news-details
കവർ സ്റ്റോറി

കുട്ടികള്‍ കാലത്തിന്‍റെ ചുവരെഴുത്ത് വായിക്കുന്നു

കുട്ടികള്‍ ദീര്‍ഘദര്‍ശികളാണ്.

ബ്രസല്‍സില്‍ ഈ വര്‍ഷം ആദ്യം 35000 സ്കൂള്‍കുട്ടികള്‍ ആഗോളതാപനം തടയാന്‍ നടപടികളാവശ്യപ്പെട്ട് ക്ലാസ്മുറികള്‍ ബഹിഷ്കരിച്ച് തെരുവുകളിലേക്കു മാര്‍ച്ച് ചെയ്തു. 

സ്വിറ്റ്സര്‍ലണ്ടില്‍ അതിനും ഒരാഴ്ചമുമ്പ് ആയിരക്കണക്കിന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി. ആവശ്യം കാലാവസ്ഥാവ്യതിയാനം തടയുക.  ജര്‍മ്മനിയില്‍ വിദ്യാര്‍ത്ഥികള്‍ 'വെള്ളിയാഴ്ചകള്‍ ഭാവിക്ക്' (Friday for Future) എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ആശയവിപ്ലവത്തിന് തുടക്കം കുറിച്ചു. 'നമുക്കില്ല രണ്ടാം ഭൂമി' (There is no planet B) എന്ന മുദ്രാവാക്യം വൈകാതെ ജനകീയമായി.

കോര്‍പ്പറേറ്റുകളുടെ കച്ചവടതാല്‍പര്യത്തില്‍ 'മുതിര്‍ന്നവരുടെ ലോകം' പ്രകൃതിയെ മറക്കുമ്പോള്‍ കുട്ടികള്‍ കാലത്തിന്‍റെ ചുവരെഴുത്ത് വായിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും തടയാന്‍ നടപടികളെടുക്കാന്‍ സാമ്പത്തികകാരണങ്ങളാല്‍ മാത്രം മടിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് അവര്‍ താക്കീതാകുന്നു. എല്ലാം തുടങ്ങിവച്ചത് ഗ്രെറ്റാ തന്‍ബര്‍ഗ് Greta Thunberg)ആയിരുന്നു. സ്വീഡനിലെ പതിനഞ്ചുകാരി പെണ്‍കുട്ടി. നടനും എഴുത്തുകാരനുമായ സ്വാന്‍റെ ആറെനിയൂസിന്‍റെയും ഓപ്പറാ പാട്ടുകാരി മലേനാ ഏണ്‍മാന്‍റെയും അന്തര്‍മുഖിയായ മകള്‍. 2018 ഓഗസ്റ്റ് 20ന് സ്വീഡിഷ് പാര്‍ലമെന്‍റിനു പുറത്ത് 'കാലാവസ്ഥയ്ക്കായി പഠിപ്പുമുടക്കം' എന്ന് കോറിയിട്ട ഒരു തടിക്കഷണവും പിടിച്ച് മെല്ലിച്ച ഒരു പെണ്‍കുട്ടി ഇരിപ്പുറപ്പിച്ചു. രാവിലെ എട്ടര മുതല്‍ മൂന്നുമണിവരെ അവള്‍ അവിടെ ഇരുന്നു. അധികമാരും അത് ശ്രദ്ധിച്ചില്ല. രണ്ടാം ദിവസം ഏതാനും ചിലര്‍ അവളോടൊപ്പം ചേര്‍ന്നു. പിന്നെ അതൊരു പ്രക്ഷോഭമായി.

സ്വീഡനിലെ ദേശീയ തെരഞ്ഞെടുപ്പ് വരെ തന്‍ബര്‍ഗിന്‍റെ 'പഠിപ്പുമുടക്കം' തുടര്‍ന്നു. പിന്നെ ആയിരങ്ങള്‍ പങ്കെടുത്ത 'ജനകീയ കാലാവസ്ഥാ റാലി' (Peoples climate March Rally)യെ അവള്‍ അഭിസംബോധന ചെയ്തു. പ്രമുഖ പ്രകൃതി സംരക്ഷണപ്രചാരകരും ശാസ്ത്രജ്ഞരും കാലാവസ്ഥാ പ്രസ്ഥാനത്തിന്‍റെ ഈ നൂറ്റാണ്ടിലെ 'സുവിശേഷ' മെന്ന് അവളെ വിശേഷിപ്പിച്ചു. യു. എന്‍. അവളെ പ്രകീര്‍ത്തിച്ചു. ഫ്രഞ്ച് പ്രസിഡന്‍റ് എമ്മാനുവല്‍ മക്രോണിനെ അവള്‍ സന്ദര്‍ശിച്ചു. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് ജീന്‍ ക്ലോഡ് ജങ്കറുമായി വേദി പങ്കിടുക. ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കലിന്‍റെ പ്രശംസ ഏറ്റുവാങ്ങി. 

അവളുടെ ഉത്ക്കണ്ഠകള്‍ അടിസ്ഥാനമില്ലാത്തതല്ല എന്ന് ഏവര്‍ക്കുമറിയാം. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച വിവിധ രാഷ്ട്രങ്ങളിലെ ഗവണ്‍മെന്‍റുകളുടെ അന്താരാഷ്ട്രസമിതി ആഗോളതാപന തോത് 1.5 സെല്‍ഷ്യസ് കടക്കുന്നതിലെ പ്രത്യാഘാതം വ്യക്തമാക്കികഴിഞ്ഞു. അത്തരമൊരു അപകടം ഒഴിവാക്കുന്നതിന് ഹരിതഗൃഹവാതകങ്ങളുടെ അളവ് 2030 ആകുമ്പോഴേയ്ക്കും ഗണ്യമായി കുറച്ചേ മതിയാകൂ. യാഥാര്‍ത്ഥ്യങ്ങളോടു മുഖം തിരിക്കുന്ന രാഷ്ട്രനേതാക്കളുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം തന്നെ വേണ്ടിവരാം ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍. ഏതാനും മാസങ്ങളായി ആ ധര്‍മ്മം ഫലപ്രദമായി നിര്‍വ്വഹിച്ചു വരുന്നത് അവളാണ് - ഗ്രെറ്റാ തന്‍ബര്‍ഗ് എന്ന പെണ്‍കുട്ടി. 

ഏറെ എതിര്‍പ്പ് നേരിട്ടാണ് അവള്‍ തന്‍റെ പ്രക്ഷോഭം തുടങ്ങിവച്ചതും മുന്നോട്ടു കൊണ്ടുപോയതും. തുടക്കത്തില്‍ മാതാപിതാക്കള്‍ നിരുത്സാഹപ്പെടുത്തി. സഹപാഠികള്‍ പഠിപ്പു മുടക്കാന്‍ വിസമ്മതിച്ചു. വഴിപോക്കര്‍ പരിഹസിച്ചു. ഇന്ന് ലോകത്തിന്‍റെയാകെ ശ്രദ്ധ പിടിച്ചുപറ്റി അവളുടെ പ്രക്ഷോഭം മുന്നോട്ടു പോകുമ്പോള്‍ വിമര്‍ശനം കുറച്ചുകൂടി കടുത്തതായിരിക്കുന്നു. തന്‍ബര്‍ഗിനെ ചിലര്‍ സമൂഹത്തിന് ഭീഷണിയായി ചിത്രീകരിക്കുന്നു. പുറമേ കാണുന്നതല്ല തന്‍ബര്‍ഗെന്ന് എണ്ണവ്യവസായത്തിന്‍റെ ദല്ലാളന്മാരും ചില രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും പറയുന്നു. ചില പരിസ്ഥിതി സംഘടനകളുടെയും ഊര്‍ജബിസിനസ്സ് ലോബിയുടെയും കൈയിലെ പാവയാണ് അവളെന്ന് ആരോപിക്കുന്നു. തന്‍ബര്‍ഗിന്‍റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ആക്രമണങ്ങള്‍ നടക്കുന്നു. "പോരാട്ടം തുടങ്ങുമ്പോള്‍തന്നെ അത് ശക്തിപ്പെട്ടാല്‍ വലിയ തോതില്‍ വെറുപ്പിനു കാരണമാകുമെന്ന് ഞാന്‍ അറിഞ്ഞിരുന്നു. ഇത് നല്ല സൂചനയാണ്. അവര്‍ ഞങ്ങളെ ഭീഷണിയായി കാണുന്നു. അതിനര്‍ത്ഥം സംവാദത്തിന്‍റെ രീതി മാറി എന്നതാണ്. ഞങ്ങള്‍ ഒരു മാറ്റം കൊണ്ടുവന്നിരിക്കുന്നു." എതിര്‍പ്പിനോടുള്ള തന്‍ബര്‍ഗിന്‍റെ പ്രതികരണം അവളിലെ പക്വതയാര്‍ന്ന പോരാളിയെ വ്യക്തമാക്കുന്നു. 

നിക്ഷിപ്ത താല്‍പര്യങ്ങളുടെ എതിര്‍പ്പിനപ്പുറം ഗ്രെറ്റാ തന്‍ബര്‍ഗ് ഇന്ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശയും ആവേശവുമായിരിക്കുന്നു. അവരിലേറെയും സ്കൂള്‍കുട്ടികളുമാണ്. അവര്‍ക്ക് തന്‍ബര്‍ഗ് നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രചോദനത്തിന്‍റെയും പ്രതീകമാണ്. എട്ടുമാസം നീണ്ട പഠിപ്പുമുടക്ക് പ്രക്ഷോഭം അവസാനിപ്പിച്ച് മാര്‍ച്ച് 15ന് അവള്‍ കോബെള്‍ സ്റ്റോണിലേക്ക് മടങ്ങുമ്പോള്‍ (അതുവരെ എല്ലാ വെള്ളിയാഴ്ചയും മഴയും മഞ്ഞും ഹിമവും സൂര്യനും വകവയ്ക്കാതെ അവള്‍ സ്വീഡിഷ് പാര്‍ലമെന്‍റ് മന്ദിരത്തിനു മുന്നില്‍ കുത്തിയിരുന്നു.)അത്  യൂറോപ്പാകെ പടര്‍ന്ന, അതിവേഗം വളരുന്ന പ്രസ്ഥാനത്തിന്‍റെ കുന്തമുനയായി മാറിയിരുന്നു. 'കാലാവസ്ഥയ്ക്കായി പഠിപ്പുമുടക്കം' (School Strike for climate) എന്ന അവളുടെ മുദ്രാവാക്യം പല ഭാഷകളിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.  "ഇത് ആവേശകരമാണ്" അവള്‍ പറയുന്നു, "71 രാജ്യങ്ങളില്‍ എഴുന്നൂറിലേറെ സ്ഥലങ്ങളില്‍ പ്രക്ഷോഭം പടര്‍ന്നുപിടിച്ചിരിക്കുന്നു. കൂടുതല്‍ തലങ്ങളിലേക്ക് അതു വ്യാപിക്കുന്നു."

ഒരേസമയം കാലാവസ്ഥയെക്കുറിച്ച് ഉത്കണ്ഠാകുലരാകുകയും വൈകാതെ പുതിയ കാര്‍ വാങ്ങി ആഴ്ചയവസാന ആഘോഷങ്ങള്‍ക്കായി പറക്കുകയും ചെയ്യുന്നതിലെ കാപട്യം തന്‍ബര്‍ഗ് ചൂണ്ടിക്കാണിക്കുന്നു. ഉപഭോഗസംസ്കാരത്തില്‍ വലിയ മാറ്റം വരുത്താന്‍ വ്യക്തിഗത തീരുമാനങ്ങളേക്കാള്‍ രാഷ്ട്രീയ നടപടികളാണ് ആവശ്യമെന്ന് അവള്‍ കരുതുന്നു. അവള്‍ പക്ഷേ തന്‍റെ മൂല്യങ്ങളില്‍ ജീവിക്കുന്നു. അവള്‍ സസ്യഭുക്കാണ്. വിദേശയാത്ര ട്രെയിനില്‍. പ്രഭാഷണങ്ങളില്‍ അവള്‍ തുറന്നുപറയുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും രാഷ്ട്രീയനേതൃത്വം കാലാവസ്ഥ പ്രശ്നത്തെ രാഷ്ട്രീയ അജണ്ടയായി അംഗീകരിച്ച സാഹചര്യത്തില്‍ അവള്‍ക്കു പ്രത്യാശയുണ്ടോ എന്ന ചോദ്യത്തിന്, 'തുടങ്ങിയ സമയത്തേക്കാള്‍ എന്‍റെ പ്രത്യാശ വര്‍ധിച്ചിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന വാതകങ്ങളുടെ അളവ് വര്‍ധിച്ചിരിക്കുന്നു. അതു മാത്രമാണ് കാര്യം. അതിനായിരിക്കണം നാം ഊന്നല്‍ നല്‍കേണ്ടത്" എന്നവള്‍ മറുപടി പറഞ്ഞു.

ഒടുവില്‍ മൂന്ന് നോര്‍വീജിയന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ അവളെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തു. ഇപ്പോള്‍ 16 വയസ്സുള്ള ഗ്രെറ്റാ തന്‍ബര്‍ഗിന് നോബല്‍ സമ്മാനം ലഭിച്ചാല്‍ ആ പരമോന്നതപുസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവള്‍ എന്ന ബഹുമതി അവള്‍ക്കാവും. ലോക സാമ്പത്തിക ഉച്ചകോടി (വേള്‍ഡ് ഇക്കോണമിക് ഫോറം) ദാവോസില്‍ നടക്കവേ 'ഹരിതഭാവി' ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഗ്രെറ്റാ തന്‍ബര്‍ഗ് അവിടെയെത്തി. അത് യൂറോപ്പിലാകെ സ്കൂള്‍ കുട്ടികളുടെ പ്രതിഷേധറാലികള്‍ക്ക് പ്രചോദനമായി. "തങ്ങള്‍ക്ക് ഇനിയും സമയമുണ്ടെന്ന് ദിനോസറുകള്‍ എന്നും കരുതിയിരുന്നു", "പരിഹാരങ്ങളുടെ ഭാഗമാകുക, മലിനീകരണത്തില്‍നിന്ന് മാറി നില്‍ക്കുക" തുടങ്ങിയ അവരുടെ മുദ്രാവാക്യങ്ങള്‍ക്ക് പുതുമയുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ 2015-ല്‍ പാരീസ് ഉച്ചകോടിയില്‍ അംഗീകരിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ 'കുട്ടി പ്രക്ഷോഭകാരികള്‍' ഗവണ്‍മെന്‍റുകളോടും കോര്‍പ്പറേറ്റ് വ്യവസായ തലവന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.

 
ലോകത്തിന് വഴികാട്ടാന്‍ അവര്‍ മുന്നിട്ടിറങ്ങുന്നു. അവര്‍ ദീര്‍ഘദര്‍ശികളല്ലേ? ദൈവജ്ഞരും.

You can share this post!

ഓളവും തീരവും വീണ്ടെടുക്കുന്ന മീനച്ചില്‍

എബി ഇമ്മാനുവല്‍
അടുത്ത രചന

ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം

ഡോ. മാര്‍ട്ടിന്‍ എന്‍. ആന്‍റണി O. de M
Related Posts