news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

കുരുന്നുജീവിതങ്ങളുടെ കാവല്‍ മാലാഖ!

രണ്ടാം ലോകമഹായുദ്ധകാലമായിരുന്നു അത്. ഹിറ്റ്ലറുടെ നാസിപ്പട വംശശുദ്ധിയുടെ പേരുപറഞ്ഞ് ജൂതവര്‍ഗ്ഗത്തെയാകെ ഉന്മൂലനാശം ചെയ്യാന്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്ന കാലം. അരുംകൊലയ്ക്കായി അവരെ തടവില്‍ പാര്‍പ്പിച്ചിരുന്ന ചേരികള്‍ പൊതുവെ ഗെറ്റോകള്‍ (Gheto) എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന്, നാസി അധിനിവേശ പോളണ്ടിലെ ഏറ്റവും വലിയ ജൂതച്ചേരിയായിരുന്നു വാഴ്സ ഗെറ്റോ. ആ മരണനിഴല്‍ പൂണ്ട തടവറയില്‍ നിന്ന്  രണ്ടായിരത്തഞ്ഞൂറിലേറെ കുരുന്നുകളാണ് അവളുടെ കൈപിടിച്ച് ജീവന്‍റെ പച്ചപ്പിലേക്ക് പിച്ചവച്ചത്. കുരുന്നുജീവനുകള്‍ക്ക് കാവല്‍ മാലാഖയായ ആ യുവതിയുടെ പേര് ഐറിന സെന്‍ഡലര്‍ എന്നായിരുന്നു.

പോളണ്ടിന്‍റെ തലസ്ഥാനമായ വാഴ്സയില്‍നിന്ന് പത്തു മൈലകലെയുള്ള ഓട്വോക്കില്‍ അന്നാട്ടിലെ ആദ്യകാല സോഷ്യലിസ്റ്റുകളില്‍ ഒരാളായ സ്റ്റാനിസ്ലോ ക്രിസാനോസ്കിയുടെ മകളായാണ് ഐറിന ജനിച്ചത്. ഒരു ഭിഷഗ്വരന്‍ കൂടിയായിരുന്ന സ്റ്റാനിസ്ലോയുടെ രോഗികളിലധികവും ദരിദ്രരായ ജൂതരായിരുന്നു. അവളുടെ ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ രോഗബാധിതനായി മരണമടഞ്ഞു. ഇരുപത്തൊന്നാം വയസ്സില്‍ ഐറിന വിവാഹിത യായി. മിസിസ്ലോ സെന്‍ഡലര്‍ ആയിരുന്നു വരന്‍. ആ നവദമ്പതികള്‍ വൈകാതെ വാഴ്സയിലേക്ക് താമസം മാറ്റി. അപ്പോഴേക്കും രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടായിരുന്നു.

വാഴ്സയില്‍ ഐറിന സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായി. ദരിദ്രരായ നഗരവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കുന്ന കന്‍റീനുകളുടെ മേല്‍നോട്ടമായി രുന്നു അവളുടെ മുഖ്യദൗത്യം. 1939ല്‍ നാസികള്‍ പോളണ്ടിനെ ആക്രമിച്ചുകീഴടക്കി അധിനിവേശം ചെയ്തതോടെ ആ മനുഷ്യരുടെ ജീവിതം കടുത്ത ദുരിതത്തിലാവുകയായിരുന്നു.  ജൂതന്മാരെ കൂട്ട ത്തോടെ പിടിച്ചുകൊണ്ടുപോയി നാസികള്‍ തടങ്കലിലാക്കി. ആ തടവറയിലുള്ളവര്‍ക്ക് മരുന്നും വസ്ത്രങ്ങളും മറ്റവശ്യസാധനങ്ങളും എത്തിച്ചു നല്‍കിക്കൊണ്ട് ഐറിനയും കൂട്ടുകാരും കര്‍മ്മനിരതരായി.

ഏറെ വൈകാതെ വാഴ്സയിലെ നാലുലക്ഷ ത്തോളം വരുന്ന തദ്ദേശീയരായ ജൂതരെ നഗരമധ്യ ത്തില്‍ത്തന്നെയുള്ള ഗെറ്റോയിലടച്ചു. കാറ്റും വെളിച്ചവും കയറാത്ത ആ ഇടുങ്ങിയ തടവറയ്ക്കു ള്ളില്‍ ഓരോ മാസവും നൂറുകണക്കിനുപേരാണ് പട്ടിണിയും രോഗവും കൊണ്ട് ചത്തൊടുങ്ങിയി രുന്നത്. ആ കൊടിയദുരിതക്കാഴ്ചകള്‍ ഐറിനയ്ക്ക് കണ്ടുനില്‍ക്കാനായില്ല. വാഴ്സയിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പിന്‍റെ പാസ് സംഘടിപ്പിച്ചെടുത്ത അവള്‍ അതുമായി എന്നും ഗെറ്റോ സന്ദര്‍ശിക്കാന്‍ തുടങ്ങി. തടവുകാര്‍ക്ക് മരുന്നായും വസ്ത്രമായും ഭക്ഷണമായുമൊക്കെ തന്നാലാകുന്ന എല്ലാ സഹായവുമെത്തിക്കാന്‍ അവള്‍ ശ്രമിച്ചുപോന്നു. അങ്ങനെയിരിക്കെ ജൂതതടവുകാര്‍ക്ക് സഹായമെ ത്തിക്കുന്ന രഹസ്യസംഘടനയായ സെഗോറ്റയില്‍ അവള്‍ അംഗമായി. രണ്ടു ഡസനോളം വരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം ആ അപകടമായ ദൗത്യം അവളേറ്റെടുത്തു; തടവറയിലെ കുഞ്ഞു ങ്ങളെ രക്ഷിച്ചെടുക്കാനുള്ള അക്ഷരാര്‍ഥത്തില്‍ ജീവന്മരണ ദൗത്യം.

അതൊട്ടും നിസ്സാരമായ ഒന്നായിരുന്നില്ല. ഒന്നാമതായി തടവറയില്‍ മരണം കാത്തുകഴിയുന്ന മാതാപിതാക്കളില്‍നിന്ന് മക്കളെ വാങ്ങിയെടു ക്കണം, അവരെ പരിപാലിക്കാന്‍ സന്നദ്ധരായ കുടുംബങ്ങളെ കണ്ടെത്തണം, അവരെ ഒരു കാരണവശാലും നാസികളുടെ കണ്ണില്‍പ്പെടാതെ നോക്കുകയും വേണം. 

നാസികളോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ സൂചകമായി നക്ഷത്രാങ്കിതമായ കൈവളയണിഞ്ഞ ഐറിന ക്രമേണ തടവറസൂക്ഷിപ്പുകാരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്തു. അവള്‍ കുഞ്ഞു ങ്ങളെ രഹസ്യമായി പുറത്തേക്ക് കടത്താനാരംഭിച്ചു. രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സായിരുന്നു കുട്ടികളുടെ പ്രധാന രക്ഷാമാര്‍ഗ്ഗം. സ്റ്റ്രെച്ചറിനടിയിലൊളിപ്പിച്ച് നിരവധി കുട്ടികളെ അവള്‍ പുറത്തെത്തിച്ചു. ഉരുളക്കിഴങ്ങിന്‍റെ ചാക്കുകളിലാക്കിയും ടൂള്‍ ബോക്സിനകത്താ ക്കിയും സഞ്ചികളിലും ചരക്കുപെട്ടികള്‍ക്കുള്ളി ലാക്കിയും എന്തിന് ശവപ്പെട്ടികള്‍ക്കുള്ളിലാ ക്കിപ്പോലും കുട്ടികളെ രക്ഷപ്പെടുത്തി. ഗെറ്റോയുടെ അതിര്‍ത്തിയിലുള്ള കത്തോലിക്ക ദേവാലയം വഴിയും അവള്‍ കുഞ്ഞുങ്ങളെ കടത്തി. ഗെറ്റോയ്ക്ക് പുറത്തെത്തിച്ചവരെ കോണ്‍വെന്‍റുകളിലും അനാഥാലയങ്ങളിലും ഭവനങ്ങളിലുമൊക്കെ സുരക്ഷിതരായി എത്തിച്ചു. നാസികള്‍ തിരിച്ചറിയാ തിരിക്കാന്‍ നൂറുകണക്കിന് വ്യാജതിരിച്ചറിയല്‍ രേഖകള്‍ സൃഷ്ടിച്ചെടുത്തു.

ഓരോ കുട്ടിയുടെയും യഥാര്‍ഥ പേരും വ്യാജപേരുമൊക്കെ കോഡ് ഭാഷയില്‍ രേഖപ്പെടു ത്തി ഗ്ലാസ് ജാറുകളിലാക്കി അവള്‍ സമീപത്തുള്ള ഒരു ആപ്പിള്‍മരച്ചോട്ടില്‍ കുഴിച്ചിട്ടു. പിന്നീടൊരിക്കല്‍ അവ തിരികെയെടുത്ത്, ആ കുട്ടികളെ ഓരോരു ത്തരെയും കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിക്കാ നുമായിരുന്നു അവളുടെ പദ്ധതി.  അങ്ങനെ നിരവധി കുട്ടികള്‍ മരണവക്ത്രത്തില്‍ നിന്ന് രക്ഷനേടി.

ഏറെനാള്‍ കഴിഞ്ഞില്ല,  ഐറിനയുടെ 'കള്ളക്ക ളികള്‍' പുറത്തായി. 1943 ഒക്ടോബര്‍ 20ന് നാസിക ളുടെ രഹസ്യപ്പോലീസായ ഗെസ്റ്റെപ്പൊ അവളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അതി ക്രൂരമായ പീഡനങ്ങളായിരുന്നു അവള്‍ക്ക് നേരിടേണ്ടിവന്നത്. അവളുടെ കാലുകളും പാദങ്ങളും തല്ലിത്തകര്‍ത്തു. കൊടിയ പീഡനങ്ങള്‍ക്കൊടുവിലും കൂട്ടാളികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാവാത്തതിനെ ത്തുടര്‍ന്ന് അവളെ അവര്‍ മരണശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടുമുമ്പ് തടവറ സൂക്ഷിപ്പുകാര്‍ക്ക് വന്‍ കൈക്കൂലി നല്‍കി സെഗോറ്റ അംഗങ്ങള്‍ അവളെ മോചിപ്പിച്ചെടുക്കുക യായിരുന്നു.

ഏറെക്കാലത്തിനു ശേഷം ആ ഗ്ലാസ് ജാറുകള്‍ കണ്ടെത്തി പരിശോധിച്ചവര്‍ക്ക് കാണാനായത് മരണക്കയത്തില്‍ നിന്ന് അവള്‍ തന്‍റെ കൂട്ടുകാര്‍ ക്കൊപ്പം രക്ഷിച്ചെടുത്ത രണ്ടായിരത്തഞ്ഞൂറിലേറെ കുരുന്നുകളുടെ വിവരങ്ങളായിരുന്നു.. എന്നാല്‍ അപ്പോഴേക്കും ആ മാതാപിതാക്കളില്‍ അധികം പേരും ആ തടവറയ്ക്കുള്ളില്‍ത്തന്നെ കാലയവനിക യ്ക്കുള്ളില്‍ മറഞ്ഞുപോയിരുന്നു.

ജയില്‍മോചിതയായശേഷം ഏതാണ്ട് നാലു പതിറ്റാണ്ടോളം ഐറിന എന്ന ഇതിഹാസം വിസ്മൃതിയിലാണ്ടുപോയിരുന്നു. 1999ല്‍ ദേശീയ ചരിത്രദിനത്തോടനുബന്ധിച്ചുള്ള 'ലൈഫ് ഇന്‍ എ ജാര്‍' എന്ന പ്രോജക്റ്റിന്‍റെ ഭാഗമായി നാല് ചരിത്രവിദ്യാര്‍ഥികളാണ് ആ ജീവിതത്തെ ലോകശ്രദ്ധയിലേക്ക് തിരികെയെത്തിച്ചത്. 

പിന്നീട് നിരവധി അംഗീകാരങ്ങള്‍ അവളെത്തേടി യെത്തി. 2003ല്‍ പരമോന്നത ബഹുമതിയായ ദി ഓര്‍ഡര്‍ ഓഫ് വൈറ്റ് ഈഗിള്‍ നല്‍കി ഐറിന സെന്‍ഡലറിനെ സ്വന്തം രാജ്യമായ പോളണ്ട് ആദരിച്ചു. 2007ലെ നോബല്‍ സമാധാനസമ്മാന ത്തിനും അവളുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. വാഴ്ത്തുകള്‍ക്ക് നടുവിലും ഐറിന ഒരിക്കലും സ്വയം ഒരു വീരനായികയുടെ പരിവേഷമണി ഞ്ഞില്ല. അവര്‍ ഒരിക്കല്‍ പറഞ്ഞു; "എനിക്കിനിയും ഏറെ ചെയ്യാനാവുമായിരുന്നു. ആ കുറ്റബോധം മരണം വരെ എന്നെ പിന്തുടരും.."

2008 മെയ് 12ന്  ഐറിന സെന്‍ഡലര്‍ ഓര്‍മ്മയായി. മാനവികതയുടെയും കാരുണ്യത്തി ന്‍റെയും വറ്റാത്ത ഉറവയായി ആ ജീവിതേതിഹാസം എന്നും വായിക്കപ്പെടും.

You can share this post!

വിശ്വാസിയും സോഷ്യല്‍മീഡിയ ഫോബിയയും

വിപിന്‍ വില്‍ഫ്രഡ്
അടുത്ത രചന

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
Related Posts