news-details
ഓര്‍മ്മ

ഒരില മെല്ലെ താഴേക്ക്..

 പഴുത്തൊരില തണ്ടില്‍നിന്ന് ശാന്തമായി അറ്റുവീഴുന്നതു പോലെയാണ് പി എന്‍ ദാസ് മാഷ് നമ്മെ വിട്ടുപോയത്. മതാതീതമായ ആത്മീയതയ്ക്ക് കേരളമണ്ണില്‍ നനവു പടര്‍ത്തിയ മഹത്വ്യക്തിത്വം. ഗുരു നിത്യയും ദാസ്മാഷുമാണ് സെന്‍, താവോ, സൂഫിസം എന്നൊക്കെയുള്ള ധാരകളെ മലയാളിക്ക് മുഖ്യധാരയിലൂടെ പരിചയപ്പെടുത്തിയത്. 

"ആരോഗ്യത്തിന്‍റെ സംസ്ക്കാരവും സംസ്ക്കാരത്തിന്‍റെ ആരോഗ്യവും" എന്ന ലക്ഷ്യത്തെ മുന്നില്‍വെച്ചുകൊണ്ട് വൈദ്യശസ്ത്രം എന്ന മാസികയിലൂടെ അദ്ദേഹം പകര്‍ന്നുതന്ന വെളിച്ചം സമാധാനപ്രേമികളായ സഹൃദയര്‍ക്ക് മറക്കാനാവില്ല. ശരീരത്തിന്‍റെയും മനസ്സിന്‍റെയും ബുദ്ധിയുടെയും വിശപ്പിനുള്ള ആരോഗ്യപരമായ അന്നം എന്തെന്ന അന്വേഷണമായിരുന്നു മാഷിന്‍റെയും അദ്ദേഹത്തിന്‍റെ രചനകളുടെയും ആ മാസികയുടെയും യാത്രകള്‍. പ്രശാന്തമായ വ്യക്തിജീവിതവും കുടുംബജീവിതവും സമൂഹജീവിതവും പ്രാപഞ്ചികജീവിതവും എന്ന വിശാലമായ കാഴ്ചപ്പാടായിരുന്നു അതിന്‍റെ ആധാരശ്രുതി. 

ആശുപത്രിയില്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നു. ആ തളര്‍ന്ന കിടപ്പ് ഏറെ വേദനിപ്പിച്ചു. പിന്നീട് കാണുന്നത് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോഴാണ്. പോകേണ്ടന്ന് പലപ്രാവശ്യം വിചാരിച്ചതാണ്. ജീവന്‍ വെടിഞ്ഞ ശരീരം എന്തിന് കാണണമെന്ന ചിന്തതന്നെ കാരണം. എന്നിട്ടും പോയി. മൗനമന്ദഹാസത്തോടെ ശാന്തമായുറങ്ങുന്ന ആ തേജസ്സാര്‍ന്ന മുഖം കണ്ടപ്പോള്‍ ആശ്വാസമായി. ഹൃദയം പ്രശാന്തമായി. 

ജീവിച്ചു മരിച്ചവരെപ്രതി ദുഃഖിക്കരുതെന്നും മരിച്ചു ജീവിച്ചവരെപ്രതിയാണ് വേദനിക്കേണ്ടതെന്നും എവിടെയോ വായിച്ചത് സത്യം. അങ്ങനെയെങ്കില്‍ ഞാന്‍ ഏറ്റവും സന്തോഷിക്കേണ്ട ദിവസം ഇന്നാണെ ന്നാണ് ആ പ്രശാന്തിയില്‍ നില്ക്കുമ്പോള്‍ തോന്നിയത്. മരിച്ചു കിടക്കുന്ന ആളുടെ മുഖത്തേക്കു നോക്കുക; ഒരു ജീവിതകാലം മുഴുവന്‍ ജീവിച്ചതിന്‍റെ സംക്ഷിപ്തം അവിടെ എഴുതിവെച്ചതു കാണാം എന്ന് സൂഫികള്‍ പറയുന്നത് എത്ര സത്യം. സത്യത്തിലും നന്മയിലും സ്നേഹത്തിലും ജീവിച്ച ഒരു മനുഷ്യന്‍റെ പ്രകാശമാണ് മാഷിന്‍റെ മുഖത്ത് തെളിഞ്ഞു പ്രസരിച്ചത്. 

ഏറ്റവും പിന്നിലിരിക്കാനാണ് മാഷ് എപ്പോഴും ശ്രമിച്ചത്. അതുകൊണ്ടുതന്നെ സത്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ചരിത്രം പറയുമ്പോള്‍ മാഷ് മുന്‍നിരയില്‍തന്നെയുണ്ടാകും. കാരണം, മുന്നിലേക്ക് ഇടിച്ചു കയറിയവരെല്ലാം പിന്നിലാകുകയും ആരുടെയും ശ്രദ്ധയേല്ക്കാതെ ഒരോരത്തൂടെ മൗനമായി സഞ്ചരിച്ചവരെല്ലാം മുന്നിലാകുകയും ചെയ്യുമെന്നതാണ് അറിവിന്‍റെ ചരിത്രം. പരിണാമം പോലെ മെല്ലെമെല്ലെ വികസിച്ചുവരുന്ന വെളിച്ചമാണ് അവരുടേത്. ധൃതിയില്ലാതെ, ശാന്തമായി അത് ഒഴുകിയെത്തും. ഇന്നലെകളില്‍ ജീവിച്ചവര്‍ ഇന്നും ഇന്നില്‍ ജീവിച്ചവര്‍ നാളെയും സജീവമാകുന്ന യാഥാര്‍ത്ഥ്യമാണ് വിട്ടുവീഴ്ചയില്ലാത്ത അറിവിന്‍റേത്. ദാസ്മാഷ് ആ പരമ്പരയിലെ ഒരു കണ്ണിയായിരുന്നു.

ഗുരു നിത്യയുടെ സമാധിയ്ക്കുശേഷം അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാലം. വാഗമണ്ണിലെ സുഹൃത്തിന്‍റെ വീട്ടില്‍ താമസിച്ച് മലകളിലങ്ങനെ ചുമ്മാ  കയറിയിറങ്ങുകയായിരുന്നു ഞങ്ങള്‍. ഗായത്രിയും ജോസഫും ഞാനും. ജോസഫിന്‍റെ കൈയില്‍ ഒരു കുഞ്ഞു പുസ്തകമുണ്ട്. ചൈനീസ് ദാര്‍ശനികനായ ലാവോത്സുവിന്‍റെ താവോ തേ ചിങ്. പോക്കറ്റിലിട്ടു കൊണ്ടുനടക്കാവുന്ന വലുപ്പത്തിലുള്ള പുസ്തകം. നടന്നുകൊണ്ടിരിക്കേ ഞങ്ങള്‍ ഒരിടത്തിരിക്കും. ജോസഫ് കുറച്ചു വരികള്‍ വായിക്കും. ഞാന്‍ അത് മലയാളത്തില്‍ പറയും. ആ യാത്രയിലാണ് ദാസ്മാഷിന്‍റെ വിളി വരുന്നത്. വൈദ്യ ശസ്ത്രം മാസികയിലേക്ക് എന്തെങ്കിലും എഴുതി അയക്കണം. ചെറിയൊരു കുറിപ്പായാലും മതി.

അവിടെ ഇരുന്നുതന്നെ താവോ തേചിങിലെ ആദ്യത്തെ അദ്ധ്യായം വിവര്‍ത്തനം ചെയ്തു. പിറ്റേന്ന് അത് അയച്ചുകൊടുത്തു. പത്തു വരികളുള്ള ആ കുറിപ്പ് വായിച്ച് മാഷിന്‍റെ വിളി വന്നു. ആ കുറിപ്പിന് ഒരു ചെറിയ ആസ്വാദനംകൂടി എഴുതിയാല്‍ നല്ലതായിരിക്കും. ഒന്നര പേജ് വരുന്ന ഒരു ആസ്വാദനം എഴുതി അയച്ചു. ഒരു മാസം കഴിയാറായപ്പോള്‍ മാഷ് പിന്നെയും വിളിച്ചു: "രണ്ടാമദ്ധ്യായം കിട്ടിയില്ല. ഉടന്‍ അയക്കുമല്ലോ?"

"എനിക്കു മനസ്സിലായില്ലല്ലോ മാഷേ?"

"താവോ തേ ചിങിന്‍റെ അടുത്ത അദ്ധ്യായം. നമുക്കത് ഓരോ മാസം ഓരോ അദ്ധ്യായമായി കൊടുക്കാം. ഷൗക്കത്തിന്‍റെ വിവര്‍ത്തനവും ആസ്വാദനവും ഹൃദ്യമാണ്."

അങ്ങനെ ഞാന്‍ എഴുതിത്തുടങ്ങി. അത് ഒരു തുടക്കമായിരുന്നു. ഞാന്‍ എഴുതിയ പതിനെട്ടോളം പുസ്തകങ്ങളില്‍ പത്തു പുസ്തകവും മാഷിന്‍റെ പ്രചോദനവും പ്രോത്സാഹനവുംകൊണ്ടു മാത്രം എഴുതിയതാണ്. താഴ്വരയുടെ സംഗീതം എന്ന പേരില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച താവോ തേ ചിങിന്‍റെ പുസ്തകം വായിച്ച് പലരും വിളിക്കാറുണ്ട്. കൂടുതല്‍ ആളുകളും പറഞ്ഞുതുടങ്ങുക ഇങ്ങനെയാണ്: ഷൗക്കത്തിന്‍റെ പുസ്തകം വായിച്ചു. ദാസ്മാഷ് പറഞ്ഞിട്ടാണ് വാങ്ങിയത്.

അതായിരുന്നു മാഷ്. മാഷ് മാഷിനെയല്ല കണ്ടത്. മാഷെ എല്ലാവരിലുമാണ് കണ്ടത്. നന്മയുടെ വെളിച്ചം ആരെഴുതിയാലും അത് താന്‍തന്നെ എഴുതുന്നതാണെ ന്നാണ് മാഷിന് തോന്നിയത്. ഏതു നന്മയും എന്‍റെയും നന്മയാണെന്നാണ് അനുഭവിച്ചത്. ശത്രുപക്ഷമില്ലാത്ത ഒരു ദര്‍ശനത്തെ ഹൃദയത്തിലേക്ക് സ്വാംശീകരിച്ചാല്‍ മാത്രം സാദ്ധ്യമാകുന്ന ഒരു വിശാലതയാണത്. അസൂയയുടെ നേരിയ കരടുപോലുമില്ലാത്ത ഒരു ഹൃദയം അദ്ദേഹത്തിന് ലഭിച്ചത് അതുകൊണ്ടുതന്നെ യാണ്. 

ഗുരു നിത്യയുടെ സമാധിക്കുശേഷം എഴുത്തി ന്‍റെയും മറ്റു മൂല്യവത്തായ സഞ്ചാരങ്ങളുടെയും ലോകത്ത് ഇത്രയും ചേര്‍ന്നുനിന്ന ഒരു സാന്നിദ്ധ്യം വേറെയില്ല. ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഗുരുത്രയമെന്ന പുസ്തകങ്ങളുടെ ആശയം മാഷാണ് എന്നിലേക്ക് ഇറ്റിച്ചത്. നാരായണഗുരുവിന്‍റെയും നടരാജഗുരുവിന്‍റെയും നിത്യഗുരുവിന്‍റെയും ജീവിതവും ദര്‍ശനവും പുതിയ തലമുറയ്ക്ക് ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ എഴുതണമെന്നും അത് വേദാന്തത്തിന്‍റെയോ അതുപോലുള്ള തത്ത്വചിന്തയു ടെയോ അടിസ്ഥാനത്തിലാകരുതെന്നും തികച്ചും മാനുഷികമായ മൂല്യങ്ങളെ, മനുഷ്യത്വത്തെ പറയുന്ന പുസ്തകമായിരിക്കണം അതെന്നും അദ്ദേഹം കാണുമ്പോഴെല്ലാം പറയുമായിരുന്നു. നാരായണഗുരു വിന്‍റെ പ്രധാനകൃതികള്‍ ഗദ്യത്തിലാക്കി എല്ലാവര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ ആസ്വാദനവുമെ ഴുതണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കും. ഓരോ വരി എഴുതുമ്പോഴും ഗുരു നിത്യയുടെ സാന്നിദ്ധ്യത്തി നൊപ്പം ചേര്‍ന്നു നില്ക്കുന്ന മറ്റൊരു സാന്നിദ്ധ്യമായി മാഷുമുണ്ട്. അദ്ദേഹത്തെപ്പോലുള്ളവര്‍ പ്രവഹിപ്പിച്ച ധാരയുടെ കണ്ണിയാകുകതന്നെയാണ് നിയോഗമെന്ന് അകമേ അറിയുന്നതുകൊണ്ടാകാം ഇവരൊന്നും നമ്മെ വിട്ടുപോകുന്നേയില്ലെന്ന് ഇത്രമാത്രം ഹൃദയത്തിന് തോന്നിപ്പോകുന്നത്. 

മനുഷ്യന്‍ മനുഷ്യനില്‍നിന്ന് അകന്നുപോകു മ്പോള്‍ ശരിതെറ്റുകളുടെ കണക്കെടുപ്പു നടത്താതെ ഏവരെയും എല്ലാറ്റിനെയും ചേര്‍ത്തുപിടിക്കാനും ചേര്‍ന്നുനില്ക്കാനും സഹായിക്കുന്ന മൂല്യങ്ങളിലേ ക്കാണ് ദാസ്മാഷിനെപ്പോലുള്ളവര്‍ ഹൃദയം ചൂണ്ടിയത്. നാം വിശ്വാസികളോ അവിശ്വാസികളോ ആകട്ടെ. ഉള്ളവനോ ഇല്ലാത്തവനോ ആകട്ടെ. അതൊന്നും വിഷയമേയല്ല. അകമേ കത്തിനില്ക്കുന്ന ആ മൂല്യബോധത്തിലേക്ക്, സ്നേഹത്തിലേക്ക്, സൗന്ദര്യത്തിലേക്ക്, നന്മയിലേക്ക്, സത്യത്തിലേക്ക് ഒന്നുണര്‍ന്നാല്‍ മതി. അതു നമുക്ക് ജീവിതം നല്കും. ജീവിക്കുന്നുവെന്ന തൃപ്തി നല്കും. പിണങ്ങി നില്ക്കു ന്നതെല്ലാം ഇണങ്ങി വരും. അത്തരമൊരു ദര്‍ശനത്തെ നാം ജീവിതത്തിലേക്ക് സ്വീകരിച്ചില്ലെങ്കില്‍ നഷ്ടമാകുന്നത് വരദാനമായി ലഭിച്ച മഹത്തായ ഒരു സാദ്ധ്യതയായിരിക്കും. 

ദാസ്മാഷിനെ ഓര്‍ക്കുമ്പോള്‍ കബീര്‍ദാസിന്‍റെ വരികളാണ് നിറയുന്നത്: "നിങ്ങള്‍ സജീവരായിരി ക്കുമ്പോള്‍ ജീവിതത്തിന്‍റെ സത്തയിലേക്ക് ഒഴുകുക. വീണ്ടും കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ള അതിഥിയല്ല ജീവിതം." 

അതെ. ആ അല്പകാല ജീവിതത്തെ മൂല്യവത്താക്കുന്നിടത്താണ് നിത്യമായ ജീവിതം സംഭവിക്കു കയെന്ന അറിവിലേക്ക് നമ്മെ കൈ പിടിച്ചുയര്‍ത്താന്‍ താങ്ങും തണലുമായിനിന്ന മാഷിന് നിറഞ്ഞ സ്നേഹം. നമസ്ക്കാരം.

You can share this post!

കനല്‍വഴിയിലെ ഏകാന്തപഥികന്‍

എബി കീക്കരിക്കാട്ട്
അടുത്ത രചന

'പോകട്ടെ ഞാന്‍'

ജോര്‍ജ് വലിയപാടത്ത്
Related Posts