news-details
അക്ഷരം
 
 
 
സ്നേഹഭാഷണം എന്ന കല 
സെന്‍ഗുരുവും കവിയും സമാധാനപ്രവര്‍ത്തകനുമായ തിക്നാറ്റ്ഹാന്‍ അറിയപ്പെടുന്ന ചിന്തകനാണ്. ലോകജീവിതം സമാധാനപരവും സന്തോഷകരവുമാക്കാനുള്ള അന്വേഷണമാണ് അദ്ദേഹം നടത്തുന്നത്. ലോകം മുഴുവന്‍ അശാന്തി നിറഞ്ഞിരിക്കുന്ന വര്‍ത്തമാനകാലസാഹചര്യത്തില്‍ ബുദ്ധന്‍റെ പാത പിന്‍തുടരുന്ന അദ്ദേഹത്തിന്‍റെ ചിന്തകള്‍ വഴിവെളിച്ചമായി മാറുന്നു. തിക്നാറ്റ്ഹാനിന്‍റെ ഠവല അൃേ ീള ഇീാാൗിശരമശേിഴ എന്ന പുസ്തകത്തിന്‍റെ വിവര്‍ത്തനമാണ് 'സ്നേഹഭാഷണം എന്ന കല.' മനുഷ്യര്‍ക്കിടയിലെ ബന്ധത്തിന്‍റെ കണ്ണികള്‍ സുദൃഢമാക്കുന്നതിനുള്ള മന്ത്രങ്ങളാണ് അദ്ദേഹം ഉരുക്കഴിക്കുന്നത്. 
"നമ്മെ പോഷിപ്പിക്കുന്നതും ചുറ്റുമുള്ളവര്‍ക്ക് ഉന്മേഷം പകരുന്നതുമായ എന്തെങ്കിലും പറയുമ്പോള്‍ നാം സ്നേഹത്തെയും സഹാനുഭൂതിയേയും പോറ്റിവളര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ക്ഷോഭവും ക്രോധവും ജനിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഹിംസയേയും യാതനയേയുമാണ് നാം പരിപോഷിപ്പിക്കുന്നത്" എന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു. വാക്കും പ്രവൃത്തിയും എങ്ങനെ അഹിംസാത്മകമാകണമെന്നാണ് അദ്ദേഹം എടുത്തുപറയുന്നത്.  
'നമ്മുടെ ഉള്ളില്‍ രണ്ട് ശൂന്യതയുണ്ട്, അത് നമ്മെ അസ്വസ്ഥരാക്കുന്നു' എന്നാണ് തിക്നാറ്റ് ഹാന്‍ പറയുന്നത്. ആ ശൂന്യത നിറയ്ക്കുന്നതിനായി നാം പലതും ചെയ്യുന്നു. എന്നാല്‍ ഫലമൊന്നുമില്ല. ശൂന്യതയുടെ യഥാര്‍ത്ഥകാരണം അറിയാന്‍ കഴിയാത്തതാണ് പ്രശ്നം. 'അവരവരുമായി ആശയവിനിമയം നടത്താന്‍ നാം വളരെ കുറച്ചു സമയമേ നീക്കിവയ്ക്കുന്നുള്ളൂ' എന്നതാണ് യാഥാര്‍ത്ഥ്യം. ദൈനംദിന ജീവിതത്തില്‍ നാം നമ്മില്‍നിന്ന് വളരെ അകന്നാണ് കഴിയുന്നത്. ഒന്നു നിന്ന് നിങ്ങളോടു തന്നെ ആശയവിനിമയം നടത്തുക എന്നത് വിപ്ലവകരമായ ഒരു കാര്യം തന്നെയാണ് എന്നാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. അങ്ങനെ നമ്മെ അറിയുന്നതിലൂടെ നാം പരിഹാരമാര്‍ഗ്ഗത്തിലെത്തിച്ചേരുന്നു. നമ്മുടെ വീടുപേക്ഷിച്ച് പുറത്ത് ചുറ്റിത്തിരിയുന്ന നാം  വീട്ടിലേക്കു മടങ്ങിയെത്തണമെന്നാണ് തിക്നാറ്റ്ഹാന്‍ നിര്‍ദ്ദേശിക്കുന്നത്.
നമുക്ക് ഭയം, ക്രോധം, ഖേദം, ആകാംക്ഷ എന്നിവയൊക്കെ ഉണ്ടായിരിക്കുമ്പോള്‍ നാം സ്വതന്ത്രരല്ല എന്നാണ് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നത്. 'സ്വാതന്ത്ര്യമാണ് ഏറ്റവും വിലപിടിച്ച സമ്പത്ത്. അതാണ് ആനന്ദത്തിന്‍റെ അടിസ്ഥാനം. പൂര്‍ണബോധത്തോടെയുള്ള ഓരോ ശ്വാസത്തിലും അത് നമുക്ക് ലഭ്യമാണ്. തന്നെത്തന്നെ മനസ്സിലാക്കുക എന്നത് മറ്റൊരാളെ മനസ്സിലാക്കുന്നതിന് നിര്‍ണായകമായ ഒരു കാര്യമാണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. ആഴത്തില്‍ ശ്രവിക്കുമ്പോള്‍ പലതും ശരിയായ വിധത്തില്‍ കേള്‍ക്കാന്‍ കഴിയുന്നു. ആന്തരികമായ ആശയവിനിമയത്തിലൂടെ നമുക്ക് സ്വക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. എങ്കില്‍ മാത്രമേ സന്തോഷവും സമാധാനവും ലഭിക്കൂ.
മറ്റുള്ളവരുമായുള്ള ആശയവിനിമയത്തില്‍ ആഴത്തിലുള്ള ശ്രവിക്കലും സ്നേഹംനിറഞ്ഞ വാക്കുകളും പ്രധാനമാണ്. ഒരാളെ മനസ്സിലാക്കുന്നതിനും സ്നേഹിക്കുന്നതിനുമുളള കഴിവിനെയാണ് ഞാന്‍ ആനന്ദം എന്നു നിര്‍വ്വചിക്കുന്നത്. ഇതാണ് തിക്നാറ്റ്ഹാന്‍റെ വിമര്‍ശനം. നമുക്കു മാത്രമായി സന്തോഷമില്ല. സഹാനുഭൂതിയും സ്നേഹവും ജനിക്കുന്നത് ഉള്‍ക്കൊള്ളുന്നതില്‍ നിന്നാണ്. അങ്ങനെയാവുമ്പോള്‍ നാം പറയുന്ന വാക്കുകള്‍ക്ക് പോഷകഗുണമുണ്ടാകും. ആഴത്തിലുള്ള ശ്രവിക്കല്‍ ആഴത്തിലുള്ള വീക്ഷിക്കല്‍ തന്നെയാണ്. 
സ്നേഹഭാഷണത്തിന്‍റെ ആറു മന്ത്രങ്ങള്‍ തിക്നാറ്റ്ഹാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 'ഞാനിവിടെയുണ്ട് നിനക്കായ്' എന്നതാണ് ആദ്യമന്ത്രം. ഒരാളെ സ്നേഹിക്കുക എന്നാല്‍ അവനുവേണ്ടി അഥവാ അവള്‍ക്കുവേണ്ടി ഉണ്ടായിരിക്കുക എന്നാണര്‍ത്ഥം. 'നീ എന്നോടൊപ്പമുണ്ടെന്ന് ഞാന്‍ അറിയുന്നു, അത് എനിക്ക് സന്തോഷം പകരുന്നു' ഇതാണ് രണ്ടാമത്തെ മന്ത്രം. 'നീ യാതന അനുഭവിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു, അതുകൊണ്ടാണ് നിനക്കുവേണ്ടി ഞാന്‍ നിന്‍റെ അരികില്‍ എത്തിയിരിക്കുന്നത്' ഇതാണ് മൂന്നാമത്തെ മന്ത്രം. 'ഞാന്‍ യാതന അനുഭവിക്കുന്നു, ദയവായി എന്നെ സഹായിക്കൂ' എന്നതാണ് നാലാം മന്ത്രം. 'ഇത് ആനന്ദകരമായ നിമിഷമാണ്' ഇതാണ് അഞ്ചാമത്തെ മന്ത്രം. 'നിങ്ങള്‍ പറയുന്നത് ഭാഗികമായി ശരിയാണ്' എന്നതാണ് ആറാമത്തെ മന്ത്രം. ഈ ആറു മന്ത്രങ്ങളാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.
'നിങ്ങളില്‍ നിങ്ങളുടെ സമൂഹത്തെ ദര്‍ശിക്കുക, നിങ്ങളുടെ സമൂഹത്തില്‍ നിങ്ങളെയും. നിങ്ങളുടെ നിരീക്ഷണരീതിയെ പരിണമിപ്പിക്കാനുള്ള മാര്‍ഗ്ഗമാണത്. അത് നിങ്ങളുടെ ആശയവിനിമയത്തിലും അതിന്‍റെ ഫലക്ഷമതയിലും പരിവര്‍ത്തനം സാധ്യമാക്കും' എന്ന നിര്‍ദ്ദേശമാണ് തിക്നാറ്റ്ഹാന്‍ നല്കുന്നത്. 'ഇന്നത്തെ ശരിയായ ആശയവിനിമയം ഇന്നലെയുടെ മുറിവുകളെ സുഖപ്പെടുത്താനും ഈ നിമിഷത്തെ പൂര്‍ണമായി ആസ്വദിക്കാനും നല്ല ഭാവിക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്താനും നമ്മെ സഹായിക്കും' എന്നാണ് അദ്ദേഹത്തിന്‍റെ വീക്ഷണം.
തിക്നാറ്റ്ഹാനിന്‍റെ ഈ ഗ്രന്ഥം നമുക്ക് സ്നേഹഭാഷണത്തിന്‍റെ കലയാണ് കാണിച്ചുതരുന്നത്. അശാന്തികള്‍ നിറഞ്ഞ കാലത്തിന് ഒരു ശാന്തിമന്ത്രമാണിത്. (സ്നേഹഭാഷണം എന്ന കല- തിക്നാറ്റ്ഹാന്‍ - വിവര്‍ത്തനം : രാമമൂര്‍ത്തി എ., ഡി. സി. ബുക്സ്)
മലയാളിയുടെ നവമാധ്യമജീവിതം
മാധ്യമപഠനത്തെ സംസ്കാരപഠനമായി കാണുന്ന എഴുത്തുകാരനാണ് ഡി. എസ്. വെങ്കിടേശ്വരന്‍. അദ്ദേഹത്തിന്‍റെ പുതിയ പുസ്തകം 'മലയാളിയുടെ നവമാധ്യമജീവിതം' മാധ്യമലോകത്തെ സമഗ്രമായി വിലയിരുത്തുന്നതാണ്. മാധ്യമങ്ങളെക്കുറിച്ചുള്ള പരമ്പരാഗതധാരണകള്‍ അപ്രസക്തമായ കാലസന്ധിയില്‍നിന്നുകൊണ്ടാണ് നാം മാധ്യമലോകത്തെ തിരിച്ചറിയുകയും കാവ്യനിര്‍ണയം നടത്തുകയും ചെയ്യുന്നത്. ജനാധിപത്യപ്രക്രിയയിലും പൗരസമൂഹനിര്‍മ്മിതിയിലും ഒരു പൊതുമണ്ഡലം എന്ന നിലയിലും ദൃശ്യമാധ്യമങ്ങള്‍ എന്തു പങ്കാണ് വഹിക്കുന്നത് എന്ന് അദ്ദേഹം അന്വേഷിക്കുന്നു. 'വിവരത്തില്‍നിന്ന് പരസ്യത്തിലേക്കും സന്ദേശങ്ങളില്‍ നിന്ന് ആത്മഘോഷണത്തിലേക്കും വാക്കില്‍നിന്ന് ചിത്രത്തിലേക്കും ഉള്ള ചുവടുമാറ്റം നമ്മുടെ സാമൂഹികതയില്‍ വന്ന മാറ്റത്തെക്കൂടി സൂചിപ്പിക്കുന്നുണ്ട്' എന്ന് വെങ്കിടേശ്വരന്‍ മനസ്സിലാക്കുന്നു.
കാഴ്ച മനുഷ്യവ്യവസ്ഥയ്ക്കകത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ദൃശ്യം പ്രവര്‍ത്തനക്ഷമമാകുന്നത് ഒരു അധികാരവ്യവസ്ഥക്കകത്താണ് എന്നതാണ് സത്യം. 'മലയാളിയുടെ ധാര്‍മ്മികവും നൈതികവുമായ അന്തരീക്ഷത്തെ ഇന്ന് സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും സംഹരിക്കുന്നതും ടെലിവിഷന്‍ വ്യവഹാരങ്ങളാണ് - അവിടെയാണ് മലയാളി ഇന്ന് ശ്വസിക്കുന്നതും ഉച്ഛ്വസിക്കുന്നതും. ടെലിവിഷന്‍ വ്യവഹാരം എന്നത് നമുക്കു പുറത്തുനടക്കുന്ന ഒന്നല്ല, അത് ഒരേസമയം നമ്മുടെ സമൂഹത്തിന്‍റെ പ്രതിഫലനവും പ്രതിബിംബവും ആത്മബിംബവുമാണ് എന്നതാണ് വസ്തുത. പ്രേക്ഷകരുടെ കാഴ്ചപ്പാടുകളെ, രുചികളെ എല്ലാം നിയന്ത്രിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയുന്നു. 
ആഗോളീകരണം മാധ്യമരംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. 'തുറന്നിടപ്പെട്ട ആകാശം ദൃശ്യമാധ്യമരംഗത്ത് ലോകത്തെമ്പാടുനിന്നുമുള്ള ദൃശ്യങ്ങളുടെയും ബിംബങ്ങളുടെയും ആഖ്യാനങ്ങളുടെയും ഒരു കുത്തൊഴുക്ക് സൃഷ്ടിച്ചു. സമൂഹത്തിന്‍റെ മൂല്യവ്യവസ്ഥയെതന്നെ ഇത് സാരമായി ബാധിച്ചു. 'ദൃശ്യമാധ്യമങ്ങളുടെ സര്‍വ്വാധിപത്യം അതിനെ സാമൂഹ്യരാഷ്ട്രീയ അവബോധത്തിന്‍റെ തന്നെ കളിക്കളമാക്കി മാറ്റുന്നു.' അതുകൊണ്ടാണ് 'ഒരു പക്ഷേ ഇന്നത്തെ പ്രശ്നം സാങ്കേതികവിദ്യയെ  തിരിച്ച് മാനവീകരിക്കുകയും സാമൂഹികവത്കരിക്കുകയും ചെയ്യുക എന്നുള്ളതാണ്' എന്ന് ഗ്രന്ഥകാരന്‍ പറയുന്നത്. തുറന്നതും ബഹുസ്വരതയെ അംഗീകരിക്കുന്നതും സംവാദാത്മകമായ മാധ്യമവ്യവഹാരങ്ങളും സ്ഥാപനങ്ങളും പ്രയോഗപ്രകാശനരീതികളുമാണ് ഇന്ന് ആവശ്യം എന്ന് വെങ്കിടേശ്വരന്‍ തിരിച്ചറിയുന്നു. 
നവമാധ്യമങ്ങളുടെ ലോകം അതിവിശാലമാണ്. അതിന്‍റെ സാധ്യതകള്‍ക്ക് പരിധികളില്ലാതായിരിക്കുന്നു. 'സ്വതന്ത്രവും സ്വകാര്യവുമായ ഒരിടം' അങ്ങനെ എല്ലാവര്‍ക്കും ലഭിച്ചിരിക്കുന്നു. ഓരോരുത്തരും സ്വന്തം ലോകത്തെ നിര്‍മ്മിക്കുന്നു. 'നിരന്തരം വേഗം കൂടുന്ന വിവരശേഖരവും സിനിമയും ആണ് ഇന്നത്തെ ലോകത്തില്‍ ജനജീവിതത്തെയും സമ്പത്തിനെയും അവയുടെ ഗതിവിഗതികളെയും നിര്‍വചിക്കുന്നതും നിര്‍ണയിക്കുന്നതും.' അതിന് നവമാധ്യമങ്ങളും മൊബൈല്‍ അടക്കമുള്ള സാങ്കേതികവിദ്യകളും ശക്തമായ പിന്തുണ നല്‍കുന്നു. മൊബൈല്‍ഫോണ്‍ തരുന്ന ലോകത്തിന്‍റെ പരിധികള്‍ നമുക്ക് നിശ്ചയിക്കാന്‍ ആവില്ല. 'നൂതനവും പ്രവചനാതീതവുമായ ഭാവനാസ്ഥലികള്‍ പണിയുകയും അതിലൂടെ നമ്മള്‍ ജീവിക്കുന്ന ഇടങ്ങളെത്തന്നെ പുനരാഖ്യാനം ചെയ്യുകയുമാണ് ഈ സാങ്കേതികവിദ്യ. 'വ്യക്തിബന്ധങ്ങളില്‍ കേന്ദ്രസ്ഥാനം വഹിക്കുന്ന ഈ ഉപകരണം തന്നെയായിരിക്കും നമ്മുടെ സമകാലിക ജീവിതത്തിന്‍റെ സര്‍വ്വവിജ്ഞാനകോശം: നമ്മുടെ ആന്തരിക-ബാഹ്യജീവിതങ്ങളുടെ മാധ്യമം, രേഖ. മാധ്യമസമന്വയത്തിന്‍റെ ഉപകരണമായും മൊബൈല്‍ മാറിയിരിക്കുന്നു. കാലികമായ നിരീക്ഷണങ്ങളാണ് ഗ്രന്ഥകാരന്‍ നടത്തുന്നത്. 'നമുക്കു മുന്നിലുള്ള വെല്ലുവിളി എന്നത് മാനവികതയെ സമ്പുഷ്ടമാക്കാന്‍, ശോഷിപ്പിക്കാനല്ല, സാങ്കേതികതയെ എങ്ങനെ ഉപയോഗിക്കാം എന്നതാണ്.'
മാധ്യമങ്ങള്‍ക്കുള്ളിലാണ് നമ്മുടെ ജീവിതം. നമ്മുടെ കാഴ്ചകളെ, കേള്‍വികളെ, രുചികളെ എല്ലാം അവ സ്വാധീനിക്കുന്നു. നമ്മുടെ വിശ്വാസത്തെ, ദര്‍ശനത്തെ, കാഴ്ചപ്പാടുകളെ, രാഷ്ട്രീയത്തെ, സംസ്കാരത്തെ എല്ലാം സമഗ്രമായി മാറ്റിമറിക്കാന്‍ വിവിധങ്ങളായ മാധ്യമങ്ങള്‍ക്കു കഴിയുന്നു. മൊബൈല്‍ ഫോണിന്‍റെ കടന്നുവരവ് ഉണ്ടാക്കിയിരിക്കുന്ന മാറ്റങ്ങള്‍ നിര്‍ണയിക്കാനാവാത്തവിധം വിപുലമാണ്. ഈ മാറ്റങ്ങള്‍ക്കെല്ലാം ഋണാത്മകവും സനാതനവുമായ തലങ്ങളുണ്ട്. മാധ്യമങ്ങളുടെ ഇടപെടല്‍ നമ്മെ എങ്ങനെ ബാധിക്കുന്നു എന്ന് ശരിയായ വിധത്തില്‍ തിരിച്ചറിയേണ്ടതുണ്ട്. 
'മലയാളിയുടെ നവമാധ്യമജീവിതം' എന്ന ഗ്രന്ഥം മാധ്യമലോകത്തെ സമഗ്രമായി വിലയിരുത്തുന്നതാണ്. മാറ്റങ്ങളെ ശരിയായ രീതിയില്‍ തിരിച്ചറിയുകയും അടയാളപ്പെടുത്തുകയുമാണ് സി. എസ്. വെങ്കിടേശ്വരന്‍. മാധ്യമങ്ങളുടെ രാഷ്ട്രീയം അദ്ദേഹം മനസ്സിലാക്കുന്നു. മാധ്യമനിരൂപണത്തെ സാംസ്കാരികമായും രാഷ്ട്രീയമായും വികസിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. സമകാലികസമൂഹത്തില്‍ വന്നിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ വിലയിരുത്തുകയാണദ്ദേഹം. ആഗോളീകരണകാലത്ത് നമുക്കു നഷ്ടപ്പെടുന്നതും നാം തിരിച്ചുപിടിക്കേണ്ടതും എന്തെന്ന് വെങ്കിടേശ്വരന് ബോധ്യമുണ്ട്. ഈ ഗ്രന്ഥം നമ്മുടെ മാധ്യമപഠനരംഗത്തിന് വിലപ്പെട്ട സംഭാവന നല്‍കുന്നു. (മലയാളിയുടെ നവമാധ്യമജീവിതം- സി. എസ്. വെങ്കിടേശ്വരന്‍- ഡി. സി. ബുക്സ്)
അമ്മമാരുടെ ലോകം
കാലത്തെയും ദേശത്തെയും അടയാളപ്പെടുത്തുന്ന കവിതകളാണ് കെ. ജി. ശങ്കരപ്പിള്ളയുടേത്. സംസ്കാരത്തിലും രാഷ്ട്രീയത്തിലും ജീവിതത്തിലും ഉണ്ടായ മാറ്റങ്ങള്‍ സമൂഹത്തെ എങ്ങനെയെല്ലാം പരിവര്‍ത്തനവിധേയമാക്കിയിരിക്കുന്നുവെന്ന് അദ്ദേഹം അന്വേഷിക്കുന്നു. സൂക്ഷ്മവായനയുടെ അനിവാര്യത സൂചിപ്പിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്‍റേത്. 'അമ്മമാര്‍' എന്ന സമാഹാരം സ്ത്രീപക്ഷത്തുനിന്നുകൊണ്ട് ചരിത്രത്തെ, സംസ്കാരത്തെ, രാഷ്ട്രീയത്തെ, അടയാളപ്പെടുത്താനുള്ള ശ്രമമാണ.്  അമ്മമാര്‍ അറിയാതെ മൗലികമായ മാറ്റങ്ങള്‍ അസാധ്യമാണ്. അമ്മമാരുടെ പക്ഷത്തുനിന്ന് എല്ലാറ്റിനെയും നോക്കിക്കണ്ടാല്‍ കാര്യങ്ങള്‍ മാറിമറിയുന്നു. 
'ക്യൂവില്‍ നിന്ന് മുന്നൂറാമത്തവള്‍ അന്ന അഖ്മരോവ' എന്ന കവിതയാണ് ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയ രചന. സ്റ്റാലിന്‍റെ ഭരണകാലത്ത് റഷ്യയില്‍ നടന്ന നരമേധത്തിന്‍റെ ചരിത്രം വിഖ്യാതകവയിത്രിയുടെ ജീവിതത്തോടു ചേര്‍ത്ത് കവി ആഖ്യാനം ചെയ്യുന്നു. തടവറയില്‍ അടയ്ക്കപ്പെട്ട മകനെ കാണാന്‍ ക്യൂ നില്‍ക്കുന്ന അന്നയുടെ ചിത്രം ഒരു പ്രതീകമായി വളരുന്നു. സ്ഥലകാലങ്ങള്‍ക്കതീതമായ വ്യഥയുടെ ചിത്രമായി അത് വളരുന്നു. കരയരുതെന്നും തോല്‍ക്കരുതെന്നും ചിന്തിച്ച് വരിയില്‍ കാത്തുനില്‍ക്കുന്ന ആ അമ്മ അനേകം അമ്മമാരുടെ പ്രതിനിധിയാണ്. ആ അമ്മയിലൂടെ നമുക്ക് ഒരു കാലത്തെ വായിച്ചെടുക്കാം.
'കെടുതിക്കൊന്നും
കെടുത്താനാവില്ലെന്നെയെന്ന്
ചെറുക്കുമെന്‍റെ ജീവന്‍റെ തളിര്‍ജ്വാല'
എന്നെഴുതുമ്പോള്‍ അമ്മയുടെ ഇച്ഛാശക്തി വ്യക്തമാകുന്നു. 
ഏകാധിപത്യം ഒരിക്കലും എതിര്‍ശബ്ദങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കില്ല. 
'എതിര്‍വായകള്‍ കൂടുതല്‍ മൂടപ്പെട്ടു
എതിരുയിരുകള്‍ കൂടുതല്‍ ഞെരിക്കപ്പെട്ടു' എന്ന് കവി ഈ സാഹചര്യത്തെ വിശദമാക്കുന്നു. (ഇന്നത്തെ ഭാരതീയ സാഹചര്യവുമായി താരതമ്യം ചെയ്താല്‍ ഭീഷണമായ സമാനത കാണാന്‍ കഴിയും.) 'എതിര്‍വാക്ക് ചിരഞ്ജീവി' എന്നും കവി കുറിക്കുന്നു. എത്ര തച്ചുതകര്‍ത്താലും എതിര്‍വാക്കുകള്‍ എവിടെയെങ്കിലും ഉയര്‍ന്നുവരും. അതാണ് മനുഷ്യനെ സംബന്ധിച്ച പ്രത്യാശയുടെ ഉറവിടം. അന്നു അസ്മന്നോവയിലൂടെ കവി ചരിത്രത്തിന്‍റെ ഭാഗമായ അമ്മമാരെ അവതരിപ്പിക്കുകയാണ്. ഒരു കാലഘട്ടത്തിന്‍റെ ചരിത്രം, രാഷ്ട്രീയം എല്ലാം ഈ അമ്മയിലൂടെ, ജീവിതത്തിലൂടെ വ്യക്തമാക്കപ്പെടുന്നു.
കവിതയിലെ വാക്ക് അഭിജ്ഞാനമാകണം എന്ന്  ഈ കവി വിശ്വസിക്കുന്നു. 
'ഒരു വരിപ്പാത
ആറുവരിയാക്കുന്നത് ലോകം;
ആറുവരിവെളിവ്
ഒരുപരിമിന്നലാക്കുന്നത് കവിത' എന്ന് 'ആര്‍ച്ച' എന്ന കവിതയില്‍ കെ. ജി. എസ്. കവിതയെ നിര്‍വചിക്കുന്നു. ലോകത്തിന്‍റെ കോലം കെടുമ്പോള്‍ പലതിന്‍റെയും രൂപം മാറുന്നു. 
'വടിവുകെടാതെ ഏതമ്മ?
വടിവുനഷ്ടത്തില്‍ നീറാതെ
ലോകത്തിലിനി ആര്?' എന്ന കവിയുടെ ചോദ്യം
'ചോദ്യക്കോളം' എന്ന കവിത ചോദ്യങ്ങള്‍ക്കായുള്ളതാണ്. 'ചോദ്യമില്ലാത്ത കാലം ലോകമില്ലാത്ത കാലം' എന്ന് കവി. ശരിയായ ചോദ്യങ്ങളാണ് കാലത്തെയും ദേശത്തെയും നിര്‍ണയിക്കുന്നത്. 
'അകമേ ജീവന്‍ വസിക്കും കാലം വരെ
ഭൂമിയും മനസ്സും വിളയിക്കും ചോദ്യങ്ങള്‍' എന്ന് കവി. അകമേ ജീവന്‍ ഉണ്ടാകണം എന്നു നിര്‍ബന്ധം. ചോദ്യങ്ങളില്‍നിന്ന് ചോദ്യങ്ങളിലേക്കുള്ള പ്രയാണമാണ് ചിന്ത എന്ന് ഒരു ദാര്‍ശനികന്‍ കുറിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ ഇല്ലാതായ കാലം കെട്ടകാലമാണ്. എല്ലാവരും ഉത്തരങ്ങള്‍ പറയുന്നവരാകുന്നു. മുഴക്കമുളള ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്നും കവി മനസ്സിലാക്കുന്നു. 
'അമ്മപോയാല്‍ വീടു കാടാകും' എന്ന് കവി. അമ്മയെ, സ്ത്രീയെ മാറ്റിനിര്‍ത്തുന്ന മാനവവിചാരങ്ങള്‍ നമ്മെ ഒരിടത്തും എത്തിക്കില്ല. 'അമ്മമാര്‍' എന്ന സമാഹാരത്തിലെ കവിതകള്‍ അമ്മയെ, സ്ത്രീയെ ചരിത്രത്തിന്‍റെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നു. സ്ത്രീയിലൂടെ ചരിത്രത്തെ, കാലത്തെ, ലോകത്തെ അടയാളപ്പെടുത്താനാണ് കവി ശ്രമിക്കുന്നത്. 'ഭൂമിയില്‍ യുദ്ധങ്ങളും തടവറപീഡനങ്ങളും അധികാരോന്മത്തതയുടെ രാക്ഷസീയഭീകരതകളും ഒടുങ്ങണമെങ്കില്‍ പുരുഷസന്തതികള്‍ക്ക് അമ്മമനസ്സിന്‍റെ ആര്‍ദ്രത വളര്‍ന്നുകിട്ടേണ്ടതുണ്ട് എന്ന് അവവതാരികയില്‍ ലീലാവതി ടീച്ചര്‍ എഴുതുന്നത് ഈ കവിതകള്‍ സാധൂകരിക്കുന്നു. (അമ്മമാര്‍ - കെ. ജി. എസ്. മാതൃഭൂമി ബുക്സ്)
 
 
 

You can share this post!

ജലം കൊണ്ട് മുറിവേറ്റവര്‍

By : ഡോ. റോയി തോമസ്
അടുത്ത രചന

സ്മരണകളുടെ ഓളങ്ങള്‍

By : ഡോ. റോയി തോമസ്
Related Posts