news-details
ഫ്രാൻസിസ്കൻ വിചാര ധാര

അനശ്വരസ്നേഹത്തിന്‍റെ ആത്മീയ വിരുന്ന്

"ഉത്തമമായ പശ്ചാത്താപത്തോടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിച്ചതിനുശേഷം എന്‍റെ മാംസം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്(യോഹ. 6:55), ഇത് എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ (ലൂക്കാ. 22:20)എന്ന വാക്കുകള്‍ അനുസ്മരിച്ച് അവര്‍ (സഹോദരര്‍) നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മാംസവും രക്തവും ഉന്നതമായ എളിമയോടും ബഹുമാനത്തോടും കൂടെ സ്വീകരിക്കട്ടെ." (1221ലെ ഫ്രാന്‍സിസ്കന്‍ നിയമാവലി, അധ്യായം 20)
 
"അവര്‍ വര്‍ഷത്തില്‍ മൂന്നുതവണ കുമ്പസാരിക്കുകയും പിറവിത്തിരുനാളിനും ഉയിര്‍പ്പുതിരുനാളിനും പെന്തക്കുസ്താദിനത്തിലും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും വേണം. അവര്‍ അയല്‍ക്കാരുമായി അനുരഞ്ജിതരാവുകയും അവര്‍ക്ക് അര്‍ഹതപ്പെട്ടത് തിരികെ നല്കുകയും ചെയ്യട്ടെ." (ഫ്രാന്‍സിസ്കന്‍ മൂന്നാംസഭയ്ക്കുള്ള ആദ്യനിയമാവലി- അധ്യായം 5) 
 
"നാം നമ്മുടെ പാപങ്ങള്‍ പുരോഹിതനോട് ഏറ്റുപറഞ്ഞ് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മാംസവും രക്തവും കൈക്കൊള്ളണം. അവന്‍റെ മാംസം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യാത്ത ഒരുവനും സ്വര്‍ഗരാജ്യത്തില്‍ പ്രവേശനമുണ്ടാകുകയില്ല. എന്നാല്‍ അര്‍ഹതയോടെ മാത്രമേ അവന്‍റെ മാംസം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യാന്‍ പാടുള്ളൂ. അര്‍ഹതയോടെയല്ലാതെ, അവന്‍റെ മാംസം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെ തന്നെ വിധി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നു(1 കോറി. 1: 29). അതായത് അവന്‍ അതിനും മറ്റു ഭക്ഷണപാനീയങ്ങള്‍ക്കും തമ്മില്‍ ഒരു വ്യത്യാസവും കാണുന്നില്ല. ഒപ്പം പശ്ചാത്താപത്തിനു യോജിച്ചവിധം നാം ഫലം പുറപ്പെടുവിക്കണം (ലൂക്ക 3:8). നാം നമ്മുടെ അയല്‍ക്കാരെ നമ്മെപ്പോലെ സ്നേഹിക്കണം." (വി. ഫ്രാന്‍സിസ്- വിശ്വാസികള്‍ക്കുള്ള കത്ത്).
 
"എന്‍റെ മുഴുവന്‍ സ്നേഹത്തോടുംകൂടെ, നിങ്ങളുടെ പാദങ്ങളില്‍ ചുംബിച്ചുകൊണ്ട്, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പരമ പവിത്രമായ ശരീരത്തോടും രക്തത്തോടും ഉന്നതമായ ആദരവും ബഹുമാനവും പുലര്‍ത്താന്‍ ഞാന്‍ യാചിക്കുന്നു. സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും അവന്‍ തന്‍റെ മാംസത്താലും രക്തത്താലും പരമപിതാവുമായി അനുരഞ്ജിപ്പിച്ചു. കുരിശില്‍ രക്തം ചിന്തി സമാധാനം സ്ഥാപിച്ചു. അതിനാല്‍ നിലവില്‍ പുരോഹിതരും പുരോഹിതരാകാന്‍ പോകുന്നവരും അതിനായി ആഗ്രഹിക്കുന്നവരുമായ എന്‍റെ എല്ലാ സഹോദരരോടും ഞാന്‍ യാചിക്കുന്നു: വിശുദ്ധ ബലിയര്‍പ്പണത്തെ എല്ലാവിധ ഭൗതികകാമനകളില്‍ നിന്നും അകറ്റി നിര്‍ത്തുക. ഏകാഗ്രതയോടെ, ആദരവോടെ, ശുദ്ധവും വിശുദ്ധവുമായ ഉദ്ദേശ്യത്തോടെ, മനുഷ്യരുടെ സ്നേഹമോ ബഹുമാനമോ വഴിയുണ്ടാകുന്ന ഭൗതികനേട്ടങ്ങള്‍ കൊതിക്കാതെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഏറ്റം ദിവ്യമായ മാംസവും രക്തവും ബലിയര്‍പ്പിക്കുക. ദൈവകാരുണ്യത്താല്‍ നിങ്ങളുടെ ലക്ഷ്യം അവന്‍ മാത്രമാകട്ടെ. പരമോന്നതനായ കര്‍ത്താവിന്‍റെ പ്രീതി മാത്രമാവട്ടെ. കാരണം അവന്‍റേതു മാത്രമായ മാര്‍ഗത്തില്‍ അവനാണല്ലോ ഈ ദിവ്യത സ്ഥാപിച്ചത്. എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍ എന്ന് നമ്മോട് അവന്‍ പറഞ്ഞു. അതിനെതിരായി പ്രവര്‍ത്തിക്കുന്നവന്‍ യൂദാസിനെ കണക്ക് വഞ്ചകനാകുന്നു. അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നു." (വി. ഫ്രാന്‍സിസ് സഹോദരരുടെ പൊതുകൂടിച്ചേരലിന് അയച്ച സന്ദേശത്തില്‍ നിന്ന്).
 
"എന്‍റെ മുഴുവന്‍ സ്നേഹത്തോടുംകൂടെ, നിങ്ങളുടെ പാദങ്ങളില്‍ ചുംബിച്ചുകൊണ്ട്, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പരമ പവിത്രമായ ശരീരത്തോടും രക്തത്തോടും ഉന്നതമായ ആദരവും ബഹുമാനവും പുലര്‍ത്താന്‍ ഞാന്‍ യാചിക്കുന്നു. സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും അവന്‍ തന്‍റെ മാംസത്താലും രക്തത്താലും പരമപിതാവുമായി അനുരഞ്ജിപ്പിച്ചു."
 
"പിതാവായ ദൈവം അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്നുവെന്ന് വിശുദ്ധ ലിഖിതങ്ങള്‍ പറയുന്നു. (1തിമോ 6:16). ദൈവം ആത്മാവാണ് (യോഹ 1:18). ദൈവം ആത്മാവായതിനാല്‍ അവിടുത്തെ ആത്മാവില്‍ മാത്രമേ ദര്‍ശിക്കാനാകൂ. ആത്മാവാണു ജീവന്‍ നല്കുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല.(യോഹ. 6:64). പുത്രനായ ദൈവം പിതാവിനു സമനത്രേ. അതിനാല്‍ പിതാവിനെയും പരിശുദ്ധാരൂപിയെയും പോലെ അവനെയും ആത്മാവിലേ ദര്‍ശിക്കാനാകൂ. അതിനാല്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ അന്ന് മനുഷ്യത്വം മാത്രം കാണുകയും ആത്മാവിനാല്‍ അവന്‍റെ ദിവ്യതയും ദൈവപുത്രസ്ഥാനവും ഗ്രഹിക്കാതിരിക്കുകയും ചെയ്തവര്‍ അഭിശപ്തരായി. ഇപ്പോഴാവട്ടെ, അള്‍ത്താരയില്‍ ദിവ്യബലിയര്‍പ്പണത്തില്‍ അപ്പവും വീഞ്ഞും മാത്രം കാണുകയും അത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മാംസവും രക്തവുമെന്ന് ആത്മാവിലും ദൈവത്തിലും ദര്‍ശിക്കുകയും വിശ്വസിക്കുകയും ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ അഭിശപ്തരത്രേ. പരമോന്നതനായ അവന്‍ തന്നെ നമ്മോടു പറഞ്ഞു: ഇത് പുതിയ ഉടമ്പടിയുടെ എന്‍റെ ശരീരവും രക്തവുമാകുന്നു (മര്‍ക്കോ 14:22-24). എന്‍റെ മാംസം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട് (യോഹ. 6: 55). അതിനാല്‍ നമ്മുടെ ക ര്‍ത്താവിന്‍റെ ഏറ്റം വിശുദ്ധമായ മാംസവും രക്തവും സ്വീകരിക്കുന്ന ഏതു വിശ്വാസിയിലും ദൈവാത്മാവ് വസിക്കുന്നു. ആത്മാവില്ലാതെ അവനെ സ്വീകരിക്കുന്നു എന്നു നടിക്കുന്നവര്‍ തന്‍റെ തന്നെ വിധി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ വിശുദ്ധ ലിഖിതങ്ങളിലെ ചോദ്യം നമുക്ക് ആവര്‍ത്തിക്കാം. നിങ്ങള്‍ എത്രകാലം ഹൃദയത്തില്‍ നിരാശരായി കഴിയും(സങ്കീ. 4:3). സത്യം തിരിച്ചറിഞ്ഞ് ദൈവപുത്രനില്‍ വിശ്വസിക്കാന്‍ നിങ്ങള്‍ മടിക്കുന്നതെന്ത്(യോഹ. 9: 35). ദൈവമഹത്വത്തില്‍ നിന്ന് കന്യകയുടെ ഉദരത്തില്‍ വന്നവതരിച്ചതുപോലെ എല്ലാ ദിവസവും അവന്‍ സ്വയം എളിമപ്പെടുന്നു. പിതാവിന്‍റെ ഹൃദയത്തില്‍നിന്ന് അള്‍ത്താരയില്‍ പുരോഹിതന്‍റെ കൈകളിലേക്ക് ഇറങ്ങിവന്ന് അവന്‍ നമുക്ക് ദര്‍ശനം അനുവദിക്കുന്നു. അപ്പോസ്തലര്‍ പച്ചമാംസത്തില്‍ ദര്‍ശിച്ചതുപോലെ അവന്‍ ഇപ്പോള്‍ ഈ വിശുദ്ധ അപ്പത്തില്‍ നമുക്ക് ദര്‍ശനം അരുളുന്നു. അപ്പോസ്തലര്‍ അവരുടെ കണ്ണുകളാല്‍ അവന്‍റെ ശരീരം മാത്രം കണ്ടു. എന്നാല്‍ ആത്മാവിന്‍റെ നേത്രങ്ങളാല്‍ ധ്യാനിച്ച അവര്‍, അവന്‍ ദൈവമാണെന്ന് അറിഞ്ഞ് വിശ്വസിച്ചു. നാമും നമ്മുടെ മാംസചക്ഷുസുകളാല്‍ അപ്പവും വീഞ്ഞുമേ കാണുന്നുള്ളൂ. അതിനുമപ്പുറം നാം കാണണം. അത് സത്യവും ജീവനുമായ അവന്‍റെ മാംസവും രക്തവുമെന്ന് വിശ്വസിക്കണം. യുഗാന്തം വരെ ഞാന്‍ നിങ്ങളോടുകൂടെയുണ്ടാവും (മത്താ. 28: 20) എന്ന അവനന്‍റെ വാഗ്ദാനമനുസരിച്ച് ദൈവം അവന്‍റെ അനുയായികളില്‍ കാലങ്ങളായി വസിക്കുന്നു എന്ന് ഗ്രഹിക്കണം." (വി. ഫ്രാന്‍സിസ്, അനുശാസനങ്ങള്‍ -1) 
 
"സഹോദരരര്‍ ദുഃഖമടക്കാനാവാതെ കണ്ണീര്‍ വാര്‍ത്തുകൊണ്ടിരിക്കെ അപ്പം കൊണ്ടുവരാന്‍ വിശുദ്ധ പിതാവ് (വി. ഫ്രാന്‍സിസ്) ആജ്ഞാപിച്ചു.  അവന്‍ അത് ആശീര്‍വദിച്ച് മുറിച്ചു. ഓരോ ചെറിയ ഭാഗം ഏവര്‍ക്കും ഭക്ഷിക്കാനായി നല്കി. സുവിശേഷം കൊണ്ടുവരാന്‍ ആജ്ഞാപിച്ച് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്ന്, പെസഹാതിരുനാളിന് മുന്‍പ് എന്നു തുടങ്ങുന്ന ഭാഗം വായിക്കാന്‍ ആവശ്യപ്പെട്ടു. കര്‍ത്താവ് ശിഷ്യന്മാരോടൊപ്പം അന്ത്യഅത്താഴം ആഘോഷിച്ചതിന്‍റെ ഓര്‍മ്മ അവന്‍ ആചരിക്കുകയായിരുന്നു. ആ അത്താഴത്തിന്‍റെ വിശുദ്ധമായ ഓര്‍മ്മയില്‍ തന്‍റെ സഹോദരരോടുള്ളഅഗാധമായ സ്നേഹം അവന്‍ വെളിപ്പെടുത്തി(2സെലാനോ 217).
 
പശ്ചാത്താപവും എളിമയുമാണ് വിശുദ്ധ കുര്‍ബാനയില്‍ ദിവ്യനാഥനെ  സ്വീകരിക്കാന്‍ വേണ്ട യോഗ്യതയെന്ന് ഫ്രാന്‍സിസ് പഠിപ്പിക്കുന്നു. യോഗ്യതയില്ലാത്തവര്‍ക്ക് അത് വിധിയുടെ ഭക്ഷണവും പാനീയവുമായിരിക്കുമെന്ന് അവന്‍ താക്കീതു ചെയ്യുന്നു. പശ്ചാത്തപിക്കുന്നവര്‍ അതിനു യോജിച്ച ഫലം പുറപ്പെടുവിക്കണം. അവര്‍ അയല്‍ക്കാരോട് അനുരഞ്ജിതരായിരിക്കണം. അവനെ തന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഭൗതികമായതൊന്നും വിശുദ്ധ ബലിയര്‍പ്പണത്തിന്‍റെ ലക്ഷ്യങ്ങളാകരുതെന്ന് ഫ്രാന്‍സിസ് പുരോഹിതരെ ഓര്‍മ്മിപ്പിച്ചു. ആ ദിവ്യാത്ഭുതം സ്ഥാപിച്ചവന്‍ അത് തന്‍റെ ഓര്‍മ്മയ്ക്കായി മാത്രം ആചരിക്കാന്‍ ആജ്ഞാപിച്ചു. അത് ലംഘിക്കുന്നവര്‍ യൂദാസിനെ കണക്ക് വഞ്ചകരാണെന്ന് ഫ്രാന്‍സിസ് താക്കീതു ചെയ്യുന്നു. 
 
ആത്മചക്ഷുസുകളാല്‍ വിശുദ്ധ കുര്‍ബാനയില്‍ ദൈവസാന്നിധ്യം അനുഭവിച്ചറിയാമെന്ന് അവന്‍ സാക്ഷ്യപ്പെടുത്തി. അവസാനം, അന്ത്യഅത്താഴം ആവര്‍ത്തിച്ച് അവന്‍ സഹോദരരോടുള്ള അഗാധസ്നേഹം വെളിപ്പെടുത്തി. പുതിയ ഉടമ്പടി ഓര്‍മ്മിപ്പിച്ചു. സ്നേഹിതര്‍ക്കായി ജീവന്‍ ബലിയര്‍പ്പിച്ച സ്നേഹനാഥന്‍റെ സ്നേഹവിരുന്നില്‍ സ്നേഹം മാത്രമാണ് വിളമ്പുന്നതെന്ന് അസ്സീസിയിലെ ഫ്രാന്‍സിസ് സ്വജീവിതത്താല്‍ സാക്ഷ്യപ്പെടുത്തി. 

You can share this post!

വീണ്ടെടുക്കുക ഫ്രാന്‍സിസിനെ, ക്രൈസ്തവമൂല്യങ്ങളെ

ജോന്‍ എം. സ്വീനി
അടുത്ത രചന

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts