news-details
കവർ സ്റ്റോറി

അറിവുചോരുന്ന വിദ്യാഭ്യാസം

മനസ്സ് എന്ന മഹാപ്രപഞ്ചം

ആദ്യാക്ഷരം മുതല്‍ ആത്മവിദ്യവരെ നീളുന്നതാണ് വിദ്യയുടെ അഭ്യാസം എന്നു വേണമെങ്കില്‍ പൊതുവേ പറയാമെങ്കിലും ആദ്യാക്ഷരത്തിനും വളരെ മുന്‍പേ അതു തുടങ്ങിയിട്ടുണ്ടെന്നും ആത്മവിദ്യാഭ്യാസത്തിലെത്തിയതിനുശേഷവും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും വേണം മനസ്സിലാക്കാന്‍. ജനിക്കുമ്പോള്‍ ഒരു കുഞ്ഞിന്‍റെ മനസ്സ് ഒന്നും എഴുതാത്ത ഒരു വെള്ളക്കടലാസ് പോലെയാണെന്ന് പാശ്ചാത്യമനശ്ശാസ്ത്രം പറയുമ്പോള്‍ അത് അങ്ങനെയല്ല ആ മനസ്സില്‍ അപ്പോള്‍തന്നെ പലതും എഴുതപ്പെട്ടിട്ടുണ്ട് എന്നാണ് പൗരസ്ത്യ മനശ്ശാസ്ത്രം പറയുന്നത്. രണ്ടാണെങ്കിലും മനസ്സ് എന്നതാണ് സകല വിദ്യകളുടെയും ഇരിപ്പിടം. 'മനസ്സിലായോ' എന്നതാണല്ലോ വിദ്യയെ സംബന്ധിച്ച് ഏറ്റവും അധികം ചോദിക്കപ്പെടുന്ന ഒരു വാക്ക്. ഏതു തരത്തിലുള്ള വിദ്യയാണെങ്കിലും മനസ്സിന്‍റെ സാന്നിധ്യം അതില്‍ ഉണ്ടെന്നത് ഉറപ്പാണല്ലോ. അങ്ങനെ വരുമ്പോള്‍ വിദ്യയുടെ വിത്തുകള്‍ വീഴാനും അതു ശക്തിയോടെ മുളയ്ക്കാനും സ്വച്ഛന്ദവും നിര്‍ബാധവുമായി വളരാനും പൂത്തുകായ്ക്കാനും ഈ പ്രക്രിയ ഒരു തുടര്‍ച്ചയാണ് എന്നറിയാനുമുള്ള നൈര്‍മല്യവും ശക്തിയും ഉര്‍വ്വരതയുമെല്ലാം ഉള്ള ഒരു മനസ്സ് ഉണ്ടാവുക എന്നതും വളരുന്ന വിദ്യയുടെ പരിണാമങ്ങള്‍ക്കനുസരിച്ച് അത് നിരന്തരം പാകപ്പെട്ടുകൊണ്ടിരിക്കുക എന്നതും വിദ്യാഭ്യാസത്തിന്‍റെ ഒരു അവിഭാജ്യഘടകമായിത്തീരും എന്നത് നിസ്തര്‍ക്കമാണ്. ചുരുക്കിപ്പറഞ്ഞാല്‍ സ്വച്ഛമായ ഒരു മനസ്സില്ലാതെ കാര്യക്ഷമമായ വിദ്യാഭ്യാസം എന്നത് സാധ്യമല്ല തന്നെ. 

അസ്വതന്ത്രമാക്കപ്പെടുന്ന മനസ്സ്

വിദ്യാഭ്യാസം എന്നത് ഒരു തുറന്ന, ചട്ടക്കൂടുകളില്ലാത്ത പ്രക്രിയയാണ്. അതുകൊണ്ടുതന്നെയാണ് വിദ്യാലയങ്ങളില്‍ പോയി നേടുന്ന വിദ്യക്ക് ഔപചാരിക വിദ്യാഭ്യാസം എന്ന വേര്‍തിരിവുള്ള ഒരു പേര് കൊടുത്തിട്ടുള്ളത്. എന്നാല്‍ പല വിദ്യകളുടെയും അത്യുന്നതങ്ങളില്‍ എത്തിയിട്ടുള്ള പലരും ഇത്തരം ഔപചാരിക വിദ്യാഭ്യാസത്തിലൂടെയല്ല അവിടെ എത്തിച്ചേര്‍ന്നിട്ടുള്ളത് എന്നത് രസകരമാണ്. ചരകനും ശുശ്രുതനും ഒന്നും ആയുര്‍വ്വേദ കോളേജില്‍  പഠിച്ചിട്ടില്ല എന്നു മാത്രമല്ല അങ്ങനെയുള്ളവര്‍ എഴുതിയ ഗ്രന്ഥങ്ങളാണ് ഇന്നും ആയുര്‍വ്വേദ പഠനത്തിന് അടിസ്ഥാനമെന്നതും ഒരു ഉദാഹരണം മാത്രമാണ്. അങ്ങനെ അനേകം ഉദാഹരണങ്ങള്‍ നമുക്കു കാണാന്‍ കഴിയും. എന്നാല്‍ ഇന്ന് ഔപചാരിക വിദ്യാഭ്യാസത്തിന് ഈ സമൂഹത്തില്‍ വലിയ സ്ഥാനം തന്നെയുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ നൂതനമായ പല ശാസ്ത്രശാഖകളും കണ്ടുപിടുത്തങ്ങളുമെല്ലാം വികസിച്ചു വന്നിട്ടുമുണ്ട്. അങ്ങനെ വരുമ്പോള്‍ ഔപചാരികമായാലും അനൗപചാരികമായാലും സ്വച്ഛവും ഏകാഗ്രവുമായ ഒരു മനസ്സുണ്ടെങ്കില്‍ മാത്രമേ വിദ്യ അതിന്‍റെ ഔന്നത്യങ്ങളില്‍ എത്തുകയുള്ളു എന്നത് നിസ്തര്‍ക്കമാകുന്നു. അനൗപചാരിക വിദ്യാഭ്യാസത്തില്‍ തന്നെ വിദ്യയുടെ അഭ്യാസം ഒരു സഹജമായ പ്രക്രിയ മാത്രമായി മാറാറുണ്ട്. പലപ്പോഴും കാട്ടിലെ അനേകങ്ങളായ ചെടികളുടെയും മൃഗങ്ങളുടെയുമെല്ലാം സ്വഭാവസവിശേഷതകള്‍ അറിയുന്ന ആദിവാസി അതിന് ഉത്തമോദാഹരണമാണ്. അത് ജീവിതത്തിന്‍റെ പ്രക്രിയയില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന ഉത്കൃഷ്ടമായ അറിവാണ്. 

ഇതുവരെ പ്രധാനമായി പറയാന്‍ ഉദ്ദേശിച്ചത് മനസ്സ് എന്ന വിദ്യയുടെ ഇരിപ്പിടത്തെക്കുറിച്ചും അതില്‍ അറിവുകള്‍ വന്നുചേരുന്ന പ്രധാനപ്പെട്ട ചില സാമൂഹികപ്രക്രിയകളെക്കുറിച്ചുമാണ്. എന്നാല്‍ ജീവശാസ്ത്രപരമായി നോക്കിയാല്‍ അറിവുണ്ടാകുന്നത് ഇന്ദ്രിയങ്ങളുടെ ശരിയായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കാണുകയും കേള്‍ക്കുകയും മണക്കുകയും രുചിക്കുകയും ചെയ്യുമ്പോള്‍ അറിവുകള്‍ മനസ്സിലേക്ക് പ്രവേശിക്കുന്നു എന്നു പറയാം. വീണ്ടും നമ്മള്‍ എത്തുന്നത് മനസ്സില്‍തന്നെയാണ്. ഇങ്ങനെ ഇന്ദ്രിയങ്ങളിലൂടെ പ്രവേശിക്കുന്ന അറിവുകള്‍ നിരന്തരമായ അഭ്യാസത്തിലൂടെ ജ്ഞാനമാവുകയും വീണ്ടുമുള്ള അഭ്യാസത്തിലൂടെ അവ വിജ്ഞാനമായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെ ഇന്ദ്രിയങ്ങളിലൂടെ പ്രവേശിക്കുന്ന അറിവ് അഭ്യാസത്തിലൂടെ ജ്ഞാനവും വിജ്ഞാനവുമാകുന്ന മാനസിക പ്രക്രിയയെ വിദ്യാഭ്യാസം എന്നു വിളിക്കാം. ഏതൊരു വിഷയമായാലും സംഭവിക്കുന്നത് മറ്റൊന്നല്ല. ഇതില്‍ തീര്‍ച്ചയായും വ്യക്തിപരമായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 

ശാസ്ത്രീയമായി ഇന്ദ്രിയങ്ങള്‍, മനസ്സ്, അറിവ് തുടങ്ങി പല ഘടകങ്ങളും വിദ്യാഭ്യാസത്തില്‍ ഉണ്ടെങ്കിലും എന്താണ് ഇതിന്‍റെ ലക്ഷ്യമെന്നും ഇന്ന് നമ്മള്‍ ഒരു സമൂഹമെന്ന നിലയില്‍ ആ ലക്ഷ്യത്തിലേക്ക് എത്തിയിട്ടുണ്ടോ എന്നും ചുരുങ്ങിയത് ഏതു  ദിശയിലാണ് നമ്മള്‍ സഞ്ചരിക്കുന്നത് എന്നുമൊക്കെ ആഴത്തില്‍ ആലോചിക്കേണ്ട അവസ്ഥ ഇന്ന് വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലൊട്ടാകെയും ഉണ്ടായിട്ടുണ്ടെന്നുള്ളതാണ് ഈ ലേഖനത്തിനുള്ള അവസരമുണ്ടാക്കുന്നത്. 

പൊതുവേ സ്വച്ഛമെന്നു പറയാവുന്ന കുഞ്ഞുമനസ്സുകളില്‍ അവയുടെ സഹജമായ പ്രകൃതിക്കു വിരുദ്ധമായി ഓരോ ഘട്ടങ്ങളിലും ക്രമമായി കാപട്യം, ഭയം, മാത്സര്യം, സ്വാര്‍ത്ഥത, ഉച്ചനീചത്വങ്ങള്‍ തുടങ്ങിയ നീചമായ ഭാവങ്ങള്‍ നിറയ്ക്കുകയും സംഭവവശാല്‍ ഇവയില്‍ നിന്നൊക്കെ മോചിതരായവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുപോലും ഈ മൂല്യച്യൂതിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത രീതിയിലുള്ള ഒരു സംവിധാനത്തെ സൃഷ്ടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു ഇന്നത്തെ വിദ്യാഭ്യാസം. 


എന്താണ് വിദ്യാഭ്യാസം

ഒരു വ്യക്തിയുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് അതു കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെ തന്നെയും സമഗ്രമായ വികസനത്തിന് വഴിതെളിക്കും എന്നാണ് വിവക്ഷ. ഇവിടെ നമ്മള്‍ പ്രധാനമായും പറയുന്നത് ഔപചാരിക വിദ്യാഭ്യാസത്തെക്കുറിച്ചാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 
ഇവിടെ വികസനം എന്ന പദത്തിന് വലുതാവുക എന്നല്ല മറിച്ച് നന്നാവുക, വൃദ്ധി നേടുക എന്നീ അര്‍ത്ഥങ്ങളാണ് കൂടുതല്‍ ചേരുക എന്നു പറഞ്ഞില്ലെങ്കില്‍ വിദ്യാഭ്യാസത്തിന്‍റെ അര്‍ത്ഥം തന്നെ വികലമാകുമെന്നു തോന്നുന്നു. സമഗ്രമായ വികസനം എന്നാല്‍ ശാരീരികവും മാനസികവും ബുദ്ധിപരവും ആധ്യാത്മികവുമായ തുലനങ്ങളോടുകൂടിയ വികസനം എന്നുതന്നെ അര്‍ത്ഥം കാണേണ്ടിവരും.

ഇന്ന്, നമ്മുടെ സമൂഹത്തിലേക്ക് നോക്കുമ്പോള്‍ ഈ തുലനം വ്യക്തികളിലോ കുടുംബങ്ങളിലോ സമൂഹത്തിലൊട്ടാകെയോ നമുക്കു ചുറ്റുമുള്ള പ്രകൃതിയിലോ കാണുന്നുണ്ടോ എന്നു നോക്കിയാല്‍ നാളിതുവരെയും നമ്മള്‍ നല്കിയ വിദ്യാഭ്യാസത്തിന്‍റെ ഗുണങ്ങളും ന്യൂനതകളും അതിനുള്ള കാരണങ്ങളും മുന്നിലേക്കുള്ള വഴിയും കുറേക്കൂടി വ്യക്തമാകും. വിദ്യാഭ്യാസം തന്നെയാണല്ലോ ഇന്ന് വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഉണ്ടാക്കുന്നതും പ്രകൃതിയുടെ മാറ്റങ്ങള്‍ക്കെല്ലാം കാരണമാകുന്നതും. 

മനുഷ്യലോകത്ത് (കുറച്ചു സാധു മനുഷ്യരെ ഒഴിച്ച്) ഇക്കാണുന്നതെല്ലാം വിദ്യാഭ്യാസത്തിന്‍റെ സൃഷ്ടിയാണെന്നിരിക്കേ ആഗോളതാപനം തുടങ്ങിയ പ്രകൃതിയുടെ മാറ്റങ്ങള്‍ തുടങ്ങി, മതതീവ്രവാദം, രോഗങ്ങളുടെ പെരുകല്‍, പ്രകൃതിയുടെ അമിതമായ ചൂഷണം, മഹാവ്യാധികള്‍, രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍, അണുവായുധങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധ സദനങ്ങള്‍, പ്ലാസ്റ്റിക് അടങ്ങിയ മത്സ്യങ്ങള്‍, വര്‍ദ്ധിക്കുന്ന വിവാഹമോചനങ്ങള്‍, മയക്കുമരുന്നുകള്‍, എണ്ണമറ്റ വാഹനങ്ങള്‍, അവയുണ്ടാക്കുന്ന മാലിന്യങ്ങള്‍  എന്നു തുടങ്ങിയവയും ഇവയൊക്കെ സൃഷ്ടിക്കാനും അനുഭവിക്കാനും മനുഷ്യന്‍ നേടിയിട്ടുള്ള അസുഖകരമായ ദീര്‍ഘായുസ്സുമെല്ലാം വിദ്യാഭ്യാസത്തിന്‍റെ സൃഷ്ടിതന്നെയാണ്. ഭൗതികമായ ഇപ്പറഞ്ഞവയ്ക്കൊക്കെ പുറകില്‍ ഇവയ്ക്കെല്ലാം കാരണമായ സ്വാര്‍ത്ഥവും കലുഷവും താന്‍പോരിമ നിറഞ്ഞതും കരുണയില്ലാത്തതും കാമപൂര്‍ത്തി (ആഗ്രഹനിവര്‍ത്തി) വരാത്തതുമായ കുറെ വ്യക്തിമനസ്സുകളോ  സമൂഹമനസ്സോ ആണെന്നത് സംശയമില്ലാത്ത കാര്യമാണ്.

വിദ്യ എന്ന അസ്വസ്ഥത

തനിക്കുതകുന്നത് എന്ന തോന്നലില്‍ ചെയ്തതൊന്നും തനിക്ക് മതിയാകാതെ വരികയും എങ്കിലും അസ്വസ്ഥമായ മനസ്സുകൊണ്ട് കൂടുതല്‍ കൂടുതല്‍ ചെയ്ത് മുന്നേറുകയും ചെയ്യുന്ന, മനുഷ്യരാശിയെയും ഭൂമിയുടെ സന്തുലനം തന്നെയും തകര്‍ക്കാവുന്ന ഒരു പ്രക്രിയയായി വിദ്യാഭ്യാസം എന്ന വിശുദ്ധമായ പദം അര്‍ത്ഥം നേടിയിരിക്കുന്നു ഇന്ന്. 

പൊതുവേ സ്വച്ഛമെന്നു പറയാവുന്ന കുഞ്ഞുമനസ്സുകളില്‍ അവയുടെ സഹജമായ പ്രകൃതിക്കു വിരുദ്ധമായി ഓരോ ഘട്ടങ്ങളിലും ക്രമമായി കാപട്യം, ഭയം, മാത്സര്യം, സ്വാര്‍ത്ഥത, ഉച്ചനീചത്വങ്ങള്‍ തുടങ്ങിയ നീചമായ ഭാവങ്ങള്‍ നിറയ്ക്കുകയും സംഭവവശാല്‍ ഇവയില്‍ നിന്നൊക്കെ മോചിതരായവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുപോലും ഈ മൂല്യച്യൂതിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത രീതിയിലുള്ള ഒരു സംവിധാനത്തെ സൃഷ്ടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു ഇന്നത്തെ വിദ്യാഭ്യാസം. 

ആവശ്യമുള്ളതുപോലെ ഉപയോഗിക്കുകയാണെങ്കില്‍ മാത്രം ആവശ്യമുള്ളതായിത്തീരുന്ന പലതും വിദ്യാഭ്യാസം ഉണ്ടാക്കിയെടുത്തിട്ടുണ്ടെങ്കിലും വേണ്ടവിധം ഉപയോഗിക്കാത്തതുകൊണ്ട് ആകെത്തുകയെടുക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്‍റെ പരിണതഫലങ്ങള്‍ വികലം തന്നെയാണ്. ഉപയോഗിക്കാനറിയാത്ത മൂര്‍ച്ചയേറിയ കത്തിയായി വിദ്യാഭ്യാസം മാറിയിരിക്കുന്നു, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു.

ഈ പ്രക്രിയ എവിടെ നിന്നു തുടങ്ങുന്നു എന്നു ചോദിച്ചാല്‍ ഇന്ന് സാര്‍വ്വത്രികമായി വ്യാപിച്ചിരിക്കുന്നതുകൊണ്ട് ഒരു ഉത്ഭവസ്ഥാനം കണ്ടെത്തുക എന്നത് ദുഷ്കരമായി തോന്നിയേക്കാം. എന്നാല്‍ ഓരോ വ്യക്തികളിലും (ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും) ഉള്ളതുകൊണ്ട് ഇത് ഓരോ കുടുംബത്തിലും, മതസ്ഥാപനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രകടമായോ അല്ലാതെയോ നിലനില്‍ക്കുന്നു.

തങ്ങളുടെ മക്കള്‍ തങ്ങളെപ്പോലെ ആകണമെന്നുള്ളതു കൊണ്ട് മാതാപിതാക്കള്‍ മക്കള്‍ക്ക് കത്രീന, ഗീത, നൂര്‍ജഹാന്‍ എന്നിങ്ങനെയുള്ള പേരുകള്‍ ഇടുന്നു. നിത്യാഭ്യാസത്തിലൂടെ മാതാപിതാക്കള്‍ ഈ പേരുകള്‍ മക്കള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നു. ഇതൊരു ചട്ടക്കൂടിന്‍റെ തുടക്കമാണ്. പലപ്പോഴും ജീവിത്തിലൊരിക്കലും തകര്‍ക്കാന്‍ പറ്റാത്ത ഒരു ചട്ടക്കൂടിന്‍റെ ആദ്യത്തെ വിത്താണ് ഈ പേരുവിളി. മതപരമായ മറ്റു പല ചടങ്ങുകള്‍കൂടി നിരന്തരം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഈ ചട്ടക്കൂട് കൂടുതല്‍ ശക്തിയാര്‍ജിക്കുകയായി. എന്നാല്‍ ഇന്ന് ലോകത്ത് പലയിടത്തും മനുഷ്യന്‍റെ ബോധത്തിലുണ്ടായ മാറ്റംകൊണ്ട് സുദൃഢം എന്നു തോന്നുന്ന ഈ ചട്ടക്കൂട് താനേ തകര്‍ന്നുപോകുന്നതായും കണ്ടുവരുന്നു. ഞാന്‍ ഇതാണ് മറ്റൊന്നല്ല എന്ന ബോധം ഇങ്ങനെ മനസ്സില്‍ പതുക്കെപ്പതുക്കെ രൂപപ്പെട്ടുവരികയാണ്. നിരന്തരവും ക്രമവുമായ ഘട്ടം ഘട്ടമായ ഇടപെടലിലൂടെ ഈ ചട്ടക്കൂട് ദൃഢപ്പെടുത്താന്‍ ഒരു വശത്ത് സ്ഥിരമായ പ്രയത്നം നടക്കുമ്പോഴും സ്വതന്ത്രമായ ബോധം പലപ്പോഴും അതിനെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യും. 

ഇതിനോടൊപ്പം തന്നെ മാതാപിതാക്കള്‍ തങ്ങളുടെ വ്യക്തിപരമായ നിലയിലും ചട്ടക്കൂടുകളുള്ള തങ്ങളുടെ ബോധം കൊണ്ട് സ്വതന്ത്രമായ ഒരു ബോധത്തിനെ ചട്ടക്കൂട്ടിലാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

അടുത്ത ഘട്ടം ഭയം എന്ന നീചമായ ഭാവത്തെ പകര്‍ന്നു കൊടുക്കലാണ്. ഓടുന്ന കുട്ടിയോട് ഓടിയാല്‍ വീഴും എന്നും അനുസരിച്ചില്ലെങ്കില്‍ ദൈവം കോപിക്കും എന്നും മറ്റും തുടങ്ങി ഉണ്ടാകാന്‍ പോകുന്ന വിപത്തിനെക്കുറിച്ചോ കുട്ടിയുടെ ബോധത്തിലൊതുങ്ങാത്ത ദൈവം എന്ന വാക്കിനെയോ പ്രതിമയെയോ കുറിച്ചോ ഭയം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ആ മനസ്സ് അറിയാതെ അതില്‍ ഭാവി, വേദന, അനുസരണ, ശിക്ഷ തുടങ്ങിയ പല ഭാവങ്ങളും പ്രവേശിച്ചു കഴിഞ്ഞു. നാളെയെക്കുറിച്ച് ആകുലപ്പെടാനും എന്തോ ഒന്നിനെ മനസ്സില്‍ സൃഷ്ടിച്ച് അതിനെ ഭയക്കാനും മനസ്സ് പഠിച്ചു കഴിഞ്ഞു. 

ഇങ്ങനെ പലതും അഭ്യസിച്ച് വിദ്യാലയത്തില്‍ എത്തുന്ന കുട്ടി ഒരിക്കലും ഒന്നല്ലാത്തതിനെ ഒന്നാക്കാന്‍ നിരന്തരമായി ബലം പ്രയോഗിക്കുന്ന യൂണിഫോം പ്രക്രിയയിലേക്ക് വന്നെത്തുകയാണ്. ഈ ഒന്നല്ലായ്മ ആത്മീയമായി നിലനില്‍ക്കാത്തതാണെങ്കിലും വ്യക്തിപരമായി നിലനില്‍ക്കുന്നതുകൊണ്ട് വിദ്യാലയത്തിന്‍റെ പാഠ്യവ്യവസ്ഥയില്‍ ഇത് പ്രസക്തമാണ്. ഇതേ പദ്ധതിയില്‍ പഠിച്ചു വന്നിട്ടുള്ള വ്യത്യസ്തരായ ഒരു കൂട്ടം കുട്ടികളെ ഒരേ തരത്തില്‍ കണക്കാക്കി പെരുമാറുന്നു. ഇങ്ങനെ പലവിധത്തില്‍ കുട്ടികളുടെ സഹജമായ എല്ലാ വാസനകളെയും മുറിച്ചുകളഞ്ഞ് മറ്റെന്തിനോ വേണ്ടി മറ്റാര്‍ക്കോവേണ്ടി തയ്യാറാക്കാന്‍ തുടങ്ങുന്നു. അധ്യാപകര്‍ കടന്നു വരുമ്പോള്‍ എഴുന്നേറ്റു നില്ക്കാനും കൃത്യമായി ഗുഡ്മോര്‍ണിംഗും ഗുഡ് ആഫ്റ്റര്‍ നൂണും പറയാന്‍ പഠിപ്പിക്കുകയും ചെയ്യും. ചോദ്യം ചെയ്യാതിരിക്കാനും ഈ കാലഘട്ടത്തില്‍ പഠിച്ചു കഴിഞ്ഞിട്ടുണ്ടാവും. ഇത് ഭാവിയിലേക്കുള്ള ഒരു പരിശീലനമാണ്.

ആണ്‍, പെണ്‍ എന്ന ഒരു വകഭേദവും ഇല്ലാത്ത കാലത്തു തന്നെ വളര്‍ത്തുന്ന രീതിയില്‍ തരംതിരിവു കാണിച്ചും വിദ്യാലയങ്ങളില്‍ ഇരിക്കുന്ന സ്ഥലങ്ങള്‍ വിഭജിച്ചും കുട്ടികളില്‍ ആണ്‍ പെണ്‍ എന്ന ഭേദത്തിന്‍റെ വിത്ത് പാവുകയും ഇത് സ്ത്രീ പുരുഷരാകുന്ന കാലമാകുമ്പോഴേക്കും അവര്‍ തമ്മില്‍ ഊഷ്മളമായ ഒരു നൈസര്‍ഗിക ബന്ധത്തിന്‍റെ സാധ്യത തീര്‍ത്തും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് പ്രധാനമായും ചില രാജ്യങ്ങളിലെ രീതിയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിന് നേരെതിരാണ് രീതി എങ്കിലും താന്‍പോരിമ കൊണ്ടും ബന്ധങ്ങളെക്കുറിച്ചുള്ള ധാരണകുറവുകൊണ്ടും കൗമാരത്തില്‍ തന്നെ പലരും അനേക ബന്ധങ്ങളിലൂടെ കടന്നുപോയിട്ടും തനിക്ക് എന്താണ് വേണ്ടതെന്ന് അറിയാന്‍ അവര്‍ക്ക് കഴിയാതെ പോവുകയും ചെയ്യുന്നത് കാണാറുണ്ട്. ഇങ്ങനെ ചിലയിടങ്ങളില്‍ ലിംഗപരമായ വ്യത്യാസം കൊണ്ട് ലൈംഗിക അക്രമങ്ങളും മറ്റു ചിലയിടങ്ങളില്‍ ലിംഗപരമായ സ്വാതന്ത്ര്യം കൊണ്ട് ലൈംഗിക അരാജകത്വവും ഉണ്ടാകുന്നു. ഈ വിഷയം മേല്‍പ്പറഞ്ഞ ഈ രണ്ടു കാര്യങ്ങള്‍ക്കുമപ്പുറത്ത് കൂടുതല്‍ സങ്കീര്‍ണമായ പല മേഖലകളിലേക്കും ഇന്നു വ്യാപിക്കുന്നുണ്ട്.

ഇങ്ങനെ ഒന്നായിക്കാണേണ്ടതിനെ വിഭജിച്ചും പ്രത്യേകം പ്രത്യേകം കാണേണ്ട സമയത്ത് ഒന്നായി പരിഗണിച്ചും ഭയപ്പെടുത്തിയും സഹജവാസനകളെ ചവുട്ടിയരച്ചും സ്വാര്‍ത്ഥതാല്‍പര്യങ്ങളെ കുത്തിനിറച്ചും മാത്സര്യം വളര്‍ത്തിയും പലതരം ചട്ടക്കൂടുകള്‍ ഉണ്ടാക്കിയും അക്ഷീണമായ നിരന്തര പ്രവൃത്തിയിലൂടെ നമ്മള്‍ ഒരു നിര്‍മ്മലവും സ്വച്ഛവുമായ മനസ്സിനെ  കാലുഷ്യവും വ്യഗ്രതയും അസുരക്ഷിതത്വവുമെല്ലാം നിറച്ച് സ്വയം എങ്ങനെ വര്‍ത്തിക്കണം എന്നും ആര്‍ജിച്ച വിദ്യ എപ്പോള്‍ എങ്ങനെ എത്ര ഉപയോഗിക്കണം എന്നൊന്നും അറിയാതെ മറ്റാരുടെയൊക്കെയോ കൈകളിലെ പാവകളായി മാറുന്ന ഒരു മനസ്സാക്കി മാറ്റുമ്പോള്‍ വിദ്യാഭ്യാസം സമൂഹത്തെ ഇന്നു കാണുന്നതാക്കിതീര്‍ക്കുന്നു. 

ധര്‍മ്മം എന്ന അടിത്തറ

ഇപ്പറഞ്ഞതിനൊന്നും കാളവണ്ടിയുഗത്തിലേക്കോ അതിനും മുന്‍പിലേക്കോ പോകണം എന്നൊരര്‍ത്ഥമല്ല ഉള്ളത്. ഭൗതികമായതും ശാസ്ത്രീയമായതുമായ ഉന്നമനം വേണ്ടതുതന്നെയാണ്. എന്നാല്‍ ഭൗതികമായ ഉന്നമനത്തോടും ശാസ്ത്രീയമായ ഉന്നമനത്തോടുമൊപ്പം മനുഷ്യമനസ്സിന് ധാര്‍മ്മികമായ ഉന്നമനം ഉണ്ടായില്ലെങ്കില്‍ അത് അവന്‍റെ  തന്നെയും അവനൊപ്പം നിരപരാധികളായ മറ്റുപലതിന്‍റെയും സര്‍വ്വനാശത്തിന് ഇടവരുത്തും. മൂല്യച്യുതിയും അസ്വസ്ഥമായ മനസ്സുമല്ലാതെ മറ്റെന്താണ് മനുഷ്യനെ സംബന്ധിച്ച് സര്‍വ്വനാശം എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നില്ല. കാരണം മനുഷ്യനാവാന്‍ സാധിക്കാത്തതുതന്നെയാണ് മനുഷ്യന്‍റെ സര്‍വ്വനാശം.

ധര്‍മ്മബോധം എന്നതാണ് വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാനം. അഹിംസ, സത്യം, കളവില്ലാതിരിക്കല്‍, ഇന്ദ്രിയ നിയന്ത്രണം, കരുണ എന്നിവയൊക്കെ ധര്‍മ്മത്തിന്‍റെ അടിസ്ഥാനശിലകളാണ്. താന്‍ പ്രകൃതിയുടെ ദാനമാണെന്നും അതിന്‍റെ നാശം തന്‍റേയും നാശമാണെന്നും ഒന്നാമനാവാന്‍ ഓടുമ്പോള്‍ കൂടെ കുറേപ്പേര്‍ ഓടുന്നുണ്ടെന്നും തന്‍റെ ഉയര്‍ച്ചക്കിടയില്‍ താന്‍ മറ്റുള്ളവരെ ദ്രോഹിക്കരുതെന്നും തനിക്കുള്ളതുമാത്രം എടുത്ത് ബാക്കി സമാധാനത്തോടെ മറ്റുള്ളവര്‍ക്കായി നീക്കിവെക്കണം എന്നും മറ്റുമുള്ള ബോധം ശാസ്ത്രബോധത്തോടൊപ്പം അതേ അളവിലോ അതില്‍ കൂടുതലോ നല്കേണ്ടതായിട്ടുണ്ട്. ഇതിനു വൈകുന്തോറും വിദ്യാഭ്യാസം കൂടുതല്‍ കൂടുതല്‍ ആഭാസമായി മാറിക്കൊണ്ടിരിക്കും എന്നതിന് തര്‍ക്കമില്ല.    

You can share this post!

മള്‍ട്ടിപ്പള്‍ ഇന്‍റെലിജന്‍സ്: ഒരാമുഖം

അംബിക സാവിത്രി
അടുത്ത രചന

ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം

ഡോ. മാര്‍ട്ടിന്‍ എന്‍. ആന്‍റണി O. de M
Related Posts