news-details
കഥ

മിന്നുമോളുടെ മമ്മി

സന്ധ്യയാവുകയാണെന്നു തോന്നുന്നു. എങ്ങും സ്വര്‍ണ്ണമേഘങ്ങള്‍. എവിടെ നിന്നോ ഒഴുകി വരുന്ന നേര്‍ത്ത സംഗീതം. മിന്നുമോള്‍ താഴേക്ക് എത്തിനോക്കി. അമ്മമ്മ അടുത്ത വീട്ടിലെ ജെയ്നിയാന്‍റിയുമായി എന്തൊക്കെയോ സംസാരിക്കുന്നു. ഇടയ്ക്ക് കണ്ണ് തുടയ്ക്കുകയും മൂക്ക് പിഴിയുന്നുമൊക്കെയുണ്ട്. ജെയ്നിയാന്‍റിയുടെ മുഖത്തുമുണ്ട് നല്ല വിഷമം. ഇവരിതെന്താ ഇത്രകാര്യമായി സംസാരിക്കുന്നത്? ഇത്ര വിഷമം വരാന്‍ എന്താണ് കാരണം? മിന്നുമോള്‍ കാതോര്‍ത്തു. അമ്മമ്മ പറയുകയാണ് ഇനി എന്തൊക്കെ കാണണം എന്‍റെ ദൈവമേ.... ഇതൊക്കെ കാണാനുള്ള ശക്തിയില്ല എനിക്ക്. അന്നേരെ മരുന്നു വാങ്ങിച്ചാല്‍ അതങ്ങു മാറിയേനെ. ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്താ കാര്യം സംഭവിക്കാനുള്ളത് സംഭവിച്ചില്ലേ. എന്നാലും എന്‍റെ കുഞ്ഞ്....

മിന്നുമോള്‍ ബേബിയെക്കുറിച്ചോര്‍ത്തു. തന്‍റെ നാലാംപിറന്നാളിന്‍റെ അന്നാണ് മമ്മിക്ക് അപ്പിടി വയറുവേദനവന്നതും ആശുപത്രിയില്‍ കൊണ്ടുപോയതും. അതുകൊണ്ട് കേക്കുപോലും മുറിച്ചില്ല. തനിക്കൊരു അനിയത്തിവാവ ഉണ്ടായെന്നറിഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷം... ഇനി കൂടെക്കളിക്കാന്‍ ഒരാളായല്ലോ. ബേബിയെക്കാണാന്‍ ഡാഡിയുടെ കൂടെപ്പോയി. എന്തു ചെറുതായിരുന്നെന്നോ. കണ്ണടച്ച് എപ്പോഴും ഉറക്കം, ചിലപ്പോള്‍ വെറുതെ കരയും. തനിക്കാണെങ്കില്‍ ദേഷ്യം കൂടിവന്നു. ഈ ബേബിയുടെ കൂടെ എങ്ങനെയാണ് കളിക്കുക.

ബേബിയെയുംകൊണ്ട് മമ്മിയും ഞാനും കൂടി അമ്മമ്മയുടെ വീട്ടിലേക്കാണ് പോയത്.ഡാഡി വന്നില്ല. ഒത്തിരി ജോലിത്തിരക്കുണ്ടത്രെ. പാവം ഡാഡി. എന്നും ജോലി കഴിഞ്ഞ് വരുമ്പോള്‍ ഒരുപാട് രാത്രിയാകും. മമ്മി, ഡാഡി വന്ന് ചോറ് കൊടുത്തിട്ടെ ഉറങ്ങാറുള്ളൂ. എന്നിട്ട് വെളുപ്പിനെ എഴുന്നേല്‍ക്കും. ഡാഡി ലേറ്റാകുന്നത് മമ്മിക്ക് സങ്കടമാണ്. ചെലപ്പോള്‍ പെണങ്ങിയിരിക്കും. വല്ലപ്പോഴും ഡാഡി നേരത്തെവരും, എല്ലാവരും കൂടി സിനിമയ്ക്ക് പോകും. അന്ന് മമ്മിക്ക് വലിയ സന്തോഷമാണ്. 

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിച്ചുപോന്നു. അമ്മമ്മ വന്നില്ല. അച്ഛന് ഷുഗര്‍ ഉള്ളതുകൊണ്ട് ഭക്ഷണം ശ്രദ്ധിക്കണമത്രെ. ഇടയ്ക്ക് വരാന്നു പറഞ്ഞു. മമ്മിക്കെന്തോ അപ്പിടി വിഷമമായിരുന്നു. മിക്കപ്പോഴും വെറുതെ ഇങ്ങനെ കരയും, ചിലപ്പോള്‍ വെറുതെ വഴക്കുണ്ടാക്കും. ഡാഡിയോട് കുറച്ചുദിവസം ലീവെടുക്കാന്‍ പലതവണ പറഞ്ഞു. അപ്പോള്‍ ഡാഡി അമ്മമ്മയെ വരുത്തി. മമ്മിയെ ഒരു ഡോക്ടറെ കാണിക്കണമെന്ന് അമ്മമ്മ ഡാഡിയോട് പറയുന്നുണ്ടായിരുന്നു. പക്ഷേ ഡാഡി കേട്ടില്ല. ഡാഡിക്ക് തിരക്കായിരുന്നു.
ഒരു ദിവസം ഞാന്‍ സ്കൂളില്‍ നിന്ന് വന്നപ്പോള്‍ ബേബിക്ക് അപ്പിടി പനി. ഡോക്ടറിന്‍റെ അടുത്തു കൊണ്ടുപോയി. കുറെ മരുന്ന് കൊടുത്തു. പക്ഷെ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ബേബിക്ക് നിമോണിയ ആയി. ട്യൂബൊക്കെ ഇട്ട് ഐ.സി.യു.വില്‍ കിടത്തി. ആരെയും കാണാന്‍ സമ്മതിക്കില്ല. എങ്കിലും മമ്മി മിക്കവാറും ഹോസ്പിറ്റലില്‍ തന്നെയായിരുന്നു. ഐ.സി.യു.വിന്‍റെ വാതില്‍ക്കല്‍ ഉണ്ണാതെയും ഉറങ്ങാതെയും.....

 അന്നു മമ്മി കുളിക്കാനും തുണി കഴുകാനുമൊക്കെയായി വന്നു. അമ്മമ്മ ഹോസ്പിറ്റലില്‍ പോയി. തനിക്ക് ചോറൊക്കെ തന്ന് ഹോംവര്‍ക്ക് ചെയ്യിപ്പിച്ചു. മമ്മിക്ക് ഒരുപാട് വ്യത്യാസംപോലെ. മാത്സ് ശരിയാക്കാഞ്ഞിട്ട് മമ്മി കുറെ ദേഷ്യപ്പെട്ടു. പിന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എപ്പോഴും ചുറ്റും നോക്കിക്കൊണ്ടിരിക്കും. ആരാണ്ടൊക്കെ സംസാരിക്കുന്നത് മമ്മിക്ക് കേള്‍ക്കാത്രെ. താനൊന്നും കേള്‍ക്കുന്നില്ല എന്നു പറഞ്ഞപ്പോള്‍ നിന്‍റെ ചെവിയെന്താ അടഞ്ഞിരിക്കുവാണോന്നു ചോദിച്ചു. അപ്പോഴാണ് ആരോ കോളിംഗ് ബെല്‍ അടിച്ചു. മമ്മിയുടെ ഭാവം മാറി. നിന്നെ ഞാന്‍ ആര്‍ക്കും കൊടുക്കില്ല എന്നു പറഞ്ഞുകൊണ്ട് തന്നെയുംകൊണ്ട് ബെഡ്റൂമിലെക്കോടി. ഒരു അലമാരയ്ക്കുള്ളില്‍ കയറ്റി നിര്‍ത്തി വാതില്‍പ്പൂട്ടി. അതിനുള്ളില്‍ ആകെ ഇരുട്ടായിരുന്നു. പേടിയാകുന്നുവെന്നു പറഞ്ഞ് ഞാന്‍ കരഞ്ഞപ്പോള്‍ മമ്മി തുറന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്തെക്കൊയോ പോലെതോന്നി. ശബ്ദം വെളിയിലേക്ക് വരുന്നില്ല. ആരോ തൊണ്ടയ്ക്കു ഞെക്കിപ്പിടിച്ചപോലെ

മമ്മീ....

 മിന്നുമോള്‍ ഉറക്കെ കരഞ്ഞു. വെള്ളയുടുപ്പിട്ട ആരോ ഓടിവന്ന് അവളെ കോരിയെടുത്തു. തോളില്‍ക്കിടത്തി താരാട്ടുപാടി ആശ്വസിപ്പിച്ചു. പിന്നെയവര്‍ മേഘങ്ങളിലൂടെ ഓടിക്കളിച്ചു.

You can share this post!

നിഴലുകള്‍

ലിന്‍സി വര്‍ക്കി
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts