news-details
സഞ്ചാരിയുടെ നാൾ വഴി
 വിശ്രമം നിങ്ങള്‍ക്കു ലഭിക്കുന്ന ഔദാര്യമല്ലെന്നും അതു നിങ്ങളുടെ അവകാശമാണെന്നും മനസ്സിലാക്കിയ നിമിഷത്തിലായിരുന്നു എല്ലാ തൊഴിലാളിപ്രസ്ഥാനങ്ങളും ആരംഭിച്ചത്. അതുറപ്പു വരുത്തുക എന്നതായിരുന്നു അവരുടെ ആദ്യത്തെ ധര്‍മ്മം. അതിനുവേണ്ടി നടത്തിയ സമരങ്ങളൊക്കെ എത്രയോ പേരുടെ രക്തച്ചൊരിച്ചിലിലാണ് അവസാനിച്ചത്. ലോകമെമ്പാടും അത്തരം സംഘര്‍ഷഭരിതമായ നിമിഷങ്ങളുണ്ടായിരുന്നു. ഒരു പക്ഷേ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്നത് 1886 മെയ് 4-ാം തീയതി ചിക്കാഗോയില്‍ വച്ചു നടന്ന വലിയ ജനകീയ മുന്നേറ്റമാണ്. നാലുപേരുടെ ചോരച്ചൊരിച്ചിലില്‍ കാര്യങ്ങള്‍ അവസാനിച്ചപ്പോഴും പുതിയൊരു കാലത്തിനുവേണ്ടിയുള്ള ശംഖൊലി അതിനകത്തു ണ്ടായിരുന്നു. എത്ര പേരുടെ ചോര വീണ ഇടങ്ങളില്‍ നിന്നാണ് നമുക്ക് ഭേദപ്പെട്ട ജീവിതവും സാഹചര്യങ്ങളുമൊക്കെ ഉറപ്പാവുന്നതെന്നുള്ള ചരിത്രത്തിന്‍റെ വല്ലാത്തൊരു കാഴ്ചയുണ്ട്. വിശ്രമം വേദപുസ്തകം ഗൗരവമായി ട്ടെടുക്കുന്നതുപോലും ദൈവസങ്കല്പവുമായി ബന്ധപ്പെട്ടല്ല. മറിച്ച് മനുഷ്യന് കുലീനമായി ജീവിക്കുവാനുള്ള സാഹചര്യങ്ങളുണ്ടോ എന്ന് ഉറപ്പു വരുത്തുവാനാണ്. സാബത്തിനെക്കുറിച്ചു പോലും അങ്ങനെ പറയുന്നുണ്ട്. സാബത്ത് ദൈവാരാധനക്കുവേണ്ടിയുള്ള ദിനമാണെന്നു പറയുമ്പോഴും അതു കൊടുക്കുന്ന ഒരു വിശ്രമമുണ്ട്. ഏഴാം ദിവസം വിശ്രമിച്ചെന്നു പറയുമ്പോള്‍ ഓര്‍മ്മി ക്കണം ഏഴാം ദിവസവും വിശ്രമമില്ലായിരുന്നുവെങ്കില്‍ 365 ദിവസവും കഠിനാദ്ധ്വാനം തന്നെയാണ്. അതിനിടയില്‍ കിട്ടിയ വല്ലാത്തൊരു ആശ്വാസം കൂടിയായിരുന്നു സാബത്ത്. ഇസ്ലാമിന്‍റെ പ്രാര്‍ത്ഥ നാരീതികളില്‍ അഞ്ചുനേരം നിസ്കാരം എന്നതിനെ ക്കുറിച്ചും അങ്ങനെ ചില നിരീക്ഷണങ്ങളുണ്ട്. മിഡില്‍ ഈസ്റ്റ് ആണ്. ആകാശവും മണ്ണും ഒരേപോലെ കത്തുകയാണ്. അതിനു മീതേ പണി ചെയ്യാന്‍ വിധിക്കപ്പെട്ട മനുഷ്യന് അന്ന് ഇടവേളകള്‍ കിട്ടുകയാണ്. കാലും മുഖവും കഴുകി നിസ്കരിച്ചു വരുമ്പോള്‍ ലഭിക്കുന്ന വ്യത്യാസമുണ്ട്. വിശ്രമം ഇന്നൊരു അവകാശമായി തിരിച്ചറിയപ്പെടുമ്പോള്‍ ഒരു കാലത്ത് അതങ്ങനെയായിരുന്നില്ല എന്നു കൂടി കാണണം. 
 ഫറവോ എങ്ങനെയാണ് ദൈവത്തിന്‍റെ ജനത യുടെ ജീവിതത്തെ കഠിനമാക്കിയത് എന്ന് വേദ പുസ്തകം പറയുന്നുണ്ട്. അവര്‍ ഇഷ്ടികക്കളങ്ങളില്‍ ഇഷ്ടിക മെനയുന്ന മനുഷ്യരായിരുന്നു. അവര്‍ക്ക് വളരെക്കുറച്ച് റോ മെറ്റീരിയല്‍സ് നല്‍കിക്കൊണ്ടാണ് ഫറവോ അവരോട് കഠിനമായി പെരുമാറിയത്. വൈക്കോല്‍ക്കറ്റകളുടെ എണ്ണം വളരെക്കുറച്ചു കൊടുക്കുകയും അതില്‍ നിന്നും ഉല്പാദിപ്പിക്കാവു ന്നതിനേക്കാള്‍ പലമടങ്ങ് ഇഷ്ടികകള്‍ അവരില്‍ നിന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫറവോയുടെ കാലങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോഴും നമ്മുടെ തൊഴില്‍മേഖലകളെക്കുറിച്ചു പോലും പറയുന്നത് സ്വെറ്റ് ഫാക്ടറികള്‍ എന്നാണ്. പരമാവധി ചോരയൂറ്റുക എന്ന സംഭവമുണ്ട്. കാലം മാറി, ജീവിത സൗകര്യങ്ങള്‍ മാറി.... ന്യൂ ജനറേഷന്‍ എന്നൊക്കെ പറയുമ്പോഴും അവര്‍ പെട്ടുപോകുന്ന അനിശ്ചിതമായ തൊഴില്‍ സാഹചര്യങ്ങളുണ്ട്. അതിന്‍റെ ആന്തരിക സംഘര്‍ഷങ്ങളിലൂടെയാണ് അവര്‍ കടന്നു പോകുന്നത്. അങ്ങനെ വിശ്രമം എന്നൊരു കാര്യം ഉറപ്പാക്കാന്‍ വേണ്ടിയുള്ള ദിനത്തിന്‍റെ ഓര്‍മ്മയ്ക്ക് ഒരു ക്രിസ്ത്യന്‍ വേര്‍ഷന്‍ ലഭിക്കുന്നത് 1955-ല്‍ ജോസഫിന്‍റെ തിരുനാളായി സഭ പ്രതിഷ്ഠിക്കുന്നതു വഴിയാണ്. തൊഴിലിനെ ആദരിക്കുവാനും നന്നായി കഠിനാദ്ധ്വാനം ചെയ്ത, ഭൂമിയുടെ ഏറ്റവും നല്ല മകനെ വളര്‍ത്തിയ തച്ചനായ അപ്പനെ നമസ്കരിക്കുവാനും വേണ്ടിയുള്ള ദിനം. 
 
 തൊഴില്‍ എന്നത് നമ്മുടെ ഐഡന്‍റിറ്റിയുടെ ഭാഗമാണ്. രണ്ടുപേര്‍ കണ്ടുമുട്ടിയാല്‍ ആദ്യത്തെ ചോദ്യം 'നീ എന്തു ചെയ്യുന്നു?' എന്നാണ്. വിയര്‍പ്പാണ് നമ്മളെ നിശ്ചയിക്കുന്ന ഘടകം. കൃത്രിമ സുഗന്ധങ്ങള്‍ നല്‍കുന്ന വിലപിടിച്ച സോപ്പുകളോ പെര്‍ഫ്യൂമുകളോ ഒന്നുമല്ല നിങ്ങളുടെ ഗന്ധം. നിങ്ങളുടെ വിയര്‍പ്പിന്‍റെ ഗന്ധവുമായി ബന്ധപ്പെട്ടാണ് നിങ്ങള്‍ ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നത്. ഒരു വീടിനകത്ത് പലരും ഉപയോഗിക്കുന്ന വസ്ത്രത്തില്‍ നിന്ന് ഇത് ഇന്ന ആളുകളുടേയാണ് എന്ന് തിരിച്ചറിയുന്നത് അതില്‍ വീണു ലയിച്ച വിയര്‍പ്പിന്‍റെ ഗന്ധത്തില്‍ നിന്നാണ്. 
 
  ഒരാളെ കണ്ടെത്തുന്നതിന്‍റെ, അയാളുടെ സ്വത്വം അടയാളപ്പെടുത്തുന്നതിന്‍റെ സൂചനയായി അയാള്‍ ഏര്‍പ്പെടുന്ന കര്‍മ്മമേഖലയെ പരിഗണിക്കണം. അതിനകത്ത് അയാള്‍ പുലര്‍ത്തുന്ന ഇന്‍വോ ള്‍വ്മെന്‍റ് തന്നെ സുഗന്ധമുള്ള ഒരനുഭവമായി മാറും. എപ്പോഴും ഓര്‍മ്മിക്കുന്നത് പൗലോസിന്‍റെ ക്ലാസ്സിക് വചനമാണ്. "ഞങ്ങള്‍ യേശുവിന്‍റെ പരിമളമാണെന്നു" പറയുന്ന ഒരു വാക്കാകുന്നു. Fragrance of Christ. ഓര്‍മ്മിക്കണം മൂന്ന് നൂറ്റാണ്ടോളമെങ്കിലും ഇത് കൂലിപ്പണിക്കാരുടെ മതമായിരുന്നു. മുക്കുവരുടെയും മരയാശാരിമാരുടെയും കല്ലാശാരിമാരുടെയും മതമായിരുന്നു. ഇപ്പോഴും പാവപ്പെട്ട മനുഷ്യന്‍റെ വിയര്‍പ്പിനെക്കുറിച്ച് നമുക്ക് വലിയ മമതയില്ല. നാട്ടിന്‍പുറങ്ങളില്‍ അദ്ധ്വാനിക്കുന്ന മനുഷ്യന്‍റെ വിയര്‍പ്പിനെ സൂചിപ്പിക്കാന്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന വാക്ക് മനുഷ്യനു നിരക്കാത്ത പദമാണ്. 'ചൂര്'. മൃഗങ്ങളുടെ കൂട് കഴുകുമ്പോള്‍ പറയാറുണ്ട് 'എന്തൊരു ചൂര് ആയിരുന്നു'! വിയര്‍പ്പിനെ അധമഗന്ധം മാത്രമായി കരുതിക്കൊ ണ്ടിരുന്ന കാലത്തിനകത്ത് അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ ഒത്തുചേരലുണ്ടാകുന്നു. അവിടെ നിന്നുകൊണ്ടാണ് പൗലോസ് എന്ന മനുഷ്യന്‍ പറയുന്നത് നിങ്ങളുടെ ഗന്ധത്തിന് എന്തൊരു പരിമളമാണ്! യേശുവിന്‍റെ ഗന്ധം! തൊഴില്‍ ചെയ്യുന്നവന്‍റെ വിയര്‍പ്പിന് യേശുവിന്‍റെ ഗന്ധമുണ്ടെന്ന കണ്ടെത്തല്‍. തൊഴില്‍ ചെയ്യുന്ന മനുഷ്യരാണ് നമുക്കിടയിലെ യേശു എന്നു തിരിച്ചറിയുമ്പോള്‍ അനുഭവപ്പെടുന്ന വ്യത്യാസമുണ്ട്. 
 
  ഒരു തൊഴിലില്‍ ആയിരിക്കുമ്പോള്‍ പലപ്പോഴും അതിന്‍റെ മഹത്ത്വം തിരിച്ചറിയുന്നില്ല. തൊഴില്‍ തേടി ദേശം വിട്ട് അലയുന്നവരുടെ അനുഭവങ്ങളില്‍ അതിന്‍റെ നഷ്ടഭീതികളുണ്ട്. ഒരാളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നതോടെ ഭൗതികമായ അര്‍ത്ഥത്തില്‍ വീട് കപ്പല്‍ച്ചേതത്തിലൂടെ കടന്നുപോകുകയാണ്. ഉലയുകയാണ്. 
 
 ഇന്നലെവരെ ഉണ്ടായിരുന്ന ജീവിതത്തിന്‍റെ ഉറപ്പ് ഇന്നില്ല. വല്ലാത്ത അനിശ്ചിതത്വം ഉള്ള മേഖലയാണത്. യേശു പറയുന്ന പല ഉപമകളും ഇതുമായി ബന്ധപ്പെട്ടവയാണ്. ഒന്നാം മണിക്കൂറില്‍ വന്നവനും പതിനൊന്നാം മണിക്കൂറില്‍ വന്നവനും ഒരേ ദിനാറ കിട്ടുമെന്നൊക്കെ യേശു പറയുന്ന കഥയിലെ ആത്മീയമാനങ്ങള്‍ വിട്ടുകളഞ്ഞാല്‍പ്പോലും മനുഷ്യന്‍റെ വിയര്‍പ്പുമായി ബന്ധപ്പെട്ട മനോഹരമായ ഉപമയാണത്. ഒരാള്‍ക്ക് ജോലി കിട്ടാത്തത് അയാള്‍ അന്വേഷിക്കാത്തതുകൊണ്ടാണെന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട്. അന്വേഷിച്ചിട്ടും നിരന്തരം ഒഴിവാക്കപ്പെടുന്നതിലെ പരിക്കുകള്‍ ഏറ്റ് കഠിന വിഷാദത്തിനു വഴിപ്പെട്ടവര്‍ക്ക് എങ്ങനെ ഒരു ഫോം പൂരിപ്പിക്കാനോ ഇന്‍റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കാനോ സമയം പാലിക്കാനോ ഉള്ള മനഃസാന്നിധ്യം ഉണ്ടാകും? രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ കഥയില്‍ യേശു നിരീക്ഷിച്ച കാര്യമുണ്ട്. പതിനൊന്നാം മണിക്കൂറില്‍ വരുന്ന ആളെ കണ്ടെത്തുന്നതെങ്ങനെയാണ്? പതിനൊന്നാം മണിക്കൂറില്‍ തെരുവില്‍ ചെല്ലുമ്പോള്‍ അപ്പോഴും നില്‍ക്കുന്നുണ്ടൊരാള്‍. "നീ എന്തുകൊണ്ട് പണിക്കുപോയില്ല?" ആ മനുഷ്യന്‍ പറയുന്നു 'ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല'. എത്രനേരം കാത്തു നില്‍ക്കാന്‍ തയ്യാറായിട്ടും അയാള്‍ക്കു മുന്‍പില്‍  ഇനിയും വാതിലുകള്‍ തുറന്നു കിട്ടുന്നില്ല എന്ന ഏതൊരു കാലത്തിന്‍റെയും നിഴല്‍ അതിനകത്തുണ്ട്. എത്ര ഇടങ്ങളില്‍ തൊഴിലുകള്‍ തേടി മനുഷ്യര്‍ കയറിയിറങ്ങുന്നു! ആരാണ് അവരെ വിളിക്കുന്നത്?
 
 കുറേക്കാലം മുന്‍പ് ദില്ലി നഗരം ബ്യൂട്ടിഫൈ ചെയ്യുന്നതിന്‍റെ ഭാഗമായി ആദ്യമായി ഒഴിപ്പിച്ചത് ചേരികളാണ്. ജെസിബി വന്ന് ഒരു പ്രദേശം മുഴുവന്‍ എടുത്തു മാറ്റി. വീട് നഷ്ടപ്പെട്ട മനുഷ്യര്‍ കോടതിയിലെത്തി. കോടതി അവരോട് പറയുന്നത് 'നിങ്ങള്‍ എന്തിനാണ് ഇത്രയും പ്രയാസപ്പെട്ട് സുരക്ഷിതത്വമില്ലാത്ത ചേരിയിലൊക്കെ താമസി ക്കുന്നത്? വഴിയോരങ്ങളില്‍ കിടന്നുറങ്ങുന്നത്? നിങ്ങള്‍ സ്വന്തം ഗ്രാമങ്ങളിലേക്കു പോകൂ. അവിടെപ്പോയി ജോലി ചെയ്യൂ' എന്നാണ്. ആ റിപ്പോര്‍ട്ട് അവസാനിക്കുന്നത് അവനവന്‍റെ ഗ്രാമങ്ങളില്‍ ഇന്ന് എന്തു ജോലിയാണ് അവശേഷിക്കുന്നത്? എന്ന ചോദ്യത്തോടെയാണ്. തൊഴില്‍ ചെറിയ കാര്യമല്ല. ഒരു റിട്ടയര്‍മെന്‍റ് പോലും നിങ്ങളെ തകര്‍ത്തുകളയുന്നത് അതുകൊണ്ടാണ്. സാമ്പത്തിക പ്രശ്നം മാത്രമല്ല അത്. നിങ്ങള്‍ക്ക് നിങ്ങളായിരിക്കാനും നിങ്ങളുടെ ഗന്ധത്തിലായിരിക്കാ നുമുള്ള സാധ്യത അടഞ്ഞു പോവുക കൂടിയാണ്. വികസനത്തെക്കുറിച്ചുള്ള ഭീതിപോലുമതാണ്. നോക്കിനില്‍ക്കെ എത്ര പേര്‍ തൊഴില്‍രഹിതരാ കുന്നു. ശീതീകരിച്ച ഷോപ്പിംഗ് മാളുകളുകളുടെ വരവ് നഗരവാസികളില്‍ കൗതുകവും സൗകര്യവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതുപേക്ഷിച്ച് എന്തിന് പുറത്ത് ചൂടില്‍ ഓരോന്നിനുമായി അലയണം? ഇറച്ചിക്കടകളും പലചരക്കു കടകളും വാച്ച് റിപ്പയര്‍ ചെയ്യുന്നവരും ചെരുപ്പുകുത്തികളും കുട നന്നാക്കുന്നവരും കാണെക്കാണെ നഗരത്തില്‍നിന്ന് അപ്രത്യക്ഷമായി ക്കൊണ്ടിരിക്കും.
 
 ഒരു സിനിമയൊക്കെ പരാജയപ്പെട്ടു എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നിരാശയതാണ്. എത്ര പേരുടെ അന്നമാണത്. ചുരുങ്ങിയത് മുന്നൂറുപേരുടെ യെങ്കിലും തൊഴില്‍. അതിനെ കാണാതെ പോകരുത്. ഏതു തൊഴിലിലും കുലീനതയുണ്ട്. തച്ചന്‍റെ പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ജ്ഞാനവഴിയാ ണത്. ഒരു മരാശാരിയും കുറച്ചു മുക്കുവരും കൂടിയാണ് ഈ ധര്‍മ്മം ഭൂമിയെമ്പാടും എത്തിക്കാന്‍ ശ്രമിച്ചത്. ചെറിയ പണികളിലേര്‍പ്പെടുന്നവരെ ആദരിക്കുന്ന സംസ്കാരം. 'മാന്‍ഹോള്‍' എന്ന ചിത്രം ഓര്‍ക്കുന്നു. മനം മറിക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്ന വരുടെ കോളനിയെന്ന അധിക്ഷേപം അപകര്‍ഷത യോളം എത്തിക്കുന്നുണ്ട്. ഞങ്ങളില്ലെങ്കില്‍ നഗരം ആരു വൃത്തിയാക്കും എന്ന മറുചോദ്യമുണ്ട്. തൊഴിലുമായി ബന്ധപ്പെട്ട് മൂല്യവ്യവസ്ഥയുണ്ടാ കണം. സമഭാവനയുണ്ടാകണം. കടലില്‍ പണിക്കു പോയവരില്‍ നിന്നാണ് ക്രിസ്തീയ ധര്‍മ്മം ആരംഭിച്ചത്. 
 
 പൗലോസ് പണ്ഡിതനായിരുന്നു. എന്നിട്ടും മറ്റ് അപ്പോസ്തലന്മാര്‍ക്ക് കിട്ടുന്ന ആദരം തനിക്ക് എന്തുകൊണ്ട് കിട്ടുന്നില്ല എന്ന് അന്വേഷിക്കുമ്പോള്‍ അയാള്‍ക്കു മനസ്സിലാകുന്നുണ്ട്. യാതൊരു തൊഴിലിലും ഏര്‍പ്പെടാത്ത മനുഷ്യനായതു കൊണ്ടാണെന്ന്. പിന്നീട് പറയുന്നുണ്ട്. "മേശയെ ഉപചരിക്കുന്നവര്‍ക്ക് മേശയില്‍ നിന്നു ഭക്ഷിക്കാം." ആ മനുഷ്യന്‍ ഒരു പിടിച്ചോറ് ഉറപ്പുവരുത്തിയത് കഠിനാധ്വാനത്തിലൂടെയായിരുന്നു. 'നിങ്ങള്‍ക്കൊരു മാതൃക തരാന്‍ വേണ്ടി ഞാന്‍ എന്‍റെ കരം കൊണ്ട് അദ്ധ്വാനിച്ചു ജീവിച്ചു' എന്നു സാക്ഷ്യപ്പെടുത്തുന്നു.
 
 തൊഴിലുകളെല്ലാം ചെസ്സുകളിപോലെയാണ്. കളിത്തട്ടില്‍ രാജ്ഞിയും കാലാളും ഒക്കെയായി രിക്കാം. കളി കഴിയുമ്പോള്‍ എല്ലാവരും ഒരേ പെട്ടിയിലാണ്. ഔദ്യോഗിക കാലങ്ങളില്‍, ഏതെല്ലാം തസ്തികകളില്‍ ഇരുന്നാലും എല്ലാവരും ക്യൂ നില്‍ക്കുന്നത് ഒരേ ട്രഷറിയുടെ കൗണ്ടറില്‍. എതു തരം പണിയും അതിന്‍റെ മഹത്വം ഓര്‍ത്ത് തലയെടുപ്പോടെ നില്‍ക്കുക. 

You can share this post!

സഞ്ചാരിയുടെ നാള്‍വഴി പാതിനോമ്പ്

ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

പ്രത്യാശ

ബോബി ജോസ് കട്ടികാട്
Related Posts