news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

 
“Wall Street is broken for sure because it succumbed to greed and corruption and pure speculation with no values.”
 Deepak Chopra

ആകര്‍ഷകമായ വായ്പാ വ്യവസ്ഥിതികള്‍, തവണ അടവുകള്‍, വിരല്‍തുമ്പില്‍ വിപണി സാധ്യമാക്കിയവര്‍ മുന്നോട്ടുവയ്ക്കുന്ന വമ്പന്‍ ഓഫറുകള്‍. പ്രളയ ദുരന്തത്തിന്‍റെ അലയൊടുങ്ങി. വിപണി വീണ്ടും ചൂടുപിടിക്കുന്നു. ഓണം ഇപ്രാവശ്യം നന്നാക്കണം, കാരണം കഴിഞ്ഞവര്‍ഷം വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നല്ലോ? ഇതൊക്കെ സാധാരണ വര്‍ത്തമാനങ്ങളാകുമ്പോള്‍ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമ്പത്തിക ക്രമക്കേടുകളും പിടിപ്പുകേടുകളും വാര്‍ത്താമാധ്യമരംഗത്ത് റേറ്റിംഗ് കൂട്ടാനുപയുക്തമായ രീതിയില്‍ അരങ്ങുതകര്‍ക്കുന്ന കാഴ്ചയും ഇവിടെത്തന്നെയാണ്.
മനുഷ്യന്‍റെ ഒടുങ്ങാത്ത ദുരയ്ക്കു മുന്നില്‍പ്പടുത്തുയര്‍ത്തപ്പെടുന്ന കൊട്ടാരങ്ങളൊക്കെയും കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെട്ടതൊക്കെ പഴംപുരാണമായി കാണാനാണ് നമുക്കേറെയിഷ്ടം. എന്നാല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഇവിടെ ഇടപഴകുമ്പോള്‍ മാത്രമേ സമ്പത്തിന്‍റെ വിനിമയത്തില്‍ നാം എത്ര അജ്ഞരാണെന്നു സ്വയം തിരിച്ചറിയൂ. വിപണിയുടെ പ്രലോഭനങ്ങളില്‍ നിരന്തരം കുരുങ്ങിപോകുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നുണ്ട്. വീണ്ടും വീണ്ടും അവിടെത്തന്നെ വീഴുക എന്നതും ഒരു പുതുമയല്ല. ഒരിക്കല്‍ വീണാല്‍പിന്നെ ഒരിക്കലും മോചനമില്ലാത്ത രീതിയില്‍ വീണ്ടും അവിടെ അകപ്പെടാനുള്ള സാധ്യത വളരെയധികമാണ്.

എന്താണിവിടെ നമുക്കു പറ്റുന്നത്? ജീവിതത്തിന്‍റെ അധ്വാനശേഷിയുള്ള കാലം മുഴുവന്‍ പകലന്തിയോളം പണിയെടുത്തിട്ടുമെന്തേ പലരും ആയിരിക്കുന്ന അവസ്ഥയില്‍ അഭിവൃദ്ധിയില്ലാതെ തുടരുന്നത്? സാമ്പത്തിക അച്ചടക്ക സാമ്പത്തിക സാക്ഷരത എന്നീ പ്രയോഗങ്ങള്‍ പ്രഹസനമാകുന്നതിവിടെയാണ്.
ചോദിക്കുന്നതെന്തും സാധ്യമാക്കിക്കിട്ടുന്ന ബാല്യങ്ങളും ആഗ്രഹിക്കുന്നതൊന്നും നിറവേറ്റപ്പെടാത്ത ബാല്യങ്ങളും ചിലപ്പോള്‍ നേര്‍രേഖയില്‍ സന്ധിക്കും. അതായത് രണ്ടുകൂട്ടര്‍ക്കും ഈ സാമ്പത്തിക അച്ചടക്കം/സാക്ഷരത ഇല്ലാതെ പോകാം. ഇത് മേല്‍പ്പറഞ്ഞ കൂട്ടര്‍ക്കു മാത്രമാവണമെന്നുമില്ല, ആര്‍ക്കും സംഭവിക്കാം, ഇവയെപ്പറ്റി ബോധ്യമില്ലെങ്കിലും. കൃത്യമായ മുന്നൊരുക്കങ്ങളോ ഗൃഹപാഠങ്ങളോ ഇല്ലാതെ ഭവനനിര്‍മ്മാണത്തിനായി പദ്ധതി തയ്യാറാക്കുകയും എടുത്താല്‍ പൊങ്ങാത്ത സാമ്പത്തിക ബാധ്യതകള്‍ തലയിലേറ്റുകയും ചെയ്യുന്നവര്‍ കുറവല്ല. ഈ കൂട്ടര്‍ പണിത ഭവനത്തില്‍ ഒരുദിവസം പോലും മനശാന്തിയോടെ ഉറങ്ങിയിട്ടില്ല എന്നതാണു വാസ്തവം. ലോണെടുത്ത് അനാവശ്യ ആഡംബരങ്ങളും കാര്യക്ഷമതയില്ലാത്ത സംരംഭങ്ങളും സ്വരുക്കൂട്ടുന്നവരും ഇതേ അവസ്ഥയിലാണ്.

സാമ്പത്തിക അച്ചടക്കത്തിലേക്ക് നമ്മെ നയിക്കുന്നത് സാമ്പത്തിക സാക്ഷരതയും പരിശീലനവുമാണ്. സ്വാശ്രയസംഘങ്ങളും അവയുടെ ചെറുകിട സമ്പാദ്യശീലങ്ങളും മനുഷ്യന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ബംഗ്ലാദേശിലെ ഡോ. മുഹമ്മദ് യൂനസ് അദ്ദേഹത്തിന്‍റെ ഗ്രാമീണ്‍ ബാങ്ക് ആരംഭിക്കുന്നത് 28 USD  42 പേര്‍ക്ക് കടമായി നല്‍കിക്കൊണ്ടാണ്. ഇന്നത് ദശലക്ഷക്കണക്കിനു ഉപഭോക്താക്കളുള്ള സംരംഭമായി  മാറി. സമാനമായ നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യയിലും കേരളത്തിലും ഉണ്ടെങ്കിലും ജാതിമതവര്‍ണ്ണ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി പാലായ്ക്കടുത്ത് കൊടുമ്പിടി എന്ന കൊച്ചുഗ്രാമത്തില്‍ രണ്ടുപതിറ്റാണ്ടുകള്‍ക്കപ്പുറം ആരംഭിച്ച വികാസ് ക്രെഡിറ്റ് ഇന്‍ഫോര്‍മല്‍ ബാങ്കിംഗ് എന്ന (വിസിബ്) സംരംഭം എടുത്തു പറയേണ്ടതാണ്.
ഏകദേശം ഒരു ലക്ഷം പേരിലേക്ക് വ്യാപിച്ചുകിടക്കുന്ന ഈ സംരംഭം വെറുമൊരു വിപണന കൂട്ടായ്മ മാത്രമല്ല അതിലുപരി സാമ്പത്തിക സാക്ഷരതയുടെ ആള്‍രൂപമായിട്ട് മാറുന്ന ഒരു വിസ്മയമാണിവിടെ സംഭവിക്കുന്നത്. സ്ത്രീശാക്തീകരണം മുതല്‍ സ്വയവബോധവും ആത്മവിശ്വാസവും അതിന്‍റെ അംഗങ്ങളിലും ഗുണഭോക്താക്കളിലും നിറയ്ക്കുന്നതും അതിശയത്തോടെ മാത്രമെ കാണാനാവൂ.

ആഗോളവത്ക്കരണത്തിനും സാമ്പത്തികമാന്ദ്യങ്ങള്‍ക്കും ഒരു മറുപടി എന്ന നിലയിലും ഈ സംരംഭത്തെ കാണാനാവും. സമാനമായ ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഈ കൊച്ചുകേരളത്തില്‍ ഇനിയും പ്രസക്തിയുണ്ടെന്ന് നാം മറന്നുപോകരുത്. മാറിവന്ന രാഷ്ട്രീയ സാമ്പത്തിക സ്ഥിതി വിശേഷങ്ങളിലും മാറാത്ത ഒന്നാണ് വിപണിയുടെ കുടില തന്ത്രങ്ങള്‍. അങ്ങനെയുള്ള തന്ത്രങ്ങളില്‍പ്പെട്ട് രാജ്യങ്ങള്‍പോലും കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് അടിയറവു പറയുന്ന കാലത്താണ് ശരാശരി മലയാളിയുടെ മുന്നില്‍ വിസിബ് വഴിയും വഴികാട്ടിയുമാവുന്നത്. വിസിബ് സെക്രട്ടറി കെ.സി. തങ്കച്ചനെന്ന സാധാരണ മനുഷ്യന്‍റെ അസാധാരണ നേതൃത്വം ഇപ്രാവശ്യം അസ്സീസി മാസികയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

നാടുകാണി കപ്പൂച്ചിന്‍ ആശ്രമത്തിലെ ജിജോ കുര്യനച്ചനും ഗ്രാമാശ്രമവും ചേര്‍ന്നു നിര്‍മ്മിക്കുന്ന ക്യാബിന്‍ ഹൗസുകളും സാമ്പത്തിക അച്ചടക്കത്തിനും പദ്ധതി രൂപരേഖകള്‍ക്കും പുതിയ മാതൃകയാവുകയാണ്.
സാമ്പത്തിക അച്ചടക്കം/സാക്ഷരത പരിശീലിപ്പിക്കേണ്ടതെവിടെയാണ്? ഈ ചോദ്യത്തിനു മുന്‍പില്‍ വികസിതരെന്നഭിമാനിക്കുന്ന വികസിതമെന്നൂറ്റംകൊള്ളുന്ന നാം ഓരോരുത്തരും നമ്മുടെ മതരാഷ്ട്രീയ വിദ്യാഭ്യാസ സമ്പ്രദായങ്ങളും മറുപടി പറയേണ്ടിവരും. പകലന്തിയോളം പണിയെടുക്കാന്‍ മനസ്സുള്ളവനും ഇവിടെ ഇന്നും ദരിദ്രനായി തുടരുന്നുവെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം ഈ ദരിദ്രരുള്‍പ്പെടുന്ന സാമൂഹിക സംവിധാനങ്ങള്‍ക്കും രാഷ്ട്രത്തിനുമാണ്. ദരിദ്രര്‍ ദരിദ്രരായി തുടരുകയും അവരെ നയിക്കുന്നവര്‍ സമ്പന്നരാവുകയും ചെയ്യുന്നിടം അനീതിയുടെ വിളഭൂമിയാണ്. ഊഹക്കച്ചവടങ്ങളില്‍ ആര്‍ത്തിയോടെ പടുത്തുയര്‍ത്തുന്നതൊന്നും കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ന്നുപോകും.
സഭാസംവിധാനങ്ങള്‍ക്കും സമ്പത്തിന്‍റെ വിനിയോഗത്തില്‍ കളംമാറ്റി പിടിക്കാറായി എന്നതാണ് സമകാലീന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. വന്‍ സംരംഭങ്ങള്‍ക്കു മുതിരാതെ സമൂഹം പുറംതള്ളിയവരോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കു മാത്രമേ ക്രിസ്തുവിന്‍റെ സഭയില്‍ സാംഗത്യമുള്ളൂ.
 അച്ചടക്കത്തിന്‍റെയും വിധേയത്വത്തിന്‍റെയും അനുസരണത്തിന്‍റെയും വാക്ശരങ്ങള്‍ ഉയര്‍ത്തുമ്പോള്‍പ്പോലും ക്രിസ്തുവിന്‍റെ സഭയായി മാറുന്നിടത്താണ് സഭയില്‍ ക്രിസ്തുവുണ്ടാവുക.
സമ്പത്തിന്‍റെയും സമൃദ്ധിയുടെയും ഓണം പ്രളയം കരകയറ്റിയവര്‍ക്കും പ്രകൃതിക്കും ഉള്ളിലിടം നല്‍കി നമുക്കാഘോഷിക്കാം.

You can share this post!

മുഖക്കുറിപ്പ്

ടോം കണ്ണന്താനം
അടുത്ത രചന

രാത്രിയില്ലായിരുന്നെങ്കില്‍ നക്ഷത്രങ്ങളും നിലാവുമെനിക്കന്യമായേനെ

റോണി കിഴക്കേടത്ത്
Related Posts