news-details
കവർ സ്റ്റോറി

അടുക്കളകള്‍ നിയന്ത്രിക്കപ്പെടുമ്പോള്‍...

അധിനിവേശം രുചിക്കൂട്ടുകളിലൂടെ

ഏററവും അടിസ്ഥാനമായ കാര്യം രുചികരമായ പലതും ആരോഗ്യത്തിന് ഹാനികരമാണ്. ആരോഗ്യത്തിന് ഗുണകരമായതു പലതും അരുചികരമാണ്. ഇതൊരു വൈരുദ്ധ്യമാണ്. മറ്റൊന്ന് നമ്മുടെ രുചി നമ്മുടെ മനസ്സിന്‍റെ, ശരീരത്തിന്‍റെ, അന്തരീക്ഷത്തിന്‍റെ ഒരു ആകെത്തുകയില്‍ അനുഭവപ്പെടുന്ന ഒരാസ്വാദനമാണ്. അനുഭൂതിയാണ്. പക്ഷേ നമ്മുടെ ശരീരവും നമ്മുടെ മനസ്സും നമ്മുടെ പരിസരവും തമ്മിലുള്ള പൊരുത്തത്തില്‍ പരിക്കുകള്‍ സംഭവിച്ചതുകൊണ്ടാകാം രുചി എന്നത് വേറിട്ടുനില്‍ക്കുന്ന ഒന്നാകുന്നത്. നമ്മുടെ ജീവിതത്തിന്‍റെ ഭ്രമണപദത്തില്‍ നിന്നു തന്നെ തെറിച്ചുപോയിട്ടുള്ള ഒരു അവസ്ഥയിലേക്കു രുചി മാറുന്നു. ഉദാഹരണമായിട്ട് നാം കഴിക്കുന്ന പല ഭക്ഷണങ്ങളും നമുക്ക് എത്രത്തോളം ആഹ്ലാദവും സ്വസ്ഥതയും സാന്ത്വനവും ഊര്‍ജ്ജവും നല്കുന്നുണ്ട്? ഭക്ഷണം ശരിക്കും നമ്മുടെ സുഹൃത്തും ബന്ധുവും ഒക്കെയായിട്ടാണ് നില്‍ക്കേണ്ടത്. അതിനുപകരം ഭക്ഷണം തന്നെ ചില അവസരങ്ങളില്‍ ഒരു തരം ശത്രുത സ്വീകരിക്കുന്ന അവസ്ഥ വരുന്നു. ഞാന്‍ സൂചിപ്പിക്കുന്നത് പ്രകൃതിയുമായി മനുഷ്യന്‍ വളരെയേറെ പൊരുത്തപ്പെട്ടു കഴിഞ്ഞ ഒരു കാലത്തെ രുചിബോധമാണ്. കടമ്മനിട്ടയുടെ 'കിരാതവൃത്തം' എന്ന കവിതയില്‍ കാട്ടാളനെക്കുറിച്ച് പറയുമ്പോള്‍,  "മുളനാഴിയില്‍ നിറച്ച പഴഞ്ചാറു മോന്തി, ലഹരിപിടിച്ച് മാഞ്ചോട്ടില്‍ തളര്‍ന്നുനിന്ന് തലയാട്ടി ഞാനിവിടെ' എന്നുണ്ട്. മുളനാഴി നിറച്ച പഴഞ്ചാറും നമ്മുടെ ഇന്നത്തെ ഫ്രൂട്ടിപോലെയുള്ള, പായ്ക്കറ്റിലൊക്കെവരുന്നതും തമ്മില്‍ അടുപ്പത്തേക്കാളേറെ അകല്‍ച്ചയാണുള്ളത്. നമുക്കൊരിക്കലും പ്ലാസ്റ്റിക്കു മാറ്റിയിട്ട് അല്ലെങ്കില്‍ ഇന്നത്തെ ആധുനിക പായ്ക്കറ്റിംഗ് മാറ്റിയിട്ട് മുളനാഴി നീരു കുടിക്കുവാന്‍ പ്രയാസമായിരിക്കും. അതിന്‍റെ ആവശ്യവും ഉണ്ടാകാറില്ല. പക്ഷേ മുളനാഴിയില്‍ നിറച്ച പഴഞ്ചാറ് ലഹരിപിടിപ്പിക്കുന്ന ഒരു തരം രുചിയായി ഒരു കാലത്ത് മനുഷ്യന്‍ അനുഭവിച്ചെങ്കില്‍ അന്നത്തേക്കാള്‍ എത്രയോ സൗകര്യങ്ങളൊക്കെ വര്‍ദ്ധിച്ച ഇന്ന് അതിനേക്കാള്‍ കൂടുതല്‍ രുചികരവും സൗഹൃദപരവുമായ ഒരവസ്ഥയിലേക്കാണ് നമ്മള്‍ വളരേണ്ടിയിരിക്കുന്നത്. അതിനുപകരം എവിടെയോ  എന്തൊക്കെയോ ചോര്‍ന്നുപോകുന്നു. അതു മൗലികമായിട്ടും വാണിജ്യതലത്തിന്‍റെയും വിപണിയുടെ തലത്തിന്‍റെയും ഭാഗമായിട്ടാണ്. അതുകൊണ്ട് ഇന്നത്തെ നമ്മുടെ രുചിബോധം, നമ്മുടെ തന്നെ രുചിബോധം ആണോ നമുക്കുമേല്‍ അടിച്ചേല്പിക്കപ്പെട്ട രുചിബോധമാണോ എന്നത് വളരെ സങ്കീര്‍ണമായ ഒരു പ്രശ്നമാണ്. പലതരത്തിലുള്ള പരസ്യങ്ങളിലൂടെ മോഹിപ്പിക്കുന്ന വര്‍ണങ്ങളിലൂടെ, കൊതിപ്പിക്കുന്ന ഗന്ധങ്ങളിലൂടെ നമ്മുടെ ഇന്ദ്രീയലോകത്ത് ഇടിച്ചുകയറാനുള്ള ഒരു ശക്തി ഇന്ന് വസ്തുക്കള്‍ക്കുണ്ടാകുന്നു. ഞാന്‍ സൂചിപ്പിക്കുന്നത് രുചിയും നമ്മുടെ ജീവിതവും അല്ലെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നിന്നുതന്നെ രൂപം കൊണ്ട രുചിയും ആ രുചിയെ അനുഭവിക്കുകയും അനുകരിക്കുകയും ചെയ്യുന്ന ജീവിതവും തമ്മിലുള്ള ആത്മബന്ധം എവിടെയോവച്ച് തകര്‍ക്കപ്പെട്ടുകഴിഞ്ഞു. ആ ഒരു പശ്ചാത്തലത്തിലാണ് രുചികരമായത് ആരോഗ്യത്തിന് ഹാനികരമാകുന്നതും ആരോഗ്യത്തിന് ഹാനികരമായതു പലതും അരുചികരമാകുന്നതും. 

 

നമ്മുടെ രുചി നമ്മുടെ മനസ്സിന്‍റെ, ശരീരത്തിന്‍റെ, അന്തരീക്ഷത്തിന്‍റെ ഒരു ആകെത്തുകയില്‍ അനുഭവപ്പെടുന്ന ഒരാസ്വാദനമാണ്. അനുഭൂതിയാണ്. പക്ഷേ നമ്മുടെ ശരീരവും നമ്മുടെ മനസ്സും നമ്മുടെ പരിസരവും തമ്മിലുള്ള പൊരുത്തത്തില്‍ പരിക്കുകള്‍ സംഭവിച്ചതുകൊണ്ടാകാം രുചി എന്നത് വേറിട്ടുനില്‍ക്കുന്ന ഒന്നാകുന്നത്. നമ്മുടെ ജീവിതത്തിന്‍റെ ഭ്രമണപദത്തില്‍ നിന്നു തന്നെ തെറിച്ചുപോയിട്ടുള്ള ഒരു അവസ്ഥയിലേക്കു രുചി മാറുന്നു.

 

നമ്മുടെ മുന്‍പില്‍ രണ്ട് പ്രശ്നങ്ങളാണുള്ളത്.   ഒന്ന് നമ്മുടെ യഥാര്‍ത്ഥ രുചി ഇന്ന് നിരന്തരം വിഘടിച്ചുകൊണ്ടിരിക്കുന്ന ഒന്നിനെ കൃത്യമായ നിശ്ചലതയില്‍ വച്ച് നിര്‍വചിക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ട് രുചിയില്‍ വരുന്ന മാറ്റം ജീവിതത്തില്‍ വരുന്ന മാറ്റമായി തന്നെ നമ്മള്‍ പരിഗണിക്കണം. ആദ്യകാലത്ത് വളരെ പ്രകടമായിരുന്ന രണ്ടുമൂന്നുതരം ഭക്ഷണം കഴിക്കുമ്പോള്‍ നമുക്ക് ഓരോന്നിനെയും വേര്‍തിരിച്ചറിയാന്‍ കഴിയുന്നത്ര എളുപ്പമല്ല നിരവധി തരത്തിലുള്ള വൈവിധ്യങ്ങളിലൂടെ കടന്നുപോകുന്ന ഇന്ന്. അതായത് നമ്മുടെ രസനേന്ദ്രിയത്തിന്‍റെ കഴിവ് എന്നുപറയുന്നത്, ആ അര്‍ത്ഥത്തില്‍ വികസിക്കുന്നുണ്ടോ എന്നതും പഠിക്കേണ്ടതാണ്. അങ്ങനെ നോക്കുമ്പോള്‍ ജീവിതത്തിന്‍റെ മറ്റെല്ലാ മണ്ഡലത്തില്‍നിന്നെന്നപോലെ രുചിബോധത്തിന്‍റെ മണ്ഡലത്തിലും വാണിജ്യത്തിന്‍റെ, വിപണിയുടെ രുചിയാണ് ആധിപത്യം സ്ഥാപിക്കുന്നത്. ആ അര്‍ത്ഥത്തില്‍ ഒരു തരത്തിലുള്ള അധിനിവേശം നമ്മുടെ ശരീരത്തിലും മസ്തിഷ്കത്തിലും എല്ലാം സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്.

ഒരു ഭക്ഷണം നമ്മള്‍ പങ്കുവയ്ക്കുന്നത്, നമ്മള്‍ അത് അനുഭവിക്കുന്നത് ആ ഭക്ഷണപദാര്‍ത്ഥവും നമ്മളും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തിലൂടെയല്ല. സാധാരണഗതിയില്‍ നമ്മള്‍ കരുതുന്നത് നമ്മളൊരു പഴം കഴിക്കുമ്പോള്‍ ആ പഴവും നമ്മുടെ നാവും തമ്മിലുള്ള ഒരു ബന്ധത്തിലൂടെ രൂപപ്പെടുന്ന രുചിയെക്കുറിച്ചാണ്. അതു പ്രധാനമാണ്. പക്ഷേ രുചിയിലും ചരിത്രവും തത്വചിന്തയും പ്രത്യയശാസ്ത്രവും കലയും സാഹിത്യവും പരസ്യവും എല്ലാം നോക്കേണ്ടതുണ്ട്

അതുകൊണ്ട് രുചി എന്നുപറയുന്നത് ഭക്ഷണവും ഭക്ഷിക്കുന്ന വ്യക്തിയും തമ്മിലുള്ള ഒരു സ്വകാര്യബന്ധത്തിന്‍റെ ഒരു പ്രശ്നമല്ല. മറിച്ചത് ചരിത്രപ്രശ്നം തന്നെയാണ്. ആ ഒരു പശ്ചാത്തലത്തിലാണ് വിവിധതരം ഇടപഴകലുകളെക്കുറിച്ചുള്ള അറിവുകള്‍ നമുക്ക് അനിവാര്യമാകുന്നത്.

രണ്ട്, നമ്മുടെ അടുക്കളയെക്കുറിച്ചുള്ള ആലോചനയില്‍ ഇതിന്‍റെയൊക്കെ ആവര്‍ത്തനമാണ്. കാരണം അടുക്കളതന്നെ നമ്മുടെ പാചകത്തിലെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയുമൊക്കെ പരിമിതപ്പെടുത്തിയ ഒരു അധികാരസ്ഥാപനമായിട്ടാണ് ഇക്കാലത്ത് രൂപപ്പെടുന്നത്. ആദ്യഘട്ടത്തിലെ മനുഷ്യനെ സംബന്ധിച്ചിടത്തോളം വെപ്പ് എന്നു പറയുന്നത് അവരുടെ ജീവിതത്തിന്‍റെ പ്രാഥമികമായ ഒരാവശ്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടി അവരൊന്നിച്ചു നടത്തിയിട്ടുള്ള ഒരു പ്രവര്‍ത്തനമായിരുന്നു. പക്ഷേ പിന്നീട് വെപ്പ് എന്നത് വ്യവസ്ഥാപിതമാകുകയും അതൊരു സ്ഥാപനമാകുകയും ആ സ്ഥാപനം സ്വയം തന്നെ ചില അധികാരങ്ങള്‍ രൂപപ്പെടുത്തുകയും ആ അധികാരം നിലനില്‍ക്കുകയും അടിമപ്പെടുത്തുകയും മനുഷ്യര്‍ക്ക് ആ അടിമ അവസ്ഥ ആസ്വാദ്യകരമാക്കുന്ന തരത്തിലുള്ള ആഗ്രഹങ്ങളും   അതുപോലെ തന്നെ കൃത്രിമ അനുഭവങ്ങളുമൊക്കെ ഉല്പാദിപ്പിക്കപ്പെടുകയും അങ്ങനെ, ലളിതമെന്നു തോന്നുമെങ്കിലും അതിസങ്കീര്‍ണമായ  സ്ഥാപനമായി ഈ അടുക്കള രൂപാന്തരപ്പെടുന്നു.  പിന്നീട് ആധുനിക ജനാധിപത്യ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ ഇതൊരു വെപ്പുസ്ഥലം എന്ന അര്‍ത്ഥത്തിലല്ല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മറിച്ച് മാനവികതയെ അടച്ചിടുന്ന ഒരു പ്രസ്ഥാനമാണ്. ആ അര്‍ത്ഥത്തിലാണ് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന മുദ്രാവാക്യങ്ങളൊക്കെ ഉണ്ടാകുന്നത്. പക്ഷേ അരങ്ങിലേക്ക് എത്തിയ ഒരു ജനതയെ വിപണി വിഴുങ്ങുന്ന, അങ്ങാടി അവരെ സ്വന്തം അടിമകളാക്കി തീര്‍ക്കുന്ന വേറൊരു തലത്തിലുള്ള പ്രവര്‍ത്തനത്തിലേക്കാണ് നാമെത്തുന്നത്. അതായത് അടുക്കളയില്‍ വെപ്പുപാത്രത്തിന്‍റെ മുന്‍പിലും അതുപോലെ അതിന്‍റെ പരിമിതലോകത്തും ജീവിതത്തിന്‍റെ മുഴുവന്‍ സമയവും ഏറെക്കുറെ കഴിച്ചുകൂട്ടിയവര്‍ പിന്നീട് ഷോപ്പിംഗ് കോംപ്ലക്സിലെ വിസ്മയിപ്പിക്കുന്ന കാഴ്ചയിലേക്ക് എത്തുന്നു. ഇതിനിടയില്‍  ചോര്‍ന്നുപോകുന്നത് ബന്ധങ്ങളുടെ ലോകം തന്നെയാണ്. വെപ്പനുഭവവും രുചിയനുഭവും വളരെ അനിവാര്യമായ ജൈവാവശ്യത്തിന്‍റെ ഒരു ഭാഗമായിരുന്നു. മുന്‍പൊക്കെ നമ്മള്‍ മാര്‍ക്കറ്റിലേക്കു പോകുന്നത് അനിവാര്യമാണെങ്കില്‍ മാത്രം ചെയ്യുന്ന പ്രവൃത്തിയായിരുന്നു. ഞങ്ങളെല്ലാം കുട്ടികളായിരുന്ന കാലത്ത് നിരവധി പ്രലോഭനങ്ങള്‍ നല്കിയാലാണ് ഞങ്ങള്‍ പീടികയിലേക്ക് പോകുക. പക്ഷേ അങ്ങനെ പീടികയിലേക്കു പോകുമ്പോഴും വീട്ടിലൊരു ചര്‍ച്ച നടക്കും. ഏററവും മിനിമം സാധനങ്ങള്‍ എങ്ങനെ വാങ്ങാമെന്നതിനെക്കുറിച്ച്. പീടികയിലെത്തിയാലും ആ ചര്‍ച്ച നടക്കും. വിലയൊക്കെ ചോദിച്ച്... പണ്ട് ഒരാള്‍ മാര്‍ക്കറ്റിലേക്ക് പോകാന്‍ തന്നെ നല്ല പ്രോത്സാഹനം ആവശ്യമായിരുന്നു; ഇപ്പോള്‍ കുടുംബം ഒന്നിച്ചാണ്. രാവിലെ പോയിട്ട് വൈകുന്നേരം തിരിച്ചുവരുന്നതിനെക്കുറിച്ചാണ് ചര്‍ച്ച. മാത്രമല്ല മുമ്പൊക്കെ വാങ്ങേണ്ട സാധനങ്ങളുടെ ഒരു ചീട്ട് ഉണ്ടാകും. എന്നിട്ട് പൈസ ചോദിച്ച് ചിലതു വെട്ടും. ഇപ്പോള്‍ വെട്ടും തിരുത്തുമില്ല. കടയിലെത്തുമ്പോള്‍ ചെറിയ കുട്ടികള്‍ക്ക് ചെറിയ കുട്ട, വലിയവര്‍ക്ക് ട്രോളി. ചിലയിടത്തെത്തുമ്പോള്‍ ഒന്നെടുത്താല്‍ രണ്ടെന്നു കാണുന്നു. നമുക്ക് ആദ്യത്തെ ഒന്നുതന്നെ ആവശ്യമില്ല. പക്ഷേ നമ്മള്‍ രണ്ടും എടുക്കും. പിന്നെ കുറച്ചു നടക്കുമ്പോള്‍ ഓഫറുണ്ടാകും. അല്ലെങ്കില്‍ കൂപ്പണുണ്ടാകും. അപ്പോള്‍ നമ്മളതൊന്നു പരീക്ഷിക്കും. ഇങ്ങനെ വിപണി നമ്മള്‍ മൊത്തമായി വിഴുങ്ങുകയാണ്. അപ്പോള്‍ വെപ്പ്, കുടി, തീന്‍, വാങ്ങല്‍ ഉള്‍പ്പെടെയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍, നമ്മളെത്തന്നെ പരിമിതപ്പെടുത്തുന്ന ഒന്നായിട്ട് മാറും. പലരും ചോദിക്കുന്നത് പ്രതികരണങ്ങള്‍ എന്തുകൊണ്ട് കുറയുന്നു എന്നാണ്. പല കാരണങ്ങളുണ്ട്. പക്ഷേ ഒരു കാരണം ഉപഭോഗ സംസ്കാരത്തിന്‍റെ മേല്‍ക്കോയ്മയ്ക്കു മുന്‍പില്‍ മുട്ടുകുത്തേണ്ടി വന്ന മനുഷ്യരാണ്. അവര്‍ക്കു നിവര്‍ന്നു നില്ക്കാന്‍ സ്ഥലമില്ല. കാരണം അവരുടെ സ്വപ്നങ്ങളിലും ഭാവനകളിലുമൊക്കെ പിന്നെ കുടിയേറിപ്പാര്‍ക്കുന്നത് ഈ മോഹനകളാണ്. ഓരോ സ്ഥലത്തും പുതുതായി വരാന്‍ പോകുന്ന മോഹനകള്‍ അതു സ്വന്തമാക്കാനുള്ള വഴികള്‍ വച്ചിട്ടുണ്ടാവും. അപ്പോള്‍ അതാണ് പിന്നെ ഭാവനയിലും സ്വപ്നങ്ങളിലുമൊക്കെ വരുന്നത്. സ്വാഭാവികമായിട്ട് ഇത് മിക്കവാറും ഒറ്റയടിക്ക് സ്വന്തമാക്കാന്‍ പറ്റില്ല. അപ്പോള്‍ ഇന്‍സ്റ്റോള്‍മെന്‍റ് ഉണ്ടാകും. അപ്പോള്‍ ഇന്‍സ്റ്റോള്‍മെന്‍റില്‍ സ്വന്തമാക്കും. വൈലോപ്പിള്ളിയുടെ ഒരു കവിതയില്‍ പറയുന്നതുപോലെ 'റേഷന്‍ മനുഷ്യന്മാര്‍'. റേഷന്‍ മനുഷ്യരാണ് എല്ലാ സ്ഥലത്തും. എല്ലാം ഇന്‍സ്റ്റോള്‍മെന്‍റാണ്. വിപണിയുടെ ഈ നൈതികതയാണ് നമ്മുടെ തന്നെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്നത്. അപ്പോള്‍ സ്വാഭാവികമായിട്ട് നമുക്ക് നമ്മള്‍ക്കു പുറത്തേയ്ക്ക് കടക്കാന്‍ കഴിയുകയില്ല. അങ്ങനെ പുറത്തേയ്ക്ക് കടക്കാന്‍ പറ്റുന്നില്ലെങ്കില്‍ പ്രതികരണങ്ങള്‍ അനിവാര്യമായി പോകുന്നു. പഴയകാലത്ത് ഇത്തരമൊരു അപകടത്തെക്കുറിച്ചുള്ള ഭാവനാത്മകമായ നിര്‍മ്മിതിയാണ് നാര്‍സിസ്. കാരണം സ്വന്തം പ്രതിച്ഛായയില്‍ അഭിരമിച്ച് നാര്‍സിസ് തന്നെ മരിച്ചുവീഴുകയാണ്. എന്നാല്‍ ഇന്ന് നാര്‍സിസിന് പുനര്‍ജന്മം നല്കാന്‍ മരണമില്ലാത്ത നാര്‍സിസം എന്ന ആശയം ഇന്ന് നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നു. അന്ന് സ്വന്തം പ്രതിച്ഛായയില്‍ അഭിരമിച്ച്  മരിക്കുകയല്ലാതെ നിര്‍വ്വാഹമില്ല. എന്നാല്‍ ഇന്ന് പ്രതികരണരഹിതമായ ഒരു ജീവിതം തുടരാം. ആ അര്‍ത്ഥത്തില്‍ രുചിയുടെ ലോകത്ത് വലിയ അട്ടിമറികളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നു നമുക്കു കാണാന്‍ പറ്റും. 

അപരത്വനിര്‍മ്മിതിയുടെ തത്വശാസ്ത്രം

കൃത്രിമ വിപണിലോകം സൃഷ്ടിക്കുക എന്നത് അധിനിവേശത്തിന്‍റെ, ഫാസിസത്തിന്‍റെ, ജനാധിപത്യവിരുദ്ധതയുടെ ഒരു രീതിയാണ്. ഉദാഹരണമായിട്ട് പലവിധ നിറങ്ങളുണ്ട്. ഈ നിറങ്ങളെല്ലാം പരസ്പരം പൂരിപ്പിക്കുകയും പരസ്പരം ശോഭപകരുകയും  ഒക്കെ ചെയ്തുകൊണ്ടാണ് നിലനില്‍ക്കുന്നത്. പക്ഷേ പൊതുവേ നമ്മുടെ സമൂഹത്തില്‍ കറുപ്പുനിറം വിപരീതമായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. അതുപോലെതന്നെ അതിന്‍റെയൊരു തുടര്‍ച്ചയായിട്ടാണ് മറ്റെല്ലാ കാര്യങ്ങളും നിലനില്ക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കാവി, പച്ച ഇവ രണ്ടിനെയും നമ്മള്‍ വിപരീതങ്ങളായിട്ടാണ് കാണുന്നത്.  ഹിന്ദു - മുസ്ലിം വിപരീത ഐറ്റമാണ്. ഇന്ത്യ - പാക്കിസ്ഥാന്‍ വിപരീത ഐറ്റമാണ്. കാശി - മക്ക വിപരീത ഐറ്റമാണ്. സത്യത്തില്‍ വിപരീതങ്ങള്‍ കേവലമായ അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുവോ എന്ന് മൗലികമായ ആലോചിക്കുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. വൈരുദ്ധ്യങ്ങളുണ്ട്, വൈവിധ്യങ്ങളുണ്ട്. പക്ഷേ കേവല വിപരീതങ്ങള്‍ നമുക്കൊരിക്കലും കണ്ടെത്താന്‍ കഴിയുകയില്ല. സത്യം - അസത്യം, നീതി - അനീതി ഇതിന് വിപരീതമെന്നതിനേക്കാള്‍ വൈരുദ്ധ്യം എന്ന് വിളിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. കാരണം നീതിയും അനീതിയും സത്യവും അസത്യവും പൂര്‍ണമായിട്ട് പണിതീര്‍ന്ന ഉരുപ്പടികളല്ല. മാര്‍ക്സിന്‍റെ പ്രസിദ്ധമായ ഒരു പ്രയോഗമുണ്ട്. ഒരു ദ്രോഹിയുടെ ദുഷ്ടചിന്ത പോലും സ്വര്‍ഗത്തേക്കാള്‍ മഹത്താണ്. കാരണം അയാള്‍  എന്നെങ്കിലും ചിന്തിക്കുകയാണെങ്കില്‍ അയാള്‍ക്ക് തന്‍റെ ചിന്തയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വച്ച് തന്‍റെ ദ്രോഹത്തെ വിചാരണ ചെയ്യേണ്ടിവരുന്നു. ചിന്തിക്കുന്ന ഒരാള്‍ക്ക് തന്നെത്തന്നെ വിചാരണചെയ്യേണ്ടി വരുന്നു.  ചിന്തിക്കുന്ന ഒരാള്‍ ചിന്തയുടെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ ആത്മവിചാരത്തിലൂടെ കടന്നുപോകുകയാണ്. അതുകൊണ്ട് ഒന്നും ചിന്തിക്കാത്ത ഒരാള്‍ ഏറ്റവും വലിയ അപകടകാരിയാണ്. അതേസമയം ഏതെങ്കിലും തരത്തിലുള്ള ചിന്താപ്രക്രിയയിലൂടെ കടന്നുപോകുന്ന ഒരാള്‍ ആദ്യത്തെ ആളെ അപേക്ഷിച്ച് അത്ര അപകടകാരിയല്ല. 

 

ചിന്തിക്കുന്ന ഒരാള്‍ക്ക് തന്നെത്തന്നെ വിചാരണചെയ്യേണ്ടി വരുന്നു. ചിന്തിക്കുന്ന ഒരാള്‍ ചിന്തയുടെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ ആത്മവിചാരത്തിലൂടെ കടന്നുപോകുകയാണ്. അതുകൊണ്ട് ഒന്നും ചിന്തിക്കാത്ത ഒരാള്‍ ഏറ്റവും വലിയ അപകടകാരിയാണ്. അതേസമയം ഏതെങ്കിലും തരത്തിലുള്ള ചിന്താപ്രക്രിയയിലൂടെ കടന്നുപോകുന്ന ഒരാള്‍ ആദ്യത്തെ ആളെ അപേക്ഷിച്ച് അത്ര അപകടകാരിയല്ല. 

 

നമ്മുടെ ആദ്യകവി കാട്ടാളനായിരുന്നു. (കാട്ടാളന്‍ എന്നാല്‍ കാട്ടില്‍ ജനിച്ച ഒരാള്‍) പക്ഷേ ആ കാട്ടാളന്‍ കവിയാകുന്നതോടുകൂടി കാടിനും നാടിനും അപ്പുറത്തേയ്ക്ക് ഒരു കവിയായി. ആ അര്‍ത്ഥത്തില്‍ തന്‍റെ ജീവിതം പൂര്‍ത്തീകരിക്കാന്‍ വേണ്ടിയുള്ള ഒരു ചെറിയ പരിസരത്തിനു പകരം സര്‍വ്വമനുഷ്യര്‍ക്കും നിറഞ്ഞ് നൃത്തം ചെയ്യാന്‍ കഴിയുന്ന വിസ്തൃതമായ ഒരു ലോകത്തിലേക്ക് കവി എത്തുന്നു. രത്നാകരന്‍ ഒരു കൊള്ളക്കാരനായിരുന്ന കാലത്ത് ഒരു ചെറിയ ലോകത്ത് വ്യാപരിച്ചിരുന്നു. പക്ഷേ അതേ കൊള്ളക്കാരന്‍ തന്നെയാണ് വിസ്തൃതമായ ലോകത്തിലേക്കു നയിക്കുന്ന ഒരാളായിട്ട് മാറുന്നത്. കേവല വിപരീതമാണെങ്കില്‍ ഇത്തരമൊരു രൂപാന്തരീകരണം സാധ്യമല്ല. അതുകൊണ്ട് വൈരുദ്ധ്യവും വൈവിധ്യവുമാണ്. അല്ലാതെ കേവല വിപരീതമല്ല. ആപേക്ഷികമായി വിപരീതമെന്ന് വയ്ക്കാവുന്ന ഉരുപ്പടികള്‍ ജീവിതത്തിലുണ്ടാവും. പക്ഷേ അതിനെ ഒരിക്കലും രൂപാന്തരീകരണമില്ലാത്ത നീക്കുപോക്കില്ലാത്ത പൂര്‍ണമായും പണിതീര്‍ന്ന ഒന്നായിട്ട് പരിഗണിക്കാന്‍ പാടില്ല. 

ഫാസിസവ്യവസ്ഥിതിയുടെ പരികല്പന ശത്രു-മിത്രം എന്നതാണ് എബ്രാഹം ലിങ്കണ്‍ നാലാം ക്ലാസില്‍ പഠിക്കുന്ന തന്‍റെ മകനെ നന്നായി പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടീച്ചര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നതിങ്ങനെ - ഓരോ ശത്രുവിലും ഒരു മിത്രമുണ്ട് എന്ന് മാഷേ നിങ്ങള്‍ അവനെ പഠിപ്പിക്കണം. നല്ല കുട്ടിയല്ലേ അവന്‍. നിങ്ങള്‍ നന്നായി പഠിപ്പിച്ചാല്‍ അവനതു മനസ്സിലാകും. എന്നാല്‍ ഇത് പഠിപ്പിക്കാനത്ര എളുപ്പമല്ല എന്നും ആ കത്തില്‍ പറയുന്നുണ്ട്. ഈയൊരു രീതി നോക്കികഴിഞ്ഞാല്‍ ഇപ്പോള്‍ മാംസാഹാരം വിപരിതം പച്ചക്കറി. ഇങ്ങനെയൊക്കയുള്ള കൃത്രിമ വിപരീതം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് മനുഷ്യജീവിതത്തിലെ വൈരുദ്ധ്യങ്ങളെയും വൈവിധ്യങ്ങളെയും അഭിമുഖീകരിക്കാത്ത വിവേകരഹിതവും വിനയരഹിതവും ആയ ഒരു കാഴ്ചപ്പാടിന്‍റെ അനിവാര്യമായ ഭാഗമാണ്. 

ഭക്ഷണത്തിന്‍റെ ലോകത്ത് പല ഘട്ടങ്ങളില്‍ ജീവിച്ച മനുഷ്യരില്‍ ജീവിതനിര്‍വ്വഹണത്തിനായി അവരെന്തൊക്കെ ഭക്ഷിച്ചു, എന്തൊക്കെ ഭക്ഷിച്ചില്ല എന്നതിനെക്കുറിച്ച് കൃത്യം കണക്കെടുക്കാന്‍ നമുക്ക് ചില അഭ്യൂഹങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പക്ഷേ ഒരു കാര്യം ഉറപ്പിക്കാം സാധാരണഗതിയില്‍ ഭക്ഷിക്കാത്തതും സാധാരണമല്ലാത്ത, അസാധാരണമായ സന്ദര്‍ഭത്തില്‍ ഭക്ഷിച്ചിരിക്കണം. അങ്ങനെ ഉറപ്പിച്ചു പറയാന്‍ കാരണം ഇന്ന് നമ്മള്‍ അനുകൂലസന്ദര്‍ഭത്തില്‍ അവസാനം വരെയും ഭക്ഷിക്കാതെ മാറ്റിവയ്ക്കുന്ന വസ്തു അതു പഴകിയതാവാം, ജീര്‍ണിച്ചതാകാം, ഒരു അനിവാര്യസന്ദര്‍ഭം വരുമ്പോള്‍, മറ്റ് ഭക്ഷ്യസാധനങ്ങളൊന്നും ലഭ്യമല്ലാതെ വരുമ്പോള്‍, ഒരു വരള്‍ച്ചയുടെ, ഒരു വെള്ളപ്പൊക്കത്തിന്‍റെ സമയത്ത്, ഒരു ദുരന്തത്തിന്‍റെ സമയത്ത് ഇതൊക്കെ ഭക്ഷിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും. അഴുക്കുചാലിലെ വെള്ളം ആരും കുടിക്കില്ല. പക്ഷേ കുടിവെള്ളം കിട്ടാതെ നാലഞ്ചുദിവസം വരുമ്പോള്‍ അഴുക്കുചാലിലെ വെള്ളം നമ്മള്‍ കുടിക്കും . 1929 വാഗണ്‍ ട്രാജഡിയില്‍, ആ സമരത്തില്‍ ഏറ്റവും വലിയ സൗഹൃദം സൃഷ്ടിച്ച (സമരത്തിലാണ് ഏറ്റവും വലിയ സൗഹൃദം രൂപപ്പെടുക) അതേ മനുഷ്യര്‍ ഈ ബോഗിയില്‍ ശ്വാസം കിട്ടാതെ, തൊണ്ടവരണ്ട് പരസ്പരം മാന്തിപ്പറിച്ച് ചോര കുടിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തുന്നു. അപ്പോള്‍ അത് ആപത്കാല ധര്‍മ്മം എന്നുപറഞ് തത്വചിന്തകരും മതങഅങളും ഒക്കെ കൈമലര്‍ത്തുകയാണ്. അതായത് സാധാരണ കാലത്ത് നമുക്ക് ചെയ്യാന്‍ അനുവദനീയമല്ലാത്ത കാര്യങ്ങള്‍ അത്തരം സന്ദര്‍ഭത്തില്‍ പരിഗണിക്കേണ്ടതില്ല.

 

വേട്ടയാടുന്നതിന്‍റെ തുടര്‍ച്ചയായിട്ടാണ് സത്യത്തില്‍ വളര്‍ത്തല്‍ വന്നത്. വലിയ വന്യമൃഗങ്ങളെ വേട്ടയാടി പിടിക്കുമ്പോള്‍ അതിന്‍റെ കുഞ്ഞുങ്ങളെക്കൊണ്ട് ആ സമയത്ത് കാര്യമില്ല. അപ്പോള്‍ അതിനെ വളര്‍ത്തുന്നു. വളര്‍ത്തലും കാര്യത്തിനുവേണ്ടിയാണ്. രണ്ടും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണ്. തത്ത്വചിന്താപരമായി പറയുമ്പോള്‍  മനുഷ്യകേന്ദ്രിതം എന്ന അര്‍ത്ഥത്തില്‍ മാത്രമേ മനുഷ്യര്‍ക്ക് പ്രകൃതിയില്‍ ഇടപെടാന്‍ പറ്റൂ. പക്ഷേ അത് മനുഷ്യകേന്ദ്രിതവാദം എന്നാകുമ്പോള്‍ തീര്‍ച്ചയായിട്ടും വലിയ അപകടത്തിലേക്കെത്തും.

 

ഗോല്‍ഗോക്കറുടെ വിചാരധാരയിലെ വിശ്വാമിത്രമഹര്‍ഷി ഒരു ചണ്ഡാളന്‍റെ വീട്ടില്‍ നിന്ന് പുഴുവരിച്ച ഒരു നായക്കാല്‍ തിന്ന കാര്യം പറയുന്നുണ്ട്. അതു തെറ്റല്ലെന്നാണ്. കാരണം അതൊരു ആപത്കാലധര്‍മ്മത്തിന്‍റെ ഭാഗമാണ്. പ്രാചീനകാലം മുതല്‍ ആധുനികകാലം വരെയുള്ള ജീവിതത്തിന്‍റെ ഒരു ബൃഹത്ചരിത്രമെടുത്താല്‍ മനുഷ്യന്‍ എന്തൊക്കെ കഴിച്ചു, കഴിച്ചില്ലായെന്ന് ഒരു പൊതുതീരുമാനത്തിലെത്താന്‍ പറ്റില്ല. അതിജീവനത്തിനുവേണ്ടി മനുഷ്യര്‍ ലഭ്യമായ ഭക്ഷണപദാര്‍ത്ഥങ്ങളെല്ലാം കഴിച്ചിട്ടുണ്ടാകും. അതില്‍ ചിലത് ചിലര്‍ക്ക് രുചികരവും ചിലത് അരുചികരവുമായിട്ടുണ്ടാകും. അത് വ്യക്തികളെന്ന് അര്‍ത്ഥത്തില്‍ അവരത് സ്വയം പരിഹരിച്ച പ്രശ്നമാണ്. അതുകൊണ്ട് വളരെ ചുരുക്കിപ്പറഞ്ഞാല്‍ ഇന്നയിന്ന ഭക്ഷണം കഴിക്കണം, ഇന്നയിന്നത് കഴിക്കരുത് എന്ന് മുന്‍പോ, ഇന്നോ നാളെയോ പറയാന്‍ ഒരു സര്‍ക്കാരിനോ, സമൂഹത്തിനോ, രാഷ്ട്രത്തിനോ കഴിയില്ല. പക്ഷേ അന്തിമമായി പറയേണ്ട ഒരു കാര്യമുണ്ട്. അത് ഇന്ന ജീവിയെ തിന്നരുത്, ഇന്ന ജീവിയെ തിന്നണം എന്നതല്ല. അത് ഓരോരോ സന്ദര്‍ഭത്തില്‍ അവനവന്‍റെ അഭിരുചി, വിശ്വാസം, ലഭ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതാണ്. എന്നാല്‍ ഒരു ജഡ്ജ്മെന്‍റിലെത്തുമ്പോള്‍ പരസ്പരം തല്ലരുത്, കൊല്ലരുത്. അതു വളരെ ഉറപ്പിച്ചു പറയാവുന്ന ആശയമാണ്. അതിനുപകരം നിങ്ങള്‍  എന്തു തിന്നരുത് എന്ന് സര്‍ക്കാര്‍ പറയുന്നുവെങ്കില്‍ അതേ സര്‍ക്കാരിനു തന്നെ നാളെ എന്തു തിന്നണം എന്നു പറയാനാവും കഴിയും. കാരണം ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലിടപെടാന്‍ അനുവദിച്ചാല്‍ തീര്‍ച്ചയായിട്ടും അതവിടെ നില്‍ക്കില്ല. അത് ജീവിതത്തിലേക്കു മുഴുവന്‍ വ്യാപിക്കുകയും വിരൂപമാക്കുകയും ചെയ്യും. സത്യത്തില്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഭക്ഷണത്തില്‍ തുടങ്ങി ഭക്ഷണത്തില്‍ അവസാനിക്കുന്ന പ്രശ്നമാണ്. ഭക്ഷണത്തെ ഒരു അടിസ്ഥാനമാക്കി ജാതിമേല്‍ക്കോയ്മ കെട്ടിപ്പൊക്കാനുള്ള ശ്രമമാണ്. അതായത് ഇന്ന ഭക്ഷണം കഴിക്കരുത് എന്നുപറയുക മാത്രമല്ല ചെയ്യുന്നത് അതുമായി ബന്ധപ്പെട്ട നിരവധി പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നു. അതിലൊരു പ്രചരണം മാംസഭക്ഷണം കലാപം, കലഹം, കൊള്ള, കൊള്ളരുതായ്മ എന്നിവ ഉണ്ടാക്കുന്നു എന്ന ആശയമാണ്. ഈ ആശയം വര്‍ത്തമാനകാലത്തെ മനുഷ്യരെ മാത്രമല്ല, ഭൂതകാലത്തിലും ഭാവികാലത്തിലും ഉള്ള മനുഷ്യരെ അവഹേളിക്കുന്നതാണ്. ഇത് മനുഷ്യഅസ്തിത്വത്തെ മാത്രമല്ല ജൈവാസ്തിത്വത്തെയും ഒക്കെ അവഹേളിക്കുന്ന ഒന്നാണ്. കാരണം ജന്തുക്കളും മനുഷ്യരുമൊക്കെ പലതരത്തിലുള്ള ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരാണ്. അത് ഏതെങ്കിലും ഒരു കുറ്റിയില്‍ തളച്ചുകെട്ടാന്‍ കഴിയുകയില്ല. മനുഷ്യന്‍ സസ്യഭുക്ക് - മാംസഭുക്ക് എന്ന് വിഭജിക്കപ്പെട്ടിരിക്കുന്നുവെങ്കില്‍ മിച്ചഭക്ഷണമുണ്ടായിരുന്ന ഒരു പില്‍ക്കാലത്ത് അത് ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് വികസിപ്പിച്ചെടുത്ത ഒന്നാണ്. തീര്‍ച്ചയായും അത് ആദരിക്കപ്പെടണം. അന്ന് മനുഷ്യന്‍ അഭിമുഖീകരിച്ച പ്രശ്നം ഭക്ഷണപ്രശ്നം മാത്രമായിരുന്നില്ല. കാരണം പ്രതികൂലമായ സാഹചര്യത്തില്‍ കാട്ടിലൊക്കെ ജീവിക്കുമ്പോള്‍ വന്യമൃഗങ്ങളുടെ ഭക്ഷണമായിമാറാതിരിക്കാന്‍ മനുഷ്യന് അതിനെ എതിരിടേണ്ടി വന്നിട്ടുണ്ട്. സത്യത്തില്‍ മൃഗങ്ങളെ ഭക്ഷിക്കുന്നതും വേട്ടയാടുന്നതും വളര്‍ത്തുന്നതുമൊക്കെ വിരുദ്ധമാണ്. പൊതു സമൂഹം പറയുക വേട്ടക്കാര്‍ ക്രൂരത നിറഞ്ഞവരാണ്. (വേട്ടക്കാരന്‍ - ക്രൂരന്‍, രക്തക്കൊതിയന്‍ എന്നൊക്കെയാണ് അര്‍ത്ഥം). അതേ സമയം ജന്തുക്കളെ വളര്‍ത്തുന്നവര്‍ ക്രൂരത ഇല്ലാത്തവരാണ് എന്നുള്ള കാഴ്ചപ്പാടാണ് സാധാരണ നിലനില്‍ക്കുന്നത്. ഇത് ശരിയല്ല. കാരണം വേട്ടയാടുന്നതും വളര്‍ത്തുന്നതും ഒരേ ആവശ്യത്തിനുവേണ്ടിയാണ്. മനുഷ്യന്‍റെ താത്പര്യങ്ങള്‍ക്കുവേണ്ടിയാണ്. ഒരു മൃഗത്തെ വളര്‍ത്തുമ്പോള്‍ അതിനോട് ക്രൂരത കാട്ടുകയാണ് ചെയ്യുന്നത്. അതിനെ അതിന്‍റെ ജൈവാവസ്ഥയില്‍ നിന്ന് നമ്മള്‍ വേര്‍പെടുത്തുകയാണ് ചെയ്യുന്നത്. ആ ജന്തുവിന്‍റെ മേല്‍ മനുഷ്യന്‍ നടത്തുന്ന അധിനിവേശമാണ് വളര്‍ത്തല്‍. വേട്ടയാടുന്നത് ഭീകരമാണ്. വേട്ടയാടുന്നതിന്‍റെ തുടര്‍ച്ചയായിട്ടാണ് സത്യത്തില്‍ വളര്‍ത്തല്‍ വന്നത്. വലിയ വന്യമൃഗങ്ങളെ വേട്ടയാടി പിടിക്കുമ്പോള്‍ അതിന്‍റെ കുഞ്ഞുങ്ങളെക്കൊണ്ട് ആ സമയത്ത് കാര്യമില്ല. അപ്പോള്‍ അതിനെ വളര്‍ത്തുന്നു. വളര്‍ത്തലും കാര്യത്തിനുവേണ്ടിയാണ്. രണ്ടും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണ്. തത്ത്വചിന്താപരമായി പറയുമ്പോള്‍  മനുഷ്യകേന്ദ്രിതം എന്ന അര്‍ത്ഥത്തില്‍ മാത്രമേ മനുഷ്യര്‍ക്ക് പ്രകൃതിയില്‍ ഇടപെടാന്‍ പറ്റൂ. പക്ഷേ അത് മനുഷ്യകേന്ദ്രിതവാദം എന്നാകുമ്പോള്‍ തീര്‍ച്ചയായിട്ടും വലിയ അപകടത്തിലേക്കെത്തും. 

ഇന്ത്യന്‍ ജാതിമേല്‍ക്കോയ്മ ഇന്ത്യയിലെ അധ്വാനസംസ്കാരത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു അധിനിവേശസംസ്കാരത്തെയാണ് പ്രതിനിധീകരിക്കുന്നത്. വേട്ടയാടലും വളര്‍ത്തലും എല്ലാം നിര്‍വഹിച്ചത് അദ്ധ്വാനസംസ്കാരത്തിന്‍റെ ഭാഗമായിട്ടാണ്. അതിന്‍റെമേല്‍ അധിനിവേശം സ്ഥാപിച്ചുകൊണ്ട് ജാതിമേല്‍ക്കോയ്മ നടത്തിയ ഒരു കൃത്രിമ വിഭജനമാണ് സത്യത്തില്‍ മാംസാഹാരം മോശമെന്നും സസ്യാഹാരം ശ്രേഷ്ഠമെന്നും. മാംസാഹാരം ഭീകരമാണ്. സസ്യാഹാരം സൗമ്യമാണ് എന്ന വിഭജനം പഴയ മന്ത്രവാദ തത്വത്തിന്‍റെ ഒരു വലിച്ചുനീട്ടലാണ്. കരിങ്കുരങ്ങിനെ തിന്നാല്‍ ശക്തിയുണ്ടാകും. മാനിന്‍റെ കാലുകള്‍  സൂപ്പുവച്ചു കഴിച്ചാല്‍ വേഗത്തില്‍ ഓടാന്‍ പറ്റും. പരുന്തിന്‍റെ കണ്ണ് വറുത്തു തിന്നാല്‍ കാഴ്ചശക്തി വര്‍ധിക്കും ഇങ്ങനെയൊക്കെയുള്ള കാഴ്ചപ്പാടുകളൊക്കെ മന്ത്രവാദതത്വത്തിന്‍റെ അടിസ്ഥാനത്തിലാണ്. അങ്ങനെയാണെങ്കില്‍ നമ്മള്‍ കോഴിയെ തിന്നാല്‍ കോഴിയെപ്പേലെ, പോത്തിനെ തിന്നാല്‍ പോത്ത് പോലെ, വെണ്ട തിന്നാല്‍ വെണ്ടക്കായ് പോലെയൊക്കെ ആകണമല്ലോ. അതെല്ലാം ഭക്ഷണത്തെക്കുറിച്ചുള്ള ഫലിതം എന്നതിനേക്കാള്‍ ഒരു കീഴാള സമൂഹത്തിന്‍റെ, അധ്വാനസമൂഹത്തിന്‍റെ ഭക്ഷണരീതികളെ ആക്ഷേപിക്കുന്ന രീതിയാണ്. അദ്ധ്വാനസംസ്കാരത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍ പിന്നീട് കൃത്യമായി വികസിച്ച ഒരു ഭക്ഷണരീതി മാത്രം ശ്രേഷ്ഠം മറ്റേതൊക്കെ മ്ലേച്ഛം എന്നൊരു കാഴ്ചപ്പാടിലെത്തുന്നു.  

'കാസ്റ്റ് ഓണ്‍ ദ മെനു കാര്‍ഡ്'  എന്ന ഡോക്കുമെന്‍ററിയില്‍ പറയുന്നു, ഇന്ത്യയിലെ പശുവിന്‍റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന രാഷ്ട്രീയയുദ്ധം സത്യത്തില്‍ ജാതി മേല്‍ക്കോയ്മ സ്ഥാപിക്കാന്‍വേണ്ടി നടത്തുന്നതാണ്. ഈ ഡോക്കുമെന്‍ററി തുടങ്ങുന്നത് ഒരു ദളിത് കവിതയോടുകൂടിയാണ്: 

"നിങ്ങള്‍ എന്‍റെ അകിടുപിടിച്ച് 
അവസാനതുള്ളി പാല്‍വരെ എടുക്കുമ്പോള്‍ 
നിങ്ങള്‍ക്ക് വേദനിക്കുന്നില്ല.
നിങ്ങളെന്‍റെ തോലുരിഞ്ഞെടുത്ത് ചെരിപ്പുണ്ടാക്കി കാലിലിട്ട്
കല്ലിലും മുള്ളിലും ചവിട്ടി തുള്ളിനടക്കുമ്പോള്‍ 
നിങ്ങള്‍ക്ക് ഒട്ടും വേദനിക്കുന്നില്ല. 
നിങ്ങളെന്‍റെ തോലുരിഞ്ഞെടുത്ത് ചെണ്ടയുണ്ടാക്കി
അതിന്‍റെമേലാഞ്ഞടിച്ച് വിവാഹത്തിനും ശവസംസ്കാരത്തിനും പോകുമ്പോള്‍ 
നിങ്ങള്‍ക്ക് ഒട്ടുമേ വേദനിക്കുന്നില്ല. 
ഞങ്ങള്‍ വിശന്നിട്ട് അല്പം ഭക്ഷണത്തിനുവേണ്ടി
മാംസം കഴിക്കുമ്പോള്‍ 
നിങ്ങള്‍ക്കു വേദനിക്കുന്നുവോ?
അതായത് മാംസഭക്ഷണത്തിനെതിരെ കോലാഹലം കൂട്ടുന്ന ആളുകള്‍ മാംസഭക്ഷണമൊഴിച്ച് ജന്തുവിന്‍റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കുന്നവരാണ്. 

ഈ ലക്കം മാധ്യമത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ 'ചെണ്ട' എന്ന കവിത പറയുന്നതും ഇതുതന്നെയാണ്. 'നിങ്ങള്‍ ചെണ്ട അടിക്കുന്നത് എന്‍റെ നെഞ്ചത്താണല്ലോ' എന്നാണ് പശു പറയുന്നത്. പശുവിനോടുള്ള സ്നേഹമല്ല, ജന്തുക്കളോടുള്ള സ്നേഹമല്ല, കീഴാള മനുഷ്യരോടുള്ള വിരോധമാണ് സത്യത്തില്‍ ഈ വിഷയത്തില്‍ വികസിപ്പിക്കപ്പെട്ടിരിക്കുന്നത്. കാരണം ഇത്രമാത്രം നോക്കിയാല്‍ മതി; ഈ പേരില്‍ കൊല്ലപ്പെട്ടത് ആരാണ്? ഈ പേരില്‍ ആക്രമിക്കപ്പെട്ടവരാരാണ്? എന്നുമാത്രം നോക്കിക്കഴിഞ്ഞാല്‍ മനസ്സിലാകും ഇവിടുത്തെ ദളിത് ന്യൂനപക്ഷങ്ങളും അതുപോലെ തന്നെ മതേതരസ്വതന്ത്രകാഴ്ചപ്പാടു പുലര്‍ത്തുന്നവരുമാണ്. മതനിരപേക്ഷതയ്ക്കും മതന്യൂനപക്ഷത്തിനുമെതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനമാണ് ഇത്. പക്ഷേ അതിന് മതത്തിന്‍റെ ഒരു മൂടുപടം നല്കിയില്ല എന്നുമാത്രം. ഒരു ജന്തുവിനെ ആരാധിക്കാന്‍ ഒരു ജനതയ്ക്ക് അവകാശമുണ്ട്. അത് അംഗീകരിക്കപ്പെടണം. അതിന്‍റെ മറുപുറമാണ് അതിനെ ആരാധിക്കാതിരിക്കാനുള്ള അവകാശവും അംഗീകരിക്കപ്പെടണമെന്നത്. പക്ഷേ വിശ്വാസത്തെ ഒരു ആയുധമായി എടുക്കരുത്. 

ഗാന്ധി പറഞ്ഞത് "പശുവിനുവേണ്ടി ഞാന്‍ മരിക്കുമെന്നാണ്." അതാണ് പശുവിനോടുള്ള സ്നേഹത്തിന്‍റെ പരമാവധി. പക്ഷേ പശുവിനുവേണ്ടി ആളെ കൊല്ലണമെന്ന് ഗാന്ധി പറഞ്ഞിട്ടില്ല. അതാണ് മനുഷ്യരോടുള്ള ബഹുമാനം. ഇന്ന് ഇന്ത്യയില്‍ നിരവധി പശുക്കള്‍ അഴുക്കുചാലുകളില്‍ ചത്തുകിടക്കുന്നു. ആവശ്യത്തിന് തീറ്റയില്ലാതെ തെരുവില്‍ അലഞ്ഞുനടക്കുന്നു. ഗോരക്ഷകര്‍ എന്നു പറയുന്നവര്‍ സത്യത്തില്‍ ഗോരക്ഷകരാണെങ്കില്‍ പശുവിന് വൈയ്ക്കോലും പുല്ലും കൊടുക്കുക. അതിന് പിണ്ണാക്ക് കലക്കികൊടുക്കുക. അതിനെ നല്ലപോലെ പരിചരിക്കുക. അതിനുള്ള ശ്രമമാണ് നടത്തേണ്ടത്. പക്ഷേ ഗോരക്ഷകരിവിടെ പശുവിന് പുല്ലു കൊടുക്കുന്നില്ല, വെള്ളം കൊടുക്കുന്നില്ല, അതിനെ പരിചരിക്കുന്നില്ല. തെരുവില്‍ ചത്തുകിടക്കുന്ന പശുക്കളെ ഉചിതമായി സംസ്കരിക്കുന്നുപോലുമില്ല. അതിനുപകരം അവര്‍ ചെയ്യുന്നത് മനുഷ്യരെ അടിച്ചുവീഴ്ത്തുകയാണ്. ഇവര്‍ ഗോരക്ഷകരല്ല, മനുഷ്യഘാതകരാണ്.

ഭാഷയ്ക്കുനേരെ ആക്രമണമുണ്ടാക്കുന്നതും ഫാസിസത്തിന്‍റെ ഒരു രീതിയാണ്. ഭാഷയുടെ മരണവും ഫാസിസത്തിന്‍റെ കാലത്ത് നടക്കുന്ന ഒന്നാണ്. അതിന്‍റെ ഒരു ഉദാഹരണമാണ് ഗോരക്ഷ എന്ന ഏറ്റവും ഹൃദ്യമായ ഒരു വാക്ക് ഏറ്റവും ഭീകരമായ, ഭയപ്പെടുത്തുന്ന ഒന്നാക്കിക്കൊണ്ടിരിക്കുന്നത്.

ദേശീയതയെ വൈകാരികതയിലേക്ക് ചുരുക്കുമ്പോള്‍

നിലവിലുള്ള അധികാരവ്യവസ്ഥ നേരിടുന്ന ഒരു ആധിപത്യപ്രതിസന്ധിയുണ്ട്. ഉദാഹരണമായിട്ട് തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ പറഞ്ഞു കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യന്‍ പൗരന്‍റെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന്. അതിനു പകരം ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത് സ്വന്തമായിട്ട് കള്ളനോട്ടടിക്കുന്ന പ്രവര്‍ത്തനമാണ്. തൊഴില്‍ അവസരം വര്‍ദ്ധിപ്പിക്കുമെന്ന് ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ അവര്‍ നല്കി. ആ വാഗ്ദാനങ്ങളൊന്നും നിറവേറ്റപ്പെട്ടിട്ടില്ല. മാത്രമല്ല വലിയ തരത്തിലുള്ള സമരങ്ങള്‍ കര്‍ഷകരും മറ്റും നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇത്തരം പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ ജീവിതപ്രശ്നങ്ങള്‍ വൈകാരിക പ്രശ്നങ്ങളിലേക്ക് തിരിച്ചുവിടാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. മതങ്ങളിലും തത്വചിന്തയിലും പറയുന്നത് അപരനെ സ്നേഹിക്കുക എന്നാണല്ലോ. എന്നാല്‍ മനുഷ്യനെ തകര്‍ക്കുക, വെറുക്കുക എന്നതാണ് ഫാസിസത്തിന്‍റെ രീതി.

വികാരതീവ്രതകളെ വിചാരതീവ്രതകൊണ്ട് നേരിടുക എന്നൊരു ബദലാണ് ജനാധിപത്യം മുന്നോട്ടു വയ്ക്കുന്നത്. അഴുക്കുചാലില്ലാതെ കൃമികീടങ്ങള്‍ക്ക് വളരാന്‍ പറ്റില്ല. ഒഴുക്കുള്ള ശുദ്ധജലം അവര്‍ക്ക് ഭയമാണ്, പേടിയാണ്. ആ അര്‍ത്ഥത്തില്‍ വിചാരശേഷിയും യുക്തിബോധവും വിമര്‍ശനബുദ്ധിയും സൗഹൃദവും സ്നേഹവുമൊക്കെ പങ്കുവയ്ക്കുന്ന ഒരു ജനാധിപത്യസമൂഹത്തെയാണ് ഫാസിസം ഏറ്റവും ഭയപ്പെടുന്നത്.

 

നമ്മുടെ നാട്ടില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയായാലും എന്തെങ്കിലും കൊള്ളരുതായ്മ ചെയ്ത ഒരു വ്യക്തിയെ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കാനാണ് ശ്രമിക്കുക. അതുപോലെ തന്നെ ജയിച്ചുവന്ന ആള്‍ എന്തെങ്കിലും കൊള്ളരുതായ്മ ചെയ്ത ആളാണെങ്കില്‍ അയാളെ മന്ത്രിയാക്കാതിരിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇന്ത്യയില്‍ സംഭവിച്ചത് നടുക്കമുണ്ടാക്കുന്ന കാര്യമാണ്. ഏറ്റവും വലിയ വംശഹത്യ നടന്ന ഗുജറാത്തില്‍നിന്നാണ് ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് ആളുകള്‍ വന്നത്. അതുപോലെതന്നെ ഉത്തര്‍പ്രദേശില്‍ ഗോരക്ഷയുടെ പേരില്‍ ഏറ്റവും വലിയ ഭീകരത കാണിച്ച ആളാണ് യോഗി ആദിത്യനാഥ്. 'മുസ്ലീം പള്ളികള്‍ പന്നിക്കൂടുകളാണെന്നാണ്" യോഗി ആദിത്യനാഥ് പറയുന്നത്. എല്ലാ ജനാധിപത്യമര്യാദകളെയും വെല്ലുവിളിച്ചുകൊണ്ടാണ് ഇയാള്‍ പ്രചരണം നടത്തിയത്. പക്ഷേ അദ്ദേഹമാണ് മുഖ്യമന്ത്രി. അതപോലെ ഗുജറാത്ത് വംശഹത്യ കേസിലെ പ്രതിയായി ജയിലിലടയ്ക്കപ്പെട്ട അമിത് ഷാ സംഘപരിവാറിന്‍റെ നേതൃനിരയില്‍ തന്നെയുണ്ട്. ചുരുക്കത്തില്‍ വിദ്വേഷം, വെറുപ്പ്, പക ഇതൊക്കെയുണ്ടാക്കുന്നവര്‍ക്ക് പ്രമോഷന്‍ നല്കുന്ന ഒരു അവസ്ഥയുണ്ടാകുകയാണ്. ഇതെല്ലാം കൂടി ഒരു തരം വൈകാരികാന്തരീക്ഷം സൃഷ്ടിക്കുകയാണ്. സ്വഭാവികമായിട്ട് അതിനെതിരെ ഒരു പ്രതിവികാരതീവ്രത ഉണ്ടായിവരും. ഇത് ഫാസിസത്തിന് വളരെ അനുകൂലമാണ്. യഥാര്‍ത്ഥ ജനകീയപ്രശ്നങ്ങളില്‍ ഒന്നിച്ചുനിന്ന് പ്രതികരിക്കേണ്ട ഒരു ജനത പരസ്പരം വേര്‍തിരിഞ്ഞ്, തമ്മിലടിച്ച് ഇല്ലാതാകും. വികാരതീവ്രതകളെ വിചാരതീവ്രതകൊണ്ട് നേരിടുക എന്നൊരു ബദലാണ് ജനാധിപത്യം മുന്നോട്ടു വയ്ക്കുന്നത്. അഴുക്കുചാലില്ലാതെ കൃമികീടങ്ങള്‍ക്ക് വളരാന്‍ പറ്റില്ല. ഒഴുക്കുള്ള ശുദ്ധജലം അവര്‍ക്ക് ഭയമാണ്, പേടിയാണ്. ആ അര്‍ത്ഥത്തില്‍ വിചാരശേഷിയും യുക്തിബോധവും വിമര്‍ശനബുദ്ധിയും സൗഹൃദവും സ്നേഹവുമൊക്കെ പങ്കുവയ്ക്കുന്ന ഒരു ജനാധിപത്യസമൂഹത്തെയാണ് ഫാസിസം ഏറ്റവും ഭയപ്പെടുന്നത്. അതുകൊണ്ട് ആ സമൂഹത്തെ ശിഥിലമാക്കാന്‍ വേണ്ടി ഏതൊക്കെ തരത്തിലുള്ള വൈകാരിക പ്രശ്നങ്ങള്‍ കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റുമോ അതൊക്കെ കൃത്രിമമായി ഉണ്ടാക്കും. 

ചരിത്രത്തില്‍ വേരുകളുള്ള കീഴാളജനവിഭാഗത്തെ അവഹേളിക്കുന്നതിനായി ഭക്ഷണം നേരത്തെ ഉപയോഗിച്ചിരുന്നു. അത് ബീഫ് മാത്രമല്ല. കീഴാളഭക്ഷണത്തെ മ്ലേച്ഛമായും അയിത്തഭക്ഷണമായുമൊക്കെയാണ് കരുതിയിരുന്നത്. അതുമാത്രമല്ല, അവരുടെ ഭാഷ, വസ്ത്രം, ശരീരം ഒക്കെയും അവഹേളിക്കപ്പെട്ടിട്ടുണ്ട്. പലകാലങ്ങളിലായി പലതരത്തില്‍ കീഴാളജീവിതത്തെ അവഹേളിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ ജാതിമേധാവിത്വത്തിന്‍റെ സാംസ്കാരികമായ അധിനിവേശ ശ്രമങ്ങളുട ഒരു തുടര്‍ച്ച അനിവാര്യമായി ഭക്ഷണപ്രശ്നത്തിലുമുണ്ട്. അതോടൊപ്പം തന്നെ നിലനില്‍ക്കുന്ന രാഷ്ട്രീയപ്രശ്നങ്ങളില്‍നിന്നും ജീവിതപ്രശ്നങ്ങളില്‍നിന്നും വഴിതിരിച്ചുവിടാന്‍ ഇതിനെ വൈകാരികമായിട്ട് എത്രകണ്ട് ഉപയോഗിക്കാന്‍ പറ്റും എന്നതും ആലോചിച്ചു കൊണ്ടിരിക്കുകയാണ്.

സംഘപരിവാറിന്‍റെ സൈദ്ധാന്തികരില്‍ പ്രമുഖനായ സവര്‍ക്കര്‍ പോലും പറഞ്ഞത് "ഗോപാലകരാകൂ, ഗോപൂജകരാകരുത്" എന്നാണ്. പശുവിനെ വളര്‍ത്തിക്കോളു പക്ഷേ അതിനെ ആരാധിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.  കേരളത്തില്‍ ഹിന്ദുസവര്‍ണ്ണസമൂഹങ്ങളിലും അതിന്‍റെ സ്വാധീനമുള്ള മറ്റ് പലയിടങ്ങളിലും  പശു ആരാധന നടക്കുന്നുണ്ട്. സത്യത്തില്‍ അതിനെ നന്നായിട്ട് ആരാധിക്കണം. പക്ഷേ ആരാധിക്കുന്നതിനുപകരം ജനങ്ങള്‍, അതുപോലെ ചെയ്യാനുള്ള ഒരു അസംസ്കൃതവസ്തുവായി പശുവിനെ മാറ്റുകയാണ് ചെയ്യുന്നത്. പശു ഒരു പുണ്യമൃഗമാണെന്ന് ആത്മാര്‍ത്ഥമായി കരുതുന്നവരെ അവഹേളിക്കുകയാണ് ചെയ്യുന്നത്. കാരണം ഒരു പുണ്യമൃഗത്തിന്‍റെ പേരിലാണല്ലോ ഇത്തരം ക്രൂരതകള്‍ നടക്കുന്നത് എന്ന് നാളെ, നിഷ്കളങ്കനായ ഒരു കുട്ടി ചോദിച്ചാല്‍ എന്തു മറുപടിയാണ് ഈ ക്രൂരതയ്ക്ക് നേതൃത്വം നല്കുന്നവര്‍ക്ക് നല്കാന്‍ കഴിയുക. ഇതിലൊരു സാംസ്കാരികമായ മേല്‍ക്കോയ്മയുടെ പ്രശ്നമുണ്ട്. മൂര്‍ത്തമായ ജനകീയ പ്രശ്നങ്ങളില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ വൈകാരികപ്രശ്നങ്ങളിലേക്ക് വഴിതിരിച്ചു വിടുന്നതിനുള്ള രാഷ്ട്രീയ അടവിന്‍റെ പ്രശ്നമാണ്. 

അപനിര്‍മ്മിക്കപ്പെടുന്ന ദേശീയത

ദേശീയത എന്നത് ചരിത്രപരമായ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും വലിയ ഒരു അന്തരീക്ഷമാണ്. വൈരുദ്ധ്യങ്ങളുണ്ട്, വൈവിധ്യങ്ങളുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ വേറിട്ടുനില്‍ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി നമ്മള്‍ വിവിധ ഭാഷ സംസാരിക്കുന്നവരും വിവിധ മതത്തില്‍ വിശ്വസിക്കുന്നവരും ഒരു മതത്തിലും വിശ്വസിക്കാത്തവരും പുരുഷന്മാരും സ്ത്രീകളും ആണെങ്കിലും നമ്മളെല്ലാം ഒന്നാണെന്ന ഒരു ഐക്യബോധം വേണം. ആ ഐക്യബോധത്തിന് നിരവധി തട്ടുകളുണ്ട്. മുന്‍പ് ലോകത്തൊരിടത്തും ദേശീയത ഉണ്ടായിരുന്നില്ല. കാരണമെന്തെന്നാല്‍ ദേശീയത വേണമെങ്കില്‍ സാമൂഹിക വിനിമയം സാധ്യമാകണം, ഗതാഗതസൗകര്യങ്ങളുണ്ടാകണം, വിദ്യാഭ്യാസവും മാധ്യമങ്ങളുമൊക്കെ വേണം. രാഷ്ട്രീയ വ്യവസ്ഥകള്‍ ഉയര്‍ന്നുവരണം. പഴയ രാജ്യവ്യവസ്ഥയില്‍ രാജാവാണ് ദൈവം. രാജാവ് കല്പിക്കുന്നതാണ് നീതി. അവിടെ ഒരുതരത്തിലുമുള്ള ദേശീയത ഇല്ല. നാടുവാഴിത്തകാലത്തും ദേശീയത ഉണ്ടായിരുന്നില്ല. നാടുവാഴിത്തത്തില്‍ നിന്ന് മുതലാളിത്തത്തിലേക്ക് ഒരു പരിവര്‍ത്തനത്തിന്‍റെ ചരിത്രപശ്ചാത്തലത്തിലാണ് പുതിയ ഉല്പന്നങ്ങള്‍ക്ക് അനിവാര്യമായ ഒരു രൂപമെന്ന നിലയില്‍ ദേശീയ വളര്‍ന്നുവരുന്നത്. നാടുവാഴിത്തത്തിലെ ഉല്പന്നങ്ങള്‍ക്ക് പരിമിതമായ വിപണികളാണ് ഉണ്ടായിരുന്നത്. അവിടെ നിന്ന് മുതലാളിത്തത്തിലേക്ക് വന്നപ്പോള്‍ ഉല്പാദനം വര്‍ദ്ധിക്കുകയും പ്രാദേശിക അതിരുകളില്‍ ഒതുങ്ങിനില്‍ക്കാന്‍ പറ്റാതെ ആ അതിര്‍ത്തികള്‍ പൊട്ടിപിളര്‍ന്ന് പുതിയ ഉല്പന്നത്തിന് അനിവാര്യമായ പുതിയ രൂപം ഉണ്ടായി. ഈയൊരു പശ്ചാത്തലത്തില്‍ പുതിയ സാമ്പത്തിക ഉല്പാദനത്തിന് അനിവാര്യമായ ഒരു രാഷ്ട്രീയ രൂപം എന്ന അര്‍ത്ഥത്തില്‍ ചരിത്രത്തില്‍ ദേശീയത ഉടലെടുത്തു. 

പൗരാണിക ദേശീയത എന്ന ഫാസിസ്റ്റന്‍ പരികല്പന ചരിത്രപരമായി ഒരു വലിയ അസംബന്ധമാണ്. ആധുനികകാലത്തിന്‍റെ സൃഷ്ടിയാണിത്. ഇന്ത്യപോലുള്ള രാജ്യങ്ങള്‍ പരിശോധിച്ചാല്‍ നാടുവാഴിത്തത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള വളര്‍ച്ച പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ കോളോണിയല്‍ ശക്തികള്‍ കടന്നുവരികയുണ്ടായി.  അതുകൊണ്ടുതന്നെ ഇന്ത്യന്‍ ദേശീയത സാമ്രാജ്യവിരുദ്ധ സമരത്തിന്‍റെ ഒരു സൃഷ്ടിയാണ്. രണ്ടര്‍ത്ഥത്തില്‍ ഇന്ത്യന്‍ ദേശീയതയെ കാണാന്‍ പറ്റും. ബ്രിട്ടീഷുകാര്‍ വരുമ്പോള്‍ അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇന്ത്യന്‍ യൂണിയന്‍ അന്നുണ്ടായിരുന്നില്ല. ഓരോ രാജ്യത്തെ രാജാവും ഞാനാണ് രാജ്യം എന്നു കരുതിയിരുന്ന കാലം. രാജാവിന് തന്‍റെ രാജ്യത്തിന്‍റെ ചെറിയ പരിധിക്കപ്പുറം കണ്ണുവയ്ക്കാനായില്ല. കണ്ണുവച്ചാല്‍ തന്നെ യുദ്ധം ഉണ്ടാകും. അടുത്തുള്ള രാജ്യങ്ങളുമായിട്ട് വളരെ അപൂര്‍വ്വം ബന്ധങ്ങളെ അന്നുണ്ടായിരുന്നുള്ളു. അങ്ങനെ നിരവധി നാട്ടുരാജ്യങ്ങളായി നിലനിന്ന ഇന്ത്യയിലേക്ക് ബ്രിട്ടീഷുകാര്‍ കടന്നുവരുന്നു, ഇവിടെയൊരു പുതിയ സാമൂഹിക സാംസ്കാരിക അന്തരീക്ഷം ഉടലെടുക്കുകയും ചെയ്യുന്നു. റോഡ് ഗതാഗതം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പത്രമാസികകള്‍ എന്നിവയെല്ലാം അവര്‍ ഇവിടെ തുടങ്ങി. നാടുവാഴിത്തത്തിന് സങ്കല്പിക്കാന്‍ കഴിയാത്ത തരത്തിലുള്ള നിരവധി സാമൂഹിക മുന്നേറ്റങ്ങള്‍ ഇവിടെ നടന്നു. അതിന്‍റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ നവോത്ഥാന പ്രസ്ഥാനങ്ങളുണ്ടാകുന്നത്. ഇതാണ് ദേശീയതയുടെ നിര്‍മ്മിതിക്കാവശ്യമായ ഇഷ്ടികകള്‍ നിര്‍മ്മിക്കുന്നത്. രാജാവ്, രാജ്യം, പ്രജ എന്നൊക്കെയുള്ള പരിമിതമായ ലോകത്തുനിന്ന് ലോകം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നൊക്കെയുള്ള ആശയത്തിലേക്ക് ഈ നവോത്ഥാനം ഇന്ത്യയെ നയിച്ചു. അതു ശക്തിപ്പെട്ടാണ് സാമ്രാജ്യവിരുദ്ധ സമരങ്ങള്‍ രൂപപ്പെടുന്നത്. അതിലൂടെ ഒരു പുതിയ ഇന്ത്യ രൂപപ്പെട്ടപ്പോഴാണ് ഇന്ത്യന്‍ ദേശീയത എന്ന സംഭവത്തിലേക്ക് നമ്മള്‍ എത്തുന്നത്.  അതായത് പൊതു ഭൂപ്രദേശം, പൊതു ഭാഷ എന്നൊക്കെ.

ഇന്ത്യന്‍ ദേശീയത വളര്‍ന്നുവന്നത് രണ്ടുവഴികളിലൂടെയാണ്. ഒന്ന് കേന്ദ്രീകൃതമായ സാമ്രാജ്യവിരുദ്ധ സമരത്തിനുവേണ്ട രാഷ്ട്രീയ മുന്നേറ്റത്തിലൂടെ. രണ്ട്, വികേന്ദ്രീകൃതമായ ഭാഷാ ആവിഷ്കാരത്തിലൂടെ. നിരവധി വൈവിധ്യങ്ങളുള്ള ഒരു ജനത്തിന്‍റെ സമന്വയം. - അതാണ് ഇന്ത്യന്‍ ദേശീയതയില്‍ സംഭവിച്ചത്. ഇന്ത്യന്‍ ദേശീയത ശക്തിപ്പെടണമെങ്കില്‍ ഈ വൈവിധ്യങ്ങള്‍ ശക്തിപ്പെടണം. ഭാഷയാണ് ദേശീയതയുടെ പ്രാഥമികമായ സ്രോതസ്സ്. ഓരോ ഭാഷാ ജനവിഭാഗങ്ങളുടെയും  - മലയാള ദേശീയത, തമിഴ് ദേശീയത- സാമൂഹിക സാംസ്കാരിക വളര്‍ച്ചയിലൂടെ മാത്രമേ ഇന്ത്യന്‍ ദേശീയത എന്നു പറയുന്നത് പൂര്‍ണമാകൂ. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ദേശീയത എന്നു പറയുന്നത് ജനങ്ങള്‍ തമ്മിലുള്ള അടുപ്പത്തിലൂടെ, സൗഹൃദത്തിലൂടെ അവരുടെ സാമൂഹിക രാഷ്ട്രീയ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിലൂടെ നിരന്തരമായി നിര്‍മ്മിക്കപ്പെടുന്ന, നവീകരിക്കപ്പെടുന്ന ഒരു പ്രക്രിയയാണ്. അതല്ലാതെ എന്നോ പണിതീര്‍ന്ന ഒരു സംഭവമല്ല. അതിന്‍റെ മുകളില്‍ പൂവയ്ക്കുക, അതിനുവേണ്ടി പാട്ടുപാടുക, അതിനുവേണ്ടി നൃത്തം ചവിട്ടുക, എന്നൊക്കെ പറയുമ്പോള്‍ അതൊരു പ്രതീകം മാത്രം. ദേശീയഗാനം, ദേശീയ പതാക, ദേശീയ മൃഗം, ദേശീയ പക്ഷി എന്നൊക്കെ പറയുന്നത് പ്രതീകങ്ങള്‍ മാത്രമാണ്. പ്രതീകങ്ങള്‍ക്ക് പ്രസക്തിയുണ്ടെങ്കിലും പക്ഷേ അത് ഒന്നിനും പകരമല്ല. 'തീയേറ്റര്‍ ദേശീയത'യില്‍ സംഭവിക്കുന്നത് പൊരുളിനു വിരുദ്ധമായ ഏറ്റവും വിധ്വംസകമായ, ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനമാണ്. ദേശീയതയുടെ പൊരുള്‍ എന്നു പറയുന്നത് ജനങ്ങളുടെ അടുപ്പമാണ്, സൗഹൃദമാണ്. അതു നിരന്തരം നവീകരിക്കപ്പെടുന്നതിലൂടെ രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമൊക്കെയായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ ജനങ്ങള്‍ അനുഭവിക്കുന്ന സംതൃപ്തിയും സ്വാതന്ത്ര്യവും സുരക്ഷിതത്വവും എല്ലാം ചേര്‍ന്നുണ്ടാകുന്നതാണ് ദേശീയത. ഇതാണ് പൊരുള്‍. ഇന്ത്യയില്‍ സംഭവിക്കുന്നത് പൊരുള്‍ അവഗണിക്കപ്പെടുന്നു; പ്രതീകങ്ങള്‍ പൊരുളിന്‍റെ സ്ഥാനത്തേയ്ക്ക് എത്തുന്നു. പ്രതീകം പ്രതീകത്തിന്‍റെ സ്ഥാനത്തേ നില്‍ക്കാവു. അപ്പോള്‍ അത് പ്രതീകമാകും. നേരെമറിച്ച് പ്രതീകം പൊരുളിനെ വിഴുങ്ങാന്‍ തുടങ്ങിയാല്‍ അത് ജനാധിപത്യവിരുദ്ധവും ദേശീയ വിരുദ്ധവും ആകും. നമ്മുടെ ദേശീയപക്ഷിയായ മയിലിനെ സംബ്ധിച്ച വിവാദങ്ങളൊക്കെയും പ്രതീകം പൊരുളിനെ വിഴുങ്ങിയതിന്‍റെ നേര്‍സാക്ഷ്യമാണ്. 


ദേശീയത ഒരു ജനതയുടെ ആരോഗ്യപരമായ സാംസ്കാരികാവിഷ്കാരമായിരിക്കണം. നമ്മള്‍ ഭാഷയില്‍, മതത്തില്‍, അഭിരുചികളില്‍ ഒക്കെ വ്യത്യസ്തരാണ്. എങ്കിലും നമ്മള്‍ ഇന്ത്യന്‍ യൂണിയനിലെ അംഗങ്ങളാണ്. 'വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ'. അത് അഭിമാനമാണ്, ആഹ്ളാദമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഉള്‍ക്കൊള്ളലാണ് ദേശീയത; ഉപേക്ഷിക്കലല്ല. 'വാവാ ദേശീയത'യും 'പോപോ ദേശീയത'യുമുണ്ട്. ജനാധിപത്യം മുന്നോട്ടുവയ്ക്കുന്നത് 'വാവാ ദേശീയത'യാണ്. സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്നത് 'പോപോ ദേശിയത'യാണ് -- ('പോ പോ' പാക്കിസ്ഥാന്‍). ഉപേക്ഷിക്കുന്നതിന്‍റെ, പുറത്താക്കുന്നതിന്‍റെ, വെല്ലുവിളിക്കുന്നതിന്‍റെ ഭയപ്പെടുത്തുന്നതിന്‍റെ ഒക്കെ ഒരു സംഭവമാണത്. ഭാരത് മാതാ, ജയ് ഹിന്ദ് ഇവ പരസ്പം വിപരീതങ്ങളല്ല. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നിങ്ങള്‍ക്ക് ദൈവപ്രതിജ്ഞ ചെയ്യാം, ദൃഢപ്രതിജ്ഞ ചെയ്യാം. ഇതൊന്നും വിപരീതങ്ങളല്ല. ദൈവപ്രതിജ്ഞ ദൈവബോധ്യമുള്ള ഒരാളുടെയും ദൃഢപ്രതിജ്ഞ, ദൃഢബോധ്യമുള്ള ഒരാളുടെയും ആവിഷ്കാരമാണ്. ഇവിടെ വൈവിധ്യം കാണാം, വേണമെങ്കില്‍ വൈരുദ്ധ്യവും കാണാം പക്ഷേ വിപരീതമാകില്ല. 

ഇന്ത്യയില്‍ ദേശീയതയുടെ പേരില്‍ നടക്കുന്നത് സാമ്രാജ്യവിരുദ്ധ സമരത്തിന്‍റെ മഹത്തായ സ്മരണകളെ മലിനമാക്കുന്ന ഒരുതരം കോമാളിക്കളിയാണ്. അതായത് ജയ് ഹിന്ദ്നു വിരുദ്ധമാണ് ഭാരത് മാതാ, ഭാരത് മാതായ്ക്കു വിരുദ്ധമാണ് ജയ്ഹിന്ദ്, ജനഗണ പാടുമ്പോള്‍ തീയേറ്ററില്‍ എഴുന്നേറ്റുനിന്നാല്‍ മാത്രമേ നമ്മള്‍ ദേശീയ വാദികളാകൂയുള്ളൂ എന്നൊക്കെയുള്ള ഒരു തരം വൈകാരികതയാണ് ഇവിടെ സൃഷ്ടിക്കുന്നത്. 

ദേശീയത നമ്മുടെ രാഷ്ട്രീയമായ വളര്‍ച്ചയുടെ ഒരു പശ്ചാത്തലമാണ്. ഗാന്ധിയും നെഹ്റുവുമൊക്കെ ഉയര്‍ത്തിപ്പിടിച്ചത് സാര്‍വ്വദേശീയതയാണ്. മനുഷ്യത്വവും മാനവികതയുമാണ് അതിന്‍റെ ഉള്ളടക്കം. ദേശീയത രൂപവും സാര്‍വ്വദേശീയത ഉള്ളടക്കവുമാണ്. 


രാജ്യസ്നേഹമെന്നത് നമ്മുടെ രാജ്യത്തിലെ നന്മയോട് നമുക്കുണ്ടാകുന്ന ആഭിമുഖ്യമാണ്. ആ ആഭിമുഖ്യം ലോകത്തിലെ ഏതൊരു നന്മയോടും നമുക്ക് ഉണ്ടാകണം. ഇന്ത്യയെ പുണ്യഭൂമിയായി കരുതണമെന്ന് സംഘപരിവാര്‍ ആജ്ഞാപിക്കുന്നു. അത് ദേശദ്രോഹമാണ്. കാരണം അത് ദേശീയതയല്ല, ദേശപൂജയാണ്. രാമന്‍ പിറന്ന മണ്ണാണിതെന്ന് അവര്‍ അവകാശപ്പെടുന്നു. ജനാധിപത്യമൂല്യങ്ങളില്‍ എവിടെ ജനിച്ചു, ആര്‍ക്കു ജനിച്ചു എന്നത് പ്രസക്തമല്ല. നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം. സംഘപരിവാര്‍ ഭാരതത്തെ ലോകഗുരുവായിട്ടാണ് കാണുന്നത്. അങ്ങനെയൊരു ഗുരുവില്ല. എല്ലാ ഗുരുക്കന്മാരും ശിഷ്യന്മാരാണ്. പഠിപ്പിക്കുന്നവരൊക്കെ പഠിക്കേണ്ടവരാണ്.

You can share this post!

ഓളവും തീരവും വീണ്ടെടുക്കുന്ന മീനച്ചില്‍

എബി ഇമ്മാനുവല്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts