്‍ അദ്ദേഹത്തിന്‍റെ കവിതകളില്‍ എപ്പോഴും ജ്വലിച്ചുനില്‍ക്കുന്നു. നാം ജീവിക്കുന്നത് എത്ര ദരിദ്രമായ ജീവിതമാണെന്ന് ഈ കവിതകള്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. ഏകമാനമനുഷ്യര്‍ വിപണിയുടെ ഇരയാകുന്നു. വിപണിയുടെ പ്രലോഭനത്തില്‍ വീണുകിടക്കുന്നവന്‍ വീണ്ടെടുക്കാനാവാത്ത പതനത്തിലാണ്. സുബോധത്തിന്‍റെ ഉയിര്‍പ്പ് അനിവാര്യമാകുന്നത് അതുകൊണ്ടാണ്. ബോധാസ്തമനത്തില്‍ നിന്ന് ബോധോദയത്തിലേക്കാണ് കവി ലക്ഷ്യം വയ്ക്കുന്നത്. ലാഭം ദൈവമായി മാറുന്ന കാലത്തെ കെ. ജി. എസ്. വിചാരണ ചെയ്യുന്നു. വാക്കു കെടുത്തി നിലവിളി കൊളുത്തുന്നവരെ കവി നമുക്കു മുന്നില്‍ നിര്‍ത്തുന്നു. 'പാക്കിസ്ഥാനിലേക്കു പോകൂ' എന്ന് അലറി വിളിക്കുന്നവരെ തിരുത്താന്‍ ശ്രമിക്കുന്നു.'ഞാനെന്‍റെ എതിര്‍കക്ഷി' എന്ന കവിതാസമാഹാരം എല്ലാ വിധത്തിലും കാലചേതനയെ ചേര്‍ത്തുനിര്‍ത്തുന്നതാണ്.
 
(ഞാനെന്‍റെ എതിര്‍കക്ഷി - കെ. ജി. എസ്, കറന്‍റ് ബുക്സ്, തൃശൂര്‍)
 
പെണ്‍നോട്ടങ്ങള്‍
 
നിവേദിത മേനോന്‍ എഴുതിയ "seeing like a feminist' എന്ന ശ്രദ്ധേയ ഗ്രന്ഥത്തിന്‍റെ പരിഭാഷയാണ് 'അകമേ പൊട്ടിയ കെട്ടുകള്‍ക്കപ്പുറം ഇന്ത്യന്‍ ഫെമിനിസത്തിന്‍റെ വര്‍ത്തമാനങ്ങള്‍'. പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് സ്ത്രീ ചിന്തക ജെ. ദേവികയാണ്. ഇന്ത്യയിലെ സ്ത്രീ പഠനങ്ങള്‍ക്ക് ദിശാബോധം നല്കാന്‍ കരുത്തുള്ള ഗ്രന്ഥമാണിത്. കാലോചിതമായ പരിഷ്കാരങ്ങളോടുകൂടിയാണ് ഈ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
 
"നാമൊക്കെ ജനിക്കും മുമ്പേ, പണ്ടു മുതലേ ആരൊക്കെയോ തീരുമാനിച്ചുവെച്ച കുറെ ചടങ്ങുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാലേ സാമൂഹ്യവ്യവസ്ഥ നിലനില്‍ക്കൂ. ഈ വക ചടങ്ങുകള്‍ തുടര്‍ച്ചയായി വീണ്ടും വീണ്ടും ജീവിതകാലം മുഴുവന്‍ ചെയ്തുകൊള്ളണം" എന്ന് സൂചിപ്പിച്ചുകൊണ്ടാണ് നിവേദിതാ മേനോന്‍ തന്‍റെ അന്വേഷണം ആരംഭിക്കുന്നത്. ഈ ലോകത്തെ ആണ്‍-പെണ്‍ ഭേദത്തിനു ചുറ്റും പല തട്ടുകളായി അണിനിരത്തിക്കൊണ്ട് ഉച്ചനീചത്വങ്ങളുണ്ടാക്കുന്ന രീതി ഇന്ന് സര്‍വ്വസാധാരണമാണെന്ന് ഫെമിനിസ്റ്റ് വീക്ഷണം തിരിച്ചറിയുന്നു. "എല്ലാ വ്യത്യസ്തതകളും ഇല്ലാതാക്കാനും എല്ലാത്തിനെയും ഒരുപോലെയാക്കിത്തീര്‍ക്കാനുമുള്ള ശ്രമങ്ങളെ ഫെമിനിസ്റ്റ് ചെറുക്കുന്നു. മനുഷ്യസാദ്ധ്യതകളെ കുറയ്ക്കുന്നതിനു പകരം വിപുലപ്പെടുത്താന്‍ അതു പണിപ്പെടുന്നു" എന്നാണ് ഗ്രന്ഥകാരി വ്യക്തമാക്കുന്നത്. ലിംഗഭേദമടക്കമുള്ള നിരവധി അനീതികളാല്‍ കെട്ടിപ്പടുത്ത സാമൂഹ്യസൗധത്തിലാണ് നാം അധിവസിക്കുന്നതെന്ന കാര്യത്തെ തിരിച്ചറിയുന്നതിലൂടെയാണ് നാം ഫെമിനിസ്റ്റാകുന്നതെന്നാണ് അവളുടെ അഭിപ്രായം. ഈ കൃതിയുടെ കേന്ദ്രബിന്ദുക്കള്‍ രണ്ടാണ്. ഒന്ന്, ലിംഗപരമായ അധികാരം പ്രവര്‍ത്തിക്കുന്ന മട്ടും മാതിരിയും, രണ്ട്, അതിനെ പ്രതിരോധിക്കുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയം. "ലിംഗാധികാരത്തിന്‍റെ വിവിധ രൂപങ്ങളെ നേരിട്ടു വെല്ലുവിളിക്കുന്ന ആശയങ്ങളോടും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടും സംവദിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്" എന്ന നിവേദിതാ മേനോന്‍ എടുത്തുപറയുന്നു. മാറ്റമില്ലാത്തതെന്ന് സ്വയം നടിച്ചുകൊണ്ട് അധികാരം കൈയാളുന്ന എല്ലാ ശക്തികളെയും തുറന്നുകാണിക്കുന്നു. 
 
കുടുംബം, ഉടല്‍, ആസക്തി, ലൈംഗികാധിക്രമം, ഫെമിനിസ്റ്റുകളും സ്ത്രീകളും, ഇരകളോ കര്‍ത്തവ്യമുള്ളവരോ എന്നിങ്ങനെ ആറ് അധ്യായങ്ങളിലൂടെയാണ് ഗ്രന്ഥകാരി തന്‍റെ അന്വേഷണങ്ങള്‍ നടത്തുന്നത്. "ഇന്നത്തെ മട്ടിലുള്ള കുടുംബം തന്നെയാണ് അനീതിപൂര്‍ണ്ണമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ കാതല്‍" എന്നാണ് അവര്‍ നിരീക്ഷിക്കുന്നത്. പുരുഷാധിപത്യമൂല്യങ്ങള്‍ കെട്ടിയുറപ്പിക്കുന്നതില്‍ കുടുംബത്തിനുള്ള പങ്ക് നിര്‍ണായകമാണ്. "ഇന്നത്തെ അനീതിപൂര്‍വ്വമായ കുടുംബവ്യവസ്ഥയുടെ ഹൃദയം വിവാഹകേന്ദ്രിത കുടുംബമാണെങ്കില്‍, ആ കുടുംബത്തിന്‍റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നത് ആണ്‍-പെണ്‍ഭേദത്തിന്‍റെ രൂപത്തിലുള്ള ലിംഗവ്യത്യാസം തന്നെയാണ്. അതിനെ സൂക്ഷ്മവിമര്‍ശനത്തിലൂടെ അസ്ഥിരപ്പെടുത്തേണ്ടതുണ്ട്" എന്നാണ് നിവേദിത മേനോന്‍ തറപ്പിച്ചുപറയുന്നത്.
 
'സ്ത്രീകള്‍' എന്നത് 'ശരീരകേന്ദ്രിതമായ നന്മ'യായി മാറിയിരിക്കുന്നു. ഇതാണ് വിപണി ചൂഷണം ചെയ്യുന്നത്. "സ്ത്രീകളുടെ ശരീരത്തെ രൂപീകരിക്കുന്നതില്‍ സാമൂഹ്യപരിമിതികളും സൗന്ദര്യ മാനദണ്ഡങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നും തിരിച്ചറിയാം. ശരീരത്തെ രൂപീകരിക്കുന്നത് പ്രകൃതി മാത്രമല്ല, സംസ്കാരം കൂടിയാണെന്നും ഇപ്പോള്‍ വ്യക്തമാകുന്നു." പിതൃമേധാവിത്വമൂല്യങ്ങള്‍ വിലകെടുത്തിയ സ്ത്രൈണഗുണങ്ങളെയും മൂല്യങ്ങളെയും വീണ്ടെടുക്കാനുള്ള പരിശ്രമം നടത്തേണ്ടതുണ്ടെന്നാണ് ഗ്രന്ഥകാരി സൂചിപ്പിക്കുന്നത്. പ്രകൃതിസഹജമായ ശാരീരികപ്രക്രിയയില്‍ നിന്ന് ഉളവാകുന്നതായി നാം കാണുന്ന ഏതൊരു 'ദൗര്‍ബല്യ' ത്തിനും ഒഴിച്ചുകൂടാനാവാത്ത സാമൂഹ്യമാനങ്ങളുണ്ട് എന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്.
 
"നല്ലതെന്ന് 'നാം' കരുതുന്ന മൂല്യങ്ങളല്ല സാമൂഹ്യമുഖ്യധാരയില്‍ പ്രബലമായി കാണുന്നത്. തെരഞ്ഞെടുക്കലിനുള്ള സ്വാതന്ത്ര്യം പലപ്പോഴും പിതൃമേധാവിത്വമൂല്യങ്ങളെ വീണ്ടും അരിയിട്ടുവാഴിക്കുന്ന രീതിയായി മാറുന്നു. ഇത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രശ്നകരമാണ്" എന്ന് നിവേദിത മേനോന്‍ പ്രസ്താവിക്കുന്നു. സ്വതന്ത്രമായ ഇച്ഛാശക്തിയിലാണ് അവര്‍ ഊന്നുന്നത്. പ്രശ്നത്തെ രാഷ്ട്രീയമായി അഭിമുഖീകരിക്കേണ്ടതിന്‍റെ ആവശ്യകതയും അവര്‍ എടുത്തുപറയുന്നു.
 
നിവേദിത മേനോന്‍ തന്‍റെ ഗ്രന്ഥത്തിലൂടെ അതിവിപുലമായ അപഗ്രഥനമാണ് നടത്തുന്നത്. പാര്‍ശ്വവത്കരിക്കപ്പെടുന്ന എല്ലാ സമൂഹങ്ങളെയും ഫെമിനിസത്തോടു ചേര്‍ത്തു വിശകലനം ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നു. "ഇന്ത്യന്‍ ഭരണകൂടം എറ്റെടുത്തിട്ടുള്ള വികസനം പാരിസ്ഥിതിക സന്തുലനത്തിനും സുസ്ഥിരതയ്ക്കും ഉതകുന്നതല്ല. ഇപ്പോള്‍ തന്നെ അരികുകളിലേക്കു തള്ളപ്പെട്ടു കഴിഞ്ഞ ജനവിഭാഗങ്ങളെ കൂടുതല്‍ അപായപ്പെടുത്തുന്ന രീതിയാണ് അതിന്‍റേത്" എന്ന് ഗ്രന്ഥകാരി ശരിയായ രീതിയില്‍ വിലയിരുത്തുന്നു. "ഫെമിനിസ്റ്റ് മണ്ഡലത്തെ നവീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ഊര്‍ജങ്ങള്‍ പലതരം വര്‍ഗ-ജാതി നിലകളില്‍നിന്ന് പ്രവഹിച്ചുകൊണ്ടിരിക്കുന്നു, പിതൃമേധാവിത്വം പുതിയ രീതികളില്‍ വിമര്‍ശിക്കപ്പെടുന്നു. പ്രത്യേക മുറകളും ചട്ടങ്ങളും മുന്നോട്ടുവയ്ക്കുന്ന ഫെമിനിസ്റ്റ് നിലപാടുകളെക്കുറിച്ച് തര്‍ക്കങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു. അപ്പോള്‍ ഫെമിനിസം മെല്ലെ മെല്ലെ വരുന്നു. മെല്ലെയെങ്കിലും നിരന്തരം വന്നുകൊണ്ടേയിരിക്കുന്നു" എന്ന് നിവേദിത പ്രഖ്യാപിക്കുന്നു. 
 
(അകമേ പൊട്ടിയ കെട്ടുകള്‍ക്കപ്പുറം ഇന്ത്യന്‍ ഫെമിനിസത്തിന്‍റെ വര്‍ത്തമാനങ്ങള്‍- നിവേദിത മേനോന്‍- പരിഭാഷ ജെ. ദേവിക, എസ്. പി. സി. എസ്. കോട്ടയം)
 
പൊയ്പ്പോയ കുട്ടിക്കാലം
 
കേരളസംസ്ഥാനം രൂപം കൊണ്ടിട്ട് 60 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഈ അറുപതു വര്‍ഷങ്ങള്‍ മാറ്റങ്ങളുടേതു കൂടിയായിരുന്നു. മലയാളിയുടെ കുട്ടിക്കാലത്തിനും 60 വര്‍ഷങ്ങള്‍കൊണ്ട് പരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു. 'കുട്ടിക്കാലം മലയാളി ജീവിച്ച ബാല്യങ്ങള്‍' എന്ന കെ. എ. ബീനായുടെ പുസ്തകം നമ്മുടെ കുട്ടിക്കാലം എങ്ങനെയായിരുന്നുവെന്നും എന്തെല്ലാമാണ് നമുക്കു നഷ്ടപ്പെട്ടതെന്നും അന്വേഷിക്കുന്നു. വീടും പറമ്പും മുതല്‍ കളിയൊച്ചകള്‍ വരെയുള്ള അദ്ധ്യായങ്ങളിലൂടെ പഴയ കുട്ടിക്കാലവും ഇന്നത്തെ കുട്ടിക്കാലവും താരതമ്യത്തിന് വിധേയമാകുന്നു. ഏതു ശരി, ഏതു തെറ്റ് എന്നു പറയുക എളുപ്പമല്ലെങ്കിലും വിലപിടിച്ചതു പലതും നമുക്കു നഷ്ടമായിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു.
 
വീടും പരിസരവുമായി കുട്ടികള്‍ക്ക് അഭേദ്യബന്ധമുണ്ടായിരുന്ന കാലമാണ് നാം കടന്നുപോയത്.  "അന്ന് ബാല്യം പഠനത്തിന്‍റെ തടങ്കലിലായിരുന്നില്ല. പ്രകൃതിയില്‍ ജീവിച്ചുവളരാന്‍ തടസ്സങ്ങളുണ്ടായിരുന്നില്ല. വീടുകള്‍ ഇന്നത്തപ്പോലെ കാഴ്ചവസ്തുക്കളുടെ മ്യൂസിയങ്ങള്‍ ആയിരുന്നില്ല. ചുറ്റുപാടുനിന്നും ലഭിക്കുന്ന സാധനങ്ങള്‍കൊണ്ടാണ് വീടുകള്‍ നിര്‍മ്മിച്ചിരുന്നത്. വീട്ടിലെ അംഗങ്ങളുടെ ആവശ്യത്തിനനുസരിച്ചാണ് മുറികള്‍ പണിതിരുന്നത്. വീട്ടിലും പുറത്തും ഓടിച്ചാടി തിമിര്‍ത്ത് വളരാന്‍ കുട്ടികള്‍ക്ക് അവസരങ്ങള്‍ ഉണ്ടായിരുന്നു. ഒപ്പം ഒരുപാട് ഉത്തരവാദിത്വങ്ങളും അവര്‍ക്കുണ്ടായിരുന്നു" എന്ന് ഗ്രന്ഥകാരി പറയുമ്പോള്‍ ഒരു കാലത്തിന്‍റെ ചിത്രം തെളിഞ്ഞുവരുന്നു. ചുറ്റുമുള്ള പ്രപഞ്ചവുമായി കുട്ടികള്‍ക്ക് ആത്മബന്ധമുണ്ടായിരുന്ന കാലമാണ് നഷ്ടമായത്. "ജൈവവൈവിധ്യത്തിന്‍റെ കലവറയില്‍ വളര്‍ന്ന തലമുറകള്‍ പക്ഷേ, പിന്‍ഗാമികള്‍ക്കായി ഇതൊക്കെ  സംരക്ഷിക്കാന്‍ ശ്രദ്ധിക്കുന്നില്ല. ഇങ്ങിനിവരാത്തവണ്ണം നഷ്ടപ്പെടുകയാണ് ഒരു കാലത്തെ ഈ ജൈവപ്രപഞ്ചങ്ങള്‍" എന്ന നിരീക്ഷണം ശ്രദ്ധേയമാണ്.
 
മുമ്പ് കുട്ടിക്കാലത്തിന് മഴയുമായി വലിയ ബന്ധമുണ്ടായിരുന്നു. ഇന്ന് മഴ കുട്ടികള്‍ക്കുള്ളതല്ലാതായിരിക്കുന്നു. പെരുമഴയില്‍ നനഞ്ഞ്, മകരമഞ്ഞില്‍ കുളിര്‍ന്ന്, വെയിലത്ത് തിമിര്‍ത്ത ബാല്യം. അന്നത്തെ കുട്ടികള്‍ക്ക് പ്രകൃതി ചങ്ങാതിയായിരുന്നു. പിന്നീടെപ്പോഴോ മഴ നനഞ്ഞാല്‍ കുട്ടികള്‍ക്ക് പനി പിടിക്കുമെന്നും വെയിലേറ്റാല്‍ വാടിപ്പോകുമെന്നുമൊക്കെയായി മാതാപിതാക്കളുടെ ചിന്ത. അങ്ങനെയാണ് കുട്ടികള്‍ക്ക് പ്രകൃതിയെ നഷ്ടമായത്' എന്ന തിരിച്ചറിവ് ഏറെ പ്രധാനമാണ്.
 
പഴയ കുട്ടിക്കാലത്തെ ജീവിതം ഇന്നു കാണാനില്ല. "തിരിച്ചുവരാത്തവിധത്തില്‍ ജീവിതം മാറിമറിയുകയാണ്. സാങ്കേതികതയുടെ ധൃതഗതിയിലുള്ള കീഴ്പ്പെടുത്തലില്‍ എല്ലാത്തിനും സ്ഥാനഭ്രംശം സംഭവിക്കുന്നു. മാറുന്ന കാലത്തിനൊപ്പം ഓടിയെത്താന്‍ ശ്രമിക്കുകയാണ് എങ്ങും എവിടെയുമുള്ള മനുഷ്യര്‍. കുട്ടികളെ ഒപ്പം കൂട്ടാതെ വയ്യ. ഇതിനിടയില്‍ കുട്ടിക്കാലം ഝടുതിയില്‍ മാറുന്നു എന്നതാണ് യാഥാര്‍ത്ഥ്യം." മാറ്റത്തിന്‍റെ ചരിത്രമാണ് ഗ്രന്ഥകാരി സൂചിപ്പിക്കുന്നത്. വീടുകളും സ്കൂളുകളും ആഹാരവും കളിയാട്ടങ്ങളും ചുറ്റുപാടുകളുമെല്ലാം മാറുമ്പോള്‍ കുട്ടിക്കാലവും മാറുന്നു. "അസാധാരണമാം വിധം കുട്ടിക്കാലം സ്കൂളിലും സ്കൂള്‍ബസിലും വീട്ടിനുള്ളിലും ഷോപ്പിങ്ങ് മാളിനുള്ളിലും പാര്‍ക്കിലും മാത്രമായൊതുങ്ങുന്നു എന്നത് പുതിയകാല യാഥാര്‍ത്ഥ്യമാണ്" എന്ന് കാലത്തെ ഗ്രന്ഥകാരി അടയാളപ്പെടുത്തുന്നു. കുട്ടികള്‍ അവനവനിലേക്ക് ഒതുങ്ങിക്കൂടുന്നു. 'പ്രകൃതിയില്ലാരോഗം' ബാധിച്ച കുട്ടികളുടെ എണ്ണം കേരളത്തില്‍ കൂടിവരുന്നു എന്നാണ് പുതിയ വര്‍ത്തമാനം.
 
മുതിര്‍ന്ന ആളുകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന പുസ്തകമാണ് 'കുട്ടിക്കാലം.' ഇന്നത്തെ കുട്ടികള്‍ക്ക് ഭൂതകാലബാല്യത്തെ മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം സഹായകമാണ്. മാറ്റം എത്രമാത്രം അഭികാമ്യമാണ് എന്ന വസ്തുത ചിന്തനീയമാണ്. നമ്മില്‍ നഷ്ടബോധമുണര്‍ത്താനും ഈ ഗ്രന്ഥം കാരണമാകുന്നു. (കുട്ടിക്കാലം: മലയാളി ജീവിച്ച ബാല്യങ്ങള്‍- കെ. എ. ബീന, ഡി. സി. ബുക്സ് കോട്ടയം)    

You can share this post!

അഭയാര്‍ത്ഥികളും ഇരുണ്ടകാലത്തിന്‍റെ കവിതകളും

ഡോ. റോയി തോമസ്
അടുത്ത രചന

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts