news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

" But as Francis did not love humanity but men, so he love christianity but Christ " - 

G. K Chesterton

ഒക്ടോബറിന്‍റെ വസന്തവും നഷ്ടവും ഒരുപോലെ പേറുന്ന നിറംപിടിപ്പിച്ച കഥയാണ് ഫ്രാന്‍സിസ്. കഥകള്‍ക്ക് ചിലപ്പോള്‍ യാഥാര്‍ത്ഥ്യത്തെക്കാള്‍ സത്യം ഉണ്ടാവാറുണ്ട്. ഒരുവേള കഥകള്‍തന്നെയാണ് ചരിത്രത്തിന്‍റെ സത്യത്തെയും മിഥ്യയെയും ഇഴതിരിച്ചെടുക്കുന്നത്. കഥകള്‍ ഇല്ലാതായാല്‍ ചരിത്രം നിശ്ചലമാകും. 2011 ജൂണ്‍ 27 ന് പരിചയപ്പെട്ട ഒരു ഫ്രാന്‍സിസ് അസ്സീസിയുണ്ട്. ഫ്രാന്‍സിസ് അസ്സീസി എന്ന് സ്വയം സ്വീകരിച്ച മാമ്മോദീസാ പേരിന് ഉടമയായവന്‍, തകര്‍ന്ന കുടുംബബന്ധങ്ങളുടെ ഇടയില്‍ നിന്ന് വികാരിയച്ചന്‍ പത്താം വയസ്സില്‍ മാമ്മോദീസ നല്കാന്‍ തുനിഞ്ഞപ്പോള്‍ ടിയാന്‍ തന്നെ തിരഞ്ഞെടുത്ത പേര്. കഴിഞ്ഞ ദിവസം(സെപ്റ്റംബര്‍ 20) മുപ്പത്തിമൂന്നാം വയസ്സില്‍ മരിക്കുന്നതുവരെ കേരളത്തില്‍ എത്ര ബാറുകളും ധ്യാനകേന്ദ്രങ്ങളും ഉണ്ടെന്ന് കൃത്യമായി അറിയാവുന്നവന്‍. ഒരു Acute Personality Disorder ഉടമയായവന്‍റെ പുരാണം വെറും സമയം കൊല്ലിയാണെന്നറിയുമ്പോഴും പരിചയപ്പെട്ട അന്നുമുതല്‍ എന്നും ഒരു ചോദ്യമായവന്‍, വ്യവസ്ഥാപിതരീതികള്‍ പിന്‍തുടരുന്ന എന്‍റെ 'നവലിബറല്‍ കപടസ്വത്വങ്ങളിലേക്ക്' നിരന്തരം അസ്വസ്ഥതയുടെ കൂരമ്പുകള്‍ അയയ്ക്കുന്നു എന്നതാണ് സത്യം.

അസ്സീസിയിലെ വി. ഫ്രാന്‍സിസിനെ വീണ്ടും വീണ്ടും ഓര്‍ത്തെടുക്കുമ്പോഴും അവന്‍റെ കഥകളും യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന ഭാവനകളും നിറങ്ങളും ഒക്കെചേര്‍ന്ന് തുന്നുന്ന കുപ്പായങ്ങളും നിരന്തരം ഓര്‍മ്മപ്പെടുത്തുന്നതും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതും സമൂഹത്തിന്‍റെയും സഭയുടെയും പുനര്‍നിര്‍മ്മാണത്തിലേക്കു തന്നെ. തകര്‍ന്നു കൊണ്ടിരുന്ന ഒരു സഭയെ ഒരു കുറിയ മനുഷ്യന് ഉയര്‍ത്താന്‍ ആയെങ്കില്‍ അതവന്‍റെ വഴികളുടെ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, പ്രകാശത്തിന്‍റെ അങ്കി അവന്‍റെ നിലപാടുകളുടെമേല്‍ ഉണ്ടായിരുന്നു എന്നതിലാണ്. ആ പ്രകാശത്തിന്‍റെ അങ്കി ഞാന്‍ അണിയുന്നുണ്ടോ എന്നതാണ് പരമപ്രധാനം. സന്യാസത്തിന്‍റെ തീവ്രപരിശീലനകാലഘട്ടമായ നൊവീഷ്യേറ്റ് കാലഘട്ടത്തില്‍ ഞങ്ങളുടെ സന്ന്യാസഗുരു നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു വാചകമുണ്ട്: "അസ്സീസിയിലെ വി. ഫ്രാന്‍സിസിനോടുള്ള എന്‍റെ എല്ലാ സ്നേഹവും ആദരവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞാന്‍ പറയട്ടെ, എന്‍റെ പ്രിയ സഹോദരങ്ങളേ നാം ഇവിടെ ആയിരിക്കുക ഫ്രാന്‍സിസിനെ അനുഗമിക്കാനല്ല, ക്രിസ്തുവിനെ അനുഗമിക്കാനാണ്." അതെ, ഫ്രാന്‍സിസ് വഴിയിലെ ചോദ്യചിഹ്നവും ചൂണ്ടുപലകയും മാത്രമാണ്.

പ്രളയാനന്തരം ദൈവം, ജൈവം, മനുഷ്യന്‍ എന്ന് ആരൊക്കെ വിചിന്തനം ചെയ്തപ്പോഴും ഇതേ ചൂണ്ടുപലകയുടെ സാധ്യതകള്‍ ഏതൊക്കെ രീതിയില്‍ എവിടെയൊക്കെയുണ്ടെന്നു തിരയുമ്പോഴും മറഞ്ഞിരിക്കുന്ന പ്രകാശം മറനീക്കി പുറത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്.

ഇന്ന് കത്തോലിക്കാ സഭ കടന്നുപോകുന്ന  വേദനകളുടെയും അനീതികളുടെയും ആഘാതത്തെ കുറയ്ക്കാനും ഇല്ലാതാക്കാനും ഒരു നവീകരണം കൂടിയേ തീരൂ. ആ നവീകരണത്തിന് നവജീവന്‍ തുടിക്കണമെങ്കില്‍ അസ്സീസിയിലെ ഈ കുറിയ മനുഷ്യന്‍റെ ചോദ്യങ്ങളെ നേരിടേണ്ടിവരും. അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും മടിത്തട്ടില്‍നിന്ന് ഓരം ചേര്‍ന്നവന്‍റെ / ചേര്‍ന്നവളുടെ സ്വരങ്ങള്‍ക്ക് ഇനി പ്രാധാന്യം ഉണ്ടായേ തീരു. അല്ലെങ്കില്‍ ആഗോളവത്കരണത്തിന്‍റെ മൊത്തക്കച്ചവടക്കാരുടെ അമിത പ്രായോഗികതയില്‍ ഇടം തേടി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടേക്കാം. ചിരപരിചയം കൊണ്ട് സംഭവിക്കാവുന്ന മണ്ടത്തരങ്ങള്‍, നീതിവത്കരിക്കപ്പെട്ടുപോകുന്ന അനീതികള്‍ നിരവധിയാണ്. ഇവിടെ ഇവ തിരിച്ചറിഞ്ഞ് തിരികെ നടക്കണമെങ്കില്‍ കര്‍ണ്ണപുടങ്ങളില്‍ പതിയേണ്ട സ്വരം പുറന്തള്ളപ്പെട്ടവന്‍റെയും അനാഥരുടെയും ദരിദ്രരുടെയും കഥകള്‍ മാത്രമാണ്. വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ അതിപ്രായോഗികതകൊണ്ട് ബുദ്ധിയുടെയും വികസനത്തിന്‍റെയും പേരില്‍ നടത്തുന്ന പല മാമാങ്കങ്ങളും വ്യര്‍ത്ഥമാണെന്ന് അപ്പോള്‍ നാം തിരിച്ചറിയും.

 

സഭാസംവിധാനങ്ങളുടെ പോരായ്മകളെ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് അതിനെ അപഹസിക്കാനല്ല, അതിലുപരി സഭയുടെ അന്തസ്സത്ത വീണ്ടെടുത്ത് ക്രിസ്തുവിന്‍റെ മണവാട്ടിതന്നെയായി നിലനിര്‍ത്താനാണെന്നത് കാലം തെളിയിക്കട്ടെ! 

 

മാധ്യമങ്ങളുടെ പടയോട്ടങ്ങള്‍ക്കിടയില്‍ കടപുഴകി നില്‍ക്കുമ്പോഴും നിരന്തരം പ്രതിരോധത്തിന്‍റെ കോട്ടതീര്‍ക്കാനായുന്നവരും ഫ്രാന്‍സിസിലേക്ക് തിരികെ പോയിരുന്നെങ്കിലെന്നാഗ്രഹിക്കുന്നു. ഇവിടെ 'വേട്ടക്കാരനും' ഇരയും ആരെന്ന വിധി കല്പിക്കലല്ല മറിച്ച്, വ്യക്തമായ കാഴ്ചയാണ് പ്രധാനം. ഈ കാഴ്ചകള്‍ക്കു മാത്രമേ ഒരുവനെ/ ഒരുവളെ നിലപാടുകളിലേക്കെത്തിക്കാന്‍ പറ്റുകയുള്ളൂ. ഈ കാഴ്ചകളിലേക്കു നയിക്കാന്‍ ചില കഥകള്‍ക്കു പറ്റും. അപ്രകാരം ഒരു കഥയാണ് ഫ്രാന്‍സിസ്. സത്യവും നീതിയും തിരിച്ചറിയുന്നതുവരെ കഥകള്‍ക്കാണ് നയിക്കാന്‍ പറ്റുക. ആ കഥകളെ ഇഴതിരിച്ചെടുക്കാനുള്ള പ്രകാശം 'ക്രിസ്തു'വാണ്. ഈ ക്രിസ്തു നിരന്തരം നിങ്ങളെ ശല്യം ചെയ്യട്ടെ.

ഈ ലക്കം അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ തിരുനാളിനൊപ്പം, നിലപാടുകളുടെ സങ്കീര്‍ണതകളെയും വേദനകളെയും 'അസ്സീസി' മാസിക ചര്‍ച്ചചെയ്യുകയാണ്. ശരിതെറ്റുകളുടെ വിവേചനത്തെക്കാളുപരി നിലപാടുകളുടെ കെട്ടുറപ്പിന് നവമാധ്യമങ്ങളുടെ വിഴുപ്പലക്കലുകള്‍ക്കും ചാനല്‍ മാധ്യമങ്ങളുടെ  'ഹിഡന്‍അജണ്ടകള്‍ക്കും' ഉപരി കാര്യങ്ങളെ അതിന്‍റെ സമഗ്രതയിലും അടിസ്ഥാനത്തിലും മനസ്സിലാക്കേണ്ടതുണ്ട്.

സഭാസംവിധാനങ്ങളുടെ പോരായ്മകളെ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് അതിനെ അപഹസിക്കാനല്ല, അതിലുപരി സഭയുടെ അന്തസ്സത്ത വീണ്ടെടുത്ത് ക്രിസ്തുവിന്‍റെ മണവാട്ടിതന്നെയായി നിലനിര്‍ത്താനാണെന്നത് കാലം തെളിയിക്കട്ടെ! കഥകള്‍ക്ക് ചരിത്രത്തെ ചലിപ്പിക്കാനാകും. കണ്ടുമുട്ടുന്ന കഥകള്‍ നിരന്തരം ചോദ്യചിഹ്നങ്ങളാകട്ടെ. അസ്സീസിയിലെ ഫ്രാന്‍സിസിനെപ്പോലെ... അവിടെ മാത്രമാണ് പുനര്‍നിര്‍മ്മാണത്തിന്‍റെ സാധ്യതകള്‍ വാതില്‍ തുറക്കുക. 

You can share this post!

അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts