news-details
കഥപറയുന്ന അഭ്രപാളി

ഞങ്ങള്‍? നിങ്ങള്‍? 'നമ്മള്‍'

 ദൃശ്യങ്ങള്‍ പലപ്പോഴും കാഴ്ചക്കപ്പുറം മറച്ചുവെച്ചിരിക്കുന്ന അനവധി കാര്യങ്ങളെ നമ്മോട് സംവദിക്കാറുണ്ട്. ആ ആശയപ്രകടനങ്ങള്‍ കാഴ്ചക്കാരനെ പ്രചോദിപ്പിക്കാറുണ്ട്, ചിന്തിപ്പിക്കാറുണ്ട് ചില അവസരങ്ങളില്‍ അസ്വസ്ഥരാക്കാറുമുണ്ട്. അത്തരത്തില്‍ കാഴ്ചക്കാരെ ചിന്തിപ്പിക്കുകയും, ഉത്കണ്ഠാകുലരാക്കുകയും, ആശയക്കുഴപ്പത്തിലാക്കുകയും, ഭീതിയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്ന മികച്ച ഒരു ദൃശ്യവിരുന്നാണ് ജോര്‍ദന്‍ പീലിയുടെ '"US'.'. ഹോറര്‍ മൂവി എന്ന തലക്കെട്ടിനു കീഴില്‍ നില്ക്കുമ്പോഴും ഈ സിനിമ നമ്മോട് സംവദിക്കുന്നത് മറ്റൊരു തലത്തില്‍ നിന്നാണ്. സിനിമ ജനിപ്പിക്കുന്ന ഭയം കാഴ്ചക്കാരനിലേക്കും കൃത്യമായി എത്തപ്പെടുന്നിടത്താണ് സിനിമയുടെ വിജയം. 

 സിനിമയുടെ തുടക്കം ഒരു ചെറിയ കുട്ടിയില്‍ നിന്നാണ്. ഒരു പാര്‍ക്കിലെ ഹോറര്‍ ഹൗസില്‍വെച്ച് ആ കുട്ടിക്കുണ്ടാകുന്ന അസാധാരണമായ ഒരനുഭവത്തില്‍ തുടങ്ങുന്ന സിനിമ പെട്ടെന്ന് വര്‍ത്തമാനകാലത്തെ ഒരു സന്തുഷ്ട അമേരിക്കന്‍ കുടുംബത്തിലേക്ക് എത്തിച്ചേരുന്നു. അവധിക്കാലമാഘോഷിക്കുവാന്‍ സാന്‍റാ ക്രൂസിലെത്തുന്ന ഈ കുടുംബം തുടര്‍ന്ന് നേരിടുന്ന ഭീകരമായ ചില അനുഭവങ്ങളിലാണ് സിനിമയുടെ രാഷ്ട്രീയം പറഞ്ഞുവെയ്ക്കപ്പെടുന്നത്. നായികാകഥാപാത്രത്തിന്‍റെ നിഗൂഢമായ ഒരു ഭയമാണ് കഥാഗതിയെ മാറ്റിത്തുടങ്ങുന്നത്. തന്നെ പിന്‍തുടര്‍ന്ന് ആരോ വരുന്നു എന്ന അവളുടെ ഭയം യാഥാര്‍ത്ഥ്യമായിത്തീരുന്നിടത്ത് സിനിമ നമ്മോട് സംസാരിച്ചു തുടങ്ങുന്നു. ഈ കുടുംബം അവരുടെതന്നെ അപരസ്വത്വത്തോട് പോരടിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരു അനിര്‍വചനീയമായ ഭീതി നമ്മെ ഗ്രസിച്ചുതുടങ്ങുന്നത്."The Tethered' എന്ന് എന്ന് വിശേഷിപ്പിക്കുന്ന ആ പരസ്വത്വത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷനേടാനുളള ആ കുടുംബത്തിന്‍റെ തീവ്രശ്രമങ്ങള്‍ കാഴ്ചക്കാരേയും വല്ലാതെ ബുദ്ധിമുട്ടിപ്പിക്കുന്നു.

 സിനിമയുടെ തുടക്കം കാണാത്ത ഒരാള്‍ക്ക് ഒരിക്കലും തുടര്‍ന്നുള്ള കഥാഗതിയെ അതിന്‍റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. അത്രമേല്‍ സംഘടിതമാണ് കഥ. എല്ലാ രംഗങ്ങളും പരസ്പര പൊരുത്തത്തോടെ നിലകൊള്ളുന്നു. ഹോറര്‍ മൂവി എന്ന് പറയുമ്പോഴും നമ്മള്‍ പതിവ് കണ്ടുശീലിച്ചിരിക്കുന്ന പൈശാചിക പശ്ചാത്തലമൊന്നും "US'ല്‍ കടന്നുവരുന്നതേയില്ല. എന്നാല്‍ ഓരോ കാഴ്ചക്കാരനേയും അസ്വസ്ഥമാക്കുന്ന, ഭീതിപ്പെടുത്തുന്ന എന്തോ ഒന്ന് "US' ല്‍ ഉണ്ട്. തുടക്കത്തില്‍ തന്നെ കാഴ്ചക്കാരനെ ഡട ന്‍റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് സിനിമയുടെ പശ്ചാത്തല സംഗീതമാണ്. കാഴ്ചക്കാരന്‍റെ സ്വസ്ഥതയെ നശിപ്പിക്കുന്ന ഒരു പശ്ചാത്തല സംഗീതമാണത്. മറ്റൊന്ന് ആ സംഗീതത്തിനൊപ്പം കാട്ടുന്ന മുയല്‍ എന്ന രൂപകമാണ്. തലച്ചോറില്‍ തികഞ്ഞ അക്രമവാസനയും എന്നാല്‍ പുറമെ ശാന്തനുമായ മുയലിനെ അറിഞ്ഞുകൊണ്ടാവണം ഇവിടെ അവതരിപ്പിച്ചത്. ഉള്ളില്‍ വലിയൊരു പ്രക്ഷോഭത്തെ ഒതുക്കി പുറമെ ശാന്തരായി നില്ക്കുന്ന ഒരു വിഭാഗത്തെ ഈ രൂപകം പ്രതിനിധാനം ചെയ്യുന്നു എന്ന് പറയാം.
ഈ സിനിമ ഏതുതരത്തിലാണ് നമ്മെ ഭീതിപ്പെടുത്തുന്നത് എന്നു ചിന്തിക്കേണ്ടിരിയിരിക്കുന്നു. നാം അത്രമേല്‍ പരിഗണിക്കാത്ത ഒരു 'സത്യ'മാണ് ഈ സിനിമയിലൂടെ നമ്മെ ഭയപ്പെടുത്തുന്നത്. സിനിമയുടെ തുടക്കത്തില്‍ കടന്നുകൂടുന്ന ആ ഭയം കഥാവസാനമാണ് ചുരുളഴിഞ്ഞ് തെളിയുന്നത്. ഇവിടെ എടുത്തു പറയേണ്ട കാര്യം ഈ ഭയത്തെ നായികാകഥാപാത്രം അവതരിപ്പിച്ചിരിക്കുന്ന രീതിയാണ്. അസാധാരണ വൈഭവത്തോടെ ഈ ഭയത്തെ കൃത്യമായി ഈ കഥാപാത്രം ആവിഷ്കരിക്കുന്നു. കഥാപാത്രത്തിന്‍റെ കണ്ണുകളില്‍ ചൂഴ്ന്നുനില്ക്കുന്ന ഭയമാണ് കാഴ്ചക്കാരേയും ഭീതിപ്പെടുത്തുന്നത്.

 വ്യത്യസ്തമായ ഒരു തലത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ഈ സിനിമ വലിയൊരതിജീവനത്തിന്‍റെ കഥകൂടിയാവുന്നു. സ്വന്തം അപരനില്‍ നിന്ന് രക്ഷപെടാനുള്ള അതിതീവ്രമായ ശ്രമത്തിന്‍റെ കഥകൂടിയാവുന്നു ഇത്. സ്വന്തം നിഴലിനോട് ജയിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെ കഥകൂടിയായി മാറുന്നു സിനിമ.

 "US' എന്ന സിനിമ കൃത്യമായ ഒരു രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഭീതിപ്പെടുത്തുക എന്നതിനപ്പുറം ഒരു മുന്നറിയിപ്പ് കൂടിയാകുന്നു ഈ സിനിമ. നാം ഭയപ്പെടേണ്ട ഒരു യഥാര്‍ത്ഥ്യത്തിലേക്ക് കാഴ്ചക്കാരെ കൊണ്ടെത്തിച്ചുകൊണ്ടാണ് "US' അവസാനിക്കുന്നത്. അമേരിക്കയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെ സൂചനയാണ്The Tethord എന്ന വിഭാഗം. അമേരിക്കയില്‍ ക്ലോണിംങ് എന്ന സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്ത ഒരു മനുഷ്യവിഭാഗത്തെ ആ പരീക്ഷണപരാജയത്തെത്തുടര്‍ന്ന് അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റുകയുണ്ടായി. അത്തരത്തില്‍ ഇരുണ്ട ലോകത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ട വിഭാഗമാണ് "Tethord'. എന്നാല്‍ ഈ വാക്ക് ഈ ഒരു വിഭാഗത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നതാണ് സത്യം. ലോകമെമ്പാടും മാറ്റിനിര്‍ത്തപ്പെട്ട ഇരുളറകളിലേക്ക് വലിച്ചെറിയപ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വലിയ സമൂഹമാണത്. ഈ പാര്‍ശ്വവത്കരണം വര്‍ണ്ണാടിസ്ഥാനത്തിലല്ല എന്നതും സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ കൂടുതല്‍ വിശാലമാക്കുന്നു. ഇവിടെ കറുത്തവരുമുണ്ട്, വെളുത്തവരുമുണ്ട്.

 സിനിമ മുന്നോട്ടു വെയ്ക്കുന്ന ഭീതി അടക്കിവെച്ചിരിക്കുന്ന ആ വലിയ വിഭാഗത്തിന്‍റെ തിരിച്ചുവരവാണ്. പിന്‍തള്ളപ്പെട്ടവരുടെ തിരിച്ചുവരവ് ഒരു പക്ഷേ നമുക്ക് നേരിടാനാവാത്തതിലും ഭീകരമായിരിക്കും. അത്രമേല്‍ സഹിച്ച ഒരു ജനതയുടെ അതിശക്തമായ വരവിനെ നേരിടാന്‍ നാം പ്രാപ്തരല്ല എന്നതാണ് സിനിമ പറഞ്ഞുവയ്ക്കുന്നത്. ഈ പാര്‍ശ്വവത്കൃത വിഭാഗം ലോകത്തിന്‍റെ അതിര്‍ത്തികളെ ഭേദിച്ച് കൈകോര്‍ത്തു നീളുന്ന ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്. ആ ചേര്‍ന്നുനില്‍പ്പ് ലോകം മുഴുവനുമുള്ള മാറ്റിനിര്‍ത്തപ്പെട്ടവന്‍റെ വലിയ ഒരു ശൃംഖലയെ സൂചിപ്പിക്കുന്നു. അവരുടെ ചുവന്ന വസ്ത്രത്തിനുപോലും ഒരു രാഷ്ട്രീയമുണ്ട്. ചുവന്ന വസ്ത്രവും 'ഞങ്ങള്‍ അമേരിക്കക്കാര്‍' എന്ന പ്രസ്താവനയും ചേര്‍ത്തുവായിക്കുമ്പോള്‍ റെഡ് ഇന്‍ഡ്യന്‍സ് എന്നൊരു ചിത്രംകൂടി ഇവിടെ തെളിയുന്നുണ്ട്. അത്തരത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉദാഹരണമായി ഈ ബിംബം മാറുന്നു. തകര്‍ത്തെറിയപ്പെട്ട ഹൃദയത്തിന്‍റെ ആഞ്ഞടിച്ചുള്ള വരവിനെ തീര്‍ച്ചയായും ഭയപ്പെടേണ്ടിയിരിക്കുന്നു.

 തുടക്കം മുതല്‍തന്നെ ഈ സിനിമ കാഴ്ചക്കാരെ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കിയാല്‍ മകളുടെ അപരസ്വത്വം മരണാസന്നയായി മുന്നില്‍ കിടക്കുമ്പോള്‍ പ്രതികാരദാഹിയായ നായിക അതിനെ കൊല്ലാതെ കടന്നുപോകുന്നുണ്ട്. മറ്റൊന്ന് മകന്‍റെ അപരസ്വത്വം തീയിലേക്ക് നീങ്ങുമ്പോള്‍ നായിക 'അരുത്' എന്ന് വിലക്കുന്നുണ്ട്. ഈ രംഗങ്ങളൊക്കെ കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. അവയുടെയെല്ലാം ഉത്തരമാണ് സിനിമയുടെ അവസാനം. Tethered എന്ന വിഭാഗത്തിന്‍റെയൊപ്പം നായികയുടെ മാറ്റം എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം നല്‍കുന്നു. അവള്‍ Tethered ആവുന്നു. ആ യാഥാര്‍ത്ഥ്യം കാഴ്ചക്കാരനെ തന്‍റെ ചോദ്യങ്ങളുടെ ഉത്തരം തേടാന്‍ സഹായിക്കുന്നു. 'ഞങ്ങള്‍ക്കും ജീവിക്കണം' എന്ന ആവശ്യമാണ് ആത്യന്തിക സത്യം. അവസാന രംഗത്തിലെ നായികയുടെ 'ചിരി' ഒരുപാട് അര്‍ത്ഥങ്ങള്‍ നല്‍കുന്നതാണ്. 'ഞാന്‍ തോല്‍ക്കില്ല, എനിക്കും ജീവിക്കണം' എന്ന നിശ്ചയദാര്‍ഢ്യം ആ ചിരിക്ക് പിന്നിലുണ്ട്. അതിര്‍രേഖകളില്ലാത്ത, തരംതിരിവുകളില്ലാത്ത, ഞങ്ങള്‍ നിങ്ങള്‍ എന്ന ഭേദമില്ലാത്ത 'നമ്മള്‍' (US) എന്നൊരു ലോകം ഉണ്ടാവണം. അത് ഉണ്ടാവും എന്നത് ഒരു മുന്നറിയിപ്പുമാകുന്നു. സിനിമയുടെ തുടക്കത്തില്‍ ഒരു രംഗത്തില്‍ കാണിക്കുന്ന "Jeremiah' എന്ന വാക്ക് ഈ സിനിമയുടെ മുഴുവന്‍ ആശയത്തേയും ഉള്‍ക്കൊള്ളുന്നു. "അവര്‍ക്ക് രക്ഷപെടാനാവാത്ത ഒരു ദുരന്തത്തെ ഞാനവരിലേക്ക് എത്തിക്കും. അവരെനിക്ക് മുന്നില്‍ എത്ര നിലവിളിച്ചാലും ഞാനത് ചെവിക്കൊള്ളില്ല". ഇതൊരു മുന്നറിയിപ്പാണ്. നാമോരോരുത്തര്‍ക്ക് പിന്നാലെയും അവര്‍ വരുന്നുണ്ട്. ഭയപ്പെടേണ്ടിയിരിക്കുന്നു.

സ്വാതിമോള്‍ കെ.എസ്.
ഫിലിം ക്ലബ്ബ് എസ്.ബി. കോളേജ്, ചങ്ങനാശ്ശേരി

You can share this post!

ജര്‍മല്‍ - നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടം

അജീഷ് തോമസ്
അടുത്ത രചന

ബ്ലൈന്‍ഡ്നെസ്സ്- അന്ധതയുടെ മറുപുറം

അജി ജോര്‍ജ്ജ്
Related Posts