news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്- 'മീനച്ചിലാർ'

Eventually, all things merge into one, and a river runs through it. The river was cut by the world's great flood and runs over rocks from the basement of time. On some of the rocks are timeless raindrops. Under the rocks are the words, and some of the words are theirs. 
I am haunted by waters.” 
 - Norman Maclean


   ഒഴുകുന്ന പുഴയും മുറിയുന്ന പുഴയും മനുഷ്യമനസ്സിനും ജീവിതത്തിനും സമാനമാണ്. ചില വ്യക്തികളും ജീവിതങ്ങളും തെളിനീരുപോലെ ഒഴുകിക്കൊണ്ടേയിരിക്കും. ജീവിതത്തിന്‍റെ കയറ്റിയിറക്കങ്ങളിലും വൈരുദ്ധ്യങ്ങളിലും പ്രതിസന്ധികളിലും ചിന്നിച്ചിതറുമെങ്കിലും ഒഴുക്കു നിലക്കാത്ത ചില ജീവിതങ്ങളുണ്ട്. അങ്ങനെയുള്ള ജീവിതങ്ങള്‍ അതിജീവനത്തിന്‍റെ സ്പര്‍ശം നല്‍കി ഒരു പുഴയെ വീണ്ടെടുപ്പിക്കാനാവുമോയെന്ന് നിരന്തരം ചോദ്യശരങ്ങളുതിര്‍ക്കുന്നുണ്ട്, നിരന്തരം കര്‍മ്മോത്സുകരാകുന്നുണ്ട്. അഞ്ചാറു വര്‍ഷങ്ങളല്ല, മൂന്നു പതിറ്റാണ്ടെങ്കിലുമായി ഇവരുടെ ജലസമരങ്ങള്‍ പിറവിയെടുത്തിട്ട്. അതിങ്ങനെ നിര്‍ബാധം ഒഴുകിക്കൊണ്ടിരുന്നാല്‍ മീനച്ചിലാറിന് എങ്ങനെ ചിറകുവിരിക്കാതിരിക്കാനാവും. അതെ ഒരു കൂട്ടം നന്മയുള്ള മനുഷ്യരുടെ കഠിന പ്രയത്നം മീനച്ചില്‍ എന്ന നദി പുനര്‍ജീവിപ്പിക്കുകയാണ്.
'നദി സംരക്ഷണം' എന്നത് ഈ കാലഘട്ടത്തിലെ ആലങ്കാരിക സാമുഹിക പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഒന്നല്ലേ എന്നു നെറ്റി ചുളിക്കുന്നവര്‍ക്ക്, ഇവരില്‍ നിന്ന് പഠിക്കാന്‍ പാഠങ്ങള്‍ അനുവദിക്കുക എന്നതാണുത്തരം. മുപ്പതാണ്ടിന്‍റെ സജീവ പ്രവര്‍ത്തനങ്ങള്‍ ഒരു മാസികയുടെ അകത്താളുകള്‍ക്കുള്ളില്‍ ഒതുക്കി തീര്‍ക്കാവുന്നതല്ല എന്നറിഞ്ഞു കൊണ്ടുതന്നെ പറയട്ടെ ഇതൊരു സുവിശേഷമാണ്. ജാതിമതവര്‍ണ്ണ ലിംഗ വ്യതിയാനങ്ങള്‍ക്കതീതമായി മനുഷ്യന്‍ ഒഴുകി പരക്കുന്നയിടം. 
ഏതാണ്ട് 20 വര്‍ഷം മുന്‍പ് ഭരണങ്ങാനം സെമിനാരിയില്‍ അന്തേവാസിയായിരുന്നപ്പോള്‍ നീന്തിക്കുളിച്ച പുഴയില്‍ വീണ്ടും രണ്ടുവര്‍ഷം മുന്‍പിറങ്ങിയപ്പോള്‍ മനംനൊന്തു. വേനല്‍മഴയ്ക്കുശേഷവും മാലിന്യം നിറഞ്ഞ നീരൊഴുക്കു കുറഞ്ഞ ചാലുകള്‍ മാത്രം. നടുക്കൊന്നൊരു ചോദ്യം മാത്രം മനസ്സിലവശേഷിച്ചു. ഇതെങ്ങനെ ഇത്രപെട്ടെന്ന് കണ്‍മുന്‍പില്‍ നിന്ന് ഒരു പുഴ ഇല്ലാതായി? 
ഒരു പുഴ ഇല്ലാതായാല്‍ സംഭവിക്കുന്നത് ഒരു ജനതയുടെ ആത്മാനാശമാണ്. പുഴ വറ്റുന്നതിനൊപ്പം മനുഷ്യന്‍റെ ആത്മാവും വറ്റിവരളും. മനുഷ്യന്‍റെ ഓട്ടവും ആര്‍ത്തിയും അത്യാഗ്രഹങ്ങളും പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന കഥപോലെതന്നെയല്ലേ എന്നു പലപ്പോഴും തോന്നാറുണ്ട്.  പൊന്‍മുട്ടയിടുന്ന താറാവിന്‍റെ കഥയിലെ കൃഷിക്കാരനെ കളിയാക്കുന്ന അതേ മുതിര്‍ന്നവര്‍ തന്നെ വീണ്ടും വീണ്ടും ആര്‍ത്തിയോടെ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുമ്പോള്‍ ആര് ആരോട് പരാതി പറയാന്‍? ഈ പരിഭവത്തിനാണിവിടെ അവസാനം ഉണ്ടാകേണ്ടത്. ഈ പരിഭവങ്ങള്‍ കാര്യമായി എടുക്കുന്ന ചില അപ്രധാന മനുഷ്യരുണ്ട്. അവരെപ്പറ്റിയാണ് ക്രിസ്തു പറഞ്ഞത് "പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീരുമെന്ന്".
ഈ അപ്രധാന മനുഷ്യരുടെ നിരന്തരമായ ശ്രദ്ധയും കാവലും ഒരു പുഴയെ മാത്രമല്ല ഒരു ജനതയെക്കൂടി ഇവിടെ പുനസൃഷ്ടിക്കുകയാണ്.
മീനച്ചില്‍ നദീസംരക്ഷണ സമിതിയുമായി ചേര്‍ന്ന് ഒരു പറ്റം കുട്ടികള്‍ വാഗമണ്‍ മൊട്ടക്കുന്നുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന്‍റെ വീഡിയോ ചിത്രങ്ങള്‍ കാണാനിടയായി. മീനച്ചിലാറിന്‍റെ ഉത്ഭവസ്ഥാനമാണ് വാഗമണ്‍ മലനിരകള്‍. അവിടെ ഈ നാളുകളില്‍ നടക്കുന്ന ടൂറിസം-റിസോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ കണ്ണുംകാതുമില്ലാതെ പ്രകൃതിയെ മുച്ചൂടും നശിപ്പിക്കുന്നതാണെന്നത് പകല്‍പോലെ വ്യക്തമാണ്. ഈ കുട്ടികള്‍ നീക്കം ചെയ്തു മാറുന്നമുറയ്ക്ക് സഞ്ചാരികള്‍ വീണ്ടും മാലിന്യങ്ങള്‍കൊണ്ട് റോഡ് പരിസരം നിറയ്ക്കുന്ന കാഴ്ച കണ്ണു നനയ്ക്കുന്നതാണ്.
മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഒരു കുട്ടി കാണിക്കുന്ന സന്മനസ്സിന്‍റെ പത്തിലൊന്നെങ്കിലും മതി മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതിരിക്കാന്‍. ഇനി ഇവിടുത്തെ സ്ഥായിയായ പ്രശ്നം മാലിന്യം വലിച്ചെറിയുന്നതു മാത്രമല്ല, നമ്മുടെ മനോഭാവത്തിന്‍റെ പ്രശ്നം കൂടിയാണ്.
കൃത്യമായി മാലിന്യം നിക്ഷേപിക്കാനോ നീക്കം ചെയ്യാനോ നമുക്കു സംവിധാനങ്ങള്‍ ഒരിടത്തും തന്നെയില്ല. ബോധവത്കരണങ്ങളും മാലിന്യ നിര്‍മ്മാര്‍ജ്ജനങ്ങളുമൊക്കെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും  പണ്ടേ തീറെഴുതി നല്‍കിയതാണു നമ്മള്‍. അതവിടെ നില്‍ക്കട്ടെ, അതിനുമപ്പുറം ഉപയോഗിച്ചു തള്ളുക എന്ന നമ്മുടെ മനോഭാവത്തിനെന്തു മാറ്റം വരും. എന്‍റെ സ്വന്തം കാര്യത്തിനപ്പുറം ഒന്നും ഏല്ക്കാത്ത ഞാന്‍ എന്നാണു മറ്റൊരുവനെ ബാധിക്കുന്ന പ്രശ്നത്തില്‍ തലയിടുക എന്ന ചോദ്യമുണ്ട്? "മീനച്ചില്‍ നദി, അതാര്‍ക്കു വേണം? മുന്‍സിപ്പാലിറ്റിയുടെ വെള്ളം വീട്ടില്‍ കിട്ടുന്നുണ്ടല്ലോ, അല്ലെങ്കില്‍ അല്‍പം കാശുകൊടുത്താല്‍ കിട്ടാത്തതായെന്തുണ്ട്?" ഇതാണ് നമ്മുടെ സാധാരണ ലൈന്‍. ഇവിടെ ന്യൂനപക്ഷമണെങ്കിലും ശരി, ആബാലവൃദ്ധം  ഈ നദിക്കായി പിന്നിലുണ്ട്. നദിയുടെ വിഭവങ്ങളെ വിറ്റു കാശാക്കി കയ്യേറ്റം നടത്തുന്ന രാഷ്ട്രീയ സാമൂഹിക മതകച്ചവട താത്പര്യ കക്ഷികളെ നേരിട്ടു കണ്ടെത്തുന്ന കാലത്തേ ഈ ചൂഷണങ്ങള്‍ക്കറുതി വരൂ.
ഇവിടെയിന്നും മണല്‍വാരല്‍ പതിറ്റാണ്ടുകളായി തുടരുന്നുണ്ട്. വാരാന്‍ മണലില്ലെങ്കില്‍ക്കൂടി ചേറും ചെളിയും വാരി ആഴം കൂട്ടിയതുകൊണ്ട് കിടങ്ങൂര്‍വരെ ഇപ്പോള്‍ ഉപ്പുവെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. നിരന്തരമായ രാസവളപ്രയോഗംകൊണ്ട് ജലാഗിരണശേഷി വളരെയധികം നഷ്ടപ്പെട്ട മണ്ണാണ് നമ്മുടേത്. അധികം മഴകിട്ടി എന്നതിന്‍റെ അര്‍ത്ഥം നഷ്ടപ്പെടുന്നത് ഇവിടെയാണ്. പുഴയുടെ വൃഷ്ടിപ്രദേശത്തിന്‍റെ നാശം, അശാസ്ത്രീയമായ റോഡുനിര്‍മ്മാണം, പാറമടകള്‍ ഇവയൊക്കെ മീനച്ചിലാറിനെ ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ള കാരണങ്ങളാണ്. പുഴയോരം കയ്യേറിയ ഭവിഷത്തിന് ഉദാഹരണമാണ് കഴിഞ്ഞ വെള്ളപ്പൊക്ക കാലയളവില്‍ പാലാ നഗരത്തില്‍ സംഭവിച്ചത്. എഴുപത് മീറ്ററോളം വീതിയില്‍ ഒഴുകി വരുന്ന പുഴയെ മുപ്പത് മീറ്റര്‍ ചുരുക്കിയതും ആറ്റുതീരം വീതിച്ചെടുക്കുന്നതും ഫണ്ടു കൈപ്പറ്റുന്നതും ആരാണ്? റോഡിന് വീതികൂട്ടി പുഴകയ്യേറിയതിനാല്‍ കുത്തിയൊലിച്ചുവരുന്ന ജലം റോഡിനെ പുഴയാക്കി മാറ്റി. ഇങ്ങനെയുള്ള ചൂഷകസ്രോതസ്സുകളെ തിരിച്ചറിഞ്ഞ് പുറംതള്ളിയാല്‍ മാത്രമേ സുസ്ഥിരമായ വികസനവും ശാശ്വതമായ പരിഹാരങ്ങളും സാധ്യമാവൂ. 
ഈ ചൂഷക കാലഘട്ടത്തിലും  തിരിച്ചറിവിന്‍റെ പാത നേടിയവര്‍ ഉണ്ട് എന്നതാണിവിടുത്തെ സുവിശേഷം. അവരെനോക്കിയാണ് ക്രിസ്തു പറയുന്നത് ചെറിയ അജഗണമേ നിങ്ങള്‍ ഭയപ്പെടേണ്ട! 
അതെ ജലത്താല്‍ വേട്ടയാടപ്പെടുന്ന ഒരു പറ്റം മനുഷ്യര്‍ക്കു മാത്രമേ പുഴപോലെ ഒഴുകാനാവൂ. അവരുടെ നന്മ അനസ്യൂതം ഒഴുകട്ടെ, പാറക്കെട്ടുകള്‍ക്കിടയിലൊളിഞ്ഞിരിക്കുന്ന ജലത്തിന്‍റെ കണികകള്‍ അവ ഒളിപ്പിച്ചു വച്ച വാക്കുകള്‍  മീനച്ചില്‍ എന്ന നദിയില്‍ വീണ്ടും പിറവിയെടുക്കട്ടെ. അതൊരു ജനതയുടെ തിരിച്ചറിവിന്‍റെ സ്നാനമാകട്ടെ!

You can share this post!

മുഖക്കുറിപ്പ് - ഭീകരത

ടോം കണ്ണന്താനം
അടുത്ത രചന

രാത്രിയില്ലായിരുന്നെങ്കില്‍ നക്ഷത്രങ്ങളും നിലാവുമെനിക്കന്യമായേനെ

റോണി കിഴക്കേടത്ത്
Related Posts