news-details
വേദ ധ്യാനം

ബൈബിള്‍ വ്യാഖ്യാനം - ഒരു ലഘുചരിത്രം

ബൈബിളിന്‍റെ ജനകീയവത്കരണവും അനുബന്ധപ്രശ്നങ്ങളും

സാധാരണ ജനതയുടെ സംസാരഭാഷകളില്‍ ബൈബിള്‍ പരിഭാഷകള്‍ ലഭ്യമായതോടെ, ബൈബിളിന്‍റെ വായനയും വ്യാഖ്യാനവും പതിനഞ്ചാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ത്തന്നെ വന്‍തോതില്‍ ജനകീയവല്‍ക്കരിക്കപ്പെട്ടുവെന്നു കഴിഞ്ഞ ലക്കം ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നല്ലോ. ബൈബിളിന്‍റെ ജനകീയവല്‍ക്കരണത്തിനു രാസത്വരകമായി വര്‍ത്തിച്ച മറ്റൊരു പ്രധാന സംഭവം പ്രൊട്ടസ്റ്റന്‍റ് നവീകരണമാണ്. നിലപാടുകള്‍ തിരുത്തണമെന്നു സഭ ആവശ്യപ്പെട്ടപ്പോള്‍ മാര്‍ട്ടിന്‍ ലൂഥര്‍ 1521ല്‍ നടത്തിയ ഒരു പ്രസ്താവന, ബൈബിളിനെ സംബന്ധിച്ച പ്രൊട്ടസ്റ്റന്‍റ് നിലപാടു വ്യക്തമാക്കുന്നതാണ്: "മാര്‍പ്പാപ്പമാരും സൂനഹദോസുകളും തെറ്റുകളും വൈരുദ്ധ്യങ്ങളും നിറഞ്ഞ പല കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ട് എന്നതുകൊണ്ട് എനിക്ക് അവരുടെ പരമാധികാരം അംഗീകരിക്കാനാവില്ല. ബൈബിളോ, സാധാരണയുക്തിയോ തെറ്റാണെന്നു തെളിയിക്കാത്തിടത്തോളം കാലം ഞാന്‍ ദൈവവചനം പറയുന്നതുമാത്രമേ അനുസരിക്കൂ".

പക്ഷേ, ദൈവവചനം കൃത്യമായി പഠിപ്പിക്കുന്നതെന്താണെന്ന് ആര്‍ക്ക് ഉറപ്പോടെ പറയാനാകും? സാബത്തു ലംഘിക്കുന്നവന്‍ വധിക്കപ്പെടണമെന്നു പുറപ്പാട് 31:14 ല്‍ നാം വായിക്കുന്നുണ്ട്. വ്യഭിചാരത്തിനു മരണശിക്ഷയാണ് തോറാ കല്പിക്കുന്നത് (ലേവ്യര്‍ 20:10). ഇവയൊക്കെ അതേപടി ഇന്നും അനുവര്‍ത്തിക്കാനാകുമോ? ജോഷ്വ സൂര്യനെ അനക്കാതെ നിര്‍ത്തിയെന്നും ഏലിയാ അഗ്നിരഥത്തില്‍ കയറി ആകാശത്തേയ്ക്കു പോയിയെന്നുമൊക്കെയുള്ള സാമാന്യയുക്തിക്കു നിരക്കാത്ത കാര്യങ്ങള്‍ എങ്ങനെയാണു വ്യാഖ്യാനമില്ലാതെ മനസ്സിലാക്കാനാകുക? കുറച്ചുകാലത്തേക്ക്, സഭയുടെ നിയന്ത്രണവും ബൈബിള്‍ വ്യാഖ്യാനത്തിനുള്ള പരമാധികാരവും ചോദ്യം ചെയ്യപ്പെട്ട ആദ്യനാളുകളില്‍, ആര്‍ക്കും എന്തും എങ്ങനെയും വ്യാഖ്യാനിക്കാം എന്ന സ്ഥിതിവിശേഷം ഉടലെടുത്തു. കാര്യങ്ങള്‍ എവിടംവരെപോയി എന്നു വ്യക്തമാകാന്‍ അക്കാലത്തെ ഇംഗ്ലീഷ് കവി ജോണ്‍ ഡ്രൈഡന്‍ പറഞ്ഞതിന്‍റെ സാരാംശം പരിഗണിച്ചാല്‍ മതിയാകും: ഏറ്റവും കൂടുതല്‍ ശബ്ദത്തോടെ സംസാരിക്കുന്നവന്‍റെ വ്യാഖ്യാനം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഡോക്ടറേറ്റു നല്കിയത് ഉന്നതപഠനകേന്ദ്രങ്ങളായിരുന്നില്ല, പരിശുദ്ധാത്മാവായിരുന്നു. ബൈബിള്‍ വ്യാഖ്യാനിക്കാനുള്ള യോഗ്യത പഠിച്ചു നേടിയ അറിവല്ല, ഉന്നതത്തില്‍ നിന്നുള്ള കൃപയായിത്തീര്‍ന്നു. കുത്തിയിരുന്നു പഠിച്ചിട്ടല്ല, ഉപവസിച്ചും പ്രാര്‍ത്ഥിച്ചുമാണു ബൈബിള്‍ വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ടത്. ദൈവവചനത്തെക്കുറിച്ച് ആവേശത്തോടെയുള്ള സംസാരം കൂടുന്നതിനനുസരിച്ച്, വചനത്തെക്കുറിച്ചുള്ള അറിവ് കുറഞ്ഞുവന്നു.

ഈ പ്രവണതയ്ക്കു പ്രതിവിധിയായിട്ടാണ് ബൈബിള്‍ സംബന്ധിയായ ഗവേഷണങ്ങള്‍ക്കുവേണ്ടി ഒന്നാന്തരം പഠനകേന്ദ്രങ്ങള്‍ യൂറോപ്പിലെങ്ങും ഉയര്‍ന്നുവന്നത്. ഇതേ കാലത്ത് (16-17 നൂറ്റാണ്ടുകളില്‍) നിക്കോളാസ് കോപ്പര്‍നിക്കസ്, ഗലീലിയോ ഗലീലി, യൊഹാന്നസ് കെപ്ലര്‍ തുടങ്ങിയവര്‍ ശാസ്ത്രീയാന്വേഷണത്തിന്‍റെ പിന്‍ബലത്തില്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന പ്രപഞ്ചസംബന്ധിയായ അനേകം കാര്യങ്ങള്‍ അബദ്ധജടിലമാണെന്നു തെളിയിക്കുന്നുണ്ട്. ഐസക് ന്യൂട്ടണ്‍, ഫ്രാന്‍സിസ് ബേക്കണ്‍, റെനേ ദെക്കാര്‍ത്ത് എന്നിവരുടെ നേതൃത്വത്തില്‍ മനുഷ്യയുക്തി എല്ലാ അന്വേഷണങ്ങളുടെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെട്ടതും ഇക്കാലഘട്ടത്തില്‍ത്തന്നെയാണ്.

ആരാണ് പഞ്ചഗ്രന്ഥിയുടെ കര്‍ത്താവ്?

മുന്‍പറഞ്ഞ ശക്തമായ സ്വാധീനങ്ങള്‍ നിമിത്തം ബൈബിളിനെ സംബന്ധിച്ച് അതുവരെ ചോദ്യം ചെയ്യപ്പെടാതെ നിന്ന പല അനുമാനങ്ങള്‍ക്കും ഇളക്കം തട്ടിത്തുടങ്ങി. അതിപ്രധാനമായ ഒരെണ്ണം മാത്രം ഇവിടെ ഉദാഹരണമായി പറയുകയാണ്. പഞ്ചഗ്രന്ഥിയുടെ (തോറാ=നിയമം) രചയിതാവ് ആരാണ്? കാലാകാലങ്ങളായി പഠിപ്പിച്ചതും വിശ്വസിച്ചതും യഹോവ മോശയ്ക്കു നേരിട്ടു നല്കിയതാണു തോറാ എന്നാണല്ലോ. പന്ത്രണ്ടാം നൂറ്റാണ്ടില്‍തന്നെ അബ്രഹാം ഇബ്ന്‍ എസ്രയെന്ന യഹൂദ പണ്ഡിതന്‍ ഈ വിശ്വാസത്തെ ചോദ്യം ചെയ്തതാണ്. അബ്രാഹം കാനാന്‍ ദേശത്തിലൂടെ സഞ്ചരിക്കുന്നതിനെക്കുറിച്ചു വിവരിക്കുന്നിടത്ത് ഉല്‍പ്പത്തി 12:6 ല്‍ "അക്കാലത്ത് കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു" എന്നു നാം വായിക്കുന്നുണ്ട്. ഈ ഭാഗം എഴുതപ്പെടുന്ന സമയത്ത് കാനാന്‍കാര്‍ കാനാന്‍ ദേശത്തു താമസിച്ചിരുന്നില്ല എന്നാണല്ലോ അതിനര്‍ത്ഥം. പക്ഷേ മോശ മരിക്കുവോളം കാനാന്‍കാര്‍ ആ ദേശത്തുണ്ടായിരുന്നുവല്ലോ. ജോഷ്വായുടെ സമയത്താണ് കാനാന്‍കാര്‍ തോല്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും. അപ്പോള്‍ ഉല്‍പ.12:6 മോശയുടെ പേനയില്‍നിന്നു വന്നതല്ലെന്നു വ്യക്തം. ഇത്തരം സംശയങ്ങള്‍ ഉള്ളപ്പോഴും പഞ്ചഗ്രന്ഥിയുടെ ഭൂരിഭാഗവും മോശയാണു രചിച്ചതെന്ന് എസ്രയും ബാക്കിയെല്ലാവരും വിശ്വസിച്ചിരുന്നു. 

തത്ത്വചിന്തകരായ തോമസ് ഹോബ്സും ബാറൂക് സ്പിനോസയും പഞ്ചഗ്രന്ഥിയെ സംബന്ധിച്ചു വേറെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. ഉല്‍പ. 36:31ല്‍ "ഇസ്രായേല്‍ക്കാരുടെ നാട്ടില്‍ രാജഭരണം ആരംഭിക്കുന്നതിനുമുമ്പ്..." എന്നു നാം വായിക്കുന്നു. മോശയുടെ മരണശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് രാജാക്കന്മാര്‍ ഇസ്രായേലിനെ ഭരിച്ച് തുടങ്ങുന്നത്. അപ്പോള്‍ ഇതും മോശ എഴുതിയതാണെന്നു കരുതുക വയ്യ. "കര്‍ത്താവിന്‍റെ യുദ്ധങ്ങളുടെ ഗ്രന്ഥം" എന്നൊരു ഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണി സംഖ്യ 21:14ല്‍ നാം വായിക്കുന്നുണ്ട്. "കര്‍ത്താവിന്‍റെ യുദ്ധങ്ങള്‍" ജോഷ്വായുടെ നേതൃത്വത്തില്‍ നടന്നവയായിരുന്നു. മോശയുടെ മരണശേഷം നടത്തപ്പെട്ട യുദ്ധങ്ങളെക്കുറിച്ചുള്ള പ്രസ്തുത ഗ്രന്ഥത്തില്‍നിന്ന് എങ്ങനെയാണു മോശയ്ക്ക് ഉദ്ധരിക്കാനാകുക? ഇവ്വിധത്തില്‍ പഞ്ചഗ്രന്ഥിയെക്കുറിച്ചും അതിന്‍റെ ഗ്രന്ഥകര്‍ത്താവായ മോശയെക്കുറിച്ചും പുതിയ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കപ്പെട്ടുകൊണ്ടേയിരുന്നു. മോശയല്ലെങ്കില്‍ പിന്നെയാരാണ് പഞ്ചഗ്രന്ഥി എഴുതിയത്?

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പണ്ഡിതന്മാരെ സഹായിച്ച ഒരു പ്രധാന കാര്യം പഞ്ചഗ്രന്ഥിയില്‍ ദൈവം പല പേരുകളില്‍ അറിയപ്പെടുന്നു എന്ന വസ്തുതയാണ്. ചിലയിടങ്ങളില്‍ എലോഹീം ('ദൈവം' എന്നു മലയാള പരിഭാഷ) എന്നും മറ്റിടങ്ങളില്‍ യഹോവ ('കര്‍ത്താവ്' എന്നു മലയാള പരിഭാഷ) അവിടുന്നു വിളിക്കപ്പെടുന്നു. എന്തുകൊണ്ടാണിങ്ങനെ? രണ്ടു രേഖകളെ കൂട്ടിയിണക്കിയാണു പഞ്ചുഗ്രന്ഥിക്കു രൂപം കൊടുത്തതെന്ന് ഫ്രഞ്ചു പണ്ഡിതനായ Jean Astruc വാദിച്ചു. ഉല്‍പത്തി 15ലും 17ലും ദൈവവും അബ്രാഹവും തമ്മില്‍ ഉടമ്പടി സ്ഥാപിക്കപ്പെട്ടു എന്നു പറയുന്നുണ്ട്. ബെര്‍ഷെബാ എന്ന സ്ഥലത്തിന് ആ പേരു ലഭിച്ചതെങ്ങനെയെന്നുള്ള വിവരണം ഉല്‍പ. 21:22-31 ലും 26:28-33 ലും നാം കാണുന്നുണ്ട്. രണ്ടു രേഖകള്‍ ഒരുമിച്ചു ചേര്‍ത്തതുകൊണ്ടാണ് ഇത്തരം ആവര്‍ത്തനങ്ങള്‍ സംഭവിച്ചതെന്നു വിശദീകരിക്കാനും അങ്ങനെ സാധിച്ചു.

ഈ രേഖകളെ ആരാണു യോജിപ്പിച്ചത്? രേഖകള്‍ രണ്ടേയുള്ളോ, അതോ അതില്‍ കൂടുതലുണ്ടാകുമോ? ഇത്തരം ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നു. യാക്കോബിന് ഇസ്രായേല്‍ എന്ന പേരു ലഭിക്കുന്ന രണ്ടുവിവരണങ്ങള്‍ ഉല്‍പത്തി പുസ്തകത്തിലുണ്ട് (32:24-30; 35:9-10). രണ്ടിടത്തും ദൈവം 'എലോഹീം' എന്നാണു വിളിക്കപ്പെടുന്നത്. അപ്പോള്‍ ദൈവത്തെ 'എലോഹീം' എന്നു വിളിക്കുന്ന രണ്ടു രേഖകളുണ്ടാകുമോ? (ഒരു രേഖയിലേതാണു ഇവ രണ്ടുമെങ്കില്‍ വെറും ആവര്‍ത്തനമാകുമല്ലോ അത്. ഒരു ഗ്രന്ഥകര്‍ത്താവ് ഒരേ കാര്യം പലതവണ പറയുന്നത് സാമാന്യയുക്തിക്കു നിരക്കുന്നതല്ലല്ലോ.)
മുന്‍പറഞ്ഞ ചേദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനുവേണ്ടിയുള്ള അന്വേഷണത്തില്‍ ഒരു പ്രധാന നാഴികക്കല്ലായത്  W.M.L. de Wette(1780-1849)യുടെ കണ്ടെത്തലാണ്. പഞ്ചഗ്രന്ഥിയിലെ അവസാനഗ്രന്ഥമായ നിയമാവര്‍ത്തനം ആദ്യനാലു ഗ്രന്ഥങ്ങളില്‍നിന്നു തുലോം വിഭിന്നമാണെന്ന് അദ്ദേഹം കണ്ടെത്തി. നിയമാവര്‍ത്തനത്തിന്‍റെ രചനാശൈലിയും അതിലെ നിയമങ്ങളും അതിന്‍റെ ദേവാലയസംബന്ധിയായ കാഴ്ചപ്പാടുകളും എല്ലാം മറ്റു നാലുഗ്രന്ഥങ്ങളുമായി ഒട്ടുമേ പൊരുത്തപ്പെടുന്നവയല്ല. ഉദാഹരണത്തിന്, ഇസ്രായേല്‍ ജനം രാജാവിനെ ആവശ്യപ്പെടുമ്പോള്‍ സാമുവല്‍ പ്രവാചകന്‍ അങ്ങേയറ്റം വിമുഖത കാട്ടുന്നുണ്ട് (1 സാമുവല്‍ 8:6-21). എന്നാല്‍ ഇസ്രായേലിനെ ഭരിക്കാന്‍വേണ്ടി രാജാവിനെ വാഴിക്കണമെന്നാണ് നിയമാവര്‍ത്തനം 17:14-20ല്‍ പറയുന്നുണ്ട്. മോശയുടെ കാലത്തുള്ളതാണ് നിയമാവര്‍ത്തനപുസ്തകമെങ്കില്‍ സാമുവല്‍ പ്രവാചകന് അത് പരിചിതമാകണമായിരുന്നു. അങ്ങനെയല്ല എന്നു വ്യക്തം. സാമുവല്‍ രാജത്വത്തെ എതിര്‍ക്കുന്നതുകൊണ്ട്, രാജത്വത്തെ അംഗീകരിക്കുന്ന നിയമാവര്‍ത്തനപുസ്തകം എഴുതപ്പെട്ടത് സാമുവലിന്‍റെ കാലത്തിനുശേഷം, രാജാക്കന്മാരുടെ  കാലത്താണ് എന്നു യുക്തിഭദ്രമായി അനുമാനിക്കാം. 2രാജാക്കന്മാര്‍ 22ല്‍ ജോസിയാ രാജാവിന് ജറുസലെം ദേവാലയത്തില്‍നിന്ന് ഒരു നിയമഗ്രന്ഥം കിട്ടുന്നതായി പരാമര്‍ശമുണ്ട്. ഇസ്രായേലിലുള്ള എല്ലാ അള്‍ത്താരകളും ആരാധനാകേന്ദ്രങ്ങളും തകര്‍ത്തിട്ട്, ജറുസലെം കേന്ദ്രമാക്കിയുള്ള ആരാധനാരീതി നിര്‍ബന്ധിതമാക്കിയത് ജോസിയാ രാജാവാണ്. നിയമാവര്‍ത്തനപുസ്തകം ജറുസലെം കേന്ദ്രീകൃതമായ ഈ ആരാധനാസങ്കല്പം അതേപടി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ വസ്തുതകളുടെയെല്ലാം പിന്‍ബലത്തില്‍, ബി. സി. ഏഴാം നൂറ്റാണ്ടിനൊടുക്കം ഭരിച്ച ജോസിയാ രാജാവിന്‍റെ കാലത്താണ് പഞ്ചഗ്രന്ഥിയിലെ അവസാനപുസ്തകം രചിക്കപ്പെട്ടത് എന്ന്  de Wette സമര്‍ത്ഥിച്ചു. ഈ രേഖ D (Deuteronomy) എന്നു പൊതുവെ വിളിക്കപ്പെട്ടു.

ദൈവത്തെ യഹോവയെന്നു മാത്രം വിളിച്ച രേഖ J (Jehovah) എന്നറിയപ്പെട്ടു. ദൈവത്തെ എലോഹിം എന്നു മാത്രം വിളിച്ച രേഖ E (Elohim)എന്നും അറിയപ്പെട്ടു. ഈ മൂന്നു രേഖകളുടെ കൂടെ, പുരോഹിത അനുഷ്ഠാനങ്ങളും ബലിയര്‍പ്പണങ്ങളും കേന്ദ്രപ്രമേയമായി വരുന്ന P (Priestly)  എന്ന രേഖയും കൂട്ടിവയ്ക്കപ്പെട്ടു. P യുടെ കാഴ്ചപ്പാടില്‍ യഹോവ തന്‍റെ നാമം ആദ്യം വെളിപ്പെടുത്തിയത് മോശയ്ക്കാണ് (പുറപ്പാട് 6:2-3). മോശയ്ക്കു മുമ്പ് മറ്റാര്‍ക്കും ആ നാമത്തെക്കുറിച്ച്  അറിവുണ്ടായിരുന്നില്ല. അപ്പോള്‍ P രേഖ, മോശയ്ക്കു മുമ്പ് ദൈവത്തെ 'എലോഹിം' എന്നും മോശയ്ക്കു ശേഷം ദൈവത്തെ 'യഹോവ' എന്നും വിളിക്കുന്നു. യാക്കോബിന് ഇസ്രായേല്‍ എന്നു പേരു നല്കുന്ന രണ്ടു വിവരണങ്ങളിലും ദൈവം 'എലോഹിം' എന്നു വിളിക്കപ്പെടുന്നതിനുള്ള കാരണം ഇപ്പോള്‍ നമുക്കു വ്യക്തമാണല്ലോ: ഒരു വിവരണം E രേഖയില്‍നിന്നും മറ്റേതു P രേഖയില്‍നിന്നുമാണ്. 

നാലുരേഖകളില്‍ ഏറ്റവും പുരാതനം J യും E യുമാണെന്നുംD അതിനോടു കൂട്ടിവയ്ക്കപ്പെട്ടുവെന്നും ഏറ്റവും ഒടുക്കമാണ് P ഇവയോടു ചേര്‍ന്നതെന്നും യുക്തിഭദ്രമായി സ്ഥാപിക്കപ്പെട്ടു. പഞ്ചഗ്രന്ഥി എന്നത് ഒരൊറ്റ രചയിതാവിന്‍റെ ഏകശിലാരൂപത്തിലുള്ള ഗ്രന്ഥമല്ലെന്നും പല കാലഘട്ടത്തില്‍ എഴുതപ്പെട്ട J,E,D,P എന്നീ നാലു രേഖകളുടെ സമുച്ചയമാണെന്നും പണ്ഡിതര്‍ക്കിടയില്‍ പൊതുസമ്മതി നേടിയ പരികല്പന പൂര്‍ണമായും വികസിപ്പിച്ചെടുത്തത് ജൂലിയസ് വെല്‍ഹൗസനെന്ന(1844-1915) ജര്‍മന്‍ പണ്ഡിതനാണ്. ഈ നാലുരേഖകളുടെ രചനാകാലത്തെക്കുറിച്ചും ഇവയിലേതാണ് ആദ്യത്തേത്, അവസാനത്തേത് എന്നതിനെക്കുറിച്ചുമുള്ള തര്‍ക്കങ്ങള്‍ തുടരുമ്പോഴും പഞ്ചഗ്രന്ഥി ഒന്നിലേറെ രേഖകള്‍ പല കാലത്തു ചേര്‍ന്നുണ്ടായതാണെന്ന  കാര്യത്തില്‍ ഇന്ന് യാതൊരു തര്‍ക്കവുമില്ല. അതുകൊണ്ടുതന്നെ വെല്‍ഹൗസനെ ആധുനിക ബൈബിള്‍ വിജ്ഞാനീയത്തിന്‍റെ പിതാവായി അനേകര്‍ കരുതുന്നു. 

മ്യൂസിയങ്ങളിലെ പെയിന്‍റിങ്ങുകളില്‍നിന്ന്, ഇരുകൈകളിലും കല്പലകകളില്‍ പത്തുനിയമങ്ങളുമായി മലയിറങ്ങിവരുന്ന ജ്വലിക്കുന്ന നേത്രങ്ങളും നീണ്ട നരച്ച താടിയുമുള്ള മോശ ഇന്നും മനസ്സില്‍ ജ്വലിച്ചുനില്ക്കുന്നു. അതിന്‍റെ സ്ഥാനത്താണ് പലകാലങ്ങളില്‍നിന്നു വന്ന, വിരുദ്ധ അഭിപ്രായങ്ങളുള്ള, മുഖമില്ലാത്ത J,E,D,P എന്നീ നാലു ഗ്രന്ഥകര്‍ത്താക്കള്‍ പ്രതിഷ്ഠിക്കപ്പെട്ടത്! 

ബൈബിളില്‍ സാഹിത്യത്തിന്‍റെ സ്വാധീനം

മുന്‍പറഞ്ഞ കാര്യങ്ങളോടു ചേര്‍ത്ത് മറ്റു രണ്ടു വസ്തുതകള്‍ കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ആദ്യത്തേത് ഇതാണ്: ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ കവിതാവിഭാഗത്തില്‍ പ്രൊഫസറായി ജോലിടെയുത്തതിനുശേഷം അതു രാജിവെച്ച് ആംഗ്ലിക്കന്‍ സഭയില്‍ സേവനമനുഷ്ഠിക്കുകയും പിന്നീട് ലണ്ടനിലെ ബിഷപ്പായി പ്രവര്‍ത്തിക്കുകയും ചെയ്ത Robert Lowth 1752ല്‍ ഒരു പുസ്തകമെഴുതി: "Lectures on the Sacred Poetry of the Hebrews'' ബൈബിളിലെ പാട്ടുകളും പ്രാര്‍ത്ഥനകളും ഒക്കെ ഹീബ്രുകവിതയിലെ പ്രാസവും മറ്റു കവിതാനിയമങ്ങളും അനുസരിച്ചാണെന്ന് ആ ഗ്രന്ഥം സ്ഥാപിച്ചു. അപ്പോള്‍ ഒരു കവിത വായിച്ചു മനസ്സിലാക്കുന്ന രീതികള്‍ ബൈബിളിലെ ചില ഭാഗങ്ങള്‍ ഗ്രഹിക്കാന്‍ ആവശ്യമാണെന്നു വരുന്നു.

ബൈബിളില്‍ ചേര്‍ത്തുവയ്ക്കപ്പെട്ട സ്വരാക്ഷരങ്ങള്‍

നാം പരിഗണിക്കുന്ന രണ്ടാമത്തെ വസ്തുത, ആദ്യകാല ഹെബ്രായരേഖകളില്‍ വ്യഞ്ജനാക്ഷരങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത് എന്നതാണ്. സ്വരാക്ഷരങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുശേഷം ചേര്‍ക്കപ്പെട്ടതാണ്. 'കതക' എന്നെഴുതപ്പെട്ടത് 'കതക്' എന്നോ 'കൊതുക്' എന്നോ വായിക്കാമല്ലോ. 'പമ്പ' എന്നെഴുതപ്പെട്ടത് 'പമ്പ' എന്ന പുഴയോ 'പാമ്പ്' എന്ന ജീവിയോ, 'പമ്പ്' എന്ന ഉപകരണമോ ആകാമല്ലോ. ഇതേ പ്രശ്നം ഹെബ്രായ ഭാഷയിലുമുണ്ട്. 'സാഫര്‍' എന്നാല്‍ 'അവന്‍ എഴുതി' എന്നര്‍ത്ഥം; 'സോഫേര്‍' എന്നാല്‍ എഴുത്തുകാരന്‍, സെക്രട്ടറി എന്നൊക്കെയര്‍ത്ഥം; 'സേഫെര്‍' എന്നാല്‍ രേഖ; സഫാര്‍ എന്നാല്‍ സെന്‍സസ് എന്നിങ്ങനെ പോകുന്നു വാക്കുകളും അര്‍ത്ഥങ്ങളും. മറ്റൊരു കാര്യം, അക്കാലത്ത് കുത്ത്, കോമ തുടങ്ങിയ ചിഹ്നങ്ങളുപയോഗിച്ചിരുന്നില്ല. അക്ഷരങ്ങള്‍ക്കിടയില്‍ ഇടമൊട്ടുമില്ലാതെ തുടര്‍ച്ചയായി എഴുതപ്പെട്ടുപോന്നു. (മണ്‍കല കഷണങ്ങള്‍, പാറകള്‍, തുകലുകള്‍ തുടങ്ങിയ എഴുതാനുപയോഗിച്ചവയുടെ ദൗര്‍ലഭ്യം മൂലമാകാം ഇത്.) ഇവയ്ക്ക് ചിഹ്നങ്ങളും സ്വരാക്ഷരങ്ങളും നില്കപ്പെട്ടത് എ.ഡി. പത്താം നൂറ്റാണ്ടിനോട് അടുത്താണ് ('മസോറെറ്റിക് രേഖ' എന്ന് ഇതറിയപ്പെടുന്നു). ഇതില്‍നിന്നു വ്യക്തമാകുന്നത്, ആദ്യകാല രേഖകളുടെ രചനയ്ക്കു നൂറ്റാണ്ടുകള്‍ ശേഷമാണ് ചില യഹൂദ പണ്ഡിതര്‍ അവരുടെ നിഗമനങ്ങളനുസരിച്ച് ഇന്നത്തെ ബൈബിള്‍ രചിച്ചത് എന്നാണല്ലോ. നാം ഇന്നു വായിക്കുന്ന ദൈവവചനത്തിലെല്ലാം പിന്നില്‍ മനുഷ്യന്‍റെ യുക്തിയും നിഗമനങ്ങളും വ്യാകരണവും എല്ലാമുണ്ടെന്നു സാരം.

ഉപസംഹാരം

ബൈബിളിനെ സംബന്ധിച്ചു നാം പുലര്‍ത്തുന്ന ചില അടിസ്ഥാനധാരണകളെക്കുറിച്ച് കഴിഞ്ഞലക്കം പരമാര്‍ശിച്ചിരുന്നല്ലോ. നാം ഇതുവരെ പരിഗണിച്ച വസ്തുതകളുടെ വെളിച്ചത്തില്‍ പ്രസ്തുത ധാരണകളെ പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ബൈബിള്‍ ദൈവനിവേശിതമാണ് എന്നതുകൊണ്ട് ദൈവം നേരിട്ടെഴുതിയെന്നോ, നേരിട്ട് അരുള്‍ചെയ്തെന്നോ കരുതാനാവില്ല എന്നതു മുന്‍പറഞ്ഞ കാരണങ്ങള്‍കൊണ്ട് സുവിദിതമാണല്ലോ. മനുഷ്യവ്യക്തികളുടെ പങ്ക് ബൈബിളിന്‍റെ രചനയില്‍ സുവ്യക്തമാണ്. അതുകൊണ്ടുതന്നെ അവയ്ക്കിടയില്‍ വൈരുദ്ധ്യങ്ങള്‍ സ്വാഭാവികവുമാണ്. മനുഷ്യനെ ദൈവം ആറാം ദിവസം സൃഷ്ടിച്ചുവെന്ന് ഉല്‍പത്തി 1:27ല്‍ പറയുമ്പോള്‍ ഒന്നാം ദിവസമാണ് അവനെ സൃഷ്ടിച്ചതെന്ന് ഉല്‍പത്തി 2:5-7ല്‍ പറയുന്നു. ഒരേ സമയത്ത് പുരുഷനും സ്ത്രീയും സൃഷ്ടിക്കപ്പെട്ടുവെന്ന് ഉല്‍പത്തി ഒന്നാം അധ്യായം പഠിപ്പിക്കുമ്പോള്‍ പുരുഷനും സ്ത്രീയും പല സമയത്താണ് ഉല്‍പത്തി രണ്ടാം അധ്യായത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ഈ വൈരുദ്ധ്യങ്ങള്‍ പല കാലത്ത് എഴുതപ്പെട്ട രേഖകള്‍ ചേര്‍ത്തുവച്ചതുകൊണ്ടു സംഭവിച്ചതാണ്. വ്യത്യസ്ത രേഖകളില്‍ കാണുന്ന  നിയമങ്ങള്‍ തമ്മിലും പൊരുത്തക്കേടുകളുണ്ട്. അപ്പോള്‍ സാബത്തു ലംഘിക്കുന്നവന്‍ കൊല്ലപ്പെടണം എന്നതിനെ ചിരകാലത്തേയ്ക്കുള്ള നിയമമായി വ്യാഖ്യാനിക്കാനാകില്ലല്ലോ. ബൈബിളില്‍ രേഖപ്പെടുത്തിയതെല്ലാം മനുഷ്യന്‍റെ വ്യാകരണവും യുക്തിയും സാഹിത്യസങ്കല്പങ്ങളുമെല്ലാം അനുസരിച്ച്, പല കാലഘട്ടങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നവയാണ്. ഇവയെയെല്ലാം ഗൗരവമായി കണക്കിലെടുക്കുന്ന അന്വേഷണങ്ങളിലൂടെ കണ്ടെത്തേണ്ടതാണ് ബൈബിളിലെ അര്‍ത്ഥങ്ങള്‍. മോശയ്ക്കു യഹോവ നല്കിയതും തുടര്‍ന്ന് അതിന്‍റെ നിഗൂഢാര്‍ത്ഥം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതും അങ്ങനെ ചിലര്‍ക്കു മാത്രം വ്യാഖ്യാനിക്കാവുന്നതുമാണ് പഞ്ചഗ്രന്ഥി എന്ന ധാരണ ചരിത്രപരമായി വിലയിരുത്തുമ്പോള്‍ നിലനില്ക്കുന്നതല്ല എന്നു നാം കണ്ടുവല്ലോ. പല നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍, തനതായ അറിവുകളും ദൈവദര്‍ശനവും ഉപയോഗിച്ച് രേഖപ്പെടുത്തിയവയാണ്  ബൈബിളിലെ എല്ലാ പുസ്തകങ്ങളും. ഏതൊരു ബൈബിള്‍ വ്യാഖ്യാനവും ബൈബിളിന്‍റെ ഈ പിന്നാമ്പുറ ചരിത്രത്തോട് വിശ്വസ്തത പുലര്‍ത്തേണ്ടതുണ്ട്.

കഴിഞ്ഞ ലക്കം നാം കണ്ട ചാള്‍സ് അഗസ്റ്റസ് ബ്രിഗ്സ് ശിക്ഷിക്കപ്പെട്ടത് ബൈബിളിനെ ചരിത്രപരമായി കണ്ടതുകൊണ്ടാണ്. ബൈബിളിന്‍റെ ചരിത്രത്തെ വിശകലനത്തിനു വിധേയമാക്കി സ്പിനോസ ഗ്രന്ഥം രചിച്ചപ്പോള്‍ ചിലര്‍ അതിനെ വിളിച്ചത് 'പൈശാചികം,' 'നിരീശ്വരവാദപരം,' 'വിധ്വംസകം,' 'വിനാശകരം,' 'ദൈവദൂഷണം' എന്നൊക്കെയാണ്. ഇത്തരം ആരോപണങ്ങളില്‍ മനസ്സു മടുക്കാതെ ചിലര്‍ ഗൗരവമായ അന്വേഷണങ്ങളില്‍ ഇന്നും മുഴുകുന്നു എന്നതാണു പ്രത്യാശയ്ക്കു വക നല്കുന്നത്.  ബൈബിള്‍ സംബന്ധിയായ എല്ലാ അന്വേഷണങ്ങളെയും എതിര്‍ക്കുന്നവര്‍ ബൈബിള്‍  രൂപപ്പെട്ടുവന്ന ചരിത്രത്തോട് ഒട്ടുമേ വിശ്വസ്തത പുലര്‍ത്തുന്നില്ല എന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ.

You can share this post!

ബൈബിള്‍ വ്യാഖ്യാനം - ഒരു ലഘുചരിത്രം

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

എല്ലാം മുന്‍കൂട്ടി കണ്ടവന്‍ കാണാതെ പോയത്

ഷാജി കരിംപ്ലാനില്‍
Related Posts