news-details
കവർ സ്റ്റോറി

തീവ്രമാണ് സഭയില്‍ സമാധാനത്തിനായുള്ള അഭിലാഷം

സീറോ മലബാര്‍ സഭ മുന്‍പെങ്ങുമില്ലാത്ത വിധം സംഘര്‍ഷകലുഷിതമായിരിക്കുന്നു. സഭയില്‍ സമാധാനം കൈമോശം വന്നിരിക്കുന്നു. നാമേവരും അതില്‍ ഏറെ ദുഃഖിക്കുന്നു. സഭയില്‍ നമുക്ക് എങ്ങനെ സമാധാനം വീണ്ടെടുക്കാം? എങ്ങനെ സമാധാനം നിലനിര്‍ത്താം? എന്താണ് യഥാര്‍ത്ഥത്തില്‍ നാം ആഗ്രഹിക്കുന്ന സമാധാനം?

വത്തിക്കാനിലെ ധ്യാനഗുരു റെനീറോ കന്‍റലാമെസ(Raniero Cantalamesso) 2014ലെ പിറവിക്കാലത്ത് മാര്‍പാപ്പായ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്കിയ പ്രഭാഷണത്തില്‍ മൂന്നുതരം സമാധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. 

1. യേശുക്രിസ്തുവില്‍ ദൈവത്തിന്‍റെ സമ്മാനമായ സമാധാനം.

2. നാം ജീവിതത്തില്‍ സഫലീകരിക്കേണ്ട ദൗത്യമെന്ന നിലയിലുള്ള സമാധാനം.

3. പരിശുദ്ധാത്മാവിന്‍റെ ഫലമായ, അകമേ ആത്മാവില്‍ അനുഭവിക്കുന്ന സമാധാനം.*

'സമാധാന ഉടമ്പടി (എസെ. 37, 26)യെക്കുറിച്ച് എസെക്കിയേല്‍ പ്രവാചകന്‍ പറയുന്നു. എല്ലാ ജനതകള്‍ക്കുമായി അത് നല്കപ്പെട്ടിരിക്കുന്നതായി ഏശയ്യ വ്യക്തമാക്കുന്നു(ഏശ 2, 25). സമാധാനത്തെക്കുറിച്ചുള്ള ഉജ്ജ്വലമായ സ്വപ്നം തുടര്‍ന്ന് പ്രവാചകന്‍ പങ്കുവയ്ക്കുന്നു. 'അവിടന്ന് ജനതകളുടെ മധ്യത്തില്‍ വിധികര്‍ത്താവായിരിക്കും. ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവന്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ച് രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയില്ല'(ഏശ 2:4). 

വീണ്ടും "ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചുവസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ ശയിക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒരിടത്തു മേയും. ഒരു ശിശു അവരെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന കുഞ്ഞ് സര്‍പ്പപൊത്തിനു മുകളില്‍ കളിക്കും. മുലകുടി മാറിയ കുട്ടി അണലിയുടെ അളയില്‍ കൈയ്യിടും. എന്‍റെ വിശുദ്ധ ഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലംകൊണ്ടെന്ന പോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ട് നിറയും"(ഏശയ്യാ 11:6-9) എന്നും പ്രവാചകന്‍ ദര്‍ശിക്കുന്നു. അതെ, ജനം യഹോവായെക്കുറിച്ചുള്ള ജ്ഞാനത്താല്‍ പൂരിതരാകുമ്പോള്‍ സമാധാനം യാഥാര്‍ത്ഥ്യമാകും. തീര്‍ച്ചയായും അപ്പോള്‍ മാത്രമേ അതു സാധ്യമാകൂ. യേശുവിന്‍റെ പിറവിയെക്കുറിച്ചുള്ള പ്രവചനത്തില്‍ സമാധാനവും വാഗ്ദാനം ചെയ്യപ്പെട്ടു(ലൂക്കാ 2,14). യേശുവിനാല്‍ അയയ്ക്കപ്പെട്ടവര്‍ക്ക് അതേ സമാധാനം നല്കപ്പെട്ടു. "ഞാന്‍ നിങ്ങള്‍ക്ക് സമാധാനം നല്കി പോകുന്നു. എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്കുന്നു" (യോഹ 14, 27). സത്യമായ സമാധാനവും സമാധാനത്തിന്‍റെ ഉറവിടവും യേശുവെന്ന് പൗലോസ് ഉറപ്പിച്ചുപറഞ്ഞു. "അവനാണ് നമ്മുടെ സമാധാനം" (എഫേ 2, 14). മിക്കാ അതു പ്രവചിച്ചു, "അവന്‍ നമ്മുടെ സമാധാനമായിരിക്കും"(മിക്ക 5:5). 

ബഹുദൈവമതങ്ങളില്‍ ദൈവങ്ങള്‍ അധീശത്വത്തിനും അധികാരത്തിനും വേണ്ടി പോരാടി. ക്രൈസ്തവികത ത്രിയേകദൈവമെന്ന ആശയത്തിലൂടെ സ്നേഹവും സഹാനുഭൂതിയുമുള്ള ദൈവത്തെ പരിചയപ്പെടുത്തി. അടിമയുടെ സ്ഥാനം സ്വയമേറ്റ ദൈവപുത്രനെ, ശിഷ്യരുടെ കാല്‍ കഴുകിയ ഗുരുവിനെ അവതരിപ്പിച്ചു. എന്നാല്‍ ഇന്ന്, സേവിക്കപ്പെടാനല്ലാതെ സേവിക്കാന്‍ വന്ന മനുഷ്യപുത്രന്‍റെ കാഴ്ചപ്പാട് നമ്മുടെ സഭയ്ക്ക് നഷ്ടമായോ? യേശുവിന്‍റെ കുരിശിന്‍റെ എളിമ നാം ജീവിതത്തില്‍ നിന്ന് കൈയ്യൊഴിഞ്ഞോ? ശത്രുത കൈവെടിഞ്ഞ് സ്വര്‍ഗത്തിനും ഭൂമിക്കുമിടയില്‍, തീര്‍ച്ചയായും ജനങ്ങള്‍ക്കിടയിലും സമാധാനം സ്ഥാപിക്കാന്‍ പര്യാപ്തമായ കുരിശിന്‍റെ വിനയം നമുക്ക് അന്യമായോ?

മനുഷ്യപരിശ്രമം ആവശ്യമായ സമാധാനം, കുരിശിലൂടെ കൈവരിക്കുന്ന ദൈവസമ്മാനമായ സമാധാനത്തില്‍ നിന്നത്രേ ഉറ പൊട്ടുക. ആ സമാധാനം സാധ്യമാക്കാന്‍ നമ്മുടെ ഭാഗത്തുനിന്ന് ഒരു വില നല്കേണ്ടതുണ്ട്. പരിശുദ്ധാത്മാവിനോടുള്ള സ്നേഹപൂര്‍ണമായ വിധേയത്വമത്രെ നാമൊടുക്കേണ്ട ആ വില. ദൈവം പരമനന്മയും നമ്മുടെ ആത്യന്തികലക്ഷ്യവുമാകയാല്‍ ദൈവത്തോടുള്ള അനുസരണം അടിമത്തമോ, അപമാനമോ ആകുന്നില്ല. ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ സംഗ്രഹിക്കുന്നു, "മനുഷ്യത്വത്തിന്‍റെ അന്തസ്സും ജനതയുടെ നന്മയും, അവകാശങ്ങള്‍ ത്യജിക്കാന്‍ വിസമ്മതിക്കുന്നവരുടെ സുഖസൗകര്യങ്ങള്‍ക്ക് ഉപരിയായ പരിഗണന അര്‍ഹിക്കുന്നു. അവ ഭീഷണി നേരിടുമ്പോള്‍ പ്രവാചകസ്വരം ഉയര്‍ന്നേ പറ്റൂ." (ഇടയലേഖനം, Euangelii Gaudium (EG) 218) ശാസനങ്ങളിലൂടെയോ അപരനെ അടിച്ചമര്‍ത്തിയോ നിശ്ശബ്ദനാക്കിയോ സമാധാനം സ്ഥാപിക്കാനാവില്ല. പരനിന്ദയും വിദ്വേഷവും കൈയ്യൊഴിയുമ്പോള്‍, അപ്പോള്‍ മാത്രമേ, സമാധാനവും കൈവരൂ. നീതിയില്‍ ജീവിക്കുന്ന സാഹോദര്യമാണ് സമാധാനത്തിന്‍റെ യഥാര്‍ത്ഥ അടിത്തറ. സ്നേഹവും സഹാനുഭൂതിയും സമാധാനത്തിലേക്കുള്ള ഏക വഴിയും. ബാബേലില്‍ ഏവരും ഏക ഭാഷ സംസാരിച്ചു. അചിരേണ പക്ഷേ പരസ്പരം മനസ്സിലാക്കുന്നതിലും പരസ്പരം സ്വീകരിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. ആദിമക്രൈസ്തവ സമൂഹം പല ഭാഷകളില്‍ സംസാരിച്ചു. അവര്‍ പക്ഷേ പരസ്പരം ഉള്‍ക്കൊണ്ടു. പരസ്പരം വരവേറ്റു. എന്താണ് ഇരുകൂട്ടര്‍ക്കുമിടയില്‍ വ്യത്യാസം? ആദിമക്രൈസ്തവ സമൂഹത്തില്‍ എല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യപ്പെട്ടു. ബാബേലിലാവട്ടെ എല്ലാ സ്വന്തം മഹത്ത്വത്തിനായും. ബാബിലോണ്‍ നഗരവും ജറുസലേം നഗരവും തമ്മില്‍ അതാണ് അന്തരം; സാത്താന്‍റെ നഗരവും ദൈവത്തിന്‍റെ നഗരവും (വി. അഗസ്റ്റിന്‍). 

'വിദൂരസ്ഥരും സമീപസ്ഥരുമായവര്‍ക്കുള്ള സമാധാന'ത്തെക്കുറിച്ച് പൗലോസ് പറയുന്നു(എഫേ 2, 17). നമ്മുടെ ജീവിതസാഹചര്യത്തില്‍ അടുത്തുള്ളവരുമായി സമാധാനത്തിലായിരിക്കുക എന്നത് ഏറെ ദുഷ്കരമായിരിക്കുന്നു. പലപ്പോഴും മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഇടയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ നാം ആവേശഭരിതരാകുന്നു. അതിനായി വിലപ്പെട്ട മൂല്യങ്ങളിലും ദീര്‍ഘമായ പാരമ്പര്യത്തിലും വരെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നു. അങ്ങനെ നാം ഉല്‍പതിഷ്ണുക്കളും ഉദാരരുമെന്ന് മേനി നടിക്കുന്നു. ഒരൊറ്റ ചോദ്യം ഇവിടെ ഉന്നയിക്കപ്പെടുന്നു. അധികാരസമവാക്യത്തിന്‍റെയും സമ്പത്തിന്‍റെയും പേരില്‍ തരംതാഴ്ന്നരീതിയില്‍ തമ്മില്‍ തല്ലുന്ന നമുക്ക് ക്രൈസ്തവര്‍ എന്ന നിലയില്‍ എങ്ങനെ ലോകത്തിന് സമാധാനത്തിന്‍റെ മാര്‍ഗം കാണിച്ചുകൊടുക്കാനാകും? "ലൗകികരായതുകൊണ്ടല്ലേ നിങ്ങളില്‍ ചിലര്‍ ഞാന്‍ പൗലോസിന്‍റെ ആളാണ് എന്നും ചിലര്‍ ഞാന്‍ അപ്പോളോസിന്‍റെ ആളാണ് എന്നും പറഞ്ഞു നടക്കുന്നത്. അപ്പോളോസ് ആരാണ്? പൗലോസ് ആരാണ്? കര്‍ത്താവ് നിശ്ചയിച്ചതനുസരിച്ച് നിങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ശുശ്രൂഷകര്‍ മാത്രം. ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍ ദൈവമാണ് വളര്‍ത്തിയത്... നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. ആ ആലയം നിങ്ങള്‍തന്നെ. (1 കൊറി 3: 4-7, 16-17). 

സമാധാനം, നാം തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ദൈവത്തിന്‍റെ സമ്മാനവും മനുഷ്യന്‍റെ പ്രയത്നവും ഒപ്പം പരിശുദ്ധാത്മാവിന്‍റെ ഫലവുമത്രേ. മാംസവും ആത്മാവും തമ്മിലുള്ള അനന്തമായ മല്‍പ്പിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശുദ്ധാത്മാവിന്‍റെ ഫലത്തെക്കുറിച്ച് പൗലോസ് പരാമര്‍ശിക്കുന്നു. 

"എന്നാല്‍ ആത്മാവിന്‍റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയത്രേ. ഇവക്കെതിരായി ഒരു നിയമവുമില്ല" (ഗലാ 5:22, 23). ആത്മീയവരങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ പ്രത്യേകദാനങ്ങള്‍ തന്നെ. അവ അവന്‍ മനസ്സാകുന്നവര്‍ക്ക് മനസ്സുള്ളപ്പോള്‍ നല്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ ദൈവത്തിന്‍റെ കൃപയും മനുഷ്യന്‍റെ ഇച്ഛയുമത്രേ. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കാം. ഫലങ്ങള്‍ പക്ഷേ ഏവര്‍ക്കും ഒന്നാണ്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ തയ്യാറാകുന്ന ഒരാളുടെ അടയാളം ആത്മാവിന്‍റെ ഫലമായ സമാധാനമായിരിക്കും. ആന്തരിക സമാധാനവും ശാന്തിയും പ്രതിഫലിക്കുന്ന മനോഭാവവും പെരുമാറ്റശൈലിയുമാണ് ആ അടയാളം. ഇടയര്‍ക്കും സുവിശേഷകര്‍ക്കും ഇത് അനിവാര്യമത്രേ. 

സഹോദരരെ ലോകമെങ്ങും അയക്കവേ, വി. ഫ്രാന്‍സിസ് അവരോടു പറഞ്ഞു: "നിങ്ങള്‍ അധരത്താല്‍ പ്രഘോഷിക്കുന്ന സമാധാനം, ആദ്യം നിങ്ങളുടെ ഹൃദയങ്ങളിലുണ്ടാകട്ടെ. (മൂന്നു സഹയാത്രികരുടെ ഇതിഹാസം 58).

യേശുവില്‍ സമാധാനത്തിന്‍റെ ആവശ്യകത  യോഗികളായ മയ്സ്റ്റര്‍ എക്ഹാര്‍ട്ടും(Meister Echart) ഫോളിഗ്നോയിലെ ആഞ്ചലയും (Angela of Foligno) ആവിലായിലെ തെരേസയും (Theresa of Avila) ഊന്നിപ്പറയുന്നു- "അവനവനെ ദൈവത്തില്‍ സമര്‍പ്പിക്കുന്നവന്‍ ആരോ, അവന് സമാധാനം. ദൈവത്തിന് പുറത്ത് അവനവനെ പ്രതിഷ്ഠിക്കുന്നവന് അശാന്തി" (എക്ഹാര്‍ട്ട്, കന്‍റലാമെസയുടെ ഉദ്ധരണി, പേജ് 60). 

"ഞാന്‍ അവനിലായിരിക്കുന്ന സമാധാനത്തിലേക്ക് നയിക്കപ്പെട്ടു. അതിനാല്‍ ഞാന്‍ എല്ലാത്തിലും ആനന്ദം കൊള്ളുന്നു" (ഫോളിഗ്നയിലെ ആഞ്ചല - ആര്‍. കന്‍റലാമെസയുടെ ഉദ്ധരണി പേജ് 48). "ഒന്നും നിങ്ങളെ അലോസരപ്പെടുത്താന്‍ അനുവദിച്ചുകൂടാ, ഒന്നും നിങ്ങളെ ഭയപ്പെടുത്താന്‍ അനുവദിച്ചുകൂടാ, എല്ലാം കടന്നുപോകും, ദൈവം മാത്രം അനശ്വരം, ക്ഷമ എല്ലാം നേടുന്നു. ദൈവമുള്ളവന് ഒന്നും കുറയുന്നില്ല. ദൈവം മാത്രം മതിയാകും." (ആവിലായിലെ തെരേസ, ആര്‍. കന്‍റലാമെസയുടെ ഉദ്ധരണി പേജ് 62). യോഗാത്മകതയേക്കാള്‍ നൈഷ്ഠിക സന്ന്യാസത്തിന് മുന്‍തൂക്കം നല്കിയ ഇഗ്നേഷ്യസ് ലയോള യഥാര്‍ത്ഥ ആന്തരികസമാധാനത്തിനുള്ള ഉപാധിയെന്ന നിലയില്‍ എല്ലാ വ്യക്തിതാല്‍പര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഉപരിയായി ഒരു 'വിശുദ്ധ നിര്‍മമത'(Holy indifference)യെക്കുറിച്ച് പറയുന്നു. നമ്മുടെ എല്ലാ പരിഗണനകളിലും പ്രധാന മാനദണ്ഡം ഈ വിശുദ്ധ നിര്‍മമതയാവണം. ശരിയാണ് പറയുന്നത്ര എളുപ്പമല്ല പ്രവൃത്തി. ആത്മാവില്‍ മനസ്സര്‍പ്പിച്ചവര്‍ക്ക് പക്ഷേ ഇതു കഴിയും. ശേഷം അവര്‍ ഹൃദയത്തില്‍ സമാധാനം ആസ്വദിക്കും. "ജഡികതാല്‍പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്‍റെ ശത്രുവാണ്. അത് ദൈവത്തിന്‍റെ നിയമത്തിന് കീഴ്പ്പെടുന്നില്ല; കീഴ്പ്പെടാന്‍ അതിനു സാധിക്കുകയുമില്ല. ജഡികപ്രവണതയനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല...... ജഡികരായി ജീവിക്കുന്നുവെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍ ശരീരത്തിന്‍റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും (റോമാ 8:7-13). 

ഭൗതികസമ്പത്തിനും ആത്മീയസമ്പത്തിനും മധ്യേ മുന്‍ഗണനകള്‍ മാറിമറിയുമ്പോള്‍ സഭ കൂട്ടക്കുഴപ്പങ്ങളുടെ വിളനിലമാകുന്നു. സഭയുടെ വിശുദ്ധിക്കും നന്മയ്ക്കും ഉപരിയായി നമ്മുടെ അഹംഭാവവും പ്രതിച്ഛായയും പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ നാം യേശുവില്‍ നിന്നും അവന്‍റെ ദൗത്യത്തില്‍ നിന്നും അകലുന്നു. 

'ദരിദ്രന്‍റെ വിജ്ഞാനം' ((Wisdom of Poor man) എന്ന പുസ്തകത്തില്‍ എലോയ് ലെക്ലെര്‍ക്ക് വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍നിന്ന് ഒരേട് വിവരിക്കുന്നു. അനുയായികളുടെ വിയേജിപ്പുകളിലും ഉദാസീനതയിലും ആഴത്തില്‍ അസ്വസ്ഥനായ വി. ഫ്രാന്‍സിസ് അതിന്‍റെ ഉത്തരവാദി താനെന്നു കരുതി ഏറെ വേദനിച്ചു. ലാവെര്‍ണാ വിട്ട് അവന്‍ സാന്‍ഡാമിയാനോയില്‍ ക്ലാരയെ കാണാനെത്തി. അവന്‍ അവളോട് ഉപദേശവും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചു. ഫ്രാന്‍സിസിനെ ആശ്വസിപ്പിച്ച ക്ലാരയുടെ വാക്കുകള്‍ അവനെ ധൈര്യപ്പെടുത്തി. "ദൈവം പണികഴിപ്പിച്ച ഒന്നും മനുഷ്യന്‍റെ ഇച്ഛയുടെയും ആഗ്രഹത്തിന്‍റെയും അടിത്തറയിലാവുക സാധ്യമല്ല. ദൈവത്തിന്‍റെ മന്ദിരം അധികം ഉറപ്പുള്ള അടിത്തറയിലാവും അവന്‍ സ്ഥാപിക്കുക." സമചിത്തത വീണ്ടെടുത്ത ഫ്രാന്‍സിസ് സൗമ്യമായി ഇങ്ങനെ പറഞ്ഞു, "ദൈവം എന്‍റെ കരുതലില്‍ ഭരമേല്പിച്ച ഈ ആത്മീയപ്രസ്ഥാനത്തിന്‍റെ ഭാവി എന്‍റെ ദുര്‍ബല കഴിവുകള്‍ക്ക് സ്വയം വഹിക്കാവുന്നതിലുമപ്പുറമാണ് എന്നത് എന്നെ ആകുലപ്പെടുത്തി. അതെ, ഇത് ദൈവത്തിന്‍റെ പ്രസ്ഥാനമാണ്. അവന്‍ സ്ഥാപിച്ചതാണ്. ഇതിന്‍റെ ഭാവി ദൈവത്തിന്‍റെ കരങ്ങളില്‍ ഭദ്രമാണ്. നീ അത് എനിക്കു നന്നായി വ്യക്തമാക്കി. എന്നാല്‍ സമാധാനത്തിന്‍റെ വിത്തായി ഈ വാക്കുകള്‍ എന്‍റെയുള്ളില്‍ മുളയ്ക്കാന്‍ നീ പ്രാര്‍ത്ഥിക്കുക." പ്രസാദവാനായ ദരിദ്രരില്‍ ദരിദ്രന്‍ വഴിയിലുടനീളം ഉച്ചത്തില്‍ പാടിക്കൊണ്ട്, സഹോദരര്‍ക്കൊപ്പം മടങ്ങി: "ദൈവമുണ്ട്, അതുമതി, ദൈവമുണ്ട് അതു മതി" (ആര്‍, കന്‍റലാമെസയുടെ ഉദ്ധരണി പേജ് 55, 56).  വിരുദ്ധവിഭാഗങ്ങള്‍ തമ്മിലുള്ള വിദ്വേഷാത്മകമായ ആരോപണങ്ങളിലും ആക്രമണോത്സുകമായ വാഗ്വാദങ്ങളിലും തെളിഞ്ഞുനില്ക്കുന്ന വെറുപ്പും പകയും സ്വാര്‍ത്ഥതയും അഹങ്കാരവും ഒരിക്കല്‍ ഐശ്വര്യപൂര്‍ണമായിരുന്ന സീറോ മലബാര്‍ സഭയെ, പ്രത്യേകിച്ച് അതിന്‍റെ സുവിശേഷവത്ക്കരണത്തെയും വിശ്വാസികളുടെ വിശ്വാസത്തെയും അസ്ഥിരപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുമെന്ന ഉത്കണ്ഠ ഉയര്‍ത്തിയിരിക്കുന്നു. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പായുടെ ശാശ്വത സാംഗത്യമുള്ള ആ പ്രയോഗം നമുക്കിവിടെ ഓര്‍മ്മിക്കാം, "അനിവാര്യമായവയില്‍ ഐക്യം, സംശയങ്ങളില്‍ സ്വാതന്ത്ര്യം, പക്ഷേ എല്ലാറ്റിലും കാരുണ്യവും സ്നേഹവും."

എല്ലാ പ്രതിസന്ധിയിലും വളര്‍ച്ചയ്ക്കുള്ള സാധ്യതയും സാധുതയും ഒളിപ്പിച്ചിരിക്കുന്നുവെന്നതിനാല്‍ ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിച്ചും എല്ലാവരിലും കരുണ ചൊരിഞ്ഞും ഈ സാഹചര്യങ്ങള്‍ മറികടക്കാമെന്ന് നമുക്ക് പ്രത്യാശിക്കാം. "ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരു നില്ക്കും... ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ?... നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു; കൊലക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു... നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു... എന്തെന്നാല്‍ മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ അധികാ

രത്തിനോ ആഴത്തിനോ ആകാശങ്ങള്‍ക്കോ സ്രഷ്ടമായ എന്തിനെങ്കിലുമോ യേശുക്രിസ്തുവില്‍ ദൃശ്യമായ ദൈവത്തിന്‍റെ സ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്താനാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്" (റോമാ 8:31-39).  
(* ആര്‍. കന്‍റലാമെസ, ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തരുന്നു (I Give You Peace) മീഡിയ ഹൗസ് ദില്ലി. ഇവിടെ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്ന ചിന്തകള്‍ ഈ പുസ്തകത്തെ ആധാരമാക്കിയിരിക്കുന്നു.) 

You can share this post!

മള്‍ട്ടിപ്പള്‍ ഇന്‍റെലിജന്‍സ്: ഒരാമുഖം

അംബിക സാവിത്രി
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts