news-details
കവർ സ്റ്റോറി

ഓളവും തീരവും വീണ്ടെടുക്കുന്ന മീനച്ചില്‍

 നീരൊഴുക്കും തെളിനീരും കാണാകനവായി മാറുന്ന മീനച്ചില്‍ നദിയുടെ പുനര്‍ജ്ജീവനം സമാനതകളില്ലാത്ത അതിജീവന തപസ്യയായി മാറുന്നതിന്‍റെ നാള്‍വഴികളാണീ ലക്കത്തില്‍ 'അസ്സീസി' മുന്നോട്ടു വയ്ക്കുന്നത്. ഈ തപസ്യക്ക് പിന്നില്‍ ജീവിതം പൂര്‍ണ്ണമായി മീനച്ചിലാറിനെ വീണ്ടെടുക്കാനായി മാറ്റിവച്ച സുമനസ്സുകള്‍ നിരവധിയാണ്. അവരെന്താണ് ചെയ്തത്? ചെയ്തുകൊണ്ടിരിക്കുന്നത്? ചെയ്യാന്‍ ആഗ്രഹിക്കുന്നത്? ഇതൊരു തിരിച്ചറിവാണ്. ജീവനും ജീവിതവും ഒരു പുഴയ്ക്കായി നല്‍കുക. അതിലൂടെ ഒരു ജനതയുടെ വീണ്ടെടുപ്പിലും അതിജീവനത്തിലും നിശബ്ദ പോരാളികളും പങ്കാളികളുമാകുക. ഇത് ചരിത്രത്തിന്‍റെ അടയാളപ്പെടുത്തലാണ്. നാളത്തെ തലമുറ തിരിച്ചറിയണം ഇങ്ങനെയും ചിലതിവിടെ സംഭവിച്ചിരുന്നു എന്ന്, ഈ സുമനസ്സുകളുടെ പാദസ്പര്‍ശം മീനച്ചിലാറിന്‍റെ മണ്ണിനെ കൂടുതല്‍ പവിത്രമാക്കുന്നുവെന്ന്.


ഇന്നലെകളില്‍...


ചരിത്രവഴികളിലൂടെ


1980 കളുടെ അവസാനം നിര്‍ദ്ദേശിക്കപ്പെട്ട അടുക്കം ഡാമിനെതിരെ രൂപം കൊണ്ട കര്‍മ്മസേനയാണ്  മീനച്ചില്‍ നദീസംരക്ഷണ സമിതിക്ക് വിത്ത് പാകിയത്. അന്നുമുതല്‍ ഇന്നോളം ഇടമുറിയാതെ മീനച്ചില്‍ നദിയോടുള്ള പ്രതിബദ്ധത തലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ ഇവര്‍ക്കായി. 


അടുക്കം പദ്ധതി: വിയോജിപ്പുകള്‍


മീനച്ചില്‍ നദീതടപദ്ധതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടത്തിലാണ് മീനച്ചില്‍ നദീജല സംരക്ഷണസമിതി രൂപീകൃതമായത്. പദ്ധതിക്കെതിരെ അടുക്കം കേന്ദ്രീകരിച്ചുയര്‍ന്നു വന്ന ജനരോഷത്തിന്‍റെ വെളിച്ചത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ച സാഹചര്യത്തില്‍ സ്വാഭാവികമായും പദ്ധതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളും നിര്‍ജ്ജീവമായി. എന്നാല്‍ മീനച്ചില്‍ നദീതട പദ്ധതിയെന്ന വന്‍കിട പദ്ധതി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ നടന്ന ശ്രമങ്ങള്‍ക്ക് ന്യായീകരണമായി അധികൃതര്‍ എടുത്തുകാണിച്ച ജലക്ഷാമം എന്ന പ്രശ്നം നാള്‍ക്കുനാള്‍ രൂക്ഷമായി വരുകയും ചെയ്തുകൊണ്ടിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ 1990 ഏപ്രില്‍ 24 ന് പാലാ മില്‍ക്ക്ബാര്‍ ഓഡിറ്റോറിയത്തില്‍ ജലക്ഷാമം പരിഹരിക്കാന്‍ ജനകീയ സഭയില്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചുകൊണ്ട് ഗാന്ധിയുവമണ്ഡലം ഒരു കണ്‍വന്‍ഷന്‍ നടത്തുകയുണ്ടായി. പ്രസ്തുത കണ്‍വന്‍ഷനില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ച് പ്രവര്‍ത്തന പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് മെയ് 4 ല്‍ പാലാ സൂര്യാ കോളേജില്‍ വച്ച് മീനച്ചില്‍ താലൂക്കിലെ വിവിധ സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും പ്രവര്‍ത്തകര്‍ കൂടിച്ചേര്‍ന്ന് മീനച്ചില്‍ നദീജല സംരക്ഷണ സമിതിക്ക് രൂപം നല്‍കി. സമിതിയുടെ ആദ്യ പ്രവര്‍ത്തനമായി മീനച്ചിലാറിനെ രക്ഷിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു കൊണ്ടുന്ന ജനങ്ങളുടെ അവകാശ പത്രിക പ്രസിദ്ധീകരിച്ചു.

കവര്‍സ്റ്റോറി

തുടര്‍ന്ന് അവകാശപത്രികയെ അടിസ്ഥാനമാക്കി നിരവധി പ്രദേശങ്ങളിലും സംഘടനാ വേദികളിലും ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. പല സ്ഥലങ്ങളിലും സമിതിയുടെ പ്രാദേശിക ഘടകങ്ങളും രൂപീകരിച്ചു. 1990 ഒക്ടോബര്‍ 1 ന് അവകാശ പത്രികയില്‍ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യപ്പെടുകയും തുടര്‍ന്നുള്ള മൂന്നാലു മാസങ്ങളില്‍ കോളേജുകളുള്‍പ്പെടെ ജില്ലയിലെ അന്‍പതോളം കേന്ദ്രങ്ങളില്‍ നിന്ന് പതിനായിരത്തോളം ഒപ്പ് ശേഖരിച്ച് ജില്ലാ കളക്ടര്‍ക്ക് അവകാശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. അവകാശ പത്രികയുടെ കോപ്പി സംസ്ഥാനഭരണാധികാരികള്‍ക്ക് നല്‍കി. തുടര്‍ന്ന് മേലുകാവുമറ്റം ഹെന്‍ട്രിബേക്കര്‍ കോളേജില്‍ വച്ച് നവംബര്‍ 16,17,18 തീയതികളില്‍ പരിസ്ഥിതി പഠന ക്യാമ്പ് നടത്തി. ഏറെ വൈകാതെ നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അവകാശപത്രികയുടെ കോപ്പികളയച്ചു കൊടുക്കുകയും അവരുടെ പ്രതികരണം ആരായുകയും ചെയ്തെങ്കിലും വളരെ ചുരുക്കം ചിലരെ പ്രതികരിക്കാന്‍ തയ്യാറായുള്ളൂ. 1991 ഫെബ്രുവരി രണ്ടാംവാരം മീനച്ചിലാര്‍ സംരക്ഷണവാരമായി ആചരിക്കുകയും ഈ വിഷയത്തിലേയ്ക്ക് ജനശ്രദ്ധ ക്ഷണിച്ചുകൊണ്ട് സെമിനാര്‍, അടുക്കം മുതല്‍ കോട്ടയം വരെ സൈക്കിള്‍ റാലി, ആറ്റിലൂടെ പദയാത്ര കോട്ടയത്ത് ഗാന്ധി സ്ക്വയറില്‍ ഉപവാസം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. അവകാശപത്രികയിലെ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അധികാരികള്‍ക്ക് രണ്ടാംതവണ നിവേദനം നല്‍കുകയും ജില്ലയിലെ പഞ്ചായത്തുതലം മുതലുള്ള ജനപ്രതിനിധികള്‍ക്ക് അവകാശപത്രികയുടെയും നിവേദനത്തിന്‍റെയും കോപ്പികള്‍ അയച്ചുകൊടുക്കുകയും ചെയ്തു.
അശാസ്ത്രിയവും അനാവശ്യവുമായ മീനച്ചില്‍ നദീതടപദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതില്‍ ഈ യോഗം ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ഇതോടൊപ്പം വിവരിച്ചിരിക്കുന്ന കാരണങ്ങളാല്‍ പ്രസ്തുത പദ്ധതി പരിപൂര്‍ണ്ണമായി ഉപേക്ഷിക്കുമെന്നും കോട്ടയം ജില്ലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് മീനച്ചിലാറ്റിലുടനീളം സ്ഥിരം തടയണകള്‍ നിര്‍മ്മിക്കണമെന്നും ഈ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.


കാരണങ്ങള്‍


1. ജലലഭ്യത സംബന്ധിച്ച് പ്രോജക്ട് റിപ്പോര്‍ട്ടിലെ കണക്കുകള്‍ യാഥാര്‍ത്ഥ്യമല്ല.
2. അടുക്കത്ത് അണക്കെട്ടുണ്ടാക്കിയാല്‍ അത് മീനച്ചില്‍ താലൂക്കിലെ കുടിനീര്‍ ക്ഷാമത്തിന് പരിഹാരമായില്ല.
3. ജലസേചനാവശ്യം സംബന്ധിച്ച് പ്രോജക്ട് റിപ്പോര്‍ട്ടിലെ കണക്കുകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
4. ഈ പദ്ധതി സാമ്പത്തികമായി വന്‍ നഷ്ടമാണ്. ഈ പദ്ധതിവഴി ജലസേചന സൗകര്യം എത്തിക്കാന്‍ കുറഞ്ഞത് ഹെക്ടര്‍ ഒന്നിന് 4 ലക്ഷം രൂപാ ചെലവാകും. 
5. തീക്കോയി പുഴയുടെ ഉത്ഭവസ്ഥാനത്ത് അണക്കെട്ടുണ്ടാക്കിയാല്‍ അതുകൊണ്ടുമാത്രം പാലായിലെ വെള്ളപ്പൊക്കം തടയുവാന്‍ കഴിയുകയില്ല.
6. അണക്കെട്ടു നിര്‍മ്മിക്കുന്ന അടുക്കം മേഖലയില്‍ നിന്നും കനാല്‍ കടന്നുപോകുന്ന മീനച്ചില്‍ താലൂക്കിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നും കുടിയിറക്കപ്പെടുന്നവര്‍ക്ക് അപരിഹാര്യമായ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകും.
7. മഴക്കെടുതിമൂലം വെള്ളത്തിനടിയിലാകുന്ന കൃഷിഭൂമികളിലും കനാല്‍ കടന്നുപോകുന്നതുമൂലം നശിപ്പിക്കപ്പെടുന്ന കൃഷിഭൂമികളിലും തൊഴിലെടുക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകും.
8. മഴക്കാലത്ത് പതിവായി ഉരുള്‍പൊട്ടലും മലയിടിച്ചിലും അനുഭവപ്പെടുന്ന അടുക്കത്ത് ഭൂമിയില്‍ വലിയ സമ്മര്‍ദ്ദത്തിനിടയാക്കുന്ന വിധത്തില്‍ ഒരു വന്‍കിട ഡാമില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും.
9. ഉരുള്‍പൊട്ടലും മലയിടിച്ചിലും വളരെ വ്യാപകമായാല്‍ അണക്കെട്ട് താമസംവിനാ മണ്ണിടിഞ്ഞ് നികന്നുപോകും.
10. കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി പദ്ധതിമൂലം മുങ്ങിപ്പോകുമെന്ന് കണക്കാക്കപ്പെടുന്ന അടുക്കം വെള്ളാനിമേഖലയില്‍ യാതൊരു വികസനപ്രവര്‍ത്തനവും നടക്കുന്നില്ല.
11. ഈ പദ്ധതിയുടെ ഭാഗമായി കനാല്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പല സ്ഥലങ്ങളിലും മൂവാറ്റുപുഴ റിവര്‍വാലി പദ്ധതിയുടെ ഭാഗമായുളള കനാലുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.
12. കഴിഞ്ഞ 35 വര്‍ഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ പ്ലാനിംഗ് കമ്മീഷന്‍റെ നിഗമനമനുസരിച്ച് വന്‍കിട ഡാമുകള്‍ ഒരര്‍ത്ഥത്തിലും ആശാസ്യമല്ല. ഈ നിലയ്ക്ക് മീനച്ചില്‍ പദ്ധതിയും എതിര്‍ക്കപ്പെടേണ്ടതാണ്.
13. ഈ പദ്ധതിയുടെ പ്രയോജനവും ചെലവും തട്ടിച്ചുനോക്കിയാല്‍ (cost benefit Analysis) പദ്ധതി അശാസ്യമല്ല.
ഈ പദ്ധതിക്കു പകരം മീനച്ചിലാറ്റിലും കൈവഴികളിലും സ്ഥിരം തടയണകളുടെ ഒരു ശൃംഖല നിര്‍മ്മിക്കുകയും ചെയ്താല്‍ കുടിനീര്‍ വിതരണത്തിലും ജലസേചനാവശ്യത്തിനുമുള്ള വെള്ളം സംഭരിക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 

 


അടുക്കം സമരകാലത്തെ മുന്‍നിരപോരാളികള്‍


സണ്ണി പൈകട

ഫാ.വിന്‍സന്‍റ് കളരിപ്പറമ്പില്‍
പ്രഫ. ആര്‍. എസ്. പൊതുവാള്‍


പരേതരായ


ഐസക് മേനാംപറമ്പില്‍
മാത്തച്ചന്‍ പൊന്നംപറമ്പില്‍
പാപ്പച്ചന്‍ കൂറ്റനാല്‍
ജോണ്‍ എട്ടൊന്നില്‍

 


സമാന്തര സമര നടപടികള്‍


ഒരു പഞ്ചായത്ത് കേന്ദ്രീകരിച്ച് ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന്‍റെ സാധ്യതകള്‍ പരീക്ഷിക്കുന്നതിന്‍റെ ഭാഗമായി 1993-ല്‍ മേലുകാവ് പഞ്ചായത്തില്‍ ഒരു സര്‍വ്വേ നടത്തുകയും വിവിധ ജലസംരക്ഷണമാര്‍ഗങ്ങള്‍ പ്രായോഗികമായി കാണിച്ചുകൊടുക്കുവാന്‍ മേലുകാവ് ഹെന്‍റി ബേക്കര്‍ കോളേജിലെ എന്‍. എസ്. എസ്. യൂണിറ്റിന്‍റെ ഒരു ദശദിനക്യാമ്പ് മേലുകാവില്‍ 93 ഡിസംബര്‍ അവധിക്കാലത്ത് സംഘടിപ്പിക്കുകയും ചെയ്തു. ക്യാമ്പിന്‍റെ ഭാഗമായി വാര്‍ഡുതലത്തില്‍ ജലസംരക്ഷണസമിതികള്‍ രൂപികരിച്ചു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍  പരിമിതികള്‍ മൂലം സമിതിക്ക് കഴിഞ്ഞില്ല. 


മീനച്ചില്‍ താലൂക്കിലെ വ്യാപകമായ റബ്ബര്‍ കൃഷിയും ജലക്ഷാമവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ആദ്യം മുതല്‍ തന്നെ സമിതിക്ക് വ്യക്തമായ ധാരണകളുണ്ടായിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ റബ്ബര്‍ കൃഷിരീതികളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് നയപരമായ തീരുമാനങ്ങള്‍ എടുത്ത് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റബ്ബര്‍ ബോര്‍ഡധികൃതര്‍ക്ക് നിരവധി നിവേദനങ്ങള്‍ അയച്ചെങ്കിലും റബ്ബര്‍ തോട്ടങ്ങളിലെ നീര്‍ക്കുഴി നിര്‍മ്മാണം ഒഴികെയുള്ള കാര്യങ്ങളില്‍ റബ്ബര്‍ബോര്‍ഡ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ 1994 ജനുവരി 20-ാം തീയതി റബ്ബര്‍ ബോര്‍ഡ് പടിക്കല്‍ ഒരു ധര്‍ണ്ണയും തുടര്‍ന്ന് ഒരു പരിസ്ഥിതി പഠനക്യാമ്പ് സംഘടിപ്പിക്കുകയും  ജില്ലാകൗണ്‍സില്‍ പഠനസമിതി റിപ്പോര്‍ട്ടിലെ ഏതെങ്കിലും ഒരു നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കി കാണിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ച് തടയണനിര്‍മ്മാണം സംബന്ധിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശത്തിന് പ്രായോഗികരൂപം നല്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ജലസംരക്ഷണം ജനപങ്കാളിത്തത്തോടെ എന്ന മുദ്രാവാക്യവുമായി 1992 ഡിസംബര്‍ 18 മുതല്‍ 22വരെ ഈരാറ്റുപേട്ടയില്‍ ഒരു എന്‍. എസ്. എസ്. ദശദിനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് അംഗങ്ങളുടെയും സമിതിപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ശ്രമദാനമായി ഈരാറ്റുപേട്ട പഞ്ചായത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ഗൃഹസദസ്സുകള്‍ സംഘടിപ്പിച്ച് ജലസംരക്ഷണത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി  ജനങ്ങളുടെ ഇടയില്‍ പ്രചരണം നടത്തി. താല്‍ക്കാലിക തടയണകളുടെ പ്രയോജനം കണ്ടറിഞ്ഞ ജനങ്ങള്‍ അടുത്ത മാസത്തിനുള്ളില്‍ മീനച്ചിലാറ്റിലും കൈവഴികളിലുമായി നാല്പത്തിരണ്ട് സ്ഥലങ്ങളില്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ചുകൊണ്ട് ആ രംഗത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ചു. വന്‍കിട പദ്ധതികളേക്കാള്‍ അഭികാമ്യം തടയണപോലുള്ള ചെറുകിട പദ്ധതികളാണെന്ന ഒരു അവബോധം ജനങ്ങളിലുണ്ടാക്കാന്‍ താല്‍ക്കാലിക തടയണ നിര്‍മ്മാണത്തിന് വലിയൊരളവുവരെ സാധിച്ചു. 
1993 നവംബര്‍ 2, 3, 4 തീയതികളില്‍ മീനച്ചില്‍ നദീതടപദ്ധതി ഔദ്യോഗികമായി വേണ്ടെന്നു വയ്ക്കുക, പകരം സ്ഥിരം തടയണകളും അവയുമായി ബന്ധപ്പെടുത്തി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കോട്ടയം കളക്ട്രേറ്റു പടിക്കല്‍ നടത്തിയ റിലേ നിരാഹാരസത്യാഗ്രഹത്തിന്‍റെ ഇടയില്‍ത്തന്നെ പാലാ മുനിസിപ്പല്‍ ആഫീസു പടിക്കല്‍ ഒരു ദിവസം ധര്‍ണ നടത്തുകയും പാലാ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ വിശദീകരണയോഗങ്ങള്‍ നടത്തുകയും ചെയ്തു. സത്യഗ്രഹത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ കൗണ്‍സില്‍ ചെയര്‍മാന്‍ ഏപ്രില്‍ മുതല്‍ പഞ്ചായത്തു പ്രസിഡന്‍റുമാരുടെയും മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും ജില്ലാ കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും യോഗം വിളിച്ചുകൂട്ടി പ്രശ്നം ചര്‍ച്ചചെയ്തു. മീനച്ചിലാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരു സംയുക്തസമിതിയെ നിയോഗിക്കാന്‍ തയ്യാറായതിന്‍റെ വെളിച്ചത്തില്‍ റിലേ നിരാഹാരസത്യഗ്രഹം അവസാനിപ്പിച്ചു. അങ്ങനെ നിയമിതമായ ജില്ലാ കൗണ്‍സില്‍ പഠനസമിതി റിപ്പോര്‍ട്ട് അംഗീകരിക്കുവാനും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കുവാനും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ജില്ലാ ഭരണാധികാരികള്‍ക്ക് സമിതി നിരവധി തവണ നിവേദനങ്ങളയച്ചുവെങ്കിലും ഫലമുണ്ടായില്ല. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിനായി മീനച്ചില്‍ നദീജലസംരക്ഷണസമിതി റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചു. കൂടാതെ പഞ്ചായത്തുതലത്തില്‍ ജലസംരക്ഷണസമിതികള്‍ രൂപീകരിച്ചുകൊണ്ട് പ്രാദേശികതലത്തില്‍ ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ തയ്യാറായില്ല. 


ഇന്ന്...


മീനച്ചില്‍ നദീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ 


1995 മുതല്‍ 2014 വരെയുള്ള കാലഘട്ടങ്ങളില്‍ ഏറിയും കുറഞ്ഞും സമരവീര്യം കാത്തുസൂക്ഷിച്ച മീനച്ചില്‍ നദീസംരക്ഷണ സമിതി തുടര്‍ന്ന് കൈവരിച്ചത് സമാനതകളില്ലാത്ത ഒരു മുന്നേറ്റമാണ്. ആ മുന്നേറ്റത്തില്‍ സ്കൂള്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്ന തലമുറയെവരെ കണ്ണിചേര്‍ക്കാന്‍ കഴിഞ്ഞുവെന്നത് വളരെ ശ്രദ്ധേയമാണ്.  
അടുക്കം സമരത്തെത്തുടര്‍ന്ന് രൂപീകൃതമായ നദീജല സംരക്ഷണ സമിതി പതിറ്റാണ്ടുകള്‍ നീണ്ട നൈര്യന്തരതയുള്ള ഇടപെടലുകള്‍ക്കു തുടര്‍ച്ചയെന്നവണ്ണം ഒരു നിര്‍ണ്ണായകമായ തലത്തിലേക്ക് കടന്നത് 2015 ല്‍ നദീജല സംരക്ഷണ സമിതിയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കു അരുവിത്തുറ സെന്‍റ് ജോര്‍ജ്ജ് ക്യാമ്പസ്സില്‍ എത്തിയ ഭാരതത്തിന്‍റെ ജല മനുഷ്യന്‍ ഡോ. രാജേന്ദ്രസിംഗ് പ്രഖ്യാപിച്ച മീനച്ചില്‍ റിവര്‍ റിജുവനേഷന്‍ Campagin ആണ്. ആ Campagin ന്‍റെ രൂപീകരണത്തിലൂടെ കോട്ടയം ജില്ലയിലെ ഒട്ടുമിക്ക പരിസ്ഥിതി സാമൂഹ്യ സംഘടനകളെയും തല്‍പ്പരരായ വ്യക്തികളെയും അതില്‍ കണ്ണി ചേര്‍ത്തുകൊണ്ടുള്ള ഒരു Campagin ആയിട്ടതു മാറി. ആ ഘട്ടത്തിന്‍റെ തൊട്ടുമുന്നേയാണ് വളരെ നിര്‍ണ്ണായകമായ ഒരു പരിപാടി എന്ന നിലയില്‍ ഇതിനെല്ലാം പ്രേരണ നല്‍കിയ, പ്രത്യേകിച്ച് നമ്മുടെ സ്കൂളുകളും കോളേജുകളും ഒക്കെ ഇളക്കി മറിച്ചു നടത്തിയ മീനച്ചിലാര്‍ സംരക്ഷണ സന്ദേശയാത്ര. അത് 2014 അവസാനം വാഗമണ്‍ മൊട്ടക്കുന്നില്‍ ആരംഭിച്ച് കുമരകത്ത് പതനസ്ഥാനംവരെ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ വലിയൊരു യാത്ര. അതില്‍ ആദ്യ ഘട്ടത്തില്‍ തന്നെ പതിനായിരത്തോളം സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പലയിടങ്ങളിലായി പങ്കാളികളായി.

തെരുവുനാടകങ്ങളും മറ്റുപരിപാടികളുമെല്ലാമായി വിദ്യാര്‍ത്ഥികള്‍ പങ്കുകൊണ്ട ആ യാത്രയില്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പ്രമുഖരായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ അവരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഈ സന്ദേശ യാത്രയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി വാഗമണ്‍ മൊട്ടക്കുന്നില്‍ പര്യാലോചനക്കുവേണ്ടി സമ്മേളിക്കുകയും അന്നു വൈകുന്നേരം മിത്രാനികേതനില്‍ ഫാ. ബോബി ജോസ് കട്ടിക്കാട്ട് അംഗങ്ങള്‍ക്കു വേണ്ട ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുകയും ചെയ്തു. കാല്‍നടയായി മിത്രാനികേതനില്‍ നിന്നും ആരംഭിച്ച മീനച്ചിലാര്‍ സംരക്ഷണയാത്ര വാഹനത്തിലും വള്ളത്തിലുമായി മൂന്നുഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. ഈ മൂന്നുഘട്ടങ്ങളിലുള്ള യാത്രകളുടെ പരിസമാപ്തിയാണ് ഈ Campagin നും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമെല്ലാം.
 ഈ പ്രചരണത്തിന്‍റെ  മുദ്രാവാക്യങ്ങള്‍ തുടക്കം മുതലേ ശ്രദ്ധേയമായിരുന്നു. അതിലൊന്ന് "നമുക്കത് കഴിയും. പഴയ മീനച്ചിലാര്‍ സാധ്യമാണ്" എന്നതായിരുന്നു. 'ജനശക്തി ഉണര്‍ത്തല്‍' എന്ന ആദ്യകാല മുദ്രാവാക്യത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് രൂപം നല്‍കിയതാണ് ഇത്. ഒപ്പം തന്നെ പോസിറ്റീവ് ആയൊരു മുദ്രാവാക്യം രൂപപ്പെടുത്തണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതിനുശേഷം കുട്ടികളുടെ സന്ദേശയാത്രക്കു ഊന്നല്‍ നല്‍കിക്കൊണ്ട് നല്‍കിയ മുദ്രാവാക്യമാണ് "ഞങ്ങളുടെ മീനച്ചിലാര്‍ തിരിച്ചു തരിക".
പ്രാദേശിക ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തുന്നതിനായി 2014 മെയില്‍ രൂപീകൃതമായ സമിതിയാണ് മീനച്ചിലാര്‍ 'കാവല്‍ മാടങ്ങള്‍'. മീനച്ചിലാര്‍ സംരക്ഷണ സമിതിയുടെ ആശയങ്ങളുമായി സമാനതപുലര്‍ത്തുന്നതാണ് 'കാവല്‍ മാടങ്ങള്‍'. അവരുടെ മുദ്രാവാക്യമായിരുന്നു 'കാവലാളാകുക' എന്നത്. ഈ മുദ്രാവാക്യങ്ങള്‍  സന്ദേശ യാത്രയില്‍ ഉടനീളം ഉപയോഗിച്ചിരുന്നു. മുദ്രാവാക്യങ്ങളിലൂടെ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്നത് സമിതിയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.
നിരവധി നൂതന സമരാവിഷ്കാര യജ്ഞങ്ങളിലൂടെ സമാനതകളില്ലാത്ത ഒരു ജനകീയ മുന്നേറ്റമാണ് മീനച്ചില്‍ നദീസംരക്ഷണ സമിതി. നിരവധി സംഘടനകളും വ്യത്യസ്തമായ പ്രാദേശിക പരിസ്ഥിതി കൂട്ടായ്മകളും ഈ സമിതിയില്‍ അവരവരുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ട് കര്‍മ്മനിരതരാകുന്നു.


'സേവ് മീനച്ചിലാര്‍' വാട്ട്സാപ്പ് ഗ്രൂപ്പ്


മീനച്ചിലാറിനെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ നവസാമൂഹിക മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മീനച്ചില്‍ നദീസംരക്ഷണ സമിതി മൂന്ന് വര്‍ഷം മുന്‍പ് രൂപം കൊടുത്തതാണ് 'സേവ് മീനച്ചിലാര്‍' വാട്ട്സാപ്പ് ഗ്രൂപ്പ്. 225 അംഗങ്ങളുമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പില്‍ സാമൂഹിക-രാഷ്ട്രീയ-പരിസ്ഥിതി രംഗത്തുനിന്നുള്ളവരുണ്ട്. പഞ്ചായത്തംഗങ്ങളും ആക്ടിവിസ്റ്റുകളും അധ്യാപകരും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമുണ്ട്. മീനച്ചിലാര്‍ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച. പക്ഷേ പ്രധാനമായുംcitizen reporter@meenachilar Kavalmadam എന്ന സൂചനയോടെ പ്രവര്‍ത്തകര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും മണല്‍വാരല്‍, മലിനീകരണം, കയ്യേറ്റം തുടങ്ങിയ വിവിധ പ്രശ്നങ്ങളെ വീഡിയോകള്‍, ഫോട്ടോകള്‍, രേഖകള്‍ തുടങ്ങിയ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും വാട്ട്സാപ്പ് ഗ്രൂപ്പ് പ്രയോജനപ്പെടുത്തുന്നു. ഇത്തരം റിപ്പോര്‍ട്ടിംഗുകള്‍ അതാത് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും കൈമാറലും തുടര്‍ നടപടികള്‍ ഉറപ്പുവരുത്തലും മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ ചുമതലയാണ്. മീനച്ചിലാറിനെ ബാധിക്കുന്ന 50-ലധികം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഗ്രൂപ്പിലെ റിപ്പോര്‍ട്ടിംഗ് വഴി പരിഹാരമുണ്ടായി. അത് ഇങ്ങനെയാണ് സംഭവിക്കുന്നത്...


2019 മെയ് 15


12.34 pm ഭരണങ്ങാനം കൂറ്റനാല്‍ കടവില്‍ 130 ചാക്ക് മണല്‍ വാരി കടത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രാദേശിക പുഴ-ജലജാഗ്രതാ സമിതി അംഗങ്ങള്‍ 'സേവ് മീനച്ചിലാര്‍' വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഫോട്ടോകള്‍ സഹിതം ഗൂഗിള്‍ മാപ്പിലെ ലൊക്കേഷന്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.
12.44 pm മീനച്ചില്‍ നദീസംരക്ഷണസമിതി ഔദ്യോഗികമായിത്തന്നെ ഈ റിപ്പോര്‍ട്ടിംഗ് മെസ്സേജ് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്ക് ഓഫീസില്‍ ചുമതലക്കാരനായ തഹസീല്‍ദാര്‍ക്ക് വാട്ട്സാപ്പ് ചെയ്തു കൊടുക്കുന്നു. തുടര്‍നടപടികള്‍ ആവശ്യപ്പെടുന്നു.
1.00 pm വിഷയത്തില്‍ ചുമതലപ്പെട്ട പൂവരണി വില്ലേജ് ഓഫീസറോട് അടിയന്തരമായി നടപടിയെടുക്കാന്‍ തഹസീല്‍ദാര്‍ നിര്‍ദ്ദേശം നല്‍കിയതായി സമിതിയെ അറിയിക്കുന്നു.
1.25 pm പൂവരണി വില്ലേജ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ കൂറ്റനാല്‍ കടവിലെത്തി മണല്‍ച്ചാക്കുകളുടെ കണക്കെടുക്കുന്നതായി പ്രദേശത്തെ കാവല്‍മാടം പ്രവര്‍ത്തകര്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2.46 pm 'സേവ് മീനച്ചിലാര്‍' വാട്ട്സാപ്പ് ഗ്രൂപ്പിന് നന്ദി അറിയിച്ചുകൊണ്ട് പൂവരണി വില്ലേജ് ഓഫീസറുടെ വാട്ട്സാപ്പ് സന്ദേശം. മണല്‍ കസ്റ്റഡിയിലെടുത്തതായി സമിതി ഭാരവാഹികള്‍ക്ക് ഫോണ്‍ സന്ദേശം.
2.59 pm നിയമപരമായ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണം എന്ന നിലയില്‍ നിര്‍മ്മിത കേന്ദ്രത്തിന്‍റെ കലവറയിലേയ്ക്ക് ലോറിയില്‍ മണല്‍ച്ചാക്കുകള്‍ കയറ്റി കൊണ്ടുപോവുന്നതായി വില്ലേജ് ഓഫീസര്‍ നേരിട്ട് കടവിലെത്തി ഫോട്ടോ സഹിതം ഗ്രൂപ്പില്‍ അറിയിക്കുന്നു.
(ഇത്തരം കാര്യങ്ങളില്‍ ചില കള്ളക്കളികള്‍ നടക്കാറുള്ളതുകൊണ്ട് നിര്‍മ്മിതി കേന്ദ്രത്തിന്‍റെ കലവറയില്‍ തലേന്നത്തെ മണല്‍ അപ്പാടെ എത്തി എന്ന് പിറ്റേന്ന് ഉറപ്പുവരുത്തുന്നതോടെയാണ് സമിതിയുടെ ഉത്തരവാദിത്തങ്ങള്‍ തീരുന്നത്!)
മിക്കവാറും പത്രമാധ്യങ്ങളുടെ പ്രാദേശിക ലേഖകന്മാര്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായതുകൊണ്ട് ഗ്രൂപ്പിലെ പ്രധാനപ്പെട്ട ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിംഗും തൊട്ടടുത്ത ദിവസങ്ങളില്‍ ശ്രദ്ധേയമായ പത്രവാര്‍ത്തകളായി മാറുന്നുണ്ട് എന്നതും ഒരു നേട്ടമാണ്. 'ആയിരം മത്തായി മരങ്ങള്‍' ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുജനസംഘടനാ പിന്തുണയും ഗതിവേഗവും ഉറപ്പാക്കുന്നതിനും ഗ്രൂപ്പ് വഴി കഴിയുന്നുണ്ട്.
(താല്പര്യമുളളവര്‍ 94 00 21 31 41 എന്ന മൊബൈല്‍ നമ്പറില്‍ വാട്ട്സാപ്പായി സന്ദേശം അയച്ച് ഗ്രൂപ്പില്‍ അംഗമാകാന്‍ കഴിയും. http://www.facebook.com/kavalalavuka/ എന്ന ലിങ്ക് വഴി Meenachil River Rejuvenation Campaign  എന്ന ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്തും മീനച്ചിലാര്‍ സംരക്ഷണത്തിന്‍റെ MS വഴികളില്‍ പങ്കുചേരാം.)


ഗ്രീന്‍ ഓഡിറ്റ് - ജനകീയ ഹരിതപരിശോധന


'ഗ്രീന്‍ ഓഡിറ്റ്' എന്ന പേരിലുള്ള ജനകീയ ഹരിത  പരിശോധനകളാണ് മീനച്ചില്‍ നദീസംരക്ഷണസമിതി നടത്തുന്ന ശ്രദ്ധേയവും ഫലപ്രദവുമായ മറ്റൊരു പ്രവര്‍ത്തനം. സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും കാവല്‍മാടം പ്രവര്‍ത്തകരുമൊക്കെ ഇതില്‍ പങ്കാളികളാവാറുണ്ട്. മലിനീകരണം, മണല്‍വാരല്‍, കയ്യേറ്റം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അതാത് ഇടങ്ങളില്‍ നേരിട്ടെത്തി ക്യാമറകളിലും ഹാന്‍ഡിക്യാമിലും പകര്‍ത്തിയും ഉപകരണങ്ങളാല്‍ അളന്നും പരിശോധിച്ചും രേഖകളാക്കി പൊതുസമൂഹത്തിലും അധികാരകേന്ദ്രങ്ങളിലും എത്തിക്കുകയാണ് പ്രധാനലക്ഷ്യം.


ഗ്രീന്‍ ഓഡിറ്റില്‍ ഇങ്ങനെയൊക്കെ സംഭവിക്കാം
 

ഒന്ന്. ഈരാറ്റുപേട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ അനധികൃതമായി തിങ്ങിപ്പാര്‍ക്കുന്ന ഒരു ലോഡ്ജിനു താഴെ ആറ്റിലേയ്ക്ക് സെപ്റ്റിക് ടാങ്ക് ലീക്ക് ചെയ്തിറങ്ങുന്നു എന്നത് അന്വേഷിച്ചാണ് 'ഗ്രീന്‍ ഓഡിറ്റ് ടീം' എത്തിയത്. സംഗതി ക്യാമറകളില്‍ പതിയുന്നത് കണ്ട കെട്ടിട ഉടമ പിറ്റേന്നു തന്നെ താമസക്കാരെ മുഴുവന്‍ അവിടെ നിന്നും ഒഴിവാക്കി.

രണ്ട്. ഈരാറ്റുപേട്ട നഗരസഭ 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കൂടുകള്‍ക്ക് നഗരസഭാ പരിധിക്കുള്ളില്‍ നിരോധനം ഏര്‍പ്പെടുത്തിയ സമയത്തായിരുന്നു ആ 'ഗ്രീന്‍ ഓഡിറ്റ്'. നിരോധനത്തിന്‍റെ സത്യസന്ധതയും ഫലപ്രാപ്തിയും പരിശോധിക്കുകയായിരുന്നു ലക്ഷ്യം. മീനച്ചില്‍ നദീസംരക്ഷണസമിതിയുടെ 'സ്കൂള്‍സ് ഫോര്‍ റിവര്‍' പ്രവര്‍ത്തനങ്ങളോട് സഹകരിച്ചുവന്ന ഒരു സ്കൂളിലെയും ഒരു കോളേജിലെയും കുറെ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് നഗരത്തിലെ കടകളില്‍ ഷോപ്പിംഗിനിറങ്ങി. അതായിരുന്നു അന്നത്തെ ഹരിത പരിശോധനയുടെ തന്ത്രവും. കുട്ടികള്‍ തിരിച്ചെത്തിയത് കൈനിറയെ നിരോധിത പ്ലാസ്റ്റിക് കൂടുകളുമായാണ്. ഇക്കാര്യത്തില്‍ നഗരസഭ കബളിപ്പിക്കപ്പെടുകയാണ് എന്ന് ബോധ്യപ്പെടുത്താന്‍ ഗ്രീന്‍ ഓഡിറ്റിന് കഴിഞ്ഞു.
ഏറ്റവുമൊടുവില്‍ ഗൗരവതരമായ പാരിസ്ഥിതിക സാഹചര്യം നിലനില്‍ക്കുന്ന, കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 13-ാം വാര്‍ഡ് കേന്ദ്രീകരിച്ചായിരുന്നു 'ഗ്രീന്‍ ഓഡിറ്റ്'. അതിന്‍റെ സമാഗമായ ഒരു ഹരിത പരിശോധനാ റിപ്പോര്‍ട്ട് 'പരിസ്ഥിതി കുറ്റപത്രം' എന്ന പേരില്‍ സമിതി പുറത്തിറക്കി. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലും ഇത്തരം ഹരിതപരിശോധനകള്‍ നടക്കേണ്ടതിന്‍റെ അനിവാര്യത പൊതുസമൂഹത്തെയും അധികാര കേന്ദ്രങ്ങളെയും ഓര്‍മ്മിപ്പിക്കാനാണ് മീനച്ചില്‍ നദീസംരക്ഷണസമിതി ശ്രമിച്ചത്. 
അത് ഇങ്ങനെയാണ്...


കോട്ടയം ജില്ല
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്

13-ാം വാര്‍ഡ് (കട്ടച്ചിറ)
പരിസ്ഥിതി കുറ്റപത്രം
മീനച്ചില്‍ നദീസംരക്ഷണസമിതി

2019 മാര്‍ച്ച് 27ന് നടത്തിയ
ഗ്രീന്‍ ഓഡിറ്റിന്‍റെ റിപ്പോര്‍ട്ട്


കാലാവസ്ഥ അതിവേഗം മാറുന്നു. ഒരേ വര്‍ഷത്തില്‍ തന്നെ കേരളത്തിന് പ്രളയവും കൊടുംചൂടും വരള്‍ച്ചയും ചുഴലിക്കാറ്റും ഉള്‍പ്പെടെയുള്ള പ്രകൃതി ക്ഷോڅങ്ങള്‍ നേരിടേണ്ടി വരുന്നു. കാലാസവ്ഥാമാറ്റത്തിനൊത്ത് സ്വീകരിക്കേണ്ട തിരുത്തലുകളും മുന്‍കരുതലുകളും നിയമ നിര്‍മ്മാണങ്ങളും നിയന്ത്രണങ്ങളുമൊന്നും സര്‍ക്കാര്‍ ഉള്‍പ്പെടെ ഒരു ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല എന്നുമാത്രമല്ല പാരിസ്ഥിതിക രംഗത്തെ അരാജകാവസ്ഥ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് മീനച്ചില്‍ നദീസംരക്ഷണ സമിതി ഗ്രീന്‍ ഓഡിറ്റിംഗ് എന്ന മുന്‍കൈയ്ക്ക് മുതിര്‍ന്നത്. മുന്‍പ് ചെയ്തു പോന്നിരുന്ന ഹരിത പരിശോധനകള്‍ കൂടുതല്‍ സമഗ്രമാക്കുക എന്നതാണ് ലക്ഷ്യം. വസ്തുതകളും സ്ഥിതി വിവരങ്ങളും കൃത്യമായി സമാഹരിച്ചെങ്കില്‍  മാത്രമേ പരിഹാരങ്ങള്‍ കണ്ടെത്താനാവൂ.


മൂന്നു കിലോമീറ്ററോളം മീനച്ചിലാറിന്‍ തീരം ഏതാണ്ട് അത്രയും തന്നെ കട്ടച്ചിറത്തോടിന്‍റെ തീരം (തോടിന് 50 മീറ്ററിലധികം വീതിയുണ്ട്) രണ്ടുപാടശേഖരങ്ങള്‍, 80 ശതമാനത്തോളം സമനിരപ്പായ എക്കല്‍ മണ്‍തടം, കൃഷിയോഗ്യമായ ഒന്നാംതരം മണ്ണ,് ജലസമൃദ്ധി ഇതൊക്കെ 13-ാം വാര്‍ഡിനുണ്ട്. ഒരു ചെറിയ പ്രദേശത്തിന് സ്വരാജിലെത്താന്‍ വേണ്ടതൊക്കെ എന്നു ചുരുക്കം.
ഈ പ്രദേശത്തെ ശ്രദ്ധേയമാക്കി ഇന്നും നിലനില്‍ക്കുന്ന ചില പ്രത്യേകതകള്‍ ആദ്യം തന്നെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.
1. ആറ്റുവഞ്ചിക്കാട് -മീനച്ചിലാറിന്‍ തീരത്ത് ആറ്റുമാലി പുറമ്പോക്കില്‍ സ്വാഭാവികമായി ഉണ്ടായ നദീതീരവനമാണ് ആറ്റുവഞ്ചിക്കാട്. വനംവകുപ്പ് സംരക്ഷിതവനമാക്കി പ്രഖ്യാപിച്ച് വിഞ്ജാപനം ചെയ്തു. നദീസംരക്ഷണ സമിതിയുടേയും പരിസ്ഥിതിപ്രവര്‍ത്തകരുടേയും ജാഗ്രത കൊണ്ടുമാത്രം സംരക്ഷിക്കപ്പെട്ട ചെറുവനമാണിത്.
2. കട്ടച്ചിറയിലെ നാട്ടുമാവിന്‍കൂട്ടം- മരങ്ങള്‍ മുഴുവന്‍ മുറിക്കാന്‍ പലപ്രാവശ്യം നമ്പരിട്ട് ലേലം വരെയെഴുതിയെങ്കിലും ജനകീയ പ്രതിരോധവും കോടതിയിടപെടലും കൊണ്ട് നാട്ടുമാവുകള്‍ ഇന്നും നിലനിലക്കുന്നു.
3. നെല്‍കൃഷി - മീനച്ചില്‍ താലൂക്കിലെ പലപാടശേഖരങ്ങളും അപ്രത്യക്ഷമായപ്പോഴും കട്ടച്ചിറയില്‍ രണ്ട് പാടശേഖരങ്ങളില്‍ ഭാഗികമായെങ്കിലും നെല്‍കൃഷി തുടരുന്നു. കര്‍ഷകര്‍ ചെറുത്തു നിന്നതു കൊണ്ടുമാത്രമാണ് കൃഷി തുടരുന്നത്.
4. പുതിയ പച്ചപ്പ്- സ്റ്റേറ്റ് ഹൈവേയുടെ ഓരങ്ങളില്‍ കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ വൃക്ഷങ്ങളും ഹരിത സാന്നിദ്ധ്യവും ശ്രദ്ധേയമാംവണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.
5. കട്ടച്ചിറത്തോടിന്‍റെ തീരങ്ങളില്‍ ഭാഗികമായി പൊന്തക്കാടുകളുടെ സമൃദ്ധി നിലനില്‍ക്കുന്നു. 
ഏതാണ്ട് അഞ്ചുദശകം കൊണ്ട് കട്ടച്ചിറ 13-ാം വാര്‍ഡ് പ്രദേശത്തിനുണ്ടായ നഷ്ടങ്ങള്‍ ബഹുവിധമാണ്. മീനച്ചിലാറിന്‍റെ നാശം, തീരങ്ങളുടെ നാശം തീരങ്ങളുടെ അനധികൃതഖനനം, തോടുകള്‍ ഇല്ലാതായത്, വയല്‍ നികത്തല്‍ വയല്‍ നികത്തി റോഡുണ്ടാക്കിയതിന്‍റെ അനന്തരഫലങ്ങള്‍ അനിയന്ത്രിതമായ ഇഷ്ടികച്ചെളി ഖനനം, ഭൂമിക്കടിയില്‍ നിന്നുള്ള മണല്‍ പമ്പിംഗ്, ഇഷ്ടികച്ചുളകളില്‍ നിന്നുള്ള പുകമലിനീകരണം, കിണറുകളിലെ ജലനിരപ്പ് താഴ്ന്നത് ജലസ്രോതസ്സുകളിലെ മാലിന്യ നിക്ഷേപം, എന്നിങ്ങനെ 13-ാം വാര്‍ഡ് നേരിടുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ നിരവധിയാണ്.
1. മീനച്ചിലാറിന്‍റെ നാശം.- മണല്‍പ്പരപ്പും തെളിനീരും കയങ്ങളും ആയിരുന്നു മീനച്ചിലാറിന്‍റെ മുഖമുദ്ര. ഉയര്‍ന്ന മണല്‍പ്പരപ്പ് ജലവിതാനം ഉയര്‍ത്തി നിര്‍ത്തി. വെള്ളം കരകളിലേക്ക് പകര്‍ന്നു. പുഴയിലും കരയിലും ജലസമൃദ്ധി നിലനിന്നു. 8 മീറ്റര്‍ വരെ ആഴത്തില്‍ മണല്‍ വാരിതീര്‍ത്തു. ഏകദേശ കണക്കെടുത്താല്‍ ഏതാണ്ട് 17 ലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ വാരി മാറ്റി. മണല്‍ പോയതോടെ ജലനിരപ്പ് പുഴയിലും കരയിലും താഴ്ന്നു. മഴ മാറിയാല്‍ പുഴ ഒഴുകാതായി. മഴയില്ലാത്തപ്പോള്‍ പുഴയിലെ ജലനിരപ്പ് വേമ്പനാട്ടു കായലിലേതിന് സമമായി. വേലിയേറ്റവും അനുഭവപ്പെട്ടു തുടങ്ങി. ചെക്ക് ഡാമിന് മേല്‍ഭാഗത്തുമാത്രം ജലനിരപ്പുയര്‍ന്നു നില്‍ക്കുന്നു. മത്സ്യം തീരെ കുറഞ്ഞു. മത്സ്യം പിടിച്ചു ജീവിക്കുന്നവര്‍ ഇല്ലാതായി. ഈയിടെയായി നീര്‍നായയുടെ സംഖ്യവര്‍ദ്ധിച്ചു കാണുന്നു. വെള്ളം മലിനമായതോടെ പുഴ ഉപയോഗിക്കുന്നവര്‍ തീരെ കുറഞ്ഞു. സമിതിയുടെ ഇടപെടല്‍ മൂലം തോട്ടപൊട്ടിക്കലും വിഷംകലക്കലും ഈ ഭാഗത്തില്ല.
2. തീരങ്ങളുടെ നാശം.- പുഴയുടെ ആഴം വര്‍ദ്ധിച്ചതോടെ തീരങ്ങള്‍ വ്യാപകമായി ഇടിഞ്ഞു. ഇടിഞ്ഞതീരം തീരം കെട്ടാന്‍ ആണ്ടുതോറും കോടികള്‍ ചിലവിടുന്നു. ആറ്റു തീരത്തുണ്ടായിരുന്ന സ്വാഭാവിക സസ്യകവചത്തിന്‍റെ തുടര്‍ച്ച നശിച്ചു. പച്ചപ്പ് തീരങ്ങളില്‍ അങ്ങിങ്ങു മാത്രമായി ചെക്ക്ഡാമിനു സമീപം 60 മീറ്റര്‍ നീളത്തില്‍  മുളങ്കാട് നശിച്ചു. പുറമ്പോക്കില്‍ നിന്ന് വന്‍തോതില്‍ മണ്ണ് കടത്തിയ സംഭവം  2019 ലും ഉണ്ടായി.
കിടങ്ങൂര്‍ പാലം മുതല്‍ ചെക്ക്ഡാം വരെയുള്ള 1കി.മീ നീളം മീനച്ചിലാറിന്‍റെ ഏറ്റവും മനോഹര ദൃശ്യമായിരുന്നു. ടൂറിസം എന്നു പറഞ്ഞ് വള്ളം കളി നടത്തി വൃക്ഷങ്ങളും ആറ്റുപൊന്തകളും വെട്ടിമാറ്റി. തീരം ഇടിച്ചില്‍ അതോടെ വര്‍ദ്ധിച്ചു.
3. തീരങ്ങളില്‍ ഖനനനിരോധിത മേഖലകളിലെ അനധികൃതഖനനം.
ആറിനും തോടിനും നിലനില്‍ക്കാന്‍ തീരങ്ങള്‍ വേണം. ഇവിടെ തീരങ്ങളില്‍ എക്കല്‍ മണ്ണും അതിനടിയില്‍ പലയിടത്തും മണലുമാണ്. തീരങ്ങളില്‍ 50മീറ്റര്‍ ഖനനനിരോധിതമേഖലയാണ്. ഈ  50 മീറ്ററില്‍ ഇഷ്ടിക ചെളിക്ക് വ്യാപാരി ലൈസന്‍സ് നല്‍കി ഖനന വിജ്ഞാനവകുപ്പ് അനധികൃതഖനനത്തിന് സഹായം നല്‍കുന്നു. ആറിന്‍റെയും തോടിന്‍റെയും ഏതാണ്ട് 2 കി.മീ നീളത്തില്‍ തീരം കുഴിച്ച് തീര്‍ത്തിരിക്കുന്നു. അനധികൃതഖനനത്തിന്‍റെ അളവ് ഏതാണ്ട്  10 ലക്ഷം ക്യൂബിക് മീറ്റര്‍ വരും ചിലേടത്ത് കട്ടച്ചിറതോടുമുതല്‍ മീനച്ചിലാര്‍വരെയുള്ള മുഴുവന്‍ ഭാഗവും കുഴിച്ചു കഴിഞ്ഞു. ആറും തോടും വഴിമാറിയൊഴുകാന്‍ ഇതുകാരണമാകും. അനധികൃതഖനനം  2019 ലും തുടരുന്നു.

4. തോടുകള്‍ ഇല്ലതായി.- മീനച്ചിലാറ്റില്‍ ജലനിരപ്പുയരുന്നതനുസരിച്ച് പാട ശേഖരങ്ങളിലേക്ക് വെള്ളം കയറി നിറയുന്നത് ഇടയിലുള്ള ചെറുതോടുകള്‍ വഴിയാണ്. റോഡുകള്‍ വന്നതോടെ തോടുകള്‍ നികത്തെപ്പട്ടു. പുഴ നിറഞ്ഞു കവിഞ്ഞ് കരയിലൂടെ വെള്ളം നിറഞ്ഞൊഴുകി പാടശേഖരങ്ങളിലെത്തേണ്ട അവസ്ഥയാണിപ്പോള്‍. പാടത്തു നിറയുന്ന വെള്ളം ഒഴുകിപോകാനും വഴിയില്ല.


5. വയല്‍ നികത്തല്‍- മുണ്ടകപ്പാടത്തും പുഞ്ചപ്പാടത്തും നിലം നികത്തല്‍ നടക്കുന്നു. മുണ്ടകപ്പാടത്ത് നീര്‍വാഴ്ച ഏതാണ്ട് തടയപ്പെട്ടിരിക്കുന്നു. തോടുകള്‍ പോലും നികത്തിയിരിക്കുന്നു. വിളഞ്ഞനെല്ല് വെള്ളക്കെട്ടില്‍ നശിക്കുന്നു. നികത്താന്‍ നിലം വാങ്ങിയിട്ടിരിക്കുന്നവര്‍ നിലത്തിനു ചുറ്റും കല്ലുകെട്ടി തിരിക്കുന്നത് നീരൊഴുക്കു തടയുന്നു.  2018 ലെ വെള്ളപ്പൊക്കക്കാലത്ത് വെള്ളം പല വഴി ഒഴുകി നാശനഷ്ടങ്ങള്‍ വളരെ വര്‍ദ്ധിക്കാന്‍ ഇത് കാരണമായി.
ഇതിനിടയില്‍ നെല്‍പ്പാടം നികത്തുന്നതുമൂലം അവശേഷിച്ചപാടത്ത് നെല്‍കൃഷി ചെയ്യാനും വെള്ളം എത്തിക്കാനും കഴിയാതെ വരുന്നു. ബൈപാസ് റോഡിനായി വയല്‍ നികത്തിയത് നിലം നികത്തല്‍ വര്‍ദ്ധിക്കാന്‍ കാരണമായി. റോഡിനോടുചേര്‍ന്നുള്ള പാടങ്ങള്‍ വ്യാപകമായി നികത്തി കഴിഞ്ഞു. നെല്‍കൃഷിക്കുവെള്ളം എത്തിച്ചിരുന്ന ഇറിഗേഷന്‍ കനാലിനിരുവശവും ഉണ്ടായിരുന്ന വയലുകള്‍പോലും നികത്തികെട്ടിടങ്ങള്‍ പണിതു കഴിഞ്ഞു. തോടുകള്‍ വീണ്ടെടുത്ത് നീരൊഴുക്കു പുനസ്ഥാപിക്കാന്‍ പോലും അധികാരികള്‍ തയ്യാറാകുന്നില്ല.
6. അനിയന്ത്രിതമായ ഇഷ്ടികച്ചെളിഖനനം
60 വര്‍ഷത്തിലധികമായി ഇഷ്ടികച്ചെളി ഖനനം തുടരുന്നു. 1994 ല്‍ തന്നെ അനധികൃതഖനനം കേരളഹൈക്കോടതി നിരോധിച്ചിരുന്നതാണ്. ഖനനം നടന്ന കുഴികള്‍ പലേടത്തും നികത്താതെ തുടരുന്നു. ആഴപരിധിയും ദൂര പരിധിയും പാലിക്കാതെ നടക്കുന്ന ഖനനം ഭൂമിയുടെ സ്വാഭാവികത നശിപ്പിക്കുന്നു. നല്ലമണ്ണും കൃഷിസ്ഥലവും ഇല്ലാതാകുന്നു.
7. മണല്‍ പമ്പിംഗ്
സമീപകാലം വരെ ഭൂമിക്കടിയില്‍ നിന്ന് മണല്‍ പമ്പുചെയ്ത കുഴികള്‍ അവശേഷിക്കുന്നു. മണല്‍ പമ്പിംഗ് മൂലം ചുറ്റുപാടുമുള്ള ഭൂമിയുടെ സുസ്ഥിതി തകരുന്നു. ജലവ്യവസ്ഥ നശിക്കുന്നു.
8. ഇഷ്ടികച്ചൂളകളില്‍ നിന്നുള്ള പുകമലിനീകരണം
തുറന്ന ഇഷ്ടികച്ചൂളകളില്‍ നിന്നുള്ള പുക അന്തരീക്ഷ മലിനീകരണത്തിനും രോഗങ്ങള്‍ക്കും കാരണമാകുന്നു. പുകക്കുഴലില്ലാതെ ചൂളകത്തിക്കുന്നത് കേരളഹൈക്കോടതി തടഞ്ഞപ്പോള്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത് നിയമം മൂലം കര്‍ഷകരുടെ പക്ഷം ചേര്‍ന്നതുമൂലം തുറന്ന ചൂളകള്‍ ഇപ്പോഴും തുടരുന്നു.ശരാശരി 2ലക്ഷം ഇഷ്ടികവരെ ഉള്‍ക്കൊള്ളുന്ന ഓരോ ചൂളയും നാലഞ്ചുദിവസംവരെ  കടുത്ത ദുര്‍ഗന്ധവും പുകയും ഒരു കിലോമീറ്റര്‍ ചുറ്റളവു വരെ വ്യാപിപ്പിക്കുന്നു.
9 . കിണറുകളിലെ ജലനിരപ്പു താഴ്ന്നു
 മണല്‍ ഖനനവും ഇഷ്ടികച്ചെളി ഖനനവും മൂലം ഭൂഗര്‍ഭڅജലനിരപ്പ്  2 കിമീറ്റര്‍ അധികം താഴ്ന്നു. ആഴം വര്‍ദ്ധിക്കും തോറും വെള്ളം കൂടുതല്‍ മലിനമാകുന്നു.
10. ജലസ്രോതസ്സുകളിലെ മാലിന്യ നിക്ഷേപം 
കിടങ്ങൂര്‍ പാലത്തില്‍ നിന്നും കട്ടച്ചിറപ്പാലത്തില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്നത് 2 പ്രധാനജലസ്രോതസ്സുകളേയും മലിനമാക്കുന്നു. ഹൈവേക്കു സമീപവും വലിച്ചെറിയപ്പെട്ട മാലിന്യങ്ങള്‍ കാണാം.
11. പൊതു ഇടങ്ങള്‍ കൈയേറുന്നു, ഇല്ലാതാകുന്നു
ആറ്, തോട്, ആറിന്‍റെയും തോടിന്‍റെയും തീരത്തോടു ചേര്‍ന്ന് ഏറിയും കുറഞ്ഞമുള്ള പുറമ്പോക്കു څഭൂമികള്‍ , റോഡുകള്‍ക്കിരുവശവുമുള്ള പുറമ്പോക്ക,് ഇടവഴികള്‍, പൊതുസഞ്ചാരമാര്‍ഗം കൂടിയായിരുന്നു തോടുകള്‍, കൊയ്ത്തുകഴിഞ്ഞാല്‍ പൊതു സ്ഥലമായി മാറുന്ന വയലുകള്‍ ഇവയെല്ലാമാണെന്ന് ജീവിതങ്ങളെ പരസ്പരം ബന്ധിപ്പിച്ചുനിര്‍ത്തിയിരുന്നത്. അവയെല്ലാം കൈയേറപ്പെട്ടപ്പോള്‍ പൊതുവഴികളും പൊതുഇടങ്ങളും ഇല്ലാതായി. വളരെ ചെറിയ ഭൂവിസ്തൃതി മാത്രള്ള 13-ാം വാര്‍ഡില്‍ ദശകങ്ങളായി ജീവിക്കുന്നവര്‍പോലും ആറിന്‍റെയും തോടിന്‍റെയുമൊക്കെ അവസ്ഥയെന്തെന്ന് ഒരിക്കല്‍ പോലും നേരില്‍ കാണാത്തവരാണ്. റിസര്‍വ്വ് വനമായി പ്രഖ്യാപിച്ച ആറ്റുവഞ്ചിക്കാട് നേരില്‍ കാണാത്തവരാണ് 13-ാം വാര്‍ഡിലെ ബഹുഭൂരിപക്ഷം ആളുകളും.
12. പൊതുവഴികള്‍ ഇല്ലാതാകുമ്പോള്‍
ഇടവഴികളും പുറമ്പോക്കുകളും കൈയേറുന്നതോടെ പൊതുവഴികള്‍ ഇല്ലാതാകുന്നു. കട്ടച്ചിറപ്പാലം മുതല്‍ ആറ്റുവഞ്ചിക്കാടുവരെ തോടിന്‍റെ തീരം വിശാലമായ പൊതു വഴിയായിരുന്നു. ഖനനംമൂലം തീരം ഇല്ലാതായി. വഴിയും ഇല്ലാതായി. കട്ടച്ചിറ പുഞ്ചയിലേക്കിറങ്ങാന്‍ ഹൈവേയില്‍ക്കൂടി 1 കിമി നടന്നാല്‍പോലും ഒരു നടപ്പുവഴിപോലും ഇല്ല. പാടത്തെ ചുറ്റി ഒഴുകുന്ന തോട്ടിലുമെത്താന്‍ കലോമീറ്ററുകള്‍ നടന്നാലും വഴിയില്ലാത്തതിനാല്‍ ആപ്രദേശങ്ങളില്‍ പൊതു ഇടപെടല്‍ ഇല്ലാതാകുന്നു. നിലം നികത്തലിനും തോടുകൈയേറ്റത്തിനും ഇതുസഹായകമാകുന്നു.
13. ഹൈവേ പുറമ്പോക്കു കൈയേറി മണ്ണിട്ടുയര്‍ത്തുന്നത്.
30 മീറ്റര്‍ വീതിയുള്ള റോഡിന്‍റെ ടാറിംഗ് ഒഴിച്ചുള്ള ഭാഗം ഇരുവശത്തും കൈയേറുകയാണ്. ടാറിംഗ് മുതല്‍ ഇരുവശവും മണ്ണിട്ട് റോഡു നിരപ്പിനേക്കാള്‍ ഉയര്‍ത്തി കൈവശപ്പെടുത്തുന്നു.റോഡിലെ വെള്ളം ഒഴുകിപ്പോകാന്‍ ഇതു തടസ്സാമാകുന്നു. കഴിഞ്ഞ പ്രളയത്തിനുശേഷം പൊതുതാല്പര്യത്തിനു ഹാനികരമായി  വ്യക്തികള്‍ സ്വന്തം കൈവശഭൂമി മണ്ണിട്ടുയര്‍ത്തുന്നത് വര്‍ദ്ധിക്കുകയാണ്.
അനധികൃത ഇഷ്ടികച്ചുളഖനനത്തിനെതിരെ 1994 ല്‍ ത്തന്നെ കേരള ഹൈക്കോടതി നിരോധന ഉത്തരവുണ്ട്. നിയമവിരുദ്ധ, പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവരികയും അധികാരികളുടെ മുമ്പില്‍ രേഖാമൂലം തെളിവുകളോടെ പരാതി നല്കുകയും ചെയ്തു പോന്നിട്ടുണ്ട്. ഈ ജാഗ്രതയും ഇടപെടലുകളും ഉണ്ടായിട്ടും നിയമവാഴ്ച അസാധ്യമായി തുടരുന്നു. നിരന്തരം പരിസ്ഥിതിڅഭദ്രതക്കായി പ്രതിരോധം തീര്‍ക്കുന്ന ഒരു പ്രദേശത്ത് ഇത്രമേല്‍ അരാജകാവസ്ഥ ഉണ്ടെങ്കില്‍ മറ്റുള്ളിടങ്ങളിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. കേരളമാകെ ഓരോ വാര്‍ഡിലും ഹരിത പരിശോധന അനിവാര്യമാകുന്ന സാഹചര്യം നിലവിലുണ്ട്. അത് ചെയ്യാതിരിക്കുന്നത് ആത്മഹത്യപരമായിരിക്കും.
കാലോചിതമായ നിയമപരിഷ്കരണവും നിയമനിര്‍മ്മാണവും നിയമവാഴ്ച ഉറപ്പാക്കുന്നതിനുള്ള ഔദ്യോഗിക സംവിധാനങ്ങളും ഉണ്ടാവണം ആറ്, തോട്, ജലാശയങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവ അതിന് തിരിച്ച് ജണ്ടയിട്ട് സംരക്ഷിക്കണം.
ഖനനം കഴിഞ്ഞ് വീണ്ടെടുക്കാതെ കിടക്കുന്ന കുഴികളും വെള്ളക്കെട്ടുകളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണം. അനധികൃതമായി നികത്തിയ നിലങ്ങള്‍ സമയബന്ധിതമായി വീണ്ടെടുക്കുന്നതിന് വ്യക്തമായ ചട്ടങ്ങളുണ്ടാവണം. വീണ്ടെടുക്കുന്ന തിനാവശ്യമായ മുഴുവന്‍ ചെലവും ഉദ്യോഗസ്ഥ വ്യത്യാസത്തിന്‍റേതുള്‍പ്പെടെ നിയമം ലംഘിച്ചവരില്‍ നിന്ന് ഈടാക്കണം. നിയമനിര്‍വഹണാധികാരി ആരെന്ന് വ്യക്തമാക്കുകയും നടപടിക്രമങ്ങള്‍ ചിട്ടപ്പെടുത്തുകയും വേണം.
പൊതു സമൂഹത്തിന്‍റെ പൊതുതാല്പര്യത്തിനും ദ്രോഹകരമായ പ്രവര്‍ത്തനങ്ങള്‍ പുതിയസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പുനര്‍നിര്‍ണ്ണയിച്ച് വ്യക്തമായ നിയമനിര്‍മ്മാണം നടത്തുകയും ലംഘിക്കുന്നവര്‍ക്ക് കുറ്റം ആവര്‍ത്തിക്കാതിരിക്കാനായി അമിതപിഴവ്യവസ്ഥ (Exemplary fine)  ഉണ്ടാക്കുകയും വേണം. നിയമലംഘകര്‍ക്ക് സഹായകമായ രീതിയിലാണ് ഇപ്പോഴുള്ള ലഘുധാതുഖനനചട്ടങ്ങള്‍ (KMMC റൂള്‍സ്) പൊതുതാല്പര്യ സംരക്ഷണം ഉറപ്പാക്കുന്ന രീതിയില്‍ ചട്ടങ്ങള്‍ മാറ്റണം.
അടിസ്ഥാനവിഭവങ്ങളായ ഭൂമി, മണ്ണ്, ജലം ഇവയുടെ ഏകോപിത സംരക്ഷണത്തിനുതകും വിധം നിയമങ്ങളും നിമനിര്‍വഹണ സംവിധാനങ്ങളും ഉണ്ടാകണം. കൃഷി, ജലസേചനം, പരിസ്ഥിതി ഇറിഗേഷന്‍, ഭൂഗര്‍ഭڅജലസംരക്ഷണം, ഉപരിതലജലവിഭവ സംരക്ഷണം, ഖനനം, കുടിവെള്ളം എന്നിങ്ങനെ അശാസ്ത്രീയമായ വകുപ്പുവിഭജനമാണ് ഇന്ന് ഉള്ളത്. സര്‍ക്കാര്‍ പണത്തിന്‍റെ ദുര്‍വ്യയം മാത്രമാണ് ഈ രീതിയിലൂടെ നടത്തുന്നത്. അടിസ്ഥാന വിഭവങ്ങളുടെ സുരക്ഷ എന്ന ലക്ഷ്യത്തിനുതകും വണ്ണം സര്‍ക്കാര്‍ സംവിധാനം പുനക്രമീകരിക്കണം.
****
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തോ മാറിമാറി വന്ന പഞ്ചായത്തംഗങ്ങളോ കട്ടച്ചിറയിലെ നശീകരണപ്രവര്‍ത്തനങ്ങളില്‍ ഫല പ്രദമായ ഒരു നടപടിയും കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ സ്വീകരിച്ചിട്ടില്ല. എന്നുമാത്രമല്ല അവര്‍ അടിസ്ഥാനവിഭവങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്കൊപ്പം നില്ക്കുകയോ പങ്കാളികളാകുകയോ ചെയ്യുകയാണുണ്ടായത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ മതസംഘടനയോ, സമുദായ സംഘടനയോ നില നില്പിന്‍റെ പ്രതിസന്ധികളില്‍ പ്രതിരോധത്തിനെത്തിയിട്ടില്ല. പാലാ സബ് കളക്ടറായിരുന്ന ബി. ശ്രീനിവാസ് ഐ.എ.എസ്സിനെപോലെ ചില ഉദ്യോഗസ്ഥര്‍ -റവന്യൂ പോലീസ് ഡിപ്പാര്‍ട്ടുമെന്‍റുകളിലുണ്ടായിരുന്നവര്‍ -ചെറുത്തു നിന്നവരോടൊപ്പം നിലകൊണ്ടിട്ടുണ്ട്. ഫലപ്രദമായ പുതിയ, സമഗ്രനിയമങ്ങള്‍ ഉണ്ടാകുന്നില്ല എന്നുമാത്രമല്ല ഉള്ളനിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് നിര്‍വീര്യമാക്കുന്നതുമൂലം നടപടികള്‍ അസാധ്യമാക്കുന്നു. അടിസ്ഥാന വിഭവക്കൊള്ള വര്‍ദ്ധിക്കുകയും ഭൗതികസാഹചര്യങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു.


വേനല്‍ക്കാല ആറ്റുവട്ടങ്ങള്‍


കടുത്ത വേനല്‍ക്കാലത്തിന്‍റെ പരിസരത്ത് നിന്നുകൊണ്ട് വരണ്ടുണങ്ങിയ ആറിന്‍റെ വട്ടത്ത് നദീ-ജല സംരക്ഷണത്തെക്കുറിച്ചുള്ള പര്യാലോചനകള്‍ക്കായി ആളുകളെ സംഘടിപ്പിക്കുക എന്നതായിരുന്നു വേനല്‍ക്കാല ആറ്റുവട്ടങ്ങളുടെ ലക്ഷ്യം. ആറ്റുതീരത്തും പഴയ്ക്കു നടുവിലും തോടിന്‍റെ ഓരത്തും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളള ആളുകള്‍ പ്രാദേശികമായി ഒത്തുചേര്‍ന്നു. കഴിഞ്ഞുപോയ വെള്ളപ്പൊക്കം, തീരങ്ങളുടെ നാശം, പ്രളയാനന്തര പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മണല്‍ നിക്ഷേപത്തിലെ പാരിസ്ഥിതിക സാധ്യതകള്‍, വരള്‍ച്ച, വൃഷ്ടിപ്രദേശങ്ങളുടെ ശോഷണം, ജലസംരക്ഷണ മാര്‍ഗങ്ങള്‍ ഇവയൊക്കെ വേനല്‍ക്കാല ആറ്റുവട്ടങ്ങളില്‍ ചര്‍ച്ചചെയ്തു. പ്രാദേശിക നദീ-ജല ജാഗ്രതാ സമിതികളായി ഈ ആറ്റുവട്ടങ്ങള്‍ മാറുന്നതായാണ് അനുഭവം.

ജലസ്രോതസ്സുകളോടും നീര്‍ത്തടങ്ങളോടും ആളുകളില്‍ കൂടുതല്‍ ആഭിമുഖ്യം വളര്‍ത്താന്‍ ഈ പ്രക്രിയ വഴി കഴിയുന്നുണ്ട്.
മീനച്ചിലാറിലേയ്ക്കുള്ള നീരൊഴുക്ക് തടകെട്ടി ഇടുക്കിഡാമിലേയ്ക്ക് തിരിച്ചുവിടുന്ന വഴിക്കടവ് ചെക്ക് ഡാം പരിസരത്താണ് ഏറ്റവുമൊടുവില്‍ വേനല്‍ക്കാല ആറ്റുവട്ടം സംഘടിപ്പിച്ചത്. പ്രമുഖ തമിഴ് കവയത്രിയും സിനിമ സംവിധായികയും നടിയുമായ ലീന മണിമേഖലെ മുഖ്യാതിഥിയായിരുന്നു. സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും കൂടുതലായി പങ്കെടുത്ത ആറ്റുവട്ടം വാഗമണ്‍ മലനിരകള്‍ക്കുണ്ടാകുന്ന നാശം, മീനച്ചിലാറിന്‍റെ വൃഷ്ടിപ്രദേശങ്ങളെ അപ്പാടെ വിനോദസഞ്ചാരം മലിനമാക്കുന്നത്, മലയോര മേഖലയില്‍ വരള്‍ച്ചയും ചൂടും വര്‍ദ്ധിക്കുന്നത് ഒക്കെയും ചര്‍ച്ചചെയ്തു. മിത്രനികേതന്‍റെ നേതൃത്വത്തിലുള്ള പ്രാദേശിക പുഴ-ജല ജാഗ്രതാ സമിതി രൂപീകരണവും വിപുലമായ ദീര്‍ഘകാല ജലസംരക്ഷണ ബോധവല്‍ക്കരണ-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തീരുമാനവുമാണ് വഴിക്കടവ് ആറ്റുവട്ടത്തിന്‍റെ സഫലമായ പരിണതി!


മീനച്ചിലാര്‍ കാവല്‍മാടങ്ങള്‍


മീനച്ചിലാര്‍ സംരക്ഷണത്തിനായി പ്രാദേശികതലത്തില്‍ ജനജാഗ്രതയുണര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2014 മെയ് മാസത്തിലാണ് മീനച്ചില്‍ നദീസംരക്ഷണസമിതി 'കാവല്‍മാടങ്ങള്‍'ക്ക് രൂപംകൊടുത്തു തുടങ്ങിയത്. കിഴക്കന്‍ മലനിരകള്‍ മുതല്‍ പടിഞ്ഞാറ് പതനസ്ഥലംവരെയുള്ള വിവിധ പ്രദേശങ്ങളില്‍ പുഴ-ജല ജാഗ്രതയ്ക്കായുള്ള ചെറു സംഘങ്ങളെ 'മീനച്ചിലാര്‍ കാവല്‍മാടം' എന്ന പേരില്‍ കോര്‍ത്തിണക്കാനാണ് ഇതുവഴി സമിതി ശ്രമിച്ചത്. മീനച്ചിലാറിനെ നേരിട്ട് ബാധിക്കുന്നതും അതിന്‍റെ പാരിസ്ഥിതിക സാഹചര്യങ്ങളെ പൊതുവില്‍ സംബന്ധിക്കുന്നതുമായ പ്രശ്നങ്ങളെയും സാധ്യതകളെയും പ്രാദേശികമായി ഉയര്‍ത്തിക്കൊണ്ടുവരികയും പരിഹാരങ്ങളും മുന്‍കൈകളും അന്വേഷിക്കുകയുമാണ് കാവല്‍മാടങ്ങള്‍ എന്ന ആശയത്തിലൂടെ ലക്ഷ്യമിട്ടത്. കൂടുതല്‍ പിന്തുണ ആവശ്യമായി വരുന്ന വിഷയങ്ങളെ സമിതിയുടെ വിപുലമായ പ്രതലത്തിലേയ്ക്ക് വളര്‍ത്തിയാണ് ചര്‍ച്ചകളും ഇടപെടലുകളും നടത്തുന്നത്.
കാവല്‍മാടങ്ങള്‍ക്ക് തുടക്കം കുറിച്ച പൂഞ്ഞാര്‍ തെക്കേക്കരയില്‍ 300-ലധികം ആളുകള്‍ക്ക് നേരിട്ട് പ്ലാസ്റ്റിക് മാലിന്യനിയന്ത്രണത്തില്‍ ദൃശ്യഉപകരണങ്ങളുടെ സഹായത്തോടെ പരിശീലനം നല്‍കിയതും കോളനികളില്‍ തുണിസഞ്ചികള്‍ വിതരണം ചെയ്തതും ക്രിയാത്മക പ്രവര്‍ത്തനങ്ങളായി. മണല്‍വാരല്‍, മലിനീകരണം, കയ്യേറ്റം തുടങ്ങിയ വിഷയങ്ങളില്‍ സിറ്റിസണ്‍ റിപ്പോര്‍ട്ടിംഗ് വഴിയും പത്രമാധ്യമങ്ങളിലൂടെയും പരാതികളും വിവരാവകാശങ്ങളും വഴിയും  പ്രശ്നങ്ങളെ സജീവ ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിന് കാവല്‍മാടങ്ങള്‍ക്ക് കഴിയുന്നുണ്ട്.


ആറ്റുവഞ്ചിക്കാടിനെ വീണ്ടെടുത്തത്...
കാനേഷുമാരി, വനപര്‍വ്വം


ആറ്റുവഞ്ചികളെ അപ്പാടെ നാശോന്മുഖമാക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവന്നിരുന്നത്. സ്ഥലം കയ്യേറി കൈവശപ്പെടുത്തുക, ആറ്റിലെ മണല്‍വാരല്‍, കരയിലെ മണ്ണ്, കളിമണ്‍ ഖനനം ഇവ മൂലം തീരം നശിക്കുക, സ്ഥലവിസ്തൃതി നഷ്ടപ്പെടുക, മരങ്ങള്‍ മുറിച്ചു കടത്തുക തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ ആറ്റുവഞ്ചിക്കാട് നേരിടുന്നുണ്ടായിരുന്നു.  ഓരോ ഘട്ടത്തിലും കിടങ്ങൂര്‍ പരിസ്ഥിതി സമിതി, മീനച്ചില്‍ നദീ സംരക്ഷണസമിതി എന്നിവയ്ക്കുവേണ്ടി ഡോ. എസ്. രാമചന്ദ്രനും സുഹൃത്തുക്കളും നിരന്തരം പോരാട്ടം നടത്തിക്കൊണ്ടിരുന്നു. പതിറ്റാണ്ട് നീണ്ട നിയമപോരാട്ടങ്ങള്‍, പരാതികള്‍, സമരപരിപാടികള്‍ എന്നിവയ്ക്കിടയിലാണ് 2008 മെയ് 1ന് കാനേഷുമാരി വനപര്‍വ്വം എന്ന പേരില്‍ ഒരു ജനകീയ കണക്കെടുപ്പ് ആറ്റുവഞ്ചിക്കാട്ടില്‍ സംഘടിപ്പിച്ചത്. നിരന്തരജാഗ്രതയും ചെറുത്തുനില്പും കൊണ്ട് നിലനിര്‍ത്തിയിരിക്കുന്ന മറ്റൊരു പച്ചതുരുത്തായ കട്ടച്ചിറ നാട്ടുമാവിന്‍ ചുവട്ടില്‍ സംഘം ചേര്‍ന്നി നൂറിലേറെ വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ജാഥയായി ആറ്റുവഞ്ചിക്കാട്ടിലെത്തി. ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ മരത്തിന്‍റെയും നീളവും വീതിയും അളന്ന് തിട്ടപ്പെടുത്തി മരത്തില്‍ കാര്‍ഡുകള്‍ ഒട്ടിച്ചു. ഒടുവില്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് സമാഹരിച്ചു. വാഴൂര്‍ എന്‍. എസ്. എസ്. കോളേജ്, പാലാ സെന്‍റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ ബോട്ടണി വിഭാഗം വിദ്യാര്‍ത്ഥികളുടെ സാന്നിധ്യവും വകുപ്പ് മേധാവിമാരായ ഡോ. ജോമി അഗസ്റ്റിന്‍, ഡോ. മുരളിവല്ലഭന്‍. കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്‍റ് ഡോ. ബി. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വം കാനോഷ്മാരിക്ക് ആധികാരികത നല്കി. ഈ കണക്കെടുപ്പിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആറ്റുവഞ്ചിക്കാടിന്‍റെ പാരിസ്ഥിതിക പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു സമിതി പിന്നീടങ്ങോട്ട് റവന്യൂ വനംവകുപ്പ് തലങ്ങളില്‍ മുന്നോട്ടുപോയത്. ഒടുവില്‍ 2015 നവംബര്‍ 12നാണ് സംസ്ഥാനവനംവകുപ്പ് കട്ടച്ചിറയിലെ ആറ്റുവഞ്ചിക്കാട് സംരക്ഷിതവനമായി പ്രഖ്യാപിച്ചത്. വനം-വന്യജീവി ബോര്‍ഡംഗമായ കെ. ബിനു, ഡോ. ബി. ശ്രീകുമാര്‍ എന്നിവരുടെ പിന്തുണയും ഇതിന് സഹായകരമായി. 2018 നവംബര്‍ 14ന് ആറ്റുവഞ്ചിക്കാടിന്‍റെ സംരക്ഷിത വനപ്രഖ്യാപനത്തിന്‍റെ മൂന്നാം വാര്‍ഷികം ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മീനച്ചില്‍ നദീസംരക്ഷണസമിതിയും വനംവകുപ്പും ചേര്‍ന്ന് ആഘോഷിച്ചു. അതോടൊപ്പം നടത്തിയ രണ്ടാം കാനേഷുമാരി ആറ്റുവഞ്ചിക്കാടിന്‍റെ ഇപ്പോഴത്തെ അവസ്ഥാപഠനത്തിന് സഹായകരമാവുകയും ചെയ്തു. 


കാവാലിപ്പുഴ ബീച്ച്


കിടങ്ങൂരിനടുത്ത് കാവാലിപ്പുഴ കടവില്‍ പ്രളയാനന്തരം രൂപകൊണ്ട മണല്‍ത്തിട്ട ഇന്ന് കാവാലിപ്പുഴക്കടവ് പുഴ മിനി ബീച്ച് എന്നറിയപ്പെടുന്നു. രമേഷ് കിടങ്ങൂര്‍ എന്ന മീനച്ചില്‍ നദീസംരക്ഷണസമിതി പ്രവര്‍ത്തകന്‍റെ ചിത്രങ്ങള്‍ ഈ ബീച്ചിനെ സജീവമായി നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. നിരവധിയാളുകള്‍ തങ്ങളുടെ ഒഴിവുസമയം പരിസ്ഥിതിക്കനുരൂപമായി ഈ കടവില്‍ ചിലവഴിക്കുന്നു.


വിംഗ്സ് &  ഡ്രീംസ് ഓഫ് മീനച്ചിലാര്‍


5 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മീനച്ചില്‍ നദീസംരക്ഷണ സമിതി സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന പുഴ- പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ സ്കൂളുകളില്‍ വിംഗ്സ് ഓഫ് മീനച്ചിലാര്‍ (മീനച്ചിലാറിന്‍റെ ചിറകുകള്‍), കോളേജുകളില്‍ ഡ്രീംസ് ഓഫ് മീനച്ചിലാര്‍ (മീനച്ചിലാറിന്‍റെ സ്വപ്നങ്ങള്‍ ) എന്നും പേര് വിളിച്ച് കുറെക്കൂടി ഏകോപിതരൂപത്തിലാക്കി. പിന്നീടത് ചാലക്കുടിപ്പുഴ കേന്ദ്രമാക്കി നടന്നു വന്നിരുന്ന സ്കൂള്‍സ് ഫോര്‍ റിവര്‍ പ്രവര്‍ത്തനത്തിന്‍റെ മാതൃകയില്‍ ക്രമപ്പെടുത്താന്‍ ശ്രമിച്ചു വരികയാണ്. ഈ പ്രവര്‍ത്തനത്തോട് സഹകരിക്കുന്ന സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായി വാഗമണ്‍ മിത്രനികേതനില്‍ പരിശീലകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു കൊണ്ട് അവരെ അതാതു സ്കൂളുകളിലെ പുഴ- പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം. വിവിധ ദിനാചരണങ്ങള്‍, പ്രചാരണ - ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയ്ക്ക് സമിതി സ്കുളുകളെ പിന്തുണയ്ക്കുന്നു. വിദ്യാര്‍ത്ഥികളെ പുഴയഭിമുഖം കൊണ്ടുവരുക എന്ന ബോധപൂര്‍വ്വമായ പരിശ്രമത്തിലൂന്നിയായിരുന്നു പല പ്രവര്‍ത്തനങ്ങളും. പ്രളയാനന്തര ജലനിരപ്പ് രേഖപ്പെടുത്തല്‍, പ്ലാസ്റ്റിക് പ്രളയനിവാരണം തുടങ്ങിയ പ്രക്രിയകള്‍ക്കായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പലപ്പോഴായി പുഴയിലിറങ്ങി.


സ്കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മീനച്ചിലാര്‍ സംരക്ഷണത്തിലും പരിസ്ഥിതി അവബോധത്താലും കാര്യമായ താല്‍പര്യം ജനിപ്പിക്കുന്നതിലും മുന്‍കൈകള്‍ സാധ്യമാക്കുന്ന തിലും മീനച്ചില്‍ നദീസംരക്ഷണ സമിതി നടത്തിയ മൂന്ന്ഘട്ട മീനച്ചിലാര്‍ സംരക്ഷണസന്ദേശയാത്ര വലിയ പങ്കുവഹിച്ചു. 2014 സെപ്റ്റംബര്‍ മാസത്തില്‍ ആദ്യഘട്ടം വാഗമണ്‍ മുതല്‍ കോട്ടയം വരെ രണ്ട് ദിവസമായും രണ്ടാം ഘട്ടം 2015 നവംബര്‍ ല്‍ പാറമ്പുഴ മുതല്‍ താഴത്തങ്ങാടി വരെയും മൂന്നാം ഘട്ടം ഡിസംബര്‍ താഴത്തങ്ങാടി മുതല്‍ മീനച്ചിലാറിന്‍റെ പതനസ്ഥലമായ പഴുക്കാനില വരെയും വള്ളത്തില്‍ യാത്ര ചെയ്തും ആഘോഷമാക്കിയ ഒരു സന്ദേശ യാത്രയായിരുന്നു അത്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് യാത്രയില്‍ പലയിടങ്ങളിലായി പങ്കാളികളായത്.

ഇതര  പരസ്ഥിതി സംഘടനകള്‍


ആദ്യകാല മുദ്രാവാക്യം

"മീനച്ചിലാര്‍ കോട്ടയം ജില്ലയുടെ ജലസമ്പത്തിന്‍റെ പ്രതീകം; മീനച്ചിലാറിനെ രക്ഷിക്കാന്‍ ജനശക്തി ഉണര്‍ത്തുക"

അതേ ജനശക്തി ഉണര്‍ത്തലാണ് ഇന്നും നടന്നുകൊണ്ടിരിക്കുന്നത്. ഒരു സമരം വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷവും ഇത്രയും ദീര്‍ഘകാലം നൈരന്തര്യതയോടെ ഇങ്ങനെ മുന്നോട്ടുപോയ സംഘടനാരൂപങ്ങള്‍ കുറവ്. ആ പ്രവര്‍ത്തനതുടര്‍ച്ചയാണ് ഇന്നത്തെ മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ വിജയം.
 
 കോട്ടയം നേച്ചര്‍ സൊസൈറ്റിയുടെ പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ മീനച്ചിലാറിന്‍റെ സംരക്ഷണത്തിലും പുനരുജ്ജീവനത്തിലും നല്‍കുന്ന സംഭാവനകള്‍ വലുതാണ്. ഒന്നര പതിറ്റാണ്ട് മുന്‍പ് പുഴ പറയും കഥ അറിയാന്‍ എന്ന പേരില്‍ വാഗമണ്‍ മുതല്‍ കോട്ടയം വരെ ആറ്റിലൂടെ വിദ്യാര്‍ത്ഥികളും പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ യാത്ര അതില്‍ ഏറെ ശ്രദ്ധേയമായിരുന്നു. യാത്രയിലെ കണ്ടെത്തലുകള്‍ ചേര്‍ത്ത് അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ട് വിലപിടിച്ച ഒരു ഡോക്യുമെന്‍റായി. 2005-ല്‍ നടത്തിയ മീനച്ചില്‍ ഫിഷ് കൗണ്ടില്‍ മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളും മറ്റ് വിദഗ്ധരും കുട്ടികളും മുതിര്‍ന്നവരുമെല്ലാം പങ്കാളികളായി. വാഗമണ്‍ മുതല്‍ കുമരകം വരെ നിശ്ചിത ദൂരപരിധികളില്‍ നടത്തിയ മീനുകളുടെ കണക്കെടുപ്പ് പുഴയുടെ അവസ്ഥയും മീനുകളുടെ വംശനാശവും എണ്ണത്തിലെ ശോഷണവും പൊതു ശ്രദ്ധയില്‍ കൊണ്ടുവന്നു.  കട്ടച്ചിറയിലെ നാട്ടുമാവുകളുടെ ഉള്‍പ്പെടെയുള്ള ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങള്‍, കുട്ടികള്‍ക്കായുള്ള പരിശീലനങ്ങള്‍ തുടങ്ങി വിവിധ പരിപാടികളുമായി ഡോ.ബി.ശ്രീകുമാറും സുഹൃത്തുക്കളും അതേ ഊര്‍ജ്ജം നില നിര്‍ത്തി മുന്നോട്ടു പോവുകയാണ്.
 
* ഡോ.പുന്നന്‍ കുര്യനും സുഹൃത്തുക്കളും ചേര്‍ന്ന് കോട്ടയം ടൈസ് (ട്രോപ്പില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ്)ന്‍റെ നേതൃത്വത്തില്‍ മീനച്ചിലാറുമായി ബന്ധപ്പെട്ട് വളരെ നിര്‍ണ്ണായകമായ ഇടപെടലുകളാണ് നടത്തി വരുന്നത്. അക്കാഡമിക്, ബോധവല്‍ക്കരണ, നിര്‍മ്മാണാത്മക മേഖലകളില്‍ ടൈസിന്‍റെ സേവനം വലുതാണ്. മീനച്ചിലാറുമായി ബന്ധപ്പെട്ട മേഖലകളില്‍ പക്ഷിനിരീക്ഷണം, ശലഭനിരീക്ഷണം, ജലസാമ്പിളുകളുടെ പരിശോധന, ഗവേഷണങ്ങള്‍ ഇവയൊക്കെ ടൈസ് നടത്തുന്നു. 

* മീനച്ചിലാറുമായി ബന്ധപ്പെട്ട ചരിത്രാന്വേഷണങ്ങള്‍, ഉത്ഭവസ്ഥാനങ്ങള്‍ മുതല്‍ പതനസ്ഥലം വരെയുള്ള ആറിന്‍റെ ഗതിവിഗതികള്‍ ഒക്കെ പഠനവിധേയമാക്കുകയും രേഖകളാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കോട്ടയം നാട്ടുകൂട്ടം അഡ്വ. കെ. അനില്‍കുമാറിന്‍റെയും രാജീവ് പള്ളിക്കോണത്തിന്‍റെയും നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍,

 * പരിസ്ഥിതി ഗ്രൂപ്പുകളുടെ ഏകോപനവും നിര്‍മ്മാണാത്മകമായ മുന്‍കൈകളുമായി ഗ്രീന്‍ ഫ്രട്ടേര്‍ണിറ്റി ഡോ.ജേക്കബ് ജോര്‍ജ്, ഗോപു നട്ടാശ്ശേരി എന്നിവരുടെ നേതൃത്വത്തിലും

 *പാലാ കേന്ദ്രമാക്കി കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പിന്തുണയോടെ ബാങ്ക് പ്രസിഡന്‍റും സാമൂഹിക പ്രവര്‍ത്തകനുമായ ജോര്‍ജ് സി കാപ്പന്‍റെ ദര്‍ശനിക മുന്‍ കൈയിലും നടന്നു വരുന്ന മീനച്ചിലാര്‍ പുനര്‍ജ്ജനി കര്‍മ്മസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്‍റ് സാബു എബ്രാഹം, സെക്രട്ടറി ഫിലിപ്പ് മീത്തില്‍ എന്നിവരുടെ നേതൃത്വം നല്‍കുന്നു.

*ആലുവ കേന്ദ്രമായി സംസ്ഥാനത്തെ നദീസംരക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേരളാ നദീസംരക്ഷണ സമിതിയും

*കേരളാ നദീസംരക്ഷണ സമിതി വൈസ് പ്രസിഡന്‍റും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്‍റുമായ കെ ബിനുവിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും
ജില്ലയിലെ പരിസ്ഥിതി പങ്കാളികളുടെ ഏകോപനത്തില്‍ പങ്കുവഹിച്ച് പൂഞ്ഞാര്‍ ഭൂമിക, വഴിക്കടവ് മിത്രനികേതന്‍

*വൃക്ഷവല്‍ക്കരണം - ജൈവ വൈവിധ്യ പോഷണം എന്നീ മേഖലകളില്‍ വൃക്ഷബന്ധു മാത്തുക്കുട്ടി തെരുവപ്പുഴയുടെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍
 
 *'ജലസുരക്ഷയ്ക്ക് ജൈവകൃഷി' എന്ന മുദ്രാവാക്യവുമായി കേരള ജൈവകര്‍ഷക സമിതിയുടെ ജില്ലാഘടകം, 'നീര്‍ത്തടപോഷണത്തി നായി ജൈവകൃഷി ' എന്ന ആശയവുമായി കര്‍ഷകവേദി
 
* നിര്‍ണ്ണായകമായ ബോധവല്‍ക്കരണ പരിപാടികളുമായി ഭരണങ്ങാനം മേരിഗിരി ഐ.എച്ച്.എം.ആശുപത്രി പൊതുജനാരോഗ്യ വിഭാഗം അതിന്‍റെ മേധാവി സിസ്റ്റര്‍ റോസ് വൈപ്പനയുടെ നേതൃത്വത്തിലും

 *ദേശീയ ഹരിതസേനയുടെ കോട്ടയം ജില്ലാഘടകം. ആര്‍ വേണുഗോപാല്‍ നേതൃത്വം നല്‍കുന്ന ഹരിതസേന സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള കാര്യക്ഷമമായി നടത്തുന്നു.

 *മീനച്ചിലാറിന്‍റെ വൃഷ്ടിപ്രദേശങ്ങളിലെ മലകളും കുന്നുകളും സംരക്ഷിക്കാനുള്ള സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് മജു മാനുവല്‍ പുത്തന്‍ കണ്ടത്തിന്‍റെ നേതൃത്വത്തില്‍ ഗ്രീന്‍ സ്റ്റെപ്‌സ്

 *അന്തരിച്ച ഡോ.  ലതാ അനന്തയുടെ നേതൃത്വത്തിലുള്ള റിവര്‍ റിസേര്‍ച്ച് സെന്‍റര്‍ ചാലക്കുടിയും അതിന്‍റെ നിലവിലെ സംഘാടകരായ എസ്.പി. രവി, സബ്ന എന്നിവരും

 *ഡോ. ഹാരീസ്  പേരങ്ങലിന്‍റെ നേതൃത്വത്തിലുള്ള സി.റ്റി.ബി.സി.ഐ. (സെന്‍റര്‍ ഫോര്‍ ട്രോപ്പിക്കല്‍ ബയോഡൈവോസിറ്റി & കണ്‍സര്‍വെഷന്‍ ഇന്‍ ഇന്ത്യ).

വളരെ ആത്മാര്‍ത്ഥതയോടെ സ്കൂളുകളുടെയും കോളേജുകളുടെയും അതുവഴി വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെയും പിന്തുണ ഉറപ്പാക്കുന്ന വിവിധ മാനേജ്മെന്‍റുകള്‍ 

മീനച്ചിലാറിനായി ജാഗ്രതയോടെ പ്രവര്‍ത്തി ക്കുന്ന മറ്റ് ഒരുപാട് സംഘടനകളും വ്യക്തികളും
ഇവരൊക്കെയാണ് മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ ഊര്‍ജ്ജം.

മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ കര്‍മ്മയോദ്ധാക്കള്‍

പ്രസിഡന്‍റ്                    :    ഡോ.എസ്.രാമചന്ദ്രന്‍

വൈസ് പ്രസിഡന്‍റ്        :    സിസ്റ്റര്‍ റോസ് വൈപ്പന

സെക്രട്ടറി                  :     എബി ഇമ്മാനുവേല്‍

ജോ. സെക്രട്ടറി           :    ഫ്രാന്‍സിസ് കൂറ്റനാല്‍

ട്രഷറര്‍                    :    റോയി പ്ലാത്തോട്ടം


കമ്മറ്റി അംഗങ്ങള്‍

ഒ.ഡി. കുര്യാക്കോസ്
വേണുഗോപാല്‍ ആര്‍
കെ.കെ.കുട്ടപ്പന്‍നാളെ...


മീനച്ചില്‍ നദീ പുനര്‍ജ്ജീവനത്തിന്‍റെ ഭാവി പദ്ധതികള്‍


നീര്‍ത്തടങ്ങളുടെയും വൃഷ്ടിപ്രദേശങ്ങങ്ങളുടെയും പുനര്‍ജ്ജീവനം കേന്ദ്രീകരിച്ചു മാത്രമേ മീനച്ചിലാറിനെ നമുക്ക് വീണ്ടെടുക്കാന്‍ സാധിക്കൂ എന്ന ആശയം നമ്മള്‍ ശക്തമായിട്ട് മുമ്പോട്ടു വയ്ക്കാന്‍ പോകുകയാണ്. അതായത് പെയ്യുന്ന മഴ, വീണൊഴുകുന്ന ഇടങ്ങള്‍ മുഴുവന്‍ കേന്ദ്രീകരിച്ചുള്ള ഒരു സമഗ്രമായ നദീ സംരക്ഷണ ശൈലിയിലേക്ക് നീങ്ങിയാല്‍ മാത്രമേ മീനച്ചിലാറിനെ പുനരുജ്ജീവിപ്പിക്കാന്‍ നമുക്ക് സാധിക്കൂ. ആറ്റില്‍ നിന്നുകൊണ്ടുള്ള സംരക്ഷണം സാധ്യമാകില്ല, പകരം ഉറവകളിലേക്ക് മടങ്ങണം. ഈ ആശയത്തെ മുന്‍നിര്‍ത്തിയാണ് പുഴ നടത്തം, ഉറവതേടി എന്നീ യാത്രകള്‍ക്കു നമ്മള്‍ രൂപം നല്‍കിയത്. ഈ ഉറവകളെ പുനരുജ്ജീവിപ്പിക്കുന്നതിനായി നമുക്കു വേണ്ടത് ജൈവകൃഷിയും അതില്‍ അനുവര്‍ത്തിക്കുന്ന വിവിധ തരത്തിലുള്ള ജലം-മണ്ണ് സംരക്ഷണ മാര്‍ഗ്ഗങ്ങളുമാണ്. അതുകൊണ്ട് ഇവയെപ്പറ്റിയുള്ള പ്രചരണം, പ്രോത്സാഹനം, ബോധവത്ക്കരണം എന്നിവ നടക്കണം. പുതയിടീല്‍, ജൈവവേലികള്‍, കയ്യാലകള്‍, നീര്‍ക്കുഴികള്‍ നിര്‍മ്മിച്ചു മഴവെള്ളം ഭൂമിയിലേക്ക് താഴ്ത്തുന്നത് തുടങ്ങിയ കൃഷി രീതികള്‍ നമ്മള്‍ തിരിച്ചു കൊണ്ടുവരണം. അതുപോലെ 3 മീറ്റര്‍ മുതല്‍ 6 മീറ്റര്‍ വരെയുള്ള ചെക്ക് ഡാമുകളുടെ നിര്‍മ്മിതിതിയെ നമ്മള്‍ പൂര്‍ണ്ണമായും എതിര്‍ക്കുന്നു.
2005 ലെ Fish Council ല്‍ ഇത്തരത്തിലുള്ള ചെക് ഡാമുകളുടെ നിര്‍മ്മാണത്തെ എതിര്‍ത്തിരുന്നു. പ്രചനനത്തിനായി എത്തുന്ന മീനുകള്‍ ഡാമുകള്‍ തീര്‍ക്കുന്ന വലിയ തിട്ടകളില്‍ വന്നിട്ട് തിരിച്ചു പോകുന്നു. ഈ പ്രശ്നത്തെ മറികടക്കുന്നതിനായി Fish ladders കള്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ 15 വര്‍ഷങ്ങളായി പരിഗണിക്കപ്പെട്ടില്ല. കൂടാതെ ചെക്ക് ഡാമുകള്‍ നമ്മുടെ ജൈവികത തകര്‍ക്കുകയും ചെയ്യുന്നു.
ആദ്യകാലത്ത് താല്‍ക്കാലിക തടയിണകള്‍ എന്ന രീതിയില്‍ മണ്ണുനിറച്ച ചാക്കുകള്‍ ഉപയോഗിച്ചിരുന്നു. അടുക്കം സമരത്തിന്‍റെ പിന്തുടര്‍ച്ച എന്ന രീതിയില്‍ അഞ്ചാറുവര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന വലിയൊരു Campagin  ആയിരുന്നു കോണ്‍ക്രീറ്റ് ഭീമന്മാര്‍ക്കു പകരം മണല്‍ നിറച്ച ചാക്കുകള്‍ ഉപയോഗിക്കുക എന്നത്. ഈ ഇമാുമഴശി  ന്‍റെ ഭാഗമായി ഈരാറ്റുപേട്ടയില്‍ മാത്രം 24 ഇടങ്ങളില്‍ ഇതു കൊണ്ടുവരുവാന്‍ നമുക്ക് സാധിച്ചു. ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് കെമിക്കലുകള്‍ സൃഷ്ടിക്കുകയും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടവരുത്തുകയും ചെയ്യുന്നു. ഒപ്പം കോണ്‍ക്രീറ്റ് വേസ്റ്റ് മണ്ണില്‍ അലിഞ്ഞു ചേരുന്നുമില്ല.
തരിശു ഭൂമിയുടെ വൃക്ഷവത്കരണം,  വേരുകള്‍ മുതല്‍ വെള്ളത്തെ പിടിച്ചു നിര്‍ത്തിക്കൊണ്ട്, ജൈവ വൈവിധ്യം വര്‍ദ്ധിപ്പിച്ച്, മണ്ണിന്‍റെ Organic Carbon തോത് വര്‍ദ്ധിപ്പിക്കുക. ഇത് ജലം ആഗീരണം ചെയ്യാനുള്ള മണ്ണിന്‍റെ ശേഷിയെ വര്‍ദ്ധിക്കും. ചില കാതലായ നിര്‍ദ്ദേശങ്ങളിലൂടെ മീനച്ചില്‍ നദീപുനര്‍ജ്ജീവനം തുടരുകയാണ് നാളെയ്ക്കായ്.

 

കാതലായ ചില നിര്‍ദ്ദേശങ്ങള്‍


പ്ലാസ്റ്റിക് മലിനീകരണം: മലിനീകരണം പ്രത്യേകിച്ച് പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ പ്രാദേശിക ഭരണസംവിധാനങ്ങള്‍ മുന്‍കൈ എടുക്കണം. 

വൃഷ്ടിപ്രദേശത്തെ വീണ്ടെടുക്കല്‍: വികസനം മറയാക്കി നടത്തുന്ന മണ്ണെടുപ്പു തുടങ്ങി ഖനനം വരെയുള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ നിയമ പരിരക്ഷയോടെ അവസാനിപ്പിക്കുക.

ജൈവകൃഷി: രാസവളപ്രയോഗത്തിലൂടെ നഷ്ടമായ മണ്ണിന്‍റെ ഉര്‍വരതയും മലിനമാക്കപ്പെടുന്ന ജലസ്രോതസ്സുകളെയും മനുഷ്യന്‍റെ സുസ്ഥിരാരോഗ്യത്തേയും തിരികെ കൊണ്ടുവരിക.

ആറ്റുമാലി: ആറ്റുതീരം പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ നടപ്പാതയാക്കി വിട്ടു നല്‍കുക. ആറ്റുതീരങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കുമെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുക.

ഫ്ളഡ് മാപ്പിംഗ്: പ്രളയതീവ്രതയുടെ തോതനുസരിച്ച് പ്രാദേശിക വേര്‍തിരിവുകള്‍ നദീതട ഉപയോഗത്തിന് ആറ്റുതീരങ്ങളില്‍ തനതു വൃക്ഷങ്ങളും കാട്ടുപൊന്തകളാലും ജൈവ സമ്പന്നമാക്കി സംരക്ഷിക്കുക.

റിവര്‍ പോലീസ്: വനപാലകര്‍ പോലെ നദിപാലകര്‍ക്കു രൂപം കൊടുക്കുക.


നദീ ഗവേഷണ കാര്യാലയം സ്ഥാപിക്കുക

 

 

ഡോ. എസ്. രാമചന്ദ്രന്‍: പ്രസിഡന്‍റ്, മീനച്ചില്‍ നദീസംരക്ഷണ സമിതി


ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അധ്യാപകന്‍, മലയാളത്തില്‍ ഡോക്ടറേറ്റ്, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിലെ മലയാള വിഭാഗം മേധാവി, മട്ടന്നൂര്‍ എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍, ഒടുവില്‍ വാഴൂര്‍ എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ആയി റിട്ടയര്‍മെന്‍റ്. അധ്യാപകനും കോളേജ് പ്രിന്‍സിപ്പലും ആയിരിക്കുമ്പോള്‍ തന്നെ ചുറ്റുപാടില്‍ കൊള്ളയടിക്കപ്പെടുന്ന പ്രകൃതിവിഭവങ്ങള്‍ക്കുവേണ്ടി നശിപ്പിക്കപ്പെടുന്ന പരിസ്ഥിതിയ്ക്കു വേണ്ടിയും കോട്ടയം ജില്ലയുടെ ജീവനാഡിയായ മീനച്ചിലാറിനുവേണ്ടിയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ എടുക്കുകയായിരുന്നു അദ്ദേഹം.

നിയമവിരുദ്ധമായ കട്ടകളങ്ങള്‍ക്കെതിരെയും അനിയന്ത്രിതമായ മണലൂറ്റിനും മണ്ണെടുപ്പിനെതിരെയും ശക്തമായ പല സമരപരിപാടികള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും അദ്ദേഹം നേതൃത്വം കൊടുത്തു. ജോലി ചെയ്തു കിട്ടിയ ശമ്പളത്തിന്‍റെയും റിട്ടയര്‍മെന്‍റിനു ശേഷം ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍റെയും നല്ലൊരു പങ്ക് പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കുവേണ്ടി അദ്ദേഹം ചിലവഴിച്ചുകൊണ്ടിരിക്കുന്നു. കട്ടച്ചിറയിലെ നാട്ടുമാവുകളെ കൈകോര്‍ത്തുപിടിച്ച് മഴുവില്‍ നിന്ന് രക്ഷിച്ചതും ആറ്റുവഞ്ചിക്കാടിനെ സംരക്ഷിതവനമാക്കി മാറ്റി ഉത്തരവുവാങ്ങിയ നിയമപോരാട്ടവും ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ വിവിധ നദീസംരക്ഷണ സമിതികളുടെ ഏകോപന വേദിയായ കേരള നദീസംരക്ഷണസമിതിയുടെ മുന്‍ പ്രസിഡന്‍റും മീനച്ചില്‍ നദീസംരക്ഷണസമിതിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റും ആണ് അദ്ദേഹം. വാഗമണ്‍ മൊട്ടക്കുന്നു മുതല്‍ കുമരകം കായല്‍വരെയുള്ള കാവല്‍മാടങ്ങളിലൂടെയും Wings of മീനച്ചിലാര്‍,Dreams of മീനച്ചിലാര്‍ സ്റ്റുഡന്‍റ് സര്‍ക്കിളിലൂടെയും മറ്റു നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും മീനച്ചിലാറിനെ വീണ്ടെടുക്കാനുള്ള അക്ഷീണ പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തെ മീനച്ചിലാറിന്‍റെ കാവല്‍ക്കാരന്‍ എന്ന് വിശേഷിപ്പിക്കാം. 
കല്ലറ SNVNSS HS School ല്‍ നിന്നും പ്രധാന അധ്യാപികയായി റിട്ടയര്‍ ചെയ്ത ഭാര്യ വിജയലക്ഷ്മി ടീച്ചറും മക്കളായ അശ്വതിയും സന്ദീപും എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പരിപൂര്‍ണ്ണ പിന്തുണയുമായി രാമചന്ദ്രന്‍ സാറിന് ഒപ്പമുണ്ട്. -

തയ്യാറാക്കിയത് : ആന്‍ മേരി

 

നദീസംരക്ഷണമേഖലയില്‍ അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും നിരവധി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയ സംഘടനയാണ് മീനച്ചില്‍ നദീസംരക്ഷണ സമിതി. അവരുടെ ആശയങ്ങളും സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കാന്‍ നമുക്കും അവരോടൊപ്പം കൈകോര്‍ക്കാം.

 

 
 
 
 

You can share this post!

മതാന്ധതയ്ക്ക് മറുപടി മതമൂല്യങ്ങള്‍

ടോം മാത്യു
അടുത്ത രചന

പുസ്തകങ്ങളും വായനയും അതിജീവനത്തിന്‍റെ പാഠങ്ങള്‍

വി. ജി. തമ്പി
Related Posts