news-details
ഫ്രാൻസിസ്കൻ വിചാര ധാര

സുവിശേഷത്തിന്‍റെ വഴി, വേറിട്ട വഴി

 "ആരും എനിക്ക് വഴി കാണിച്ചുതന്നില്ല. എന്നാല്‍ വിശുദ്ധ സുവിശേഷത്തിന്‍റെ വഴിയില്‍ ജീവിക്കാന്‍ പരമോന്നതന്‍ തന്നെ എനിക്കു വെളിപ്പെടുത്തി." 

(വി. ഫ്രാന്‍സിസിന്‍റെ ഓസ്യത്ത്)

 

ആഗോള സാമ്രാജ്യശക്തിയും അതിയാഥാസ്ഥിതികവുമായിരുന്ന റോമന്‍ കത്തോലിക്കാസഭ ഫ്രാന്‍സിസിന്‍റെ സുവിശേഷജീവിതത്തെ തുടക്കത്തില്‍ തികഞ്ഞ സംശയത്തോടെ നോക്കിക്കണ്ടു. മതവിചാരണയ്ക്കും പുറത്താക്കലിനും കഠിനപീഡനങ്ങള്‍ക്കും ഇരയായ പത്തറാനി, ലെയോണ്‍സിന്‍റെ  ദരിദ്രര്‍, വാല്‍ദീനിയന്‍, ആല്‍ബന്‍സിയന്‍സ്, ഹ്യുമിയാലിറ്റി തുടങ്ങിയ 'പാഷണ്ഡത'യുടെ പാതയിലാണ് ഫ്രാന്‍സിസ് എന്ന് ഔദ്യോഗിക സഭ ശങ്കിച്ചു. എക്കാലത്തും വ്യവസ്ഥാപിതത്വം ഉല്‍പതിഷ്ണുത്വത്തെ സംശയിച്ചിരുന്നു, അവിശ്വസിച്ചിരുന്നു. അത് ഫ്രാന്‍സിസിനെയും സംശയിച്ചു, അവിശ്വസിച്ചു. കാരണം, അവന്‍ സ്വീകരിച്ച, സര്‍വ്വാത്മനാ പിന്തുടര്‍ന്ന വഴി സുവിശേഷത്തിന്‍റെ പുതുവഴിയായിരുന്നു. അത് അക്കാലത്തും എക്കാലത്തും വേറിട്ട വഴിയായി. 


സഭയുടെ അധികാര പ്രമത്തതയുടെ മറുപുറത്തായിരുന്നു ഫ്രാന്‍സിസിന്‍റെ ജീവിതം. ക്രിസ്തുമതത്തിന്‍റെ ജന്മിത്തമാതൃക, പ്രത്യേകിച്ച് ഗ്രിഗറി ഏഴാമന്‍റെ കാലം മുതല്‍(1073-85) പൗരോഹിത്യ-സാമ്രാജ്യത്വ അധികാരങ്ങളെ ചുറ്റിപ്പറ്റിയാണ് വികസിച്ചത്. രണ്ട് അധികാരങ്ങളും മെത്രാന്മാരുടെയും മാര്‍പാപ്പായുടെയും കയ്യില്‍ ഭദ്രമായിരുന്നു. വ്യവസ്ഥാപിത സഭ ആത്മീയവും ഭൗതികവുമായ അധികാരം കൈയടക്കിവച്ചു. അധികാരത്തെ ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും സമഗ്രമാക്കാനും സഭ കിണഞ്ഞു ശ്രമിച്ചു. ഒപ്പം ദൈവത്തിന്‍റെയും ക്രിസ്തുവിന്‍റെയും പേരില്‍ അധികാരത്തിന് വിശ്വാസ്യതയും വിശുദ്ധിയും കല്പിച്ചു. റോമന്‍ സാമ്രാജ്യത്തിന്‍റെ മഹത്വത്തിന്‍റെയും യശസിന്‍റെയും പിന്‍ഗാമികളായി പൗരോഹിത്യസഭ സ്വയം പ്രതിഷ്ഠിച്ചു. മറിച്ച് ഫ്രാന്‍സിസ് ഒരു 'വിഡ്ഢി'യുടെ വിഫലജീവിതം ജീവിച്ചു. ക്രൂശിതനായ ക്രിസ്തുവിന്‍റെ വഴിയില്‍ പൂര്‍ണദരിദ്രനും എളിയവനുമായി. തിരുമേനിമാരുടെയും തമ്പുരാക്കന്മാരുടെയും സഭ അവനെ പ്രലോഭിപ്പിച്ചില്ല. ദരിദ്രരെ സേവിക്കുന്ന സഭയായിരുന്നു അവന്‍റെ ആകര്‍ഷണം. അവന്‍റെ പ്രസ്ഥാനം 'എളിയസഹോദരങ്ങളുടേ'തായാണ് അറിയപ്പെടുക. അവര്‍ക്ക് അവരുടെമേല്‍പോലും അധികാരം ഇല്ല. അന്യരുടെമേല്‍ അല്പവും ഇല്ല.
സഭയിലെ പൗരോഹിത്യപ്രമാണിത്തത്തിന്‍റെ  മറുപുറത്തായിരുന്നു ഫ്രാന്‍സിസിന്‍റെ ജീവിതം. അവന്‍ അല്മായനായിരുന്നു. അല്മായരെ, പ്രത്യേകിച്ച് ദരിദ്രരെ സുവിശേഷവത്കരിക്കുവാന്‍ അവന്‍ ആഗ്രഹിച്ചു. കാരണം അവര്‍ ഇടയനില്ലാത്ത ആടുകളായിരുന്നു. വിശ്വാസപരമായ കാര്യങ്ങള്‍ അല്മായര്‍ പ്രസംഗിക്കുന്നതിന് സഭാവിലക്കുണ്ടായിരുന്നതിനാല്‍ സുവിശേഷം സ്വാതന്ത്ര്യത്തോടെ പ്രസംഗിക്കുന്നതിനുവേണ്ടി മാത്രം അവന്‍ പിന്നീട് ശുശ്രൂഷാപദവി(ഡീക്കന്‍) സ്വീകരിച്ചു. അവന്‍ പൗരോഹിത്യസംസ്കാരത്തിന്‍റെ വക്താവായിരുന്നില്ല. അവന്‍ സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു. 
ഫ്രാന്‍സിസ് അക്കാലത്തെ ആശ്രമജീവിതത്തിന്‍റെ മറുപുറത്തു ജീവിച്ചു. നിശ്ചയദാര്‍ഢ്യവും സ്വയം നിര്‍ണയവുമായിരുന്നു അവന്‍റെ ജീവിതത്തിന്‍റെ സവിശേഷത. ക്ലൂണിയുടെ പരിഷ്കാരങ്ങള്‍ വന്നതിനുശേഷം സന്ന്യസ്തര്‍ ശാരീരികാധ്വാനമുള്ള തൊഴിലുകള്‍ ചെയ്തിരുന്നില്ല. അവര്‍ ജന്മിത്തമ്പുരാക്കന്മാരായി മാറിക്കഴിഞ്ഞിരുന്നു. അവര്‍ക്ക് സ്വന്തം ചേരികളുണ്ടായി. പതാരവും പാട്ടവും സംഭാവനയും പിരിക്കുകയായിരുന്നു അവരുടെ പ്രധാന തൊഴില്‍. ആശ്രമചുവരുകള്‍ക്കുള്ളില്‍ എല്ലാം ഒരുക്കിയിരുന്നു. സ്വര്‍ഗീയ ജറൂസലേമിന്‍റെ ഭൂമിയിലെ പതിപ്പുകള്‍, സ്വര്‍ഗം പ്രതിബിംബിക്കുന്ന ദര്‍പ്പണങ്ങള്‍, ആത്മീയതയുടെ ഭൗതികപ്രതിരൂപങ്ങള്‍ എല്ലാം അവിടെ സജ്ജമായിരുന്നു. അധികാരത്തിന്‍റെയും സംസ്കാരത്തിന്‍റെയും കേന്ദ്രം ആശ്രമങ്ങളായിരുന്നു. സുവിശേഷം അവിടെ തളംകെട്ടി നിന്നു. ഫ്രാന്‍സിസിന്‍റെ ആത്മീയജീവിതം പക്ഷേ, ജനങ്ങള്‍ക്കിടയിലായിരുന്നു. അവന്‍ ആത്മീയതയെ ജനങ്ങളിലേക്ക് എത്തിച്ചു. അവന്‍റെ പര്‍ണശാല ലോകമായിരുന്നു. എല്ലാവരും, പ്രത്യേകിച്ച് ദരിദ്രര്‍ അവന്‍റെ സഹോദരീസഹോദരന്മാരായിരുന്നു. അവര്‍ ഈരണ്ടുപേര്‍ വീതം നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് അലഞ്ഞു. അവര്‍ സുവിശേഷം പ്രഘോഷിച്ചു, വ്യാഖ്യാനങ്ങള്‍ കൂടാതെ. അക്കാലത്തിന്‍റെ ആത്മീയജീവിതത്തെ പ്രതിനിധീകരിക്കുന്ന വര്‍ണശബളമായ വാഗ്ധോരണികള്‍ അവരുടെ വചനത്തിന് അകമ്പടിയായില്ല. അന്നന്നത്തെ അപ്പത്തിന്‍റെ അധ്വാനത്തില്‍ അവര്‍ ജീവിച്ചു - ദാരിദ്ര്യത്തില്‍, ലാളിത്യത്തില്‍, സന്തോഷത്തില്‍. 
ഫ്രാന്‍സിസ് അക്കാലത്തെ പാണ്ഡിത്യസംസ്കാരത്തിന്‍റെ മറുപുറത്ത് ജീവിച്ചു. അക്കാലത്ത് ലത്തീന്‍ഭാഷയിലായിരുന്നു ആരാധനയും മതപ്രസംഗങ്ങളും നടത്തിവന്നിരുന്നത്. അത് സാധാരണജനങ്ങള്‍ക്ക് അല്പവും മനസ്സിലായിരുന്നില്ല. ദുര്‍ഗ്രഹങ്ങളായ അന്യാപദേശകഥകളാല്‍ മതപ്രസംഗങ്ങള്‍ സങ്കീര്‍ണമാക്കി പാണ്ഡിത്യം പ്രകടിപ്പിക്കുക പതിവായിരുന്നു. ഫ്രാന്‍സിസ് പക്ഷേ സുവിശേഷം അക്ഷരാര്‍ത്ഥത്തില്‍ പ്രഘോഷിച്ചു. വിശുദ്ധ ലിഖിതങ്ങളുടെ വ്യാഖ്യാനങ്ങള്‍ അവന്‍ സ്വീകരിച്ചില്ല. അവന്‍റെ സഹോദരര്‍ ഏതെങ്കിലും ചിന്താധാരയുടെ (School) പിന്‍തുടര്‍ച്ചക്കാരാവാന്‍ അവന്‍ ആഗ്രഹിച്ചില്ല. അവര്‍ സുവിശേഷത്തെ മാത്രം പിന്തുടരണം. അവര്‍ സത്യത്തിന്‍റെ സവിശേഷമായ മാര്‍ഗത്തില്‍ മുന്നേറണം. വിശുദ്ധിയിലും വിനയത്തിലും വളരണം. പണ്ഡിതരുടെ ഇടയില്‍ അവന്‍ വിഡ്ഢിയായിരുന്നു. അവന് എഴുതാനും വായിക്കാനും പോലും കഷ്ടിച്ചേ അറിയുമായിരുന്നുള്ളൂ.
ഫ്രാന്‍സിസ് അവന്‍റെ കാലത്തെ മതനിയമവ്യവസ്ഥയുടെ മറുപുറത്ത് ജീവിച്ചു. ഭൗതികമായ അധികാരത്തിന്‍റെയും നേതൃത്വത്തിന്‍റെയും പശ്ചാത്തലത്തില്‍ സഭയ്ക്ക് നിയമം ആവശ്യമായിരുന്നു. അധികാരപ്രയോഗത്തെ സാധൂകരിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും നിയമം അനിവാര്യമായി. അതിന്‍റെ ഫലമായി പന്ത്രണ്ടാം നൂറ്റാണ്ടില്‍ കാനോന്‍ നിയമങ്ങളുടെ ഒരു നീണ്ടനിര തന്നെ രൂപപ്പെട്ടു. ഗ്രേഷ്യന്‍ അവ സമര്‍ത്ഥമായി ക്രോഡീകരിച്ചു. സഭാതത്വം നിയമത്തില്‍നിന്ന് വികാസംകൊണ്ടു. കാനോന്‍നിയമം ക്രിസ്തുവിന്‍റെ ശരീരത്തെ(സഭയെ) വര്‍ഗങ്ങളായി വേര്‍തിരിച്ചു. ഒരുവശത്ത് ആത്മീയാധികാരങ്ങളെല്ലാം കയ്യടക്കിയ പുരോഹിതവര്‍ഗം, മറുവശത്ത് അധികാരം ഏതുമില്ലാത്ത അല്മായര്‍. ഫ്രാന്‍സിസ് അവന്‍റെ പ്രസ്ഥാനത്തിന്‍റെ വാതില്‍ തരംതിരിവില്ലാതെ എല്ലാവര്‍ക്കുമായി തുറന്നിട്ടു. 'എളിയ സഹോദരര്‍' ആകുന്നതോടെ എല്ലാ വര്‍ഗവ്യത്യാസങ്ങളും അലിഞ്ഞില്ലാതാകുന്നു. പുരോഹിതരോ, പ്രഭുക്കന്മാരോ, മാടമ്പികളോ, നിയമജ്ഞരോ, ഇടത്തരക്കാരോ, സേവകരോ ആരുമായിക്കൊള്ളട്ടെ പ്രസ്ഥാനത്തിലെത്തിയാല്‍ അവര്‍ സമത്വപൂര്‍ണമായ സാഹോദര്യത്തിലേക്ക് പ്രവേശിക്കുന്നു. സുവിശേഷത്തിന്‍റെ മൗലികമായ ഈ പിന്‍തുടര്‍ച്ചയിലേക്ക് പുരുഷന്മാര്‍ മാത്രമല്ല ക്ഷണിക്കപ്പെട്ടത്. ഫ്രാന്‍സിസിന്‍റെ പ്രസ്ഥാനം സ്ത്രീകളെയും സ്വാഗതം ചെയ്തു. ക്ലാരയും ആഗ്നസും അതിനു തുടക്കമിട്ടു. അവരും പൂര്‍ണദാരിദ്ര്യത്തെ വരിച്ചു. അധികാരകുത്തകയും പുരുഷാധിപത്യവും നിലനിന്ന സഭയില്‍ ഫ്രാന്‍സിസ് 'വട്ടമേശ പ്രഭു'ക്കളുടെ സമത്വമാതൃക മുന്നോട്ടുവച്ചു. 
ഫ്രാന്‍സിസ് സഭയിലെ ഏകാധിപത്യത്തിന്‍റെയും സമഗ്രാധിപത്യത്തിന്‍റെയും മറുപുറത്ത് ജീവിച്ചു. അധികാരം ആസ്വദിച്ച പൗരോഹിത്യം മതപരമായ അധികാരമത്രയും അവരിലേക്ക് കേന്ദ്രീകരിച്ചു. അധികാരകേന്ദ്രീകരണത്തിന് അവര്‍ ചരിത്രത്തില്‍ സാധൂകരണം കണ്ടെത്തി, പ്രത്യയശാസ്ത്രഭാഷ്യം ചമച്ചു. രാഷ്ട്രീയദൈവശാസ്ത്രത്തിന്‍റെ സഹായത്താല്‍ നിലനിന്ന ഈജിപ്തിലെയും മധ്യപൂര്‍വ്വേഷ്യയിലെയും സാമ്രാജ്യങ്ങള്‍ സഭയ്ക്ക് മാതൃകയായി. ഏകാധിപതിയായ രാജാവ് പിതാവായ ഏകദൈവത്തെ പ്രതിനിധീകരിക്കുന്നു. രാജാവാണ് ജനങ്ങളുടെ പിതാവ.് മറ്റെല്ലാവരും മക്കള്‍. അധികാരം താഴേയ്ക്ക് ശ്രേണീബദ്ധമായി വിന്യസിച്ചിരിക്കുന്നു. മക്കള്‍ തമ്മില്‍ പക്ഷേ ഊഷ്മളമായ ബന്ധം വികസിക്കുന്നില്ല. അവര്‍ തമ്മില്‍ സാഹോദര്യത്തിനും സാഹചര്യമില്ല. ഏക ബന്ധം അപ്പനും മക്കളുമായി മാത്രം. അങ്ങനെ അധികാരം ഒരാളില്‍ മാത്രം കേന്ദ്രീകരിക്കുന്ന ഏകാധിപത്യം രൂപംകൊള്ളുന്നു. സഭ ഈ രാഷ്ട്രീയ ഏകാധിപത്യമാതൃകയില്‍ വേരൂന്നിനിന്നു. അധികാരകേന്ദ്രീകൃതവും അസമവുമായ സമൂഹമായി സഭ. ഫ്രാന്‍സിസ് പക്ഷേ വിശ്വാസത്തിന്‍റെ വ്യത്യസ്തമായ തലത്തില്‍ ജീവിച്ചു. പുതിയ നിയമത്തിന്‍റെ അധികാരസ്രോതസില്‍ നിന്ന് അവന്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ടു. ദരിദ്രനും നിസ്വനുമായിരുന്നതിനാല്‍ അവന്‍ ആരുടെമേലും ആധിപത്യത്തിന് ശ്രമിച്ചില്ല. പകരം എല്ലാവരെയും സേവിച്ചു. സര്‍വ്വചരാചരങ്ങള്‍ക്കിടയിലും സാഹോദര്യം സാധ്യമാക്കാമെന്ന് തെളിയിച്ചു. പിതാവായ ദൈവത്തിന് ഏകപുത്രന്‍, പിതാവിന്‍റെ പ്രതിനിധി. ഈ പുത്രന്‍ മനുഷ്യനായി. മനുഷ്യര്‍ക്കിടയില്‍ വസിച്ചു. അവന്‍ ദൈവത്തിന്‍റെ ദത്തുപുത്രരുടെ ജ്യേഷ്ഠനായി. സഹോദരര്‍ക്കിടയിലെ ജ്യേഷ്ഠസഹോദരനായി. ജ്യേഷ്ഠസഹോദരനായ ക്രിസ്തുവാണ് ഫ്രാന്‍സിസിന്‍റെ ജീവിതമാതൃക. അങ്ങനെ അവന്‍ എല്ലാ മനുഷ്യരെയും ഏകോദരസഹോദരങ്ങളാക്കുന്ന പൊക്കിള്‍ക്കൊടിബന്ധം കണ്ടെത്തി. സാഹോദര്യവും ആഗോളസൗഹൃദവും പുഷ്പിക്കുന്ന ആരാമമായി അവന്‍ സഭയെ പുനര്‍നിര്‍വചിച്ചു. അവിടെ അധികാരം ആരുടെയും കുത്തകയല്ല. "നമ്മുടെ ഇടയില്‍ ആരും തലവന്‍ എന്ന് സ്വയം അവകാശപ്പെടാതിരിക്കട്ടെ. എല്ലാവരും പരസ്പരം എളിയസഹോദരര്‍ എന്നു വിളിക്കട്ടെ. പരസ്പരം പാദങ്ങള്‍ കഴുകട്ടെ" എന്ന് അവന്‍ ആഹ്വാനം ചെയ്തു. സഹോദരങ്ങള്‍ക്കിടയില്‍ അധികാരം എന്ന തത്വത്തെ അവന്‍ നിരാകരിക്കുന്നു. പരസ്പരം സേവിക്കുന്ന സമന്മാരായ സഹോദരര്‍ എന്ന തത്വത്തെ പകരം പ്രതിഷ്ഠിക്കുന്നു. അങ്ങനെ പഴയനിയമത്തില്‍ അധിഷ്ഠിതമായ ഏകാധിപത്യ-ഏകമത സംസ്കാരത്തില്‍ നിന്നും പൗരാണിക സാമ്രാജ്യത്വത്തിന്‍റെ രാഷ്ട്രീയദൈവശാസ്ത്രത്തില്‍നിന്നും യേശുവിന്‍റെ പുതിയനിയമത്തിന്‍റെ അനുഭവമണ്ഡലത്തിലേക്ക് സഭയെ അവന്‍ പറിച്ചുനട്ടു. 
അങ്ങനെ അധികാരത്തിന്‍റെ, സമ്പത്തിന്‍റെ, പാണ്ഡിത്യത്തിന്‍റെ, പൗരോഹിത്യത്തിന്‍റെ, നിയമത്തിന്‍റെ മറുപുറത്ത് ഫ്രാന്‍സിസ് സുവിശേഷത്തിന്‍റെ വഴിയില്‍ ജീവിച്ചു. സുവിശേഷത്തിന്‍റെ വേറിട്ട വഴിയില്‍. അത് പ്രതിലോമകരമോ നശീകരണാത്മകമോ അല്ലെന്ന് സഭ തിരിച്ചറിഞ്ഞു. സഭ ഫ്രാന്‍സിസ്കന്‍ സുവിശേഷ മുന്നേറ്റത്തെ സ്വീകരിച്ചു. അത് സഭയെ പുതുക്കിപ്പണിതു.

You can share this post!

ശുശ്രൂഷിക്കുന്നവരും ശുശ്രൂഷിക്കപ്പെടുന്നവരും

ടോം മാത്യു
അടുത്ത രചന

വിശ്വസാഹോദര്യത്തിന്‍റെ അന്യാദൃശമായ ഒരു മാനം

ചെറിയാന്‍ പാലൂക്കുന്നേല്‍
Related Posts