news-details
കവർ സ്റ്റോറി

മതാന്ധതയ്ക്ക് മറുപടി മതമൂല്യങ്ങള്‍

 "മതം സമൂഹത്തിന്‍റെ പല ചേരുവകളില്‍ ഒന്നായിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് സമൂഹത്തിന്‍റെ സ്വത്വം മതമായിരിക്കുന്നു. സമൂഹം തന്നെ മതമായിരിക്കുന്നു" (ബോറിസ് ബ്യൂഡന്‍ - സാംസ്കാരിക വിമര്‍ശകന്‍)
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലാണ് രാജ്യം. ദാരിദ്ര്യം, സാമ്പത്തിക-സാമൂഹിക അസമത്വം, തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷിക പ്രതിസന്ധി, അഴിമതി, വിദ്യാഭ്യാസ ആരോഗ്യമേഖലയുടെ മൂലധനവല്‍ക്കരണം തുടങ്ങി കാതലായ വിഷയങ്ങളെ പിന്തള്ളി തെരഞ്ഞെടുപ്പില്‍ മതം പ്രധാന വിഷയമായിരിക്കുന്നു. ഇത് ഒറ്റപ്പെട്ട പ്രതിഭാസമല്ല.
  ഇരുപതാം നൂറ്റാണ്ടിനൊടുവില്‍ ശീതയുദ്ധാനന്തര ലോകക്രമം രാഷ്ട്രീയ-സാമൂഹിക വിദഗ്ദ്ധരുടെ പ്രധാന ചിന്താവിഷയമായി. പാശ്ചാത്യ ഉദാര ജനാധിപത്യം ലോകമെങ്ങും സ്ഥാപിതമാവുകയും ലോകചരിത്രം അവിടെ അവസാനിക്കുകയും ചെയ്യുമെന്ന ഫ്രാന്‍സിസ് ഫുക്കു യാമ*യുടെ പ്രവചനം ലോകം കാല്‍പ്പനിക കൗതുകത്തോടെ ശ്രദ്ധിച്ചു. ഫുക്കു യാമയുടെ ഗുരു കൂടിയായ അമേരിക്കന്‍ രാഷ്ട്രീയ ചിന്തകന്‍ സാമുവല്‍ പി. ഹണ്ടിങ്ങ്ടണ്‍* മതാധിഷ്ഠിത സംസ്കാരങ്ങളുടെ ഏറ്റുമുട്ടലാകും ഭാവിലോകക്രമമെന്ന് ശിഷ്യന് മറുപടി നല്‍കി. ക്രൈസ്തവ ഹൈന്ദവ ബുദ്ധിസ്റ്റ് സംസ്കാരങ്ങള്‍ അടക്കമുള്ള വ്യത്യസ്ത നാഗരികതകളുടെയെല്ലാം മുഖ്യശത്രു ഇസ്ലാം സംസ്കാരമായിരിക്കുമെന്നും ഹണ്ടിങ്ടണ്‍ പറഞ്ഞുവെച്ചു. ലോകം ഇന്ന് ആ വഴിക്ക് നീങ്ങുന്നു.
 
ട്രംപിന്‍റെ യു.എസ്.
 
   2016-ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിനെ കോണ്‍സ്റ്റന്‍റയിന്‍* ചക്രവര്‍ത്തിയോടും ഹിലരി ക്ലിന്‍റനെ ഡയക്ലീഷ്യന്‍* ചക്രവര്‍ത്തിയോടും ഉപമിച്ച് അതിയാഥാസ്ഥിതിക കത്തോലിക്കാ വിഭാഗമായ 'ചര്‍ച്ച് മിലിറ്റന്‍റ്' അരങ്ങിലും അണിയറയിലും സജീവമായി. അങ്ങിനെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 'ആത്മീയ യുദ്ധമായി'. ചില ഇവാഞ്ചലിസ്റ്റ് വിഭാഗങ്ങളുമായി കൈകോര്‍ത്ത ഈ പുതിയ 'ദേശീയ നവ ക്രൈസ്തവികത' (National neo Christianity) യാണ് ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ, സങ്കുചിത ദേശീയ അജണ്ടയുടെ പ്രേരകശക്തിയും ചാലകശക്തിയും. 'മതത്തില്‍ നിന്ന് ധാര്‍മ്മികതയെ ഒഴിവാക്കി സഭയെ പൊതുജനമധ്യത്തില്‍ തെറ്റായി അവതരിപ്പിച്ച ഈ വിഭാഗം പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന യാഥാസ്ഥിതിക തീവ്ര യാഥാസ്ഥിതിക നവയാഥാസ്ഥിതിക കത്തോലിക്കാ വിഭാഗങ്ങള്‍ക്ക് ഒന്നിക്കാനുള്ള വേദിയായെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്പെയിനിലും ഫ്രാന്‍സിലും ഇറ്റലിയിലും രൂപംകൊണ്ട കത്തോലിക്കാ മതമൗലികവാദ (Catholic integration) ത്തിന്‍റെ മുദ്രാവാക്യമായിരുന്ന മത ഭരണം (theocracy) തന്നെ നവതീവ്രവാദത്തിന്‍റെയും മുഖ്യലക്ഷ്യം.
 ഭൂരിപക്ഷ മതസ്വത്വത്തെ ദേശീയതയുമായി തുലനപ്പെടുത്തുകയും താദാല്‍മ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് മത സാംസ്കാരിക ന്യൂനപക്ഷങ്ങളെ അപരസ്ഥാനത്തു നിര്‍ത്തി ശത്രുക്കളാക്കി മുദ്രകുത്തി രാഷ്ട്രീയനേട്ടം കൊയ്യുന്ന അപകടകരമായ അധികാരക്കളി ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പല രൂപത്തിലും ഭാവത്തിലും ആവര്‍ത്തിക്കുന്നു.
 
ഇസ്ലാമിക തീവ്രവാദവും ഇസ്ലാമോഫോബിയയും
 
  ഇസ്ലാമിനോടുള്ള വെറുപ്പായും ഭയമായും പ്രകടമാകുന്ന ഇസ്ലാമോഫോബിയ ലോകത്തെ ഗ്രസിച്ച മനോരോഗമായിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ പ്രത്യേകിച്ച് യു.എസില്‍ അതേതാണ്ട് ഉന്മാദാവസ്ഥയിലെത്തിയിരിക്കുന്നു. 1980-കളില്‍ അഫ്ഗാനിസ്ഥാനില്‍ മുല്ല ഉമര്‍ അമ്പതോളം അനുയായികളുമായി തുടക്കംകുറിച്ച താലിബാന് ആളും അര്‍ത്ഥവും നല്‍കി സോവിയറ്റ് പിന്തുണയുള്ള നജീബുള്ള ഗവണ്‍മെന്‍റിനെ അട്ടിമറിക്കാന്‍ നിയോഗിച്ച യു.എസ്. ഭരണകൂടം പിന്നീട് കുടത്തില്‍ നിന്നിറക്കിവിട്ട ഇസ്ലാം തീവ്രവാദ ഭൂതത്തെ പിടിച്ചുകെട്ടാന്‍ കഴിയാതെ വിയര്‍ക്കുന്നത് ലോകം കണ്ടു. അല്‍ ഖ്വയ്ദയായും ഇസ്ലാമിക് സ്റ്റേറ്റായും പല പേരുകളില്‍ പടര്‍ന്നു പന്തലിച്ച ഇസ്ലാമിക തീവ്രവാദം ആശയപരമായി ഊര്‍ജ്ജം സംഭരിക്കുന്ന മുസ്ലീം മത ഭരണരാജ്യങ്ങള്‍ അന്നും ഇന്നും യു.എസിന്‍റെ സഖ്യകക്ഷികളായിരിക്കുന്നതില്‍ അവര്‍ വൈരുദ്ധ്യവും അപാകതയും കാണുന്നുമില്ല.
 
     ശീതയുദ്ധകാലത്ത് സോവിയറ്റ് സഖ്യത്തിനെതിരെ തൊടുത്ത ഒളിയമ്പ്  9/11 ലെ തീവ്ര ദുരന്തമായി തിരിച്ചടിച്ചതിനു പിന്നാലെ ഇസ്ലാമോഫോബിയ ലോകത്തിന്‍റെ മനോരോഗമായി. യു.എസി.ലും പാശ്ചാത്യരാജ്യങ്ങളിലും അത് ഉന്മാദത്തിന്‍റെ വക്കോളമായി. അമേരിക്കന്‍ ജനസംഖ്യയിലെ 0.9% മാത്രം വരുന്ന 3.45 ദശലക്ഷം മുസ്ലീങ്ങള്‍ അപരരായി. കറുത്ത വര്‍ഗ്ഗക്കാരേക്കാളും സ്വവര്‍ഗ്ഗാനുരാഗികളേക്കാളും ലാറ്റിനമേരിക്കന്‍ വംശജരേക്കാളും വിവേചനം നേരിടുന്നവരായി യു.എസിലെ മുസ്ലീങ്ങള്‍.
 
ഭീകരതയുടെ പര്യായം
 
  ഇസ്ലാമെന്നാല്‍ തീവ്രവാദമെന്നും മുസ്ലീമെന്നാല്‍ ഭീകരനെന്നുമുള്ള അപരനാമനിര്‍മ്മിതി ഇന്ന് പരക്കെ സമ്മതി നേടിയിരിക്കുന്നു. വിമാനത്താവളങ്ങളില്‍ മുസ്ലീം നാമധാരികള്‍ സുരക്ഷാ ഭീഷണിയും അതിന്‍റെ പേരില്‍ അവഹേളനാപാത്രങ്ങളുമാകുന്നു. ഇസ്ലാമിനെ ഏകശിലാരൂപമായും അതിയാഥാസ്ഥിതികമായും അവതരിപ്പിക്കുന്നതില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ മാത്രമല്ല പൗരസ്ത്യ മാധ്യമങ്ങളും മത്സരിക്കുന്നു. ലോകത്തെവിടെ ഭീകരാക്രമണമുണ്ടായാലും അതിനു പിന്നില്‍ ഏതെങ്കിലുമൊരു ഇസ്ലാമിക ഗ്രൂപ്പാണെന്നും തന്‍റെ അയലത്തെ മുസ്ലീമും അതിനുത്തരവാദിയാണെന്നുമുള്ള തോന്നല്‍ ഞൊടിയിടയില്‍ ബോധമണ്ഡലത്തില്‍ തെളിയുംവിധം ലോകം മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമായിരിക്കുന്നു. അങ്ങിനെ ഇസ്ലാം മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തവും തരംതാണതുമാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പാശ്ചാത്യ ഇസ്ലാം സംസ്കാരങ്ങള്‍ ശത്രുപക്ഷത്തായിരിക്കുന്നു. സംസ്കാരങ്ങളുടെ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചിരിക്കുന്നു.
 
 
 
 
 
 
ഇസ്ലാം വിരുദ്ധതയെ സാധൂകരിക്കാത്ത ഇസ്ലാം പ്രീണനം
 
  മതതീവ്രവാദത്തിന് മുലയൂട്ടുന്ന അതിയാഥാസ്ഥിതിക ഇസ്ലാമിനെ എണ്ണയുടെ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പേരില്‍ നിര്‍വിശങ്കം ആശ്ലേഷിക്കുന്ന പാശ്ചാത്യ രാഷ്ട്രീയം പക്ഷേ സൂഫിസംപോലുള്ള ഇസ്ലാമിന്‍റെ ചൈതന്യവാഹിയായ ജ്ഞാനധാരകളെ അടിച്ചമര്‍ത്തുന്ന യാഥാസ്ഥിതിക ശക്തികള്‍ക്കു നേരേ കണ്ണടയ്ക്കുന്നു. ഒപ്പം ഇസ്ലാം തീവ്രവാദത്തേയും ഭീകരതയേയും അപലപിക്കുകയും അതിന്‍റെ ഭാരമത്രയും മുസ്ലീം സാമാന്യത്തില്‍ ചുമത്തുകയും ചെയ്യുന്നു. അങ്ങിനെ പാശ്ചാത്യരാജ്യങ്ങളുടെ പ്രത്യേകിച്ച് യു.എസിന്‍റെ ഇസ്ലാംപേടി (ഇസ്ലാമോഫോബിയ) യെ അവരുടെ തന്നെ ഇസ്ലാംപ്രേമം (ഇസ്ലാമോഫീലിയ) സാധൂകരണമില്ലാത്തതാക്കുന്നു.
 
ഇസ്ലാം ഇന്ത്യയില്‍
 
   സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ മതേതര ജനാധിപത്യ സ്വഭാവവും ഇന്ത്യന്‍ മുസ്ലീമിന്‍റെ ബഹുസ്വരതയും മിതത്വവും കാശ്മീരിനു പുറത്ത് ഇസ്ലാം തീവ്രവാദത്തെയും അതുകൊണ്ടുതന്നെ ഇസ്ലാം വിരുദ്ധതയെയും ഒരു പരിധിവരെ തടഞ്ഞു നിര്‍ത്തി. രാഷ്ട്രീയപ്രക്രിയയില്‍ തുല്യപങ്കാളിത്തം എന്ന അവകാശബോധം അന്യവല്‍ക്കരണത്തില്‍ നിന്ന് അവര്‍ക്ക് അഭയമായി. ഇന്ത്യന്‍ ഇസ്ലാം പൊതുവേ സ്വതന്ത്ര ചിന്താഗതി പിന്തുടരുന്ന ഹനഫി ധാരയില്‍ പെടുന്നവരാകയാലും സൂഫി പ്രബോധനങ്ങളുടെ സ്വാധീനം കാലങ്ങളായി വ്യാപകമായിരുന്നതിനാലും സഹിഷ്ണുതയും വൈവിധ്യങ്ങളോടുള്ള ആദരവും അവരില്‍ അന്തര്‍ലീനവുമായിരുന്നു. അജ്മീറിലെ ക്വാജാമുഹിയുദ്ദീന്‍ ചിസിതിയുടെയും ദില്ലിയിലെ നിസാമുദ്ദീന്‍ ഔലിയയുടെയും കബറുകള്‍ സര്‍വ്വമതസ്ഥരുടേയും തീര്‍ത്ഥാടന കേന്ദ്രങ്ങളായി നിലകൊള്ളുന്നത് അതിന്‍റെ പ്രത്യക്ഷ നിദര്‍ശനങ്ങളുമായി.
 
      എന്നാല്‍ കഴിഞ്ഞ മൂന്നു ദശകങ്ങളായി ഒരു വശത്ത് ഇന്ത്യന്‍ മുസ്ലീങ്ങളില്‍ ഒരു വിഭാഗത്തിനു മേല്‍ വര്‍ധിച്ചു വരുന്ന യാഥാസ്ഥിതിക വഹാബി സ്വാധീനവും മറുവശത്ത് ശക്തി പ്രാപിക്കുന്ന തീവ്ര ഹിന്ദുദേശീയതയും വിഭാഗീയ പ്രത്യയശാസ്ത്രങ്ങള്‍ക്കും പ്രവണതകള്‍ക്കും എരിവു പകര്‍ന്നു. 1970 കളില്‍ എണ്ണയാല്‍ സമ്പന്നമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് സൗദി അറേബ്യയിലേക്ക് തൊഴില്‍ തേടി കുടിയേറിയ ഇന്ത്യന്‍ മുസ്ലീങ്ങളില്‍ ഒരു വിഭാഗം മടങ്ങിയത് സൗദി വഹാബിസത്തിന്‍റെയും സലഫിസത്തിന്‍റെയും സങ്കുചിതത്വത്തില്‍ സ്നാനപ്പെട്ടായിരുന്നു സ്ത്രീകളുടെ അതിയാഥാസ്ഥിതിക വസ്ത്രധാരണത്തില്‍ പ്രത്യക്ഷമായിത്തുടങ്ങിയ ഈ തീവ്രമതാഭിനിവേശം അപൂര്‍വ്വമെങ്കിലും ആപല്‍ക്കരമായ തീവ്രവാദ സംഘടകളിലേക്കുള്ള ചേക്കേറ്റം വരെ എത്തി നില്‍ക്കുന്നു.
 
  വിഭജനത്തിന്‍റെ തുടര്‍ച്ചയായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും അവിടവിടെയായി ഹിന്ദു മുസ്ലീം കലാപങ്ങള്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും 1992 ലെ ബാബറി മസ്ജിദ് തകര്‍ക്കലും 2002 ലെ ഗുജറാത്ത് വംശഹത്യയും ഇന്ത്യന്‍ മുസ്ലീങ്ങളില്‍ സൃഷ്ടിച്ച അവിശ്വാസവും മുറിവും ആഴമേറിയതായി. ഒപ്പം അതിരും കടലും കടന്നെത്തിയ ഭീകരാക്രമണങ്ങള്‍ അവരെ നിസ്സഹായരും ഇസ്ലാമോഫോബിയയുടെ ഇരകളുമാക്കി.
 
മതം അധികാരത്തിലേക്കുള്ള അനായാസ വഴി
 
 ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ അധികാരത്തിലെത്താനുളള അനായാസ വഴിയത്രേ മതം. മൂല്യങ്ങളെ മാറ്റിനിര്‍ത്തി ആചാരാനുഷ്ഠാനങ്ങളുടെ ആടയാഭരണങ്ങളില്‍ മാത്രം തിളങ്ങുന്ന മതങ്ങള്‍ മനുഷ്യരുടെയിടയില്‍ മതിലുകള്‍ പണിയുന്നു. അവ അധികാരമോഹികള്‍ക്ക് ഏണിപ്പടികളാകുന്നു.
 
ഏകസാരമായ മതം
'പലമത സാരവുമേകമെന്നു പാരാ-
തുലകിലൊരാരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാരെ-
രലവതു കണ്ടല യാതമര്‍ന്നിടേണം'
 
(ശ്രീനാരായണ ഗുരു)
 
  ക്രിസ്തുമതസാരം സ്നേഹവും ഇസ്ലാം മതസാരം സാഹോദര്യവും ഹിന്ദുമതസാരം ഏകതയും ബുദ്ധമതസാരം കരുണയുമെങ്കില്‍ സ്നേഹമില്ലാതെ കരുണയും ഇതു രണ്ടുമില്ലാതെ സാഹോദര്യവും സ്നേഹസാഹോദര്യ കാരുണ്യങ്ങളുടെ അഭാവത്തില്‍ ഐക്യവും ഉണ്ടാവില്ലെന്ന് അറിയാത്തവര്‍ ആനയെ കണ്ട അന്ധരല്ലേ? അതിനാലല്ലേ ഞാനൊരു ഉത്തമനായ ഹിന്ദുവാകയാല്‍ ഉത്തമനായ മുസ്ലീമും ഉത്തമനായ ക്രിസ്ത്യാനിയും ഉത്തമനായ സിക്കുകാരനും ഉത്തമനായ പാഴ്സിയും ആണെന്ന് ഉത്തമ ബോധ്യത്തോടെ ഗാന്ധിജി പറഞ്ഞത്.
 
 യേശുവിലുള്ള വിഗ്രഹാല്‍മകവിശ്വാസമാണ് രക്ഷയിലേക്കുള്ള ഏകമാര്‍ഗ്ഗമെന്ന് ആണയിടുന്നവര്‍ ഞാനാകുന്നു വഴിയും സത്യവും ജീവനും എന്ന അവന്‍റെ വാക്കുകള്‍ നെഞ്ചില്‍ കൈചേര്‍ത്ത് ഉരുവിടുമ്പോള്‍ അതിനെ അഹം ബ്രഹ്മാസ്മി എന്ന് ഹൃദയം പരിഭാഷപ്പെടുത്തുന്നത് കേള്‍ക്കാതെ പോകുന്നതെന്തേ? അതുതന്നെയല്ലെ നിനക്ക് നീ തന്നെ വെളിച്ചമാകുക എന്ന ബുദ്ധവചനത്തിന്‍റെയും അര്‍ത്ഥപൂര്‍ണിമ. അതല്ലേ അനല്‍ ഹഖ്. യുഗങ്ങളായി മറയ്ക്കപ്പെട്ടിരുന്ന ആ രഹസ്യം, ക്രിസ്തു നിങ്ങളിലുണ്ട് എന്ന രഹസ്യം ഇപ്പോള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു (കൊളോ. 1:26-27) എന്ന പ്രഖ്യാപനം അതിന് അടിവരയിടുകയല്ലേ.
    അവനവനിലെ ആത്മജ്യോതിസിനെ അനുഭവിക്കുമ്പോഴുള്ള അനുഭൂതിയും അതുതന്നെ അയല്‍ക്കാരനിലും വിളങ്ങി നില്‍ക്കുന്നുവെന്ന അറിവു നല്‍കുന്ന ആത്മബന്ധവും ആത്മീയതക്ക് മാത്രമല്ല അര്‍ത്ഥപൂര്‍ണ്ണമായ സാമൂഹിക ജീവിതത്തിനും അടിത്തറയാവില്ലേ. ഇത്രയും നാള്‍ പാലുകുടിച്ച നാം ഇനിയെങ്കിലും കട്ടിയാഹാരം കഴിക്കേണ്ടേ?
 
* ഫ്രാന്‍സിസ് ഫുക്കു യാമ - ചരിത്രത്തിന്‍റെ അന്ത്യവും  അവസാന മനുഷ്യനും (the  end of history and the last man )
 
** സാമുവല്‍ പി ഹണ്ടിങ്ങ് ടണ്‍ - സംസ്കാരങ്ങളുടെ ഏറ്റുമുട്ടലും പുതിയ ലോകക്രമവും (the clash of civilizations and the new world order )
 
*** കോണ്‍സ്റ്ററ്റയിന്‍ ചക്രവര്‍ത്തി - ക്രൈസ്തവ സഭയെ റോമാ സാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമായി അംഗീകരിച്ച ചക്രവര്‍ത്തി 
 
**** ഡയക്ലീഷ്യന്‍ ചക്രവര്‍ത്തി - മതമര്‍ദ്ദനത്തിന് കുപ്രസിദ്ധനായ ചക്രവര്‍ത്തി

You can share this post!

സുന്ദര ദാമ്പത്യം

മാത്യു കണമല & റീന ജെയിംസ്
അടുത്ത രചന

കാക്കതണ്ട് മുതല്‍ മണിമരുത് വരെ

ആന്‍മേരി
Related Posts