news-details
കവർ സ്റ്റോറി

ആദരവ് അധികാരമാക്കരുത്

 ചോദ്യം ചെയ്യപ്പെടാത്ത നിരവധി ആചാരങ്ങളും ധാരണകളും സമൂഹം ഇന്നും പിന്‍തുടരുന്നു. ഇത്തരത്തിലുള്ള പല സംഗതികളും ഒരു അനുഷ്ഠാനംപോലെ തുടങ്ങിവയ്ക്കുന്നതും പിന്തുടര്‍ന്നു പോരുന്നതും പ്രോത്സാഹിപ്പിക്കുന്നതും സ്ത്രീവര്‍ഗം തന്നെ. തങ്ങളുടെ ഹൃദയക്കൂടിന്‍റെ പുറംപാളിയിലെ ഒരംശം പൊട്ടിച്ചെടുത്ത് സൃഷ്ടിക്കപ്പെട്ടവന് അവള്‍ നല്കുന്ന ആദരവിന്‍റെയും അംഗീകാരത്തിന്‍റെയും 'ദുഷിച്ചരൂപ'മാണ് ഇന്നത്തെ ആണധികാരം. തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മോഹങ്ങളുമൊക്കെ ഉറക്കികിടത്തിയിരിക്കുന്ന ഹൃദയക്കൂടിന്‍റെ സംരക്ഷണവേലിയില്‍ വിള്ളല്‍ വീണപ്പോള്‍ തങ്ങള്‍ക്കൊരു കരുതല്‍ വേണമെന്ന തോന്നല്‍ അവരിലുദിച്ചു. ആ കരുതല്‍മോഹമാണ് അവളെ പുരുഷന്‍റെ മേല്‍ക്കോയ്മാ ദണ്ഡിന്‍റെ വരുതിയിലാക്കിയത്. അവസരവാദികളായ ആണ്‍വര്‍ഗം വീണുകിട്ടിയ ഈ ആദരവിനെ സ്ത്രീകളുടെ മേലുള്ള അധികാരമാക്കി, അതാണ് ആണത്തമെന്ന് തെറ്റിദ്ധരിപ്പിച്ചു. തങ്ങളിലൂടെ മാത്രമേ സ്ത്രീ പൂര്‍ണതയിലെത്തൂ എന്നൊരു ബോധം അവരില്‍ വളര്‍ത്തിയെടുത്തു. അങ്ങനെ സമൂഹത്തില്‍ ഒഴിവാക്കപ്പെടാനാവാത്ത ഒരു തിന്മയായി ആണധികാരം വേരാഴ്ത്തി.

കുടുംബത്തിലെ 
പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം ആണ്‍ശബ്ദത്തിനാണ് മുന്‍ഗണന. ശബ്ദമിടാന്‍ സ്വന്തം വീട്ടിലാളില്ലെങ്കില്‍ അതിനുപറ്റിയ ഒരു ശബ്ദദാതാവിനെ അന്യവീട്ടില്‍ നിന്ന് ബഹുമാനിച്ച് ആദരിച്ച് ക്ഷണിച്ചുവരുത്തി, ശബ്ദം മുഴക്കിപ്പിച്ച് അതിന്‍റെ പ്രസരണത്തില്‍ മുങ്ങിക്കുളിച്ച്, തലയാട്ടി കാണിക്കണമെന്നതാണ് ഇന്നും സ്ത്രീജാതിയുടെ ധാരണ.

ഈറ്റുനോവിനു വിലപേശുന്ന ആണ്‍പിറവി

 ഈറ്റില്ലത്തില്‍ നിന്നുതന്നെ അവന്‍ ആധിപത്യം പുലര്‍ത്തി തുടങ്ങുന്നു. ഒരു 'സ്ത്രീ' നൊന്തുപെറ്റ കുഞ്ഞിന്‍റെ ആദ്യകരച്ചില്‍ കേള്‍ക്കുമ്പോള്‍ തന്നെ ഈറ്റുപുരയുടെ വാതിക്കല്‍ നില്ക്കുന്ന പ്രായമായ ഒരു സ്ത്രീയില്‍ നിന്ന് ഈറ്റുകാരിയുടെ നേര്‍ക്ക് ആദ്യമുയരുന്ന ചോദ്യമിതാണ്; "നമുക്കുള്ളതോ, അതോ വല്ലവനുമുള്ളതോ?" അതായത് കുഞ്ഞ് ആണോ പെണ്ണോ? ആണിന്‍റെ വിശേഷണമാണ് 'നമുക്കുള്ളവന്‍.' ഈ പ്രയോഗത്തില്‍ തന്നെ ആണിന് നല്കുന്ന പ്രാധാന്യം വളരെ വ്യക്തമാണ്. പെണ്‍ജനനം തികച്ചും അപ്രസക്തമാകുന്നു. ഇവിടെ എടുത്തുപറയേണ്ട വസ്തുത 'നമുക്കുള്ളവന്‍' എന്ന കുപ്പായമിടുവിച്ച് ആണ്‍പിറവി ആഘോഷമാക്കുന്നത് ഒരു 'സ്ത്രീ' ആണ് എന്നതാണ്. പാരമ്പര്യം പിന്തുടരാന്‍, അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ 'ആണ്‍വഴി' തന്നെ വേണമെന്ന വിശ്വാസം അവളുടെ നെഞ്ചകത്ത് മിടിക്കുന്നുണ്ട്. അത്തരം ആചാരപൂര്‍ത്തിക്കായി അവള്‍ നോമ്പെടുത്ത് ആണിനെ പെറാന്‍ കാത്തിരിക്കുന്നു! സ്ത്രീ, അവളറിയാതെ തന്നെ അനുവദിച്ചു നല്കുന്ന സ്നേഹഭിക്ഷയാണ് പിന്നീട് അവളുടെ നേരെ ആണ്‍കോയ്മയായി വളര്‍ന്ന് അവള്‍ക്ക് അരുതുകളുടെ കടിഞ്ഞാണ്‍ ഇടുന്നത്. 

ഒരു ആണ്‍പിറവിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവനോടൊപ്പം ഒരു മേല്‍ക്കോയ്മ ദണ്ഡും കനപ്പെട്ടു തുടങ്ങുന്നു. സ്കൂളിലെ ഹാജരുബുക്കില്‍ തുടരുന്നു അവന്‍റെ മുന്നേറ്റം. ആദ്യം ആണ്‍കുട്ടികളുടെ പേര്, ഉത്തരക്കടലാസുകള്‍ ആദ്യം ആണ്‍കുട്ടികള്‍ക്ക്, മത്സരങ്ങളും ആദ്യം ആണ്‍കുട്ടികള്‍ക്ക്... അങ്ങനെ എല്ലായിടത്തും ആണ്‍വര്‍ഗം 'ആദ്യ'ക്കാരാകുന്നു. 

പെണ്‍വിലാസം മ്ലേച്ഛമല്ല

നമ്മുടെ ഭാഷയില്‍ രക്ഷാകര്‍ത്ത്രി, രക്ഷാധികാരിണി എന്നീ മനോഹര പദങ്ങളുണ്ടെങ്കിലും പ്രയോഗിക്കപ്പെടുന്നത് 'രക്ഷാകര്‍ത്താവ്, രക്ഷാധികാരി' എന്നീ പദങ്ങളാണ്. ഇതു നല്കുന്ന സൂചന രക്ഷാധികാരം ആണില്‍ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത് എന്നാണ്. സ്ത്രീ എന്നും രക്ഷിക്കപ്പെടേണ്ടവള്‍ എന്ന വിഭാഗത്തിലേക്കു മാറ്റിനിര്‍ത്തപ്പെടുന്നു.  വിധവകള്‍, ഏകസ്ഥര്‍, ആണ്‍മക്കളില്ലാത്തവര്‍ എന്നിങ്ങനെ പലതരം കള്ളികളിലേക്ക് അവര്‍ ഒതുക്കപ്പെടുന്നു. ഇത്തരക്കാര്‍ക്ക് പ്രത്യേക പരിരക്ഷ ഉറപ്പുവരുത്താന്‍ നിയമപരിഷ്കരണം വേണമെന്നും പറയുന്നു. ആരില്‍നിന്നാണ് ഇവരെ പരിരക്ഷിക്കേണ്ടത്? ആണ്‍വിലാസം പേരിനൊപ്പമില്ലാത്ത ഇവരോട് അതിക്രമം കാട്ടുവാന്‍ മുതിരുന്നവരാരാണ്? തീര്‍ച്ചയായും അതു പുരുഷവര്‍ഗം തന്നെ. അപ്പോള്‍ കടിഞ്ഞാണ്‍ തുളയ്ക്കപ്പെടേണ്ടത് പുരുഷന്‍റെ കുതിപ്പിലാണ്. ശാരീരികമായും മാനസികമായും ഒരു ആണ്‍സംരക്ഷണമോ, കരുതലോ ഇല്ലാത്ത സ്ത്രീകള്‍ പലപ്പോലും സമൂഹത്തിന്‍റെ മുന്നില്‍ അപഹാസ്യരാകാറുണ്ട്. അവളുടെ ഇച്ഛാശക്തിയെയും കരുത്തിനെയും നിഷേധത്തിന്‍റെയും അഹങ്കാരത്തിന്‍റെയും ശാപത്തിന്‍റെയും മഷിപുരട്ടി വേറിട്ടുനിര്‍ത്താനാണ് സമൂഹത്തിനു താല്‍പര്യം. നെറ്റിയില്‍ സിന്ദൂരക്കുറിയും കഴുത്തില്‍ താലിച്ചരടും അണിഞ്ഞ്, ഞനൊരു ആണധികാരിയുടെ പ്രജയാണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയാത്തവള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. സ്ത്രീ എന്ന ഒരേ വര്‍ഗത്തില്‍തന്നെ ശബ്ദമില്ലാത്തവളെയും സ്വാതന്ത്ര്യമില്ലാത്തവളെയും മാനമില്ലാത്തവളെയും സൃഷ്ടിക്കുന്നത് കുടുംബവും മതവും സമൂഹവുമൊക്കെയാണ്. അവളുടെ ശബ്ദത്തെയും സ്വാതന്ത്ര്യത്തെയും മാനത്തെയും ഹനിച്ചവന്‍ 'ആണ്‍' എന്ന ആനുകൂല്യത്താലോ, അതിലുപരി അവകാശത്താലോ സംരക്ഷിക്കപ്പെടുന്നു, ന്യായീകരിക്കപ്പെടുന്നു. അവന്‍റെ പ്രവൃത്തികള്‍ക്കെല്ലാം ആണ്‍ലിംഗത്തിന്‍റെ പേരില്‍ പരിരക്ഷ ലഭിക്കുന്നു. അവശേഷിക്കുന്നത് 'പരാജിത' മാത്രം; അവള്‍ക്ക് മുഖം നഷ്ടപ്പെടുന്നു. 'പരാജിതന്‍' എന്നൊരു വിഭാഗം സൃഷ്ടിക്കപ്പെടുന്നുമില്ല. 

 സംരക്ഷിക്കപ്പെടേണ്ട ഒരു വിഭാഗം ഉടലെടുക്കുന്നത് ഉപദ്രവകാരികളായ ബദല്‍ വിഭാഗം വളര്‍ന്നുവരുമ്പോഴാണ്. ഈ രണ്ടു വിഭാഗങ്ങളും മനുഷ്യജാതി എന്ന പൊതുവിഭാഗത്തിലെ രണ്ട് ഇനങ്ങള്‍ മാത്രം. ഒരേ വിഭാഗത്തിലെ ഒരു വര്‍ഗം ഭരിക്കേണ്ടവരും മറ്റൊരു വര്‍ഗം ഭരിക്കപ്പെടേണ്ടവരും എന്നു തീരുമാനിക്കപ്പെടാന്‍ പ്രധാന കാരണം പെണ്‍ജാതിയില്‍, എത്ര കുടഞ്ഞാലും പിടിവിടാതെ കിടക്കുന്ന ചില ആചാരങ്ങളാണ്. ആചാരങ്ങള്‍ പാലിക്കുന്നതിലാണ് തങ്ങളുടെ കരുത്ത് എന്ന അന്ധവിശ്വാസം പെണ്‍ജാതിയുടെ സിരകളില്‍ അന്നും ഇന്നും സജീവമായി നുരയുന്നു. 

ശബ്ദലിംഗത്തിന്‍റെ വിവേചനം

കുടുംബത്തിലെ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം ആണ്‍ശബ്ദത്തിനാണ് മുന്‍ഗണന. ശബ്ദമിടാന്‍ സ്വന്തം വീട്ടിലാളില്ലെങ്കില്‍ അതിനുപറ്റിയ ഒരു ശബ്ദദാതാവിനെ അന്യവീട്ടില്‍ നിന്ന് ബഹുമാനിച്ച് ആദരിച്ച് ക്ഷണിച്ചുവരുത്തി, ശബ്ദം മുഴക്കിപ്പിച്ച് അതിന്‍റെ പ്രസരണത്തില്‍ മുങ്ങിക്കുളിച്ച്, തലയാട്ടി കാണിക്കണമെന്നതാണ് ഇന്നും സ്ത്രീജാതിയുടെ ധാരണ. ആണ്‍ശബ്ദം കൊണ്ട് മുദ്രിതമായെങ്കില്‍ മാത്രമേ കാര്യങ്ങള്‍ പൂര്‍ണമാകുകയുള്ളൂ എന്നാണ് വയ്പ്.  ഇതിനു വിരുദ്ധമായി സ്ത്രീശബ്ദമുയര്‍ന്നാല്‍ അവള്‍ സമൂഹത്തിന്‍റെയും മതത്തിന്‍റെയും വിരുദ്ധപട്ടികയില്‍ അടയാളപ്പെടുത്തപ്പെടും. പുരുഷനെ ആദരിക്കണം, അംഗീകരിക്കണം, അവനു കീഴ്പ്പെട്ടിരിക്കണം, അവനെതിരെ ശബ്ദിക്കരുത് എന്നൊക്കെയാണ് ബാല്യം മുതലേ സ്ത്രീകള്‍ക്ക് കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍. ഈ നിലപാടുകള്‍ക്ക് ബദലായ നിലപാടുകളെടുക്കാന്‍ ജീവിതസാഹചര്യങ്ങള്‍ ഒരുവളെ നിര്‍ബന്ധിതയാക്കിയാല്‍, കുടുംബവും സമൂഹവും മതവും ഒരുപോലെ  ഒത്തുചേര്‍ന്ന് അവളെ വഴിപിഴച്ചവള്‍ എന്നു മുദ്രകുത്തും. 

ആണധികാരം ആണൊരുത്തന്‍ തന്‍റെതന്നെ കഴിവോ, മിടുക്കോ കൊണ്ട് സൃഷ്ടിച്ചെടുക്കുന്നതല്ല, പെണ്ണൊരുത്തി കല്പിച്ചു നല്കുന്ന ദാക്ഷിണ്യമാണ്. ദാക്ഷിണ്യമായി കിട്ടിയ മാന്യതയെ, അവളെ അടക്കിഭരിക്കുന്നതിനുള്ള ധാര്‍ഷ്ട്യമാക്കി മാറ്റിയത് ആണിന്‍റെ സ്വാര്‍ത്ഥത. 'അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ എനിക്കു തന്നു, ഞാന്‍ തിന്നു' എന്നു പറഞ്ഞ സ്വാര്‍ത്ഥനും ഇണയെ പരിരക്ഷിക്കാന്‍ കഴിവില്ലാത്തവനുമായവന്‍റെ പിന്‍ഗാമികളില്‍ നിന്ന് എന്തിനധികം നന്മ പ്രതീക്ഷിക്കണം! കല്ലെറിയാന്‍ ഉന്നംനോക്കി നിന്ന ആണ്‍പറ്റത്തിനെ ഒറ്റവാക്കുകൊണ്ട്  ചിതറിച്ച അവതാരപ്പിറവി ഒരു പുരുഷനായിരുന്നുവെന്ന് അവര്‍ മറക്കാതിരിക്കട്ടെ. അവന്‍ കൈയാളിയ അധികാരം അവര്‍ തിരിച്ചറിയട്ടെ.

നിഴല്‍മറയില്‍ കരുത്തൂറ്റരുത്

സംവരണം ചെയ്ത പ്രത്യേകമതില്‍കെട്ടിലേക്ക് തെളിച്ചുകയറ്റി ആണധികാരിയുടെ മേല്‍നോട്ടത്തില്‍ ചലിക്കേണ്ട സ്ത്രീവേഷങ്ങളായി ഇന്ന് പെണ്‍ജാതി അധപ്പതിക്കുകയാണ്. സംവരണത്തിന്‍റെ പേരില്‍ കിട്ടുന്നതെന്താണ്? നെയിം ബോര്‍ഡ് വച്ച മേശയ്ക്ക് പിന്നില്‍ ആസനമുറപ്പിക്കാനൊരു ആഡംബര കസേര. പക്ഷേ കരങ്ങള്‍ കെട്ടപ്പെട്ടിരിക്കുന്നു. കണ്ണുകള്‍ മൂടപ്പെട്ടിരിക്കുന്നു. കാതുകള്‍ ബധിരമാക്കപ്പെട്ടിരിക്കുന്നു. ചിന്തകള്‍ വന്ധീകരിക്കപ്പെട്ടിരിക്കുന്നു. ആണ്‍കോയ്മയുടെ ഇംഗിതങ്ങള്‍ വിഴുങ്ങി, അവര്‍ ചൂണ്ടിക്കാണിക്കുന്നിടത്ത് ഛര്‍ദ്ദിച്ചിട്ട് കേമത്തം നടിക്കുന്ന സംവരണലാഭികളെയാണ് പലപ്പോഴും സംവരണരംഗം സൃഷ്ടിക്കുന്നത്. സംവരണത്തിന്‍റെ പേരില്‍ സൃഷ്ടിക്കപ്പെടുന്നവര്‍ ആണ്‍കോയ്മയുടെ നടത്തിപ്പുകാരായ പെണ്‍വേഷങ്ങളാണ്. സ്ത്രീസംവരണരംഗത്ത് മുന്‍നിരയിലെത്തുന്ന സ്ത്രീകള്‍ ആണ്‍ജാതിയുടെ ഉപഭോഗവസ്തുക്കളാണ്. ശാരീരികമായ ഉപഭോഗമല്ല ഇവിടെ ഉദ്ദേശിക്കുന്നത്, അവരുടെ ഇച്ഛാശക്തിയും കഴിവും അറിവുമൊക്കെ ചൂഷണം ചെയ്യപ്പെടുന്നു. അവളെ എന്നും തന്‍റെ നിഴലിന്‍റെ മറവില്‍ തമസ്കരിച്ച് നിര്‍ത്താനാണ് അവന്‍ ശ്രമിക്കുക. 

സംവരണമല്ല, സമത്വമാണ് ഇവിടെ പുലരേണ്ടത്. മനുഷ്യന്‍ എന്ന ഒരേ ജാതിയില്‍ രണ്ടു വര്‍ഗങ്ങള്‍ മാത്രമാണെന്നും രണ്ടുകൂട്ടരുടെയും ഇച്ഛാശക്തിക്ക് തുല്യപ്രാധാന്യമാണെന്നും തിരിച്ചറിയേണ്ടത് സ്ത്രീസമൂഹമാണ്. പുരുഷന് ആണ്‍കോയ്മ എന്ന പദവി ചാര്‍ത്തി, ആദരിച്ചുപോരുന്ന സ്ത്രീവര്‍ഗത്തിന്‍റെ പ്രതികരണശേഷി വളരുകയല്ല, നിലവിലേതില്‍ നിന്നും വ്യത്യസ്തമാകുകയാണ് ആവശ്യം. ഉടയ്ക്കപ്പെടുന്നവള്‍ എന്ന ധാരണ തിരുത്തി, ഉടച്ചവന്‍റെ അധികാരത്തെ ചോദ്യംചെയ്യാന്‍ ശബ്ദം ഉയര്‍ത്തണം. ഉടയ്ക്കപ്പെട്ടവള്‍ എന്ന അടയാളം ചാര്‍ത്തപ്പെടുമ്പോള്‍ മൂടുപടത്തിനു പിന്നിലേക്ക് മറയുകയല്ല വേണ്ടത്, പ്രതികരിക്കുക. 

പരസ്പരം കരുതലാകുക 

കരുതലിനെ പുല്ലിംഗ-സ്ത്രീലിംഗ കോളങ്ങളില്‍ വേര്‍തിരിച്ചെഴുതി മൂല്യനിര്‍ണയം നടത്താതിരിക്കുക. കരുതല്‍ എന്നാല്‍ കായിക കരുത്തിന്‍റെ ആലിംഗനമല്ല, പരസ്പരമുള്ള സ്വത്വത്തെ തിരിച്ചറിവാണ്, ആദരിക്കലാണ്, അംഗീകരിക്കലാണ്. കുടുംബകാര്യങ്ങളില്‍ അവസാന വാക്ക് സമ്മിശ്രസ്വരങ്ങളുടെ മേളനമാകട്ടെ. പൊതുസ്വഭാവമുള്ള ആണിടങ്ങളും പെണ്ണിടങ്ങളും ഉണ്ടാകട്ടെ, പക്ഷേ പെണ്ണിടങ്ങള്‍ക്കാവശ്യം രക്ഷാധികാരിയെ അല്ല 'രക്ഷാധികാരിണി'യെ ആണ്. ഒരു 'രക്ഷാധികാരി' രൂപം അവരുടെയിടയില്‍ ഇടിച്ചുകടക്കാതെയിരിക്കട്ടെ. 

ഒരു രക്ഷാധികാരിയുടെ ഭാഷയില്‍ സ്ത്രൈണതയും പുരുഷത്വവും ഇടകലരട്ടെ. ആണധികാരം സ്ത്രീ ചുമലില്‍ വഹിക്കേണ്ട ഒരു നുകമല്ല.  അവന്‍റെ അധികാരം അവളുടെ ചുമലുകള്‍ ഇടിച്ചു താഴ്ത്താനല്ല, ബലപ്പെടുത്താനാകട്ടെ. പരസ്പരം കരുതലോടെ ചുമലും ശിരസ്സും ഉയര്‍ത്തട്ടെ. ആദരവ് ഏകപക്ഷീയമാകരുത്, അന്യോന്യം അതുണ്ടാകട്ടെ. അവള്‍, അവനെ ആദരിക്കുന്നത് ബലഹീന എന്നൊരു കാഴ്ചപ്പാടില്‍ നിന്നാകരുത്, തങ്ങളുള്‍പ്പെടുന്ന മനുഷ്യവര്‍ഗത്തിലെ തുല്യഇനം എന്ന പരിഗണനയിലാകണം. അവളുടെ ആദരവ്, അവന് അഭിമാനമാകുന്നു.   

You can share this post!

തീവ്രമാണ് സഭയില്‍ സമാധാനത്തിനായുള്ള അഭിലാഷം

മാത്യു പൈകട കപ്പൂച്ചിന്‍
അടുത്ത രചന

ഒരു അതിജീവനത്തിന്‍റെ യാത്ര (The journey of a suicide survivor)

ഷെറിന്‍ നൂര്‍ദീന്‍
Related Posts