news-details
ഇടിയും മിന്നലും

മുങ്ങുന്ന കപ്പലില്‍

 എത്രയുംവേഗം തിരിച്ചുപോരാനുള്ള തിടുക്കത്തില്‍ ഭക്ഷണം കഴിക്കാനായി പള്ളിയിലെ കര്‍മ്മങ്ങള്‍ കഴിഞ്ഞയുടനെ പുറത്തിറങ്ങി. കല്യാണത്തിനു പള്ളിയിലുണ്ടായിരുന്ന ആള്‍ക്കാരും പാരിഷ്ഹാളില്‍ വേഗമെത്താന്‍ തിരക്കിട്ടു പോകുന്നതിനിടയിലൂടെ പള്ളിമുറിയിലേക്കു വേഗംനടക്കുമ്പോള്‍ പുറകില്‍ നിന്നാരോ വിളിക്കുന്നതുകേട്ടു:
"ഹലോ" 
എന്നെ ആയിരിക്കില്ലെന്നു കരുതി വേഗം നടക്കുമ്പോള്‍ അതേ വിളി വീണ്ടും ആവര്‍ത്തിച്ചിട്ടും ഞാന്‍ നടപ്പു തുടര്‍ന്നു.
"ഹലോ ഫാദര്‍"
അതുകേട്ട് തിരിഞ്ഞുനോക്കി. ഒരാള്‍ എന്‍റെനേരെ വേഗംനടന്നുവരുന്നതുകണ്ട് ഞാനവിടെത്തന്നെ നിന്നു.
"വി ഹാവ് നെവര്‍ മെറ്റ് ബിഫോര്‍, ഹാര്‍ട്ടി കണ്‍ഗ്രാചുലേഷന്‍സ്."
"അയ്യോ സോറി, ഞാനല്ലല്ലോ പെണ്ണുകെട്ടിയത്, ഞാനവരെ കെട്ടിച്ചതല്ലേയുള്ളു." അയാളെ ഞാനും ആദ്യം കാണുകയായിരുന്നെങ്കിലും ഒറ്റനോട്ടത്തിന് ഒരു ജോളിടൈപ്പ് ആണെന്നു തോന്നിയതുകൊണ്ട് അപ്പോള്‍ വായില്‍തോന്നിയതു ഞാന്‍ പറഞ്ഞതുകേട്ട് അങ്ങേരു വല്ലാതെ ചിരിച്ചു.
"നല്ല സൂപ്പര്‍ പ്രസംഗമായിരുന്നു കേട്ടോ, അതിനാണു കണ്‍ഗ്രാറ്റ്സ് പറഞ്ഞത്. പത്തുമിനിറ്റേ പറഞ്ഞൊള്ളെങ്കിലും തീര്‍ന്നുപോയല്ലോന്നു വിഷമംതോന്നി."
'പരിചയമില്ലാത്തവര്‍ കലവറയില്ലാതെ അഭിനന്ദിച്ചാല്‍ കൊലവിളിയും പുറകെ പ്രതീക്ഷിക്കാം സൂക്ഷിച്ചോണം.' സരസനായൊരു വല്യച്ചന്‍ പണ്ടുപറഞ്ഞുതന്നിട്ടുള്ള കാര്യം പെട്ടെന്ന് ഓര്‍മ്മയില്‍വന്നതുകൊണ്ട്, ആളുപറഞ്ഞത് ശരിക്കും എനിക്കിഷ്ടപ്പെട്ടെങ്കിലും ഇതൊന്നും എനിക്കു വലിയകാര്യമല്ലെന്നുള്ള മട്ടില്‍ ഞാന്‍ പറഞ്ഞു:
"ബസ്സിനു മൂന്നാലു മണിക്കൂറു യാത്രചെയ്യാനുള്ളതുകൊണ്ട് വേഗംപോകാന്‍വേണ്ടി ഭക്ഷണംകഴിക്കാന്‍ ഓടുകയായിരുന്നു, ഏതായാലും ഇദ്ദേഹം ഇപ്പളീ പറഞ്ഞതുകേട്ടപ്പോള്‍ ഒന്നുംകഴിക്കാതെതന്നെ വയറുനിറഞ്ഞപോലെയുണ്ട്."
"അള്‍ട്രാ കണ്‍സര്‍വേറ്റീവ് ആന്‍ഡ് അറ്റ് ദ സേം റ്റൈം അള്‍ട്രാ പ്രോഗ്രസീവ്, പേര്‍ഫെക്റ്റ്ലി ബ്ലെന്‍ഡഡ്. പള്ളിയില്‍ നിന്നിറങ്ങിയപ്പോള്‍ പലരും അച്ചന്‍റെ പ്രസംഗത്തെപ്പറ്റി പറഞ്ഞ കമന്‍റ് അതാണ്."
"മതിയേ മതി. വയറുംനിറഞ്ഞ് രണ്ടുമൂന്ന് ഐസ്ക്രീമും ഒരുപുഢിങ്ങുംകൂടെ അടിച്ചതുപോലെയായി." 
കൂടുതലിനിയും പറയിപ്പിക്കാതിരിക്കാന്‍വേണ്ടി ഞാന്‍ വിഷയംമാറ്റി ആളേപ്പറ്റിയുള്ള കാര്യങ്ങളൊക്കെ ചോദിച്ചു. വൈഫിന്‍റെ അടുത്തബന്ധുവിന്‍റെ കല്യാണമാണിത്. ഏറെനാള്‍ രണ്ടുപേരും വിദേശത്ത് ജോലിയായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തുവന്നു താമസംതുടങ്ങിയിട്ടു രണ്ടുകൊല്ലമേ ആയിട്ടുള്ളു. സംസാരം ദീര്‍ഘിച്ചാല്‍ എന്‍റെ യാത്രവൈകും എന്നറിയാമായിരുന്നതുകൊണ്ട് ഞാന്‍ എന്‍റെ പേരുമാത്രം പറഞ്ഞ് അവസാനിപ്പിക്കാന്‍നോക്കി.
"അച്ചന് അത്രതിരക്കുണ്ടെങ്കില്‍ വേഗം ഭക്ഷണംകഴിച്ചിട്ടു വായോ, ഞാന്‍ ബസ്റ്റാന്‍റില്‍ എത്തിക്കാം. അല്ല, വേറൊരു വഴിയുണ്ട്. ഞാന്‍ പത്തനംതിട്ടവഴിയാണു തിരിച്ചുപോകുന്നത്. ഞാന്‍ തനിച്ചേ ഉള്ളുതാനും. വൈഫിന്‍റെ വീട് ഇവിടെയാണ്. ഒരാഴ്ചകഴിഞ്ഞേ അവളു തിരിച്ചുപോരുന്നുള്ളു. അച്ചനെ ഞാന്‍ പൊന്‍കുന്നത്തിറക്കാം, വേഗം ഉണ്ടിട്ടു വായോ."
"അവരെയൊക്കെക്കണ്ടു യാത്രപറഞ്ഞിട്ടൊക്കെ വേണ്ടേ പോകാന്‍? ഇദ്ദേഹത്തിന് ഊണും കഴിക്കണ്ടേ?"
"അതൊന്നും സാരമില്ല."
ഉടനെതന്നെ ആളു മൊബൈലില്‍ ആരെയോവിളിച്ചു: "ആ പ്രസംഗംപറഞ്ഞ അച്ചനെ കൂട്ടുകിട്ടി, ഞാനുടനെതന്നെ തിരിച്ചുപോകുവാ, വീട്ടില്‍ചെന്നിട്ടു വിളിച്ചേക്കാം." ആളു ഫോണ്‍ കട്ടാക്കി.
"ഞങ്ങളിന്നലെത്തന്നെ കല്യാണവീട്ടിലെത്തിയതായിരുന്നു. കഴിഞ്ഞാല്‍ കാണാന്‍നില്ക്കില്ല, പോകുമെന്നു നേരത്തെ പറഞ്ഞിരുന്നതാണ്. അച്ചന്‍ വേഗം ഉണ്ടിട്ടുവന്നോളൂ. ഞാനിവിടെ വെയ്റ്റുചെയ്യാം."
"അതിനും പോംവഴിയുണ്ട്, എന്‍റെകൂടെവാ, പള്ളിമുറീലുണ്ണാം, അച്ചന്മാരുടെ ഡ്രൈവേഴ്സിനും പള്ളിമുറീന്നുണ്ണാം."
ഊണുകഴിഞ്ഞുടനെ ഞങ്ങളിറങ്ങി. ടൗണിലെ തിരക്കൊഴിയുന്നതുവരെ യൂറോപ്പിലെ റോഡും ഡ്രൈവിങ്ങുമൊക്കെയായിരുന്നു സംസാരവിഷയം. ടൗണ്‍ കഴിഞ്ഞപ്പോള്‍ 'യാത്രയല്ലെ പ്രാര്‍ത്ഥിച്ചിട്ടു തുടരാം' എന്നുപറഞ്ഞ് ഞാന്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേയുംചൊല്ലി കുറേദൂരമെങ്കിലും സൗകര്യമായി യാത്രചെയ്യാന്‍ വഴിയൊരുക്കിത്തന്നതിന് തമ്പുരാനു നന്ദീം പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ ആളൊരു ചോദ്യം:
"ഇങ്ങനെ വല്ല ഫംങ്ഷനും പള്ളീല്‍കയറുന്നതല്ലാതെ, നിങ്ങളുടെയൊക്കെ ഭാഷയില്‍ പ്രാക്ടീസിങ് ക്രിസ്ത്യാനിയേ അല്ലാത്ത ആളാണു ഞാനെന്ന് പറഞ്ഞാല്‍ അച്ചന്‍ വിശ്വസിക്കുമോ?"
"ഇതുവരെ അങ്ങനെ ഒരു ഊഹംപോലും എനിക്കില്ലായിരുന്നു." ഞാനതു പറയുമ്പോളും അയാളുചുമ്മാ തമാശിനു പറയുന്നതായിരിക്കും എന്നുതന്നെയായിരുന്നു ഞാനോര്‍ത്തത്.
"സാധാരണ കല്യാണത്തിനുപോയാല്‍ ഫംങ്ഷനുമാത്രം അകത്തുകയറി തലകാണിച്ചിട്ട് ഇറങ്ങിപ്പോരുന്നതായിരുന്നു പതിവ്. പക്ഷെ ഇന്ന് അച്ചന്‍റെ പ്രസംഗം കേട്ടുകഴിഞ്ഞ് മൂലക്കു നല്ലയൊരു സീറ്റുംകിട്ടിയതുകൊണ്ട് പഴയ കാര്യങ്ങളൊക്കെയോര്‍ത്തുകൊണ്ട് അവിടെത്തന്നെ ഇരുന്നുപോയി. പത്തുപന്ത്രണ്ടുവര്‍ഷം ഒരുസന്യാസസഭയിലുണ്ടായിരുന്ന ആളാണു ഞാന്‍. ഓര്‍ഡിനേഷന് അഞ്ചാറുമാസംമാത്രം ബാക്കിയുണ്ടായിരുന്നപ്പോള്‍ മതിയാക്കി പോന്നതാണ്."
ഡ്രൈവിങ് വളരെ സ്പീഡുകുറച്ചാക്കിയത് സംസാരിക്കാനുള്ള താത്പര്യംകൊണ്ടായിരിക്കും എന്നുകരുതി ഏതു സന്യാസസഭയിലായിരുന്നെന്നും എവിടെയാണു പഠിച്ചിരുന്നത് എന്നുമൊക്കെ ചോദിച്ച് ഞാനും  സഹകരിച്ചു. പറഞ്ഞുവന്നപ്പോള്‍ ആളിന്‍റെ സഹപാഠികളായിരുന്ന ചിലരെയെങ്കിലും എനിക്കു പരിചയവുമുണ്ടായിരുന്നു. ആരെയും കുറ്റപ്പെടുത്തിയോ വിമര്‍ശിച്ചോ ഒന്നുമല്ലായിരുന്നു സംസാരം. എന്തുകൊണ്ടാണ് അവസാനംവരെയെത്തിയിട്ടു പോരാനിടയായതെന്നറിയാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും, തനിയെ പറയുമായിരിക്കും എന്നുപ്രതീക്ഷിച്ചു ചോദിച്ചില്ല. 
"എന്താണു പോരാനുണ്ടായകാരണം എന്നുകൂടെ പറഞ്ഞില്ലെങ്കില്‍ അച്ചനോര്‍ക്കും ഞാനെന്തോ കുംഭകോണവും ഒപ്പിച്ചിട്ടു പോന്നതായിരിക്കുമെന്ന്. ചില സഭാനിയമങ്ങളേയും സഭയിലെ അധികാരത്തെയുംപറ്റിയൊക്കെയുള്ള ആശയപരമായ ചില പൊരുത്തക്കേടുകളൊഴികെ വാസ്തവത്തില്‍ സെമിനാരിയില്‍ പൊതുവെ ഞാനൊരു ഐഡിയല്‍ സ്റ്റ്യുഡന്‍റ് ആയിരുന്നു. പക്ഷേ എന്‍റെയുള്ളില്‍ ദഹനക്കേടുണ്ടാക്കിയ ആ വിഷയങ്ങളെപ്പറ്റി സാന്ദര്‍ഭികമായിട്ടു പറയേണ്ടിവന്നപ്പോള്‍പോലും ആരും അതിനോടനുകൂലിച്ചില്ല. അതുകൊണ്ട് അവസാന തീരുമാനമെടുക്കുന്നതിനുമുമ്പ്, പോയൊരു ധ്യാനംകൂടാന്‍ തീരുമാനിച്ചു. അറിയപ്പെടുന്ന ഒരു ആത്മീയആചാര്യന്‍ അദ്ദേഹത്തിന്‍റെ ആശ്രമത്തില്‍, ചെറിയ ഗ്രൂപ്പുകള്‍ക്കുവേണ്ടിമാത്രം നടത്തിയിരുന്ന ഒരു ധ്യാനമായിരുന്നു അത്. എന്‍റെ ഉള്ളു വായിച്ചറിഞ്ഞിട്ടെന്നതുപോലെയായിരുന്നു ധ്യാനത്തില്‍ അദ്ദേഹത്തിന്‍റെ ഓരോ സന്ദേശവും. ഒരാഴ്ചത്തെ ധ്യാനംകഴിഞ്ഞപ്പോഴേയ്ക്കും യേശുവിലുള്ള എന്‍റെ വിശ്വാസം അത്രയും അടിയുറച്ചു. എന്‍റെയുള്ളിലെ കാറ്റുംകോളുമൊക്കെ അടങ്ങുകയുംചെയ്തു. അദ്ദേഹത്തെ നേരിട്ടുകണ്ടു സംസാരിച്ചപ്പോള്‍ സ്വന്തംബോധ്യങ്ങള്‍ക്കു മുന്‍ഗണനകൊടുത്തുകൊണ്ട് തമ്പുരാന്‍റെ പ്രചോദനമനുസരിച്ച് അവസാന തീരുമാനമെടുക്കാനാണു പറഞ്ഞത്. സെമിനാരിയില്‍ മടങ്ങിച്ചെന്ന് എല്ലാം പായ്ക്കുചെയ്തപ്പോള്‍ അവിടെ കൊടുങ്കാറ്റും, കെട്ടും ഭാണ്ഡവുമായി വീട്ടിലെത്തിയപ്പോള്‍ അവിടെ പെരുമഴയുമുണ്ടായി. 
വീട്ടില്‍ തുടരുന്നതു പന്തിയല്ലെന്നു മനസ്സിലായതോടെ താമസിയാതെ നാടുവിട്ടു. അതില്‍പിന്നെ പള്ളിയും പട്ടക്കാരനുമൊന്നും എനിക്കില്ല. എന്‍റേതായ പ്രാര്‍ത്ഥനയുണ്ട്, അതുമാത്രം. പിന്നീടത്തെ ചരിത്രമൊക്കെപ്പറഞ്ഞാല്‍ അച്ചനു ബോറടിക്കും. എന്തായാലും പിന്നീടു കല്യാണംകഴിക്കാന്‍വേണ്ടിമാത്രം അവളുടെ കണ്ണുനീരുകണ്ട് പള്ളീല്‍പോയി. എല്ലാം തുറന്നുപറഞ്ഞുകൊണ്ടുതന്നെയുള്ള വിവാഹമായിരുന്നു ഞങ്ങളുടേത്. എന്‍റെ സ്വകാര്യബോധ്യങ്ങളില്‍ കൈവയ്ക്കരുതെന്നു മാത്രമായിരുന്നു ഞങ്ങളുതമ്മിലുള്ള വ്യവസ്ഥ. അവളാണെങ്കില്‍ പരമഭക്ത. പള്ളിയും പ്രാര്‍ത്ഥനയുംകഴിഞ്ഞേ ഉള്ളു എല്ലാം. രണ്ടു മക്കളുള്ളവര്‍ അവളെക്കാളും ഭക്തര്‍. അതൊക്കെ അവരുടെ സ്വകാര്യം. അതിലൊന്നിലും ഞാനിടപെട്ടിട്ടില്ല. ഒന്നിനും ഒരിക്കല്‍പോലും ഞാന്‍ എതിരുനിന്നിട്ടുമില്ല. എന്നെ ഒരിക്കലും അവര് ഒന്നിനും നിര്‍ബ്ബന്ധിച്ചിട്ടുമില്ല."
മൗനം നീണ്ടുപോവുകയും വണ്ടിയുടെ സ്പീഡ് തീരെകുറയുകയും ചെയ്തപ്പോള്‍ എന്തൊക്കെയോ ഓര്‍മ്മകളില്‍ മുങ്ങിപ്പോയതാണെന്ന് ഞാനൂഹിച്ചു. അല്പം കാത്തിരുന്നിട്ട് ഒന്നുണര്‍ത്താന്‍വേണ്ടി ഞാന്‍ ചോദിച്ചു: 
"അന്നെടുത്ത ആ തീരുമാനത്തില്‍ പിന്നീട് എന്നെങ്കിലും ഖേദം തോന്നിയിട്ടുണ്ടോ?"
"നേരേ മറിച്ചാണ്, അതിനു ഞാന്‍ തമ്പുരാനോട് എന്നും നന്ദിപറയാറെ ഉള്ളു. അന്നു ഞാന്‍ ചോദ്യംചെയ്തതൊക്കെയാണ് ഇന്നു കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പരസ്യമായി അംഗീകരിച്ചിരിക്കുന്നത്. ഞാനറിയുന്ന സുവിശേഷത്തിലെ യേശു കത്തോലിക്കനല്ല എന്ന് മാര്‍പ്പാപ്പാ പറയുന്നതിനു മുപ്പതുവര്‍ഷം മുമ്പുതന്നെ ഞാനതു സെമിനാരിയില്‍വച്ചു വിളിച്ചുപറഞ്ഞതാണെന്നു പറയുമ്പോള്‍ ഞാന്‍ വീമ്പടിക്കുകയാണെന്ന് അച്ചനു തോന്നിയേക്കാം. റീത്തിന്‍റെയും കുരിശിന്‍റെ ആകൃതിയുടെയും മറ്റും പേരില്‍ മെത്രാന്മാരുതന്നെ മുമ്പന്തിയില്‍നിന്നു പൊരുതുകയും, വിശ്വാസികളെ ബ്രെയിന്‍വാഷ്ചെയ്ത് ചേരിതിരിക്കുകയും ചെയ്തിരുന്ന അക്കാലത്ത് ഇതു യേശുവില്ലാത്ത സഭയാണ് എന്നു ഞാന്‍ വാദിച്ചത് അന്നാര്‍ക്കും രുചിച്ചില്ല. ഒരു ദിവസം ഒരു പ്രൊഫസറുമായുണ്ടായ സംവാദത്തിനിടയില്‍ ആവേശംമൂത്ത് മാര്‍ത്തോമ്മാ കുരിശിനെപ്പറ്റി 'ഞണ്ടുകാലന്‍കുരിശ്' എന്ന് ഞാന്‍ നടത്തിയ പരാമര്‍ശം കൂടെയുണ്ടായിരുന്ന റീത്തുതീവ്രവാദികള്‍ക്കു വല്ലാതെകൊണ്ടതുകൊണ്ട് അന്നു മാപ്പുചോദിക്കേണ്ടിവന്നെങ്കിലും ഇന്നും ആ കുരിശിനെ അതേ പേരുവിളിക്കാനാണെനിക്കിഷ്ടം. ആ നാളുകളില്‍നടന്ന ചില മെത്രാന്‍നിയമനങ്ങളില്‍ രാഷ്ട്രീയക്കാരെപ്പോലും പിന്നിലാക്കുന്ന രീതിയില്‍നടന്ന ചരടുവലികളും, കരുനീക്കങ്ങളുമൊക്കെ സെമിനാരിയില്‍ സ്ഥിരംചര്‍ച്ചയായപ്പോള്‍, സുവിശേഷാരൂപിയേക്കാള്‍ ലോകാരൂപിയാണ് സഭാധികാരികളില്‍ എന്നുഞാനന്നു പറഞ്ഞതു മാര്‍പ്പാപ്പാ ഇന്നു പരസ്യമായി ഏറ്റുപറയുന്നു. ഇനിയുമുണ്ടായിരുന്നു ഇതുപോലെ പലതും അന്ന് എന്‍റെയുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്നത്. അതുകൊണ്ടായിരുന്നു, ആ തീരാറായനേരത്ത് മര്യാദയ്ക്ക് അടങ്ങിയൊതുങ്ങിയിരുന്നു പട്ടവുംവാങ്ങി പോയാല്‍പോരെ എന്നു ആത്മീയഗുരുവും സഹപാഠികളും നിര്‍ബ്ബന്ധിച്ചിട്ടും ഞാന്‍ ധ്യാനത്തിനു പോയത്. അന്ന് ആ ധ്യാനത്തിനു പോയതുകൊണ്ട് ധീരമായ ഒരു തീരുമാനമെടുക്കാന്‍പറ്റി; അടങ്ങിയൊതുങ്ങി വെറും പൂടപ്പട്ടിയെപ്പോലെ അകത്തുകിടന്നുറങ്ങുന്നതിലും മാന്യത, പുറത്തുപോയി അടങ്ങിയൊതുങ്ങി ജീവിക്കുകയാണെന്ന്. ഞാനത് ഇന്നുവരെ പാലിച്ചു, ആരെയും നന്നാക്കാന്‍ പോയില്ല, നൂറുശതമാനവും ബോധ്യങ്ങള്‍ക്കനുസരിച്ചു ജീവിച്ചു, പിന്നെന്തിനു ഞാനന്നെടുത്ത തീരുമാനത്തെപ്രതി എനിക്കു ഖേദംതോന്നണമച്ചാ? നാട്യവും, കാപട്യവുമില്ലാതെ ജീവിക്കണമെന്നു നിര്‍ബ്ബന്ധമുള്ളതുകൊണ്ട്, വിശ്വസിക്കുന്ന തമ്പുരാനെ വിളിച്ചപേക്ഷിച്ച് ഇന്നും അടങ്ങിയൊതുങ്ങി ജീവിക്കുന്നു. അതുകൊണ്ടാണ് പ്രതിഷേധിച്ച് പ്രകടനം നടത്താനോ, സഭകള്‍ മാറിമാറി നിരങ്ങാനോ പോകാതെ അടങ്ങിയൊതുങ്ങി കഴയുന്നത്."
"ഒരുപാടുനാളു വിദേശത്ത് ആയിരുന്നെങ്കിലും മലയാളം നല്ല മണിമണിപോലെ വഴങ്ങുന്നുണ്ടല്ലോ."
"അതെന്‍റെ വായനകൊണ്ടുള്ള ഗുണമാണ്. ഒറ്റവര്‍ഷവും നാട്ടില്‍വരാതിരുന്നിട്ടില്ല, നല്ലപുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടു പോകും, പിറ്റെവര്‍ഷംവരുമ്പോള്‍ അതൊക്കെ പഴയ സഹപാഠി അച്ചന്മാര്‍ക്കു കൊടുത്തിട്ടു പുതിയതു വാങ്ങിപോകും അതായിരുന്നു പതിവ്."
"ഏതായാലും അടങ്ങിയൊതുങ്ങി ജീവിക്കുന്നു എന്നുപറഞ്ഞതുപോലെ നാക്കിനും നല്ല അടക്കമൊതുക്കമുണ്ട്, കണ്‍ഗ്രാചുലേഷന്‍സ്."
"താങ്ക് യൂ, താങ്ക് യൂ. അന്നു ധ്യാനത്തിന് എന്‍റെ കൂടെയുണ്ടായിരുന്നത് പത്തുപതിനഞ്ചു യുവാക്കളായിരുന്നു. ധ്യാനസമാപനത്തിന് അദ്ദേഹം പങ്കുവച്ചസന്ദേശം എന്നെ വല്ലാതെ സ്പര്‍ശിച്ചു. ഏതാണ്ട് അതേസ്റ്റൈലിലായിരുന്നു, വിഷയം വേറെ ആയിരുന്നെങ്കിലും അച്ചന്‍റെ ഇന്നത്തെ പ്രസംഗം. അതാണ് ഇതെല്ലാം വീണ്ടുമിന്നിരുന്നോര്‍മ്മിക്കാന്‍ നിമിത്തമായത്. അന്നദ്ദേഹം പറഞ്ഞതിന്‍റെ നല്ലഭാഗവും എന്‍റെ ഓര്‍മ്മയിലിന്നുമുണ്ട്. അദ്ദേഹം തുടങ്ങിയതുതന്നെ 'വി ആര്‍ ഹെഡിം റ്റുവേഡ്സ് ആന്‍ ഇനെവിറ്റബിള്‍ കറ്റാസ്റ്റ്രഫി' എന്ന വാക്കുകളോടെയായിരുന്നു. സഭ ദുരന്തത്തിലേക്കു നീങ്ങുന്നു എന്ന മുന്നറിയിപ്പു മാത്രമല്ല അതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തി. സഭയെ പുറമെനിന്നുള്ള ഒരു ശക്തിക്കും തകര്‍ക്കാനാവുകയില്ല എന്നുള്ളതിനു ചരിത്രംതന്നെ സാക്ഷി. പക്ഷെ ഉള്ളില്‍നിന്നുതന്നെ അഴുകല്‍ തുടങ്ങിയാല്‍ സഭ ശോഷിക്കും എന്നുള്ളതിനും ചരിത്രംതന്നെ സാക്ഷി, യൂറോപ്പിലെ അവസ്ഥമാത്രം മതിയല്ലോ അതിനുദാഹരണത്തിന്. വലിയ ഓട്ടകളിലൂടെ വെള്ളംകയറി മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിലാണ് നാമിന്ന്. ഓട്ടയടക്കാനുള്ള മുട്ടുശാന്തികളുമായി പലരും മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നതുകൊണ്ട് മുങ്ങിത്താഴുന്നതിന്‍റെ വേഗത കുറഞ്ഞേക്കാം, പക്ഷേ ഒരു സമൂലശുദ്ധികലശത്തിന് സഭ തയ്യാറാകുന്നില്ലെങ്കില്‍ അധികം വിദൂരത്തല്ലാത്ത ഭാവിയില്‍ വന്‍ദുരന്തസാധ്യത നമ്മെ ചൂഴ്ന്നു നില്ക്കുന്നു.
ഏതു സഭാസമൂഹത്തിന്‍റെയും പുഷ്ടിക്കും നിലനില്പിനും അനിവാര്യമായ കാര്യങ്ങള്‍തന്നെ അതിരുവിട്ടാല്‍ അത് ആ സമൂഹത്തിന്‍റെ ഉള്ളില്‍നിന്നുള്ള അഴുകലിനും ശോഷണത്തിനും വഴിമരുന്നിടും. ഏതു സഭയ്ക്കും വിശ്വാസസംഹിതകള്‍വേണം, കാരണം അതാണ് ആ സമൂഹത്തിന്‍റെ അസ്തിവാരം. പക്ഷെ വിശ്വാസസംഹിതകളെ അതിരുവിട്ടു പൂജിക്കുമ്പോള്‍ രൂപപ്പെടുന്നത് അസഹിഷ്ണുതയും അവജ്ഞയുമായിരിക്കും. സഭാനൗകയുടെ ആദ്യത്തെ വലിയ ഓട്ട ഇന്ന് അതുതന്നെയാണ്. റീത്തും റീത്തും തമ്മിലും രൂപതയും രൂപതയും തമ്മിലുമുള്ള അസഹിഷ്ണുതയും അവജ്ഞയും.  ഓരോ സഭാസമൂഹത്തിനും ആരാധനാക്രമമുണ്ട്, അതിനു തനിമയുമുണ്ട്. അവിടെയും അതിരുവിടുമ്പോള്‍ അവയെല്ലാം വെറും അനുഷ്ഠാനങ്ങളായി അധഃപതിക്കും. കേരളസഭയുടെ രണ്ടാമത്തെ ഓട്ട അതാണ്. നിയമസംഹിതകള്‍ സഭയ്ക്ക് അനിവാര്യങ്ങളാണ്. പക്ഷെ അതും അതിരുവിടുമ്പോള്‍ നാം കാണുന്നത് കര്‍ത്താവിന്‍റെ കാലത്തെ ഫരിസേയമനോഭാവംതന്നെ, കാപട്യം അതായിരിക്കും ഫലം, അടിമുടി കേരളസഭയിന്ന് കുളിച്ചുനില്ക്കുന്നത് ഈ കാപട്യത്തിലാണ്. കൂട്ടായ്മ സഭയ്ക്ക് അത്യന്താപേക്ഷിതമാണ്. പക്ഷേ കൂട്ടായ്മ അതിരുവിടുമ്പോള്‍ തൊട്ടുകൂടായ്മയാകും, തുരുത്തുകളാകും, നല്ലമുട്ടയും അഴുകിയാല്‍ ഏറ്റവും നാറുന്നതുപോലെ അതു മതഭ്രാന്തായിതീരും. ഇങ്ങനെ എത്രയെത്ര ഓട്ടകള്‍ ഇനിയും. ഇതിനെല്ലാം കണക്കില്ലാതെ വളരാന്‍ വളമുള്ള മണ്ണായി കേരളസഭ മാറിയിരിക്കുന്നു. 
മുങ്ങുന്ന കപ്പല്‍ വിട്ടൊഴിയുന്നതുകൊണ്ട് ആരും രക്ഷപെടില്ല മുങ്ങിച്ചാകാന്‍ മാത്രമേ അതിടയാക്കൂ. കപ്പലിലായിരുന്നുകൊണ്ട് ഓട്ടകളെപ്പറ്റി ഒപ്പമുള്ളവരെ ബോധവല്‍ക്കരിക്കുവാന്‍ ശ്രമിക്കുക. അതിന്, അനുദിനം എണ്ണം ഏറിക്കൊണ്ടിരിക്കുന്ന ആള്‍ദൈവങ്ങളുടെ അഭ്യാസങ്ങള്‍കൊണ്ടു പോരാ. മൂല്യവത്തായ ജീവിതംകൊണ്ടേ അതു സാധിക്കൂ. അത് അതീവ ശ്രമകരവുമായിരിക്കും. അതിനു സഭയുടെ ചട്ടക്കൂടു വേണമെന്നുമില്ല. പക്ഷെ അതിനായി ഇറങ്ങിപ്പുറപ്പെട്ടാല്‍ പിന്തുണ കിട്ടില്ലെന്നുമാത്രമല്ല, ശരശയ്യയില്‍ കിടത്തിയെന്നുംവരാം. പക്ഷെ മനസുഖം ആവോളം ആസ്വദിക്കാം. അതിനു ചങ്കുറപ്പുള്ളവര്‍ മാത്രം അതിനിറങ്ങിത്തിരിച്ചാല്‍ മതി. 
ആഗ്രഹമുണ്ടായിരുന്നെങ്കിലും, എനിക്ക് അതിനുള്ള ചങ്കുറപ്പില്ലെന്ന് അറിമായിരുന്നതുകൊണ്ട് അടങ്ങിയൊതുങ്ങി ഞാന്‍ കഴിയുന്നു. പക്ഷേ പത്തുമുപ്പതുകൊല്ലംമുമ്പ് ആ ആചാര്യന്‍ പ്രവചിച്ച മുങ്ങുന്ന കപ്പലിന്‍റെ ഉപമ, അറംപറ്റിയതുപോലെ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ നാളുകള്‍ കാണാന്‍ അദ്ദേഹമിന്നു ജീവിച്ചിരിപ്പില്ല. വര്‍ത്തമാനം പറഞ്ഞിരുന്ന് സമയംപോയതറിഞ്ഞില്ല. അച്ചനിറങ്ങാറായിവരുന്നു. ഞാന്‍ ബോറടിപ്പിച്ചില്ലെങ്കില്‍ സന്തോഷം. ഇന്നുവരെ പലപ്പോഴും അയവിറക്കാറുണ്ടായിരുന്നെങ്കിലും ആരോടും പറയാറില്ലാതിരുന്ന ഇക്കാര്യങ്ങള്‍ അച്ചനോടൊന്നു പറഞ്ഞുകഴിഞ്ഞപ്പോള്‍ എന്തോ ഒരു സുഖം."
"മക്കളു രണ്ടുപേരുണ്ടെന്നു പറഞ്ഞതു തിരുവനന്തപുരത്തു കൂടെത്തന്നെയാണോ?"
"അവരുരണ്ടും ഞങ്ങളവിടുന്നു പോരുന്നതിനുമുമ്പുതന്നെ അവിടുത്തുകാരെ വിവാഹംചെയ്ത് അവിടെത്തന്നെയാണ്."
"അപ്പോളിന്ന് അത്താഴപ്പട്ടിണി ആയിരിക്കുമല്ലോ."
"അങ്ങനൊരു പ്രശ്നമില്ല. അതൊക്കെ അച്ചന്‍ പ്രസംഗത്തില്‍ പറഞ്ഞപോലെ, ഞങ്ങള്‍ക്കു സംവരണമില്ല. കുക്കിങ്ങൊക്കെ ഞങ്ങളൊന്നിച്ചോ മാറിമാറിയോ ആണ്. അതുകൊണ്ടു പട്ടിണികിടക്കേണ്ടിവരില്ല."
നവദമ്പതികള്‍ക്കു ഗിഫ്റ്റു കൊടുക്കാനായി പായ്ക്കുചെയ്ത് ബാഗില്‍ സൂക്ഷിച്ചിരുന്ന എന്‍റെ പുസ്തകങ്ങളുടെ സെറ്റ് തിരക്കിട്ടുപോന്നതുകൊണ്ട് അവര്‍ക്കു കൊടുക്കാന്‍ പറ്റിയില്ല. അതുകൊണ്ട് കാറില്‍നിന്നിറങ്ങിയപ്പോള്‍ ആ പായ്ക്കറ്റ് അദ്ദേഹത്തിനു കൊടുത്തു. അതു വായിക്കുമ്പോള്‍ അദ്ദേഹത്തിനു മനസ്സിലാകും അദ്ദേഹം പട്ടം സ്വീകരിക്കാതെ ഇറങ്ങിപ്പോരാനിടയായ കാരണങ്ങളും അതിലുമേറെയും ഉള്ളിലൊതുക്കി പട്ടംസ്വീകരിച്ച് അടങ്ങിയൊതുങ്ങിക്കഴിയുന്ന ആളാണ് ഞാനുമെന്ന്!!!

You can share this post!

ഭൂതോച്ചാടനം ...

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

'ലൗ ജിഹാദ് '

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts