news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

"Well, the tyranny of masculinity and the tyranny of patriarchy I think has been much more deadly to men than it has to women. It hasn't killed our hearts. It's killed men's hearts. It's silenced them; it's cut them off." - Eve Ensler 

അധീശത്വത്തിന്‍റെയും അധികാരത്തിന്‍റെയും ആണ്‍രൂപങ്ങളൊക്കെയും ചോദ്യം ചെയ്യപ്പെടുന്ന കാലം വിദൂരമല്ല. സമകാലീന സംഭവവികാസങ്ങള്‍ ഓരോന്നും ഒളിഞ്ഞും തെളിഞ്ഞും സംവദിക്കുക ഊതിവീര്‍പ്പിച്ച് 'ബലിഷ്ഠമെന്നുറ'പ്പിച്ച ആണധികാരത്തിന്‍റെ അപനിര്‍മ്മിതികളോടാണ്. കലയിലും സമൂഹത്തിലും സംസ്കാരത്തിലും മതങ്ങളിലും നിറയുന്ന ആണത്തത്തിന്‍റെ രാഷ്ട്രീയം കളമൊഴിയാറായി എന്നു തീര്‍പ്പുകല്‍പ്പിക്കാനാവില്ലെങ്കിലും അതിന്‍റെ അപകടം നന്നായി മനസ്സിലാക്കുന്ന ഒരു ചെറുകൂട്ടം എല്ലാ മേഖലയിലും ഉയര്‍ന്നു വരുന്നു എന്നത് ആശാവഹമാണ്.
അറിഞ്ഞും അറിയാതെയും ജനിച്ചുവീഴുന്ന ഓരോ ആണ്‍കുഞ്ഞും നിരന്തരം പാകപ്പെടുന്ന ഭൂമി ആണ്‍മേല്‍ക്കോയ്മയുടെയും അധികാര പ്രയോഗങ്ങളുടെയും പറുദീസയാണ്. എന്നാല്‍ ഇതിന് എന്താണിവിടെ കുഴപ്പം എന്ന നെറ്റിചുളിക്കലാവും ഭൂരിപക്ഷത്തിന്‍റെയും പ്രതികരണം.
ആണധികാരത്തിന്‍റെ ലോകം മനുഷ്യ വംശത്തില്‍ അന്തര്‍ലീനമായിരിക്കുന്നത് തികച്ചും വിഷലിപ്തമായാണെന്ന് ഭൂരിപക്ഷം പേരും തിരിച്ചറിയുന്നില്ല എന്നതാണ് ദുര്യോഗം (Lebogang Rasthaba).. എന്‍റെ പരിശ്രമം കൊണ്ടല്ലാതെ ആണ്‍വര്‍ഗ്ഗത്തിലുരുവാകുന്ന ഞാന്‍ അതുവഴി നിരന്തരം അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളും ആനുകൂല്യങ്ങളും എന്‍റെ അവകാശവും അധികാരവുമാണെന്ന് എപ്പോള്‍ സ്ഥാപിക്കാന്‍ തുടങ്ങുന്നുവോ അവിടെ തുടങ്ങുന്നു അധികാരവിനിയോഗം. ഇവിടെ യഥാര്‍ത്ഥത്തില്‍ ഇല്ലാതാകുക വര്‍ണ്ണവര്‍ഗ്ഗ ജാതി ലിംഗ വ്യതിയാനങ്ങള്‍ക്കതീതമായ മാനവരാശി എന്ന യാഥാര്‍ത്ഥ്യമാണ്.
സ്ത്രീസമത്വം, ഭിന്ന ലിംഗ സമത്വം എന്നൊക്കെ ബുദ്ധിജീവി പഴംപുരാണങ്ങള്‍ നാം പറയുന്നത് പുതിയ 'ഫാഷനും' കൈയ്യടി നേടാനുമുള്ളതാണെന്ന് ഒരുകൂട്ടര്‍. ഇവിടെ ആണനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കു മാത്രം ശബ്ദിക്കാനാരുമില്ലെന്ന് ഒരു വിഭാഗം. ചുരുക്കം പറഞ്ഞാല്‍  ഭൂമിമുഴുവന്‍ ആണ്‍വര്‍ഗ്ഗം നശിപ്പിച്ചു കളഞ്ഞെന്നാണോ നിങ്ങള്‍ പറഞ്ഞുവരുന്നത് എന്ന് അടുത്ത ചോദ്യം. ദൈവം തന്ന ശാരീരിക വ്യതിയാനങ്ങളെ അംഗീകരിക്കുമ്പോള്‍ ശക്തിയും ബുദ്ധിയുമൊക്കെ ആണിനാണ് എന്നത് നിസ്തര്‍ക്കമാണ്. പിന്നെന്തിനീ കോലാഹലം അല്ലേ?
അധികാരത്തിന്‍റെ ദുഷിച്ച ആണത്തം ആണ്‍വര്‍ഗ്ഗത്തിന്‍റെ മാത്രം പ്രശ്നമാകണമെന്നില്ല. അത് പെണ്ണിനു മുകളില്‍ സ്ഥാപിച്ചുറപ്പിക്കുന്നതുമാകണമെന്നുമില്ല. ഇത് വര്‍ഗ്ഗാതീതമായി ഉള്ളില്‍ പേറുന്ന മനോഭാവത്തിന്‍റെ പ്രശ്നമാണ്. അധികാരവും ആണത്തവും സന്ധിചെയ്യുന്നിടത്ത് അതിന്‍റെ ദുഷിപ്പനുഭവിക്കുന്നത് അത് പ്രയോഗിക്കുന്ന ഞാനുള്‍പ്പെട്ട മാനവരാശി മുഴുവനാണ്. ഇവിടെയാണ് ചിലര്‍ കാലത്തിനു മുന്‍പേ നടക്കുക. സദാചാരക്കാരുടെ സന്മാര്‍ഗ്ഗ പാഠവലികൊണ്ട് നിറഞ്ഞ ആണ്‍ സമൂഹമാണ് നമ്മുടേത്. പുറമേ മാന്യതയും സംസ്കാരസമ്പന്നതയും കുലമഹിമയും പ്രകടിപ്പിക്കുന്ന പലരും പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുമ്പോള്‍ എന്താകുമെന്നതിന് യാതൊരു ഉറപ്പുമില്ല. വീഴ്ചകളേയും ബലഹീനതകളേയും ഉള്‍ക്കൊള്ളാന്‍ വിശാല മനസുണ്ടാകേണ്ടതുള്ളപ്പോഴും അഹത്തിന്‍റെ ബലിഷ്ഠമായ ഉരുക്കു കോട്ടകളെ തകര്‍ക്കാന്‍ നന്നേ പാടുപെടുന്ന അഭിനവ 'യുധിഷ്ഠിരന്‍'മാരുടെ നാടാണ് നമ്മുടേത്.
അടുത്തിടെ മലയാളത്തിലെ ചില മുന്‍കാല സാഹിത്യകാരികള്‍ തങ്ങളുടെ ഭൂതകാലം പൊതു ഇടങ്ങളില്‍ കുടഞ്ഞിട്ടിരുന്നു. ഭ്രമകല്പനകളെന്നും നിലതെറ്റിയ മാനസിക പ്രതിസന്ധികളെന്നുമൊക്കെ പ്രതികരണങ്ങളുണ്ടായി. എന്നാല്‍ എങ്ങനെയാണീ മാനസിക നിലതെറ്റിയത്? മുറിവുകള്‍ തുറന്നു വയ്ക്കാനും അത് അധികാരത്തിന്‍റെ അപനിര്‍മ്മിതികള്‍ക്കെതിരെ ആയുധമാക്കാനും അപാരമായ ശക്തി വേണ്ടിവരും. ഇടക്കാലത്ത് ഉയര്‍ന്നുവരുന്ന Me too #  ഹാഷ്ടാഗുകള്‍ എന്തേ നിലച്ചുപോയി? ഇവിടെ ലൈംഗിക ചൂഷണങ്ങള്‍ അവസാനിച്ചതിനാല്‍ ആണോ? കാലങ്ങള്‍ക്കുശേഷവും ആരോപണങ്ങളുന്നയിക്കുന്നത് നീതികേടാണെന്ന് മാന്യസമൂഹം. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവുകള്‍ക്ക് ആര് ലേപനമാകുമെന്നത് ഇനിയും നമുക്കറിയില്ല.
ക്രിസ്തുവും ഫ്രാന്‍സീസുമൊക്കെ ലേപനമായി മാറുന്നതിവിടെയാണ്. പുരുഷാധിപത്യത്തിന്‍റെയും ആണത്തത്തിന്‍റെയും തറവാട്ടുകാരായ യഹൂദന്‍റെ ഭൂമികയില്‍ ഒരു യഹൂദനായിനിലകൊണ്ടു തന്നെയാണ് ആ സമൂഹത്തിന്‍റെ പൊള്ളത്തരങ്ങളെ അവന്‍ പൊളിച്ചടുക്കുന്നത്. വെറുതെ സുവിശേഷത്തിലേക്ക് ഒന്നു കണ്ണോടിക്കൂ.... അവന്‍ പറഞ്ഞ ഉപമകളും അവന്‍റെ ഇടപെടലുകളും ഓരം ചേര്‍ന്നവര്‍ക്കും മുഖമില്ലാത്തവര്‍ക്കും അപ്രധാനമായ പുല്ലിനും വയല്‍പ്പൂവിനും വേണ്ടിയായിരുന്നു. പാപിനി എന്നു പറഞ്ഞ് കല്ലെറിയാന്‍ പട്ടണവിളുമ്പില്‍ കൊണ്ടു വന്നവളെ ഒരുമാത്രപോലും കുറ്റപ്പെടുത്താതെ സമൂഹത്തിന്‍റെ കാരിരുമ്പു നിയമത്തെ നിഷ്പ്രയാസം ഒടിച്ചുമടക്കുന്ന ക്രിസ്തു സകല ആണധികാരത്തെയും ചോദ്യം ചെയ്യുന്നുണ്ട്. "മറ്റുള്ളവരെല്ലാം എന്നെ അവര്‍ക്കായി നോക്കിയപ്പോള്‍ അവന്‍ മാത്രം എന്നെ എനിക്കായ് നോക്കി" എന്നാണ് ഖലീല്‍ ജിബ്രാന്‍റെ മറിയം പറയുക. അപ്പോള്‍ ന്യായമായും ചോദ്യമുയരാം പിതാവായ ദൈവമെന്ന സങ്കല്പം ക്രിസ്തു മുറുകെപ്പിടിച്ചില്ലേ? തീര്‍ച്ചയായും, എന്നാല്‍ അവന്‍റെ പിതാവെന്തായിരുന്നു; വീടുവിട്ടവനെ കണ്ണിമചിമ്മാതെ കാത്തിരിക്കുന്ന അമ്മക്കണ്ണുള്ള ദൈവമല്ലേ! 
ഫ്രാന്‍സീസിന്‍റെ ജീവിതത്തിലെ ലൈംഗികതയുടെ മൂന്നു പടവുകളെപ്പറ്റി ആദ്യം കേള്‍ക്കുന്നത് ബോബി അച്ചനില്‍ നിന്നാണ്. മുള്ളുകള്‍ക്കിടയില്‍ കിടന്നുരുണ്ട് തൃഷ്ണകളെ ശമിപ്പിക്കുന്നവന്‍ അടുത്ത ഘട്ടത്തില്‍ മഞ്ഞുകൊണ്ട് ഭാര്യയെയും മക്കളെയും ഉണ്ടാക്കി തൃഷ്ണകളുടെ നൈമിഷികതകളെ നോക്കിപ്പൊട്ടിച്ചിരിക്കുന്നുണ്ട്. അവസാനഘട്ടത്തില്‍ മരണക്കിടക്കയില്‍ ചാരംപൂശി പരിപൂര്‍ണ്ണ നഗ്നനായി ഭൂമിയില്‍ കിടക്കുമ്പോള്‍ ആവൃതിക്കുള്ളിലേക്ക് കടന്നുവരാനാഗ്രഹിച്ച ജെക്കോബ എന്ന സ്ത്രീസുഹൃത്തിനെ തടഞ്ഞ സഹോദരങ്ങളോട് അത് സഹോദരി ജെക്കോബയല്ല സഹോദരന്‍ ജെക്കോബയാണെന്ന് പറയുന്നു. ലിംഗാതീത മനസ്സ് പല മുറിവുകള്‍ക്കുമുള്ള ലേപനമാണ്.Lebogang Rasthaba യുടെ People vs Patriarchy   എന്ന സൗത്താഫ്രിക്കന്‍ ഡോക്യുമെന്‍റിയുടെ തുടക്കത്തില്‍ ഒരു ഉദ്ധരണിയുണ്ട്. “The truth will set you free, but first it will piss you off” -Joe Klass.
അധികാരത്തിന്‍റെ ആണത്തത്തില്‍ നിന്നും ലിംഗാതിഷ്ഠിതമായ അനാവശ്യ ബഹുമാനങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിന്‍റെ വിഹായസ്സിലേക്കുള്ള യാത്ര ദുഷ്കരമാണ്. എങ്കിലും അതു ആനന്ദത്തിന്‍റെ വഴിയാകും.

 

ടോം കണ്ണന്താനം

എല്ലാവര്‍ക്കും 
സ്വാതന്ത്ര്യദിനാശംസകള്‍...

You can share this post!

മുഖക്കുറിപ്പ്

ടോം കണ്ണന്താനം
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts